UK

ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും തിരഞ്ഞാലും വാഹന മോഷ്ടാക്കളെ നമുക്ക് കാണാനാകും. ബജറ്റ് കാറുകള്‍ മുതല്‍ സൂപ്പര്‍ കാറുകള്‍ വരെ മോഷ്ടിക്കുന്നവരുണ്ട്. കാറിന്റെ വില കൂടുന്നതിന് അനുസരിച്ച് സുരക്ഷ ഫീച്ചറുകള്‍ അധികം വരുമെങ്കിലും ഇതെല്ലാം പൊട്ടിച്ച് കടത്തിക്കൊണ്ടു പോകാന്‍ തക്കവണ്ണം വിരുതന്‍മാരായ കള്ളന്‍മാര്‍ ഇന്നുണ്ട്. എങ്കിലും കക്കാന്‍ പഠിച്ചാലും നിക്കാന്‍ പഠിക്കണം എന്നല്ലെ ചൊല്ല്.

കക്കാന്‍ പഠിച്ചു, നിക്കാന്‍ പഠിച്ചില്ല, ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ബെന്റലി മുല്‍സാന്‍ പാകിസ്ഥാനില്‍ നിന്ന് ‘പൊക്കി’. ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്ന് മോഷണം പോയ ആഡംബര കാറായ ബെന്റ്‌ലി മുല്‍സാന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കണ്ടെത്തി. സംഭവം എങ്ങനെയെന്നല്ലെ?. വാഹനം മോഷ്ടിച്ച് വന്‍കര കടന്ന് പാകിസ്താനിലെത്തിച്ച തസ്‌കരന്‍മാര്‍ക്ക് എവിടെയാണ് പിഴച്ചതെന്നല്ലെ.

മോഷണം പോയ കാറിനെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി കലക്‌ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കറാച്ചിയിലെ കളക്ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (സിസിഇ) കറാച്ചി നഗരത്തില്‍ ശക്തമായ റെയ്ഡ് നടത്തിയത്. പിന്നാലെ യുകെ നാഷണല്‍ ക്രൈം ഏജന്‍സി നഗരത്തിലെ ഡിഎച്ച്എ പ്രദേശത്തെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ബെന്റ്ലി മുല്‍സാന്‍ കണ്ടെത്തുകയായിരുന്നു.

വി.ഐ.എന്‍ നമ്പര്‍ എസ്.സി.ബി.ബി.എ 63വൈ 7എഫ്.സി 001375, എഞ്ചിന്‍ നമ്പര്‍ സി.കെ.ബി 304693 ചാരനിറത്തിലുള്ള ബെന്റ്‌ലി മുല്‍സാന്‍ – വി 8 ഓട്ടോമാറ്റിക് കാറാണ് കറാച്ചിയിലെ ഡി.എച്ച്.എയില്‍ നിന്ന് കണ്ടെത്തിയത്.

ബെന്റ്‌ലിയില്‍ നിന്ന് മോഷ്ടാക്കള്‍ ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്തിട്ടില്ലെന്ന് പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെയാണ് കള്ളമാരുടെ പണി പാളിയത്. അവര്‍ ട്രാക്കര്‍ ഓഫ് ചെയ്തില്ല, അങ്ങനെയാണ് യുകെ അധികൃതര്‍ കാറിന്റെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത്. വാഹനത്തിന്റെ കൃത്യമായ സ്ഥാനം പരിശോധിച്ച ശേഷം യുകെ അധികൃതര്‍ വാഹനം നിരീക്ഷിച്ച് പാക് സര്‍ക്കാരിന് വിശദാംശങ്ങള്‍ നല്‍കി.

റെയ്ഡിനിടെ പാകിസ്ഥാന്‍ രജിസ്‌ട്രേഷനും നമ്പര്‍ പ്ലേറ്റും ഉള്ള ബെന്റ്‌ലി പാക് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ബെന്റ്‌ലിയുടെ ഷാസി നമ്പര്‍ യുകെയില്‍ നിന്ന് മോഷ്ടിച്ച ബെന്റ്‌ലിയുടെ നമ്പറുമായി പൊരുത്തപ്പെടുന്നതായി അവര്‍ പരിശോധനയില്‍ കണ്ടെത്തി. കൈവശം വെച്ചിരുന്നയാളുടെ പക്കല്‍ അനുബന്ധ രേഖകള്‍ കൂടി ഇല്ലാതെ വന്നതോടെ പാകിസ്ഥാന്‍ അധികൃതര്‍ വാഹനം പിടിച്ചെടുത്തു.

ഇതോടൊപ്പം കാര്‍ കൈവശം വെച്ചിരുന്നയാളെയും ഇയാള്‍ക്ക് കാര്‍ വിറ്റ ബ്രോക്കറെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ആഷ് ഗ്രേ നിറത്തിലുള്ള ബെന്റ്ലി കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ലോറിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കാറുകള്‍ കടത്തുന്ന വന്‍ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകളാണ് റാക്കറ്റ് കള്ളക്കടത്തിനായി ഉപയോഗിച്ചത്. മോഷ്ടിച്ച വാഹനം കടത്തിയതുവഴി 300 ദശലക്ഷത്തിലധികം പാക് രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി എഫ്ഐആര്‍ ഫയല്‍ ചെയ്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്ന് ഇത്തരം നിരവധി റാക്കറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍, മോഷ്ടിക്കപ്പെട്ട മിക്ക കാറുകളും സ്‌പെയര്‍ പാര്‍ട്സുകള്‍ വെവ്വേറെയാക്കി വില്‍ക്കുകയാണ് ചെയ്യാറ്. പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യും.

ആധുനിക കാലത്തെ പല കാറുകളും ഫാക്ടറിയില്‍ ഘടിപ്പിച്ച ട്രാക്കിംഗ് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഡാഷ്ബോര്‍ഡിന് കീഴില്‍ ഒളിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഹാര്‍ഡ് വയര്‍ഡ് ട്രാക്കര്‍ ഘടിപ്പിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.

കാറിന്റെ ഇസിയുവിലേക്ക് കണക്ട് ചെയ്യാവുന്ന അത്തരം നിരവധി ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരം ഉപകരണങ്ങള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടുകള്‍, കാറിന്റെ വേഗത, കാര്‍ ഒരു നിശ്ചിത പോയിന്റിന് അപ്പുറം പോകുക എന്നിവയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നു. ഈ ഉപകരണങ്ങള്‍ക്ക് വാഹനത്തിന്റെ ഇഗ്‌നിഷന്‍ വിദൂരമായി സ്വിച്ച് ഓഫ് ചെയ്യാനും കഴിയും.

ഈ ഉപകരണങ്ങളില്‍ ചിലതിന് എഞ്ചിന്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാനും കഴിയും. വാഹനം ഒരു പ്രത്യേക പോയിന്റ് കടന്നാല്‍ എഞ്ചിന്‍ യാന്ത്രികമായി ഓഫാകുന്ന GPS ഫെന്‍സ് പോലും ഉടമകള്‍ക്ക് സജ്ജീകരിക്കാനാകും. ഈ ഉപകരണങ്ങള്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും ലഭ്യമാണ്.

കൂടാതെ ഉപകരണത്തില്‍ GPS സംവിധാനവും ഇന്റര്‍നെറ്റ് പ്രവര്‍ത്തനവും നിലനിര്‍ത്തുന്നതിന് നാമമാത്രമായ സബ്സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കണം.

കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തിൽ വയലയിൽ താമസിക്കും ആൽബിൻ ജോർജ് രണ്ടു കിഡ് നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകർന്നിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കു മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാൻ ശ്രമിക്കവെ മെഡിക്കൽ പരിശോധനകൾക്കു വിധേയനായപ്പോൾ ആണ് അറിയുന്നത് തൻ്റെ രണ്ടു കിഡ്നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആൽബിനുള്ളത്. മൂത്ത മകനായ ആൽബിൻ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാൽ തൻ്റെ കഷ്ടപ്പാടുകൾക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആൽബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോൾ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാൽ മാത്രമേ ജീവൻ നിലനിർത്തുവാൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ചികിത്സകൾതന്നെ ഈ നിർധന കുടുംബത്തെ വലിയൊരുകടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പല നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൂലിവേല ചെയ്യുന്ന അച്ഛന്റെ വരുമാനം മാസത്തിൽ വരുന്ന ഭീമമായ ചികിത്സ ചിലവിനുപോലും തികയില്ല. കിഡ്‌നി മാറ്റിവയ്ക്കുവാൻ ആവശ്യമായി വരുന്ന മുപ്പതു ലക്ഷത്തോളം രൂപ ഈ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായി നിൽക്കുകയാണ്. ഈ അവസരത്തിൽ നല്ലവരായ സുഹൃത്തുക്കൾ നൽകുന്ന ഓരോ ചെറിയ സഹായവും ആൽബിൻ്റെ ജീവൻ്റെ വിലയായിരിക്കും. പ്രിയമുള്ളവരേ നിങ്ങളാൽ കഴിയുന്ന സഹായം സെപ്റ്റംബർ പത്തിനുമുൻപായി വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 

ഒരാഴ്ച മുൻപ് പുറത്ത് വന്ന യുകെയിലെ ജി സി എസ് ഇ റിസൾട്ട് ഒട്ടേറെ മലയാളി വിദ്യാർത്ഥികൾക്ക് അഭിമാനാർഹമായ വിജയമാണ് സമ്മാനിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാർത്ഥികളുടെ നിരവധി വാർത്തകൾ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗണത്തിലേക്ക് മറ്റൊരു വിജയ ഗാഥ കൂടി എഴുതിച്ചേർത്തിരിക്കുകയാണ് വെയിൽസിലെ സ്വാൻസിയിൽ നിന്ന് അക്സ സന്തോഷ് എന്ന മിടുമിടുക്കി.

പതിനൊന്ന് വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ ഡിസ്റ്റിങ്ങ്ഷനും ഉൾപ്പെടെ ത്രസിപ്പിക്കുന്ന വിജയമാണ് അക്സ സന്തോഷ് കരസ്ഥമാക്കിയത്. സ്വാൻസിയിലെ ബിഷപ്പ് വോഗൻ സ്‌കൂളിലാണ് അക്സ ജി സി എസ് സി പൂർത്തിയാക്കിയത്. തുടർന്നും ഇതേ സ്‌കൂളിൽ തന്നെ എ ലെവൽ പഠിക്കാൻ ഒരുങ്ങുകയാണ് അക്സ ഇപ്പോൾ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹെൽത്ത് ആന്റ് സോഷ്യൽ കെയർ എന്നീ വിഷയങ്ങൾ ആണ് എ ലെവൽ പഠനത്തിനു അക്സ തെരഞ്ഞെടുത്തിരിക്കുന്നത്.

ബ്രിഡ്‌ജെന്റ് പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ  മെയിന്റനൻസ് വിഭാഗത്തിൽ ടെക്‌നീഷ്യൻ ആണ് അക്സയുടെ പിതാവ് സന്തോഷ് മാത്യു. മാതാവ് റിനി സന്തോഷ് സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ മൈനർ ഇഞ്ചുറി യൂണിറ്റ് വിഭാഗത്തിൽ ബാന്റ് സെവൻ നഴ്സ് ആണ്. പത്തനംതിട്ട കോഴഞ്ചേരി പ്ലാത്താനത്ത് കുടുംബാംഗമായ സന്തോഷും കുടുംബവും പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആണ് യുകെയിൽ എത്തിയത് . അക്സയുടെ സഹോദരി അലീഷ്യ സന്തോഷ് സ്വാൻസി ബിഷപ്പ് വോഗൻ സ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും സഹോദരൻ അഡോൺ മാത്യു സന്തോഷ് സെന്റ് ജോസഫ്‌സ് കാത്തലിക് സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയും ആണ്.

അക്സ സന്തോഷ് നേടിയ മികച്ച വിജയത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ഇന്ത്യ. ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഈ വർഷം രാജ്യം 7 ശതമാനത്തിലേറെ വളർച്ച നേടുമെന്നാണു പ്രതീക്ഷ. 2021ന്റെ അവസാന മൂന്നു മാസങ്ങളിലുണ്ടായ നേട്ടങ്ങളാണ് ഇന്ത്യയ്ക്കു കരുത്തായതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 854.7 ബില്യൻ ഡോളറായിരുന്നു. യുകെയിൽ ഇത് 814 ബില്യൻ ഡോളറും. ഒന്നാം സ്ഥാനത്തുള്ള യുഎസിന് 25,350 ബില്യൻ ഡോളറാണു അവസാന പാദത്തിലെ മൂല്യമെന്നാണു രാജ്യാന്തര നാണ്യനിധിയുടെ കണക്ക്. അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ബ്രിട്ടനിൽ ജീവിതച്ചെലവ് കൂടിയ സമയത്താണ് ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ 2019ലും ഇന്ത്യ യുകെയെ മറികടന്നിരുന്നു.

ആദ്യപാദ വളർച്ചനിരക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ എസ്ബിഐ റിസർച്ച്, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അടക്കമുള്ളവ ഇന്ത്യയുടെ ഈ സാമ്പത്തികവർഷത്തെ വളർച്ചാനിരക്ക് അനുമാനം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് യുകെയെ പിന്തള്ളിയ വിവരം പുറത്തുവരുന്നത്. 7.5% ആയിരുന്ന അനുമാനം 6.8 ശതമാനമായിട്ടാണ് എസ്ബിഐ റിസർച്ച് കുറച്ചത്. മൂഡീസ് 8.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കുറച്ചു. രാജ്യം രേഖപ്പെടുത്തിയ ആദ്യപാദ സാമ്പത്തികവളർച്ച 13.5% ആണ്. റിസർവ് ബാങ്കിന്റെ അനുമാനം 16.2 ശതമാനമായിരുന്നു.

വെയ്ക്ക് ഫീൽഡ് : യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജന്റെ വൈസ് പ്രസിഡന്റും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ സിബി മാത്യുവിന്റെ പിതാവ് ഇടുക്കി , പാമ്പാടുംപാറ കാരയ്ക്കാട്ട് മാത്യു ദേവസ്യ (67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 4, ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 – ന് സ്വഭവനത്തിൽ ആരംഭിച്ച് പാമ്പാടുംപാറ സെൻറ് ജോർജ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് .

ഭാര്യ : ആലീസ് മാത്യു മക്കൾ : എബി, സിബി (യുകെ), ആശാ മോൾ മരുമക്കൾ : ലിയാ, അനു, ജിമ്മി .

സിബി മാത്യുവിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ -സെപ്റ്റംബർ മാസം പതിനൊന്നാം തീയതി ഞായറാഴ്ച ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് പരിശുദ്ധ പാത്രിയർക്കിസ് ബാവയുടെ കൽപ്പന പ്രകാരം യു കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ .മാത്യൂസ് മാർ അന്തിമോസ് മെത്രാപോലീത്ത ചെറുവിള്ളിൽ രാജു കശീശയെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തും. യാക്കോബായ സുറിയാനി സഭയിലെ യൂറോപ്പിലെ സഭാംഗങ്ങൾക്ക് അഭിമാനവും അനുഗ്രഹവുമായ ചടങ്ങിൽ യൂറോപ്പിലെ വൈദികരും വിശ്വാസികളും പങ്കെടുക്കും വിപുലമായ ക്രമീകരണങ്ങളാണ് ലണ്ടൻ ഇടവക ഒരുക്കുന്നത് .

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സഹോദര പുത്രനായ രാജു കശീശ അഭിവന്ദ്യ തോമസ് മാർ ദിവന്യാസിയോസ് തിരുമേനിയാൽ 16/03/1991ന് ശെമ്മാശനും20/05/1995 ന് കശീശയുമായി 1991 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ അഭിവന്ദ്യ തോമസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1996 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പടിക്കപ്പ്‌, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി നെടുങ്ങപ്ര ,സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുരുത്തിപ്ലി , സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളി കോതമംഗലം എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.

2003 മുതൽ സെന്റ് തോമസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലണ്ടൻ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലിവർപൂൾ ,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ഈസ്റ്റ്‌ബോൺ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി നോതാംപ്ടൺ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബാസില്ഡൺ,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി വാറ്റ്‌ഫോഡ് ,സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി കേംബ്രിഡ്ജ് ,സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബെൽഫാസ്റ് ,സെന്റ് ജോർജ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലീഡ്സ് ,സെന്റ് ജോർജ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബിർമിംഗ്ഹാം ,സെന്റ് ഗ്രിഗോറീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി പീറ്റർബ്രോ,യൽദോ മാർ ബസേലിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബ്രിസ്റ്റോൾ ,സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ഓക്സ്ഫഡ്,എഡിന്ബ്ര തുടങ്ങി യു കെ യിലെ നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചു .

ഇപ്പോൾ മലങ്കര സുറിയാനി ഓർത്തഡോക്സ്‌ യു കെ മേഖലയുടെ കൗൺസിൽ വൈസ് പ്രസിഡന്റും ലണ്ടൻ , പീറ്റർബ്രോ ഇടവകളുടെ വികാരിയുമാണ് .യു കെ മേഖലയുടെ ഈ അനുഗ്രഹീത നിമിഷം ആഘോഷമാക്കാൻ കൗൺസിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുമുണ്ട് , ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെയും ഭദ്രാസന മീഡിയ വിങ്ങിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതുമാണ്.

ടോം ജോസ് തടിയംപാട്

ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജി പി എൻ നു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെൻറ് താഴെ പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി സെപ്റ്റംബർ 10 ന് അവസാനിക്കും എന്നറിയിക്കുന്നു. തൊട്ടടുത്തദിവസം ലഭിച്ച തുക സാമൂഹികപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഷാജിക്ക് കൈമാറും ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുൻപ് വിവാഹിതനായ ഷാജിയുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു ക്യൻസർ തലച്ചോറിനെ ബാധിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം. ആകെയുണ്ടായിരുന്ന വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ തുകയായിരുന്നു . അസുഖം ബാധിച്ചതോടെ അതും നിലച്ചു . ഷാജിയുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നിങ്ങൾ സഹായിക്കണം .

ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ് . ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ് തോമസിന്റെ അയൽവാസിയാണ് ഷാജി. തോമസിന്റെ അഭ്യർത്ഥന മാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു . നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായി കൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ നമുക്കൊരുമിക്കാം . നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന യോര്‍ക്ഷയറിലെ കീത്തിലിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വുഡ് റൈസിലെ ബെന്റ്‌ലി കോര്‍ട്ട് ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ താമസിക്കുന്ന മലയാളി ഫാമിലിയുടെ ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായത്. തീ പിടിക്കുന്ന സമയത്ത് വീട്ടുടമസ്ഥര്‍ പുറത്തായതു കൊണ്ട് വലിയൊരപകടം ഒഴിവായി. തീ പിടിച്ചപ്പോള്‍ തന്നെ അലാറം മുഴങ്ങിയതനുസരിച്ച് കീത്തിലിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. നാല് ഫയര്‍ എന്‍ഞ്ചിനുകളിലായി സേനാംഗങ്ങളെത്തി ആളൊഴിഞ്ഞ ഫ്‌ലാറ്റിന്റെ വാതില്‍ കുത്തിതുറന്ന് തീയണയ്ക്കുകയായിരുന്നു. വീട്ട് ഉടമസ്ഥര്‍ പുറത്ത് പോകുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ച് രൂപത്തിന്റെ മുന്നില്‍ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്ന് കയറിയതെന്നാണ് പ്രാഥമിക നിഗമനം. ലിവിംഗ് റൂം ഏരിയയുടെ ഭാഗം എതാണ്ട് കത്തിനശിച്ചിട്ടുണ്ട്. ഫ്‌ലാറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നു. ഫ്രിഡ്ജിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറോളം അഗ്‌നി സേനാംഗങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. വലിയ വാട്ടര്‍ ജെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തീയണച്ചത്.

യുകെ മലയാളികള്‍ തിരിച്ചറിയേണ്ടത് ഇതാണ്.
ഭക്തിയാകാം..
അമിതഭക്തി അപകടമാണ്.
പ്രാര്‍ത്ഥിച്ചിട്ട് വീട്ടില്‍ നിന്ന് യാത്ര തുടങ്ങുന്നത് അനുഗ്രഹമാണ്.
പക്ഷേ, ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്യാസ്, തീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇതെല്ലാം പ്രവര്‍ത്തനസജ്ജമാക്കി യാത്ര തുടങ്ങുന്നത് വലിയ ആപത്താണ്. എല്ലാം ഓഫാക്കിയിട്ട് വേണം വീട് വിട്ടിറങ്ങാന്‍.
തീ പിടിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ടാണ് യുകെയിലെ വീട് നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഭക്തിയാകാം. അമിതഭക്കി നിര്‍ഭാഗ്യവശാല്‍ ജീവനെടുത്തേക്കാം.

എല്ലാക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡയാന രാജകുമാരിയുടെത്. എന്തിനേറെ പറയുന്നു ഡയാനയുടെ സ്വകാര്യ ജീവിതം പോലും പാപ്പരാസികൾ വെറുതെ വിട്ടില്ല. ഇപ്പോൾ ഡയാനയെക്കുറിച്ച് പുറത്തു വരുന്ന ഒരു വാർത്ത അവർ പത്തു വർഷത്തോളം അവരെ പിന്തുടർന്ന ഒരു രോഗത്തെക്കുറിച്ചാണ്. ബുളീമിയ എന്ന ഈറ്റിംഗ് ഡിസോർഡർ ആണ് അവർക്ക് ഉണ്ടായിരുന്നത്. ഈ രോഗത്തെക്കുറിച്ച് ഡയാന തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഡയാനയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. വയറുനിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ വല്ലാത്ത കുറ്റബോധം ഉണ്ടാകും. പിന്നീട് എങ്ങനെയെങ്കിലും ഉള്ളിൽ ചെന്ന ഭക്ഷണം ശർദ്ദിച്ചു കളയുക എന്നതാണ് പ്രധാന ചിന്ത. ഈ രോഗമുള്ളവരുടെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുകയില്ല. എപ്പോഴും ഒരേ പോലെ ആയിരിക്കും. ആഹാരം കഴിക്കുന്നതിലുള്ള ക്രമക്കേടുകൾ ആണ് മിക്കപ്പോഴും ഈ അസുഖത്തിലേക്ക് നയിക്കുന്നത്. സ്വയം വെറുപ്പ് തോന്നുന്നതും ഈ രോഗത്തിന് പ്രത്യേകതയാണ്.

ഗൗരവതരമായ ഒരു ഈറ്റിംഗ് ഡിസോഡർ ആണ് ബുളീമിയ. ഈ രോഗമുള്ളവർ ഒരു ദിവസം അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കും. പിന്നീട് അത്രയും ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റബോധം ഇവരെ വേട്ടയാടും. ഇതോടെ കഴിച്ച ഭക്ഷണം മുഴുവൻ ഇവർ സ്വയം ശർദ്ദിച്ചു കളയും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ കാരണങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ അസുഖമുള്ളവർ പൊതുവായി പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.

ഇവർക്ക് എല്ലായിപ്പോഴും ശരീര ഭാരത്തെയും ആകാര വടിവിനെയും കുറിച്ച് വലിയ ആശങ്കയാണ് ഉള്ളത്. ശരീരത്തിന്റെ ഭാരം വർദ്ധിക്കുമോ എന്ന ഭയം എല്ലായിപ്പോഴും ഇവർക്ക് ഉണ്ടായിരിക്കും. ഇത്തരക്കാർ കടുത്ത ഡയറ്റുകളും വ്യായാമ രീതികളും പിന്തുടരും. ശരീരത്തിലെ കലോറി കുറയ്ക്കുന്നതിനാണ് ഇവര്‍ കഴിച്ച ഭക്ഷണം ശർദ്ദിച്ചു കളയുന്നത്.

ബ്രിട്ടിഷ് നഗരപദവിയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇനി ജിബ്രാൾട്ടറും. ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടർ നഗരപദവി നൽകണമെന്നാവശ്യപ്പെട്ട് ഈ വർഷാദ്യം അപേക്ഷ നൽകിയിരുന്നു. എന്നാൽ, നാഷനൽ ആർക്കെവ്സിലെ പുരാരേഖകൾ പരിശോധിച്ചപ്പോൾ 180 വർഷം വർഷം മുൻപ് ജിബ്രാൾട്ടറിനു നഗരപദവി നൽകിയ വിക്ടോറിയ രാജ്ഞിയുടെ ഉത്തരവു കണ്ടെത്തി.1842-ൽ തന്നെ ജിബ്രാൾട്ടർ ഒരു നഗരമായി അംഗീകരിക്കപ്പെട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

സ്പെയിനിന്റെ തെക്കൻതീരത്തുള്ള ജിബ്രാൾട്ടറുവേണ്ടി സ്പെയിനും ബ്രിട്ടനും തമ്മിൽ യുദ്ധം നടന്നിരുന്നു. 1712 ലെ സമാധാനക്കരാർ പ്രകാരമാണു സ്പെയിൻ ഈ പ്രദേശം ബ്രിട്ടനു വിട്ടുനൽകിയത്. എങ്കിലും തങ്ങളുടെ അതിർത്തിയോടു ചേർന്ന ജിബ്രാൾട്ടറിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചില്ല.

2002 ൽ ജിബ്രാൾട്ടറിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 99% പേരും ബ്രിട്ടന്റെ ഉടമസ്ഥാവകാശത്തെയാണ് പിന്തുണച്ചത്. 1842 ൽ വിക്ടോറിയ രാജ്ഞി ഉത്തരവിട്ടിട്ടും ജിബ്രാൾട്ടർ ബ്രിട്ടിഷ് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതെ പോയതെന്തുകൊണ്ടാണെന്നു വ്യക്തമല്ല.

“ജിബ്രാൾട്ടർ നഗരത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്നത് വളരെ സന്തോഷകരമാണ്, അതിന്റെ സമ്പന്നമായ ചരിത്രത്തിനും ചലനാത്മകതയ്ക്കും വലിയ അംഗീകാരമാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഔദ്യോഗിക അംഗീകാരം ജിബ്രാൾട്ടറിന്റെ മഹത്വത്തിന്റെ മണ്ഡലങ്ങളിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നു, കൂടാതെ ജിബ്രാൾട്ടേറിയക്കാർക്ക് അവരുടെ സമൂഹത്തോടും അവരുടെ വ്യതിരിക്തമായ പൈതൃകത്തോടും തോന്നുന്ന അഭിമാനത്തെ ശരിയായി സൂചിപ്പിക്കുന്നു.”

 

RECENT POSTS
Copyright © . All rights reserved