കെ.ഡി.ഷാജിമോന്‍
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 16-ന് ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കും. അന്നേദിവസം രാവിലെ 11 മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ലോംഗ്‌സെറ്റില്‍ ഉള്ള ജെയിന്‍ കമ്യൂണിറ്റി സെന്ററില്‍ ആണ് പരിപാടി. വിഭവ സമൃദ്ധമായ സദ്യയും തനതായ പാരമ്പര്യ കലാപരിപാടികളും അവതരിപ്പിക്കപ്പെടും.
ഈ വര്‍ഷം എം.എം.എയുടെ നിരവധി പരിപാടികളായിരുന്നു മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമായ കലാപരിപാടികളാണ് സംഘടനയുടെ ശക്തരായ കലാകാരന്‍മാര്‍ ഈ വര്‍ഷത്തെ ഓണപരിപാടികള്‍ അവതരിപ്പിക്കുക.
എല്ലാ വര്‍ഷത്തെപ്പോലെ സെപ്റ്റംബര്‍ 15-ന് ”ഓണസദ്യ ഒരുക്കല്‍” നടത്തി ഒട്ടും തനിമ നഷ്ടപ്പെടുത്താതെ അംഗങ്ങള്‍ തന്നെ വിഭവസമൃദ്ധമായ സദ്യ പാചകം ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
MMA PRO – 07886526706
സന്തോഷ് ജോണ്‍
ഓമ്‌നി പൊന്നോണം 2017 നോടനുബന്ധിച്ച് പ്രൊമോഷണല്‍ വീഡിയോയും. ശ്രീകാന്ത് ഗണപതിയുടെ സംവിധാനത്തില്‍ ഷിബു സുകുമാരന്‍ ആണ് വീഡിയോ നിര്‍വഹിച്ചത്. സന്തോഷ് കുമാര്‍ രചനയും ബിനു മാനുവല്‍ സംഗീതവും നിര്‍വഹിച്ചു. വീഡിയോ തയാറാക്കുന്നതിനുവേണ്ടി സഹകരിച്ച എല്ലാ കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും ഓമ്‌നി നന്ദി രേഖപ്പെടുത്തി. ഓഗസ്റ്റ് 28ന് ഡോനിഗല്‍ കെല്‍റ്റിക് എഫ്സിയുമായി സഹകരിച്ച് ഒരു ഫാമിലി ഫണ്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേയും ഓമ്നിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓണാഘോഷം പൂര്‍വാധികം ഭംഗിയാക്കുന്നതിന്റെ ഭാഗമായി റോളര്‍ ബാനറുകള്‍ സിജോ തോമസിന്റെ നേതൃത്വത്തില്‍ ഇതിനോടകം തയാറാക്കിയിട്ടുണ്ട്.
മലയാളം യുകെ ന്യൂസ് ടീം.
അക്ഷര നഗരിയായ കോട്ടയത്തിനും സാക്ഷര കേരളത്തിനും നാണക്കേട് സമ്മാനിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റൽ മാനേജ്മെൻറിൻറെ നടപടികൾ പൊതുജന മധ്യത്തിൽ വിമർശന വിധേയമാകുന്നു. ഡ്യൂട്ടിക്ക് എത്തിയ നഴ്സിനോട് നിങ്ങളുടെ കോൺട്രാറ്റ് ഇന്ന് കൊണ്ട് തീർന്നിരിക്കുന്നു. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ല എന്ന രണ്ടു വാചകത്തിൽ, വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്നവരെ പുറത്താക്കി കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഹോസ്പിറ്റൽ മാനേജ്മെൻറ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ യൂണിറ്റ് ആരംഭിച്ചതു മുതൽ ആണ് മാനേജ്മെന്റിൻറെ പ്രതികാര നടപടികൾ ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഇടപെടേണ്ട ചില ഉദ്യോഗസ്ഥർ അവരുടെ ബന്ധുക്കൾക്ക് ഇവിടെ സൗജന്യ ചികിത്സ തരപ്പെടുത്തിയതായി പറയപ്പെടുന്നു. മാനേജ്മെന്റിൻറെ സൗജന്യ സുഖചികിത്സ ലഭിക്കുന്നതിനാൽ ഉത്തരവാദിത്വപ്പെട്ട മേലധികാരികൾ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നതിൽ വിമുഖത കാട്ടുകയാണ്.
യുഎൻഎയുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ചെന്ന നഴ്സിനോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ജോലിക്ക് കയറിയ നഴ്സുമാരെ മാനസികമായി തളർത്തുന്ന നീചമായ നടപടികളാണ് പിന്നീട് മാനേജ്മെന്റിൻറെ ഭാഗത്തു നിന്ന് ഉണ്ടായത്. നഴ്സുമാരെയും യുഎൻഎ ഭാരവാഹികളെയും പൊതുജന മധ്യത്തിൽവച്ച് പരസ്യമായി അപമാനിക്കുന്ന പ്രവർത്തനമാണ് മാനേജ്മെൻറ് നടത്തിയത്.
ജോലിയിലുള്ള നഴ്സുമാരോട് മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് പീഡനത്തിൻറെ തുടക്കം. ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺട്രാക്റ്റ് കാലാവധി പിന്നീട് തീരുമാനിക്കും. നഴ്സുമാരെ ചൊൽപ്പടിയ്ക്കു നിർത്താനുള്ള ആയുധമായി ഈ മുദ്രപത്രം പിന്നെ മാറുകയായി. അഞ്ചു നഴ്സുമാരെയാണ് കോൺട്രാക്റ്റ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് മാനേജ്മെൻറ് നോട്ടീസ് പോലും നല്കാതെ തൊഴിൽ രഹിതരാക്കിയത്. ഇവരെ തിരികെ ജോലിയിൽ എടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നഴ്സുമാർ നോട്ടീസ് നല്കിയിട്ടുണ്ട്.
ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ഈവനിംഗ് ഷിഫ്റ്റിനു ശേഷം പാതിരാത്രിയിൽ വീട്ടിൽ പോവേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റിൻറെ സമയം പുനക്രമീകരിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെൻറെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അംഗങ്ങൾക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സമൂഹ മധ്യത്തിൽ താറടിക്കുന്ന രീതിയിലാണ് മാനേജ്മെന്റ് ഇവിടെ പെരുമാറുന്നത്. ഇവിടെ ജോലി ചെയ്യുന്ന 150 ലേറെ യുഎൻഎ അംഗങ്ങളായ നഴ്സുമാർ പിരിച്ചുവിടലിൻറെ ഭീഷണി നേരിടുന്നുണ്ട്.
ബിനോയി ജോസഫ്
അനശ്വരതയുടെ പൂന്തോപ്പിൽ ആ കൊച്ചു മാന്ത്രികൻ വിരാജിക്കുന്നു. റോണി ജോൺ വിടവാങ്ങിയിട്ട് ഇന്നു മൂന്നു വർഷം പൂർത്തിയാവുന്നു. യുവത്വത്തിൻറെ പ്രസരിപ്പിൽ ഹണ്ടിംഗ്ടണിൻറെ ആവേശമായിരുന്ന റോണിയെ സ്കൂൾ അവധിക്കാലത്താണ് ദുരന്തം തേടിയെത്തിയത്. യുകെയിലെ മലയാളി സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി റോണി 2014 ജൂലൈ 24 ന് ഹണ്ടിംഗ്ടണിലെ ഗ്രേറ്റ് ഔസ് നദിയിൽ കാണാതാവുകയായിരുന്നു. മലയാളി സമൂഹത്തിന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന വിഫലമായി. എമർജൻസി സർവീസുകൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം റോണിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത മജീഷ്യനായ റോയി കുട്ടനാടിൻറെയും ലിസി ജോണിൻറെയും മകനായ റോണി ജോണിൻറെ വേർപാട് ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം ശ്രവിച്ചത്. സെന്റ് പീറ്റേർസ് സ്കൂളിലെ ഇയർ 9 സ്റ്റുഡൻറായിരുന്നു ജോൺ. തൻറെ കൂട്ടുകാരോടൊപ്പം നദിയിൽ സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ ഇറങ്ങിയ റോണിയെ വിധി തട്ടിയെടുത്തു.
റോണി ജോണിൻറെ മൂന്നാം ചരമദിനത്തിൽ മലയാളം യുകെ കുടുംബത്തിൻറെ സ്നേഹപുഷ്പങ്ങൾ സമർപ്പിക്കുന്നു.
പീറ്റർബറോയിലാണ് റോയിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. റോണിയുടെ ഓർമ്മയിൽ പ്രാർത്ഥനാ പുഷ്പങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും റോയിയുടെ വസതിയിൽ ഇന്ന് ജൂലൈ 24 ന് ഒത്തു ചേർന്നു. ഫാ. ജേക്കബ് എബ്രാഹാമിൻറെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥന നടന്നു. ബാബു പുല്ലാട് അനുസ്മരണാ പ്രഭാഷണം നടത്തി. റോണി ജോണിൻറെ സ്മരണയിൽ ഒന്നാം ചരമവാർഷികത്തിൽ ഹണ്ടിംഗ് ടൺ അലയൻസ് ഫോർ ഇന്ത്യൻസ്, ലോക്കൽ കൗൺസിലിൻറെ സഹകരണത്തോടെ ഹണ്ടിംഗ്ടണിലെ പാർക്കിൽ റോണി ജോൺ മെമ്മോറിയൽ ബെഞ്ച് സ്ഥാപിച്ചിരുന്നു.
നിരവധി സ്റ്റേജുകളിൽ മാന്ത്രിക വിദ്യയുടെ രസച്ചരടുകൾ സദസിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ തൻറെ പിതാവ് റോയി കുട്ടനാടിൻറെ വലംകൈയായിരുന്നു റോണി. കലാകായിക പഠനരംഗത്തും മിടുക്കനായിരുന്ന റോണിയുടെ അകാല വേർപാട് പിതാവ് റോയിക്ക് അമ്മ ലിസിയും അനുജൻ റോഷനും താങ്ങാനാവുന്നതിൽ ഏറെയായിരുന്നു. ഹണ്ടിംഗ്ടണിലെ മലയാളി കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്നു റോണി ജോൺ. റോണിയുടെ മരണത്തെ തുടർന്ന് റോയി കുട്ടനാട് തൻറെ സ്റ്റേജ് ഷോകൾക്ക് ഇടവേള നല്കി. ഒരു വർഷത്തിനുശേഷം റോണിയുടെ അനുജൻ റോഷൻ തൻറെ പിതാവിനൊപ്പം മാജിക് ഷോ പുനരാരംഭിച്ചു.
2011 ലാണ് റോയി കുട്ടനാടും കുടുംബവും യുകെയിലെത്തുന്നത്. ദുബായിയിൽ 18 വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് റോയി മണലാരണ്യത്തോട് വിട പറഞ്ഞത്. മാജിക്കിനെ ജീവനോളം സ്നേഹിക്കുന്ന റോയി എടത്വ പള്ളിപറമ്പിൽ കുടുംബാംഗമാണ്. യുഎഇയിൽ 800 ഓളം സ്റ്റേജുകളിൽ റോയി ഇന്ദ്രജാല പ്രകടനം നടത്തിയിട്ടുണ്ട്. യുകെയിലും നിരവധി സ്റ്റേജുകളിൽ റോയി മാന്ത്രിക ചാരുത പുറത്തെടുത്തു കഴിഞ്ഞു. മാജിക് വിദ്യകൾ യുകെയിലെമ്പാടും എത്തിച്ച് കൂടുതൽ ജനകീയവൽക്കരിക്കാനുള്ള പരിശ്രമത്തിലാണ് റോയി കുട്ടനാട്. (Mobile :07988444567
ബിബിന്‍ ഏബ്രഹാം
സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്’ നടത്തുന്ന മൂന്നാമത് അഖില യു.കെ വടംവലി മത്സരം സെപ്റ്റംബര്‍ 24ന് ഞായറാഴ്ച്ച കെന്റിലെ ഹിലഡന്‍ബോറോയില്‍ വെച്ചു നടക്കും. യുകെയിലെ ഒരോ മലയാളിയും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന കരുത്തിന്റെ പോരാട്ടത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി അഖില യുകെ വടംവലി മത്സരം നടത്തി യുകെയിലെ മലയാളികള്‍ക്കിടയില്‍ വടംവലി മത്സരത്തിനു പുതിയ മാനവും രൂപവും പ്രദാനം ചെയ്ത സഹൃദയ വീണ്ടും അഖില യുകെ വടംവലി മത്സരവുമായി കടന്നു വരുന്നത് കഴിഞ്ഞ കാലഘട്ടത്തിന്റെ എല്ലാ ആവേശവും അനുഭവസമ്പത്തും ഉള്‍കൊണ്ടാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യു.കെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുത്തു ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തിങ്ങിനിറഞ്ഞ ആയിരത്തില്‍പരം കാണികളുടെ ആവേശം വാനോളമുയര്‍ത്തിയിരുന്നു.
ഈ വേളയും യുകെയിലെ പ്രമുഖ ടീമുകള്‍ എല്ലാം തന്നെ പങ്കെടുക്കുന്ന കരുത്തിന്റെ പോരാട്ടം കാണികള്‍ക്ക് അത്യാഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കമെന്നതില്‍ സംശയം ലവലേശമില്ല. ഈ പോരാട്ടത്തിന്റെ എല്ലാ ആവേശവും ഒപ്പിയെടുത്തു ലോക മലയാളികള്‍ക്കു ലൈവായി കാണുവാന്‍ ഉള്ള സൗകര്യം ഗര്‍ഷോം ടിവി ഒരുക്കുന്നതാണ്. ഈ മത്സരത്തിനോടൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ്, മറ്റു മത്സരങ്ങള്‍ കൂടാതെ ലക്കി ഡ്രോ, ലേലം വിളി, മിതമായ നിരക്കില്‍ രുചിയൂറും കേരളാ ഫുഡ് സ്റ്റാള്‍, സൗജന്യ പാര്‍ക്കിംഗ് തുടങ്ങിയവ സഹൃദയ ഒരുക്കുന്ന സവിശേഷതകള്‍ ആണ്.
മലയാളി മനസ്സിന്റെ എക്കാലത്തെയും ആവേശവും അഹങ്കാരവുമായ കരുത്തിന്റെ പോരാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും അതിന്റെ പൂര്‍ണതയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ആരായിരിക്കും ഈ വര്‍ഷത്തെ മല്ലന്മാര്‍, ആരായിരിക്കും അട്ടിമറി വീരന്മാര്‍, ആരായിരിക്കും സഹൃദയയുടെ ചാമ്പ്യന്‍ ട്രോഫി ഉയര്‍ത്തുക എന്നു അറിയുവാനായി വടംവലിയെ സ്‌നേഹിക്കുന്ന ഒരോ യു.കെ മലയാളിയും കെന്റിലേക്ക് ഉറ്റുനോക്കുകയാണ്.
ഈ പോരാട്ടം ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ ടീം സഹൃദയ യുകെയിലെ എല്ലാ വടംവലി ടീമുകളുടെയും വടംവലി പ്രേമികളുടെയും ഹൃദയം നിറഞ്ഞ പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. ടീം രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
പ്രസിഡന്റ്- സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി – ബിബിന്‍ എബ്രഹാം- 07534893125
ട്രഷറര്‍ – ബേസില്‍ ജോണ്‍- 07710021788
മത്സരം നടക്കുന്ന വേദിയുടെ വിലാസം
Sackville school, Tonbridge Road, Hildenborough, Kent, TN11 9HN
നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ കലാ സാംസ്‌കാരിക സംഗമമായ മാഞ്ചസ്റ്റര്‍ മെഗാ മേളയിലെ പരിപാടികള്‍ കണ്ട കാണികള്‍ക്ക് തോന്നിയ ഒരു ചോദ്യമായിരുന്നു ഇത്.
കഴിഞ്ഞ പതിമൂന്ന് വര്‍ഷവും കാഴ്ചക്കാരായി എത്തിയിരുന്ന മലയാളികള്‍ ഇത്തവണ കാഴ്ചക്കാരെ കയ്യിലെടുത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികള്‍ മേളയുടെ ഭാഗമായപ്പോള്‍ ”Zee tv mega mela” കൂടുതല്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ സംഗമ ഭൂമിയായി ശബ്ദ സൗന്ദര്യം കൊണ്ട് കാണികളെ ത്രസിപ്പിച്ച മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെണ്ട മേളം കൂടി ചേര്‍ന്നപ്പോള്‍ അത് ദക്ഷിണേഷ്യന്‍ മേളയ്ക്ക് ഒരു ദക്ഷിണേന്ത്യന്‍ തിലകക്കുറിയായി മാറി.
Plat Field ല്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിന് മുന്നില്‍ മാഞ്ചസ്റ്ററില്‍ ഒരുപക്ഷേ ചരിത്രത്തിലാദ്യമായി ഒരു മലയാള ഗാനത്തിന്റെ അകമ്പടിയോടെ ഒപ്പന നടത്തപ്പെട്ടപ്പോള്‍ അതൊരു ചരിത്രം കൂടിയായി മാറി. തുടര്‍ന്ന് യൂത്ത് ഗ്രൂപ്പിന്റെ ഡാന്‍സുകളും മാഞ്ചസ്റ്റര്‍ മേളത്തിന്റെ ശിങ്കാരിമേളയും നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി.
Lord Major Eddy Newman തന്റെ ആശംസാ പ്രസംഗത്തില്‍ ഒന്നരപതിറ്റാണ്ടായി മലയാളികള്‍ മാഞ്ചസ്റ്ററിലെ ആരോഗ്യ രംഗത്ത് നല്‍കുന്ന സേവനങ്ങളെ പ്രശംസിച്ചു. കൂടാതെ സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ മാഞ്ചസ്റ്ററില്‍ മലയാളിയുടെ സാന്നിധ്യം നിര്‍ണായകമാണെന്നും പൊതുവേദികളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
ബിബിന്‍ ഏബ്രഹാം
സഹൃദയ-ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് യു.കെയിലെ മറ്റു മലയാളി അസോസിയേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമാകുന്നതു അതിന്റെ പ്രവര്‍ത്തനമേഖലയുടെ സവിശേഷ കള്‍ കൊണ്ടു തന്നെയാണ്. 2017-2018 പ്രവര്‍ത്തനകമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹൃദയ നടത്തുന്ന നിരവധി ജനകീയ പ്രോഗ്രാമുകളില്‍ ഒന്നാണ് സഹൃദയയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള ”മുകുളങ്ങള്‍” എന്ന ആശയം.
യു.കെയില്‍ കുടിയേറിയവരും, ഇവിടെ ജനിച്ചു വളര്‍ന്നവരുമായ നമ്മുടെ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ ബൗദ്ധികമായ വികസനത്തിനും ഒപ്പം പ്രകൃതിയെ അറിഞ്ഞ് മണ്ണിനെ സ്നേഹിച്ചു മലയാളിയുടെ നന്മ കൈവിടാതെ ഗൃഹാതുരത്വം തുടിക്കുന്ന ഓര്‍മ്മകളുമായി വരും കാലത്തില്‍ നമ്മുടെ ഭാഷയും പാരമ്പര്യവും നെഞ്ചോടു ചേര്‍ത്ത് നമ്മുടെ നാടിന്റെ നല്ല സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് വളരാന്‍ അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യബോധത്തോടെ സഹൃദയ തുടക്കം കുറിച്ച സ്വപ്ന പദ്ധതി ആയ മുകുളങ്ങള്‍ ഇന്ന് ഒരോ അംഗങ്ങളും ഹൃദയത്തില്‍ ഏറ്റെടുത്തിയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.
മുകുളങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ മാസം 25ന് മലയാള സിനിമയിലെ പ്രിയപ്പെട്ട റൊമാന്റിക് ഹീറോയും ഒരു കാലത്തെ കാല്പനിക യൗവനങ്ങളുടെ നിറവും രൂപവുമായിരുന്ന നടന്‍ ശങ്കര്‍ നിര്‍വഹിച്ചിരുന്നു. മുകുളങ്ങളുടെ പ്രധാനലക്ഷ്യ ആശയങ്ങളില്‍ ഒന്നാണ് നമ്മുടെ കുട്ടികളെ മലയാളം എഴുതുവാനും പറയുവാനും പഠിപ്പിക്കുവാന്‍ വേണ്ടി ഒരു കൃത്യമായ വേദി ഉണ്ടാക്കുകയെന്നത്. ഇതിന്റെ ഭാഗമായി സഹൃദയ കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തുകയും അവരുടെ നിര്‍ദേശപ്രകാരം സഹൃദയുടെ മലയാളം ക്ലാസ്സുകള്‍ ജൂലൈ 30 ഞായാറാഴ്ച്ച തുടക്കം കുറിക്കുകയാണെന്ന സന്തോഷവാര്‍ത്ത ഏവരെയും അറിയിക്കുകയാണ്.
മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുന്നതിനും കേരള സംസ്‌കാരം പരിചയിക്കുന്നതിനുമായി കേരളാ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് മലയാളം മിഷന്‍. ”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മലയാള മിഷന്റെ മുദ്രാവാക്യത്തിനു കൈകോര്‍ത്തു തുടക്കം കുറിക്കുന്ന ഈ പദ്ധതിയില്‍ ഏകദേശം അറുപതോളം കുട്ടികളാണ് ചേര്‍ന്നിരിക്കുന്നത്. യു.കെയില്‍ മലയാളം മിഷനുമായി ഔദ്യോഗികമായി കൈകോര്‍ക്കുന്ന ആദ്യ അസോസിയേഷന്‍ എന്ന ഖ്യാതിയും സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്.
മലയാളം മിഷന്റെ നിര്‍ദേശാനുസരണം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് ക്ലാസ്സുകള്‍ നയിക്കുന്നതിനായി അധ്യാപകരും, ക്ലാസ് റൂമുകളും തയ്യാറായി കഴിഞ്ഞു. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് വേര്‍തിരിച്ച് ”കണിക്കൊന്ന” ”സൂര്യകാന്തി” എന്നീ കോഴ്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് സ്വാഭാവികമായ മലയാള ഭാഷാപഠനം അനായാസമായി സാധ്യമാക്കുന്നതിനു വേണ്ടി മലയാളം മിഷന്‍ തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധിയും ഭാഷാപഠനസമീപനരേഖയും ഉള്‍കൊണ്ടു വൈവിധ്യപൂര്‍ണങ്ങളായ പഠന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക എന്ന വെല്ലുവിളിയാണ് സഹൃദയ ഏറ്റെടുത്തിരിക്കുന്നത്.
മലയാളം ക്ലാസ്സുകളുടെ തുടക്കമെന്ന നിലയില്‍ ആദ്യം അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ മാത്രം ഉള്‍കൊള്ളിച്ചു തുടങ്ങുന്ന ക്ലാസ്സുകള്‍ പിന്നിട് വിപുലമാക്കി യു.കെയില്‍ മലയാളം പഠിക്കാന്‍ താല്പര്യമുള്ള ഏവരെയും പങ്കെടുപ്പിച്ചു കൂടുതല്‍ ജനകീയമാക്കാന്‍ സഹൃദയ പദ്ധതിയിടുന്നു. ഈ ഒരു നല്ല ആശയത്തിനു എല്ലാവിധ പിന്തുണയും നല്‍കി കുട്ടികളെ ചേര്‍ക്കുവാന്‍ മുന്നോട്ടു വന്ന എല്ലാ രക്ഷിതാക്കളോടുമുള്ള നന്ദി ടീം സഹൃദയ ഈ അവസരത്തില്‍ അറിയിക്കുകയാണ്.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കാന്‍ വേണ്ട ഒരുക്കാന്‍ പൂര്‍ത്തിയായി. ഓണം വിജയിപ്പിക്കാന്‍ എല്ല കമ്മറ്റി അംഗങ്ങളും സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന് പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു. വരുന്ന സെപ്റ്റംബര്‍ മാസം 23-ാം തിയതി ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ കലവറയില്‍ വിവിധങ്ങളായ കലാപരിപാടികള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നുവെന്ന് ആര്‍ട്‌സ് കമ്മറ്റി അംഗങ്ങളായ ജോയി അഗസ്തി, സോജന്‍ തോമസ് എന്നിവര്‍ പറഞ്ഞു.
ഇനിയും പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 10ന് മുന്‍പായി താഴെ കാണുന്ന ആര്‍ട്‌സ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്നു ലിമ നേതൃത്വം അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8, ബാന്‍ഡ് 7, എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഖലയിലെ മലയാളികളെ ആദരിക്കുന്നതാണ്.
കായിക പരിപാടികള്‍ക്കായി ഒരു കമ്മിറ്റിയും സജീവമയി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു.
പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവരുമായി ബന്ധപ്പെടുക
സോജന്‍ തോമസ് 07736352874, ജോയ് ആഗസതി 07979188391
ജര്‍മ്മനി ആസ്ഥാനമായിട്ടുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (GMF )ന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരത്തിന് പി.രാജീവ് അര്‍ഹനായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്റേറിയന്‍ എന്ന ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിക്കുക. ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിലെ കോളേണില്‍ വെച്ചു നടക്കുന്ന 28-ാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ നെതര്‍ലാണ്ട് അംബാസഡര്‍ ശ്രീ.വേണു രാജാമണി അവാര്‍ഡ് സമ്മാനിക്കുമെന്ന് (GMF ) ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച വ്യവസായ സംരംഭക അവാര്‍ഡിന്
അങ്കമാലി സ്വദേശിയും പ്രമുഖ വ്യവസായിയും ആയ പോള്‍ തച്ചില്‍ അര്‍ഹനായി.
ജൂലൈ 26 മുതല്‍ ജര്‍മ്മനിയിലെ കൊളോണില്‍ നടക്കുന്ന ജി.എം.എഫ്. ന്റെ 28-ാം പ്രവാസി
സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനവും അനുമോദനവും നടത്തപ്പെടുമെന്ന് ജി.എം.എഫ്. ഗ്ലോബല്‍
ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജി.എം.എഫ്. ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് അഡ്വ.
സേവ്യര്‍ ജൂലപ്പന്‍ എന്നിവര്‍ അറിയിച്ചു.
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-ാമത് പ്രവാസിസംഗമം ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിയിലെ കോളോണില്‍ വെച്ച് നടക്കുന്നു. 26 ബുധനാഴ്ച ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനീക്കുന്ന പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രഗത്ഭരായ പ്രൊഫ. രാജപ്പന്‍ നായര്‍ യു.എസ്.എ ഡോ. ജോസഫ് തെരുവത്ത് ജര്‍മ്മനി, ഡോ. കമലമ്മ ഹോളണ്ട്, ശ്രീ. സോജന്‍ ജോസഫ് യു.കെ., ശ്രീ. സിറിയക് ചെറുകാട് ഓസ്ട്രിയ, അഡ്വ. സേവ്യര്‍ ജൂലപ്പന്‍ സ്വിറ്റ്‌സര്‍ലണ്ട്, ശ്രീ. പോള്‍ തച്ചില്‍ ഇന്ത്യ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന കലാസായാഹ്നം പ്രവാസി സംഗമത്തിനു കൊഴുപ്പു കൂട്ടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്ററിനുള്ള അവാര്‍ഡ് ശ്രീ. പി രാജീവ് എക്‌സ് എം പിക്ക് സമ്മാനിക്കും. പ്രവാസി സംഗമത്തിന്റെ പുരോഗമനത്തിനായി ജമ്മ ഗോപുരത്തിങ്കല്‍, സണ്ണി വേലുക്കാരന്‍, ലില്ലി ചക്കിയത്ത്, വര്‍ഗ്ഗീസ് ചന്ദ്രത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഇന്നലെ കളക്ഷന്‍ അവസാനിച്ചപ്പോള്‍ 1000 പൗണ്ടാണ് ലഭിച്ചത്. യുകെ മലയാളികള്‍ ആ പാവം കുട്ടികളോട് കാണിച്ച സ്നേഹത്തിന് ഞങ്ങള്‍ നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ബര്‍മിംഗ്ഹാമില്‍ നിന്നും 22ന് നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്ക് എഴുതി കൈമാറി. അദ്ദേഹം നാട്ടിലെത്തി ഇപ്പോള്‍ നാട്ടിലുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗങ്ങളായ ഡിജോ ജോണ്‍ പാറയനിക്കല്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരുമായി ബന്ധപ്പെട്ടു മുളകുവള്ളിയില്‍ എത്തി സിസ്റ്റര്‍ ലിസ് മേരിക്ക് ചെക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ഞങ്ങളുടെ അഭൃര്‍ത്ഥന മാനിച്ചു ലിവര്‍പൂളിലെ രണ്ടു സുഹൃത്തുക്കള്‍ 35,000 രൂപ മുടക്കി ടിവിയും പ്രിന്ററും നേരത്തെ വാങ്ങി കൊടുത്തിരുന്നു. അതുള്‍പ്പെടെ എല്ലാം കൂടി ഒരു ലക്ഷത്തി പതിനയ്യായിരം (1,15,000) രൂപയോളം സമാഹരിച്ചു കൊടുക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു കഴിഞ്ഞത് നിങ്ങളുടെ നല്ല മനസുകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
25 ആണ്‍ കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത് ഇതില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് മുതല്‍ ക്രൂരമായി ഉപദ്രവിച്ചു കൊല്ലാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്. അവരെയെല്ലാം സംരക്ഷിച്ചു പഠിപ്പിച്ചു വളര്‍ത്താന്‍ ശ്രമിക്കുന്ന ഈ സ്ഥാപനത്തോട് നിങ്ങള്‍ കാണിച്ച സ്നേഹത്തിനു ഒരിക്കല്‍ കൂടി നന്ദി പറയുന്നു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന ഇത്തരം എളിയ പ്രവര്‍ത്തനത്തിനു ഇനിയും നിങ്ങളുടെ പിന്തുണ നല്‍കി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.