Uncategorized

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ അവസാനിച്ചു കഴിഞ്ഞപ്പോള്‍ ദേശീയ കലാമേള വാശിയേറിയ പോരാട്ടത്തിനുള്ള വേദിയാകുമെന്നുള്ളത് ഉറപ്പായി. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് എല്ലാ പ്രധാന റീജണുകളിലും നടന്നു കഴിഞ്ഞിട്ടുള്ളത്. പത്താമത് ദേശീയ കലാമേളയില്‍ ചാമ്പ്യന്‍ റീജിയണാകുന്നത് ആരാകുമെന്നുള്ള ആകാംഷയിലാണ് കലാപ്രേമികള്‍ കാത്തിരിക്കുന്നത്.

നിലവിലുള്ള ചാമ്പ്യന്മാരായ യോര്‍ക്ക്ഷെയറിന് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനാവുമോ എന്നുള്ളതാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷെഫീല്‍ഡില്‍ വച്ച് നടന്ന ദേശീയ കലാമേളയില്‍ ആതിഥേയരെന്ന ആനുകൂല്യവും ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ എന്നിവരുടെ മിന്നുന്ന പ്രകടനവും കൂടിച്ചേര്‍ന്നപ്പോള്‍ അതുവരെ കിരീടം കുത്തകയാക്കി വച്ചിരുന്ന മുന്‍നിര റീജിയണുകളെയെല്ലാം പിന്നിലാക്കി യോര്‍ക്ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയൺ ചാമ്പ്യന്മാരാവുകയായിരുന്നു. ഒപ്പം ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ പട്ടവും സ്വന്തമാക്കിയപ്പോള്‍ റീജിയണ് അത് ഇരട്ടിമധുരമായി മാറി. ഇന്നുവരെ നടന്നിരിക്കുന്ന ഒന്‍പത് കലാമേളകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന്‍ ഉള്‍പ്പെടുന്ന റീജിയണ് ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടുള്ളത് നാല് തവണ മാത്രമാണ്. ഇത്തവണയും ഇ സി വൈ ഒ, ഹൾ, എസ് കെ സി എ, ഷെഫീൽഡ് എന്നിവരുടെ കരുത്തില്‍ വിജയമാവര്‍ത്തിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റീജിയണല്‍ നേതൃത്വം.

കഴിഞ്ഞ തവണ യോര്‍ക്ക്ഷെയര്‍ നേട്ടം കൈവരിച്ചതുപോലെ ആതിഥേയരെന്ന ആനുകൂല്യം മുതലെടുത്ത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാരാകാന്‍ ഒരുങ്ങുകയാണ് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍. നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ ഇതിനു മുന്‍പ് ദേശീയ കലാമേള നടന്നത് 2013ല്‍ ലിവര്‍പൂളില്‍ വച്ചാണ്. ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നെത്തിയ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനും മിഡ്‌ലാൻഡ്‌സ് ചാമ്പ്യന്‍ റീജിയണുമായി തെരഞ്ഞെടുക്കപ്പെട്ടു ആ വർഷം. ഇത്തവണ അതിന് പ്രായശ്ചിത്വം ചെയ്യുമെന്ന ദൃഡനിശ്ചയത്തിലാണ് നോര്‍ത്ത് വെസ്റ്റ് റീജിയൺ. യു കെ യിലെ ഏറ്റവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും മികച്ച അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനിലാണ് റീജിയന്റെ പ്രധാന പ്രതീക്ഷ. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മത്സരങ്ങളില്‍ മറ്റ് സംഘടനകളെയെല്ലാം ബഹുദൂരം പിന്നിലാക്കി എം എം എ നടത്തിയ തേരോട്ടം ദേശീയ കലാമേളയില്‍ ആവര്‍ത്തിക്കാനായാല്‍ മികച്ച അസോസിയേഷനും ചാമ്പ്യന്‍ റീജിയനും നോര്‍ത്ത് വെസ്റ്റില്‍ തന്നെയായിരിക്കും.

ഒന്‍പത് ദേശീയ കലാമേളകളില്‍ അഞ്ചിലും ചാമ്പ്യന്മാരായി പാരമ്പര്യമുള്ള കരുത്തുറ്റ റീജിയണായ മിഡ്ലാന്റ്സ് ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ദേശീയ കലാമേളയ്ക്കെത്തുന്നത്. ഹാട്രിക്ക് വിജയത്തിന്‌ശേഷം കഴിഞ്ഞ തവണ ഷെഫീല്‍ഡിലേയ്ക്ക് എത്തിയപ്പോള്‍ യോര്‍ക്ക്ഷെയറിനു മുന്നില്‍ മിഡ്‌ലാൻഡ്‌സിന് കാലിടറി. മുന്‍പ് 2014ല്‍ ഹാട്രിക്ക് വിജയം തേടി മിഡ്ലാന്റ്സ് ലെസ്റ്ററിലെത്തിയപ്പോഴും ഇതേപോലെ അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്; അന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയനോടായിരുന്നു.
ബര്‍മ്മിങ്ഹാം ബി സി എം സി, എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നീ പവര്‍ഹൗസുകളാണ് മിഡ്‌ലാൻഡ്‌സിന്റെ കരുത്ത്. 2016ലെ കവന്‍ട്രി ദേശീയ കലാമേളയില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഇവര്‍ രണ്ടു പേരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണയും റീജിയണില്‍ ബി സി എം സി ചാമ്പ്യന്മാരും സ്റ്റോക്ക് റണ്ണേഴ്സ് അപ്പുമാണ്. അത് ദേശീയ കലാമേളയില്‍ മാറിമറിയാവുന്നതുമാണ്. ഇവരുടെ മികച്ച പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ മിഡ്ലാന്റ്സ് തങ്ങളുടെ പ്രതാപകാലത്തേയ്ക്ക് തിരിച്ചു വരും.

ആദ്യ രണ്ട് ദേശീയ കലാമേളകളില്‍ ചാമ്പ്യന്മാരായത് സംയുക്ത സൗത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ് റീജിയണായിരുന്നു. പിന്നീട് രണ്ട് റീജിയണായി മാറിയതിനു ശേഷം ഇന്നു വരെ തങ്ങളുടെ ആദ്യകാല പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തുവാന്‍ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ സൗത്ത് വെസ്റ്റ് റീജിയണ്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീതിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ദേശീയ കലാമേളയില്‍ രണ്ട് തവണ ഏറ്റവുമധികം പോയിന്റ് നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടിയിട്ടുള്ള, റീജിയണില്‍ അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ഗ്ലോസ്റ്റര്‍ഷെയർ മലയാളി അസോസിയേഷനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഈ വർഷത്തെ റീജിയണൽ കലാമേളയിൽ സ്വിന്‍ഡന്‍ ഡബ്ല്യു എം എ, സാലിസ്ബറി എസ് എം എ എന്നീ അസോസിയേഷനുകള്‍ മുന്നിലെത്തിയിട്ടുള്ളത്. ഗ്ലോസ്റ്ററിന് തൊട്ടു പിന്നിൽ തന്നെ എയ്ൽസ്ബറിയും പൊരുതി എത്തിയിരുന്നു. ഈ അസോസിയേഷനുകളെല്ലാം തങ്ങളുടെ മിന്നുന്ന പ്രകടനം ദേശീയ കലാമേളയില്‍ ആവര്‍ത്തിച്ചാല്‍ സൗത്ത് വെസ്റ്റ് ചരിത്ര നേട്ടത്തിന് ഉടമകളാവും.

സൗത്ത് ഈസ്റ്റ് റീജിയണൽ ചാമ്പ്യന്മാരായ പോര്‍ട്ട്സ്മൗത്ത്, സീമ ഈസ്റ്റ്ബോണ്‍, കെ സി ഡബ്യു എ ക്രോയിഡോണ്‍ എന്നീ സംഘടനകളുടെ കരുത്തിലാണ് റീജിയൺ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ഈസ്റ്റ് ആംഗ്ലിയക്കാവട്ടെ റീജയണല്‍ ചാമ്പ്യന്മാരായ നോര്‍വിച്ച് മലയാളി അസോസിയേഷനിലാണ് പ്രതീക്ഷ. ദേശീയ കലാമേളകളില്‍ ചാമ്പ്യന്‍ അസോസിയേഷന്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള ബാസില്‍ഡണ്‍, ഇപ്സ്വിച് എന്നിവയുടെ പാതയിൽ നോര്‍വിച്ച് മുന്നേറുമോ എന്ന് മാഞ്ചസ്റ്ററിൽ അറിയാം.

ഇവര്‍ക്കൊപ്പം ഇത്തവണ റീജിയണല്‍ കലാമേള നടന്ന സ്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് റീജിയണുകള്‍ കൂടി ചേരുമ്പോള്‍ പോരാട്ടം കനത്തതാവും. ഓരോ മത്സരാര്‍ത്ഥിയും നേടുന്ന പോയിന്റ് ചാമ്പ്യന്‍ അസോസിയേഷനേയും ഓവറോള്‍ ചാമ്പ്യന്മാരാകുന്ന റീജിയണേയും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നതിനാല്‍ മാഞ്ചസ്റ്റര്‍ കലാമേള യു കെ മലയാളി കലാപ്രേമികള്‍ക്ക് അത്യന്തം വാശിയേറിയ കലാമാങ്കമാകും എന്നതിൽ സംശയമില്ല.

വാറ്റ്ഫോർഡ്‌, വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്‌ നവംബർ ഒന്നാം തിയതി വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്ഫോർഡ്‌ ട്രിനിറ്റി ചർച്ചിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ടു 3 മണി വരെ
കഴിഞ്ഞ മൂന്നു വർഷമായി   നടത്തിവരുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പല മതങ്ങളിൽ ഉള്ള കുട്ടികൾ പങ്കെടുക്കുന്നു…. പതിവു പോലെ ഈ വർഷവും 3 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ പ്രവശനം തികച്ചും സൗജന്യം ആയിരിക്കും… ഫ്രീ ലഞ്ചും സ്നാക്സും നൽകുന്നു….
കുട്ടികൾക്കായുള്ള ഗെയിംസ്‌, ലൈവ്‌ മുസിക്‌, കോരിയൊഗ്രാഫി കൂടാതെ മറ്റു പല അക്റ്റിവിറ്റീസും ഉണ്ടായിരിക്കും….
വേനു അഡ്രസ്സ്‌:  Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക…

പ്രിസ്സില്ല ജോൺസൺ 07982933690, സുബി പ്രിൻസ്‌ 07538709741, അക്സാ മിതുൻ 07853925813…

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റർ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വർഷത്തെ കലാമേള മറ്റേതൊരു വർഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.

യു കെ യുടെ വ്യവസായ നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് സംഘടനയുടെ ദശാബ്ദി വർഷാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മേളയുടെ വിജയത്തിനായി ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ പ്രവർത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.

ചെയർമാൻ : മനോജ് കുമാർ പിള്ള

ചീഫ് ഓർഗനൈസർ : അലക്സ് വർഗ്ഗീസ്

ജനറൽ കൺവീനർ : സാജൻ സത്യൻ

ഇവന്റ് ഓർഗനൈസർ : ഷിജോ വർഗ്ഗീസ്

ഫിനാൻസ് കൺട്രോൾ : അനീഷ് ജോൺ, ടിറ്റോ തോമസ്

വൈസ് ചെയർമാൻമാർ : അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, കുര്യൻ ജോർജ്, തമ്പി ജോസ്

കോഡിനേറ്റേഴ്‌സ് : മാമ്മൻ ഫിലിപ്പ്, സെലിന സജീവ്, അഡ്വ. ജാക്സൻ തോമസ്

കൺവീനർമാർ : ഡോ.ബിജു പെരിങ്ങത്തറ, ബെന്നി പോൾ, ആൻറണി എബ്രഹാം, ബാബു മങ്കുഴി, അശ്വിൻ മാണി, ജോയ് ആഗസ്തി

ഓർഗനൈസേർസ് : വർഗ്ഗീസ് ജോൺ, വിജി കെ പി, ഷാജി തോമസ്, സന്തോഷ് തോമസ്, ജോജോ തെരുവൻ

റിസപ്ഷൻ കമ്മിറ്റി : സിന്ധു ഉണ്ണി, ബീനാ സെൻസ്, ആൻസി ജോയ്, ലീനുമോൾ ചാക്കോ, ബെറ്റി തോമസ്, വീണാ പ്രസാദ്, നിമിഷ ബേസിൽ

പബ്ളിസിറ്റി & മീഡിയ മാനേജ്മെൻറ് : സജീഷ് ടോം, സുജു ജോസഫ്, സുരേന്ദ്രൻ ആരക്കോട്ട്, സണ്ണിമോൻ മത്തായി

എസ്റ്റേറ്റ് ആൻഡ് ഫെസിലിറ്റി മാനേജ്‌മന്റ് :
കെ ഡി ഷാജിമോൻ, ബിനു വർക്കി, ബിജു പീറ്റർ, വർഗ്ഗീസ് ചെറിയാൻ, പുഷ്പരാജ് അമ്പലവയൽ, ജോബി സൈമൺ, ഡോ. സിബി വേകത്താനം, റെജി നന്തികാട്ട്, ജിന്റോ ജോസഫ്

ഓഫീസ് മാനേജ്മെൻറ്: ബൈജു തോമസ്, തോമസ് മാറാട്ടുകളം, സുനിൽ രാജൻ, സൂരജ് തോമസ്, അജയ് പെരുമ്പലത്ത്, രാജീവ്

അവാർഡ് കമ്മിറ്റി : ജയകുമാർ നായർ, ഓസ്റ്റിൻ അഗസ്റ്റിൻ, ഡിക്സ് ജോർജ്, വർഗ്ഗീസ് ഡാനിയേൽ, എബ്രഹാം പൊന്നുംപുരയിടം, ജയൻ എടപ്പാൾ

വോളണ്ടിയർ മാനേജ്മെൻറ്: സുരേഷ് നായർ, എം പി പദ്മരാജ്, നോബി ജോസ്, ജിജോ അരയത്ത്, സിബി ജോസഫ്, സജിൻ രവീന്ദ്രൻ

അവതാരകർ : സീമാ സൈമൺ, നതാഷാ സാം

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെന്റ് : ജോയിസ് പള്ളിക്കമ്യാലിൽ, രാജേഷ് നടേപ്പള്ളി, ബിനോ അഗസ്റ്റിൻ, ജെയ്‌സൺ ലോറൻസ്, റെയ്‌മണ്ട്, ജോ ഐപ്പ്, സുധിൻ ഭാസ്കർ

സോഫ്റ്റ് വെയർ : ജോസ് പി എം (ജെ.എം.പി സോഫ്റ്റ് വെയർ )

മെഡിക്കൽ ടീം : ഡോ.ബീനാ ജ്യോതിഷ്, ഡോ.മായാ ബിജു, ഡോ.ജോതിഷ് ഗോവിന്ദൻ, ഡോ.രഞ്ജിത്ത് രാജഗോപാൽ, ഡോ.റിയാ രഞ്ജിത്ത്

ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. നവംബർ രണ്ട് ശനിയാഴ്ചക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ഏവരെയും മാഞ്ചസ്റ്റർ പാർസ് വുഡ് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മറ്റി അറിയിക്കുന്നു.

Venue Address:-
Parrs Wood High School & 6th Forum,
Williamslow Road, Manchester – M20 5PG

സ്വപ്രയത്നം കൊണ്ട് ജീവിതത്തിൽ വിജയം കൊയ്തു മലയാളികളുടെ അഭിമാനമായി മാറുന്ന അനേകം വ്യക്തികൾ നമ്മുടെ ഇടയിൽ ഉണ്ട് .അങ്ങനെ ഉയർന്നു വരുന്ന വ്യക്തി കളെ ആദരിക്കുവാൻ ഒരുങ്ങുകയാണ് ട്യൂൺ ഓഫ് ആർട്സ് എന്ന യുകെ യിലെ പ്രശസ്ത കലാകൂട്ടായ്മ. .
ട്യൂൺ ഓഫ് ആർട്സി ന്റെ ആദ്യത്തെയുകെ മലയാളി ഹോണററി അവാർഡ് 2019ഒക്ടോബർ 27നു നടക്കുന്ന മയൂര ഫെസ്‌റ്റി ന്റെ വേദിയിൽ വെച്ച് അർഹതപ്പെട്ട വ്യക്തിക്ക് നൽകുന്നു. കടന്നുപോയ വർഷങ്ങളിൽ യുകെ മലയാളികൾക്കിടയിൽ വിവിധമേഘലകളിലായി തങ്ങളുടെ കഴിവുതെളിയിക്കുകയും പ്രശസ്തിയുടെ പടവുകൾ ചവുട്ടുകയും ചെയ്ത വ്യക്തികളെയാണ് ട്യൂൺ ഓഫ് ആർട്സ് ഈ അവാർഡിലൂടെ ആദരിക്കുന്നത്.ഈ മഹനീയ മുഖൂർത്തത്തിയിലേക്കു എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

സജീഷ് ടോം
യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട്  വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു.
ഒരു രാജ്യം മുഴുവൻ വന്നെത്തുന്ന ദേശീയ കലാമേള ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിന്റെ വിജയങ്ങൾ കൂടിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിശീലനങ്ങൾ, നാട്ടിൽനിന്നും പലഘട്ടങ്ങളായി രക്ഷിതാക്കൾ കടൽകടത്തി യു കെ യിൽ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാർത്ഥികൾക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തുക്കളും, മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷൻ പ്രവർത്തകരുടെ പരിശ്രമങ്ങൾ , സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണൽ കലാമേളകൾ സംഘടിപ്പിക്കാനുള്ള റീജിയണൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രയത്‌നങ്ങൾ അങ്ങനെപോകുന്നു യുക്മ ദേശീയ കലാമേളകൾ യാഥാർഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങൾ. ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുവാൻ പോകുന്നത്.
2013 ദേശീയ മേള ചരിത്രഭൂമികയായ ലിവർപൂളിലേക്ക്
മൂന്ന്  ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യില്‍  നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവിൽ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷപ്പെരുമഴ പെയ്യിച്ചു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ “ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്. 
യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെയും പ്രബലരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും (ലിംക) സംയുക്ത ആതിഥേയത്വത്തിലാണ് ദേശീയമേള സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്‍റര്‍നാഷണല്‍ സ്ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി. ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി  ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസിൽഡൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസ്സോസിയേഷനായി.
ലെസ്റ്റർ കലാമേള 2014  : ദേശീയ മേള വീണ്ടും മിഡ്‌ലാൻഡ്‌സിന്റെ മണ്ണിലേക്ക്
ഇത് ലെസ്റ്റർ – 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയന്റെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തിൽ ലെസ്റ്ററിൽ അരങ്ങേറി.  കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും നിറങ്ങളിൽ തയ്യാറാക്കിയ പോസ്റ്ററുകൾ തങ്ങളുടെ ഫേസ്ബുക്ക് കവർചിത്രങ്ങളാക്കികൊണ്ടാണ് യുക്മ പ്രവർത്തകരും യുക്മ സ്നേഹികളും കലാമേളയിൽ പങ്കെടുക്കുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യു കെ മലയാളി കുടുംബങ്ങൾ  ലെസ്റ്റർ കലാമേളയെ വരവേറ്റത്.
കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന “സ്വാതിതിരുനാൾ” മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്‌ജ്‌ മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയ്യാറാക്കിയ ‘രാജാരവിവർമ്മ’ ഹാളിൽ, ഇദംപ്രഥമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും  ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി.  ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇപ്സ്വിച് മലയാളി അസോസിയേഷൻ  ചാമ്പ്യന്മാരായി.
ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയണും ഇത് രണ്ടാമൂഴം
യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം എസ് വിശ്വനാഥന്റെ ബഹുമാനാർത്ഥം “എം എസ് വി നഗര്‍” എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക്  നാലായിരത്തോളം യു കെ മലയാളികളാണ്  ഒഴുകിയെത്തിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണോടൊപ്പം ഹണ്ടിങ്ടൺ മലയാളി അസോസിയേഷനും കൈകോർത്ത് ചരിത്രം രചിച്ച 2015 ദേശീയ കലാമേളയ്ക്ക് ആതിഥ്യമരുളി.
യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. അത് തന്നെയാണ് യുക്മ ദേശീയ കലാമേളകളുടെ  വിജയവും. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ  കലാമേളയിൽ ജേതാക്കളായി മിഡ്‌ലാൻഡ്‌സ് പകരം വീട്ടി. അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി സൗത്ത് വെസ്റ്റ്  റീജിയന്റെ കരുത്തരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
അവസാന ഭാഗത്തിൽ വായിക്കുക………… കവൻട്രി കലാമേള 2016, ഹെയർഫീൽഡ് കലാമേള 2017 & ഷെഫീൽഡ് കലാമേള 2018  
(2015, 2016 വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയും, 2017, 2018 വർഷങ്ങളിൽ ദേശീയ കമ്മറ്റിയുടെ പി ആർ ഒ യും ആയിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ആരോഗ്യരക്ഷയാണ് ആയുർവേദത്തിന്റെ ദർശനം. ആരോഗ്യസംരക്ഷണമാണ് ലക്ഷ്യം. രോഗരഹിതമായ ദീർഘായുസ്സ് നേടുന്നതിനുള്ള ധർമാർത്ഥകാമ മോക്ഷ പ്രാപ്തിയാണ് ദൗത്യം.. ഇതിനായി ആരോഗ്യം ഉള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, അകമേ നിന്നും പുറമെ നിന്നുമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുകയും ആണ് ആയുർവ്വേദം കൊണ്ട് സാധിക്കേണ്ടത്.ദീർഘായുസ്സിന് ആയുർവ്വേദം എന്നതാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിന സന്ദേശം. 2016 മുതൽ ധന്വന്തരി ജയന്തി ദിനം ആയുർവേദ ദിനമായി ആചരിച്ചു ഭാരതത്തിൽ വരുന്നു. ഈ വർഷം ഓക്ടോബർ 25 വെള്ളിയാഴ്ചയാണ് ആ സുദിനം.

ദീർഘായുസ്സാഗ്രഹിക്കുന്നവർ ധർമ്മാധിഷ്ഠിതമായി ജീവിതം നയിച്ചാൽ മാത്രമേ സുഖം അനുഭവിക്കാൻ ആവൂ. ധർമാർത്ഥ കാമമോക്ഷപ്രാപ്തിയാണ് മനുഷ്യ ജീവിതം കൊണ്ട് നേടേണ്ടത്. അതു സാധ്യമാവാൻ ശരീര മനസുകളുടെ ആരോഗ്യം കൂടിയേ തീരു. രാഗം ദ്വേഷം ഭയം ക്രോധം മദം മോഹം മത്സരം എന്നിവ രോഗമായോ രോഗകാരണമായോ തീരുമെന്ന് പറഞ്ഞ അതിപുരാതന വൈദ്യശാസ്ത്രമാണ് ആയുർവ്വേദം. ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ആരോഗ്യം കരഗതമാകാൻ അനുഷ്ഠിക്കേണ്ട ജീവിതചര്യ ഏറെ പ്രാധാന്യത്തോടെ വിശദമാക്കുന്നുണ്ട്. ധാർമിക ചര്യാക്രമങ്ങൾക്ക് ആരോഗ്യ പരിപാലനത്തിൽ വളരെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞ ശാസ്ത്രമാണിത്.

ആഹാരവും നിദ്രയും ബ്രാഹ്മചര്യവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവ്വേദം കരുതുന്നു. എപ്പോൾ എവിടെ വെച്ച് എങ്ങനെ എത്രമാത്രം എന്ത് ആഹാരം ഒരിരുത്തരും കഴിക്കണം എന്ന് വിശദമാക്കുന്നുണ്ട്. വ്യായാമത്തിന്റെ പ്രാധാന്യവും, ഒരുവന് ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വ്യായാമം ഏതെല്ലാം എന്നും എത്ര മാത്രം ആവാമെന്നും പറയുന്നു. അമിത വ്യായാമം വരുത്തുന്ന ഉപദ്രവങ്ങൾ എന്തെല്ലാം എന്നും നിർദേശിക്കുന്നുണ്ട്. ഉറക്കം ശരീര മനസുകളുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന വലിയ പങ്ക് എന്തെന്നും ഉറങ്ങാതിരുന്നാലും കൂടുതൽ ഉറങ്ങിയാലും പകൽ ഉറങ്ങിയാലും എന്തൊക്ക സംഭവിക്കുമെന്നും പഠിപ്പിക്കുന്നുണ്ട്.

പഠനകാലം ബ്രഹ്മചര്യാനുഷ്ടാന കാലമായാണ് കരുതിവന്നത്. ഇക്കാലത്ത് ആരോഗ്യത്തിന് ഇതാവശ്യമായിട്ടാണ് പറയുന്നത്. ശരിയായ ലൈംഗികതയെയും അതിന്റെ ആരോഗ്യ കാര്യത്തിലുള്ള സ്വാധീനവും ആവശ്യകതയും പഠിക്കാനുണ്ട്.

ശരീര വ്യവസ്ഥകളുടെ ശരിയായിട്ടുള്ള പ്രവർത്തനം, ശരീരത്തിലെ കർമനിർവഹണ ശക്തികളായ വാത പിത്ത കഫങ്ങളുടെ, പൊതുവെ ത്രിദോഷങ്ങളെന്ന് അറിയപ്പെടുന്നവയുടെ സന്തുലിതമായ പ്രവർത്തനം ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമായി പറയുന്നു.ദഹന പചന ആഗീരണ പ്രക്രിയ ഏറ്റവും ഉത്തമമായി നടക്കുക. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കളുടെയും ആവശ്യത്തിനുള്ള നില, മലം മൂത്രം വിയർപ്പ് എന്നിവയുടെ ആരോഗ്യകരമായ വിസർജനം, എല്ലാ ഇന്ദ്രിയങ്ങളുടെയും വിഷയങ്ങളായ ശബ്ദസ്പർശ രൂപരസഗന്ധങ്ങൾ ശരിയായിഗ്രഹിക്കാനാവുക, ആത്മാവും മനസും പ്രസന്നത നിലനിർത്തുകയയും ചെയ്യുമ്പോഴാണ് സ്വാസ്ഥ്യം അഥവാ ആരോഗ്യം എന്ന് ആയുർവ്വേദം പറയുക. ഇതു സാധ്യമാക്കാനായി എങ്ങനെ ആണ് ഒരുവൻ ഓരോ ദിനവും തുടങ്ങേണ്ടത് എന്തെല്ലാം ചെയ്യണം എപ്പോൾ ചെയ്യണം എങ്ങനെ ആവണം എന്നൊക്കെ ദിനചര്യയിലൂടെയും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വെണ്ടത് ഋതുചര്യയിലൂടെയും നമുക്ക് വെളിപ്പെടുത്തുന്നു. ദേശകാലാവസ്ഥാനുസൃതമായ ജീവിതം ആഹാരവിഹാരങ്ങൾ ശീലിച്ചുകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിച്ചു ദീർഘായുസ്സ് നേടാൻ ആവും.

ആയുർവേദ ജീവിതശൈലി ദീർഘായുസിനുള്ള മാർഗം തുറക്കുന്നു. അതെ ആയുർവ്വേദം ദീർഘായുസ്സിന് തന്നെ.

സജീഷ് ടോം

ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

യുക്മ സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷങ്ങളുടെ സമാപനം കൂടിയാവുന്നു 2019 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്ച യു കെ യുടെ വ്യാവസായിക നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന “ശ്രീദേവി നഗറി”ൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.

ജൈത്യയാത്രയുടെ ആദ്യ കാഹളം ബ്രിസ്റ്റോളിൽനിന്നും

2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിൻറെ നിശ്ചയദാർഢ്യവും റീജയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും യു കെ മലയാളികൾക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന യുക്മയുടെ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നു. 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത്‌ മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെയും ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആതിഥേയത്വത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു കെ യുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒന്നായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു.

ഏറെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലായി 800 ൽ അധികം താരങ്ങൾ മാറ്റുരച്ച വേദിയായി മാറിയ റീജിയണൽ കലാമേളകള്‍ യുക്മക്കും യുക്മയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനകരമായി മാറി. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തിയത്. ആതിഥേയരായ ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി. നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം കരസ്ഥമാക്കി.

രണ്ടാം ദേശീയ കലാമേള സൗത്തെൻഡ്-ഓൺ-സി യിൽ

ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ്- ഓണ്‍-സിയില്‍ 2011 നവംബര്‍ 5-ന്‌ നടന്ന യുക്മയുടെ രണ്‌ടാമത്‌ നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്‌ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്-ഓണ്‍-സി കലാമേള മാതൃകയായി.

യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണും സൗത്തെന്‍ഡ്‌ മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ്‌ ബോയ്സ്‌ ആന്‍ഡ്‌ ഗേള്‍സ്‌ സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള സർഗ്ഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയിൽ ഈ പ്രവാസിസമൂഹത്തിന്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വട്ടവും ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയൺ കരുത്ത് തെളിയിച്ചു ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിലെ ചാമ്പ്യന്മാരായി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ബാസിൽഡൺ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.

യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള

2009 ല്‍ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാൻഡ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ വളർന്നു കഴിഞ്ഞു. മൂന്നാമത് യുക്മ ദേശീയ കലാമേള, സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷന്റെ സംയുക്താതിഥേയത്വത്തിൽ 2012 നവംബര്‍ 24ന് സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റിൽ അരങ്ങേറി. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന്‍ തിലകന്റെ അനുസ്മരണാര്‍ത്ഥം ”തിലകന്‍ നഗര്‍” എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്‍റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

സ്ടോക്ക് -ഓണ്‍-ട്രെന്റ്റിലെ തിലകന്‍ നഗറില്‍ (കോ-ഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി വി യുമായി സഹകരിച്ച് നടത്തുവാൻ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറിൽ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്’ റീജിയന്റെ ഹാട്രിക് മോഹങ്ങൾ തകർത്തുകൊണ്ട് മിഡ്‌ലാൻഡ്‌സ് റീജിയൺ “ഡെയ്‌ലി മലയാളം എവർ റോളിങ്ങ്” ട്രോഫിയിൽ മുത്തമിട്ടു. ആതിഥേയർകൂടിയായ സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടി.

രണ്ടാം ഭാഗത്തിൽ വായിക്കുക ………… ലിവർപൂൾ 2013, ലെസ്റ്റർ 2014 & ഹണ്ടിങ്ടൺ 2015
(2015, 2016 വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയും, 2017, 2018 വർഷങ്ങളിൽ ദേശീയ കമ്മറ്റിയുടെ പി ആർ ഒ യും ആയിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഒക്ടോബർ മാസം 23-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വിശുദ്ധ ജോൺ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

കുറിപ്പ് :- സ്പിരിച് വൽ ഷെയറിങ്ങിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം 6 pm മുതൽ ഉണ്ടായിരിക്കുന്നതാണ്‌.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ 2019 – 2020 പ്രവർത്തനങ്ങൾക്കായി ശ്രീ: റോബിൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും സൗത്താംപ്ടൺ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്. പരിചയസമ്പന്നതയും സംഘടനാപാടവവും, കൃത്യവും പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച ശ്രീ: റോബിൻ എബ്രഹാം പ്രസിഡന്റ് ആയുo ശ്രീ: മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ് ആയുo ചുമതലയേല്‍ക്കുമ്പോള്‍, മറുപുറങ്ങളില്ലാതെ നേരോടും നെറിവോടും പെരുമാറുന്ന സൗത്താംപ്ടൺ മലയാളികള്‍ക്ക് പരിചിതനായ ശ്രീ: റ്റോമി ജോസഫ് ആണ് സെക്രട്ടറി.

സാംസ്കാരിക രംഗത്ത് വളരെ സജീവമായി ഇടപെടുന്ന ശ്രീ: രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറിയായും, സൗമ്യതയും, വിനയവും കൈമുതലാക്കിയ ശ്രീ: അഭിലാഷ് പടയാട്ടിൽ ട്രെഷററായും, സ്വതസിദ്ധമായ സംസാര ചാരുതകൊണ്ടു ശ്രദ്ധേയനായ ശ്രീ: ബ്ലെസ്സനെ പി.ആര്‍.ഒ ആയും, പരിചയസമ്പന്നതയും കലവറയോളം സ്നേഹവും കൈമുതലാക്കിയ ശ്രീമതി ജിബി സിബിയെയും, ശ്രീമതി അമ്പിളി ചിക്കുവിനെയും ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയും, കായിക മേളകളിലെ മുടിചൂടാമന്നരായ ശ്രീ: ജിനോയി മത്തായിയേയും, ശ്രീമതി അനിറ്റ സിബിയെയും സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയും, കലര്‍പ്പില്ലാത്ത കൈ പുണ്യം കൈമുതലാക്കിയ ശ്രീ: ഷിൻറ്റു മാനുവേലിനെ ഫുഡ് ആൻഡ് ബീവറേജ് കൈകാര്യം ചെയ്യുന്നതിനായും തിരഞ്ഞെടുത്തു.

പരസ്പര സ്‌നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും, മതത്തിനും, രാഷ്ട്രീയത്തിനും മുൻഗണന നല്കാതെ പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ വിജയവും, ശക്തിയും. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത്.

പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും, അര്‍പ്പണബോധവും, ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ എന്ന് നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അണിചേരാന്‍ പുതിയ ഭരണസമിതി സൗത്താംപ്ടൺ മലയാളികളെ ആഹ്വാനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് അസോസിയേഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
https://www.southamptonmalayalee.com

പൂളിൽ മലയാളിയായ കെന്‍ വിനോദ് വര്‍ക്കിയുടെ മരണം (17 ) ഇന്ന് സംഭവിച്ചപ്പോൾ നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണം സംഭവിച്ചപ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് വേദനകൾ വരുന്നത് തുടർച്ചായി എന്ന് വേണം കരുതാൻ.

പതിനാറാം തിയതി വാറ്റ് ഫോർഡിൽ നേഴ്‌സായ ബീന, പതിനെട്ടാം തിയതി, ഇന്നലെ ബിർമിങ്ഹാമിൽ മേരി… ഇന്ന് പൂളിൽ താമസിക്കുന്ന ചെങ്ങന്നൂര്‍ വെണ്മണി സ്വദേശികളായ വിനോദ് വര്‍ക്കി – ജൂലി വിനോദ് ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കി (17). ഇങ്ങനെ മൂന്ന് മരണം ആണ്  നാല് ദിവസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11:15 ന് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് കെൻ യാത്രയായത്. രോഗബാധിതനായിരുന്ന പ്രിയപ്പെട്ട കെന്‍ വിധിക്കു കീഴടങ്ങുമ്പോള്‍ പൂള്‍ നിവാസികള്‍ എങ്ങനെ ഏക മകനെ നഷ്ടപ്പെട്ട വർക്കി- ജൂലി ദമ്പതികളെ ആശ്വസിപ്പിക്കുക എന്ന മനോവിഷമത്തിൽ എത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രാർത്ഥനകളും വിഫലമാക്കിയാണ് കെൻ വിട്ടുപിരിഞ്ഞത്.

കെന്‍ വിനോദ് വര്‍ക്കിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍വെച്ചായിരിക്കും നടത്തുക എന്നാണ് അറിയുവാൻ കഴിയുന്നത്. യു.കെ യില്‍ പൊതു ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് മലയാളി അസോസിയേഷനും മറ്റു സംഘടനകളും ബന്ധുമിത്രാദികളും ചേർന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു. ഫ്യൂണറൽ ഡിറക്ടർസ് അറിയിക്കുന്നതനുസരിച്ചു പൊതു ദർശനത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

കെന്നിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved