ലണ്ടന്‍: അമേരിക്കയുടെ തീരുമാനത്തിന്റെ ചുവട് പിടിച്ച് വിമാന യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിക്കാന്‍ ബ്രിട്ടന്‍ എടുത്ത തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് വ്യോമയാന സുരക്ഷാ വിദഗ്ദ്ധര്‍. ആറ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍, ഈജിപ്റ്റ്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളത്. മൊബൈല്‍ ഫോണിനേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് വിലക്ക്.
എന്നാല്‍ വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഈ തീരുമാനത്തെ അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. സ്‌ഫോടകവസ്തു ഘടിപ്പിച്ച ലാപ്‌ടോപ്പും അല്ലാതെയുള്ളവയും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ നിരീക്ഷണ സംവിധാനങ്ങള്‍ വന്‍ പരാജയമാണെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ഇന്റര്‍നാഷണല്‍ മാഗസിന്‍ എഡിറ്റര്‍ ഫിലിപ്പ് ബോം പറഞ്ഞു. ക്യാബിന്‍ ബാഗേജില്‍ ലാപ്‌ടോപ്പുകള്‍ പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ട് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ഉയര്‍ന്നത്.
പത്ത് എയര്‍ലൈനുകളില്‍ എത്തുന്ന യാത്രക്കാര്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നത് അമേരിക്ക ഇന്നലെയാണ് വിലക്കിയത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെ ബ്രിട്ടനും ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ക്യാബിന്‍ ബാഗേജില്‍ ഇത്തരം ഉപകരണങ്ങള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം സോമാലിയയില്‍ വിമാനത്തിലുണ്ടായ സ്‌ഫോടനം ഇത്തരം ഉപകരണത്തില്‍ ഒളിപ്പിച്ച് കടത്തിയ ബോംബ് ഉപയോഗിച്ചായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.
സെക്യൂരിറ്റി ചെക്ക് പോയിന്റ് കഴിഞ്ഞതിനു ശേഷമാണ് മൊഗാദിഷുവില്‍ നിന്ന് ജിബൂട്ടിയിലേക്ക് പോയ ഡാലോ എയര്‍ലൈന്‍ വിമാനത്തിലെ യാത്രക്കാരന് ലാപ്‌ടോപ്പ് ലഭിച്ചതെന്ന് ഫിലിപ്പ് ബോം പറയുന്നു. അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന മൊറോക്കോ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്താത്തതിലും ആശ്ചര്യം പ്രകടിപ്പിക്കുകയാണ് വിദഗ്ദ്ധര്‍
ജോണ്‍സ് മാത്യൂസ്
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 12-ാമത് വാര്‍ഷിക സമ്മേളനം 2017 മാര്‍ച്ച് 18-ന് ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 6.30-ന് പ്രസിഡന്റ് മിനോ ജിജോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജസ്സി ഷിജോ 2016- 17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2017-18 വര്‍ഷത്തെ ഭാരവാഹികളായി സോനു സിറിയക് (പ്രസിഡന്റ്) ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) മനോജ് (ഖജാന്‍ജി) ഇവര്‍ക്കൊപ്പം 10 കമ്മിറ്റി മെമ്പേഴ്‌സിനെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
പുതിയ ഉണര്‍വ്വോടെ, കരുത്തോടെ 13-ാം വയസിലേക്ക് കാല്‍ വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് സോനു സിറിയക്ക് അഭ്യര്‍ത്ഥിച്ചു. മിനി ജിജോ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
ദീപക്കും സുപ്രഭയും നയിച്ച ഗാനമേള യോഗത്തിന് തിളക്കമേകി.
വർഗീസ് മാത്യുവിന്റെ ഭാര്യയും പത്തനാപുരം പിടവൂർ തോട്ടത്തിൽ പരേതരായ വര്ഗീസ് പണിക്കറുടേയും മറിയാമ്മയുടേയും മകളായ പ്രിയ വര്ഗീസ് (49) നിര്യാതയായി.
സഹോദരങ്ങൾ..
പ്രിജി പള്ളിയിൽ (യുകെ ),
പ്രീതി തോമസ് (യുകെ ),
പ്രീണി മാത്യു (യുകെ ),
പരേതരായ പ്രിസി ബാബു, പ്രിമി ബാബു.
പൊതുദർശന സമയവും വിലാസവും : 8-10am
Pr Varghese v chacko
IPC Carmel Ponga(Po)
Nedumudi, Alapuzha-688503
ശവസംസ്‌കാരം നടക്കുന്ന സമയവും വിലാസവും.
Peniel IPC
Anaprambal south (po)
Thalavady
Time 10-1pm
അര്‍പ്പണ മനോഭാവവും, സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞ ഭരണസമിതി, അതിലൂടെ കൈവരിക്കുന്ന തിളക്കമാര്‍ന്ന പ്രവര്‍ത്തനങള്‍, യുക്മ കലാമേള വേദിയിലെ നിറസാന്നിദ്ധ്യം, സ്പോർട്സ് മീറ്റുകളുടെ ആതിഥേയർ, കലാതിലകത്തെ സമ്മാനിച്ച അസോസിയേഷൻ .. എന്നിങ്ങനെ ഒരുപിടി തിളക്കമാർന്ന നേട്ടങ്ങൾ.. ഇതാണ് കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് വര്ഷങ്ങളായി റെഡിച്ചിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. അസൂയാര്‍ഹമായ വളര്‍ച്ചയുടെ പന്ഥാവിലൂടെ കെ സി എ റെഡിച്ച് ജൈത്രയാത്ര തുടരുമ്പോഴും കൂടുതല്‍ ഉണര്‍വ്വോടെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതാ നവനേതൃത്വം കര്‍മ്മനിരതരായി രംഗത്തെത്തിക്കഴിഞ്ഞു.
മലയാളി സമൂഹത്തിനു മാതൃകാപരവും അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു ഉതകുന്ന രീതിയിലുള്ള വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടനിലെ മലയാളി സംഘടനകള്‍ക്കുതന്നെ പ്രചോദനമായ കേരള കൾച്ചറൽ അസോസിയേഷന്റെ 2017-18ലേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസ്തുത യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചിലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കുകയും യോഗം പാസാക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തെ എല്ലാവരുടെയും സഹായസഹകരണങ്ങൾക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോബി മാത്യു നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ്- ജസ്റ്റിൻ ജോസഫ്
സെക്രട്ടറി – റെജി ജോർജ്
ട്രഷറർ – അഭിലാഷ് സേവ്യർ
വൈസ് പ്രസിഡന്റ് – ഷൈബി ബിജിമോൻ
ജോയിന്റ് സെക്രട്ടറി- അനിൽ ജോർജ്
പുതുതലമുറയ്ക്ക് തനതായ സാംസ്‌കാരിക തനിമയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തദ്ദേശീയമായ സംസ്‌കാരത്തോട് ഇഴുകിച്ചേര്‍ന്നു വളരുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും കൂടുതൽ ഊന്നൽ നൽകുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.
ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയിൽ ടെക്നോളജി മേഖലയിലെ സഹോദരങ്ങളായ ദിവ്യാങ്കും ഭവിനും ഇടം നേടി. ഇന്ത്യയിൽ നിന്നുള്ളവരുടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻമാരും ഇവർ തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇവർ രണ്ടു പേരുടെയും മൊത്തം ആസ്തി 1.3 ബില്ല്യൻ ഡോളറാണ് (ഏകദേശം 8,496 കോടി രൂപ). ഇന്ത്യയിൽ നിന്നുള്ളവരുടെ പട്ടികയിൽ 95–ാം സ്ഥാനത്താണ് ദിവ്യാങ്ക്– ഭവിൻ സഹോദരങ്ങൾ.
കുട്ടിക്കാലത്തു തന്നെ ബിസിനസ് തുടങ്ങിയ ഇരുവരും കുറഞ്ഞ കാലത്തിനിടെയാണ് കോടികളുടെ ആസ്തി സ്വന്തമാക്കിയത്. 900 ദശലക്ഷം ഡോളർ ആസ്തിയുള്ള പരസ്യ കമ്പനി മീഡിയ ഡോട്ട് നെറ്റ് ചൈനീസ് കമ്പനിക്ക് കൈമാറിയത് അടുത്തിടെയാണ്. 2013 ൽ നാല് ടെക് കമ്പനികളാണ് ഇരുവരും വില്‍പന നടത്തിയത്.
കോടീശ്വരൻ ദിവ്യാങ്കിന്റേത് അദ്ഭുത വിതച്ച കഥ തുടർന്ന് വായിക്കാം
പതിനാലാം വയസിലാണ് സഹോദരനൊപ്പം ചേര്‍ന്ന് ദിവ്യാങ്ക് തോറഖ്യ ആദ്യ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. പതിനാറ് വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1998ല്‍ വെബ് ഹോസ്റ്റിംഗ് കമ്പനിയായ ഡിറെക്ടി ഗ്രൂപ്പ് ദിവ്യാങ് സഹോദരനൊപ്പം ചേര്‍ന്ന് ആരംഭിച്ചു. പതിനെട്ടാം വയസില്‍ ലക്ഷപ്രഭുവായ ദിവ്യാങ്കിന് 21 വയസായപ്പോഴേക്കും കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ബിസിനസ് എന്ന ആശയത്തെ തന്നെയാണ് ആദ്യ സംരംഭമായി തോറഖ്യ സഹോദരങ്ങള്‍ കണ്ടത്. വളരെ ചെറിയ കാലത്തിനുള്ളില്‍ വലിയ നേട്ടങ്ങളാണ് ദിവ്യാങ്ക് തോറഖ്യ സ്വന്തമാക്കിയത്. ഇതുവരെ ഏഴോളം ബിസിനസ് സംരംഭങ്ങളാണ് ദിവ്യാങ്ക് നടത്തിയത്. ബിഗ് റോക്ക്, കോഡ്ചീഫ്, റീസെല്ലര്‍ക്ലബ്, ലോജിക്ക് ബോക്‌സസ്, വെബ്‌ഹോസ്റ്റിംഗ് ഡോട്ട് ഇന്‍ഫോ, ടോക്ക് ഡോട്ട് ടു എന്നിവയാണ് ദിവ്യാങ്കിന്റെ മീഡിയ ഡോട്ട് നെറ്റിന് കീഴില്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍. ബിസിനസ് കോണ്‍ഫറന്‍സുകളിലും അമേരിക്കയിലേയും ഇന്ത്യയിലേയും ചൈനയിലേയുമെല്ലാം സര്‍വ്വകലാശാലകളിലും സ്ഥിരം പ്രാസംഗികനാണ് ദിവ്യാങ്ക്. എങ്ങനെ ബിസിനസ് സംരംഭം ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ഈ യുവാവിന്റെ വാക്കുകള്‍ക്ക് നിരവധി പേരാണ് ലോകമെങ്ങും കാതോര്‍ത്തിരിക്കുന്നത്.
വിചിത്രമായ ഹോബികളാണ് ദിവ്യാങ്ക് തോറഖ്യയുടേത്. പറക്കുന്ന വിമാനത്തിന്റെ ചിറകിലൂടെ നടക്കുക, സ്‌കൈ ഡൈവിംഗ്, ബലൂണില്‍ പറക്കുക, സ്‌കൂബ ഡൈവിംഗ്, പാര ഗ്ലൈഡിംഗ്, ബോട്ട് ഓടിക്കല്‍, ട്രക്കിംഗ്, റോക്ക് ക്ലൈംബിങ് എന്നിവയാണ് ദിവ്യാങ്കിന്റെ ഹോബികളില്‍ ചിലത്. അതിവേഗത്തില്‍ മുന്നേറുന്ന ബിസിനസ് സംരംഭത്തിന്റെ ഉടമയായ ദിവ്യാങ്കിന് വേഗവും സാഹസികതയും ഇന്ധനമാക്കിയ ഹോബികള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. മുംബൈയില്‍ സ്വന്തമായി സെസ്സന്ന 172 വിമാനം ഉള്ളയാളാണ് ദിവ്യാങ്ക്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും(സിറസ് എസ്ആര്‍ 22) അദ്ദേഹത്തിന് വിമാനമുണ്ട്. വിമാനം പറത്തുന്നതിനൊപ്പം സ്‌പോര്‍ട്‌സ് കാറുകള്‍ ഓടിക്കുന്നതിലും കമ്പമുള്ള ദിവ്യാങ്കിന്റെ ശേഖരത്തില്‍ പോര്‍ഷെ 911 സ്‌പോര്‍ട്സ് കാറുമുണ്ട്.
പതിമൂന്ന് വയസു പ്രായമുള്ളപ്പോഴാണ് സഹോദരന്‍ ഭാവിന്‍ തോറഖ്യക്കൊപ്പം ജിഡബ്ലുബേസികില്‍ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ഗെയിം പ്രോഗ്രാം ചെയ്യുന്നത്. ഒരു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇവര്‍ ഗെയിം പ്രോഗ്രാം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അതിന് ശേഷമാണ് ഇവര്‍ ജിഡബ്ലു ബേസിക് ഇത്ര വലിയ പ്രോഗ്രാമിംഗ് ഫയലിനെ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞത്. ജിഡബ്ലുബേസിക് മാറ്റി ക്യുബേസികിലോ മറ്റോ ചെയ്യുകയായിരുന്നു പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന തോറഖ്യ സഹോദരങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ പരമാവധി ചെറുതാക്കി നാല് ബൈറ്റ് വരെ ലാഭിച്ച് ഇതേ കോഡുപയോഗിച്ച് ഗെയിം പുറത്തിറക്കുകയായിരുന്നു.
പ്രതിസന്ധികളില്‍ പതറാതെ സ്വന്തം രീതിയില്‍ പരിഹാരങ്ങള്‍ കാണാനുള്ള ശേഷിയാണ് പിന്നീടും ദിവ്യാങ്ക് തുറേഖിയയെ വിജയിച്ച സംരംഭകനാക്കി മാറ്റിയത്. ബിസിനസ് പങ്കാളിയാല്‍ വഞ്ചിക്കപ്പെട്ട് പത്തുപൈസ പോലുമില്ലാതെ തകര്‍ന്നു നില്‍ക്കുന്നയാളില്‍ നിന്നാണ് ഇവര്‍ തയ്യാറാക്കിയ ഗെയിം ആരംഭിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് പല കടമ്പകള്‍ താണ്ടി ബിസിനസ് വിജയിപ്പിക്കുന്നതാണ് ഗെയിമിന്റെ ഉള്ളടക്കം. ഒരു കമ്പനിക്കു മുന്നില്‍ വരുന്ന വ്യത്യസ്ത മേഖലകളിലെ വെല്ലുവിളികളത്രയും ഇവര്‍ തങ്ങളുടെ ഗെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കളിച്ച് മുന്നേറുന്നതിനനുസരിച്ച് എച്ച്ആര്‍, റിസര്‍ച്ച്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഫിനാന്‍സ്, നിയമം തുടങ്ങി നിരവധി മേഖലകളില്‍ നിന്നാണ് വെല്ലുവിളികള്‍ വരുക. ഇവയൊക്കെ അതിജീവിച്ച് ബിസിനസ് തുടങ്ങുന്നയാളായിരിക്കും വിജയി. കോര്‍പറേറ്റ് മേഖലയെക്കുറിച്ച് നിരവധി അറിവുകള്‍ പങ്കുവെക്കുന്ന ഈ വ്യത്യസ്ത ഗെയിം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഡിറെക്ടി എന്ന ഇവരുടെ കമ്പനി രൂപീകരിച്ചപ്പോള്‍ മുതല്‍ ഉയര്‍ച്ചയുടെ പാതയിലാണ്. 550ലേറെ ജീവനക്കാരാണ് ഡിറെക്ടിയിലുള്ളത്. മുംബൈയില്‍ ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ളതാണ് ഇവരുടെ കൂറ്റന്‍ ആസ്ഥാനം. ജീവനക്കാരുടെ ക്ഷേമത്തിന് നല്‍കുന്ന പ്രാധാന്യവും ദിവ്യാങ്കിന്റെ കമ്പനിയെ വേറിട്ടതാക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ജിംനേഷ്യം, നീന്തല്‍കുളം, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, ഡിവിഡി ലൈബ്രറി, സിനിമാ തിയേറ്റര്‍, പ്ലേസ്റ്റേഷനുകള്‍, ജീവനക്കാര്‍ക്ക് സൗജന്യമായി മുടിവെട്ടുന്നതിനും മസാജിംഗിനുമായുള്ള സലൂണ്‍, സൗജന്യമായി ഭക്ഷണം ലഭിക്കുന്ന കാന്റീന്‍ എന്നിവ ഡിറെക്ടിയുടെ പ്രത്യേകതയാണ്. തങ്ങളുടെ ടീമിന്റെ അനുമതിയോടെ സൗകര്യപ്രദമായ സമയം ജോലിക്കായി തെരഞ്ഞെടുക്കാനും ഡിറെക്ടിയിലെ ജീവനക്കാര്‍ക്കാകും. ഇത്തരം പ്രത്യേകതകള്‍ കൊണ്ടു തന്നെ ഒരിക്കലും ഇവരുടെ കമ്പനിക്ക് പ്രതിഭകളായ ജീവനക്കാരുടെ ക്ഷാമം നേരിടേണ്ടി വന്നിട്ടില്ല.
സഖറിയ പുത്തന്‍കളം
കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ചാമക്കാല പ്രദേശങ്ങളില്‍ നിന്നും യു.കെയില്‍ കുടിയേറിയിരിക്കുന്നവരുടെ സംഗമം 2017 മെയ് ആറാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വോള്‍വര്‍ഹാംപ്ടണിലുള്ള യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകളാണ് ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.കെ.യില്‍ താമസമാക്കിയിരിക്കുന്ന എല്ലാ മാഞ്ഞൂര്‍ ചാമക്കാല നിവാസികളെയും സംഘാടകര്‍ സ്‌നേഹപൂര്‍വ്വം മെയ് 6-ന് നടക്കുന്ന സംഗമത്തിലേക്ക് ക്ഷണിക്കുന്നു. ജനിച്ചുവളര്‍ന്ന നാടിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും സൗഹൃദം പുതുക്കാനും എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്.
Babuchettan – 07806785860
Biju – 07445373967
Anoop – 07868574697
Thankachan – 07904284058
സംഗമം നടക്കുന്ന ഹാളിന്റെ അഡ്രസ്സ്
UKKCA Community Hall
Wood Cross Lane
Wolverhamption
WV14 9BW
മോട്ടോര്‍ വാഹന വകുപ്പിന് എളുപ്പത്തില്‍ വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് ഫാന്‍സി നമ്പരുകളുടെ ലേലം. കേരളത്തിലെമ്പാടുമുള്ള ആര്‍ടി ഓഫീസുകളില്‍ ഇത്തരത്തിലുള്ള നമ്പര്‍ ലേലം നടക്കാറുണ്ടെങ്കിലും കൊച്ചി, കാക്കനാട് നടക്കുന്ന ലേലങ്ങള്‍ക്കാണ് താരപ്രഭ ലഭിക്കാറ്. ജോലിയുടെ ഭാഗമായി മിക്ക സിനിമക്കാര്‍ക്കും കൊച്ചി നഗരത്തില്‍ വാസസ്ഥാനമുണ്ടെന്നതാണ് ഇതിന് കാരണം. കെഎല്‍ 7- സികെ സിരീസിലെ ചില നമ്പരുകള്‍ക്കാണ് ഇത്തവണ താരപ്രഭ ലഭിച്ചത്. കാരണം അതിനുവേണ്ടി ആവശ്യമുന്നയിച്ചവര്‍ തന്നെ. മോഹന്‍ലാലും ദിലീപുമാണ് പ്രിയനമ്പരുകളുടെ ലേലത്തില്‍ പങ്കെടുത്തത്.കെഎല്‍ 7-സികെ 7 എന്ന നമ്പരിനുവേണ്ടിയാണ് മോഹന്‍ലാലിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. പുതിയ ഇന്നോവ കാറിനുവേണ്ടിയായിരുന്നു ഇത്. 31,000 രൂപയ്ക്കാണ് മോഹന്‍ലാലിന് നമ്പര്‍ ലഭിച്ചത്. എന്നാല്‍ ദിലീപിന് ഇഷ്ടനമ്പര്‍ ലേലത്തില്‍ സ്വന്തമാക്കാനായില്ല.
പുതിയ പോര്‍ഷെ കാറിനുവേണ്ടിയായിരുന്നു ദിലീപിന്റെ പ്രതിനിധി ലേലത്തില്‍ പങ്കെടുത്തത്. കെഎല്‍ 7-സികെ 1 എന്ന നമ്പരിനുവേണ്ടിയായിരുന്നു ദിലീപ് ബുക്ക് ചെയ്തത്. എന്നാല്‍ അഞ്ച് ലക്ഷം വരെ അദ്ദേഹത്തിന്റെ പ്രതിനിധി വിളിച്ചുവെങ്കിലും നമ്പര്‍ സ്വന്തമാക്കാനായില്ല. അവസാനം ഏഴരലക്ഷം രൂപയ്ക്കാണ് മറ്റൊരാള്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. മുഴുവന്‍ ലേലനടപടികളിലും കൂടെ 13.56 ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് നേടിയത്.
ബിനോയി ജോസഫ്
ഓസ്ട്രേലിയയിൽ കുത്തേറ്റ ഫാ. ടോമി കളത്തൂർ സുഖം പ്രാപിക്കുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം മൊബൈൽ സന്ദേശത്തിലൂടെ ലോകത്തെ അറിയിച്ചത്. “പ്രിയ സുഹൃത്തുക്കളെ, ഇത് ഞാൻ ടോമി.. എന്നെക്കുറിച്ച് നിങ്ങൾ അനുഭവിക്കുന്ന ആകുലതകൾക്കും നല്കുന്ന പിന്തുണയ്ക്കും നന്ദി.. ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്.. ഞാൻ സുഖം പ്രാപിച്ചു വരുന്നു എന്നറിയിക്കാനാണ് ഇത് എഴുതുന്നത്..” വടക്കൻ മെൽബണിലെ ഫോക് നർ വില്യം സ്ട്രീറ്റിലെ കാത്തലിക് ചർച്ചിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ ആയിരുന്നു ഫാ.ടോമിക്ക് കുത്തേറ്റത്.
അദ്ദേഹം ത൯െറ സന്ദേശം തുടർന്നു.. “തിരുവസ്ത്രത്തിലൂടെയാണ് കത്തി ആഴ്ന്നിറങ്ങിയത്.. അതിനാൽ തന്നെ മുറിവുകൾ ആഴമുള്ളതോ മാരകമോ അല്ല.. (എന്നെ കുത്തിയ പാവം അതു മനസിലാക്കിയിട്ടുണ്ടാവില്ല.) അവനെ വൈകുന്നേരത്തോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എനിക്കു ചുറ്റം ഒരു ജനസഞ്ചയം തന്നെയുണ്ട്.. പിന്നെ മാധ്യമങ്ങളും പോലീസും.. കൂടാതെ ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയും.. എമർജൻസി വാർഡി൯െറ ശാന്തതയിലാണ് ഞാനിപ്പോൾ.. അതിനാൽ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല..” താൻ സുരക്ഷിതനാണെന്നും ദൈവകരങ്ങൾ തന്നെ കാത്തുവെന്നും പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. “ഞാൻ സുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പിച്ചു പറയുന്നു.. അതേ, ഞാൻ അവ൯െറ കരങ്ങളുടെ സുരക്ഷയിലായിരുന്നു.. ഫാ. ടോമി.”
72 വയസുകാരനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. സെന്റ് മാത്യൂസ് പാരിഷിൽ വിശ്വാസികൾക്കു മുമ്പിൽ വച്ച് ഞായറാഴ്ച 11 മണിക്കാണ് 48 കാരനായ ഫാ. ടോമി മാത്യുവിനു നേരെ ആക്രമണമുണ്ടായത്. ഇന്ത്യാക്കാരനെങ്കിൽ നിങ്ങൾ ഹിന്ദുവോ മുസ്ളീമോ ആണെന്നും അതിനാൽ കുർബാന അർപ്പിക്കാൻ യോഗ്യനല്ലെന്നും പറഞ്ഞായിരുന്നു കുത്തിയത്. കഴുത്തി൯െറ ഇടതുഭാഗത്താണ് കുത്തേറ്റത്. ഇറ്റാലിയൻ കുർബാനയർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആംബുലൻസ് എത്തി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഫാ.ടോമിയുടെ നേരെ ഉണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മെൽബോൺ അതിരൂപതയുടെ വക്താവ് ഷെയ്ൻ ഹീലി പറഞ്ഞു. അച്ചൻ സുഖം പ്രാപിച്ചു വരികയാണെന്നും തന്റെ ശുശ്രൂഷാ ദൗത്യത്തിലേയ്ക്ക് മടങ്ങാൻ വെമ്പുകയാണെന്നും മോൺസിഞ്ഞോർ ഗ്രെഗ് ബെന്നറ്റ് പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പോലീസ് കരുതുന്നത്.
കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ഉടന്‍ ചോദ്യം ചെയ്യും. മൃതദേഹത്തിന്റെ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് സോഷ്യല്‍മീഡിയ വഴി വ്യാജ ചിത്രം പ്രചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
കാണാതാകുമ്പോള്‍ മിഷേല്‍ ധരിച്ചിരുന്ന ചിത്രമല്ല മൃതദേഹത്തില്‍ എന്ന തരത്തിലാണ് പ്രചരണം. മിഷേലിന്റെ പേരില്‍ ആരംഭിച്ച ഫെയ്‌സ്ബുക്ക് പേജ്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ വഴിയാണ് ചിത്രം പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കുമെന്നുമെന്ന് പൊലീസ് അറിയിച്ചു. രണ്ടിലെയും വസ്ത്രങ്ങള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ വ്യത്യാസം തോന്നിക്കും. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ധ്വനിപ്പിക്കുന്ന പ്രചാരണം നടത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെടുത്തപ്പോള്‍ മുതല്‍ പൊലീസ് എടുത്ത മുഴുവന്‍ ഫോട്ടോകളിലും വസ്ത്രം ഒരേ നിറത്തിലുള്ള ചുരിദാറാണ്. മാത്രമല്ല, മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഒട്ടേറെ നാട്ടുകാരും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അതിലും ഒരേ ചുരിദാറാണു വേഷം. എന്നാല്‍ ഇന്‍ക്വസ്റ്റ് റൂമില്‍ കിടത്തിയിരിക്കുന്നതായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ ടീ ഷര്‍ട്ട് എന്നു തോന്നിപ്പിക്കുന്ന മേല്‍വസ്ത്രമാണ് വേഷം. ഈ ഫോട്ടോയില്‍ മോര്‍ഫിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.
ഇന്‍ക്വസ്റ്റ് റൂമില്‍ ഉണ്ടായിരുന്ന മിഷേലിന്റെ ചില ബന്ധുക്കള്‍ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പുറത്തുപോയിരിക്കാമെന്നും ചിത്രത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ലണ്ടന്‍: ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി യുകെ പര്യടനം നടത്തും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഈയാഴ്ച മേയ് വെയില്‍സില്‍ സന്ദര്‍ശനം നടത്തും. സ്‌കോട്ട്ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്ന തെരേസ മേയ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനേക്കുറിച്ചുള്ള വിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കുകയും ചെയ്യും.
ബ്രെക്സിറ്റോടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള രണ്ടാം ഹിതപരിശോധനയ്ക്കുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സ്‌കോട്ട്ലന്‍ഡ് പ്രഥമമന്ത്രി നിക്കോള സ്റ്റര്‍ജന്റെ പ്രസ്താവനയാണ് രാജ്യ പര്യടനത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നത്. ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കാവുന്ന ആവശ്യമാണ് എസ്എന്‍പി ഉന്നയിക്കുന്നത്. തെരേസ മേയുടെ നിലപാടുകള്‍ ദോഷകരമാണെന്ന അഭിപ്രായമാണ് സ്റ്റര്‍ജന്‍ മുന്നോട്ടു വെച്ചത്.
എന്നാല്‍ ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണമായിട്ടല്ല പ്രധാനമന്ത്രിയുടെ പര്യടന പരിപാടിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് അറിയിക്കുന്നത്. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതിനു മുമ്പായി രാജ്യത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനുള്ള അവസാന വട്ട ശ്രമങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന വിശദീകരണമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
മാര്‍ച്ചില്‍ തന്നെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നേരത്തേ അറിയിച്ചിരുന്നത്. ഇതനുസരിച്ച് രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിഡ്, വെല്‍ഷ് സെക്രട്ടറി അലന്‍ കെയിന്‍സ് തുടങ്ങിയര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.