ബിനോയി ജോസഫ്
ലോകം മുഴുവനും ഉറ്റുനോക്കിയ ആത്മീയതകളുടെ അപൂർവ്വസംഗമം… 1200 മില്യൺ കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയാചാര്യനും വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായ ഫ്രാൻസിസ് പാപ്പ ഇസ്ളാം പിറന്ന അറേബ്യൻ മണ്ണിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വീകരിക്കപ്പെട്ട നിമിഷങ്ങൾ ചരിത്രത്താളുകളിൽ സുവർണ ലിപികളിൽ എഴുതപ്പെടും. 9.6 മില്യൺ ജനസംഖ്യയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് റോമിന്റെ ബിഷപ്പ് ഇടയ സന്ദർനം നടത്തിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് മത സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പുതിയ ഏടുകളായിരുന്നു. ഒരു രാജ്യവും അവിടുത്തെ ബഹുമാനിതരായ ഭരണാധികാരികളും ഒരുക്കിയ ഊഷ്മളമായ വരവേൽപ്പ് ഏറ്റുവാങ്ങാൻ സൗഭാഗ്യം ലഭിച്ച ഫ്രാൻസിസ് പാപ്പ എളിമയുടെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും ആധുനിക യുഗത്തിലെ പ്രതീകമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ അതിഥികളെ സഹിഷ്ണുതയോടെ നെഞ്ചൊടു ചേർക്കുന്ന രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. രാജ്യത്തെ ജനസംഖ്യയിൽ 80 ശതമാനത്തോളം വിദേശിയരാണ്. വിദേശിയരെ അതിഥികളായി കാത്തു പരിപാലിക്കുന്ന നല്ല ആതിഥേയരായ തദ്ദേശിയരായ എമിരേത്തികളുടെ വിശാലമനസ്കതയാണ് യുഎഇയുടെ വികസനമന്ത്രത്തിന്റെ കാതൽ. ത്രിദിന സന്ദർശനത്തിനായി അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ ഞായറാഴ്ച രാത്രിയാണ് സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ എത്തിയത്. പേപ്പൽ പതാകയുടെ വർണങ്ങൾ മാനത്ത് വിരിച്ച് പൂർണ സൈനിക ബഹുമതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസിസ് പാപ്പയ്ക്ക് രാജകീയ സ്വീകരണം ഒരുക്കി. അബുദാബിയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച മാർപ്പാപ്പ മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും ഇന്റർ റിലീജിയസ് കോൺഫറൻസുകളുടെയും സംവാദങ്ങളിൽ തിങ്കളാഴ്ച പങ്കെടുത്തു. മാനവസാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ മാർപാപ്പയും ഗ്രാൻഡ് മോസ്ക് ഇമാമും തുടർന്ന് ഒപ്പുവച്ചു.
ചൊവ്വാഴ്ച സയിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഓപ്പൺ എയർ കുർബാനയിൽ 135,000 പേരാണ് പങ്കെടുത്തത്. ആയിരങ്ങൾ വേദിക്ക് പുറത്ത് വലിയ സ്ക്രീനുകളിൽ തങ്ങളുടെ ആത്മീയ പിതാവിന്റെ വാക്കുകൾക്കായി കാതോർത്തു. നൂറു കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ആത്മീയ ഇടയനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തുകയായിരുന്നു. 2000 ബസുകളാണ് യുഎഇ ഭരണകൂടം കുർബാന നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യാനായി സൗജന്യമായി ഒരുക്കിയത്. കുർബാനയിൽ പങ്കെടുക്കുന്നവർക്ക് അവധിയും യുഎഇ നല്കിയിരുന്നു.
മരുഭൂമിയിലെ നറുപുഷ്മമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും ഒരിക്കലും നീതീകരിക്കാൻ സാധിക്കുകയില്ലെന്ന് പോപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. സ്വന്തം മതത്തിന്റെ ചര്യകളിൽ ഭാഗഭാക്കാകുന്നതിനപ്പുറം ഇതര മതങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാനും പ്രാപ്തമാക്കുന്ന മതസ്വാതന്ത്ര്യമാണ് നമുക്കാവശ്യമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. യുഎഇ ജനതയുടെ ആതിഥ്യ മര്യാദയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പ യുവതലയുടെ വിദ്യാഭ്യാസത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയെ മുക്തകണ്ഠം പ്രശംസിച്ചു.
ഇസ്ളാം മതത്തിന്റെ ആചാരങ്ങൾ അടിസ്ഥാന ശിലയാക്കി ഒരു നവലോകം പടുത്തുയർത്തിയ യുഎഇ എന്ന രാജ്യം സർവ്വ മതസ്ഥരേയും ഒരു കുടക്കീഴിൽ സഹിഷ്ണുതയോടെ സംരക്ഷിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു തന്നപ്പോൾ അബുദാബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പാപ്പയെ കാണാൻ എത്തിയവരിൽ ഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരുടെയും ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും മനസിൽ ഒരു ചോദ്യം ഉയർന്നിരിക്കാം “ഇന്ത്യ ഇപ്പോഴും അത്രയും ദൂരത്താണോ പാപ്പാ” എന്ന്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും അധികം വിശ്വാസികളുള്ള മതത്തിന്റെ ആത്മീയാചാര്യനെ ക്ഷണിക്കാൻ മാത്രമുള്ള രാഷ്ട്രീയ പക്വത നമ്മുടെ നേതാക്കൾക്ക് എന്ന് കൈവരും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
യുഎഇ ലോകത്തിന് നല്കിയത് സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പാഠമാണ്. അതിർത്തികൾ ഭേദിക്കുന്ന മിസൈലുകൾക്കും സർവ്വനാശകാരികളായ ആയുധശേഖരങ്ങൾക്കും ഉയർന്നു നില്ക്കുന്ന സാമ്പത്തിക സൂചികകൾക്കുമപ്പുറം ഒരു രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾ യഥാർത്ഥ്യമാകുന്നതിന് ശരിയായ വിദ്യാഭ്യാസം ലഭിച്ച, മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ മത നേതൃത്വങ്ങളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത യുഎഇയുടെ ഭരണാധികാരികൾ ലോക ജനതയ്ക്ക് കാണിച്ച് കൊടുത്ത ഐതിഹാസിക മുഹൂർത്തങ്ങൾക്ക് ആഗോള ജനത സാക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നു പോയത്.
ബിനോയി ജോസഫ്
ഇസ്ളാം പിറന്ന മണ്ണിൽ ക്രൈസ്തവ സഭയുടെ തലവന് സ്നേഹാദരങ്ങളോടെ ഊഷ്മള വരവേല്പ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരവും രാജകീയവുമായ സ്വീകരണമാണ് വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ അധിപന് ഒരുക്കപ്പെട്ടത്. പേപ്പൽ പതാകയുടെ വർണങ്ങൾ വ്യോമ വിന്യാസത്താൽ ആകാശത്തിൽ നിറഞ്ഞു. 21 ഗൺ സല്യൂട്ടിന്റെ ശബ്ദത്താൽ മുഖരിതമായ അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിലേയ്ക്ക് ആത്മീയ പ്രഭ പരത്തി ഫ്രാൻസിസ് പാപ്പ ചെറിയ കിയ സോൾ കാറിൽ ആഗതനായി. യുഎഇയുടെ ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദ് കൊട്ടാരത്തിന്റെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയെ പൂർണ സൈനിക ബഹുമതികളോടെ സ്വീകരിച്ചു. യുഎഇടെയും വത്തിക്കാന്റെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻഡ് ആലപിച്ചു. യുഎഇ രാജകുടുംബങ്ങളും മന്ത്രിസഭാംഗങ്ങളും കത്തോലിക്കാ സഭയുടെ തലവനെ സ്വീകരിക്കാൻ എത്തിയിരുന്നു. 2019 സഹിഷ്ണുതയുടെ വർഷമായി പ്രഖ്യാപിച്ച, ഇസ്ളാം ഔദ്യോഗിക മതമായ യുഎഇയിലെ ജനത എളിമയുടെ ഇടയന് സ്വാഗതമരുളിയത് ലോകം സാകൂതം വീക്ഷിച്ചു.
അബുദാബി രാജകൊട്ടാരത്തിൽ നടന്ന സ്വീകരണത്തിനു ശേഷം പോപ്പ് ഫ്രാൻസിസ് ബുക്ക് ഓഫ് ഓണറിൽ ഒപ്പുവച്ചു. യുഎഇയിലെ ജനതയ്ക്ക് സമാധാനവും ദൈവിക അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് കൊട്ടാരത്തിലെ ഗസ്റ്റ് ഡയറിയിൽ പോപ്പ് ഫ്രാൻസിസ് കുറിച്ചു. ക്രൈസ്തവ -മുസ്ളിം ലോകത്തിന്റെ അധിപന്മാരുടെ സംഗമത്തിന്റെ സ്മരണയിൽ അബുദാബി ക്രൗൺ പ്രിൻസിന് ഫ്രാൻസിസ് പാപ്പ മെമെന്റോ സമ്മാനിച്ചു. 1219 ൽ സെൻറ് ഫ്രാൻസിസ് അസിസിയും സുൽത്താൻ മാലിക് അൽ കമലും തമ്മിൽ കണ്ടുമുട്ടിയ ചരിത്ര പശ്ചാത്തലത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ലാറ്റിൻ ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട സ്മരണിക തയ്യാറാക്കിയത് ആർട്ടിസ്റ്റ് ഡാനിയേല ലോംഗോ ആണ്. യുഎഇയിൽ 1963 ൽ ദൈവാലയം നിർമ്മിക്കുന്നതിനായി നല്കപ്പെട്ട സ്ഥലത്തിന്റെ അധികാര പത്രം ഫ്രാൻസിസ് പാപ്പയ്ക്ക് രാജകുടുംബം സ്മരണികയായി സമ്മാനിച്ചു.
തുടർന്ന് ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്കിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് സ്വീകരിച്ചു. മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെ സമ്മേളനത്തിൽ പാപ്പ സംബന്ധിച്ചു. പോപ്പ് ഫ്രാൻസിസും ഡോ. അഹമ്മദ് അൽ തയിബും മാനവ സാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. “നിങ്ങൾ രാജ്യത്തിന്റെ ഭാഗമാണ്… നിങ്ങൾ ന്യൂനപക്ഷമല്ല.”. ഫ്രാൻസിസ് പാപ്പ സന്ദേശമധ്യേ ക്രൈസ്തവ സമൂഹത്തോട് പറഞ്ഞു. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും നീതീകരിക്കാനാവില്ല എന്നും പാപ്പ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഉള്ള ക്രൈസ്തവരെ സംരക്ഷിക്കുവാൻ മുസ്ളിം സഹോദരങ്ങൾ മുൻകൈയെടുക്കണമെന്ന് ഡോ. അഹമ്മദ് അൽ തയിബ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു.
ചൊവ്വാഴ്ച സെൻറ് ജോസഫ് കത്തിഡ്രലിൽ ഫ്രാൻസിസ് പാപ്പ സ്വകാര്യ സന്ദർശനം നടത്തും. തുടർന്ന് സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ലേറെ വരുന്ന വിശ്വാസികൾക്കൊപ്പം മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കും. ഉച്ചയോടെ ത്രിദിന സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമിലേക്ക് മടങ്ങും. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്ന യുഎഇയും വത്തിക്കാനും ലോകത്തിനു മാതൃക നല്കുകയാണ്. യുഎഇയിലെ 9.6 മില്യൺ ജനസംഖ്യയുടെ 80 % ഇസ്ളാം മതവിശ്വാസികളാണ്.
ന്യൂസ് ഡെസ്ക്
മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ മാനങ്ങൾ രചിച്ചു കൊണ്ട് ചരിത്രത്തിൽ ആദ്യമായി കത്തോലിക്കാ സഭയുടെ തലവൻ അറേബ്യൻ മണ്ണിൽ കാലുകുത്തി. ഞായറാഴ്ച രാത്രി യുഎഇ സമയം 9.47 ന് ഫ്രാൻസിസ് പാപ്പയെയും വഹിച്ചുകൊണ്ട് അൽ ഇറ്റാലിയയുടെ “ഷെപ്പേർഡ് വൺ” ഫ്ളൈറ്റ് അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ പറന്നിറങ്ങി. മൂന്നു ദിവസത്തെ യുഎഇ സന്ദർശനത്തിന് എത്തിയ സാർവ്വത്രിക ക്രൈസ്തവ സഭയുടെ ഇടയന് യുഎഇ ക്രൗൺ പ്രിൻസ് ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ് നല്കി. “സഹോദരനെന്ന നിലയിൽ സൗഹൃദ സംഭാഷണം നടത്തുവാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു മുന്നേറാനുമായി ഞാൻ യാത്രയാവുന്നു. എനിയ്ക്കായി പ്രാർത്ഥിക്കുക” എന്ന് ട്വിറ്ററിൽ സന്ദർശനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സ്ഥാപക പിതാവിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിക്കൊണ്ട് തിങ്കളാഴ്ച മാർപാപ്പയുടെ സന്ദർശനത്തിന് ഔദ്യോഗിക തുടക്കമാകും. ത്രിദിന സന്ദർശനത്തിന്റെ ആദ്യ ഔദ്യോഗിക ദിനം പ്രസിഡൻഷ്യൽ പാലസിൽ ഇന്റര്‍ റിലീജിയസ് കോണ്‍ഫറന്‍സ് നടക്കും. യഹൂദ- ക്രൈസ്തവ മത നേതാക്കൾ ഇതിൽ പങ്കെടുക്കും. തുടർന്ന് ഫ്രാൻസിസ് പാപ്പ മുസ്ളിം കൗൺസിലിലെ മുതിർന്ന അംഗങ്ങളുമായി സംവദിക്കും.
ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പ സെൻറ് ജോസഫ് കത്തീഡ്രൽ സന്ദർശിക്കും. സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ഓളം വിശ്വാസികളാടൊന്നിച്ച് തുടർന്ന് വിശുദ്ധ ബലിയർപ്പിക്കും. ഏകദേശം ഒരു മില്യനോളം ക്രൈസ്തവ വിശ്വാസികൾ യുഎഇയിൽ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യാക്കാരും ഫിലിപ്പീൻസുകാരുമാണ്. പേപ്പൽ മാസിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് സൗകര്യമൊരുക്കാനായി യുഎഇ ഗവൺമെന്റ് ചൊവ്വാഴ്ച അവധി നല്കിയിട്ടുണ്ട്. 2019 സഹിഷ്ണുതയുടെ വർഷമായി ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ സിറ്റിയിൽ നടന്ന കുർബാന മധ്യേയുള്ള പ്രസംഗത്തിൽ, യെമനിൽ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ലോക സമൂഹം പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു.
സന്ദര്‍ലന്‍ഡ്: സന്ദര്‍ലന്‍ഡിൽ താമസിച്ചിരുന്ന തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തില്‍ (37) ഇന്ന് നിര്യാതനായി. ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു കൃത്യമായ ചികിത്സ വഴി അരുൺ രോഗമുക്തിയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞകുറച്ചു കാലമായി രോഗം വീണ്ടും അരുണിനെ പിടികൂടുകയായിരുന്നു. റയാന്‍ (6), റെയ്ച്ചല്‍ (4), റബേക്കാ (2) എന്നിവർ മക്കളാണ്. ഭാര്യ ആലീസ് കോശി പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയാണ്. ഫാ. സജി തോട്ടത്തില്‍, ഫാ.ഹാപ്പി ജേക്കബ്, ഫാ.മൈക്കിള്‍ മക്കോയ് എന്നിവരുടെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.
സണ്ടര്‍ലന്‍ഡിലെ മലയാളി സമൂഹം എല്ലാവരും ചേർന്നാണ് മൃതസംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. നാളെ ഫ്യൂണറൽ ഡിറക്റ്റേഴ്സ്മായി നടക്കുന്ന യോഗത്തിന് ശേഷം മാത്രമേ പൂർണ്ണമായ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളു എന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിയുന്നത്. എന്നിരുന്നാലും നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിച്ചേരുന്നതിൽ വിഷമം ഇല്ലെങ്കിൽ യുകെയിൽ തന്നെ സംസ്‌കരിക്കാനാണ് ആലോചിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊതുദർശനം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. അകാലത്തിൽ വിട്ടുപിരിഞ്ഞ അരുണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ലണ്ടന്‍: യു.കെയിലെ പ്രമുഖ കാലാകാരന്മാര്‍ക്കൊപ്പം യുവപ്രതിഭകളെയും അണിനിരത്തി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ 6-ാമത് ശിവരാത്രി നൃത്തോത്സവം ഈ മാസം 23ന് 5 മണി മുതല്‍ ക്രോയിഡോണില്‍ നടക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരഭിക്കുന്ന നൃത്തോത്സവത്തില്‍, യു.കെയിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളര്‍ന്നു വരുന്ന യുവതലമുറക്കും പ്രോത്സാഹനം നല്‍കുന്നതിനും അതോടൊപ്പം നമ്മുടെ ക്ഷേത്ര കലകളെ ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കി വളര്‍ത്തുന്നതിനും വേണ്ടിയാണ് ഓരോവര്‍ഷവും ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും നൃത്തോത്സവത്തിനു നേതൃത്വം നല്‍കുന്നത് യു.കെയിലെ അനുഗ്രഹീത കലാകാരി ശ്രീ. ആശാ ഉണ്ണിത്താന്‍ ആണ്. ഈ കലാസന്ധ്യയിലേക്കു നല്ലവരായ എല്ലാ യു.കെ മലയാളികളെയും ഭഗവദ്‌നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കും മുറി ഹരിദാസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി;
Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
കലാപരിപാടികള്‍ ഉല്‍പ്പെടെ വൈവിധമാര്‍ന്ന പരിപാടികളുമായി പ്രഥമ കാരക്കാട് കുടുംബയോഗം മുണ്ടക്കയത്ത് നടത്തപ്പെടും. മുണ്ടക്കയം വ്യാകുലമാതാ ഫെറോനാ ദേവാലയത്തില്‍ ദിവ്യബലിക്ക് ശേഷം പൂര്‍വ്വികരുടെ കല്ലറകളില്‍ പ്രാര്‍ത്ഥനയും ഒപ്പീസും നടത്തിയതിനു ശേഷമാണ് കുടുംബയോഗത്തിനായി കേരളത്തിന്‍രെ വിവിധ ഭാഗത്ത് നിന്നെത്തിയ കുടുംബാംഗങ്ങള്‍ മുണ്ടക്കയത്തിനടുത്ത് കരിനിലത്ത് ആശിഷ് ആന്റണിയുടെ വസതിയില്‍ തയ്യാറാക്കിയ വേദിയില്‍ ഒത്തുചേര്‍ന്നത്. കെ.കെ തോമസ്, കെ.കെ മാത്യു, കെ.കെ കുര്യന്‍, എന്നീ പിതാമഹന്മാരുടെ തലമുറയില്‍പ്പെട്ട 130 കുടുംബങ്ങളാണ് ഒത്തുചേര്‍ന്നത്. മുതിര്‍ന്ന അംഗമായ കെ.കെ കുര്യന്റെ അധ്യക്ഷതയില്‍ ആരംഭിച്ച കുടുംബ സംഗമം ബഹുമാനപ്പെട്ട ഫാ. ജോസഫ് കൊല്ലം പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗവും താന്‍ സഞ്ചരിച്ച വഴികളെല്ലാം നിരവധി പൊതുകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ശ്രീ. കെ.കെ കുര്യനെ പൊന്നാട അണിയിച്ച് ആദരിച്ചും കെ.റ്റി തോമസ് കുടുംബ ചരിത്രം അവതരിപ്പിച്ചും മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളും സമ്മാനദാനവും നടത്തപ്പെടും. യോഗത്തില്‍ കുടുംബയോഗത്തിന്റെ പ്രഥമ പ്രസിഡന്റായി കെ.റ്റി തോമസിനെയും വൈസ് പ്രസിഡന്റായി കെ.കെ കുര്യനെയും സെക്രട്ടറിയായി ജെയ്‌സണ്‍ ജോസഫിനെയും ട്രഷററായി അരുണ്‍ ജോസഫിനെയും തെരഞ്ഞെടുത്തു.
ഇരിട്ടി: മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും(49) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ തൊണ്ടയ്ക്ക് ക്യാന്‍സര്‍ ആണെന്ന് വ്യക്തമാവുകയായിരുന്നു. അപ്രതീക്ഷിതമായി കടന്നുവന്ന ഈ മഹാരോഗം നിര്‍ധനരായ ഈ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞു.
കൂലിവേല ചെയ്തു നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാക്കി. ഏകദേശം മൂന്നു ലക്ഷം രൂപ ഇപ്പോള്‍ത്തന്നെ കടമുണ്ട്. ഒരു മാസത്തെ മരുന്നിനായി ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. കുട്ടികളുടെ പഠനവും തുടര്‍ചികിത്സകളും വീട്ടാനാവാത്ത കടവും ഈ കുടുംബത്തെ ഇന്ന് പ്രതിസന്ധികളുടെ നാടുവിലാക്കിയിരിക്കുകയാണ്. മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്. നല്ല ചിത്സകള്‍ ലഭിക്കുകയാണെങ്കില്‍ കുമാരിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയുമെന്നാണ് ഡോക്ട്ടര്‍ പറയുന്നത്. നിത്യവൃത്തിക്ക് കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് കുമാരിയുടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്തുവാന്‍ ഒരു മാര്‍ഗവുമില്ല.
നമ്മള്‍ മനസുവയ്ക്കുകയാണെങ്കില്‍ ഈ കുടുംബത്തെ നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. ഈ നല്ല ഉദ്യമത്തില്‍ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളുടെ സഹായവും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളാല്‍ കഴിയുന്ന സഹായം ഫെബ്രുവരി പത്തിന് മുന്‍പായി താഴെ കാണുന്ന അക്കൗണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്;
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
Attachments area
ന്യൂസ് ഡെസ്ക്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രാത്രി ഒൻപത് മണി വരെ മഞ്ഞ് വീഴ്ച തുടർന്നേക്കും. ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിലേയ്ക്ക് അതിശൈത്യത്തിന്റെ പിടിയിൽ അമരുകയാണ് ബ്രിട്ടൺ. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മെറ്റ് ഓഫീസ് ആമ്പർ വാണിംഗ് പുറപ്പെടുവിച്ചു. മൂന്നു മുതൽ ഏഴ് സെൻറിമീറ്റർ വരെ മഞ്ഞ് രണ്ടു മൂന്നു മണിക്കൂറിൽ വീഴാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുപ്പ് തുടങ്ങി. വെയിൽസിന്റെ ചില പ്രദേശങ്ങളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തേക്കും.
യോർക്ക് ഷയർ ആൻഡ് ഹമ്പർ അടക്കമുള്ള മിക്ക റീജിയണുകളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗാണ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് കടന്നു പോയത്. അബർദീനിലെ ബ്രാമറിൽ മൈനസ് 14.4 ഡിഗ്രിയായിരുന്നു ഇന്ന് രാവിലെ താപനില. റെയിൽ സർവീസ് ക്യാൻസലേഷനും റോഡ് ബ്ളോക്കുകളും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിരവധി സ്കൂളുകൾ ഇന്ന് പ്രവർത്തിച്ചില്ല. പല വില്ലേജുകളും ഒറ്റപ്പെടും. പവർകട്ടും മൊബൈൽ നെറ്റ് വർക്ക് ഓട്ടേജും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാലു മണിക്കൂര്‍ ടാര്‍ജറ്റ് എടുത്തു കളയാനുള്ള എന്‍എച്ച്എസ് നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍. എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാനാണ് ടാര്‍ജറ്റ് ഏര്‍പ്പെടുത്തിയത്. ഇത് എടുത്തു കളയുന്നത് രോഗികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് എ ആന്‍ഡ് ഇ ഡോക്ടര്‍മാരുടെ സംഘടനയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രതികരിച്ചു. എന്‍എച്ച്എസിലുള്ള കുഴപ്പങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ഇതെന്നും സംഘടന വ്യക്തമാക്കി. എ ആന്‍ഡ് ഇകളില്‍ ചികിത്സ കാത്ത് രോഗികള്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന പഴയ കാലം ഈ ടാര്‍ജറ്റ് എടുത്തു കളയുന്നതിലൂടെ തിരിച്ചുവരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇപ്പോള്‍ത്തന്നെ മതിയായ പരിചരണം നല്‍കാന്‍ കഴിയാതെ പരിതാപാവസ്ഥയില്‍ നീങ്ങുന്ന എ ആന്‍ഡ് ഇകളില്‍നിന്ന് നാലു മണിക്കൂര്‍ ടാര്‍ജറ്റ് കൂടി എടുത്തു കളയുന്നതോടെ രോഗികളുടെ സുരക്ഷ ദുരന്തമായി മാറാനിടയുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്‍എച്ച്എസിന്റെ പദ്ധതി. ഹെല്‍ത്ത് സര്‍വീസിലെ കുഴപ്പങ്ങള്‍ മൂടിവെക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്കു മേലുള്ള അതിക്രമം എന്നാണ് റോയല്‍ കോളേജ് ലേ ഗ്രൂപ്പ് ചെയര്‍മാന്‍ ഡെറക് പ്രെന്റിസ് പ്രതികരിച്ചത്. വര്‍ഷങ്ങളായി നാലു മണിക്കൂര്‍ ടാര്‍ജറ്റ് നല്‍കിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നശിപ്പിക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ശ്രമിക്കുന്നതെന്നും പ്രെന്റിസ് പറഞ്ഞു.
എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികളെ നാലു മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയോ അഡമിറ്റ് ചെയ്യുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ വേണമെന്നാണ് എന്‍എച്ച്എസ് ഭരണഘടന പറയുന്നത്. ഈ ടാര്‍ജറ്റ് നേടാന്‍ എ ആന്‍ഡ് ഇകള്‍ക്ക് സാധിക്കാന്‍ കഴിയാത്തതില്‍ മന്ത്രിമാര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ടാര്‍ജറ്റില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്റ്റീവന്‍സ് എംപിമാരെ അറിയിച്ചിരുന്നു. സെപ്‌സിസ്, ഹൃദയ രോഗങ്ങള്‍ എന്നിവയുമായെത്തുന്നവര്‍ക്ക് അടിയന്തര ചികിത്സയും താരതമ്യേന ചെറിയ രോഗങ്ങളുമായി എത്തുന്നവര്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന വിധത്തിലാണ് പുതിയ രീതിയെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് അച്ഛന്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി തീരുമാനിക്കും. നിലവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ നടന്ന അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്കറിന്റെ പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സാമ്പത്തിക ഇടപാടിലും മരണത്തിലും ദുരൂഹത ഉണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ. ഉണ്ണി ഉറച്ചുനില്‍ക്കുകയായിരുന്നു. അന്വേഷണ സംഘത്തെ മാറ്റണമെന്ന് അവശ്യപ്പെട്ട് അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇദ്ദേഹം സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.