ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തുർക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പം നടന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്. മരണസംഖ്യ 55,000 പിന്നിടുമെന്നാണ് യു എൻ ഏറ്റവും ഒടുവിൽ പറയുന്നത്. നിരാശ നിറഞ്ഞ, ജീവിതത്തിലെ സകലതും നഷ്ടപെട്ട സങ്കടത്തിന്റെ ഈ ദിവസങ്ങളിൽ അത്ഭുതങ്ങളുടെ ചില കഥകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജനുവരി 27 ന് നെക്ല കാമുസ് തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി, ധീരൻ എന്നർത്ഥം വരുന്ന യാഗിസ് എന്ന മനോഹരമായ പേര് നൽകി വെറും 10 ദിവസങ്ങൾക്ക് പിന്നിട്ടപ്പോഴാണ് ഈ മഹാദുരന്തം ഉണ്ടായത്. പ്രാദേശിക സമയം 04:17 ന്, തെക്കൻ തുർക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള അവരുടെ വീട്ടിൽ മകന് ഭക്ഷണം നൽകിക്കൊണ്ട് ഇരിക്കുകയായിരുന്നു നെക്ല. എന്നാൽ നിമിഷങ്ങൾക്കകം, അവശിഷ്ടങ്ങൾക്കടിയിലേക്ക് അവർ ഇടിഞ്ഞുതാണു. സമന്ദാഗ് പട്ടണത്തിലെ ഒരു അഞ്ച് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് നെക്ലയും കുടുംബവും താമസിച്ചിരുന്നത്. സുരക്ഷിതമായ, മനോഹരമായ ഒരു സ്ഥലമാണെന്നാണ് അവൾ അതെ കുറിച്ച് പറയുന്നത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ദുരന്തം ജീവിതത്തിൽ സംഭവിക്കുമെന്നും അവൾ പറയുന്നു.

‘ഭൂകമ്പം ഉണ്ടായപ്പോൾ ആദ്യം ശ്രമിച്ചത് ഭർത്താവിന്റെ അടുത്തേക്ക് എത്താൻ ആണ്. പക്ഷെ അപ്പോഴേക്കും കെട്ടിടം നിലംപതിച്ചിരുന്നു. പിന്നീട് ഞാൻ അറിയുന്നത് ഒരു നില താഴെ എത്തി എന്നു മാത്രമാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച്, കോൺക്രീറ്റ് പാളികൾക്കിടയിൽ ഏകദേശം നാല് ദിവസമാണ് കിടന്നത്’- നെക്ല പറഞ്ഞു.

ആദ്യദിവസം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചെന്ന് നെക്ല പറഞ്ഞു. പൊടികാരണം കുഞ്ഞിന് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അത് മാറി. രക്ഷിക്കണേ എന്നുള്ള നിലവിളി ആയിരുന്നു പിന്നീടങ്ങോട്ട്. ഒന്ന് തിരിയാനൊ ശ്വാസം വിടാനോ കഴിയാതെയുള്ള ജീവിതമായിരുന്നു ആ ദിനങ്ങളിലെതെന്ന് അവർ ഓർമിക്കുന്നു. കുഞ്ഞിനെ മുലപാൽ നൽകാൻ വരെ ശ്രമിച്ചെന്നും നെക്ല പറയുന്നു.
90 മണിക്കൂറുകൾക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ ആദ്യം സ്വപ്നമാണോ എന്ന് വിചാരിച്ചു, പക്ഷെ അത് ജീവിതത്തിലേക്കുള്ള മടക്കം ആയിരുന്നു – നിറകണ്ണുകളോടെ അവർ കൂട്ടിച്ചേർത്തു. നിലവിൽ നെക്ലയും കുഞ്ഞും ആശുപത്രിയിൽ തുടരുകയാണ്. ഇരുവരും ആരോഗ്യം വീണ്ടെടുത്തെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി
തൊടുപുഴ : സംസ്ഥാന ബഡ്ജറ്റിലെ കടുത്ത നികുതി നിര്‍ദ്ദേശങ്ങളിലും ജലവിഭവ വകുപ്പ് മന്ത്രിയുടെ ആക്ഷേപ പരിഹാസ നയത്തിലും നിസ്സഹായരായ ജനങ്ങള്‍ക്ക് പ്രതീകാത്മകമായി സൗജന്യ കുടിവെള്ളം നല്‍കി തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട് ജോസഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരം വ്യത്യസ്ഥത പുലര്‍ത്തി. നികുതി ബഡ്ജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നടത്തിയ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചിനു ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തിയവര്‍ക്കാണ് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സൗജന്യ കുടിവെള്ളം നല്‍കിയത്.

ഖജനാവില്‍ അധികമായി ലഭിക്കുന്ന നികുതി പണത്തില്‍ നിന്നും ക്ഷേമപെന്‍ഷന്‍ തുക രണ്ടായിരമായെങ്കിലും വര്‍ദ്ധിപ്പിക്കുന്നതിനോ സംസ്ഥാന സഹകരണ ബാങ്കുകളിലെ ജപ്തി ഭീഷണിയില്‍ കഴിയുന്നവരുടെ പലിശ എങ്കിലും പരിപൂര്‍ണ്ണമായി എഴുതിത്തള്ളി കൂട്ട ആത്മഹത്യ തടയാനോ ബഡ്ജറ്റ് നിര്‍ദ്ദേശമില്ലാത്തത് ക്രൂരതയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി യുടെ തകര്‍ച്ച പൂര്‍ണ്ണമാക്കുകയും അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ വര്‍ദ്ധിക്കുന്നതിനും മാത്രമാണ് ബഡ്ജറ്റ് കൊണ്ട് ഉപകരിക്കുന്നതെന്ന് എം മോനിച്ചന്‍ കുറ്റപ്പെടുത്തി. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യ ബഡ്ജറ്റ് ദുരിതം മാത്രമാണ് സമ്മാനിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് എം മോനിച്ചന്‍ അഭിപ്രായപ്പെട്ടു.

യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വറവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ക്ലമന്റ് ഇമ്മാനുവേല്‍, ജോബി പൊന്നാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറി ജെയ്‌സ് ജോണ്‍, ഷിജോ മൂന്നുമാക്കല്‍, ജോബി തീക്കുഴിവേലില്‍, ഷാജി അറയ്ക്കല്‍, പി.കെ. സലീം, രഞ്ജിത് മണപ്പുറത്ത്, ജീസ് ആയത്തുപാടം, ജോണ്‍ ആക്കാന്തിരി, ജോര്‍ജ്ജ് ജെയിംസ്, ഷാജി മുതുകുളം, ബേബി കലയപ്പാറ, ജിബിന്‍ മൂക്കന്തോട്ടം, അനു മാത്യു, ജോമോന്‍ മണക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രകടന ഫോട്ടോ
സര്‍ക്കാരിന്റെ നികുതി ബഡ്ജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജോസഫ് പ്രവര്‍ത്തകര്‍ തൊടുപുഴ സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തുന്നു. എം മോനിച്ചന്‍ , ബൈജു വറവുങ്കല്‍, ക്ലമന്റ് ഇമ്മാനുവേല്‍, ബിനോയ് മുണ്ടായക്കാമറ്റം, ജെയ്‌സ് ജോണ്‍, ഷിജോ മൂന്നുമാക്കല്‍, ജോബി തീക്കുഴിവേലില്‍, ഷാജി അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ ആശുപത്രി റോഡിൽ ഇന്നലെ രാവിലെ യാത്ര ചെയ്തവർ സാക്ഷികളാകേണ്ടി വന്നത് മനസ്സ് തകർക്കുന്ന ദുരന്ത കാഴ്ചയ്ക്കായിരുന്നു. ആളിപ്പടർന്ന തീയുടെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്നതിന്റെ ദുഃഖം അവരുടെ വാക്കുകളിലുണ്ടായിരുന്നു. പ്രജിത്ത്– റീഷ ദമ്പതികളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ജില്ലാ ആശുപത്രിയിലേക്ക് എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് തീയിൽ അമർന്നത്. അതേദിശയിൽ വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ സജീർ നാലകത്തും വാനിൽ യാത്ര ചെയ്തിരുന്ന 5 യാത്രക്കാരും കാറിൽ നിന്ന് തീ ഉയരുന്നത് കണ്ട് വാഹനങ്ങൾ നിർത്തി കാറിനടുത്തേക്ക് ഓടിയെത്തി മുൻ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും പുറത്തുള്ളവർ ആർത്തു വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലെന്നായിരുന്നു നിസ്സഹായതയോടെയുള്ള മറുപടി. രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയ ഓട്ടോക്കാര്‍ മുൻ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സീറ്റിനടിയിൽ നിന്ന് ഉയരുന്ന തീയുടെ മുകളിൽ ഇരിക്കുന്ന പ്രജിത്തിനെയും റീഷയെയും നോക്കി പിൻസീറ്റിലിരുന്ന് നിലവിളിക്കുന്ന മകൾ ശ്രീപാർവതി, റിഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
സ്റ്റിയറിങ്ങിനടിയിൽ നിന്നും സീറ്റിനടിയിൽ നിന്നും തീ ഉയരുന്നതിനിടയിലും പിന്നിലുള്ള ഡോർ തുറക്കാൻ കൈ എത്തിപ്പിടിച്ച് സഹായിച്ചത് പ്രജിത്തായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുന്നിലെ ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രജിത്തിന്റെയും റീഷയുടെയും ജീവനെടുത്തുകൊണ്ട് തീ ആളിപ്പടർന്നതെന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. ഈ സമയം അഗ്നിരക്ഷാസേനസ്ഥലത്തേക്ക് കുതിച്ചെത്തി. തീ അണയ്ക്കും വരെയും കാറിന് സമീപത്ത് നിന്ന് റീഷയുടെ അച്ഛനും അമ്മയും ഇളയമ്മയും മാത്രമല്ല, ദൃക്സാക്ഷികൾ വരെ വാവിട്ടു നിലവിളിക്കുകയായിരുന്നു.
മുത്തച്ഛനും മുത്തശ്ശിയും ശ്രീപാർവതിയെ കെട്ടിപ്പിടിച്ചു റോഡിന് വശത്ത് തളർന്നിരുന്നു. ഒടുവിൽ കാറിന്റെ ഡോർ പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഒപ്പം, കുടുംബാഗങ്ങളെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ കാഴ്ചകളും കരളലിയിക്കുന്നതായിരുന്നു. വിശ്വനാഥന്റെ സഹോദര ഭാര്യയായ സജിന, ശ്രീപാർവതിയെയും കെട്ടിപ്പിടിച്ച് കിടന്നു തേങ്ങിക്കരഞ്ഞു. മക്കളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിലവിളിക്കുന്ന ശോഭനയെയും വിശ്വനാഥനെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ചുറ്റുമുള്ളവർക്ക് അറിയില്ലായിരുന്നു.
തീപിടിച്ച കാറിനകത്ത് സീറ്റ് ബെൽറ്റ് കുരുങ്ങുകയും ഡോർ തുറക്കാനാവാതെ വരികയും ചെയ്തതാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന സംശയമാണ് ദൃക്സാക്ഷികൾ പ്രകടിപ്പിക്കുന്നത്. പുറകിലെ സീറ്റിലുണ്ടായിരുന്നവർക്ക് ഡോർ തുറന്നു രക്ഷപ്പെടാനായതും മുൻ സീറ്റുകളിലുണ്ടായിരുന്ന പ്രജിത്തിനും റീഷയ്ക്കും പുറത്തിറങ്ങാൻ കഴിയാതെ വന്നതും ഇതുകൊണ്ടാകാമെന്നാണ് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിക്കുന്നത്. പിന്നിലിരുന്ന റീഷയുടെ അച്ഛനും അമ്മയും മകളും ബന്ധുവും അതിവേഗത്തിൽ പുറത്തിറങ്ങി.
എന്നാൽ പ്രജിത്തിനും റീഷയ്ക്കും മുൻഭാഗത്തെ വാതിലിലെ ഓട്ടമാറ്റിക് ലോക്കും സീറ്റ് ബെൽറ്റും കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് നിഗമനം. അഗ്നിരക്ഷാ സംഘം ഡോർ ബ്രേക്കർ കൊണ്ടുവന്നാണ് വാതിൽ പൊളിച്ചത്. അപ്പോഴേക്കും സീറ്റിൽ ഇരുന്ന് തന്നെ പ്രജിത്തും റീഷയും മരണത്തിന് കീഴടങ്ങി. പൂർണ ഗർഭിണിയായതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനും പരിമിതിയുണ്ടായിട്ടുണ്ടാകാമെന്നാണ് അഗ്നിരക്ഷാ സംഘം പറയുന്നത്.
അപകടവിവരം അറിയുമ്പോൾ അഗ്നിരക്ഷാസേനാ സ്റ്റേഷനിൽ ക്ലാസ് നടക്കുകയായിരുന്നു. വിവരം കേട്ടയുടൻ സേനാംഗങ്ങളും ഓഫിസ് ജീവനക്കാരും ഓടിയെത്തി. സംഭവസ്ഥലത്ത് എത്തി 2 മിനിട്ടു കൊണ്ടു തീ കെടുത്തിയെന്നു ജില്ലാ ഫയർ ഓഫിസർ എ. ടി. ഹരിദാസൻ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.രാജീവൻ, ഓഫിസർമാരായ വി.എം.സതീശൻ, പി.മനോജ്, വി.കെ.റസീഫ്, കെ.ഐ.അനൂപ്, എം.സജാദ്, ഡ്രൈവർമാരായ കെ.രാജേഷ്, കെ.പി.നസീർ, എം.അനീഷ്കുമാർ, ഹോംഗാർഡുമാരായ എൻ.വി.നാരായണൻ, സി.വി.അനിൽകുമാർ, കെ.മോഹനൻ എന്നിവർ പങ്കെടുത്തു.
സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, എസിപി ടി.കെ.രത്നകുമാർ, സിറ്റി ഇൻസ്പെക്ടർ കെ.രാജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ആർടിഒമാരായ ഇ.ഉണ്ണികൃഷ്ണൻ, എ.സി.ഷീബ എന്നിവരുടെ നേതൃത്വത്തിൽ മോട്ടർ വാഹന വകുപ്പിന്റെ 4 സംഘങ്ങളും സംഭവ സ്ഥലത്തു വിശദമായ പരിശോധന നടത്തി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.ജെ.പ്രവീൺ കുമാർ, വി.കെ.ദിനേശ് കുമാർ, അസി.എംവിഐ കെ.പി.പ്രവീൺ കുമാർ എന്നിവർ വാഹനം പരിശോധിച്ചു.
ഇന്ധന ടാങ്കിൽ നിന്ന് എൻജിലേക്ക് പോകുന്ന ഫ്യൂവൽ പൈപ്പ് ഒരിനം വണ്ടുകൾ തുരക്കുന്നത് ഇന്ധന ചോർച്ചയ്ക്കു കാരണമാകുന്നതായി നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇന്ധന ചോർച്ച അഗ്നിബാധയ്ക്കു പ്രധാന കാരണമായി പറയുന്നുണ്ട്. വണ്ടുകൾ ഫ്യൂവൽ പൈപ്പ് നശിപ്പിക്കുന്നുണ്ടോ എന്ന കാര്യം വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഇന്നലെ കാർ കത്തിയ സംഭവവും ഇതുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും ഭാവിയിൽ,
ഇന്ധന ചോർച്ച മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇതു സഹായകമാകും. ഫ്യൂവൽ പൈപ്പ് വണ്ടുകൾ തുരന്നതുമായി ബന്ധപ്പെട്ട് അറ്റകുറ്റ പണികൾക്കായി ഒട്ടേറെ വാഹനങ്ങൾ എത്തുന്നതായി വർക്ക് ഷോപ്പുകാർ പറയുന്നുണ്ട്. പെട്രോളിലെ എഥനോളിന്റെ ഗന്ധം ആകർഷിച്ചെത്തുന്ന ചെറു വണ്ടുകൾ പൈപ്പ് തുരക്കും എന്നാണ് കണ്ടെത്തൽ. ഇന്ധന ടാങ്കിൽ നിന്നുള്ള പൈപ്പിൽ നിന്ന് പെട്രോൾ ചോർന്നാൽ ചെറിയൊരു തീ പൊരി മതി അഗ്നിബാധയുണ്ടാകാനെന്നു വിദഗ്ധരും സമ്മതിക്കുന്നു.
വണ്ടുകളെ പ്രതിരോധിക്കുന്ന പൈപ്പുകൾ ഉപയോഗിക്കുകയാണ് പ്രതിവിധിയെന്നും മെക്കാനിക്കുകൾ പറയുന്നു.വാഹനം ഓടിക്കുന്നതിന് മുമ്പ് സ്റ്റാർട്ട് ചെയ്ത് നന്നായി ആക്സിലറേറ്റർ കൊടുത്താൽ ഇന്ധന പൈപ്പിന് ചോർച്ചയുണ്ടോ എന്ന് കണ്ടെത്താൻ പറ്റും. രൂക്ഷമായ പെട്രോൾ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇന്ധന ടാങ്കിൽ നിന്നുള്ള പൈപ്പിന് ചോർച്ചയുണ്ടെന്ന് ഉറപ്പിക്കാമെന്നും വാഹന മേഖലയിലുള്ളവർ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നാല് വയസുകാരിയെ നായ കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലീസ് സ്റ്റോൺസ് എന്ന കുട്ടിയെ കടിച്ചു കൊന്നത് വീട്ടിലെ വളർത്തു നായയാണെന്ന് തെംസ് വാലി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നെതർഫീൽഡിലെ ബ്രോഡ്‌ലാൻഡ്‌സ് ഏരിയയിലായിരുന്നു ദാരുണമായ സംഭവം. കടിയേറ്റ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ തിരികെ പിടിക്കാൻ കഴിഞ്ഞില്ല.

സംഭവത്തെ തുടർന്ന് പൊതുജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തി നായയെ കൊലപ്പെടുത്തിയിരുന്നു. മറ്റാർക്കും പരിക്കില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് കുടുംബത്തോടൊപ്പം ഉള്ളതൊന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നായ ഏത് ഇനത്തിൽപ്പെട്ടതാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വന്നിട്ടില്ലെന്നും മിൽട്ടൺ കെയ്‌ൻസിന്റെ ലോക്കൽ പോലീസിംഗ് ഏരിയ കമാൻഡർ സൂപ്രണ്ട് മാർക്ക് ടാർബിറ്റ് പറഞ്ഞു.

അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ ഉടനെ പുറത്ത് വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് വയസുകാരിയുടെ മരണം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആലീസിന്റെ വേർപാടിൽ പള്ളിയിൽ മെഴുകുതിരി കത്തിക്കാനായി 100 ലധികം ആളുകൾ ഒത്തുകൂടി. കുട്ടിയുടെ വേർപാടിൽ കുടുംബത്തിന് ആശ്വാസം നൽകണമെന്നാണ് എല്ലാവരുടെയും പ്രാർത്ഥന.
ഉണ്ണി മുകുന്ദന്‍ നായകനായ മലയാള ചിത്രം മാളികപ്പുറം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടി വാരിയ സിനിമ കഴിഞ്ഞ ദിവസം അന്യഭാഷകളിലേക്കും എത്തിയിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയിലും ‘മാളികപ്പുറം’ ചര്‍ച്ചയായിരിക്കുകയാണ്. പക്ഷേ, സിനിമയെക്കുറിച്ചല്ല ചര്‍ച്ചകള്‍ നടക്കുന്നത്. സിനിമയില്‍ നായകനായ ഉണ്ണിയുടെ പച്ചത്തെറിവിളിക്കലാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിഷയം കാത്തിരുന്ന ട്രോളന്‍മാര്‍ രണ്ടു ദിവസമായി ഉണ്ണിയെ എയറില്‍ കയറ്റിയിരിക്കുകയാണ്. ഉണ്ണിക്ക് പുതിയ വിശേഷണവും സോഷ്യല്‍ മീഡിയ പതിച്ച് നല്‍കിയിട്ടുണ്ട്. മകര സംക്രാന്തി സൂപ്പര്‍ സ്റ്റാര്‍. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പിറന്നിരിക്കുന്നത്.



മാളികപ്പുറം സിനിമയെ യുട്യൂബിലൂടെ വിമര്‍ശിച്ച വ്ളോഗറെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ ട്രോളന്‍മാരുടെ ഇരയായിരിക്കുന്നത്. സിനിമയില്‍ ഭക്തി വിറ്റാണ് ഹിറ്റടിച്ചതെന്നും ഉണ്ണി മുകുന്ദന്‍ ‘സമാജം സ്റ്റാര്‍ ആണെന്നും വ്ളോഗറായ സായി കൃഷ്ണ വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ച് മൂന്നു വീഡിയോകള്‍ അദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മാളികപ്പുറം സിനിമയില്‍ അഭിനയിച്ച കൊച്ചുകുട്ടിയെയും സായി വിമര്‍ശിച്ചു.
ഇതോടെ ഉണ്ണി മുകുന്ദന്‍ മലപ്പുറം സ്വദേശിയായ ഇയാളെ നേരിട്ട് വിളിക്കുകയായിരുന്നു. സൗഹൃദത്തില്‍ തുടങ്ങിയ സംഭാഷണത്തിനെടുവില്‍ ഉണ്ണി മുകുന്ദന്‍ പെട്ടന്ന് പ്രകോപിതനാകുകയായിരുന്നു. താന്‍ ഒരു അയ്യപ്പ വിശ്വാസിയാണെന്ന് ഉണ്ണി സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ ഭക്തിവിറ്റിട്ട് പൈസ ഉണ്ടാക്കിയെന്ന് തനിക്ക് തോന്നുന്നുണ്ടോയെന്ന് ഉണ്ണി വ്ളോഗറോട് ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി ഉണ്ണി മുകുന്ദന്‍ ഭക്തിവിറ്റിട്ട് തന്നെയാണ് മാളികപ്പുറം ഹിറ്റാക്കിയതെന്ന് സായി മറുപടി നല്‍കി. ഇതോടെ പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. താന്‍ മകരസംക്രാന്തി സ്റ്റാര്‍ ആണെന്ന് പറയാന്‍ താന്‍ ആരാണെന്ന് ഉണ്ണി സംഭാഷണത്തില്‍ വെല്ലുവിളിക്കുകയും ചെയ്തു.



എന്റെ ഇഷ്ടം, എന്റെ ചാനല്‍ എനിക്ക് ഇഷ്ടമുള്ളത് പറയുമെന്ന് സായി മറുപടി നല്‍കുന്നുണ്ട്. എന്റെ വീട് മലപ്പുറം കോള്‍മണ്ണയാണ് നേരിട്ട് വരാന്‍ ഉണ്ണിമുകുന്ദനെ വ്ളോഗര്‍ വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ എറണാകുളത്തേക്ക് വരാനാണ് ഉണ്ണിമുകുന്ദന്‍ തിരിച്ച് പറയുന്നത്. തന്റെ അച്ഛനെയും അമ്മയെയും കുടുംബത്തെയും വരെ വീഡിയോയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് പറയുന്നത്. ഈ തെറി മൊത്തവും നിനക്കാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.




ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടന്‍ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല, പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. നീ ഭക്തി വിറ്റ് ജീവിച്ചാല്‍ ഞാന്‍ വീഡിയോ ഇട്ട് ജീവിക്കുമെന്നും അദേഹം പറഞ്ഞു. തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് തെറി പറയാന്‍ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തില്‍ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള വിവാദങ്ങളാണ് ട്രോളുകളില്‍ നിറഞ്ഞിരിക്കുന്നത്.
സിനിമക്കെതിരെ നിരവധി ട്രോളുകള്‍ പിറന്നെങ്കിലും മാളികപ്പുറം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിട്ടുണ്ട്.മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.



കേരളത്തിലേക്ക് വന്നാല്‍, സിനിമ റിലീസ് ചെയ്ത് ഒരു മാസത്തോളം അടുക്കുമ്പോഴും ഹൗസ് ഫുള്‍ ഷോകള്‍ ഒഴിയുന്നില്ല. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ചിത്രം അധികം വൈകാതെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മിനിമം ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’.
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കേരളത്തിലെ ക്യാമ്പസുകളിൽ ആർത്തവ അവധി അനുവദിച്ചിരിക്കുന്ന വാർത്ത ആഗോള തലത്തിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇംഗ്ലണ്ടിലെ സ്ത്രീകൾക്ക് ആർത്തവ വിരാമം നേരിടുന്നവർക്ക് അവധി നൽകണമെന്ന എംപിമാരുടെ നിർദ്ദേശത്തെ നിരസിച്ചു മന്ത്രിമാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. തുല്യതാ നിയമപ്രകാരം ഇത് സ്ത്രീകളുടെ അവകാശമെന്നിരിക്കെയാണ് മന്ത്രിമാരുടെ നടപടി. വുമൺ ആൻഡ് ഇക്വാളിറ്റിസ് കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശമാണ് ഇതോടെ തള്ളപ്പെട്ടിരിക്കുന്നത്.

2022 ജൂലൈയിൽ പ്രസ്തുത കമ്മിറ്റി പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ആർത്തവ വിരാമത്തിന്റെ പ്രത്യാഘാതം യുകെയുടെ സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങളെ മറച്ചു വെക്കുന്നതിലൂടെയാണ് തൊഴിലിടങ്ങളിൽ കൂടുതൽ അനീതി അരങ്ങേറുന്നത്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള 12 ശുപാർശകൾ നേരത്തെ കമ്മിറ്റി മുന്നോട്ട് വെച്ചിരുന്നു. ചൊവ്വാഴ്ച നടന്ന യോഗത്തിൽ ആർത്തവവിരാമ അവധി ഉൾപ്പെടെ 5 കാര്യങ്ങൾ നിരസിച്ചു.

എന്നാൽ ഒരുകൂട്ടം എം പി മാർ ഇത്തരം നയങ്ങൾ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന വിവേചനങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം നയങ്ങളിൽ ഇനി തീരുമാനം ഉണ്ടാകില്ലെന്നാണ് മന്ത്രിമാരുടെ വാദം. ആർത്തവവിരാമ പരിചരണം മെച്ചപ്പെടുത്തുന്നതിനായി എൻഎച്ച്എസുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു. അതേസമയം ബ്രിട്ടീഷ് മെനോപോസ് സൊസൈറ്റി സർവേ അനുസരിച്ച് 45% ത്തിലധികം സ്ത്രീകളുടെയും ജോലിയെ പ്രതികൂലമായി ബാധിക്കുന്നെന്നാണ് വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് രാജാവിന്റെ ഔദ്യോഗിക കിരീടധാരണത്തിന്റെ വിശദവിവരങ്ങൾ പുറത്തിറക്കി ബക്കിംഗ്ഹാം കൊട്ടാരം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ദശലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മെയ് മാസത്തിൽ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലുകളും, ആത്മകഥയിലെ സംഭവവികാസങ്ങളും രാജകുടുംബത്തിന് കടുത്ത ക്ഷീണമാണ് സൃഷ്ടിച്ചത്. ഒരിടവേളയ്ക്ക് ശേഷം വാർത്തകളിൽ വിവാദങ്ങളെ തുടർന്ന് രാജകുടുംബം നിറഞ്ഞു നിന്നു. കുടുംബ കലഹം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനു ശേഷമാണ് രാജാവ് ആദ്യമായി മെയ് 6 -ന് പൊതുവേദിയിൽ എത്തുന്നത്.

കിരീടധാരണം വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തികൊണ്ടാണ് നടക്കുന്നത്. ലണ്ടനിലേക്ക് മുൻപ് ഒരിക്കലും ഇല്ലാത്ത രീതിയിൽ ആളുകളുടെ ഒഴുക്ക് ഉണ്ടാകുമെന്നും കരുതുന്നു. ചടങ്ങിൽ കാമില രാജ്ഞി ഔദ്യോഗികമായി കിരീടധാരണം നടത്തും. അതിന് ശേഷം തൊട്ടടുത്ത ദിവസം വിൻഡ്‌സർ കാസിലിൽ ആഘോഷ സംഗീത വിരുന്നാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ആഘോഷങ്ങൾ ബാങ്ക് അവധി ദിവസമായ തിങ്കളാഴ്ച വരെ തുടരുമെന്ന് അധികാരികൾ അറിയിച്ചു.
ഇതിനു മുൻപ് രാജ്ഞിയുടെ ജൂബിലിയ്ക്കാണ് ഇത്തരത്തിൽ ഒരു പരിപാടി നടന്നത്. പൊതുജനങ്ങളോട് പ്രസ്തുത പരിപാടിയിൽ വോളന്റീയറിങ് പ്രവർത്തനങ്ങൾക്ക് സന്നദ്ധരാകണമെന്നും കൊട്ടാരം അഭ്യർത്ഥിച്ചു. എലിസബത്ത് രാജ്ഞിയുടെ വേർപാടുകൾക്ക് എട്ട് മാസം ശേഷമാണ് ഇത്തരത്തിൽ ഒരു പൊതുപരിപാടി ഇംഗ്ലണ്ടിൽ നടക്കുന്നത്. മരണത്തെ തുടർന്ന് അവകാശം തുടർച്ചയായി ചാൾസ് രാജാവിന് കൈമാറിയെങ്കിലും, ചടങ്ങുകൾ പൂർത്തിയാകാൻ ഉണ്ട്. 700 വർഷം പഴക്കമുള്ള എഡ്വേർഡ് രാജാവിന്റെ കസേരയിൽ ഇരുന്നുകൊണ്ട് നടക്കുന്ന കിരീടധാരണത്തിൽ കാന്റർബറി ആർച്ച് ബിഷപ്പ് നേതൃത്വം നൽകുകയും അനുഗ്രഹ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നതിലൂടെയാണ് ചടങ്ങുകൾ പൂർത്തിയാകുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഓടുന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രധാനമന്ത്രി റിഷി സുനകിനെതിരെ നടപടിക്കൊരുങ്ങി ലങ്കാഷെയർ പോലീസ്. എന്നാൽ വിഷയം വിവാദമായതോടെ അദ്ദേഹം ക്ഷമാപണംനടത്തി രംഗത്ത് വന്നു. സോഷ്യൽ മീഡിയയിലേക്ക് ആവശ്യമായ ഒരു ക്ലിപ്പ് ഷൂട്ട് ചെയ്യാനാണ് ബെൽറ്റ് അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിലവിൽ പരമാവധി £500 പിഴ ഈടാക്കുന്നത്.

ഇത് തെറ്റാണെന്ന് പൂർണ്ണമായും അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. എല്ലാവരും യാത്ര നടത്തുമ്പോൾ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. വടക്കൻ ഇംഗ്ലണ്ടിലെ ഒരു യാത്രയ്ക്കിടയിൽ ആയിരുന്നു വീഡിയോ പകർത്തിയത്. ഗവൺമെന്റിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് വീഡിയോയിൽ എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയിൽ, കാർ സഞ്ചരിക്കുമ്പോൾ സുനക് ക്യാമറയെ അഭിസംബോധന ചെയ്യുന്നതും, പിറകിൽ പോലീസ് മോട്ടോർബൈക്കുകൾ വരുന്നതും വ്യക്തമായി കാണാം. എന്നാൽ നിയമം അനുസരിച്ചു സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യം ഘട്ടം £100 ഉം, പിന്നീട് കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടായി ഉയരാനും സാധ്യതയുണ്ട്. സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ്‌വ്യവസ്ഥ, എന്നിവ ഈ രാജ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിഷി സുനകിന് അറിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് രാഷ്ട്രീയ എതിരാളികൾ രംഗത്ത് വരുന്നത്. ഇത് കണ്ടില്ലെന്ന് നടിച്ചാൽ രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടിഷ് പൗരത്വമുള്ള അലിരേസ അക്ബരിയെ ഇറാനിൽ വധിച്ചതിനെതിരെ പരസ്യ പരാമർശവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത്. അലിരേസയെ വധിച്ചത് ക്രൂരമാണെന്നും അത് നടപ്പിലാക്കിയത് പ്രാകൃത ഭരണകൂടമാണെന്നും ഋഷി സുനക് തുറന്നടിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു ഇറാൻ അലിരേസയെ വധിച്ചെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം. സംഭവത്തിൽ ഞെട്ടിപ്പോയെന്നും, മരണം അപ്രതീക്ഷിതമാണെന്നും സുനക് പറഞ്ഞു.

‘സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു ഭരണകൂടം നടത്തിയ നിഷ്ഠൂരവും പ്രാകൃതവുമായ പ്രവൃത്തിയായിരുന്നു ഇത്. അലിരേസയുടെ വേർപാടിൽ വേദനിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും ഓർക്കുന്നു’- സുനക് പറഞ്ഞു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള മുൻ ആണവ കരാറായ MI6 ൽ ചാരവൃത്തി നടന്നു എന്ന് ആരോപിച്ച് 2019 ലാണ് ഇറാൻ മുൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായിരുന്നു അക്ബരി അറസ്റ്റിലാകുന്നത്. അക്ബറിയെ വധിക്കരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 2020-ൽ ടെഹ്‌റാന് പുറത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ അക്ബരിക്ക് പങ്കുണ്ടെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യാഴാഴ്ച ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും, ഫക്രിസാദിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ബ്രിട്ടീഷ് ഏജന്റ് തിരക്കിയതായും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പകർച്ചാനിരക്ക് വളരെ ഉയർന്ന കോവിഡിൻെറ പുതിയ വേരിയന്റിൻെറ കണക്കുകൾ ഓരോ ദിവസവും ഉയർന്നു വരികയാണ്. നിലവിൽ 25 രോഗികളിൽ ഒരാളിൽ പുതിയ വേരിയന്റ് കണ്ടെത്തുന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു. XBB.1.5 എന്നറിയപ്പെടുന്ന പുതിയ സ്ട്രെയിനിൻെറ ഉയർന്ന വ്യാപനശേഷിയും വർദ്ധിച്ചു വരുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും യു എസിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാഴ്ച്ചയ്ക്ക് മുൻപ് 10 രോഗികളിൽ 2 പേർ XBB.1.5 ബാധിതർ ആയിരുന്നപ്പോൾ നിലവിൽ അത് 4 ആയി ഉയർന്നിരിക്കുകയാണ്.

ഒമിക്രോണിന്റെ ഒരു പതിപ്പായ ഈ പുതിയ വേരിയന്റിന് ഉയർന്ന പകർച്ചാശേഷിയാണ് ഉള്ളത്. ഇവയുടെ ജീനുകളിൽ വാക്‌സിനേഷനുകളെ ചെറുക്കാനുള്ള ശേഷിയും മുൻകാല അണുബാധകളിൽ നിന്നും സംരക്ഷണം ലഭിക്കാനുമുള്ള മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. പുതിയ സ്‌ട്രെയിൻ എൻ എച്ച് എസിൻെറ വേക്കപ്പ് കോൾ ആണെന്നും കോവിഡിന്റെയും ഫ്ലൂവിന്റെയും ഒരുമിച്ചുള്ള വരവ് എൻഎച്ച്എസ് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു. എന്നാൽ മുൻപുള്ള വേരിയന്റിനേക്കാൾ ദുഷ്‌കരമായ ലക്ഷണങ്ങൾക്ക് സാധ്യത ഇല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുകെയിലെ ഏറ്റവും വലിയ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഡിസംബർ 17 വരെയുള്ള കേസുകളിൽ നാല് ശതമാനവും XBB.1.5 കാരണമാണ്. ഓഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ XBB-യുടെ മ്യൂട്ടേറ്റഡിൻെറ പതിപ്പാണ് പുതിയ സ്‌ട്രെയിൻ. BJ.1, BA.2.75 എന്നീ വേരിയന്റുകളുടെ ലയനമായ XBBയുടെ കേസുകൾ ചില രാജ്യങ്ങളിൽ നാലിരട്ടിയായി വർദ്ധിച്ചു.ഇതൊരു വേക്കപ്പ് കോൾ ആണ്. കോവിഡിനെ നിസാര വത്കരിച്ച് കാണരുത് എന്നുള്ളതിന്റെ ഒരു ഓർമപ്പെടുത്തൽ.