പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 4-ാം സമ്മേളനവും വേൾഡ് മലയാളി കൗൺസിൽ ഹെൽത്ത് ഫോറം പ്രസിഡന്റും, പ്രസിദ്ധ അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ (uk) നയിക്കുന്ന ആരോഗ്യ സെമിനാറും ജൂലൈ 28-ാം തീയതി വൈകിട്ട് 03: 00 pm (uk Time ) 04:00 pm (German Time) 07:30 pm (Indian Time) 06:00 pm (UAE Time) ന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ കേരള റബ്ബർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും, ചെയർപേഴ്സനും, സംസ്ഥാന ഗവൺമെന്റിന്റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ശ്രീമതി ഷീല തോമസ് ഐഎഎസ് നിർവഹിക്കുന്നതാണ്.
എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും , അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും , ( കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കാനും ) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ , മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക . ജൂലൈ 28 -ന് നടക്കുന്ന സമ്മേളനത്തിൽ അതിശൈത്യത്തിലും , അത്യുഷ്ണത്തിലും പ്രവാസികൾക്കുണ്ടാകുന്ന നടുവേദന, തേയ്മാനം, വാതരോഗങ്ങൾ, അസ്ഥിരോഗം തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് ശസ്ത്രക്രിയ അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേയ്ക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
ജോളിയം പടയാട്ടിൽ (പ്രസിഡൻറ് ) : 04915753181523
ജോളി തടത്തിൽ (ചെയർമാൻ ) : 0491714426264
ബാബു തോട്ടപ്പിള്ളി (ജനറൽ സെക്രട്ടറി) : 0447577834404
ഷൈബു ജോസഫ് (ട്രഷറർ)
എട്ട് വയസ്സുള്ള കുട്ടികൾ മുതൽ ഇ -സിഗരറ്റുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് യുകെയിൽ വർദ്ധിച്ചുവരുന്ന ഇ-സിഗരറ്റ് ഉപയോഗത്തെ കുറിച്ച് കൗൺസിൽ മേധാവികൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച നടന്ന ലങ്കാഷയർ കൗണ്ടി കൗൺസിൽ യോഗത്തിലാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള കണക്കുകൾ പുറത്ത് വന്നത്. 2020-ലെ അപേക്ഷിച്ച് വെയ്പ്പുകൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം മൂന്നിരട്ടിയായി. അതേസമയം ടോറിയുടെ നേതൃത്വത്തിലുള്ള കൗൺസിൽ അംഗങ്ങൾ ‘പോക്കറ്റ് മണി വിലയ്ക്ക്’ വെയ്പ്പുകൾ വിൽക്കുന്നതിനെ കുറ്റപ്പെടുത്തി. താരതമ്യേന കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ ലഹരിപാനീയമായ ആൽക്കോപോപ്പുകൾക്ക് സമാനമായി വെയ്പ്പുകൾ മാറിയിരിക്കുകയാണ് എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
മോറെകാംബെയിൽ എട്ടുവയസ്സുള്ള കുട്ടികൾ വെയ്പ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു കൗൺസിലർ റിപ്പോർട്ട് ചെയ്തു. ഒരു ദശാബ്ദത്തിനിടെ കൗമാരക്കാർക്കിടയിലെ ഉപയോഗ നിരക്ക് ഏകദേശം ഇരട്ടിയായിരിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ ഈ ശീലം സ്വീകരിച്ചവരിൽ വരും ദശകങ്ങളിൽ ശ്വാസകോശ രോഗങ്ങളും ദന്തപ്രശ്നങ്ങളും ക്യാൻസറും വരെ ഉണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്വാസകോശത്തിനും ഹൃദയത്തിനും മാരകമായ നിരവധി അപകടകരമായ രാസവസ്തുക്കൾ ഇ-സിഗരറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.
സ്ട്രോബെറി ഐസ്ക്രീം, തണ്ണിമത്തൻ, ഗമ്മി ബിയേഴ്സ് എന്നിങ്ങനെ ആകർഷകമായ വിവിധ രുചികളിലുള്ള കടും നിറത്തിലുള്ള വെയ്പ്പുകൾ ഓൺലൈനായി വാങ്ങാൻ സാധിക്കുന്നതും പ്രശ്‌നത്തിൻെറ തീവ്രത കൂട്ടുന്നു. ഇത്തരം വെയ്പ്പുകൾക്ക് നിസാര തുക മാത്രം ഉള്ളതിനാൽ കുട്ടികൾക്ക് അവരുടെ പോക്കറ്റ് മണികൊണ്ട് ഇവ വാങ്ങിക്കാൻ സാധിക്കും. ട്രേഡിംഗ് സ്റ്റാൻഡേർഡ് സർവേയിൽ യുവാക്കളിൽ അഞ്ചിലൊന്നും വെയ്പ്പുകൾ പരീക്ഷിച്ചതായി കണ്ടെത്തിയതായി ആരോഗ്യ, ക്ഷേമത്തിനായുള്ള ലങ്കാഷെയർ കൗണ്ടി കൗൺസിൽ അംഗം മൈക്കൽ ഗ്രീൻ പറഞ്ഞു. ‘പോക്കറ്റ് മണി വിലയിൽ’ ലഭ്യമാകുന്ന ഡിസ്പോസിബിൾ വേപ്പുകൾ യുവാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഉപകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ടീം
ലണ്ടൻ : കേരളത്തിൽ നിന്ന് കുടിയേറി യുകെയുടെ നാനാ ഭാഗത്തു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 11 ദിവസം നീണ്ടു നിന്ന ബൈക്ക് യാത്രയിലൂടെ കീഴടക്കിയത് 8 രാജ്യങ്ങൾ . ലോകത്തിൽ ഇരുചക്ര വാഹനം ഓടിക്കുവാൻ ഏറ്റവും മികച്ചത് എന്ന് പല ഓൺലൈൻ പോർട്ടലുകളും, വാഹനങ്ങളും റിവ്യൂ ചെയ്യുന്ന ടോപ് ഗിയര്, MCN എന്നിവർ തിരഞ്ഞെടുത്ത സ്ഥലമാണ് സ്വിസ് ആൽപ്സ്.
ജൂലൈ നാലിന് യാത്ര തിരിച്ച സംഘം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, ലീച്ടെൻസ്റ്റീൻ, ലെസ്‌ഉംബർഗ് എന്നീ രാജ്യങ്ങളും, ബ്രസ്സൽസ് എന്ന അറിയപ്പെടുന്ന നഗരവും കണ്ടാണ് സംഘം തിരിച്ചെത്തിയത്. 4500 കിലോമീറ്റർ ആണ് മുഴു യാത്രയിൽ കൂട്ടുകാർ താണ്ടിയത്. ജൂലൈ അഞ്ചിന് രാവിലെ കാനഡർബറി കേരളൈറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബിച്ചൻ തോമസ് ആണ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്. സെക്രട്ടറി റെജി ജോർജ്, കാനഡർബറിയിൽ ഉള്ള ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ചേർന്ന് എല്ലാവര്ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു.
വളരെ ദുർഘടകരമായ സ്വിസ് ആൽപ്സിലൂടെ ഉള്ള യാത്ര എളുപ്പം ആക്കി തീർത്തത് സ്വിറ്റസർലണ്ടിൽ ഉള്ള ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ആണ്. ഒരു ടൂർ ഗ്രൂപ്പ് അല്ലെങ്കിൽ സ്വന്തം ആയി പ്ലാൻ ചെയ്തു പോയാൽ കാണാൻ പറ്റാത്ത പല ഭംഗിയുള്ള സ്ഥലങ്ങളും സംഘം ബൈക്കിൽ സഞ്ചരിച്ചു കാണുക ഉണ്ടായി.
ജൂലൈ നാലിന്, യാത്ര തുടങ്ങി ഡോവറിൽ നിന്ന് ഫെറി വഴി സംഘം ഫ്രാൻസിൽ എത്തി. യാത്രയുടെ ആദ്യ ഭാഗം പാരീസ് ആയിരുന്നു. എന്നാൽ അവിടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ പ്രശ്നങ്ങൾ കാരണം യാത്ര റെയിംസ് വഴി ആക്കുക ആയിരിന്നു. ഫ്രാൻസിൽ നിന്ന് യാത്ര തുടർന്ന സംഘം സ്വിറ്റസർലണ്ടിൽ ഉള്ള എല്ലാ പർവത നിരകളും കയറി ഇറങ്ങി. യാത്രയിൽ വഴി തെറ്റി സ്വിസ്സ്‌ലെ ഏറ്റവും വലിയ റോഡ് ടണൽ ആയ ഗോതാർഡ് ടണലിൽ 16.9km കൂടി സഞ്ചരിക്കുവാൻ സംഘത്തിൽ കുറച്ചു പേർക്ക് സാധിച്ചു.
സ്വിറ്റസർലണ്ടിൽ നിന്ന് സംഘം നേരെ പോയത് ഇറ്റലിയിലെ സ്റ്റെൽവിയോ പാസ് കയറുവാൻ ആണ്. 46 ഹെയർ പിൻ ഉള്ള ലോകത്തിലെ തന്നെ പ്രയാസം നിറഞ്ഞ റോഡ് ആണ് സ്റ്റെൽവിയോ പാസ്. നാട്ടിലെ ചുരം കയറി ഉള്ള പരിചയം എന്ന് തന്നെ പറയാം, പലരും മടിച്ചു നിന്നപ്പോൾ മലയാളി ചുണക്കുട്ടികൾ നിസാര സമയത്തിനുള്ളിൽ ചുരം ഇറങ്ങുകയും, അത് പോലെ തന്നെ തിരിച്ചു കയറുകയും ചെയ്തു.
അവിടുന്നുള്ള യാത്ര ജർമനിയിലെ ബ്ലാക്ക് ഫോറെസ്റ്റ് ആയിരുന്നു. യാത്ര മദ്ധ്യേ ഓസ്ട്രിയ, ലീച്ടെൻസ്റ്റീൻ, എന്നീ രാജ്യങ്ങളും സംഘം സന്ദർശിച്ചു. ആ യാത്രയിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ഉള്ള, ഇപ്പോഴും പ്രവർത്തിക്കുന്ന ക്ലോക്ക് ഫാക്ടറി, കുക്കൂ ക്ലോക്ക് ഉണ്ടാക്കുന്ന ഫാക്ടറി, ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്ക് എന്നീ സ്ഥലങ്ങൾ സംഘം സന്ദർശിക്കുകയുണ്ടായി.
പിന്നീട് ലക്സുംബർഗ് സന്ദർശിച്ച സംഘം അവിടുത്തെ ടൂറിസം മേഖല കണ്ടു ശെരിക്കും അതിശയിച്ചു പോയി. അവിടെ എത്തുന്ന വിദേശികൾക്ക് ഫ്രീ ആയി ട്രെയിനിലും, ബസ്സിലും യാത്ര ചെയ്യാം. അവിടുത്തെ നൈറ്റ് ലൈഫ് ലോകത്തിൽ തന്നെ ഏറ്റവും സേഫ് ആണെന്ന് പറയാം. കുഞ്ഞു കുട്ടികൾ മുതൽ, മുതിർന്നവർ വരെ ഒരു സഹായവും ഇല്ലാതെ തെരുവിലൂട് ആസ്വദിച്ചു നടക്കുന്നു.
തുടർന്നുള്ള യാത്രയിൽ ബ്രസ്സൽസ്, ബെൽജിയം എന്നിവടങ്ങൾ സന്ദർശിച്ചു.
സ്വിറ്റ്സർലൻഡ് യാത്രയുടെ എല്ലാ കാര്യങ്ങളും സംഘത്തിന് ചെയ്തു കൊടുത്ത് അവിടെ വാങ്‌ഗനിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ആയ ജെയിൻ പന്നാരകുന്നേൽ ആണ്. ജെയിനിനെ കൂടാതെ മകൾ സ്റ്റെഫി, മകൻ സാമുവേൽ, സോളിഫോക്കനിൽ താമസിക്കുന്ന ലോറൻസ് ചേട്ടൻ, മകൻ ഡോക്ടർ അലക്സ്, സുഹൃത്തുക്കൾ സിജോ കുന്നുമ്മേൽ, സിനി മാത്യു, സിബി മഞ്ജലി, എന്നിവരും സംഘത്തിന് കൂട്ടായി യാത്രയിൽ ഉണ്ടായിരുന്നു. സ്വിസ് യാത്രയുടെ അവസാന ദിവസം ദാവോസിലെ അറിയപ്പെടുന്ന മലയാളിയും, സ്വിറ്റസർലണ്ടിലെ മലയാളികളുടെ പ്രതിനിധി എന്ന് വിളിപ്പേരുള്ള ജോസ് പറത്താഴം, ഭാര്യ മറിയാമ്മ എന്നിവരുടെ ചായ സൽക്കാരവും സ്വീകരിച്ചാണ് സംഘം മടങ്ങിയത്.
ഇത് വരെ ഉള്ള എല്ലാ പ്രോഗ്രാമുകളും ഓർഗനൈസ് ചെയ്തത് പോലെ ലിവർപൂളിൽ നിന്നുള്ള സിൽവി ജോർജ് ആണ് സ്വിസ് യാത്രയും ഓർഗനൈസ് ചെയ്തത്. ഈ ട്രിപ്പിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും കൂടി നമ്മൾക്ക് ഒന്ന് പരിചയപ്പെടാം.
ഡോക്ടർ ജോസ് മാത്യു – ലിവർപൂൾ (ഫൗണ്ടിങ് മെമ്പർ)
ജിതിൻ ജോസ് – പ്രെസ്റ്റണ്
ആഷ്‌ലി കുര്യൻ – സ്റ്റോക്ക് ഓൺ ട്രെൻഡ്
സജീർ ഷാഹുൽ – നോട്ടിങ്ഹാം
അൻസെൻ കുരുവിള – കോവെന്ററി
രാകേഷ് അലക്സ് – ന്യൂബറി
നോബി ജോസ് – വൂസ്റ്റർ
ദീപക് ജോർജ് – ഗ്ലോസ്റ്റെർ
ഷോൺ പള്ളിക്കലേത് – ഗ്ലോസ്റ്റെർ (ഫൗണ്ടിങ് മെമ്പർ)
മനോജ് വേണുഗോപാലൻ – ഗ്ലോസ്റ്റെർ
അനു ലീല ലാൻസ്ലത് – ബ്രിസ്റ്റൾ
അലൻ ജോൺ – ബ്രിസ്റ്റൾ (ഫൗണ്ടിങ് മെമ്പർ)
പ്രമോദ് പിള്ളൈ – ബ്രിസ്റ്റൾ
ജോൺസൻ ബാബു – സ്ലാവോ
അജു ജേക്കബ് – ലണ്ടൻ
അഭിഷേക് തോമസ് – ലണ്ടൻ
ജോജി തോമസ് – സൗത്താംപ്ടൺ (ഫൗണ്ടിങ് മെമ്പർ)
സജോ എബ്രഹാം – സൗത്താംപ്ടൺ
2018 – ൽ നാല് ചെറുപ്പക്കാർ തുടങ്ങിയ WhatsApp കൂട്ടായ്മ പിന്നീട് കേരളാ ടസ്‌കേഴ്‌സ് മോട്ടോർസൈക്കിൾ ക്ലബ് എന്ന പേരിൽ 2021 ൽ ആണ് രൂപീകൃതമായത്. അന്ന് ഒരു സ്കോട് ലാൻഡ് ബൈക്ക് യാത്രയിൽ ആണ് 4 പേർ ചേർന്ന് കേരളാ ടസ്‌കേഴ്‌സ് മോട്ടോർ സൈക്കിൾ ക്ലബ് രൂപൂകരിച്ചതു. 2022 ൽ 14 പേർ ചേർന്ന് അയർലണ്ടിലെ Wild Atlantic Way (2400 കിലോമീറ്റര്) ചെയ്യുക ഉണ്ടായി. ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി മോട്ടോർ സൈക്കിൾ ക്ലബ് ആണ് കേരളാ ടസ്‌കേഴ്‌സ്. 100 ൽ അധികം മെംബേർസ് ഉള്ള ക്ലബ്ബിൽ യുകെ ടു വീലർ ഫുൾ ലൈസൻസ് ഉള്ള ആർക്കും മെമ്പർ ആകാം. ക്ലബ്ബിൽ അംഗം ആകാൻ താല്പര്യം ഉള്ളവർ കേരളാ ടസ്‌കേഴ്‌സ് ഫേസ്ബുക് പേജ് അല്ലെങ്കിൽ, അല്ലെങ്കിൽ അതിൽ ഉള്ള WhatsApp നമ്പറിൽ ബന്ധപ്പെടുക.
ഈ വര്ഷം സെപ്റ്റംബർ 9 – 10 തീയതികൾ ആയി നടത്തുന്ന ഈ സീസണിലെ അവസാനത്തെ റൈഡിനു ഇതിൽപരം 55 റൈഡേഴ്‌സ് ആണ് താല്പര്യം അറിയിച്ചിട്ടുള്ളത്. അതിൽ 40 റൈഡേഴ്‌സ് ഒൻപതാം തീയതി രാത്രി താമസിക്കുന്നതിനുള്ള ആക്കാമോഡേഷൻ ഇതിനോട് അകം ബുക്ക് ചെയ്തു കഴിഞ്ഞു.
അയർലൻഡിലെ കോർക്കിൽ വെള്ളിയാഴ്ച മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐറിഷ് പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിജിന്‍ രാജനെ (41) ജൂലായ് 20 വരെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പാലക്കാട് സ്വദേശിനിയായ ദീപ കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്.
അന്നു രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് റിജിന്‍ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലര്‍ച്ചെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടിന്റെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി. ജൂലൈ 20 വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണമെന്നാണ് കോർക്ക് ജില്ലാ കോടതിയുടെ ഉത്തരവ്.
ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. എന്നാൽ, ഇവരോടൊപ്പം വാടക ഷെയർ ചെയ്തു അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു പെൺകുട്ടി ദൃക്സാക്ഷിയാണെന്ന് പറയപ്പെടുന്നു. കോര്‍ക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ഏപ്രിലിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലായി ഇന്‍ഫോസിസ്, അമികോര്‍പ്പ്, അപ്പക്‌സ് ഫണ്ട് സര്‍വീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ദീപ ജോലി ചെയ്തിട്ടുണ്ട്.
മരിച്ച യുവതിയുടെ കുടുംബത്തെ സഹായിക്കുന്നതിന് കോര്‍ക്കിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. നടപടി ക്രമീകരണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
മാത്യൂ ചെമ്പുകണ്ടത്തിൽ
മധ്യപൗരസ്ത്യദേശത്തെ സമാധാനത്തിനുവേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ഏതാനും വർഷം മുമ്പ് ആരംഭിച്ച ഒരു രാഷ്ട്രസഖ്യമാണ് “അബ്രഹാം അക്കോര്‍ഡ്സ്” (Abraham Accords) മൂന്നു പ്രമുഖ “അബ്രാഹമിക് മത”ങ്ങളായ യഹൂദ, ക്രൈസ്തവ, മുസ്ലിം മതസ്ഥർ തിങ്ങിപ്പാര്‍ക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും സഹവര്‍ത്തിത്വവുമാണ് ലക്ഷ്യമെന്ന് അബ്രഹാമിക് അക്കോര്‍ഡ്സിന്‍റെ പ്രഖ്യാപനത്തില്‍ പറയുന്നു. ഈ പ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവത്തോടെ ആധുനികലോകത്തില്‍ അബ്രഹാമിന്‍റെ വംശത്തില്‍ രൂപംകൊണ്ട മതങ്ങളുടെ ഉത്പത്തിയും വ്യാപനവും വീണ്ടും ചര്‍ച്ചയാവുകയാണ്.
അബ്രഹാമിക് മതങ്ങളെന്നു പൊതുവേ അറിയപ്പെടുന്നത് യഹൂദ, ക്രൈസ്തവ, ഇസ്ലാമിക് എന്നീ മൂന്നു മതങ്ങളെയാണെങ്കിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അബ്രഹാമിക് റിലിജയന്‍ സ്റ്റഡീസില്‍ പ്രഫസറായ ഡോ. അന്ന സാപിര്‍ അബുലാഫിയയുടെ (Anna Brechta Sapir Abulafia) നിരീക്ഷണത്തില്‍ ഈ മൂന്നു മതങ്ങളേക്കൂടാതെ ബഹായി, യസീദി, സമാരിറ്റന്‍, റാസ്റ്റഫാരി തുടങ്ങിയ മതങ്ങളും അബ്രഹാമിക് മതങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
അബ്രഹാമിന്‍റെ വംശാവലിയില്‍ ജനിച്ചവരും അദ്ദേഹം അവതരിപ്പിച്ച ദൈവിക ഏകത്വവാദത്തിൽ വിശ്വസിക്കുകയും ചെയ്യുന്നത് പ്രസ്തുത മതങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ, ഓരോ മതത്തിന്‍റെയും ഉള്ളിലേക്ക് കടന്നു പരിശോധിച്ചാല്‍ പൊതുവായ വേറെയും സവിശേഷതകള്‍ കാണാന്‍ കഴിയും. വിശുദ്ധ ഗ്രന്ഥങ്ങളും പ്രപഞ്ചസൃഷ്ടി വിവരണങ്ങളും വംശാവലിയും പ്രവാചകന്മാരും വെളിപാടുകളും നന്മതിന്മകളെ സംബന്ധിച്ച പ്രതിപാദ്യങ്ങളും നിര്‍വ്വചനങ്ങളും എല്ലാമുണ്ട് ഈ മതങ്ങളില്‍. പൊതുപൂര്‍വ്വികനായി അബ്രാഹാമിനെ അംഗീകരിക്കുകയും മതവിശ്വാസങ്ങളിലും തത്വചിന്തകളിലും സാമ്യങ്ങൾ കാണാൻ കഴിയുന്നതിനാലും ഈ മതങ്ങളെ അബ്രഹാമിക് റിലിജിയന്‍ എന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മധ്യപൗരസ്ത്യ ദേശത്തെ വിവിധ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതും പൊതുപൂര്‍വ്വികനാല്‍ തുടക്കംകുറിച്ചതും എന്നാല്‍ വിശ്വാസവിഷയങ്ങളില്‍ വളരെയേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതുമായ ഈ മതങ്ങളില്‍ പൗരാണികകാലം മുതല്‍ നിലനില്‍ക്കുന്ന ഗോത്രസംഘര്‍ഷങ്ങള്‍ വ്യത്യസ്തനിലകളില്‍ ഇന്നും തുടരുന്നു. മതദര്‍ശനങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍പോലും അബ്രഹാമിക് മതങ്ങളുടെ ഒരു പ്രത്യേകതയായിട്ടാണ് കണക്കാക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തിനു വെളിയില്‍ രൂപപ്പെട്ട മതങ്ങളിലൊന്നും കാണാത്തവിധം സംഘര്‍ഷഭരിതമാണ് ഈ മതങ്ങൾ. ലോകജനസംഖ്യയില്‍ അറുപതുശതമാനത്തിലേറെ ഈ മതങ്ങളിലുള്ളവരാണ്. അതിനാല്‍ അബ്രഹാമിക് മതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രസക്തമായി അക്കാദമിക് ലോകം കണക്കാക്കുന്നു; ലോകത്തെ പല പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം ഈ പഠനശാഖയുമുണ്ട്.
മനുഷ്യവംശങ്ങളും മതചിന്തകളും
മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവവും വ്യാപനവും ആരംഭിച്ച കാലംമുതല്‍ മതചിന്തകളും അവരെ പിന്‍പറ്റുന്നു. വ്യത്യസ്ത ദേശങ്ങളിലും വിവിധ കാലഘട്ടങ്ങളിലും രൂപപ്പെട്ട മാനവസംസ്കാരങ്ങളിലെല്ലാം മതപരമായ ഘടകങ്ങള്‍ക്ക് പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. മതദര്‍ശനങ്ങളിലെ സാമ്യങ്ങളും വൈരുദ്ധ്യങ്ങളും തത്വചിന്തയുമെല്ലാം മനുഷ്യസംസ്കാരത്തെ എക്കാലത്തും സ്വാധീനിച്ച ഒരു ഘടകമാണ്. ലോകത്തിന്‍റെ ഗതിയെത്തന്നെ സ്വാധീനിച്ച ഈ വിഷയത്തെ പല കോണുകളില്‍നിന്ന് നോക്കിക്കാണുന്നവരുണ്ട്. ഇക്കൂട്ടത്തില്‍, വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ അബ്രഹാമിക് റിലിജിയന്‍ എന്ന വിഷയമാണ് ഇവിടെ അവതരിപ്പിക്കുന്നത്..
“അബ്രഹാമിക് റിലിജന്‍യന്‍” എന്നത് ഏറെ ആഴത്തില്‍ വേരോടിയ ഒരു പഠനശാഖയാണെങ്കിലും അടിസ്ഥാനപരമായി ഒരു പ്രധാനചോദ്യം ഇവിടെ ഉയരുന്നുണ്ട്, വാസ്തവത്തില്‍ അബ്രഹാമിന് മതമുണ്ടായിരുന്നോ ?
രാഷ്ട്രസംസ്കൃതിയിലേക്ക് വിളിക്കപ്പെടുന്ന “അബ്രാം”
ചരിത്രത്തില്‍ ആദ്യമായി അബ്രഹാം പ്രത്യക്ഷപ്പെടുന്നത് “അബ്രാം” എന്ന പേരിലാണ്. ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പതിനൊന്നാം അധ്യായത്തിലാണ് ഈ യുഗപുരുഷനെ ആദ്യമായി കാണുന്നത്. കര്‍ത്താവ് അബ്രാമിനെ തെരഞ്ഞെടുക്കുന്നത് ഉല്‍പ്പത്തി 12:2-ലാണ് വായിക്കുന്നത്. ഈ വേളയില്‍ ദൈവം അബ്രാമിനു നല്‍കുന്ന അതിമഹത്തായ വാഗ്ദത്തമാണ് “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും” എന്നത്. പിന്നീട് 17-ാം അധ്യായത്തില്‍ അബ്രാം എന്ന പേര്‍ മാറ്റി ”അബ്രഹാം” എന്നാക്കുകയും വാഗ്ദത്തങ്ങള്‍ ആവർത്തിക്കുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധേയമാകുന്ന കാര്യം, “നിരവധി രാഷ്ട്രങ്ങള്‍ക്ക് നിന്നെ പിതാവാക്കും” എന്ന വാഗ്ദത്തമാണ്.
ബൈബിള്‍ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുമ്പോള്‍, അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളുടെ അവകാശി ഇസ്ഹാക്ക് എന്ന മകനായിരുന്നു. ഈ വ്യക്തിയുടെ രണ്ടു മക്കളില്‍ ഇളയവനായ യാക്കോബിനു ദൈവമായ കര്‍ത്താവു നല്‍കിയ പ്രത്യേക നാമമായിരുന്നു “ഇസ്രായേല്‍” എന്നത് (ഉല്‍പ്പത്തി 32:28). യാക്കോബും അദ്ദേഹത്തിന്‍റെ മക്കളും ഒരു പ്രതിസന്ധിഘട്ടത്തില്‍ ഈജിപ്റ്റില്‍ എത്തിച്ചേരുന്നു. തുടർന്നുള്ള നാടകീയരംഗങ്ങള്‍ ഉല്‍പ്പത്തി 37-ാം അധ്യായം മുതല്‍ 50-ാം അധ്യായം വരെ വിവരിക്കുന്നു.
ഈജിപ്റ്റില്‍ എണ്ണത്തില്‍ വളര്‍ന്ന ഈ ജനത, പിന്നീട് ഫറവോയുടെ കീഴില്‍ സമ്പൂര്‍ണ്ണ അടമത്വത്തിലാണ് കഴിയുന്നത്. ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ വിമോചകനായി മോശെ എന്ന നേതാവ് രംഗപ്രവേശം ചെയ്യുന്നു. ഈ നേതാവാണ് ഈജിപ്റ്റില്‍ ഫറവോയുടെ അടിമത്വത്തില്‍ വസിച്ചിരുന്ന യാക്കോബിന്‍റെ സന്തതിപരമ്പരകളെ മുഴുവനായി “ഇസ്രായേല്‍” എന്ന് ആദ്യമായി വിളിച്ചത് (പുറപ്പാട് 4:22). തുടര്‍ന്ന് ഇക്കാലംവരെയുള്ള ചരിത്രത്തില്‍ ഈ സമൂഹം ഇസ്രായേല്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഇസ്രായേലും യഹൂദ്യയും
ഇസ്രായേല്‍ സമൂഹത്തെ “യഹൂദ്യര്‍” എന്ന് വിളിക്കുന്നതായും കാണാം. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും കാലഘട്ടത്തിനു ശേഷം യാക്കോബ് എന്ന ഇസ്രായേല്‍ തന്‍റെ പന്ത്രണ്ട് മക്കളെ അനുഗ്രഹിക്കുന്ന വേളയില്‍ തന്‍റെ മക്കളില്‍ ഒരാളായ യഹൂദയെ പരാമര്‍ശച്ചുകൊണ്ട് പറയുന്നു: “ചെങ്കോല്‍ യൂദായെ വിട്ടുപോകില്ല” (ഉല്‍പ്പത്തി 49:10) ഇവിടെ യഹൂദ എന്നത് ഒരു വ്യക്തിയാണെങ്കിലും യഹൂദയെ ഒരു രാഷ്ട്രം എന്ന നിലയില്‍ മുന്‍കണ്ടുകൊണ്ടാണ് യാക്കോബ് അനുഗ്രഹിക്കുന്നത്. ചെങ്കോല്‍, അധികാരദണ്‍ഡ്, ജനതകള്‍ തുടങ്ങി രാഷ്ട്രസംബന്ധിയായ പരാമര്‍ശങ്ങളാണ് അനുഗ്രഹവചനങ്ങളില്‍ ഉള്ളത്.
അബ്രഹാമിനം സന്തതികൾക്കുമായി ദൈവം വാഗ്ദത്തമായി നല്‍കിയ ഭൂമിയില്‍ തിരിച്ചെത്തിയ ഇസ്രായേല്‍ സമൂഹത്തില്‍ പിന്നീടുണ്ടായ സംഘര്‍ഷങ്ങളുടെ ഫലമായി ഇസ്രായേല്‍ രാജ്യം വിഭജിക്കുകയും യഹൂദ എന്ന മറ്റൊരു രാഷ്ട്രം നിലവില്‍ വരികയും ചെയ്യുന്നു (1 രാജാക്കന്മാര്‍ 12: 1-22). ഇങ്ങനെ അബ്രഹാമിന്‍റെ മക്കള്‍ എന്നറിയപ്പെടുന്നവര്‍ “ഇസ്രായേല്യര്‍” എന്നും ”യഹൂദ്യര്‍” എന്നും ചരിത്രത്തില്‍ അറിയപ്പെട്ടു തുടങ്ങി.
അബ്രഹാമില്‍നിന്നും ആവിര്‍ഭവിച്ച ഈ വംശത്തിന്‍റെ നൂറ്റാണ്ടുകളായുള്ള പ്രയാണചരിത്രത്തിലുടനീളം അവരെ “മതം” എന്ന അടിസ്ഥാനത്തിലല്ല, “രാഷ്ട്രം” എന്ന നിലയിലാണ് നാം കാണുന്നത്. രാഷ്ട്രത്തിലെ ജനങ്ങളുടെ ആത്മീയത വിഷയമാകുമ്പോള്‍ മതസംജ്ഞകള്‍ ഉയര്‍ന്നുവരുന്നുവെങ്കിലും തികഞ്ഞ രാഷ്ട്രബോധത്തില്‍ ആയിരുന്നു ചരിത്രത്തിലുടനീളം ഇസ്രായേല്‍ മുന്നേറിയത്. അബ്രഹാം സന്തതികളുടെ രാഷ്ട്രനിര്‍മ്മിതിയുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രമാണ് ബൈബിളില്‍ പഴയനിയമം വിവരിക്കുന്നത്.
ഇസ്മായീല്‍ വംശത്തിന്‍റെ രാഷ്ട്രബോധം
അബ്രഹാമിന് ഇസ്ഹാക്ക് എന്ന മകനെ കൂടാതെ, ഈജിപ്റ്റുകാരി ദാസിയില്‍ ഉണ്ടായ മറ്റൊരു മകനായിരുന്നു ഇസ്മായീല്‍. ഇസ്മായീലിനെ സംബന്ധിച്ച് ദൈവികവാഗ്ദത്തം അവരില്‍നിന്ന് മധ്യപൂര്‍വ്വദേശത്ത് “പന്ത്രണ്ട് രാജാക്കന്മാര്‍” ഉത്ഭവിക്കും, (ഉല്‍പ്പത്തി 16:20) ഇവരിലൂടെ വലിയൊരു ജനത പുറപ്പെടും എന്നതായിരുന്നു. ഈ വാഗ്ദത്തത്തിലും കാണുന്നത് അബ്രഹാമിലൂടെ ഒരു മതവും രൂപപ്പെട്ടില്ല, രാഷ്ട്രങ്ങളും രാജാക്കന്മാരും ജനപഥങ്ങളുമായിരുന്നു രൂപപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യമാണ്.
അബ്രഹാമിന് മതമുണ്ടോ?
യൂദായിസത്തെ ഒരു മതം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, ഈ മതത്തിലേക്ക് കടന്നുവന്ന ആദ്യ ഹെബ്രായനാണ് അബ്രഹാം എന്നു വിശ്വസിക്കുന്നവരാണ് യഹൂദരില്‍ ഭൂരിപക്ഷവും. യഹൂദ ജീവിതക്രമവും ആരാധനാരീതികളുമെല്ലാം ഉള്‍പ്പെടുന്ന നിയമസംഹിതകളെ പൊതുവില്‍ “ഹലാക്ക” (Halakha) എന്നു യഹൂദര്‍ വിളിക്കുന്നു. ഇതിനെ മതനിയമങ്ങള്‍ എന്നു വിളിക്കുമെങ്കിലും ശരിയായ വിവര്‍ത്തനം “പെരുമാറ്റരീതി”; “അനുദിനജീവിതചര്യ” എന്നാണെന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
വാസ്തവത്തില്‍ “യൂദായിസം” (Judaism) എന്നത് ക്രൈസ്തവസഭയുടെ കണ്ടുപിടിത്തമായിരുന്നുവെന്നും 19-ാം നൂറ്റാണ്ടിലാണ് യഹൂദര്‍, തങ്ങളുടെ പൂര്‍വ്വികരുടെ ആത്മീയജീവിതത്തേയും സംസ്കാരത്തേയും ജീവിതരീതികളെയും ഒരു മതമായി ദര്‍ശിച്ചതെന്നുമാണ് കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ യഹൂദ സംസ്കാരം പഠിപ്പിക്കുന്ന വിഭാഗത്തിലെ പ്രഫസര്‍ ദാനിയേല്‍ ബൊയാറിന്‍ ”Judaism: The Genealogy of a Modern Notion” (by Daniel Boyarin) വ്യക്തമാക്കുന്നത്.
ദാനിയേല്‍ ബയാറിന്‍റെ ഈ വാദങ്ങളെ ന്യായീകരിക്കാന്‍ തക്കതായി മറ്റുചില പഠനങ്ങളുമുണ്ട്. “റിലിജിയന്‍” എന്നത് തികച്ചും ഒരു ആധുനിക ആശയമാണെന്നാണ് മൈക്കിള്‍ പാസ്ക്വിയര്‍ (Michael Pasquier, ) Religion in America: The Basics എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.
എ.ഡി 1200 കളിലാണ് “റിലിജിയോ” (religiō) എന്ന ലാറിൻ പദം ഇംഗ്ലീഷ് ഭാഷയില്‍ കടന്നുവരുന്നത്. ഇംഗ്ലീഷ് മൊണാസ്ട്രികളിലെ ജീവിതരീതിയോടു ബന്ധപ്പെട്ടായിരുന്നു “റിലിജിയന്‍” എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എ.ഡി 1500 കളിലാണ് റിലിജിയന്‍ എന്ന വാക്കിന് ഇന്നു നാം മതം എന്നതിനേ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി ലഭിച്ചത് എന്നും കാണാം.
രാഷ്ട്രപിതാവായ അബ്രഹാം
മതത്തെയും ജൂദായിസത്തെയും സംബന്ധിച്ച് ആധുനികലോകം ഉയര്‍ത്തുന്ന ഈ പഠനങ്ങളുടെയും നിഗമനങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ അബ്രഹാമിനെ ഏതെങ്കിലുമൊരു മതസ്ഥാപകനായി കണക്കാക്കുക അസാധ്യമായിരിക്കും. അബ്രഹാമിലൂടെ മതങ്ങളൊന്നും പുറപ്പെട്ടില്ല എന്നതിന് ബൈബിള്‍ വചനങ്ങള്‍ സാക്ഷിനില്‍ക്കുന്നു. അബ്രഹാമിന്‍റെ ജീവതം വിശുദ്ധ ബൈബിളില്‍നിന്ന് വായിക്കുമ്പോള്‍ ശ്രദ്ധേയമായ പലതും അതില്‍ കണ്ടെത്താന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അബ്രഹാമിനെ ദൈവം വിളിക്കുന്നത് മതത്തില്‍ നിന്നും മതമില്ലായ്മയിലേക്കായിരുന്നു എന്നതാണ്. ഗോത്രമത്തിലെ പ്രാകൃത വിഗ്രഹാരാധനാ രീതികളില്‍നിന്ന് (ജോഷ്വ 24:2) വിശ്വാസവും നീതീകരണവും നല്‍കുന്ന ഉന്നതമായ ആത്മീയജീവിതത്തിലേക്കുള്ള വെളിപാടായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഗോത്രസംസ്കാരവും ഗോത്രബോധവും പ്രബലപ്പെട്ടിരുന്ന സമൂഹത്തില്‍നിന്നും സ്വതന്ത്രരാഷ്ട്രം എന്ന തികച്ചും വ്യത്യസ്തമായ ഒരു സംസ്കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്‍റെ ചുവടുവയ്പ്പിന്‍റെ തുടക്കമായിരുന്ന അബ്രഹാമിന്‍റെ വിളിയും തെരഞ്ഞെടുപ്പും എന്നു മനസ്സിലാക്കാന്‍ കഴിയും.
ബൈബിളില്‍ ആകമാനം അബ്രാം, അബ്രഹാം എന്ന പേരുകൾ 309 പ്രവാശ്യവും പഴയനിമയത്തില്‍ മാത്രം 73 തവണയും കാണപ്പെടുന്നു. എന്നാല്‍ അബ്രഹാമിനെ പരാമര്‍ശിക്കുന്ന വേളകളിലൊന്നും അബ്രഹാം ഏതെങ്കിലും മതം സ്ഥാപിച്ചതായോ അബ്രഹാമിനെ ദൈവം വിളിച്ച് ഏതെങ്കിലും മതരൂപീകരണ ദൗത്യം ഏല്‍പ്പിച്ചതായോ പഴയനിയമത്തിലോ പുതിയനിമയത്തിലോ രേഖകളില്ല. തന്നില്‍നിന്ന് രാഷ്ട്രങ്ങളും രാജാക്കന്മാരും ഉത്ഭവിക്കുമെന്നതായിരുന്നല്ലോ വാഗ്ദത്തം,. അതിനാല്‍, നിരവധി രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് കാരണക്കാരനായ വ്യക്തി എന്ന നിലയില്‍ അബ്രഹാമിനെ രാഷ്ട്രപിതാവ് എന്ന് വിളിക്കുന്നതാണ് ശരി. “അബ്രഹാമിക് റിലിജിയന്‍” എന്നതിനേക്കാള്‍ “അബ്രഹാമിക് നേഷന്‍സ്” എന്നു പറയുന്നതായിരിക്കും ശരി. അബ്രഹാമിൻ്റെ പിൻതലമുറയിൽ വ്യത്യസ്ത മതങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം വ്യത്യസ്ത സാഹചര്യങ്ങളായിരുന്നു കാരണമായത്.
അബ്രഹാമിനു നല്‍കിയ വാഗ്ദത്തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയ്ക്ക് വെളിയിലുള്ളവര്‍ക്ക് ലഭ്യമാകുമോ? ക്രൈസ്തവസഭയും അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളും എന്ന അടുത്ത ലേഖനത്തില്‍ ഈ വിഷയം പരിശോധിക്കാം (തുടരും).
കോർക്ക്: അയർലണ്ടിലെ കോർക്കിന് സമീപം മലയാളി യുവതി കുത്തേറ്റുമരിച്ചു. വിൽട്ടൻ കാർഡിനൽ കോർട്ടിലെ വസതിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശിനി ദീപ ദിനമണിയാണ് (38) കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. യുവതിയും ഭർത്താവും തമ്മിൽ തർക്കുണ്ടായെന്നും ഇതിനെ തുടർന്നാണ് കടുംകൈ എന്നുമാണ് വിവരം.
രാത്രി 10 മണിക്ക് ശേഷമാണ് എമർജൻസി സർവീസിന് വിവരം കിട്ടിയത്. അവരെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി കോർക്കിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരുമകനുണ്ട്.
സാങ്കേതിക പരിശോധനകൾക്കായി സ്ഥലം സീൽ ചെയ്തു. പാതോളജിസ്റ്റിന്റെ ഓഫീസിൽ നിന്നുള്ള സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോർക്ക് സർവകലാശാല ആശുപത്രിയിലേക്ക് മാറ്റി. 40 കാരനായ ഭർത്താവിനെ ടോഗാർ ഗാർഡ സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നു. വിവരം അറിഞ്ഞു എത്തിയ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് തടയുകയും ചെയ്തതായി വിവരം ഉണ്ട്. ഈ കുടുംബം മലയാളികളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.
യുവതിയും കുടുംബവും അയർലണ്ടിൽ ഒരുവർഷം മുമ്പാണ് എത്തിയത്.
യുകെയില്‍ അടുത്തിടെ നടന്ന സമാന സംഭവത്തില്‍ മലയാളി യുവതിയും രണ്ട് കുട്ടികളും ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കൊല്ലം സ്വദേശിയായ സാജു ചിറമേല്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുമ്പോള്‍ ആണ് ഇപ്പോള്‍ മറ്റൊരു കൊലപാതകം അയര്‍ലണ്ടില്‍ നടന്നിരിക്കുന്നത്. മലയാളി സമൂഹത്തെക്കുറിച്ചുള്ള സ്വദേശികളുടെ വീക്ഷണത്തില്‍ കാതലായ മാറ്റം വരുത്തുവാന്‍ ഈ സംഭവം ഇടവരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
യോർക്ഷയറിലെ കീത്തിലിയിൽ വൻ തീപിടുത്തം. ഫയർഫോഴ്സിൻ്റെ വൻ ടീമും പോലീസും തീയണയ്ക്കാനുള്ള കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കീത്തിലിയിലെ പ്രമുഖ ടെയ്ക് എവേ റെസ്റ്റോറൻ്റ് മാങ്കോസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്ന് തുടങ്ങിയത് എന്ന് പരിസരവാസികൾ പറയുന്നു. നിരവധി നിലകളുള്ള കെട്ടിടത്തിൻ്റെ മേൽക്കൂര വരെയും തീ പടർന്നു കഴിഞ്ഞു. മാങ്കോസ് റെസ്റ്റോറൻ്റിൻ്റെ മുകളിലുള്ള ഫ്ലാറ്റുകളിൽ ആൾതാമസമുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ആളപായം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതവിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ..
ഇതിപ്പോ പശുവും ചത്തു മോരിലെ പുളിയും കെട്ടു എന്ന് പറഞ്ഞപോലെയായി ….
ഇനിയിപ്പോ ആര് ആരെ ശിക്ഷിച്ചാലെന്ത് ഇല്ലെങ്കിലെന്ത് ? പുള്ളിക്ക് പുള്ളിയുടെ അറ്റ കൈ തിരിച്ചു കിട്ടുമോ ? സ്നേഹനിധിയായ ഭാര്യയെ തിരിച്ചു കിട്ടുമോ ?
Forgiving does not mean forgetting….
ക്ഷമിക്കുക എന്നാൽ മറന്നുവെന്നല്ല അർത്ഥം . ഫോർഗിവ് എന്നാൽ പഴയ വളിച്ചളിഞ്ഞ ചോറും പൊതിഞ്ഞു കെട്ടി ശിഷ്ടകാലം മുഴുവൻ താൻ പോകുന്ന വഴിയിലുള്ളവരെ കൂടി നാറ്റിച്ചു കടന്ന് പോകാൻ ശ്രമിക്കുന്നില്ല എന്ന് സാരം.
എന്നും പറഞ്ഞു നമ്മളെ ആക്രമിക്കാൻ വരുന്നവരെ പൂമാല കൊടുത്തു സ്വീകരിക്കണമെന്നല്ല. ആക്രമിക്കാൻ വരുമ്പോൾ , ആ സമയത്തു നമ്മൾ പ്രതികരിക്കണം. പ്രതിരോധം അത് മനുഷ്യന് മാത്രം കുത്തകയായ ഒന്നല്ല . ഒരു കണവകുഞ്ഞു പോലും അതിനാലാവും പോലെ മഷിയെറിഞ്ഞു പ്രതിരോധിക്കിന്നില്ലേ ? ഇതിനർത്ഥം നടന്നത് മറക്കണമെന്നല്ല .മറക്കില്ല , മറക്കരുത് …. അതൊരു ജീവിത കാല അറിവായി മനസ്സിൽ എന്നും കാണണം ….
മതത്തെ ഞാനത്ര പ്രൊമോട്ട് ചെയ്തു സംസാരിക്കുന്ന ആളല്ല . മതമെന്ന കലാരൂപം ഒരു പരുധി വരെ ഉള്ളിൽ മാത്രമായൊതുക്കി നടക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ . പക്ഷെ ചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ പറ്റില്ല. ആയിരം കോടി മതങ്ങളിൽ ഒരുപിടി മതങ്ങൾ ക്ഷമിക്കാനും പൊറുക്കാനും പഠിപ്പിക്കുന്നുണ്ട് …. പല്ലിനു പകരം പല്ല് എന്ന മുദ്ര്യവാക്യം കൊണ്ട് നടക്കുന്നവരല്ല പ്രത്യേകിച്ചും സ്വർഗ്ഗം ലഭിക്കുമെന്നകഥ കേട്ട് വളർന്ന ക്രിസ്തുമത വിശ്വാസികൾ . ഞാനീ പറയുന്നത് ആകാശത്തിനുള്ളിലെ സ്വർണ്ണ കസേരയുള്ള സ്വർഗ്ഗത്തെകുറിച്ചല്ല . ക്ഷമിക്കുമ്പോൾ കിട്ടുന്ന ഒരു മനഃസമാധാനമുണ്ടല്ലോ അത് എത്ര ലോട്ടറി അടിച്ചാലും കിട്ടാത്ത ഒന്നാണ് …..ഇതൊന്നും ആരെയും സ്‌കൂളിലും കോളേജിലും എടുക്കാൻ മേലാത്ത ഫീസ് കെട്ടി പഠിപ്പിച്ചെടുക്കുന്ന ഗുണമല്ല …..
ഇവിടെ ഒരു മതത്തെയും ഉയർത്തിയോ താഴ്ത്തിയോ പറഞ്ഞതല്ല . പക്ഷെ മതം നൽകിയ ഡിസിപ്ലിൻ അത് മറന്നു പോകരുത് …..
ജന്മം തന്ന അപ്പനെയും അമ്മയേയും പോലും കൊല്ലാൻ മടിയില്ലാത്ത ഇന്നത്തെ കാലത്ത് സാറിന്റെ നന്മ കാണാൻ ആരും അവശേഷിച്ചിട്ടില്ല……
കടന്ന് പോകും ഇങ്ങനെയും ചിന്തിക്കുന്ന ഒരു പിടി തലമുറകൂടി …..
ജോസ്‌ന സാബു സെബാസ്റ്റ്യൻ
യു കെയിൽ ചിത്രീകരണം പൂർത്തിയായ ബിഹൈൻഡിലെ ഇംഗ്ലീഷ് ഗാനം ആലപിക്കുന്നത് യു കെ മലയാളികൾക്ക് പ്രിയങ്കരിയായ യുവ ഗായിക ഡെന ആൻ ജോമോനാണ് . ഇംഗ്ലീഷ് ഗാനത്തിന്റെ വരികൾ എഴുതിരിക്കുന്നത് യു കെയിൽ താമസിക്കുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരി ബീന റോയിയാണ് . രശ്മി പ്രകാശ് രാജേഷ് എഴുതിയ , ഇതിനോടകം റീലീസായ ബിഹൈൻഡിലെ ഗാനത്തിന് സംഗീതം നിർവഹിച്ചത് മലയാളത്തിന്റെ പ്രിയ ഗായകൻ ജി വേണുഗോപാലായിരുന്നു. ജി വേണുഗോപാൽ ആദ്യമായി സംഗീത സംവിധായകനാകുന്ന സിനിമയാണ് ബിഹൈൻഡ്. ഉടൻ റീലീസാകുന്ന ചിത്രത്തിലെ ഇംഗ്ലീഷ് ഗാനത്തിന് സംഗീതം നിർവഹിക്കുന്നത് യുവ ഇംഗ്ലീഷ് സംഗീത സംവിധായകൻ ആൻഡ്രൂ ഹബാർഡാണ് .
ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികൾ എഴുതിരിക്കുന്ന എഴുത്തുകാരി ബീന റോയ്, ഇതിനോടകം നിരവധി മലയാള ഗാനങ്ങൾക്ക് രചന നിർവഹിച്ച എഴുത്തുകാരിയാണ് . നിരവധി കവിതകളും , കഥകളും നോവലും എഴുതിട്ടുള്ള ബീന റോയ് കലാ , സാഹിത്യ രംഗത്ത് സജീവമാണ് . ഇംഗ്ലീഷ് ഗാനം ആലപിച്ചിരിക്കുന്ന ഡെന ആൻ ജോമോൻ , ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയ യുവ ഗായികയാണ് . ഡെന ആലപിച്ച ‘വൺസ് മി ‘ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് ഗാനത്തിന്റെ ആലാപനത്തിന് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ ആദരവ് ഏറ്റു വാങ്ങുകയുണ്ടായി .
ഇപ്പോൾ ചിത്രികണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ബിഹൈൻഡിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആൻമരിയ , ഡിഫ്ന മാത്യു , മിഥുൻ കൃഷ്ണൻ , ജെയ്‌മോൻ ജോർജ് ,ടോനി ഹാർഡ്‌വിക്ക് ( ഇംഗ്ലീഷ് നടി ) തുടങ്ങിയവരാണ് . ഈ ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഇംഗ്ലീഷ് നടൻ സ്റ്റീവ് പ്രൈസാണ് . ജിൻസൻ ഇരിട്ടി രചനയും സംവിധാന വും നിർവഹിക്കുന്ന , കാടും , അതിജീവനും , പ്രതികാരവും പശ്ചാത്തലമായി എത്തുന്ന ഈ മിസ്‌ട്രി ത്രില്ലർ ചിത്രം ഈ വർഷം അവസാനം പ്രേക്ഷകരിലേക്ക് എത്തും . ചിത്രത്തിലെ ഈ മനോഹര ഗാനം ഉടൻ നിങ്ങളിലേക്ക് എത്തും
ടോം ജോസ് തടിയംപാട്
തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും ,പട്ടിണികിടക്കുന്നവരും ആരും സഹായത്തിനില്ലാത്ത മാതാപിതാക്കൾക്കും ,അനാഥരായ കുട്ടികൾക്കും ആശ്രയമായി കഴിഞ്ഞ 27 വർഷമായി ജീവിതം ഉഴിഞ്ഞുവച്ച ഇടുക്കി ,പടമുഖം,സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ വി സി രാജുവിനു ലിവർപൂൾ പൗരാവലിയുടെ നേതൃത്വത്തിൽ ലിവർപൂൾ സെന്റ് ജിൽസ് ഹാളിൽവച്ച് ജൂലൈ മാസം 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നൽകുന്നു .സ്വികരണ സമ്മേളനത്തിൽ ലിവർപൂൾ മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ ആശംസകൾ അറിയിച്ചു സംസാരിക്കും. ഈ പരിപാടി ഒരു വിജയമാക്കിതീർക്കാൻ എല്ലാ മനുഷ്യ സ്നേഹികളെയും സ്വീകരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ബ്രദർ രാജു യുണൈറ്റഡ് കിങ്‌ഡം ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മത് കൺവെഷനിൽ പങ്കെടുക്കാനും അവരുടെ ആദരവ് ഏറ്റുവാങ്ങാനുമാണ് യു കെ യിൽ എത്തിയത്.
സ്വീകരണ പരിപാടികൾക്ക് ,തമ്പി ജോസ് ,സാബു ഫിലിപ്പ് ,ലിമ പ്രസിഡണ്ട് ജോയ് ആഗസ്തി ,അനൂപ് അലക്സ് ,എബ്രഹാം നംബനത്തേൽ ,ആന്റോ ജോസ് , ടോം ജോസ് തടിയംപാട് എന്നിവർ നേതൃത്വം കൊടുക്കും
.
2016 നവംബർ മാസത്തിൽ യുകെയിലെ ബന്ധുക്കളുടെ ക്ഷണം സ്വീകരിച്ചു ബ്രദർ വി ,സി , രാജു യു കെ സന്ദർശിച്ചപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സെന്റ്റ് പോള്‍ പള്ളിഹാളില്‍ വച്ച് സ്വീകരണം നൽകുകയും ഞങ്ങൾ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു ,.
പടമുഖത്തെ സ്നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ എത്തിച്ചതിൽ വലിയ ത്യഗമാണ് ബ്രദർ രാജു സഹിച്ചത് . ഇന്ന് ഏകദേശം 400 ൽ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവർത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു സമാധാനപരമായി ഈ ലോകത്തോട് വിടപറഞ്ഞത് .
ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദർ രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി യു തോമസ് എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് . .
പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്‍റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വർഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകാർ ഭക്ഷണ സാധനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .
ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്‍റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ദേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് ..
കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപകരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു .
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്
St Giles Centre
132 Aintree Lane
Aintree
Liverpool
L10 8LE