ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബലാത്സംഗം, കാസ്ട്രേഷൻ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ എന്നിവയെല്ലാം യുദ്ധായുധങ്ങളായി ഉപയോഗിക്കാൻ റഷ്യൻ സൈനികർക്ക് നിർദേശം ലഭിച്ചിരുന്നതായി ഉക്രൈൻ പ്രസിഡന്റിന്റെ ഭാര്യ ഒലെന സെലൻസ്‌ക തുറന്നു പറഞ്ഞു. ലണ്ടനിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവെ, വ്‌ളാഡിമിർ പുടിന്റെ സൈന്യം തന്റെ രാജ്യം ആക്രമിക്കുന്ന സമയത്ത് ലൈംഗികാതിക്രമം ആസൂത്രിതമായി ഉപയോഗിച്ചിരുന്നതായി ഒലെന വ്യക്തമാക്കി. ചില റഷ്യൻ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ ഉക്രൈനിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് പ്രേരിപ്പിച്ചിരുന്നതായും അവർ തുറന്നു പറഞ്ഞു.

ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതുമുതൽ നിരവധി ഹീനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ കഴിഞ്ഞ മാസം യുഎൻ റിപ്പോർട്ട് കണ്ടെത്തിയതിന് പിന്നാലെയാണ് കുറ്റവാളികളെ കണക്കിൽ കൊണ്ടുവരണമെന്ന ആവശ്യം ഒലെന മുന്നോട്ടുവച്ചിരിക്കുന്നത്. ആക്രമണകാരികളായ റഷ്യൻ സൈന്യമാണ് ഈ ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടത്തിയതെന്നാണ് യുഎൻ റിപ്പോർട്ടും സൂചിപ്പിക്കുന്നത്. ഉക്രേനിയൻ യുദ്ധത്തടവുകാരെ പീഡിപ്പിക്കുകയും, കാസ്റ്റ്രേറ്റ് ചെയ്യുകയും ചെയ്തതായും, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സംഘട്ടനങ്ങൾക്കിടയിലെ ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കോൺഫറൻസിൽ ലണ്ടനിൽ സംസാരിക്കവെയായിരുന്നു ഒലെന തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്. റഷ്യൻ സൈനികർ കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് യുദ്ധത്തിന്റെ ആയുധമായി തന്നെ ഉപയോഗിക്കുന്നതായി അവർ ശക്തമായി പറഞ്ഞു. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം സെലെൻസ്‌ക ആദ്യമായാണ് യുകെ സന്ദർശിക്കുന്നത്. ഉക്രെയ്നിൽ ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സ്വതന്ത്ര ലോകത്തിൽ നിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഉക്രൈൻ പ്രഥമ വനിത വ്യക്തമാക്കി. 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യുകെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘർഷ ബാധിത പ്രദേശങ്ങളിലെ 30 ശതമാനം സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിക്രമങ്ങൾ അനുഭവിക്കുന്നതായി തെളിവുകളുണ്ടെന്നും സംഘാടകർ പറഞ്ഞു