ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുവാൻ നാലംഗ ജഡ്ജിംഗ് പാനലിനെ ചുമതലപ്പെടുത്തി. മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്സാണ്ടർ സാം, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയിൽ നിന്ന് പ്രമുഖ ഭിഷഗ്‌വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങൾ .
പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.
മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. കൂടാതെ അവാർഡ് ജേതാവിനെ നവംബർ രണ്ടാം വാരം ചിക്കാഗോയിലെ ഹോളിഡേ ഇൻ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പ്രസ് ക്ലബ് ഇന്റർനാഷണൽ കോൺഫറൻസിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും.
എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹൻ (മനോരമ) എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) ഇപ്പോൾ എം.എൽ.എ ആയ വീണാ ജോർജ്, അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ് എന്നിവരാണ് നേരത്തെ ഈ അവർഡ് നേടിയിട്ടുള്ളത്.
മാധ്യമ രംഗത്ത് പത്ത് വർഷത്തെയെങ്കിലും പരിചയമുള്ളവർക്ക് മാധ്യമ ശ്രീ അവാർഡിന് അപേക്ഷിക്കാം. ആർക്ക് വേണമെങ്കിലും പേര് നോമിനേറ്റ് ചെയ്യാം. വിവരങ്ങൾ ഈ-മെയിലിൽ അറിയിക്കുക [email protected]
കോവിഡിന്റെ പശ്ചാത്തലത്തിൽ മാധ്യമശ്രീ പുരസ്‌കാരം നൽകുന്ന ചടങ്ങുകൾ എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ നാഷനൽ എക്സിക്യൂട്ടിവിന്റെയും ചാപ്ടർ പ്രസിഡന്റുമാരുടെയും യോഗം നടന്നു. ജനറൽ സെക്രട്ടറി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എല്ലാ ചാപ്റ്റർ പ്രെസിഡന്റുമാരും പങ്കെടുത്തു.
വാഷിങ്ടൻ ∙ മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈന ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും. എന്നാൽ യുഎസുന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചു മുന്നോട്ടു പോകാൻ തയാറാണെങ്കിൽ ചൈനയുമായി ചേർന്നു പ്രവർത്തിക്കുന്നതിനു മറ്റു തടസ്സങ്ങളില്ലെന്നും ബൈഡൻ പറഞ്ഞു.
അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചൈനയുടെ നീക്കങ്ങളിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബൈഡന്റെ പ്രസ്താവന. ചൈന അയൽരാജ്യങ്ങൾക്കു ഭീഷണിയെങ്കിൽ ഇടപെടുമെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിന്റെ പ്രതികരണം. ഇന്ത്യ– പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ്‌രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യയ്ക്കെതിരെയും കടുത്ത ഭാഷയിലാണ് ബൈഡൻ സംസാരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ എത്രയും പെട്ടെന്നു തടവിൽനിന്നു മോചിപ്പിക്കണമെന്നു ബൈഡൻ ആവശ്യപ്പെട്ടു. യുഎസ് ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിന്റെ നടപടിയിൽ ബൈഡൻ അതൃപ്തി പരസ്യമാക്കിയത്. റഷ്യയുടെ ആക്രമണാത്മക നടപടികളെ യുഎസ് കണ്ടില്ലെന്നു നടിക്കില്ലെന്നും റഷ്യയെ ഫലപ്രദമായി നേരിടാൻ യുഎസിന് ആകുമെന്നും ബൈഡൻ പറഞ്ഞു.
രാസായുധ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട നവൽനി, ജർമനിയിൽ 5 മാസം നീണ്ട ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17 നാണു റഷ്യയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ഉടൻ അറസ്റ്റിലായ നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു റഷ്യയിലെങ്ങും പ്രക്ഷോഭം പടരുന്നതിനിടെയാണ് നവൽനി അനുകൂല പ്രസ്താവനയുമായി ബൈഡൻ രംഗത്തെത്തിയത്.
മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെയും ശക്തമായ പ്രതികരണമാണ് ബൈഡൻ നടത്തിയത്. സൈന്യം ഉടൻ തന്നെ നടപടി പിൻവലിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാൻ തയാറായില്ലെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ബൈഡൻ പ്രതികരിച്ചു. മ്യാൻമറിനെതിരെ നടപടികളിലേക്കു കടന്നാൽ ചൈന അതു മുതലെടുക്കുമെന്ന മറുവാദം ഉയരുന്നതിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ലോകരാജ്യങ്ങൾ സൈനിക അട്ടിമറിയെ തള്ളി രംഗത്തു വന്നപ്പോൾ പരോക്ഷമായി അനുകൂലിക്കുന്ന പ്രസ്താവനകളായിരുന്നു ചൈനയുടേത്.
ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും അതിനു യുഎസിന്റെ നേതൃത്വവും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റിന്റെ ചുമതലയേറ്റ ശേഷം ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മ്യാൻമർ പ്രശ്നം. റഷ്യയിലും ജനാധിപത്യ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെങ്കിലും വർഷങ്ങളായി തുടരുന്നതാണ്.
ഇന്ത്യൻ വംശജയായ ഭവ്യ ലാൽ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്‌ടിംഗ് ചീഫ് ഓഫ് സ്‌റ്റാഫ് ആയി നിയമിതയായി. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസിയിൽ അംഗമായിരുന്നു ഭവ്യ.ബഹിരാകാശ സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും വലിയ അനുഭവ സമ്പത്തുളളയാളാണ് ഭവ്യയെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡിഫെൻസ് അനാലിസിസ് സയൻസ് ആന്റ് ടെക്‌നോളജി പോളിസി ഇൻസ്‌റ്റിറ്റ്യൂട്ടി(എസ്.ടി.പി.ഐ)ൽ 2005 മുതൽ 2020 വരെ ഗവേഷണ അംഗമായി പ്രവർത്തിച്ച അനുഭവ പരിചയം ഭവ്യ ലാലിനുണ്ട്.
വൈറ്റ് ഹൗസിലെ സയൻസ് ആന്റ് ടെക്‌നോളജി പോളിസി ആന്റ് നാഷണൽ സ്‌പേസ് കൗൺസിലിൽ യുദ്ധപ്രധാനമായബഹിരാകാശ സാങ്കേതികവിദ്യ ചുമതലകൾ ഭവ്യക്കുണ്ടായിരുന്നു.രാജ്യത്തെ അഞ്ച് പ്രമുഖ സയൻസ് കമ്മിറ്റികളെ നയിക്കുകയോ അംഗമാകുകയോ ചെയ്‌തിട്ടുണ്ട്. എസ്.ടി.പി.ഐയിലെത്തും മുൻപ് ശാസ്‌ത്ര സാങ്കേതികവിദ്യ പോളിസി ഗവേഷണ കൺസൾട്ടൻസി സ്ഥാപനമായ സി-എസ്ടിപിഎസ് എൽഎൽസിയുടെ അദ്ധ്യക്ഷയായിരുന്നു ഭവ്യ.
ബഹിരാകാശ രംഗത്തെ സംഭാവനകൾക്ക് അന്താരാഷ്‌ട്ര ബഹിരാകാശയാത്രാ ഗവേഷണ അക്കാഡമിയിൽ ഭവ്യയെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആണവ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുളള ഇവർ സയൻസ് ആന്റ് ടെക്‌നോളജി ആന്റ് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജോർജ് വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റും നേടി.
ഭക്ഷ്യ നിർമാണ ശാലയിൽ രാസവസ്തു ചോർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. നൈട്രജൻ ചോർന്നതാണ് അപകട കാരണം.
പരിക്കേറ്റവരിൽ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. അഗ്നിശമന സേനാംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ആദ്യമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന ഒരു ശക്തമായ ബന്ധം ഉണ്ടായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും, വൈസ് – പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേറ്റത്. ഇവർ ഇരുവരും അധികാരമേറ്റത് യുഎസിനെ ഒരുപടികൂടി മുൻപിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

പാരിസ് കാലാവസ്ഥാവ്യതിയാന കരാറിലും, വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലും തിരികെ ചേരാനുള്ള യുഎസിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജോ ബൈഡെന്റെ മുൻഗാമി ആയിരുന്ന ഡൊണാൾഡ് ട്രംപ് ഈ രണ്ട് തീരുമാനങ്ങളും തള്ളിയിരുന്നു. കാലാവസ്ഥ വ്യതിയാനം തടുക്കുന്നതിനായി, പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ഉത്സാഹിക്കുന്ന ബൈഡന്റെ നിലപാട് പ്രശംസനീയം ആണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വക്താവ് രേഖപ്പെടുത്തി.
ഇരു രാജ്യങ്ങൾ തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ചും രണ്ട് നേതാക്കളും ചർച്ച ചെയ്തു. ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമല ഹാരിസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു.
സ്വന്തം ലേഖകൻ
യു എസ് :- പുതുതായി ചുമതലയേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഉച്ചയ്ക്ക് ആദ്യമായി ഓവൽ ഓഫീസിലെത്തി പുതിയ എക്സിക്യൂട്ടീവ് ഓഡറുകളിൽ ഒപ്പിട്ടു. അതോടൊപ്പം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിനായി എഴുതി വച്ച കത്തും ബൈഡൻ വായിച്ചു. എന്നാൽ കത്തിലെ വിശദാംശങ്ങളൊന്നും തന്നെ പുറത്തു വിടുവാൻ അദ്ദേഹം തയ്യാറായില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി ട്രംപ് ആകെ നടത്തിയ പരിശ്രമമാണ് തന്റെ പിൻഗാമിക്കായി എഴുതിയ ഈ കത്ത്. ഇലക്ഷനിൽ വിജയിച്ച ശേഷം ട്രംപ് ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയോ, ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ബൈഡൻ മാസ്ക്ക് ധരിച്ചാണ് തന്റെ ഓഫീസിലേക്ക് എത്തിയത്. ഇതിൽ തന്നെ തന്റെ മുൻഗാമിയുമായി ബൈഡൻ വ്യത്യസ്തത പുലർത്തി. ട്രംപ് ഒരിക്കൽ പോലും പൊതുവായ ചടങ്ങുകളിൽ മാസ്ക് ധരിച്ചിരുന്നില്ല.

മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ആണ് ബൈഡൻ ഒപ്പിട്ടത്. ഇതിൽ പാരിസ് കാലാവസ്ഥ കരാറിൽ യുഎസ് തിരിച്ചു ചേരുന്നത് സംബന്ധിച്ച ഫയലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകളിൽ അദ്ദേഹം ഒപ്പിടും. അതിനുശേഷം അദ്ദേഹം ആയിരത്തോളം ഫെഡറൽ അപ്പോയിന്റികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. പരസ്പരമുള്ള ബഹുമാനവും വിശ്വാസവും ആണ് എല്ലാവർക്കും ആവശ്യമെന്ന് ബൈഡൻ അവരെ ഓർമ്മപ്പെടുത്തി. ഭാര്യ ജിൽ ബൈഡനൊപ്പം വൈറ്റ് ഹൗസിലേയ്ക്ക് പ്രവേശിച്ചതിനു ശേഷമാണ് പ്രസിഡന്റ് തന്റെ ഓഫീസിലെത്തിയത്.

ഉച്ചയ്ക്ക് മുൻപ് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സൈനികരുടെ ശവകുടീരത്തിൽ റീത്ത് സമർപ്പിച്ചിരുന്നു. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ ട്രംപ് മാത്രം ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. പുതിയ പ്രസിഡന്റിന്റെ ഭരണ മാറ്റങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ വിവാദങ്ങൾ ബാക്കിവെച്ച് അരങ്ങൊഴിയുന്ന പ്രസിഡന്റാണ് ട്രംപ്. പുതിയതായി പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ട്രംപ് പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേന്ന് ഇളയ മകൾ ടിഫനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ്. കോടീശ്വരപുത്രനായ മൈക്കൽ ബുലോസാ (23 ആ)ണു ഇരുപത്തിയേഴുകാരിയായ ടിഫനിയെ വിവാഹം ചെയ്യുന്നത്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടു വ്യക്തിപരമായ മധുരസ്മൃതികൾ ഏറെയുണ്ടെന്നു കുറിച്ചാണു ടിഫനി ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചത്.
രണ്ടാം ഭാര്യ മാർല മേപ്പിഴൾസിലുള്ള മകളാണു നിയമബിരുദധാരിയായ ടിഫനി. ലെബനനിൽ നിന്നു കുടിയേറിയ കോടീശ്വരന്റെ മകനാണ് ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ.
പതിവില്‍ നിന്ന് വിരുദ്ധമായി പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ് പടയിറങ്ങിയത്. പുതിയ ഭരണകൂടത്തിന് വിജയാശംസകള്‍, മികച്ച ഭരണത്തിനുള്ള അടിത്തറ ഞങ്ങള്‍ ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം വളരെവേഗത്തില്‍ കോവിഡ് വാക്സീന്‍ വികസിപ്പിച്ചതും നികുതി പരിഷ്ക്കാരങ്ങളും തന്‍റെ നേട്ടമായി എടുത്തു പറഞ്ഞു.
വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തി ജോ ബൈഡൻ. വൈറ്റ് ഹൗസിൽ എത്തിയ ബൈഡന്, ട്രംപിനെ തിരുത്തുന്ന 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പിട്ടത്.
കോവിഡിനെ പ്രതിരോധിക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികളാണ് ബൈഡന് സ്വീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നതും കർശനമാക്കി. ലോകാരോഗ്യസംഘടനയിൽനിന്ന് മാറാനുള്ള ട്രംപിന്റെ തീരുമാനവും തിരുത്തി.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടുവർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്ന ബില്ലിലും ഒപ്പുവച്ചു. ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരാനും തീരുമാനിച്ചു.
അമേരിക്കയുടെ 46ാമത് പ്രസിഡൻറായി േജാസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ((ഇന്ത്യൻ സമയം രാത്രി 10:00) സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും സ്ഥാനമേറ്റു. യു.എസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹില്ലിന് മുന്നിൽ നാഷനൽ മാളിനെ നോക്കിയാണ് ആദ്യം കമല ഹാരിസും ബൈഡനും തുടർന്ന് സത്യവാചകം ചൊല്ലിയത്.
അതേസമയം, സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. 150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡൻറ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് മാറിനിൽക്കുന്നത്. എന്നാൽ, വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തി.
രണ്ടു സമയങ്ങളിലായി എട്ടു വർഷം വൈസ് പ്രസിഡൻറും 36 വർഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡൻറായാണ് ചുമതലയേൽക്കുന്നത്. കാലിഫോർണിയ സെനറ്ററായ കമല ഹാരിസാകട്ടെ വൈസ് പ്രസിഡൻറാവുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ്.
ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിൽക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിടചൊല്ലി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
“ഇത് ഒരു വലിയ ബഹുമതിയാണ്, ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതി. ലോകത്തിലെ ഏറ്റവും മഹത്വമുള്ള ആളുകൾ, ലോകത്തിലെ ഏറ്റവും വലിയ ഭവനം,” അമേരിക്കയെ സേവിക്കാൻ ലഭിച്ച നാല് വർഷക്കാലത്തെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
“ഞങ്ങൾ അമേരിക്കൻ ജനതയെ സ്നേഹിക്കുന്നു, ഇത് വളരെ സവിശേഷമായ ഒന്നാണ്. എല്ലാവരോടും ഞാൻ യാത്ര പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇതൊരു ദീർഘകാലത്തേക്കുള്ള വിട പറച്ചിലല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ തീർച്ചയായും വീണ്ടും കാണും,” ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞത് അവിശ്വസനീയമായ നാലു വര്‍ഷങ്ങളായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും,” ട്രംപ് പറഞ്ഞു. 150-ല്‍ അധികം വര്‍ഷത്തിനിടെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
അതേസമയം, ഡൊണാൾഡ് ട്രംപ് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സുഹൃത്തുക്കളുമായി രാഷ്ട്രീയ ഉപദേശകരുമായി ട്രംപ് ഇക്കാര്യത്തിൽ കൂടിയാലോചന നടന്നതായാണ് വാർത്തകൾ. ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ ട്രംപിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നത്.