Uncategorized

കുടുംബപ്രശ്നങ്ങള്‍ കാരണമുണ്ടായ വിരോധത്താല്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോയിപ്രം പോലീസ് വിദഗ്ദ്ധമായി കുടുക്കി.

അയിരൂര്‍ വെള്ളിയറ തീയാടിക്കല്‍ കടമാന്‍കുഴി കോളനിയില്‍ മുത്തു എന്ന് വിളിക്കുന്ന രാജീവ് (49) ആണ് നിരന്തര നിരീക്ഷണത്തിനൊടുവില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ചൊവ്വ രാവിലെ ആറരയോടെ തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന പോലീസ് സംഘം, കണ്ണൂരില്‍ നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രാമദ്ധ്യേ പ്രതിയെ പിടികൂടുകയായിരുന്നു.

2016 മുതല്‍ ലോങ്ങ് പെന്റിങ് വിഭാഗത്തില്‍ ഉള്‍പ്പെട്ട കേസില്‍ കഴിഞ്ഞ കുറെ മാസങ്ങളായി പ്രതി കോയിപ്രം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, പ്രത്യേകസംഘം ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

രണ്ട് കുട്ടികളുമൊത്ത് താമസിച്ചുവന്ന വീട്ടില്‍ വച്ച്‌ 2010 നവംബര്‍ ഒന്നിനാണ് ഇയാള്‍ ഭാര്യ സിന്ധുവിന്റെ മേല്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയവേ സിന്ധു മരണപ്പെട്ടു. മൂന്നിന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി. തുടര്‍ന്ന് കോടതി എല്‍ പി വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. നാടുവിട്ട ഇയാള്‍ പലസ്ഥലങ്ങളില്‍ ഹോട്ടലുകളിലും കാന്റീനുകളിലും ജോലി ചെയ്ത് ഒളിവില്‍ താമസിക്കുകയായിരുന്നു.

ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി കണ്ണൂര്‍ എറണാകുളം ജില്ലകളിലെ പല സ്ഥലങ്ങളിലും പിന്നീട് ബംഗളുരുവിലും ഹോട്ടലുകളിലും കാന്റീനുകളിലും സഹായിയായി കഴിഞ്ഞു. രാജേഷ് എന്ന് പേരുമാറ്റി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ ഇയാള്‍ കൊട്ടാരക്കരയില്‍ ഒരു സ്ത്രീക്കൊപ്പം താമസമാക്കി. രാജേഷ് കൊട്ടാരക്കര എന്ന പേരില്‍ ഫേസ്ബുക് ഐഡി സൃഷ്ടിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി.

ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്തു താമസിച്ചവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ആറുമാസം മുമ്പ് കോയിപ്രം പോലീസ് സംഘം പ്രതിയെ അന്വേഷിച്ച്‌ ബാംഗ്ലൂരില്‍ പോയിരുന്നു. പക്ഷെ, ഇയാള്‍ പിടിയിലാവാതെ രക്ഷപ്പെട്ടു. അന്നുമുതല്‍ ഇയാള്‍ കോയിപ്രം സ്‌ക്വാഡിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിലെ ഒളിയിടം പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി, കണ്ണൂരിലേക്ക് കടക്കുകയും അവിടെ ഒരു ഹോട്ടലില്‍ ജോലിക്ക് കയറുകയും ചെയ്തു. ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസിന്, കൊട്ടാരക്കരയിലുള്ള വിട്ടിലേക്ക് ഇയാള്‍ വരുന്നതായി വിവരം ലഭിച്ചു. യാത്രയ്ക്കിടെയാണ് രാവിലെ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ ബസിനുള്ളില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

നാട്ടില്‍ ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നു രാജിവിന്. ഏകദേശം ഒരു വര്‍ഷം മുമ്പുവരെ പ്രതിയുടെ ലൊക്കേഷനെപ്പറ്റി പോലീസിന് കൃത്യമായ വിവരമേയില്ലായിരുന്നു. എന്നാല്‍ ബംഗളുരുവിലെ ഇയാളുടെ സാന്നിധ്യം അറിയുന്നതിന് മുമ്പുമുതല്‍ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭ്യമായിരുന്നു. പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം സ്‌ക്വാഡിലെ അംഗങ്ങള്‍ തെരഞ്ഞുനടന്നു.

സ്ത്രീകളുമായുള്ള അടുപ്പത്തിന്റെ സൂചനയും ലഭിച്ചിരുന്നു.കൊട്ടാരക്കരയില്‍ ലിവിങ് ടുഗെതര്‍ എന്ന വിധത്തിലാണ് സ്ത്രീക്കൊപ്പം താമസം. കണ്ണൂരുനിന്നും അങ്ങോട്ടേക്കുള്ള യാത്ര സംബന്ധിച്ച രഹസ്യവിവരം കിട്ടിയ കോയിപ്രം സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവല്ല കെ എസ് ആര്‍ റ്റി സി സ്റ്റാന്‍ഡില്‍ കാത്തുനിന്നത് അറിയാതെ രാജീവ് പോലീസ് വിരിച്ച വലയില്‍ ഒടുവില്‍ കുടുങ്ങുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി .സുരേഷ് കുമാര്‍ , എ എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിന്‍ ജോണ്‍ , സി പി ഓമാരായ രതീഷ് , അനു ആന്റപ്പന്‍ എന്നിവരടങ്ങിയ കോയിപ്രം സ്‌ക്വാഡ് ആണ് 14 കൊല്ലമായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ശ്രമകരമായ ദൗത്യത്തില്‍ കണ്ടെത്തി പിടികൂടിയത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സ്‌ക്വാഡിന്റെ നീക്കങ്ങള്‍ വിജയത്തിലെത്തിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വർഷമായ ആധ്യാത്മിക വർഷാചരണം ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു , 2024 ഡിസംബർ ഒന്നാം തീയതി മുതൽ 2025 നവംബർ 29 വരെ ആചരിക്കുന്ന ആധ്യാത്മിക വർഷാചരണത്തിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികളെ കുറിച്ച് രൂപതാ അംഗങ്ങൾക്കായി മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേക സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട് .

പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മിക സമ്പത്തിന്റെ അവകാശികൾ എന്ന നിലയിൽ ദൈവത്തിന് നന്ദി പറയുവാനും തനതായ ആധ്യാത്മിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുവാനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു . ഈ കാലയളവിൽ 2024 ഡിസംബർ 18 മുതൽ 2025 നവംബർ 29 വരെയുള്ള കാലയളവിൽ അഖണ്ഡ ബൈബിൾ പാരായണം , എല്ലാ ദിവസവും രൂപത ഒന്നാകെ പങ്കു ചേരാവുന്ന തരത്തിൽ സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിട്ടുള്ള യാമ പ്രാർഥനകളിലുള്ള പങ്കുചേരൽ , കൂദാശകളിലൂടെയുള്ള കൃപാവരം സ്വീകരിക്കൽ , തപസ്സ് ചൈതന്യമുള്ള ആത്മീയ ജീവിതം ശീലിക്കുക , . പൗരസ്ത്യ ആധ്യാത്മികത പഠിക്കുവാനും അറിയുവാനും സഹായിക്കുവാൻ മുൻ വർഷങ്ങളിലേത് പോലെ തന്നെ ഉർഹ ഫാമിലി ക്വിസ് 2025 എന്നിങ്ങനെയുള്ള വിവിധ കർമ്മ പദ്ധതികൾ ആണ് ആധ്യാത്മിക വർഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് . ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ നടന്ന ആധ്യാത്മിക വർഷത്തിന്റെ ഉത്‌ഘാടനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , വികാരി റെവ ഫാ ജെയിംസ് കോഴിമല എന്നിവർ പ്രസംഗിച്ചു.

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടും ക്രൂരത കാണിച്ച ആയമാര്‍ അറസ്റ്റില്‍. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്.

സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യ ഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.

ജനനേന്ദ്രിയ ഭാഗത്ത് നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അജിതയാണ് ഉപദ്രവിച്ചത്. മറ്റ് രണ്ടുപേര്‍ വിവരമറിഞ്ഞിട്ടും മറച്ചു വെച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

ഷിബു മാത്യൂ,  മലയാളം യുകെ ന്യൂസ്.
ക്രിസ്തുമസ്സാഘോഷങ്ങളുടെ ഭാഗമായി യോർക്ഷയറിലെ കീത്തിലി ഏയർഡെൽ NHS ഹോസ്പ്പിറ്റലിലെ വാർഡ് 4 ക്രിസ്തുമസ്സ് ബേയ്ക്ക് സെയിൽ സംഘടിപ്പിക്കുന്നു. വാർഡ് 4 ഡിപ്പാർട്ടുമെൻ്റും ഏയർഡേൽ NHS ചാരിറ്റിയും സംയുക്തമായി ചേർന്ന് നടത്തുന്ന ക്രിസ്തുമസ്സ് ബെയ്ക് സെയിൽ നാളെ പതിനൊന്നു മണിക്ക് ഹോസ്പിറ്റൽ ടോപ് ലാൻ്റിംഗിൽ പ്രത്യേകം ഒരുക്കുന്ന സ്റ്റാളിൽ നടക്കും. വാർഡ് 4 ലെ ജീവനക്കാരാണ് ക്രിസ്തുമസ്സ് ബേയ്ക് സെയിലിനു നേതൃത്വം നൽകുന്നത്. വാർഡ് 4 ലെ ഡിമൻഷ്യാ രോഗികളുടെ പരിചരണത്തിനായിട്ടുള്ള ഉപകരങ്ങൾ വാങ്ങുവാനും വാർഡിൻ്റെ മറ്റു പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയുള്ളതാക്കി തീർക്കുന്നതിനുമായിട്ടാണ് ക്രിസ്തുമസ്സ് ബെയ്ക്ക് സെയിലിൽ നിന്നും ലഭിക്കുന്ന പണം ഉപകരിക്കുന്നത്. ഡിവിഷണൽ ഡയറക്ടറേറ്റ് ഓഫ് നേഴ്സിംഗിൻ്റെയും മറ്റ് മേലുദ്യോഗസ്ഥരുടെയും പിന്തുണയോടുകൂടിയാണ് ക്രിസ്തുമസ്സ് ബെയ്ക്ക് സെയിൽ നടത്തുന്നത്. വാർഡ് 4 ലെ ജീവനക്കാരെ കൂടാതെ ഹോസ്പ്പിറ്റലിലെ നിരവധി ജീവനക്കാരും ക്രിസ്തുമസ്സ് ബെയ്ക് സെയിലിലേയ്ക്കായി വിവിധ തരത്തിലുള്ള കെയ്ക്കുകൾ സ്പോൺസർ ചെയ്ത് പിന്തുണ അറിയിച്ചിട്ടുണ്ട്. വാർഡ് 4നെ കൂടാതെ ഹോസ്പ്പിറ്റലിന് അകത്തും പുറത്തു നിന്നുമുള്ളവർക്ക് കേയ്ക്കുകൾ സ്പോൺസർ ചെയ്യുവാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ വാർഡ് 4 മായി ബന്ധപ്പെടേണ്ടതാണ്.

ക്രിസ്തുമസ്സ് ബെയ്ക് സെയിൽ വിജയകരമാക്കിത്തീർക്കാൻ കീത്തിലി ഏയർഡേൽ NHS ഹോസ്പ്പിറ്റലിലെ എല്ലാ മലയാളി ജീവനക്കാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

 

വിദ്യാർഥിനിയെ പീഡിപ്പിച്ച സിനിമ, സീരിയൽ നടനായ അധ്യാപകനെ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി -55) ആണ് അറസ്റ്റിലായത്. വിവിധ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കും.

പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം അടക്കം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധന അടക്കം നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഉൾപ്പടെ ഇയാൾ വേഷമിട്ടിട്ടുണ്ട്. കൂടാതെ സീരിയലിലും വേഷമിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുടെ  ഏഴാമത് ബൈബിൾ കലോത്സവ മത്സരങ്ങക്കു സ്കൻതോർപ്പിലെ   ഫ്രഡറിക് ഗൗ സ്‌കൂളിൽ തുടക്കമായി   . പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം മത്സരാർത്ഥികൾ ആണ് വിവിധ  മത്സരങ്ങളിൽ പങ്കെടുക്കുന്നത് .

9 മണിക്ക്   ബൈബിൾ പ്രതിഷ്ഠയോടുകൂടിയാണ് ഉദ്‌ഘാടന സമ്മേളനം ആരംഭിച്ചത് . ബൈബിൾ പ്രതിഷ്ട പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനോട് ചേർന്ന് മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകർ എന്നിവരും അണിനിരന്നു . തുടർന്ന് അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറൽ അച്ചനും പാസ്റ്ററൽ കോർഡിനേറ്ററും വൈദികരും സിസ്റേഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരി തെളിതെളിച്ചതോടെ യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് തുടക്കമായി.

    .

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്താംപ്ടൻ യൂണിവേഴ്സിറ്റി ജനറൽ ഹോസ്പിറ്റൽ ലീഡർ ഓഫ്‌ ദി ഇയർ പുരസ്കാരം മലയാളിയായ സാലിതോമസ്‌ ഇലവുങ്കലിനു സ്വന്തം.

ഒക്ടോബർ 16 ന് സൗത്താംപ്ടൻ ഹിൽടൺ ഹോട്ടലിൽ വെച്ചു നടന്ന പുരസ്കാര ദാന ചടങ്ങിൽ യു എച്ച്‌ എസ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഡേവിഡ്‌. ഫ്രഞ്ച്‌, ചീഫ്‌ നേഴ്സ്‌ ഗയിൽ ബേൺ എന്നിവർ സന്നിഹിതരായിരുന്നു. മാനന്തവാടി സ്വദേശിയായ സാലിതോമസ്‌ ഇലവുങ്കൽ 2008 മുതൽ സൗത്താംപ്ടൻ ഹോസ്പിറ്റലിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഓർത്തോപീടിക്സ്‌ ഡിപ്പർട്ട്മെന്റിൽ നഴ്സിംഗ്‌ മാനേജരായി സേവനമനുഷ്ഠിക്കുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ആറ് ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. കണ്ണൂര്‍ എസിപി രാജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, സിറ്റിയിലെ മറ്റൊരു എസ്എച്ച്ഒ സനല്‍കുമാര്‍, എസ്ഐ രേഷ്മ, സൈബര്‍ സെല്‍ എസ്ഐ ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍ വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി.പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം നിയമ പോരാട്ടത്തിന് ഇറങ്ങിയ സാഹചര്യത്തിലാണ് ഉന്നത പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

ഷിബു മാത്യൂ

മറ്റ് നാട്യ കലാ രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോഹിനിയാട്ടം കേരളത്തിന്റെ സ്വന്തം ക്ലാസിക്കൽ നൃത്തരൂപമാണ്. ആതുര ശുശ്രൂഷ മേഖലയിലെ നീണ്ട പഠനകാലവും അതിനുശേഷം യുകെയിലെത്തി എൻഎച്ച് എസിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന തിരക്കുകൾക്കിടയിലും ദൈവം തനിക്ക് തന്ന കഴിവുകളുടെ താലന്തുകളെ പൊടി തട്ടിയെടുത്ത് ആത്മ പ്രകാശനം ചെയ്യുന്ന ഒരു യുകെ മലയാളിയെയാണ് ഇന്ന് വിജയദശമി ദിനത്തിൽ മലയാളം യുകെ ന്യൂസ് പ്രിയ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. യുകെയിലെ യോർക്കിൽ സൈക്കാട്രിസ്റ്റായി ജോലി നോക്കുന്ന ഡോ. മിറിയം ഐസക്ക് (ദീപ ) ഈ വർഷം ആഗസ്റ്റ് മാസം തൻെറ മാതൃ വിദ്യാലയമായ സെൻറ് തെരേസാസ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അത് സമാനതകളില്ലാത്ത സ്വപ്ന സാക്ഷാത്കാരമായിരുന്നു. മധ്യവയസ്സിനോട് അടുപ്പിച്ച് തൻെറ ജീവിത സാഫല്യത്തെ തിരിച്ചറിഞ്ഞ് കലയുടെ ശ്രീകോവിലിൽ സ്വയം ഉപാസിക്കാൻ അവസരം കിട്ടിയ ഒരു കലാകാരിയുടെ ആത്മ സംതൃപ്തിയോടെയാണ് ഡോ. ദീപ മലയാളം യുകെയോട് സംസാരിച്ചത്.

മഹാവിഷ്ണുവിൻെറ അവതാരമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടമായി വിവക്ഷിക്കുന്നത്. സൂക്ഷ്മമായ മുഖ ഭാവങ്ങളും ചലനങ്ങളും ഈ നൃത്തരൂപത്തിൻെറ പ്രത്യേകതയാണ് . നൃത്തം അവതരിപ്പിക്കുമ്പോൾ കലാസ്വാദകരുടെ മനസ്സിനുണ്ടാകുന്ന അനുവാചക നിർവൃതിയും ആതുരശുശ്രൂഷ രംഗത്ത് മാനസികാരോഗ്യത്തിന്റെ സ്നേഹ കരസ്പർശം പകർന്നു നൽകുമ്പോഴും കിട്ടുന്ന ആത്മസംതൃപ്തിയുടെയും സാരാംശം ഒന്നാണെന്ന മഹത്തായ ആശയമാണ് ഡോ. ദീപ പങ്കു വെയ്ക്കുന്നത്.

സ്കൂൾ പഠനകാലത്ത് 5 വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട് ഡോ. ദീപ . എന്നിരുന്നാലും പ്രസംഗ കലയിലൂടെയാണ് തൻെറ സാന്നിധ്യം സ്റ്റേജിൽ ആദ്യം അറിയിച്ചത് . പിന്നീട് മെഡിക്കൽ കോളേജിലെ പഠനകാലത്ത് വെസ്റ്റേൺ മ്യൂസിക്കലും ഗിറ്റാറിലും സംസ്ഥാനതല ഇൻറർ മെഡിക്കൽ യൂത്ത് ഫെസ്റ്റിവലിൽ കോട്ടയം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിക്കുകയും ചെയ്തു. പക്ഷേ ആ കാലഘട്ടത്തിലൊന്നും ശാസ്ത്രീയ നൃത്തത്തിന്റെ നാൾവഴികളിൽ തൻെറ ജന്മസാഫല്യം പൂർത്തീകരിക്കാൻ തനിക്കാകുമെന്ന് ഡോ. ദീപ കരുതിയിരുന്നില്ല.

പ്രവാസത്തിൻെറ ഏറ്റവും വലിയ നന്മ നമ്മുടെ വേരുകളിലേയ്ക്ക് ഗൃഹാതുരത്വത്തോടുള്ള തിരിഞ്ഞുനോട്ടമാണെന്ന് ഡോ. ദീപ പറഞ്ഞു. അങ്ങനെ അനുഗ്രഹീത കലാകാരിയും നാട്യാചാര്യ കലാക്ഷേത്ര ശ്രീമതി വിലാസിനി ടീച്ചറിന്റെ മകളും നൃത്താധ്യാപികയുമായ ശ്രീമതി സുനിതാ സതീഷിൻെറ ശിക്ഷണത്തിൽ ഒരു വർഷത്തോളം ഓൺലൈൻ ആയും നേരിട്ടും തീവ്രമായ പരിശീലനം നടത്തിയതിൻെറ സാക്ഷാത്കാരമായിരുന്നു സെൻറ് തെരേസാസ് കോളേജിൽ മോഹിനിയാട്ടത്തിൽ നടത്തിയ അരങ്ങേറ്റം. ത്യാഗരാജൻ, സ്വാതിതിരുനാൾ, മൈസൂർ വാസുദേവാചാര്യർ, മധുരൈ കൃഷ്ണൻ എന്നീ പ്രഗത്ഭരുടെ കൃതികളാണ് തൻെറ അരങ്ങേറ്റത്തിൽ ഡോ . ദീപ അവതരിപ്പിച്ചത് . ശിവരഞ്ജിനി രാഗത്തിലും ഖണ്ഡ ചാപ്പ് താളത്തിലും രചിക്കപ്പെട്ട തില്ലാന ഗുരുവായ ശ്രീമതി സുനിത സതീഷിൻെറ വിദഗ്ധമായ ചിട്ടപ്പെടുത്തൽ അനുസരിച്ച് മനോഹരമായി അവതരിപ്പിച്ചതിന് മുക്തകണ്ഠം പ്രശംസിയാണ് അനുവാചകർ ഡോ. ദീപയ്ക്ക് നൽകിയത്. പിന്നണിയിലും ഒട്ടേറെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം ഡോക്ടർ ദീപയുടെ അരങ്ങേറ്റ മത്സരത്തെ അവസ്മരണീയമാക്കി. സൗപർണ ശ്രീകുമാർ അരങ്ങേറ്റയിനങ്ങൾ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയപ്പോൾ നട്ടുഹംഗം നിർവഹിച്ച ഗുരു ശ്രീമതി സുനിതാ സതീശിനൊപ്പം സംഗീതവിദുഷി ഷാനി ഹരികൃഷ്ണൻ, മൃദംഗ വിദഗ്ധൻ ഹരികൃഷ്ണൻ, വീണ വാദകൻ ബിജു, ഇടയ്ക്ക വിദഗ്ദൻ തൃപ്പൂണിത്തറ ഹരി എന്നിവരും ചമയ കലാകാരൻ ഇടക്കൊച്ചി മുകുന്ദനും പിന്നണിയിൽ അണിനിരന്നു.

വൈകിയാണെങ്കിലും ഒരു കലാകാരിക്ക് ലഭിച്ച സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഡോ. ദീപയ്ക്ക് സെൻറ് തെരേസാസ് കോളേജിൽ ലഭിച്ചത്. താൻ പഠിച്ച തൻെറ അമ്മ ദീർഘകാലം ജോലി ചെയ്ത സെൻറ് തെരേസാസ് കോളേജ് ശരിക്കും ഡോ. ദീപയ്ക്ക് മാതൃ വിദ്യാലയം തന്നെയാണ്. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ ഐസക് മേനോത്തുമാലിലും സെൻറ് തെരേസാസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻെറ വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ ഡെയ്‌സി ഐസക്കും ആണ് ഡോ. ദീപയുടെ മാതാപിതാക്കൾ.

ഡോ. ദീപയുടെ ഭർത്താവ് ഡോ. തോമസ് ഏലിയാസ് ന്യൂറോ സൈക്യാട്രിയിലും എഡിഎച്ച്ഡിയിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റാണ്. സംഗീതത്തെയും നൃത്തത്തെയും വളരെ ഇഷ്ടപ്പെടുന്ന ഡോ. തോമസ് ഒരു കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. ഏക മകൻ കണ്ണൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന മൈക്കിൾ ഇയർ 10 ആണ് പഠിക്കുന്നത്. ചെറുപ്രായത്തിലെ സ്കൂൾ നാടകവേദികളിൽ കണ്ണൻ തൻെറ വരവ് അറിയിച്ചു കഴിഞ്ഞു.

നൃത്തോപാസനകളുടെ ആഗ്രഹ പൂർത്തീകരണത്തിൻെറ സന്തോഷം ഈശ്വര പാദങ്ങളിലും ഗുരു സമക്ഷവുമാണ് ഡോ. ദീപ നന്ദിയായി അർപ്പിക്കുന്നത്. ഡോ. ദീപയുടെ ഗുരു സുനിതാ സതീഷിന്റെ ശിക്ഷണത്തിൽ പരിശീലനം തേടി മഹത്തായ പാരമ്പര്യമുള്ള ശിഷ്യ പരമ്പരയിൽ സ്ഥാനം പിടിച്ചത് ദൈവകടാക്ഷമായാണ് ഡോ. ദീപ കരുതുന്നത്. വിലാസിനി ടീച്ചറിന്റെ ഇളയ മകളായ സുനിത ടീച്ചർ വിവിധ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയത് അമ്മയിൽ നിന്ന് തന്നെയാണ് . 1989 ൽ എം ജി സർവകലാശാല കലാതിലകം ആയിരുന്ന സുനിത ടീച്ചർ അതേ വർഷം യുഎസ് എസ് ആർ -ൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കടയിരുപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ നൃത്താധ്യാപികയായ സുനിത ടീച്ചർ തന്റെ ബിരുദാന്തര പഠനത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

സ്കൂൾ കോളേജ് കലോത്സവങ്ങളിൽ തിളങ്ങി നിന്ന പലരും കലാരംഗത്ത് നിന്ന് വിടവാങ്ങി ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ ഒന്നൊന്നായി തനിക്ക് ദൈവം തന്ന കഴിവുകളെ ആരോഗ്യമേഖലയിൽ തിരക്കേറിയ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുമ്പോഴും നേടിയെടുക്കുന്നതിൻെറ സന്തോഷത്തിലാണ് യുകെ മലയാളി ഡോക്ടർ ആയ ദീപ . 2020-2022 ലെ കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ വൈഷമ്യങ്ങളിലൂടെ കടന്നുപോയത് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. എന്നാൽ ആ സമയം ആണ് ഡോ. ദീപ എൻഎച്ച്എസ്സിനായി ഔപചാരികമായി എഴുതാൻ ആരംഭിച്ചത്.

ഇതിനിടെ എ ടൈം റ്റു ഹീൽ ( A TIME TO HEAL ) എന്ന പേരിൽ ഡോക്ടർ തന്റെ ആദ്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. തൻെറ 40 കളുടെ തുടക്കത്തിൽ ഭാവനയുടെ ലോകത്തെ എഴുത്തിലൂടെ വഴിതിരിച്ചുവിട്ട ഡോക്ടർ ഇതിനിടയ്ക്ക് കരാട്ടയിൽ റെഡ് ബെല്‍റ്റ് വരെ കരസ്ഥമാക്കുകയും ചെയ്തു . നമ്മുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ എന്തിനു നാം തന്നെ അതിർവരമ്പുകൾ നിർണയിക്കുന്നു എന്ന ചോദ്യമാണ് ഡോ. ദീപ ഈ ലേഖകനോട് ചോദിച്ചത് . ആത്മസംതൃപ്തിക്കായി എഴുത്തും മണിക്കൂറുകളോളം നീണ്ട നൃത്ത പരിശീലനവും ആരോഗ്യപരിപാലന ശുശ്രൂഷയ്ക്കൊപ്പം ഒന്നിപ്പിച്ച് വിജയം കൊയ്ത ഡോ. ദീപ നമ്മൾക്ക് നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ് . വലിയ ലക്ഷ്യങ്ങളിൽ വിശ്വസിച്ച് ആത്മ സംതൃപ്തിക്കായി പ്രവർത്തിക്കൂ. ദൈവകൃപയും ഗുരു കടാക്ഷവും നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഡോ. ദീപയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മലയാളം യുകെ ന്യൂസ് ടീം ആത്മാർത്ഥമായി ആശംസിക്കുന്നു.

 

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ പരാമര്‍ശിച്ച പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും അൻവർ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ്. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരും, അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാല്‍, ഇവിടെ മനോവീര്യം തകരുന്നവർ താന്‍ പറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പോലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

മലപ്പുറം എസ്.പി ആയിരുന്ന സുജിത്ത് ദാസിന്റെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം അം​ഗീകരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍, ഇത് പുറത്ത് വിടുന്നതല്ലാതെ തനിക്ക് വേറെ രക്ഷയില്ലായിരുന്നു. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. 10,000 രൂപയുടെ മരത്തടി കേസിനാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ എം.എല്‍.എ.യുടെ കാലുപിടിക്കുന്നത്.

എസ്.പിയോട് അന്വേഷണം നടക്കട്ടെ എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അത് പറയുമ്പോള്‍ അദ്ദേഹം പിന്നെയും കാലുപിടിക്കും. ഈ കാലുപിടിത്തം തുടരുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനില്‍ക്കുന്ന ഐ.പി.എസ്. ഓഫീസര്‍ അഞ്ച് വയസ്സുള്ള കുട്ടി പറയുന്നത് പോലെ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു. സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞ ഏക സംഭവം ഈ ഫോണ്‍ റെക്കോഡിങ് ആണ്. ഈ തെളിവുകളൊക്കെ ഉണ്ടായിട്ടും ഇത് ഇപ്പോള്‍ തിരിച്ചുവരികയാണ്. ഈ തെറ്റ് ചെയ്തത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്.

സ്വര്‍ണത്തിലെ കുറ്റവാളികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തെറ്റിദ്ധാരണയാണ്. 182 കേസുകള്‍ പോലീസ് പിടിച്ചിട്ടുണ്ട്. ഈ സ്വര്‍ണക്കള്ളക്കടത്ത് തെളിയിക്കാന്‍ എന്താണ് മാര്‍ഗമുള്ളത്. ഇവരെ ചോദ്യംചെയ്യണം. എത്ര സ്വര്‍ണമാണ് കൊണ്ടുവന്നതെന്നും പിന്നീട് എന്ത് നടന്നുവെന്നും കൃത്യമായി പരിശോധിക്കണം. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഈ പറയുന്നത്. എന്തുമാത്രമാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്.

ഈ കാര്യത്തില്‍ മുഖ്യമന്ത്രി വിശദമായി പഠിക്കേണ്ടതുണ്ട്. വിമാനത്താവളത്തിന്റെ മുന്നില്‍വെച്ചാണ് ഈ പിടിക്കുന്നത്. രാജ്യം അനുശാസിക്കുന്ന നിയമമനുസരിച്ച് അവര്‍ അത് കസ്റ്റംസിനെ അറിയിക്കണം. കാരണം, ഇത് പിടിക്കേണ്ടത് അവരാണ്. ഒരുകേസിലും വിവരം കൊടുത്തിട്ടില്ല. ഇക്കാര്യം പരിശോധിക്കണം. ഈ വിവരം കസ്റ്റംസിനെ അറിയിച്ചാല്‍ 20 ശതമാനം റിവാര്‍ഡുണ്ട്. അത് പോലീസിന്റെ സഹായത്തോടുകൂടി പുറത്തുനിന്നാണ് പിടിക്കണമെങ്കില്‍ അവര്‍ക്കും ഇതില്‍ നിന്ന് പങ്കുലഭിക്കും. ഈ റിവാര്‍ഡ് സുജിത്ത് ദാസിനും ടീമിനും വേണ്ട.

‘ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. കൊണ്ടോട്ടി അങ്ങാടിയിലെ എല്ലാവര്‍ക്കും അറിയാം കഴിഞ്ഞ മൂന്നുകൊല്ലമായിട്ട് ഇത് നടക്കുകയാണെന്ന്. കാരിയര്‍മാരായി വന്നവരെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. ഞാന്‍ തെളിവ് നല്‍കാനുള്ള പരിശ്രമത്തിലാണ്. കുറച്ച് ആളുകൾ തയ്യാറായി വരികയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ എ.ഡി.ജി.പിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല. സ്വകാര്യമായി മൊഴി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവർക്ക് പേടിയാണ്.

ഇത് അന്വേഷിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയേണ്ട കാര്യം. ഇവർ 102 സി.ആർ.പി.സി പ്രകാരമാണ് കേസെടുക്കുന്നത്. സംശയാസ്പദമായി തോന്നുമ്പോൾ എടുക്കുന്ന കേസാണിത്. യാത്രക്കാരൻ കളവായി കൊണ്ടുവന്നതല്ല. അയാൾ നികുതി വെട്ടിച്ച് കൊണ്ടുവന്നതാണ്. അപ്പോൾ ഇത് കളവുമുതലല്ല. കോടതിയിൽ ഇത് നിൽക്കില്ല. പോലീസ് ഇത് കസ്റ്റംസിനെ അറിയിച്ചില്ല. അവർ ചെയ്യേണ്ട ജോലിയാണ്. അവരാണ് ഈ പണി ചെയ്യേണ്ടതും. കാര്യം അറിയിച്ച് റിവാർഡ് വാങ്ങുന്നതിന് പകരം ആവശ്യമുള്ള സ്വർണം എടുത്തതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കുകയാണ്. ഇതിൽ നിന്നെന്താണ് മനസ്സിലാക്കേണ്ടത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇത്രയും കാലം ഞാൻ പി. ശശിക്കെതിരേ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചത്. കള്ളക്കടത്ത് സംഘത്തിൽ നിന്നും ഒരു പങ്കുപോലും ശശി പറ്റുന്നുണ്ടോ എന്ന് പരിശോധിക്കണം. മുഖ്യമന്ത്രി പറയുന്നുണ്ട് തനിക്ക് കിട്ടിയ റിപ്പോർട്ട് എന്ന്. എന്താണ് ആ റിപ്പോർട്ട്. എ.ഡി.ജി.പി. എഴുതി നൽകിയതാണ് റിപ്പോർട്ട്. ഇപ്പോൾ മരംമുറി കേസ് നടക്കുകയല്ലേ. വിജിലൻസ് അന്വേഷണം സത്യസന്ധമാണെന്ന അഭിപ്രായം എനിക്കില്ല.

എന്തും പിടിക്കാനുള്ള അധികാരം പോലീസിനുണ്ട്. അവർ മണ്ണുപിടിക്കുന്നില്ലേ, മരം പിടിക്കുന്നില്ലേ. എന്നാൽ, പിടിച്ചാൽ പ്രതിയേയും തൊണ്ടിമുതലിനേയും കൈമാറണ്ടേടത്ത് കൈമാറണം. വഴിയിൽ നിന്ന് സ്വർണം കിട്ടിയാൽ കളവാണെന്ന് സംശയിക്കാം. എന്നാൽ, വിമാനത്താവളത്തിന്റെ മുറ്റത്ത് നിന്നും പിടിക്കുമ്പോൾ അത് കസ്റ്റംസിന് കൈമാറണം’, പി.വി. അൻവർ പറഞ്ഞു.

പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്തെത്തിയിരുന്നു. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനാണ് നടത്തുന്നതെന്നും പറഞ്ഞു.

Copyright © . All rights reserved