Uncategorized

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ പരാമര്‍ശിച്ച പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും അൻവർ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ്. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരും, അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാല്‍, ഇവിടെ മനോവീര്യം തകരുന്നവർ താന്‍ പറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പോലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

മലപ്പുറം എസ്.പി ആയിരുന്ന സുജിത്ത് ദാസിന്റെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം അം​ഗീകരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍, ഇത് പുറത്ത് വിടുന്നതല്ലാതെ തനിക്ക് വേറെ രക്ഷയില്ലായിരുന്നു. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. 10,000 രൂപയുടെ മരത്തടി കേസിനാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ എം.എല്‍.എ.യുടെ കാലുപിടിക്കുന്നത്.

എസ്.പിയോട് അന്വേഷണം നടക്കട്ടെ എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അത് പറയുമ്പോള്‍ അദ്ദേഹം പിന്നെയും കാലുപിടിക്കും. ഈ കാലുപിടിത്തം തുടരുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനില്‍ക്കുന്ന ഐ.പി.എസ്. ഓഫീസര്‍ അഞ്ച് വയസ്സുള്ള കുട്ടി പറയുന്നത് പോലെ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു. സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞ ഏക സംഭവം ഈ ഫോണ്‍ റെക്കോഡിങ് ആണ്. ഈ തെളിവുകളൊക്കെ ഉണ്ടായിട്ടും ഇത് ഇപ്പോള്‍ തിരിച്ചുവരികയാണ്. ഈ തെറ്റ് ചെയ്തത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്.

സ്വര്‍ണത്തിലെ കുറ്റവാളികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തെറ്റിദ്ധാരണയാണ്. 182 കേസുകള്‍ പോലീസ് പിടിച്ചിട്ടുണ്ട്. ഈ സ്വര്‍ണക്കള്ളക്കടത്ത് തെളിയിക്കാന്‍ എന്താണ് മാര്‍ഗമുള്ളത്. ഇവരെ ചോദ്യംചെയ്യണം. എത്ര സ്വര്‍ണമാണ് കൊണ്ടുവന്നതെന്നും പിന്നീട് എന്ത് നടന്നുവെന്നും കൃത്യമായി പരിശോധിക്കണം. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഈ പറയുന്നത്. എന്തുമാത്രമാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്.

ഈ കാര്യത്തില്‍ മുഖ്യമന്ത്രി വിശദമായി പഠിക്കേണ്ടതുണ്ട്. വിമാനത്താവളത്തിന്റെ മുന്നില്‍വെച്ചാണ് ഈ പിടിക്കുന്നത്. രാജ്യം അനുശാസിക്കുന്ന നിയമമനുസരിച്ച് അവര്‍ അത് കസ്റ്റംസിനെ അറിയിക്കണം. കാരണം, ഇത് പിടിക്കേണ്ടത് അവരാണ്. ഒരുകേസിലും വിവരം കൊടുത്തിട്ടില്ല. ഇക്കാര്യം പരിശോധിക്കണം. ഈ വിവരം കസ്റ്റംസിനെ അറിയിച്ചാല്‍ 20 ശതമാനം റിവാര്‍ഡുണ്ട്. അത് പോലീസിന്റെ സഹായത്തോടുകൂടി പുറത്തുനിന്നാണ് പിടിക്കണമെങ്കില്‍ അവര്‍ക്കും ഇതില്‍ നിന്ന് പങ്കുലഭിക്കും. ഈ റിവാര്‍ഡ് സുജിത്ത് ദാസിനും ടീമിനും വേണ്ട.

‘ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. കൊണ്ടോട്ടി അങ്ങാടിയിലെ എല്ലാവര്‍ക്കും അറിയാം കഴിഞ്ഞ മൂന്നുകൊല്ലമായിട്ട് ഇത് നടക്കുകയാണെന്ന്. കാരിയര്‍മാരായി വന്നവരെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. ഞാന്‍ തെളിവ് നല്‍കാനുള്ള പരിശ്രമത്തിലാണ്. കുറച്ച് ആളുകൾ തയ്യാറായി വരികയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ എ.ഡി.ജി.പിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല. സ്വകാര്യമായി മൊഴി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവർക്ക് പേടിയാണ്.

ഇത് അന്വേഷിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയേണ്ട കാര്യം. ഇവർ 102 സി.ആർ.പി.സി പ്രകാരമാണ് കേസെടുക്കുന്നത്. സംശയാസ്പദമായി തോന്നുമ്പോൾ എടുക്കുന്ന കേസാണിത്. യാത്രക്കാരൻ കളവായി കൊണ്ടുവന്നതല്ല. അയാൾ നികുതി വെട്ടിച്ച് കൊണ്ടുവന്നതാണ്. അപ്പോൾ ഇത് കളവുമുതലല്ല. കോടതിയിൽ ഇത് നിൽക്കില്ല. പോലീസ് ഇത് കസ്റ്റംസിനെ അറിയിച്ചില്ല. അവർ ചെയ്യേണ്ട ജോലിയാണ്. അവരാണ് ഈ പണി ചെയ്യേണ്ടതും. കാര്യം അറിയിച്ച് റിവാർഡ് വാങ്ങുന്നതിന് പകരം ആവശ്യമുള്ള സ്വർണം എടുത്തതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കുകയാണ്. ഇതിൽ നിന്നെന്താണ് മനസ്സിലാക്കേണ്ടത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇത്രയും കാലം ഞാൻ പി. ശശിക്കെതിരേ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചത്. കള്ളക്കടത്ത് സംഘത്തിൽ നിന്നും ഒരു പങ്കുപോലും ശശി പറ്റുന്നുണ്ടോ എന്ന് പരിശോധിക്കണം. മുഖ്യമന്ത്രി പറയുന്നുണ്ട് തനിക്ക് കിട്ടിയ റിപ്പോർട്ട് എന്ന്. എന്താണ് ആ റിപ്പോർട്ട്. എ.ഡി.ജി.പി. എഴുതി നൽകിയതാണ് റിപ്പോർട്ട്. ഇപ്പോൾ മരംമുറി കേസ് നടക്കുകയല്ലേ. വിജിലൻസ് അന്വേഷണം സത്യസന്ധമാണെന്ന അഭിപ്രായം എനിക്കില്ല.

എന്തും പിടിക്കാനുള്ള അധികാരം പോലീസിനുണ്ട്. അവർ മണ്ണുപിടിക്കുന്നില്ലേ, മരം പിടിക്കുന്നില്ലേ. എന്നാൽ, പിടിച്ചാൽ പ്രതിയേയും തൊണ്ടിമുതലിനേയും കൈമാറണ്ടേടത്ത് കൈമാറണം. വഴിയിൽ നിന്ന് സ്വർണം കിട്ടിയാൽ കളവാണെന്ന് സംശയിക്കാം. എന്നാൽ, വിമാനത്താവളത്തിന്റെ മുറ്റത്ത് നിന്നും പിടിക്കുമ്പോൾ അത് കസ്റ്റംസിന് കൈമാറണം’, പി.വി. അൻവർ പറഞ്ഞു.

പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്തെത്തിയിരുന്നു. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനാണ് നടത്തുന്നതെന്നും പറഞ്ഞു.

ഉരുളെടുത്ത വയനാടിനായി സമീക്ഷ യുകെ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്‍റിന് വിസില്‍ മുഴുങ്ങാൻ മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച വിതൻഷോവിലെ പാർക്ക് അത്ലറ്റിക് സെന്‍ററിലാണ് മത്സരം. ടൂർണമെന്‍റില്‍ നിന്ന് ലഭിക്കുന്ന തുക വയനാടിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഇതിന് പുറമെ മത്സരം നടക്കുന്ന വേദിയോട് ചേർന്ന് ചായവില്‍പ്പന നടത്തിയും പണം സമാഹരിക്കും. മുണ്ടക്കൈയിലെ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിക്കുന്നതിലേക്കായി ഈ തുക മാറ്റിവെയ്ക്കും. രണ്ടാമത് വടംവലി ടൂർണമെന്‍റിന്‍റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രശസ്ത നടൻ മിഥുൻ രമേശ് മാഞ്ചസ്റ്ററില്‍ നിർവഹിച്ചു.

ടൊവിനോ നായകനായ അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്‍റെ പ്രീ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. മത്സരത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ പ്രമോഷൻ വീഡിയോ ചടങ്ങില്‍ പ്രദർശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മത്സരം തുടങ്ങും. ഇരുപത് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്കായി ആകെ നാലായിരത്തോളം പൗണ്ടാണ് സമ്മാനത്തുകയായി നല്‍കുന്നത്. സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും. ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്.

മത്സരം കാണാനെത്തുന്നവർക്ക് മൂന്ന് നേരവും കേരളീയ ഭക്ഷണം ലഭ്യമാണ്. ഫുഡ് പ്രീ ഓർഡറിങ് ഫോമിലൂടെ ഭക്ഷണം ഓൺലൈനായി ബുക്ക് ചെയ്യാം. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. രാഷ്ട്രീയ പ്രതിനിധികളും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളാകും. ടൂർണമെന്‍റിന്‍റെ ചിട്ടയായ നടത്തിപ്പിനായി പത്തോളം സബ്കമ്മിറ്റികളിലായി നൂറിലേറെ വോളണ്ടിയർമാരാണ് രാപകലില്ലാതെ പ്രവർത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ്‌ഫോർഡിലെ വീടിന് തീപിടിച്ച സംഭവത്തിൽ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായി. ഡെനിസ്റ്റി ബിർട്ടിൽ, 9, ഓസ്കാർ ബിർട്ടിൽ, 5, ഓബ്രി ബിർട്ടിൽ, 22 മാസം ഇവരുടെ അമ്മ ബ്രയോണി ഗാവിത്ത് (29) എന്നിവരാണ് മരണമടഞ്ഞത്. കൊലപാതകമാണെന്ന് സംശയിക്കുന്ന സംഭവത്തിൽ 39 കാരനായ ഒരാളെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്റ്റ്ബറി റോഡിൽ പുലർച്ചെയാണ് വീടിന് തീപിടുത്തം ഉണ്ടായത്.

ദാരുണമായ ഈ സംഭവത്തിൽ ഒരു കുടുംബത്തിലെ എന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയ്ക്കും അവരുടെ മൂന്ന് കുട്ടികൾക്കും ജീവൻ നഷ്ടമായതായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് പറയുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള എന്തെങ്കിലും ദൃശ്യങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുകയും ചെയ്‌തു.

അതിരാവിലെ പുറത്ത് നിന്നുള്ള വെളിച്ചം കണ്ടപ്പോൾ ആദ്യം കാറിനോ മറ്റോ തീപിടിച്ചതാണെന്നാണ് അയൽവാസിയായ ലിൻഡ്‌സെ പിയേഴ്‌സൺ കരുതിയത്. പിന്നീടാണ് വീടിനാണ് തീപിടിച്ചതെന്നും വീടിനുള്ളിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് മനസിലായത്.

ഇറ്റലിയുടെ തീരത്ത് കൊടുംകാറ്റിൽ പെട്ട് ആഡംബര കപ്പൽ മുങ്ങിയ സംഭവത്തിൽ ആറ് വിനോദസഞ്ചാരികളെ കാണാതായ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. പ്രമുഖ ബ്രിട്ടീഷ് ഐ ടി വ്യവസായിയും 18 വയസ്സുകാരി മകളും ഇതിൽ ഉൾപ്പെടുന്ന വാർത്താ വ്യവസായ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മൈക്കിന്റെ ഭാര്യയെയും മറ്റു 14 പേരെയും രക്ഷിക്കാനായി . 184 അടി നീളമുള്ള ബേസിയൻ എന്ന നൗകയിൽ 10 ജീവനക്കാർ ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്.

ബ്രിട്ടനിലെ ബിൽഗേറ്റ്സ് എന്നാണ് മൈക്ക് ലിഞ്ച് അറിയപ്പെട്ടിരുന്നത്. ഇറ്റലിയുടെ തെക്കു ഭാഗത്തുള്ള സിസിലി തീരത്തു നിന്നും തിങ്കളാഴ്ച പുലരും മുൻപാണ് നൗക പുറപ്പെട്ടത്. അപ്രതീക്ഷിതമായി ആഞ്ഞടിച്ച കൊടുങ്കാറ്റാണ് ദുരന്തം ഉണ്ടാകാനുള്ള കാരണം. കാണാതായ യാത്രക്കാരിൽ 4 ബ്രിട്ടീഷുകാരും രണ്ട് അമേരിക്കക്കാരുമാണ് ഉള്ളത്. രക്ഷപ്പെടുത്തിയ പതിനഞ്ചു പേരിൽ ഒരു വയസ്സ് വരുന്ന ഇംഗ്ലീഷ് പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയെ പലേർമോയിലെ ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും യുകെയിൽ നിന്നുള്ളവരാണ്. സിസിലിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൽ ഏകദേശം 50 മീറ്റർ താഴ്ചയിൽ കിടക്കുന്ന കപ്പലിൻെറ അവശിഷ്ടങ്ങൾ കാണാം. കാണാതായ ആറ് പേർക്കായി സ്‌കൂബ ഡൈവർമാർ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച പകുതി മുതൽ, പടിഞ്ഞാറൻ മെഡിറ്ററേനിയനിൽ മോശം കാലാവസ്ഥയാണ്. ഇടയ്ക്കിടെ കൊടുങ്കാറ്റുകളും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. 2008-ൽ നിർമ്മിച്ച ഈ ആഡംബര കപ്പൽ ഭൂരിഭാഗം യാത്രകളും നടത്തിയത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലാണ്. റെവ്‌ടോം ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ

സ്പെയിനിലെ ടെനറഫിൽ അവധി ആഘോഷിക്കുന്നതിനിടെ മരിച്ച ജയ് സ്ലേറ്ററിൻ്റെ സംസ്കാരം നടത്തി. ലങ്കാഷെയറിലെ ഓസ്വാൾഡ്‌വിസ്റ്റലിൽ നിന്നുള്ള 19 കാരനായ ജയ് സ്ലേറ്റർ ജൂൺ 17ന് ടെനറഫിലെ ഒരു പർവ്വത പ്രദേശത്ത് വഴിതെറ്റി വീണ് മരിക്കുകയായിരുന്നു. ഒരു മാസത്തെ തിരച്ചിലിന് ശേഷമാണ് ജയ് സ്ലേറ്ററിൻ്റെ മൃതദേഹം കണ്ടെത്തിയത്. അക്രിംഗ്ടണിലെ ചാപ്പൽ ശുശ്രൂഷയിൽ ഏകദേശം 500 പേർ ആണ് പങ്കെടുത്തത് . മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവരോട് ജയ് സ്ലേറ്ററിൻ്റെ സ്മരണക്കായി നീല നിറത്തിലുള്ള എന്തെങ്കിലും ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പുഷ്പാഞ്ജലി അർപ്പിക്കുന്നതിന് പകരം വിദേശത്ത് കാണാതായ ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തെ സഹായിക്കുന്ന എൽബിടി ഗ്ലോബൽ ചാരിറ്റിയിലേക്ക് ആളുകൾ സംഭാവന നൽകണമെന്ന് സ്ലേറ്ററിൻ്റെ പ്രിയപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു.

ജയ് സ്ലേറ്ററിനെ കാണാതായ സംഭവം ബ്രിട്ടനിൽ മാത്രമല്ല ലോകമെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.

കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് അവന്റെ കണ്ടെത്തിയത് . അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം

ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലവില്‍ 18 ആണ്. എന്നാല്‍ രാജ്യത്തെ നിയമമന്ത്രാലയം വിവാദമായ ഒരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് ഒന്‍പതിലേക്ക് കുറയ്ക്കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ആണ്‍കുട്ടികളുടേത് 15 ആയി കുറയ്ക്കാനും. 1959 മുതല്‍ രാജ്യം പിന്തുടര്‍ന്നുപോരുന്ന പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.

ബില്‍ പാസ്സാവുകയാണെങ്കില്‍ പെണ്‍കുട്ടികളെ ഒന്‍പതാം വയസ്സിലും ആണ്‍കുട്ടികളെ 15-ാം വയസ്സിലും വിവാഹം കഴിപ്പിക്കാന്‍ നിയമതടസ്സമുണ്ടാവില്ല. ഇതോടെ ബാലവിവാഹങ്ങളും ചൂഷണങ്ങളും വര്‍ധിക്കുമെന്ന വിമര്‍ശനം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുകഴിഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും ലിംഗസമത്വത്തിനും രാജ്യം ഇത്രയും നാള്‍കൊണ്ട് നേടിയെടുത്ത നേരിയ വളര്‍ച്ച ഒറ്റയടിക്ക് ഇല്ലാതാകുമെന്ന ആശങ്കയാണ് മനുഷ്യാവകാശ സംഘടനകള്‍ പങ്കുവെക്കുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കാട്ടി വനിതാസംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശൈശവവിവാഹം, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനം എന്നിവയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍. യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖില്‍ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിനു മുമ്പേ വിവാഹിതരാവുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ രാജ്യം പുറകിലേക്ക് സഞ്ചരിക്കുമെന്ന് ഹ്യൂമണ്‍ റൈറ്റ് വാച്ച് ആരോപിച്ചു.

ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും ചെറുപ്പക്കാരികളെ ‘അധാര്‍മ്മിക ബന്ധങ്ങളില്‍’ നിന്ന് സംരക്ഷിക്കാനുമാണ് പുതിയ മാറ്റമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വികലമായ ഈ ന്യായവാദം ശൈശവ വിവാഹത്തിന്റെ കഠിനമായ യാഥാര്‍ഥ്യങ്ങളെ അവഗണിക്കുകയാണ്. എണ്ണമില്ലാത്തത്രയും സ്ത്രീകളുടെ ഭാവിയാണ് പുതിയ നിയമം ഇല്ലാതാക്കുക.

ജൂലായ് അവസാനം വിവാദനിയമം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും അംഗങ്ങള്‍ എതിര്‍ത്തതോടെ പിന്‍വലിച്ചു. എന്നാല്‍, ചേംബറില്‍ ആധിപത്യമുള്ള ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതിന് ശേഷം ഓഗസ്റ്റ് 4-ന് വീണ്ടും കൊണ്ടുവരികയായിരുന്നു.

6 മാസം മുമ്പ് നേഴ്സായി ജോലി കിട്ടി ഹർഷ യുകെയിൽ എത്തിയത് നിരവധി സ്വപ്നങ്ങളും നെഞ്ചിലേറ്റിയാണ്. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തഭൂമിയിലേയ്ക്ക് ഹർഷ തിരിച്ചെത്തിയത് തകർന്ന ഹൃദയവുമായാണ്. യുകെയിലെ പ്രവാസ ജീവിതത്തിൽ ഗൃഹാതുരത്വത്തോടെ ഓർക്കുന്നവർ ഇന്ന് എവിടെയാണെന്ന് അറിയില്ല. ചൂരൽമലയിൽ ഹർഷയുടെ വീടും ഉരുൾഎടുത്തു . നെഞ്ചിൽ അതിൻറെ കനലുമായാണ് യുകെയിൽ നിന്ന് ഹർഷ പറന്നിറങ്ങുന്നത്.


പിസി ഹർഷ എന്ന യു കെ മലയാളി നേഴ്സിന്റെ വീടിരുന്നെടത്ത് ഇന്ന് ഒരു അവശേഷിപ്പും ഇല്ലാതെ ചെളിമണ്ണ് നിറഞ്ഞിരിക്കുന്നു. ആ വീട് പണയപ്പെടുത്തിയാണ് അച്ഛനും അമ്മയും അവളെ യുകെയിലേയ്ക്ക് അയച്ചത് . തൊട്ടടുത്തു താമസിച്ചിരുന്ന അച്ഛന്റെ ബന്ധുക്കൾ എട്ടു പേരെയും മലവെള്ളം കൊണ്ടു പോയി. ഇതുവരെ നാലുപേരുടെ മാത്രം മൃതദേഹമാണ് കിട്ടിയത്.

ഹർഷയുടെ സഹോദരി സ്നേഹ കോഴിക്കോടാണ് പഠിക്കുന്നത്. അതുകൊണ്ട് മാത്രം സ്നേഹയുടെയും ജീവൻ തിരിച്ചുകിട്ടി. ഹർഷയുടെ അച്ഛൻ ബാലചന്ദ്രൻ പ്ലാന്റേഷനിലെ തോട്ടം തൊഴിലാളിയായിരുന്നു. അമ്മ അജിത. വീടിൻറെ പണി മുഴുപ്പിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം തറകെട്ടി ചുമരു കെട്ടാനേ സാധിച്ചിരുന്നുള്ളൂ. അച്ഛനും അമ്മയും വാടകവീട്ടിലായിരുന്നു താമസം. വയനാട്ടിൽ ഉരുൾപൊട്ടിയ വാർത്തയറിഞ്ഞ് യുകെയിൽ നിന്ന് വിളിച്ച ഹർഷയോടെ അവസാനം ബന്ധുക്കൾക്ക് ആ സത്യം പറയേണ്ടി വന്നു. അച്ഛനെയും അമ്മയെയും ബന്ധുക്കളെയും കാണാതായതറിഞ്ഞ് തൻ കളിച്ചു വളർന്ന ജന്മനാട്ടിലേയ്ക്ക് ഹർഷ് വരുമ്പോൾ അവിടെ അവശേഷിക്കുന്നത് ചെളി നിറഞ്ഞ കണ്ണീർ പാടം മാത്രം ആണ് .

കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. സര്‍ക്കാർ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.

മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.

ദുരന്തമുണ്ടായ ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. കഴിഞ്ഞദിവസം കണ്ണൂര്‍ ഡി.എസ്.സി. നിര്‍മ്മിച്ച താത്കാലിക പാലം വെള്ളത്തിനടിയിലായി.

അതേസമയം, ചൂരൽമലയിൽ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സൈന്യമാണ് ബെയ്‌ലി പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാകും.

ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ കൂടുതൽ കരുത്തോടെ തുടരണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇക്കാര്യം സൂചിപ്പിച്ച് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു.

അർജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ തുടരണം. ഇതുവരെ നടന്നപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കേരളത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

നേരത്തെ, ഷിരൂരിലെ രക്ഷാദൗത്യം താത്ക്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധവുമായി കേരളത്തിലെ ജനപ്രതിനിധികൾ രം​ഗത്തെത്തിയിരുന്നു. തിരച്ചിൽ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയെന്ന് മന്ത്രി റിയാസ് പറഞ്ഞു. ശനിയാഴ്ച നടത്തിയ ചർച്ചയിൽ രക്ഷാദൗത്യം തുടരുമെന്നാണ് അറിയിച്ചിരുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ടത്തെ യോ​ഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് എം. വിജിൻ എം.എൽ.എയും അറിയിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയുമായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ, പുഴയിലെ ഒഴുക്ക് കുറയാതെ വന്നതോടെ സംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

റോമി കുര്യാക്കോസ്

യൂറോപ്പ്: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രതീകവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) ജർമ്മനി, യു കെ, ഓസ്ട്രിയ, സ്വിറ്റ്സർലഡ്, പോളണ്ട് തുടങ്ങിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം (ZOOM) മുഖേന, ജൂലൈ 20 (ശനിയാഴ്ച) യൂറോപ് സമയം 6 PM, യു കെ – അയർലണ്ട് സമയം 5 PM, ഇന്ത്യൻ സമയം 9.30 PM – ന് ആണ് “ഓർമകളിൽ ഉമ്മൻ ചാണ്ടി” എന്ന തലക്കെട്ടിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ബഹു. വി ഡി സതീശൻ, എൽ എൽ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

എഐ സിസി അംഗവും അങ്കമാലി എം എൽ എയുമായ ശ്രീ. റോജി എം ജോൺ, ചാലക്കുടി എം എൽ എ ശ്രീ. സനീഷ് കുമാർ ജോസഫ്, എഐസിസി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്‌, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനവർ ശ്രീ. പി സരിൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. അബിൻ വർക്കി, ശ്രീ. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, ദീപിക ഡൽഹി ബ്യൂറോ എഡിറ്റർ (നാഷണൽ അഫേഴ്സ്) ശ്രീ. ജോർജ് കള്ളിവയലിൽ, ഐഒസി ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. അനുര മത്തായി, ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിരോഷ് ജോർജ്, വിവിധ രാജ്യങ്ങളിലെ ഐ ഒ സി സംഘടന അധ്യക്ഷന്മാർ, മറ്റു ഐ ഒ സി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സാമൂഹിക – രാഷ്ട്രീയ- മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോർഡിനേറ്ററും ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ. സണ്ണി ജോസഫ് അറിയിച്ചു.

ശ്രീ. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഏതെങ്കിലും സ്മരണകൾ ചടങ്ങിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നവർ, ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ മുൻകൂട്ടി അറിയിച്ചാൽ അതിനുള്ള അവസരം നൽകുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ:

സണ്ണി ജോസഫ് : +49 1523 6924999

റോമി കുര്യാക്കോസ് : +44 7776646163

Zoom Link:

https://us02web.zoom.us/j/9726008841?pwd=MWZwcXZwdndlb1JRNUtodkNaS1JJUT09&omn=89176444362

Meeting ID: 972 600 8841

Passcode: 12345

Date & Time: 20/07/2024 (Saturday)

Europe Time : 6.00 PM

U K – Ireland Time : 5.00 PM

Indian Time : 9.30 PM

RECENT POSTS
Copyright © . All rights reserved