കോവന്‍ട്രി: കോവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ഓണാഘോഷം 2017 പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിക്കും. ഇന്നലെ അസോസിയേഷന്‍ പ്രസിഡന്റ് ജോമോന്‍ വല്ലൂരിന്റെ വസതിയില്‍ കൂടിയ നിര്‍വ്വാഹക സമിതിയോഗം ഓണാഘോഷ പരിപാടികള്‍ വിലയിരുത്തി ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഈ വര്‍ഷം സി കെ സി ഓണം ഒട്ടേറെ പ്രത്യേകതകളോടു കൂടിയാണ് ആഘോഷിക്കുന്നത്. അറുനൂറിലധികം ആളുകള്‍ക്ക് ഇരുപത്തഞ്ചോളം വിഭവങ്ങളോടു കൂടിയ സദ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ഒട്ടേറെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ സ്വന്തമായി പാചകം ചെയ്ത് വിളമ്പുന്നത് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.
വാശിയേറിയ വടംവലിയും മങ്കമാരും കുട്ടികളും ചേര്‍ന്ന് ഒരുക്കുന്ന അത്തപ്പൂക്കങ്ങളത്തോടും ഒപ്പും തുടങ്ങുന്ന ഓണാഘോഷങ്ങള്‍ ഏകദേശം അന്‍പതിലധികം കലാപരിപാടികള്‍ക്ക് ശേഷം രാത്രി ഒന്‍പത് മണിയോടു കൂടി പരിസമാപ്തി കുറിക്കുമെന്ന് പ്രസിഡന്റ് ജോമോന്‍ വല്ലൂര്‍ പറഞ്ഞു.
അസോസിയേഷന്‍ ഓണാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനു പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജോര്‍ജ് കുട്ടി വടക്കേക്കുറ്റിയുടേയും സെക്രട്ടറി ബോബന്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു.
സുനില്‍ രാജന്‍
ശ്രീനാരായണ ഗുരുദേവന്റെ 163-മത് ജയന്തി ആഘോഷം വൂസ്റ്ററില്‍ ശ്രീനാരായണ കുടുംബ യൂണിറ്റ് വൂസ്റ്ററിന്റെ നേതൃത്വത്തില്‍ വൂസ്റ്റര്‍ archdales സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബ്ബിന്റെ നിറപ്പകിട്ടാര്‍ന്ന ഹാളില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയോടും പൊതുസമ്മേളനത്തോടും കൂടി ആഘോഷിച്ചു. വൂസ്റ്റര്‍ കുടുംബ യൂണിറ്റിന്റെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളോട് കൂടി ആരംഭിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ‘ജയന്തി സദ്യയും’ നടത്തി. ശേഷം നടന്ന പൊതുസമ്മേളനം കുടുംബ യൂണിറ്റിന്റെ മുതിര്‍ന്ന അംഗം ശ്രീമതി രമണി വിശ്വനാഥന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ശ്രീ വേണു ചാലക്കുടി അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ്’ കണ്‍വീനര്‍ ശ്രീ സുനില്‍ രാജന്‍ സ്വാഗതം പറഞ്ഞു. ‘ശ്രീനാരായണ ഗുരുദേവന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യം’എന്ന വിഷയത്തെ കുറിച്ച് ശ്രീ പ്രമോദ് കുമരകം പ്രബന്ധം അവതരിപ്പിച്ചു. അഡ്വക്കേറ്റ് സുരേഷ് ഉണ്ണികൃഷ്ണന്‍ ഗുരുപ്രഭാഷണം നടത്തി. ഐല്‍സ്ബറി യൂണിറ്റില്‍ നിന്നും മുതിര്‍ന്ന അംഗമായ ശ്രീ സോമരാജന്‍, അനീഷ് ശശി തുടങ്ങിയവര്‍ വൂസ്റ്റര്‍ കുടുംബ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഗുരു സന്ദേശം നടത്തുകയും ചെയ്തു. വൂസ്റ്റര്‍ കുടുംബ യൂണിറ്റിലെ വനിതാ അംഗങ്ങള്‍ നടത്തിയ തിരുവാതിര സദസിനെ സന്തോഷ ഭരിതമാക്കി. ഇവര്‍ ഇട്ട പൂക്കളം ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായി.
വൂസ്റ്റര്‍ കുടുംബ യൂണിറ്റിന്റെ ജോയിന്റ് കണ്‍വീനര്‍ മഞ്ജു സന്തോഷ്, ട്രെഷറര്‍ ഷിബുസ് വിശ്വം, റോബിന്‍ കരുണാകരന്‍, സുജിത് കൂട്ടാമ്പള്ളി, ഗിരീഷ് ശശി, സന്തോഷ് പണിക്കര്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. യൂ കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുടുംബ യൂണിറ്റിലെ അംഗങ്ങള്‍ അടുത്ത വര്‍ഷവും വൂസ്റ്ററില്‍ വീണ്ടും ഒത്തുചേരാം എന്ന തീരുമാനത്തെ തുടര്‍ന്ന് നടന്ന അത്താഴ സദ്യയോട് കൂടി ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല
വീണു.
ജെഗി ജോസഫ്
യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഇന്ന് സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. രാവിലെ 11.30ന് തുടങ്ങുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീളും. അംഗങ്ങള്‍ സ്വന്തമായി തയ്യാറാക്കുന്ന ഓണസദ്യ, സദ്യക്ക് ശേഷം കായിക മത്സരങ്ങളും യുബിഎംഎയുടെ ഡാന്‍സ് സ്‌കൂളിലെയും മറ്റും കൊച്ചു കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സ്‌കിറ്റുകളും അരങ്ങേറും. ബ്രിസ്റ്റോളില്‍ ഓണാഘോഷങ്ങളുടെ അവസാനമായാണ് യുബിഎംഎയുടെ ഓണാഘോഷം നടക്കുന്നത്. യുബിഎംഎയുടെ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുബിഎംഎയുടെ പ്രസിഡന്റ് ജെയ് ചെറിയാന്‍, സെക്രട്ടറി ബിജു പപ്പാരില്‍ എന്നിവര്‍ അറിയിച്ചു.
മലയാളം യുകെ ന്യൂസ്
ഡെർബി മലയാളി അസോസിയേഷൻറെ ഓണം പൊന്നോണം സെപ്റ്റംബർ 16 ശനിയാഴ്ച ആഘോഷിക്കും. ഒരുമയുടെയും സ്നേഹത്തിൻറെയും ഉത്സവത്തെ കേരളത്തനിമയിൽ വരവേൽക്കാൻ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഡെർബി മലയാളി അസോസിയേഷൻറെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിൻറെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേരും.
ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ വെള്ളിയാഴ്ച തന്നെ ആരംഭിച്ചു. അസോസിയേഷൻറെ അംഗങ്ങൾ തന്നെയാണ് രുചികരമായ സദ്യ ഒരുക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകും. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. ഡെർബി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിലേയ്ക്ക് ഡെർബിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ സെപ്റ്റംബർ 10 ന് നടന്നിരുന്നു. ആഘോഷം നടക്കുന്ന ഹാളിന്റെ അഡ്രസ്: Geetha Bhavan Temple, 96-102 Peer Tree Road, Derby, DE23 6Q.
വിൽസൺ ബെന്നി
ഡെർബി : ഡെർബി മലയാളി അസോസിയേഷൻറെ ‘ഓണം പൊന്നോണം’ സെപ്റ്റംബർ 16 ശനിയാഴ്ച ആഘോഷിക്കും. ഒരുമയുടെയും സ്നേഹത്തിൻറെയും ഉത്സവത്തെ കേരളത്തനിമയിൽ വരവേൽക്കാൻ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഡെർബി മലയാളി അസോസിയേഷൻറെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിൻറെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേരും.
രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകും. ചെണ്ട മേളത്തിൻറെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. ഡെർബി മലയാളി അസോസിയേഷൻറെ ഓണാഘോഷത്തിലേയ്ക്ക് ഡെർബിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ സെപ്റ്റംബർ 10 ന് നടന്നിരുന്നു. ആഘോഷം നടക്കുന്ന ഹാളിൻറെ അഡ്രസ്: Geetha Bhavan Temple, 96-102 Peer Tree Road, Derby, DE23 6QA.
ജോര്‍ജ്ജ് എടത്വ
ഒരുമയുടെയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് കൊണ്ട് യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഓണം ആഘോഷിച്ചു. എം 1 മോട്ടോര്‍വേയിലെ ദാരുണ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ പ്രിയ മലയാളി സുഹൃത്തുക്കള്‍ ബെന്നിച്ചേട്ടനും ഋഷിക്കും അഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്റെ ഓണാഘോഷ ചടങ്ങുകള്‍ തുടങ്ങിയത്. 700 ല്‍ അധികം പേര്‍ക്ക് വാഴയിലയില്‍ 24 കൂട്ടം വിഭവങ്ങളുമായി ഓണസദ്യ, സമയനിഷ്ഠ പാലിച്ച ആഘോഷക്രമങ്ങള്‍ എല്ലാം ലെസ്റ്ററിലെ ഓണത്തെ വ്യത്യസ്തമാക്കുന്നതായിരുന്നു. വിശിഷ്ട അതിഥികളായി യുകെയിലെ ആദ്യ ഏഷ്യന്‍ വനിതാ മേയറും ഇന്ത്യന്‍ വംശജയുമായ കൗണ്‍സിലര്‍ ഡോ. മഞ്ജുള സൂദ്, രബീന്ദ്ര നാഥ ടാഗൂറിന്റെ നാട്ടുകാരനും മികച്ച വാഗ്മിയുമായ ഡോ. കമാല്‍ ഹഖ്, മലയാളിയുടെ സ്വന്തം മാവേലി തമ്പുരാന്‍, യുകെയിലെ പ്രസ്തരായ മൂന്ന് നൃത്താധ്യാപകര്‍ ചിട്ടപ്പെടുത്തിയ നാട്യവിസ്മയങ്ങള്‍ തുടങ്ങിയവയാണ് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ ഓണം വ്യത്യസ്തമാക്കിയത്.
700ല്‍ പരം പ്രേക്ഷകരെ ഉള്‍ക്കൊള്ളുന്ന ജഡ്ജ് മെഡോ കോളേജില്‍ രാവിലെ പത്തുമണി മുതല്‍ ലെസ്റ്റര്‍ മലയാളികളുടെ പൊതുവായ വാര്‍ഷിക ഉത്സവത്തിന് പങ്കാളികളാകാന്‍ ലെസ്റ്റര്‍ മലയാളികള്‍ ഒഴുകിയെത്തുകയായിരുന്നു. ജഡ്ജ് മെഡോ കോളജിന്റെ പ്രവേശന കവാടത്തില്‍ പുഷ്പങ്ങളാല്‍ മാത്രം യാഥാസ്ഥിക രൂപത്തിലും ഭാവത്തിലും ഒരുക്കിയിരുന്ന പൂക്കളം ഏവരുടെയും പ്രശംസക്ക് പാത്രമായി. രമേശ് ബാബു, ബിനു ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ അംഗങ്ങള്‍ ആണ് പൂക്കളം തീര്‍ത്തത്. 2 മണിക്കൂര്‍ നീണ്ട ഓണസദ്യയില്‍ പേപ്പര്‍ വാഴയിലയില്‍ 24ല്‍ പരം വിഭവങ്ങള്‍ 700 ലധികം പേര്‍ ആസ്വദിച്ചു.
ടോജോ ജോസഫിന്റെ നേതൃത്വത്തില്‍ ഏബി പള്ളിക്കര, ബോബി ജോര്‍ജ്, ബിന്‍സു ജോണ്‍, ബിജു പോള്‍ എന്നിവരടങ്ങിയ സംഘമാണ് ഓണസദ്യയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് നടന്ന കലാസന്ധ്യയ്ക്കു ടെല്‍സ് മോന്‍ തോമസിന്റെ നേതൃത്വത്തില്‍ അനീഷ് ജോണ്‍, ബിന്‍സി ജെയിംസ്, ബിന്‍സി ജോസ്, ജിജിമോള്‍ ഷിബു എന്നിവരാണ് നേതൃത്വം നല്‍കി. ലെസ്റ്റര്‍ കേരളാ ഡാന്‍സ് അക്കാദമിയും ഐവി ഡാന്‍സ് സ്‌കൂളിലെ ഡോ. വീണയും യുകെയിലെ പ്രസ്തരായ നര്‍ത്തകര്‍ ഡോ. രജനി പാലക്കല്‍, കലാഭവന്‍ നൈസ് തുടങ്ങയവര്‍ ചിട്ടപ്പെടുത്തിയ നൃത്തരൂപങ്ങള്‍ അരങ്ങേറി. ലെസ്റ്ററിലെ പ്രമുഖരായ മലയാളി സംഗീതപ്രവര്‍ത്തകരെ ഒരുമിച്ചു അരങ്ങിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും ഈ ഓണത്തിന് മാറ്റുകൂട്ടി.
അഭിലാഷ് പോളിന്റെ നേതൃത്വത്തില്‍ ശബ്ദവും വെളിച്ചവും ഒരുക്കിയത് ലെസ്റ്റര്‍ മെലഡീസ് ആയിരുന്നു. യുകെയിലെ പ്രശസ്തനായ ഉപകരണ സംഗീതജ്ഞന്‍ സാബു ജോസിന്റെ നേതൃത്വത്തില്‍ സിജോ ലെസ്റ്റര്‍, ജോര്‍ജ് പാലാ, റജി ജോര്‍ജ് ഓമല്ലൂര്‍, ബാലു എന്നിവരടങ്ങുന്ന ഉപകരണസംഗീത വിദഗ്ധര്‍ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ പന്ത്രണ്ടാമത് ഓണാഘോഷത്തിന് രാഗതാള വിസ്മയം തീര്‍ത്തു.
ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയിലെ അഭിമാനതാരങ്ങള്‍ക്ക്, വിദ്യാഭ്യാസ രംഗത്തിലെ മികവിന് ജിഷാല്‍ മാത്യു വാഴയിലിനും, കലാരംഗത്തെ മികവിന് സുനില്‍ ആല്‍മഠത്തിനും, ഏറ്റവും പ്രായം കുറഞ്ഞ സ്‌പോര്‍ട്‌സ് ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആദം ജോര്‍ജ് പുളിക്കത്രക്കും കമ്മ്യൂണിറ്റി പ്രൈഡ് പുരസ്‌കാരം നല്‍കി ആദരിച്ചു. ഉല്ലാസത്തിനും സൗഹൃദത്തിനും എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ ക്ലബിന്റെ ഉദ്ഘടനവും നടന്നു.
റോസ്‌മേരിയും മാളവിക ബാലുവും അരങ്ങു നിയന്ത്രിച്ച ചടങ്ങില്‍ അജയ് പെരുമ്പലത്ത് അധ്യക്ഷനായിരുന്നു, രാജേഷ് ജോസഫ് സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍ മഞ്ജുളാ സൂദ് ഉദ്ഘാടന പ്രസംഗവും, ഡോക്ടര്‍ കമല്‍ ഹഖ്, മാവേലി തമ്പുരാന്‍ എന്നിവര്‍ ആശംസയും അര്‍പ്പിച്ചു. ജോസ് തോമസ്, ബിന്‍സി ജെയിംസ് എന്നിവരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ജോര്‍ജ് എടത്വാ നന്ദി പ്രകാശനം നടത്തി.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ ഈ വര്‍ഷത്തെ ലിമയുടെ ഓണാഘോഷം ഓണങ്ങളുടെ ഓണമായി ആലേഖനം ചെയ്യുമേന്നതില്‍ ആര്‍ക്കും സംശയമില്ല. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു. GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കുന്നുണ്ട്. അതിലേക്കു അര്‍ഹരായവര്‍ വരുന്ന തിങ്കളാഴ്ച്ചക്കു മുന്‍പ് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.
ഈ വര്‍ഷത്തെ ലിമയുടെ ബൃഹുത്തായ തിരുവാതിരകളി ചരിത്രം തിരുത്തിക്കുറിക്കുന്നതായിരിക്കും. അതോടൊപ്പം കലാപരിപാടികളും പൊടിപൊടിക്കും എന്നതില്‍ സംശയമില്ല. ഓണപ്പരിപാടികള്‍ വിജയിപ്പിക്കാന്‍ ലിമയുടെ എല്ലാ കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മക്ന വിഷന്‍ ടിവി, ലിമയുടെ ഓണാഘോഷ പരിപടി ലൈവ് ചെയ്യുന്നതാണ്.
ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ടിച്ച ബാന്‍ഡ് 8, ബാന്‍ഡ് 7 എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മലയാളികളെ ആദരിക്കുന്നതാണ്. വരുന്ന സെപ്റ്റംബര്‍ മാസം 23-ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണ സദ്യക്കു ശേഷം കലാപരിപാടികള്‍ ആരംഭിക്കും.
ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും പറഞ്ഞു.
പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക
പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ 07963387035, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് 07788254892
മലയാളം യുകെ ന്യൂസ് ടീം
നോട്ടിങ്ങാമിലെ ബെന്നി ജോസഫിന്റെയും മറ്റ് ഏഴു പേരുടെയും ജീവനെടുത്ത എം. വൺ മോട്ടോർവേ അപകടത്തിൽ ഉൾപ്പെട്ട ട്രക്കിന്റെ ഡ്രൈവർ ലൈസൻസില്ലാതെയാണ് മോട്ടോർവേയിൽ ട്രക്ക് ഓടിച്ചതെന്ന് കണ്ടെത്തി. ഇയാളുടെ ലൈസൻസ് വെഹിക്കിൾ ആൻഡ് ഓപ്പറേറ്റർ സർവീസസ് ഏജൻസി (VOSA) തടഞ്ഞു വച്ചിരുന്ന സമയത്താണ് ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്. 31കാരനായ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയിൽ ഡ്രൈവർ മോട്ടോർവേയിൽ ട്രക്ക് നിർത്തിയിട്ടു. സ്ലോ ലെയിനിൽ ട്രക്ക് നിറുത്തിയ ഡ്രൈവർ പന്ത്രണ്ടര മിനിറ്റു നേരം ഉറങ്ങി. ബെന്നി ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിറുത്തി ഇട്ടിരുന്ന ട്രക്കിനെ ഇടിക്കാതെ പെട്ടെന്ന് മിഡിൽ ലെയിനിലേയ്ക്ക് മാറിയപ്പോൾ പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
യുകെയിൽ നടന്ന 25 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ജീവനാശമാണ് M1ലെ അപകടത്തിൽ ഉണ്ടായത്. അപകടത്തിൽ എട്ടു പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ബെന്നി ഓടിച്ചിരുന്ന ബസിലുണ്ടായിരുന്നവരാണ് മരിച്ചവർ എല്ലാം. ട്രക്ക് ഡ്രൈവർ പോളിഷുകാരനാണ്. അതിദാരുണമായ ദുരന്തത്തിന്റെ വിവരങ്ങൾ ജഡ്ജ് ഫ്രാൻസിസ് ഷെറിഡിയന്റെ മുമ്പിൽ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ട്രക്ക് ഡ്രൈവർ റിസാക്ക് മസിയേക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടത്. ബക്കിങ്ങാംഷയറിലെ ന്യൂ പോർട്ട് പാഗ്നിലിനുത്താണ് അപകടം നടന്നത്. ആഗസ്റ്റ് 26 നടന്ന അപകടത്തിൽ മരണമടഞ്ഞവർ എല്ലാവരും ഇന്ത്യാക്കാരാണ്. കോട്ടയം സ്വദേശി ഋഷിയും അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ മരിച്ച ബെന്നി ജോസഫിന്റെ സംസ്കാരം ചേർപ്പുങ്കൽ പള്ളിയിൽ തിങ്കളാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
ഷിബു മാത്യു
ഹാരോഗേറ്റ്. യോർക്ക്ഷയറിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ഹാരോഗേറ്റ് മലയാളി അസ്സോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 16 ന് ഹാരോഗേറ്റ് സെയിന്റ് ഏൽറെഡ്സ് ചർച്ച് ഹാളിൽ നടക്കും. രാവിലെ 10.30 ന് ആഘോഷ പരിപാടികൾ ആരംഭിക്കും. അസ്സോസിയേഷനിലെ കുട്ടികളും മുതിർന്നവരും സംയുക്തമായി അവതരിപ്പിക്കുന്ന കലാകായിക സംസ്കാരീക പരിപാടികൾ അരങ്ങേറും. മലയാളത്തിൻറെ തനതായ രുചി വിളിച്ചോതുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.
എല്ലാ വർഷവും നടക്കാറുള്ളതു പോലെ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളും ഒത്തുകൂടി കേരളത്തനിമ ഒട്ടും നഷ്ടപ്പെടാത്ത രുചികരമായ ഓണസദ്യ സ്വയം പാചകം ചെയ്യുകയാണ്.
കേരളത്തനിമയിലുള്ള ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഹാരോഗേറ്റ് മലയാളി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ധനുഷിന്റെ ചിത്രങ്ങളില്‍ തുടർച്ചയായി അഭിനയിച്ച അമലപോളിനെയും ധനുഷിനെയും ചേര്‍ത്ത് അപവാദം പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമല. സംവിധായകന്‍ വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന അമല വിവാഹമോചനത്തിനു ശേഷം സിനിമയില്‍ സജീവമാവുകയും തുടർച്ചയായി ധനുഷ് ചിത്രങ്ങളിൽ അഭിനയിച്ചതോടുംകൂടിയാണ് താരങ്ങൾ ഗോസിപ്പിനിരയായത്. ഗോസിപ്പിനെയും വിവാഹത്തെയുംക്കുറിച്ച് അമലയുടെ പ്രതികരണം ഇങ്ങനെ; ‘ഇതൊക്കെ പത്രക്കാര്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ ജോഡിയായി വേലയില്ലാ പട്ടാധാരിയില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹം നിര്‍മ്മാതാവായ അമ്മാ കണക്കില്‍ അഭിനയിച്ചു. വേലയില്ലാ പട്ടാധാരി 2ലും അഭിനയിച്ചു. അഭിനയിക്കുമ്പോള്‍ നല്ല മോട്ടിവേഷന്‍ തരുന്നയാളാണ് അദ്ദേഹം. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ ഗോസിപ്പുകാര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല’. ‘മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നടിയാകുമെന്ന് കരുതിയതല്ല. ഒരാളെ പ്രേമിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ ചിന്തിച്ചിട്ടില്ല. അതിനു ശേഷം നടന്നതെല്ലാം അപ്രതീക്ഷിതമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല.’അമല വ്യക്തമാക്കി