UK

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കർട്ടൻ ലാൻഡ് ഉടമയും ഇംഗ്ലണ്ടിലെ ബർമിങ്ഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയുമായ ഷാജു മാടപ്പള്ളിയുടെ മാതാവ് ഏല്യ (94 ) നിര്യാതയായി. പരേത മാടപ്പള്ളി പൗലോസിൻെറ ഭാര്യയും കാടുകുറ്റി മഞ്ഞളി കുടുംബാംഗവുമാണ്. മക്കൾ : ഫിലോമിന , സിസ്റ്റർ റീന പോൾ (ഹെൽപ്പേഴ്സ് ഓഫ് മേരി വെസ്റ്റ് ബംഗാൾ), സിസ്റ്റർ ലൂസി എം.പി (സേവ് മിഷൻ ഓഫ് ചെന്നൈ), ബാബു പോൾ (സൗദി), ജോയ് പോൾ, ഷാജു പോൾ (യുകെ), മിനി.

മരുമക്കൾ : ജേക്കബ് (മഞ്ഞപ്ര ), ട്രസ്റ്റി ബാബു (ആനന്തപുരം ), മോളി ജോയ് (പോട്ട ), കൊച്ചുറാണി ഷാജു (യുകെ ), ബാബു (പേരാമ്പ്ര)

സംസ്കാരകർമ്മം (4- 2 – 23 ) ശനിയാഴ്ച രാവിലെ 10.30ന് പഴൂക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും

ഷാജു മാടപ്പള്ളിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

ശവസംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേക്ഷണം താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിൽ ലഭ്യമാണ്.

https://youtube.com/live/IXUioXn7_zE?feature=share

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് തിരുവനന്തപുരം ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ എം. എസ്. അരുണിന്റെ (33) മൃതദേഹം പൊതുദർശനം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ ബർമിങ്ങാമിലെ ലിലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ഹാളിലാണ് പൊതുദർശനം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

പൊതുദർശനത്തിന് ശേഷം അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി വരികയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായത്തോടെ ഇക്കാര്യങ്ങൾ പുരോഗമിക്കുന്നതായും യുക്മ മിഡ്‌ലാൻഡ്‌സ് റീജനൽ പ്രസിഡന്റ് ജോർജ് തോമസും സികെസി പ്രസിഡന്റ് ഷിൻസൺ മാത്യുവും അറിയിച്ചു. ക്രമീകരണങ്ങൾക്കായി സികെസി സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ ലിയോ ഇമ്മാനുവൽ തുടങ്ങിയവരും ഒപ്പമുണ്ട്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അരുണിന്റെ കുടുംബത്തെ സഹായിക്കുവാൻ ആരംഭിച്ച ഫണ്ട് ശേഖരണവും അവസാന ഘട്ടത്തിലാണ്.

ജനുവരി 18നു നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് 19 ന് ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണ്‍ മരിച്ചതായി കണ്ടെത്തുന്നത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.

ടോം ജോസ് തടിയംപാട്

ഒരു ആഡംബര കപ്പൽ യാത്രയെപറ്റി മനസ്സിൽ വരുമ്പോളെല്ലാം ഓർമ്മയിൽ വരുന്നത് ടൈറ്റാനിക് കപ്പൽ ദുരന്തവും അതിനെ തുടർന്ന് വന്ന ടൈറ്റാനിക് സിനിമയയും ആ സിനിമയിൽ കാണിക്കുന്ന കപ്പലിലെ മനോഹാരിതയുമാണ് . ലിവർപൂളിലെ ആൽഫെഡ് ഡോക്കിൽ പലപ്പോഴും വന്നുപോകുന്ന ആഡംബര കപ്പലുകൾ കാണുമ്പോൾ ഒരിക്കൽ ഇങ്ങനെയൊരു ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നു ,അങ്ങനെ ഇരിക്കുമ്പോഴാണ് ബെർമിഗമിൽ താമസിക്കുന്ന ജയ്‌മോൻ ജോർജ് എം.എസ്സി വെർച്ച്യുർസ് എന്ന കപ്പൽ യാത്ര പോകുന്നതിനെ പറ്റി പറയുന്നത് ,പിന്നെ ആലോചിച്ചില്ല ഞങ്ങൾ രണ്ടു കുടുംബങ്ങൾ യാത്രപോകാൻ തീരുമാനിച്ചു .ഒരു ഫാമിലിക്കുള്ള ആകെ ചിലവ് 1750 പൗണ്ട് മാത്രമായിരുന്നു ഇതിൽ എല്ലാചിലവും ഉൾപ്പെട്ടിരുന്നു .

ഞങ്ങൾ 2021 , ഓഗസ്റ്റ് മാസം പത്താം തീയതി 7 ദിവസത്തെ കപ്പൽ യാത്രക്കായി ലിവർപൂളിൽ ആൽഫെഡ് ഡോക്കിലെത്തി. കോവിഡ് ബാധിച്ചില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,പാസ്പോർട്ട് , മുതലായ ഒരു ഫ്ലൈറ്റ് യാത്രയ്ക്ക് വേണ്ട എല്ലാ രേഖകളുമായിട്ടാണ് ഞങ്ങൾ എത്തിയത് കപ്പലിൽ കയറുന്നതിനു മുൻപുള്ള എല്ല ചെക്കിങ്ങുകൾക്കും ശേഷം ഞങ്ങളുടെ ബാഗുകൾ അവിടെ വാങ്ങി അത് പിന്നീട് റൂമിൽ എത്തിച്ചു തരും എന്നും അറിയിച്ചു. പിന്നീട് ഞങ്ങളെ ഒരു കോച്ചിൽ കയറ്റി കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി . കപ്പൽ അടുത്തുനിന്നും കണ്ടപ്പോൾ തന്നെ വളരെ അതിശയം തോന്നി കപ്പലിൽ കയറുന്നതിനു മുൻപ് ഒരിക്കൽ കൂടി ഐഡന്റിറ്റി ചെക്കപ്പ് നടത്തി ഒരു കാർഡും കൈയിൽ കെട്ടാൻ വാച്ചു പോലുള്ള ഒരു സ്കാനറും തന്നു . നമ്മൾ ബാറുകളിൽ ചെന്ന് മദ്യവും,, ഭക്ഷണശാലയിൽ ഭക്ഷണ൦ കഴിക്കുന്ന സ്ഥലത്തു൦ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചു സ്കാൻ ചെയ്യണം .

ഏകദേശം 3 മണിയോടുകൂടി ഞങ്ങൾ കപ്പലിൽ ഉള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങളെ സ്വീകരിക്കാൻ സ്റ്റാഫ് എത്തിച്ചേർന്നു അവർ ഞങ്ങളെ ലിഫ്റ്റിൽ 10 -മത് നിലയിലേക്ക് ആനയിച്ചു പിന്നീട് ഞങ്ങളെ റൂമിൽ കൊണ്ടുപോയി കാണിച്ചു തന്നു അതിനുശേഷം അവർ ഞങ്ങളെ 15 -മത്തെ നിലയിലെ അതി വിശാലമായ ഡൈനിങ് റൂമിലേക്ക് നയിച്ചു ബൊഫെയാണ് അവിടുത്തെ സിസ്റ്റെം ലോകത്തു വിവിധ ദേശങ്ങളിലെ ഒട്ടു മിക്ക ഭക്ഷണവും അവിടെ ലഭ്യമാണ് ഞങ്ങൾ വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം തിരിച്ചു റൂമിൽ ചെന്നപ്പോൾ ഞങ്ങളുടെ പെട്ടികൾ എത്തിയിരുന്നു പിന്നീട് എല്ലാവരും കപ്പൽ കാണുന്നതിവേണ്ടി മുകൾ തട്ടിലേക്ക് പോയി .

19 നിലകളാണ് കപ്പലിനുള്ളത് ഏറ്റവും മുകൾ തട്ടിൽ വിശാലമായ സിമ്മിങ് പൂൾ കൂടാതെ ചെറിയ സിമ്മിങ് പൂളുകൾ ധാരാളമായിയുണ്ട്. കൂടാതെ ജിംനേഷ്യം, വിവിധ സ്‌പോർട്ട്സുകൾക്കു വേണ്ടിയുള്ള ഗ്രൗണ്ടുകൾ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള സ്ഥലം , വാട്ടർ പാർക്ക് ,സിനിമ തീയേറ്റർ .സിമിലൈറ്റർ ,4 D സിനിമ ,കൂടാതെ നടക്കാനും ഓടാനും ഉള്ള സൗകര്യങ്ങൾ എന്നിങ്ങനെ അതിവിശാലമായ കാഴ്ചകളാണ് മുകളിൽ കണ്ടത് . ഞങ്ങൾ ഇതെല്ലാം കണ്ടുനിന്നപ്പോൾ ഏകദേശം 7 മണിയോടുകൂടി കപ്പൽ പതിയെ അനങ്ങി യാത്ര തുടങ്ങി എന്ന് മനസിലായി. മേഴ്സി നദിയിൽ പുറകോട്ടു പോയി തിരിഞ്ഞു വന്നു ഐറിഷ് കടലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു .

ഞങ്ങൾ ഡ്രസ്സ് മാറി 8 മണിക്ക് ഡിന്നറിനു പോയി 5 മത്തെ നിലയിൽ ആയിരുന്നു ഡിന്നർ. അടുത്ത ഏഴുദിവസത്തെ ഞങ്ങളുടെ ഡിന്നർ ഇവിടെ തന്നെ ആയിരുന്നു ഡിന്നറിനു വന്നവരെല്ലാം നല്ല മനോഹരമായ ഡ്രസ്സുകൾ ധരിച്ചാണ് വന്നത് വൈകുന്നേരത്തെ ഡിന്നർ മെനു അനുസരിച്ചു മേശയിൽ കൊണ്ടുവന്നു തരും ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സംവിധാനമാണ് അവിടെ കണ്ടത് .

ഡിന്നർ കഴിഞ്ഞ ശേഷം ഞങ്ങൾ കപ്പലിന്റെ വിവിധ ഭാഗങ്ങൾ കാണാൻ പോയി പോകുന്ന വഴിയിൽ ഇഷ്ടംപോലെ ബാറുകൾ ഉണ്ട് അവിടെനിന്നും ഞങ്ങൾ ചെറിയ രീതിയിൽ മദ്യപാനം നടത്തി കപ്പലിൽ എല്ലാം ഫ്രീയാണ് .സംഗീതം ആലപിക്കുന്നവർ , നൃത്തം ചെയ്യുന്നവർ അങ്ങനെ പോകുന്നു വിവിധയിനം പരിപാടികൾ. കപ്പലിന്റെ മധ്യഭാഗത്തു അതിമനോഹരമായി നിൽക്കുന്ന കോവണിയിൽ നിന്ന് ഫോട്ടോ എടുക്കാൻ ആളുകൾ തിരക്കു കൂട്ടുന്നത് കാണാമായിരുന്നു .

രാത്രിയിൽ കപ്പലിന്റെ കുറച്ചു ഭാഗം കൂടി കണ്ടതിനു ശേഷം ഉറങ്ങാൻ പോയി റൂമിലേക്ക് നടക്കുമ്പോൾ ടൈറ്റാനിക്ക് കപ്പലിൽ കിടന്നുറങ്ങുന്ന റൂമുകളിലേക്ക് വെള്ളം കയറുന്ന ഓർമ്മയാണ് മനസ്സിൽ നിറഞ്ഞുനിന്നത് . രാത്രിയിൽ തിരകളുടെ ശക്തികൊണ്ട് ബെഡിൽ കിടന്നു അനങ്ങികൊണ്ടിരുന്നു . രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ സ്കോട് ലാൻഡിലെ ഗ്രിനോക്കിൽ കപ്പൽ നങ്കൂരമിട്ടിരുന്നു കൊറോണ കാരണം പുറത്തിറങ്ങാൻ അനുവാദമില്ല. ഞങ്ങൾ രാവിലെ കുറച്ചു സമയം ഡക്കിലൂടെ നടന്നു കുറച്ചു സമയം ജിമ്മിൽ ചിലവഴിച്ചു ബ്രേക്ക് ഫാസ്റ്റിനു ശേഷം സിമ്മിങ് പൂളിൽ ചിലവഴിച്ചു. പിന്നീട് വീണ്ടും കപ്പൽ ചുറ്റി നടന്നു കാണാൻ തുടങ്ങി .എല്ലാദിവസവും കപ്പലിൽ നടക്കുന്ന പരിപാടികളുടെ ലിസ്റ്റ് അവർ രാവിലെ ഡോറിൽ തൂക്കിയിടും അതനുസരിച്ചു നമുക്ക് വേണമെങ്കിൽ ആ പരിപാടിയിൽ പങ്കെടുക്കാം .ചൂടുവെള്ളം നല്ല പ്രഷറിൽ വരുന്ന ജാക്ക്‌യൂസി എന്ന് വിളിക്കുന്ന സിമ്മിങ് പൂളിലാണ് ഞങ്ങൾ കൂടുതൽ സമയം ചിലവഴിച്ചത് ഭക്ഷണവും മദ്യവും യഥേഷ്ടം ലഭിക്കുന്നു എന്നത് ഈ യാത്രയിലെ ഏറ്റവും വലിയ ഗുണം .

കപ്പലിന്റെ അകത്തെ കാഴ്ചകൾ വിവർണ്ണനാതീതമാണ് പലപ്പോഴും ഇതൊക്കെ ആരുടെ ഭാവനയാണ് എന്ന് തോന്നിപോകും ഒരു 19 നിലകെട്ടിടം വെള്ളത്തിലൂടെ നീങ്ങുന്നു. കഴിഞ്ഞ 7 ദിവസവും ശ്രമിച്ചിട്ടാണ് കപ്പൽ കണ്ടു തീർന്നതു തന്നെ . എല്ലാദിവസവും വൈകുന്നേരം ഡിന്നറിനു ധരിക്കേണ്ട ഡ്രസ്സ് കോഡ് രാവിലെ പ്രോഗ്രാം പേപ്പറിൽ പറഞ്ഞിട്ടുണ്ടാകും അതനുസരിച്ചു വേണം ഡിന്നറിനു പോകാൻ . എം എസ് സി ,വെർച്യുസ എന്ന ഈ കപ്പലിന്റെ വില 800 മില്യൺ യൂറോയാണ് ,6334 യാത്രക്കാരെയും 1704 ജോലിക്കാരെയും ഉൾക്കൊള്ളുന്നതാണ് ഈ മഹാസൗധം 331 .43 മീറ്റർ നീളവും 69 .9 മീറ്റർ ഉയരവും ഉള്ളതാണീ ആഡംബര നൗക അതായതു ടൈറ്റാനിക്കിന്റെ ഏകദേശം ഇരട്ടി വലുപ്പം എന്ന് പറയാം .

മൂന്നാം ദിവസം ഞങ്ങൾ നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ എത്തി രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു രാവിലെ പുറത്തു തയാറാക്കിയിരുന്നു ബസിൽ കയറി .ബസിൽ ഇരുന്നുകൊണ്ട് അവിടുത്തെ സ്ഥലങ്ങൾ കാണാൻ പോയി ഗൈഡ് പോകുന്നവഴിയിലെ കാഴ്ചകൾ വിവരിച്ചു തന്നിരുന്നു .ആദ്യ൦ പോയത് നോർത്തേൺ അയർലാൻഡ് പാർലമെന്റ് കാണാനായിരുന്നു പാർലമെന്റിന്റെ മുൻപിൽ നിർത്തി ഫോട്ടോ എടുത്ത ശേഷം ബെൽഫാസ്റ്റ് സിറ്റി ഹാൾ കാണാൻ പോയി അവിടെ ടൈറ്റാനിക് അപകടത്തിൽ മരിച്ച എല്ലാവരുടെയും പേരെഴുതി വച്ചിരിക്കുന്ന ഫലകം കണ്ടു .

പിന്നീട് പോയത് സമാധാന മതിൽ കാണാനാണ് .കത്തോലിക്ക ,പ്രോട്ടെസ്റ്റന്റ് ഭീകരതയുടെ തിരുശേഷിപ്പാണ് ഈ മതിൽ മതത്തിന്റെ പേരിൽ വൈരം മൂത്തു കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മതിൽകെട്ടി അതിർവരമ്പ് തീർത്തതായിരുന്നു ഈ മതിൽ. പിന്നട് ടൈറ്റാനിക് കപ്പൽ നിർമ്മിച്ച സ്ഥാലവും ടൈറ്റാനിക് മാതൃകയിൽ പണിത ഹോട്ടലുമാണ് കണ്ടത് അതെല്ലാം കണ്ടതിനു ശേഷം തിരിച്ചു ഷിപ്പിൽ വന്നു ഭക്ഷണം കഴിച്ചു കുറച്ചു സമയം കിടന്നുറങ്ങി പിന്നീട് ഡിന്നറിനു പോയി . വെള്ള ഡ്രസ്സ് ആയിരുന്നു അന്നത്തെ ഡ്രസ്സ് കോഡ്. അടുത്ത രണ്ടു ദിവസം പൂർണ്ണമായും കപ്പൽ യാത്രയിൽ ആയിരുന്നു ഈ ദിവസങ്ങളിൽ കപ്പൽ മുഴുവൻ നടന്നു കാണാനും കപ്പലിലെ വിവിധ കല കായിക പരിപാടികളിൽ പങ്കെടുത്തും സിമ്മിങ് പൂളിൽ നീന്തിത്തുടിച്ചും സമയം ചിലവഴിച്ചു അന്ന് വൈകുന്നേരം സംഗീത നിശയിൽ പങ്കെടുത്തു അതുപോലെ റോബോട്ട് സപ്ലൈ ചെയ്യുന്ന ബാറിൽ പോയി റോബോട്ടിന്റെ പ്രവർത്തനങ്ങൾ കണ്ടിരുന്നു .

രാത്രിയിൽ പലപ്പോഴും കടലിലേക്ക് നോക്കുമ്പോൾ അനന്തമായ കടലും ചിലപ്പോൾ വലിയ മൽസ്യങ്ങൾ എടുത്തു ചാടുന്നതും കാണാമായിരുന്നു . രണ്ടു ദിവസത്തിനു ശേഷം കപ്പൽ സൗത്താംപ്ടണിൽ എത്തിച്ചേർന്നു . കപ്പൽ യാത്ര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിമാറിയ ടൈറ്റാനിക് സൗത്താംപ്ടൺ തുറമുഖത്തുനിന്നുമാണ് ആദ്യ യാത്ര ന്യൂയോർക്കിലേക്ക് പുറയപ്പെട്ടത്. കപ്പലിൽ നിന്നും പുറത്തേക്കു നോക്കി ആ ദുരന്ത തുറമുഖത്തേക്ക് നോക്കി ആ ദുരന്തത്തിൽ മരിച്ച ആളുകളെ ഓർത്തു അൽപ്പസമയം നിന്നു.

രാവിലെ കുറച്ചു സമയം നടന്നതിനു ശേഷം ബ്രേക്ഫാസ്റ്റ് കഴിഞ്ഞു സിമ്മിങ് പൂളിൽ പോയി കുറച്ചു സമയം ചെലവഴിച്ച ശേഷം വൈകുന്നേരം സർക്കസ് കാണാൻ പോയി സാങ്കേതികമായി വളരെ മുന്നിട്ടു നിൽക്കുന്ന സ്റ്റേജിൽ നടന്ന സർക്കസ് കണ്ടിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി. കൂടാതെ സ്റ്റേജിന്റെ സാങ്കേതികവിദ്യ അവിസ്മരണീയമായിരുന്നു .ഡിന്നറിനു എലിഗന്റ് ഡ്രസ്സ് ധരിച്ചുവേണം പോകാൻ പുരുഷന്മാർ എല്ലാവരും സ്യൂട്ട് ധരിച്ചും സ്ത്രീകൾ മനോഹരമായി ഡ്രസ്സ് ചെയ്തുമാണ് ഡിന്നറിനു എത്തിയത് . വൈകുന്നേരം അലസമായി കപ്പലിന്റെ വിവിധ ഭാഗങ്ങൾ കണ്ടു നടന്നപ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടി സൗത്താംപ്ടണിൽ നിന്നും കപ്പലിൽ പ്രവേശിച്ച യോർക്ക് സ്വദേശി ബോസ് തോമസ് ആയിരുന്നു അത്. ഞങ്ങൾ ഒരുമിച്ചു കപ്പലിന്റെ വിവിധ ഭാഗങ്ങളിൽ കൂടി നടന്നു വിവിധ നിലകളിൽ ഉള്ള ബാറുകളിൽ സന്ദർശിച്ചു സംഗീത സദസുകളിൽ സംഗീതം ആസ്വദിച്ചും ചിലവഴിച്ചു .ഈ യാത്രക്കിടയിൽ വെയിൽസിൽ നിന്നുള്ള ഒരു മലയാളി കുടുംബത്തെയും പരിചയപ്പെട്ടു .കപ്പലിൽ കണ്ട ജീവനക്കാരുടെ വേദന എന്നെയും വേദനിപ്പിച്ചു അവർക്കു ആറുമാസമാണ് ജോലി പിന്നെ നാലുമാസം അവധിയാണ് .ഞങ്ങളെ സെർവ് ചെയ്ത ഒരു ഫിലിപ്പിനോ അവന്റെ കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു ഇവൻ ജനിച്ചിട്ട് മൂന്നുമാസമായി എനിക്ക് ഇവനെ കാണാൻ കഴിഞ്ഞില്ലായെന്ന് .

സൗത്താംപ്ടണിൽ നിന്നും ഞായറാഴ്ച വൈകുന്നേരം ലിവർപൂളിനെ ലക്ഷ്യമാക്കി കപ്പൽ പുറപ്പെട്ടു ചൊവാഴ്ച രാവിലെ ലിവർപൂളിൽ ഒരാഴ്ചത്തെ ഹോളിഡേ പൂർത്തിയാക്കി എത്തിച്ചേർന്നപ്പോൾ അതൊരു പുതിയ അനുഭവും സ്വപ്ന സാക്ഷാൽക്കരവുമായിമാറി. .

ജോജി തോമസ്

മലയാളം യു കെ സംഘടിപ്പിച്ച ഓൾ യു കെ ബോളിവുഡ് ഡാൻസ് മൽസരവും അവാർഡ് ദാന ചടങ്ങിലും വച്ച് സാമൂഹിക ചാരിറ്റി പ്രവർത്തനത്തിനു അവാർഡ് നൽകി ആദരിച്ച ടോം ജോസ് തടിയംപാടിനെ യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷനും ആദരിച്ചു .
ലിവർപൂളിൽ വലിയ ജനാവലിയെ അണിനിരത്തികൊണ്ടു ലിമ നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയർ പ്രകാശനവും യു കെ മലയാളികളുടെ ഇടയിൽ വലിയ അംഗീകാരമാണ് ലിമയ്ക്കു നേടിക്കൊടുത്തത് .രണ്ടു ദശാബ്ദകാലത്തിന്റെമികവിലൂടെ കടന്നുപോകുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA )യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയർ പ്രകാശനവും ലിവർപൂൾ മലയാളി ചരിത്രത്തിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർത്തു. ലിവർപൂൾ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി ആയിരുന്നു 800 -ലധികം ആൾക്കാർ പകെടുത്ത ഇത്ര വിപുലമായ ആഘോഷ പരിപാടി . കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5 മണിക്കു തുടക്കം കുറിച്ച പരിപാടി രാത്രി 9 .30 വരെ തുടർന്നു .

പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇലക്ടിക് സ്‌കൂട്ടറിൽ എത്തിയ ജോയ് അഗസ്തിയുടെ ക്രിസ്തുമസ് പാപ്പയും ക്രിസ്തുമസ് കരോളും ആയിരുന്നു . മലയാളി ,ഇംഗ്ലീഷ് ,പെൺകുട്ടികൾ നടത്തിയ മനോഹരമായ ഡാൻസുകൾ കാണികളെകൊണ്ട് നിലക്കാതെ കരഘോഷം നടത്തിച്ചു . കൂടാതെ യു കെയിലെ വിവിധ കലാകാരൻമാരുടെ ഒരു വലിയ നിരയാണ് പരിപാടിയിൽ അണിനിരന്നത് .

മുൻ ബ്രിസ്റ്റോൾ ബ്രാൻഡി സ്റ്റോക്ക് മേയർ ടോം ആദിത്യയും യുക്മ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങാത്തറയും പരിപാടിയിൽ മുഖ്യ അതിഥികളായായിരുന്നു ക്ഷണിക്കപ്പെട്ട വ്യക്തികളും ലിമ കമ്മറ്റി അംഗങ്ങളും ചേർന്ന് നിലവിളക്കുകൊളുത്തികൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത് . ചടങ്ങിലെ ഏറ്റവും ആകർഷണിയമായ പരിപാടി സ്മരണിക പ്രകാശനമായിരുന്നു ഉന്നത നിലവാരം പുലർത്തുന്ന സാഹിത്യകാരന്മാർ മുതൽ സമൂഹത്തിലെ സാധാരണക്കാർ വരെ സ്മരണികയിൽ തൂലിക ചലിപ്പിച്ചിട്ടുണ്ട്.. ചീഫ് എഡിറ്ററായി പ്രവർത്തിച്ച ബിജു ജോർജിന്റെയും ടീമിന്റെയും അശ്രാന്തപരിശ്രമം ഒന്നുമാത്രമാണ് സ്മരണിക വിജത്തിൽ എത്തിക്കാൻ കരണമായത് . 2000 -ത്തോട് കൂടി ലിവർപൂളിൽ എത്തിയ മലയാളി കുടിയേറ്റത്തിന്റെ ഒരു ചരിത്രാനാവാരണം കൂടിയാണ് സ്മരണിക …സ്മരണികയുടെ പ്രകാശനം ടോം ആദിത്യ ഡോക്ടർ ബിജു പെരിങ്ങാത്തറയ്ക്കു നൽകികൊണ്ട് നിർവഹിച്ചു . പരിഷ്‌കരിച്ച ലിമ വെബ്‌സൈറ്റിന്റെ ഉത്ഘാടനം യുക്മ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങാത്തറ നിർവഹിച്ചു . ലിവർപൂളിലെ പ്രൗഢഗംഭീരമായ നോസിലിഹാളിലാണ് പരിപാടികൾ അരങ്ങേറിയത് .

ചടങ്ങിൽവച്ചു സമൂഹത്തിന്റെ വിത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മാത്യു അലക്‌സാണ്ടർ ,ഷെറിൻ ബേബി , ജോർജ് ജോൺ , വിനോദ്, വർഗീസ് , ടോം ജോസ് തടിയംപാട് എന്നിവരെ ആദരിച്ചു .

പരിപാടികൾക്ക് ലിമ സെക്രെട്ടറി സോജൻ തോമസ് ,സ്വാഗതം ആശംസിച്ചു . പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷനായിരുന്നു ,ട്രഷർ ജോസ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു.

”ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ ആഗ്രഹമില്ല. എന്നാൽ ഒരു മിസൈൽ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ”– എന്ന് സുദീർഘമായ ഫോൺ സംഭാഷണത്തിനിടെ പുടിൻ പറഞ്ഞതായി ജോൺസൺ വെളിപ്പെടുത്തി.

യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടുമുമ്പ് തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ൻ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്നിലേക്ക് റഷ്യൻ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോൺ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിൻ വേഴ്സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽ ബോറിസ് ജോൺസൺ വെളിപ്പെടുത്തി.

​​ശാന്തമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചർച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു. പുടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്.

ലോകനേതാക്കൾ റഷ്യയെ യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്. 2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതൽ യുക്രെയ്ൻ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. സംഘർഷത്തിലേക്ക് നീങ്ങിയാൽ പുടിൻ ഉപരോധം നേരിടേണ്ടി വരുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു​വെന്നും ബോറിസ് ജോൺസൺ പറയുന്നുണ്ട്.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ .അന്തരിച്ച എലിസബത്ത് രാജ്‍ഞിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ . ഹെർ ഡയമണ്ട് റേൻ’ എന്ന സംഗീത ആൽബം ഒരു മില്യൺ കാഴ്‌ചക്കാരുമായി യു ട്യൂബിൽ വൈറൽ ആയി മാറി , ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി പുറത്തിറക്കിയ ഈ ആൽബത്തിൽ ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികൾ ആണ് ഗാനം ആലപിച്ചിരിക്കുന്നത് .ഇംഗ്ലീഷ് , മലയാളം , ഹിന്ദി , തമിഴ് എന്നീ നാല് ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ രചന ചാൾസ് ലെവിസ് ലോറൻസ് ഇംഗ്ലിഷിലും ബി.കെ.ഹരിനാരായണൻ മലയാളത്തിലും അറഫ മെഹ്മൂദ് ഹിന്ദിയിലും വിനോദ് വേണു തമിഴിലും ..നിർവഹിച്ചിരിക്കുന്നു .

സംഗീതം നിർവഹിച്ചിരിക്കുന്നത് 4 മ്യൂസിക്കും ആണ് ,കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പടെ പ്രമുഖർ പങ്കെടുത്തിരുന്നു . ബ്രിട്ടന്റെ മനോഹാരിത നിറയുന്ന പ്രകൃതി ഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്ന ആ മനോഹര മായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംഗീത ആൽബത്തിന്റെ പിന്നിൽ പ്രവർത്തിക്കാനും , നേതൃത്വം കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ ആണ് ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ്.

സൗത്ത് പോർട്ട് : സൗത്ത് പോർട്ടിൽ താമസിച്ചിരുന്ന മലയാളിയായ സ്റ്റീഫൻ പി കെ ( ജെയ്‌സൺ, 51)  ഇന്ന് രാവിലെ നാട്ടിൽ വച്ച് മരണമടഞ്ഞു. കോതമംഗലം ചെമ്മീൻകുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമാണ് പരേതൻ. സൗത്ത് പോർട്ടിൽ  NHS ആശുപത്രിയിലെ നഴ്‌സ്  ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എൽദോസ് സ്റ്റീഫൻ എന്നിവർ അടങ്ങുന്നതാണ് പരേതന്റെ കുടുംബം.

ഒരു വർഷം മുൻപാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. NHS സിന്റെ നേരിട്ടുള്ള ഇന്റർവ്യൂ പാസ്സായി സൗത്ത് പോർട്ടിൽ ജോലിക്കെത്തിയതായിരുന്നു കുടുംബം. എന്നാൽ മൂത്ത മകൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതിനാൽ യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു മൂത്ത മകൾ. ഈ മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് നാല് മാസം മുൻപ് നാട്ടിലേക്ക് തിരിച്ചുപോകുയിരുന്നു സ്റ്റീഫൻ .

നല്ലൊരു കായിക താരമായ സ്റ്റീഫൻ പതിവുപോലെ ഇന്ന് രാവിലെയും ഓടാൻ പോയിരുന്നു. മൂത്തമകൾ കോളേജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ഇന്ന് . റോഡിനോട് ചേർന്നുള്ള വീടായതിനാൽ കുറെ നേരമായി തുറന്നു കിടക്കുന്ന മുൻ വാതിൽ കണ്ട് അയൽവക്കത്തുള്ളവർ കയറി നോക്കിയപ്പോൾ വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ സ്റ്റീഫൻ മരിച്ചിരുന്നു. ഹൃദയതംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനും , കായിക താരവും,  അധ്യാപകനുമാണ് പി കെ സ്റ്റീഫൻ . കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂൾ, കെ. വി. സ്കൂൾ എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : പി. കെ. എൽദോസ് (അഗ്നി രക്ഷ നിലയം കട്ടപ്പന ), വിത്സൺ പി. കുര്യാക്കോസ് (അഗ്നി രക്ഷ നിലയം കോതമംഗലം ), ജിജി എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
സ്റ്റീഫന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം , ദുഃഖാർത്ഥരായ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു.

വൈദ്യുതി ഉപയോഗിക്കാതെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആലക്കുയന്ത്രം കണ്ടുപിടിച്ച നവജ്യോത് സാവ്നി എന്ന യുവ എഞ്ചിനീയറിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയന്‍റ്സ് ഓഫ് ലൈറ്റ് പുരസ്കാരം. പുരസ്കാരത്തിന്റെ ഒപ്പം ഉണ്ടായിരുന്ന കത്തിൽ പ്രധാനമന്ത്രി ഇങ്ങനെ എഴുതിയിരുന്നു. ‘നിങ്ങൾ നടത്തിയ ഈ കണ്ടുപിടിത്തം ലോകത്ത് വൈദ്യുതി സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. അഭിനന്ദനങ്ങൾ’ എന്നായിരുന്നു കത്തിൽ.

സാവ്നി ഇത്തരമൊരു ആശയത്തെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത് സന്നദ്ധ സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യ ചുറ്റി സഞ്ചരിക്കുന്നതിനിടെയാണ്. സൗത്ത് ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ കല്ലിൽ തുണി അലക്കുന്ന നിർധനരായ സ്ത്രീകളെ കണ്ടപ്പോൾ ആണ് സാവ്നിക് വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു അലക്ക് യന്ത്രം എന്ന ആശയം മനസ്സിലേക്ക് വരുന്നത്.

കല്ലിൽ തുണി അലക്കുന്നതിനേക്കാൾ 50% വെള്ളവും 75% സമയവും ഈ യന്ത്രം ഉപയോഗിച്ച് ലാഭിക്കാം എന്നതാണ് സാവ്നിയുടെ ഈ അലക്ക് യന്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാവ്നി ഈ അലക്ക് യന്ത്രത്തിന് ഇട്ടിരിക്കുന്നത് തൻറെ അയൽക്കാരിയുടെ പേരാണ്. ദിവ്യ എന്നാണ് സാവ്നിയുടെ അയൽക്കാരിയുടെ പേര്. ഈ പേര് തന്നെ അദ്ദേഹം അലക്ക് യന്ത്രത്തിലും നല്കുക ആയിരുന്നു.

വിവിധ പ്രദേശങ്ങളിലുള്ള അനാഥാലയങ്ങൾ , വിദ്യാലയങ്ങൾ എന്ന് തുടങ്ങി 300 ൽ അധികം സ്ഥലത്ത് ഈ അലക്ക് യന്ത്രം ഇതിനോടകം തന്നെ അദ്ദേഹം വിതരണം ചെയ്തു കഴിഞ്ഞു. ഇനിയും കൂടുതൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. സാവ്നിയുടെ ഈ ആശയത്തിന് സമൂഹ മാധ്യമത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

യു.കെയിൽ കടുത്ത വീസ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കംനടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിനുപേർക്ക് ഭീഷണിയാണിത്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, കുടുംബ വീസക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ബിരുദശേഷം പഠനവീസയിൽ യു.കെയിൽ എത്തുന്നവർക്ക് തുടർപഠനത്തിനുശേഷം രണ്ടുവർഷംകൂടി യു.കെയിൽ തുടരാൻ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകൾ രണ്ടുവർഷം ജോലി ചെയ്ത് ഉണ്ടാക്കാമെന്ന അവസരം വിദ്യാർത്ഥികൾക്ക് അതുമൂലം കിട്ടുമായിരുന്നു. ഇതാണ് കുറക്കാൻ നീക്കം നടക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്‌സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്‌സുകളിലോ ആണെങ്കിൽ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാൻ അനുവദിക്കൂവെന്നതാണ് പരിഗണനയിലുള്ള മറ്റൊരു പരിഷ്‍കാരം.

ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി ഗ്രാജ്വേറ്റ് വീസ പരിഷ്കരിക്കാൻ പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ട്. ഇത് നടപ്പായാൽ വിദ്യാർഥികൾക്ക് വൈദഗ്ധ്യമുള്ള ജോലി സമ്പാദിച്ച് തൊഴിൽവീസ നേടുകയോ അല്ലെങ്കിൽ ആറുമാസത്തിനുശേഷം യു.കെ വിടുകയോ ചെയ്യേണ്ടിവരും. അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് യു.കെയോടുള്ള ആകർഷണീയത കുറക്കുമെന്ന ഭയത്താൽ യു.കെ വിദ്യാഭ്യാസ വകുപ്പ് (ഡി.എഫ്.ഇ) പരിഷ്കാരത്തെ എതിർക്കുന്നതായാണ് സൂചന.

അപ്രശസ്ത സർവകലാശാലകളിലെ ഹ്രസ്വ കോഴ്‌സുകളിലെ വിദ്യാർഥികൾ ഗ്രാജ്വേറ്റ് വീസ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ബ്രാവർമാന്റെ നീക്കത്തെ പിന്തുണക്കുന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ അവസരം പിൻവാതിൽ എമിഗ്രേഷൻ റൂട്ടായി ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം വിദേശ വിദ്യാർഥികളിൽ ഇന്ത്യക്കാർ ചൈനയെ പിന്തള്ളിയിരുന്നു. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വീസ നേടുന്നതിൽ ഇന്ത്യക്കാരാണ് ആധിപത്യം നേടിയത് -41 ശതമാനം.

യു.കെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവർമാന്റെ പദ്ധതി. യു.കെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു.

സ്വന്തം ലേഖകൻ 

നോർത്താംപ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മണ്ണിൽ മലയാളികൾക്കു മാത്യമായി T20 ലീഗിന് കളമൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകളിലായി വർഷങ്ങളായി കളിച്ച് തഴക്കവും പഴക്കവും വന്നവർക്കൊപ്പം പുതിയതായി നാട്ടിൽ നിന്നെത്തി ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്കും വേണ്ടി L G R ACADEMY KERALA SUPER LEAGUE കളമൊരുങ്ങുന്നു

ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ മഹാഭാരത കഥയ്ക്കും അപ്പുറത്തേക്കും നീളുമെങ്കിലും 2003 ൽ ക്രിക്കറ്റിന്റെ പിള്ളതൊട്ടിലെന്നറിയപ്പെടുന്ന ഇംഗ്ലണ്ടിൽ ആരംഭിച്ച ട്വന്റി20 ആണ് ഈ കായിക വിനോദത്തെ കൂടുതൽ ജനകീയമാക്കുന്നത്. 2008 ഏപ്രിൽ 18ന് ബാഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ഇൻഡ്യൻ പ്രമീയർ ലീഗ് ( ഐപിഎൽ) T20 ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നല്കികൊണ്ടിരിക്കുന്ന സംഭാവന എടുത്തു പറയേണ്ടതാണ്.

ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട്, ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്ന് ഈ വർഷം/സീസൺ മുതൽ L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുകയാണ്. യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ ആയിരിക്കും ഈ മത്സരങ്ങൾ നടക്കുന്നത്. കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു മുതൽ കൂട്ടായി തീരുമെന്നും പ്രതീക്ഷിക്കുന്നു.

ഇംഗ്ലണ്ടിലെ മലയാളികൾക്കു വേണ്ടി ആദ്യമായി തുടങ്ങുന്ന ടൂർണമെന്റിൽ 32 ടീമുകൾ 8 ലീഗിലായി പരസ്പരം ഏറ്റുമുട്ടും. ഓരോ ലീഗിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകൾ ഫ്രീക്വാർട്ടറിൽ പ്രവേശിക്കും. ഫ്രീക്വർട്ടർ മുതൽ നോക്കൗട്ട് മൽസരങ്ങളായിരിക്കും. ലീഗ് മത്സരത്തിലെ എല്ലാ കളികൾക്കും മാൻ ഓഫ് ദി മാച്ച് ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.

മൂന്നു മാസങ്ങൾ നീണ്ടു നിൽക്കുന്ന ആവേശ പോരാട്ടങ്ങൾക്കൊടുവിൽ സെമിയും ഫൈനലും ഒരേ ദിവസം നടത്തി വിജയികൾക്ക് ട്രോഫികളും 6000 പൗണ്ടിൻ്റെ ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും. മൂന്നു മാസങ്ങൾ നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് മാമാങ്കം സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ROSBIN RAJAN. 07881237894
LIJU LAZER. . 07429325678
KIJI KOTTAMAM 07446936675
PRANAV PAVI. 07435508303
BABU THOMAS. 07730883823

Copyright © . All rights reserved