Uncategorized

ലോകകപ്പിൽ ഏറ്റവുമധികം ആരാധകരുള്ള അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന സൗദി പോരാട്ടം. ഖത്തര്‍ സമയം ഉച്ചക്ക് 1 മണിക്ക് നടക്കുന്ന മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വളരെ നേരത്തെ തന്നെ വിറ്റുപോയിരുന്നു. 80000 പേര്‍ക്കാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കളികാണാനാവുക.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഓസ്‌ട്രേലിയയും തമ്മിലാണ് മറ്റൊരു പ്രധാന മൽസരം.. ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെയാണ് ഫ്രാൻസ് ബൂട്ട് കെട്ടുന്നത്. ഖത്തർ സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം 12.30) അൽ ജനൂബ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് – ഓസ്ട്രേലിയ പോരാട്ടം.

മറ്റ് രണ്ട് മത്സരങ്ങൾക്ക് കൂടി ഖത്തർ ഇന്ന് സാക്ഷ്യം വഹിക്കും.ഡെന്മാർക്ക് തുണീസ്യക്കെതിരെയും മെക്‌സിക്കോ പോളണ്ടിനെതിരെയും ഇന്ന് ബൂട്ടണിയും.

ഇന്നലത്തെ അവസാന മത്സരത്തിൽ വാശിയേറിയ യു.എസ്,വെയിൽസ് പോരാട്ടം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

ഈ മാസം 20-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് ഖത്തറിലേക്ക് പോകുന്നവർക്ക് സേവനം നൽകാൻ സജ്ജമാണെന്ന് സൗദി ജവാസത്ത് (ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്) അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ദോഹ ലക്ഷ്യമാക്കി പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായാണ് ജവാസത്ത് അധികൃതർ അറിയിച്ചത്. യാത്രക്കാർ പുറപ്പെടുമ്പോൾ മുതൽ മടങ്ങിയെത്തുംവരേക്കും ഈ സംവിധാനം നിലനിൽക്കുമെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കര, വ്യോമ മാർഗങ്ങളിലൂടെ നവംബർ ഒന്നിനും ഡിസംബർ 23-നും ഇടയിൽ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ്​പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ പൗരന്മാരേയും ഖത്തർ ഐ.ഡി കാർഡ് കൈവശമുള്ള വിദേശികളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘ഹയ്യ’ കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പരിൽ ബന്ധപ്പെടാം. ലോകകപ്പ് കാലയളവിൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ വിവരങ്ങൾക്ക് https://hereforyou.sa/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ക്രിസ്മസ് – പുതുവത്സര യാത്രകളും ടൂറിസം സീസണും ലോകകപ്പ് ഫുട്ബോളും വിമാന യാത്രികരുടെ തിരക്കേറ്റുമ്പോൾ ടിക്കറ്റ് നിരക്കുകൾ ഉയരുന്നത് ആകാശം മുട്ടെ; വർധന 500 % വരെ. ലോകകപ്പ് നേരിൽ ആസ്വദിക്കാൻ ഖത്തറിലേക്കു വിമാനം കയറുന്നവർക്കു കീശ പൊള്ളും. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയിൽ നിന്ന് ഉയർന്നത് 60,000 – 80000 രൂപ വരെ.

കൊച്ചിയിൽ നിന്നു നേരിട്ടു ഖത്തറിലേക്കു സർവീസ് നടത്തുന്ന ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങൾ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ സ്ഥിതിയും അങ്ങനെ തന്നെ. കൊച്ചിയിൽ നിന്ന് ഈ വിമാനത്താവളങ്ങൾ വഴി ദോഹയിലേക്കു പറക്കുന്നതിന് ഇപ്പോൾ 80,000 രൂപയോളമാണു ചെലവ്. ഡിസംബർ അവസാനം വരെ നിരക്കുകൾ ഉയർന്നു തന്നെ പറക്കും.

(വിമാന കമ്പനി, ബുക്ക് ചെയ്യുന്ന യാത്രാ ദിവസം, സമയം, പാക്കേജുകൾ എന്നിവയനുസരിച്ചു നിരക്കുകളിൽ വ്യത്യാസമുണ്ടാകാം)

 

ജെറിൻ ഡാനിയേൽ

സമുദ്രനിരപ്പിലും താഴെ കൃഷി നടക്കുന്ന നാടാണ് കുട്ടനാട്. ലോകത്ത് മറ്റെങ്ങും കാണാനാവാത്ത വിധം കുട്ടനാട്ടിലെ ജീവിതങ്ങൾ പ്രകൃതിയോട് ചേർന്ന് കിടക്കുന്നു.
ആലപ്പുഴ ജില്ലയിലെ കൈനകരി ഭാഗത്ത് നിന്നും കർഷകൻ തൻ്റെ തോണിയിൽ പുല്ല് ശേഖരിക്കുന്ന ചിത്രം. Ⓒ Jerin Daniel Photography

(2011- മലയാള മനോരമ വിക്ടർ ജോർജ് അവാർഡിന് അർഹമായ ചിത്രം )

തെലങ്കാനയിലെ ഗോദാവരി നദിയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച മലയാളി വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മൃതദേഹം കണ്ടെത്തി. കപ്പുച്ചിൻ സമൂഹാംഗങ്ങളായ ഫാ. ടോണി സൈമൺ പുല്ലാടൻ, റീജന്റ് ബ്രദർ ബിജോ തോമസ് പാലംപുരയ്ക്കൽ എന്നിവരാണ് ഞായറാഴ്ച കുളിക്കാനിറങ്ങവേ നദിയിൽ മുങ്ങി മരിച്ചത്.അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം.

വെള്ളത്തിൽ മുങ്ങിത്താണ് ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തിൽപെട്ടത്. ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. കപ്പുച്ചിൻ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ് ഇരുവരും. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സമൂഹത്തില്‍ ചേർന്നത്.

കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്‌.എസ്.എസ് ലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്റെ മകനാണ് ഫാദര്‍: ടോണി സൈമണ്‍.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി.

സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും തന്റെ ഗവൺമെന്റിന്റെ അജണ്ടയുടെ ഹൃദയത്തിൽ സ്ഥാപിക്കുമെന്ന് യുകെ പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യ പ്രസംഗത്തിൽ ഋഷി സുനക് പറഞ്ഞു. “ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അർത്ഥമാക്കും,” ഋഷി സുനക് പറഞ്ഞു.

10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യ പ്രസംഗം നടത്തി, ഋഷി സുനക് പറഞ്ഞു, “ഇപ്പോൾ നമ്മുടെ രാജ്യം അഗാധമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് -19 ന്റെ അനന്തരഫലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു, ഉക്രെയ്നിലെ പുടിന്റെ യുദ്ധം ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണ ശൃംഖലയെ അസ്ഥിരപ്പെടുത്തി.

45 ദിവസത്തെ ഭരണത്തിന് ശേഷം രാജിവെച്ച തന്റെ മുൻഗാമിയായ ലിസ് ട്രസിനെ കുറിച്ച് സംസാരിച്ച ഋഷി സുനക് പറഞ്ഞു, “രാജ്യത്തിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതിൽ അവൾക്ക് തെറ്റില്ല, അത് ഒരു മഹത്തായ ലക്ഷ്യമാണ്, പക്ഷേ ചില തെറ്റുകൾ സംഭവിച്ചു.

“അവരെ പരിഹരിക്കാൻ ഭാഗികമായാണ് ഞാൻ നിങ്ങളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആ ജോലി ഉടൻ ആരംഭിക്കുകയും ചെയ്യുന്നു. ഈ ഗവൺമെന്റിന്റെ അജണ്ടയുടെ ഹൃദയത്തിൽ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും ഞാൻ സ്ഥാപിക്കും. ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അർത്ഥമാക്കും, ”റിഷി സുനക്  പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍മന്ത്രി തോമസ് ഐസക്ക്. സ്വപ്‌നയുടെ ആരോപണങ്ങള്‍ സാമാന്യയുക്തിയ്ക്ക് നിരക്കാത്തതാണെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

സ്വബോധമുള്ള ഏതെങ്കിലും മന്ത്രി മൂന്നാറിലേക്ക് സ്വപ്നയെ ക്ഷണിക്കുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു.സിപിഐഎമ്മിനെ തേജോവധം ചെയ്യാനാണ് നീക്കം. തന്റെ പേര് പറഞ്ഞത് ബോധപൂര്‍വമാണ്. ആരോപണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായി നേരിടണമെങ്കില്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറുന്നതും ബിജെപിയാണ്. സ്വപ്ന സുരേഷിന് പൂര്‍ണ സംരക്ഷണം നല്‍കുന്നത് ബിജെപിയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടിരിക്കാം. വീട്ടില്‍ വരുന്നവരെ എല്ലാം മുകളിലെ സ്വീകരിക്കാറുണ്ട്. ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അത് ബോധ്യമുള്ളതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

തോമസ് ഐസക് ലൈംഗിക താല്‍പര്യത്തോടെ ഇടപെടല്‍ നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ‘മുന്‍ ഭര്‍ത്താവിന്റെ ഒരു വ്യക്തിഗത ആവശ്യത്തിനാണ് തോമസ് ഐസക്കിന്റെയടുത്ത് ചെന്നത്. ഒപ്പം കോണ്‍സുലേറ്റിലെ പി ആറും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാല്‍ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടല്ല. ചില സിഗ്നലുകള്‍ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

കെറ്ററിംഗ്‌: യുകെ മലയാളികൾക്ക് വേദന നൽകി യുകെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന  മാർട്ടിന ചാക്കോ (40) ആണ് ഇന്ന് മരണമടഞ്ഞത്. കോഴിക്കോട്  സ്വദേശിനിയാണ് പരേത. നമ്പിയാമഠത്തിൽ കുടുംബാംഗം. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്.

മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന. എങ്കിലും ചികിസയുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്ന മാർട്ടിനയുടെ വിയോഗം കെറ്ററിംഗ്‌ മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി എട്ട് മണിവരെ ഭവനത്തിൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരിയച്ചൻ അറിയിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാതമേ അറിയുവാൻ സാധിക്കുകയുള്ളു.

ലെസ്റ്റര്‍ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ മാര്‍ട്ടിനയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കുകയും സംസ്കാര ചടങ്ങിനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.

കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂർ  സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടിയും രണ്ട് പെൺകുട്ടിയും അടങ്ങുന്ന കുടുംബം.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് എന്നാണ് അറിയുന്നത്.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 ലെ മലയാളം യുകെ അവാർഡ് ശ്രീ. ബൈജു വർക്കി  തിട്ടാലയ്ക്ക്. ഒക്ടോബർ എട്ടിന് കീത്ത് ലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ വച്ച് ബൈജു വർക്കി തിട്ടാലയ്ക്ക് ഈ അവാർഡ് സമ്മാനിക്കും. ഒക്ടോബർ എട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മലയാളം യുകെ ഓൺലൈൻ പോർട്ടൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് ഫെസ്റ്റും നടക്കുക. യുകെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.

കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വ പ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്. 2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.

2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൌൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൌൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല  ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

യുകെയിലെത്തിയ മലയാളികൾ ഏറ്റവുമധികം പേരും തൊഴിൽ രംഗമായി തെരഞ്ഞെടുത്ത ആതുര സേവനരംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ബൈജു വർക്കി തിട്ടാല കൂടുതൽ ശ്രദ്ധേയനായത്. യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ  നടത്തിയ കാമ്പെയിനുകളിലും നിറ  സാന്നിദ്ധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.

മലയാളം യുകെ അവാർഡ് ലഭിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ ബൈജു വർക്കി തിട്ടാല മലയാളി നഴ്സുമാർക്ക് വേണ്ടി താൻ നടത്തിയ പോരാട്ടങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് എന്നത് കൂടുതൽ ചാരിതാർഥ്യം നല്കുന്നതായും പറഞ്ഞു. തന്റെ സേവനങ്ങൾ മലയാളം യുകെയിലൂടെ അംഗീകരിക്കപ്പെട്ടപ്പോൾ  ഈ രംഗത്ത് തന്നോടൊപ്പം പ്രവർത്തിച്ചവരെ ഈ സമയം ഓർമ്മിക്കാതിരിക്കാൻ പറ്റില്ലെന്നും ബൈജു പറഞ്ഞു. ഡെർബിയിൽ നിന്നും നോട്ടിംഗ്ഹാമിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും ഗ്ലാസ്ഗോയിൽ നിന്നും ബെൽഫാസ്റ്റിൽ നിന്നും   ലണ്ടനിലെത്തി കാമ്പെയിനിൽ പങ്കെടുത്തവർ, കേംബ്രിഡ്ജ് എം പി, കൌൺസിലർമാർ, സാമൂഹ്യ പ്രവർത്തന രംഗത്തെ സഹപ്രവർത്തകരായ സുഗതൻ തെക്കേപ്പുര, കാർമൽ മിരാൻഡ, ഇബ്രാഹിം വക്കുളങ്ങര, ആന്റണി സേവ്യർ, ജിജി നട്ടാശ്ശേരി,  എ ഐ സി നേതാവ് ഹർസേവ് ബെയിൻസ്,  മാധ്യമ രംഗത്ത് നിന്ന് മികച്ച പിന്തുണ നല്കിയ മലയാളം യുകെയും പ്രത്യേകിച്ച് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടറായ തോമസ് ചാക്കോ തുടങ്ങിയവർ നല്കിയ സപ്പോർട്ട്, യുക്മയുടെ പ്രഥമ പ്രസിഡന്റ് ആയിരുന്ന വർഗീസ് ജോൺ  തുടങ്ങി നിരവധി പേരെ ഈ സമയം എടുത്തുപറയാൻ ആഗ്രഹിക്കുന്നു എന്നും ബൈജു തിട്ടാല അറിയിച്ചു.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്.  ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ബോളിവുഡ് ഡാൻസ് മത്സരങ്ങളും മലയാളം യുകെ അവാർഡ് നൈറ്റും വൈകുന്നേരം 9 മണിയോടെ അവസാനിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലായി. ഡോക്ടര്‍മാരായ അജിത്ത്, നിള, പ്രിയദര്‍ശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയുണ്ടായത്.

തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ജൂലൈ മാസം ആദ്യമാണ് . അടുത്തടുത്ത ദിവസങ്ങങളിലായിരുന്നു രണ്ട് മരണവും ഉണ്ടായത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് മെഡിക്കൽ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. കേസ് നിയമ നടപടികളിലേക്ക് നീങ്ങുന്നതോടെ വൻ തുക തങ്കം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് നൽകേണ്ടി വരും.

25 കാരിയായിരുന്ന ഐശ്വര്യയെ ജൂണ്‍ അവസാന വാരമാണ് തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറയുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറയുകയായിരുന്നു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തതോടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. നവജാത ശിശു അടുത്തദിവസവും മരണപ്പെടുകയായിരുന്നു.

ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ചികിത്സാ പിഴവ് മൂലമാണന്ന ആരോപണവുമായി അപ്പോഴേ കുടുംബം രംഗത്തുവന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ആശുപത്രി അധികൃതര്‍ ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. അനുമതി പത്രങ്ങളില്‍ ചികിത്സയുടെ പേര് പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം ഒപ്പിട്ടു വാങ്ങുകയായിരുന്നു. ഗര്‍ഭപാത്രം നീക്കിയത് പോലും ബന്ധുക്കളുടെ അനുമതി വാങ്ങാതെയും അവരെ അറിയിക്കാതെയു മായിരുന്നു. ആശുപത്രി അധികൃതരോട് ബന്ധുക്കൾ അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം പോലും പറയുന്നത്. ഗര്‍ഭപാത്രം നീക്കിയപ്പോള്‍ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രാവം എന്ന് പറയുന്നതെന്നും കുടുംബം ചോദിച്ചിരുന്നു.

ബിബിൻ അബ്രഹാം 

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലെ ടൺബ്രിഡ്ജ് വെൽസിലെ “സഹൃദയ ദി വെസ്റ്റ്‌ കെന്റ് കേരളൈറ്റ്സ്” ഒക്ടോബർ ഒന്നാം തീയതി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തലേ രാത്രി വരെ കോരിച്ചൊരിയുകയായിരുന്ന മഴ പോലും സഹൃദയയുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയെന്നോണം സൂര്യനെ ഉജ്വലമായി പ്രശോഭിപ്പിച്ചുകൊണ്ട് പൊൻകതിരുകൾ വീശി ബിവൽ വാട്ടർ തടാകത്തെ തങ്കശോഭയിൽ വിരാജിപ്പിച്ചു.

അതെ, മഴ മേഘങ്ങൾ മാറി നിന്നു, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ സൂര്യൻ ജ്വലിച്ചു നിന്നപ്പോൾ കെന്റിലെ ബിവൽ വാട്ടർ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറുകയായിരുന്നു. ആർത്തിരമ്പിയ ആയിരത്തോളം കാണികൾക്കു മുന്നിൽ യു. ക്കെയിൽ ജലരാജാക്കന്മാർ ഏറ്റുമുട്ടിയപ്പോൾ തിങ്ങി നിറഞ്ഞ വള്ളംകളി പ്രേമികൾക്ക് നയന മനോഹരമായ ആവേശ കാഴച്ചയാണ് സഹൃദയ കെന്റ് ജലോത്സവം നൽകിയത്

യു. കെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി കേവലം 160 അംഗങ്ങൾ മാത്രമുള്ള ഒരു മലയാളി അസോസിയേഷൻ -സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് -ഒരു അഖില യു.കെ വള്ളം കളി മത്സരം അതിവിപുലമായി നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. ഏകദ്ദേശം 25000 പൗണ്ട് ചിലവായ ഒരു ബിഗ് ബഡ്ജറ്റ് ജലോത്സവം തികഞ്ഞ അച്ചടക്കത്തോടെയും
അസൂത്രണത്തോടെയും, മാത്യകപരമായും ആണ് അരങ്ങേറിയത്. മത്സര ഇടവേളകളിൽ നൃത്ത നൃത്യങ്ങള്‍, സംഗീതം, തുടങ്ങിയ കലാപരിപാടികൾ കൊണ്ടു സമ്പന്നമായിരുന്ന ഇവന്റിൽ ഒഴുകി എത്തിയ എല്ലാ വള്ളം കളി പ്രേമികൾക്കും കുടുബസമേതം ഒരു ദിനം ചിലവഴിക്കാൻ വേണ്ട എല്ലാ ചേരുവുകളും ഉണ്ടായിരുന്നു.

കെന്റിലെ ബിവൽ വാട്ടറിൽ യു.കെ യിലെ എല്ലാ പ്രമുഖ ജലരാജാക്കന്മാരും പങ്കെടുത്ത ആവേശ പോരാട്ടത്തിൽ ശ്രീ. തോമസ് കുട്ടി ഫ്രാൻസിസ് ക്യാപ്റ്റനായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് സഹൃദയയുടെ പ്രഥമ വള്ളംകളി ട്രോഫിയിൽ മുത്തമിട്ടു. കലാശ പോരാട്ടത്തിൽ ആർത്തിരമ്പിയ ആയിരത്തോളം വരുന്ന കാണികൾക്കു ആവേശം വാരിവിതറിക്കൊണ്ടു, ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ശ്രീ. ബാബു കളപുരയ്ക്കൽ ക്യാപ്റ്റനായ സെവൻ സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ് രണ്ടാം സ്ഥാനം നേടിയപ്പോൾ, ശ്രീ. മോനിച്ചൻ ക്യാപ്റ്റനായ ഫ്രണ്ട്സ് ബോട്ട് ക്ലബ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യു.കെയിലെ എല്ലാ പ്രമുഖ ടീമുകളും പങ്കെടുത്ത കെന്റ് ജലോത്സവത്തിൽ പതിനഞ്ചു ടീമുകൾ ആണ് പരസ്പരം മൂന്നു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടിയത്. വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ സഹൃദയയുടെ ടീം റെഡും, യെല്ലോയും ഉജ്വല പോരാട്ടം ആണ് കാഴ്ച്ച വെച്ചത്.

വൈകുന്നേരം ആറു മണിയോടു കൂടി നടന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബ്രാഡ്ലി സ്റ്റോക്ക് കൗൺസിലർ ശ്രീ. ടോം ആദിത്വ, ക്രോയിഡോൺ കൗൺസിൽ കൗൺസിലർ ശ്രീ. നിഖിൽ ഷെറീൻ തമ്പി, പ്രമുഖ മനുഷ്യാ അവകാശ പ്രവർത്തകൻ ശ്രീ ജോൺ സാമുവൽ അടൂർ എന്നിവർ പങ്കെടുത്തു.

കെന്റ് ജലോത്സവത്തിന്റെ ചെയർമാൻ ശ്രീ അജിത്ത് വെൺമണി, ജനറൽ കൺവീനിയർ ശ്രീ ബിബിൻ എബ്രഹാം, കോർഡിനേറ്റർ മാരായ ശ്രീ ജോഷി സിറിയക്ക്, ശ്രീ.വിജു വറുഗീസ്, ശ്രീ മനോജ് കോത്തൂർ, ശ്രീമതി. ലിജി സേവ്യർ, ശ്രീ. ബ്ലസ്സൻ സാബു, തുടങ്ങിയവർ നേതൃത്വം കൊടുത്ത അതിവിപുലമായ ജലോത്സവ കമ്മിറ്റി നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് കെന്റ് ജലോത്സവം ഒരു വൻ വിജയമാക്കി മാറ്റുവാൻ ടീം സഹൃദയയ്ക്കു സാധ്യമായത്.

ഏകദേശം ആയിരത്തോളം പേർ എത്തി ചേർന്ന ജലോത്സവത്തിൽ പ്രധാന സ്പോൺസര്‍ ലോ & ലോയേഴ്സ് സോളിസിറ്റർ, അലൈഡ് മോർഡ്ഗേജ് & ഇൻഷുറൻസ്, പ്രൈം കെയർ തുടങ്ങിയവരായിരുന്നു. സഹൃദയയുടെ പ്രഥമ ജല പോരാട്ടത്തിൽ വിജയിച്ച ലിവർപൂളിന്റെ ചെമ്പട പടകൂറ്റൻ ട്രോഫിയും 1101 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ കവൻട്രി സെവൻ സ്റ്റാർസിന് 601 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും, മൂന്നാം സ്ഥാനം നേടിയ ഫ്രണ്ട്സ് ബോട്ട് ക്ലബിന് 351 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും ലഭിച്ചു.

വാശിയേറിയ പോരാട്ടത്തിൽ മാർട്ടിൻ ക്യാപ്റ്റനായ ലണ്ടൻ ചുണ്ടൻ നാലാം സ്ഥാനത്ത് എത്തിയപ്പോൾ, ശ്രീ മാത്യു പുളിങ്കുന്ന് ചാക്കോ നയിച്ച സാൽഫോർഡ് ബോട്ട് ക്ലബ് അഞ്ചാമതായും, എഡ്വിൻ ക്യാപ്റ്റനായിരുന്ന ഈസ്റ്റ് ബോൺ ചുണ്ടൻ ആറാം സ്ഥാനവും കരസ്ഥമാക്കി.

കെന്റ് ജലോത്സവത്തിന്റ തിളക്കമാർന്ന വിജയത്തോടെ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് എന്ന മലയാളി അസോസിയേഷന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു വെച്ചിരിക്കുകയാണ്. കെന്റ് ജലോത്സവം ഒരു വിജയമാക്കി മാറ്റുവാൻ സഹായിച്ച എല്ലാ ജലോത്സവ പ്രേമികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് വെൺമണി നന്ദി രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved