uukma

ഷിബു മാത്യൂ, സ്പോട്സ് ഡെസ്ക്. മലയാളം യുകെ.

യുകെയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിക്കുന്ന ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തുടക്കം. ഉച്ചതിരിഞ്ഞ് ഒരുമണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ സന്നിഹിതനായിരുന്നു.

അഞ്ച് ഗ്രൂപ്പ്കളിലായി 20 ടീമുകൾ ടൂർണ്ണമെൻ്റിൽ കളിക്കും. ഒരേ സമയം മൂന്ന് കോർട്ടുകളിലായി ആറ് ടീമുകൾ ആദ്യ റൗണ്ടിൽ കളിക്കും. അതിൽ വിജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ എത്തും. പിന്നീട് ക്വാർട്ടർ, സെമീഫൈനൽ, ഫൈനൽ എന്നീ ക്രമത്തിലാണ് ടൂർണ്ണമെൻ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് 100 ഉം 50 ഉം പൗണ്ടും ട്രോഫിയും നൽകും. മിക്സഡ് ഡബിൾസ് മത്സരങ്ങളും ടൂർണ്ണമെൻ്റിൽ പ്രധാന ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെ മത്സരം അവസാനിക്കും.

 കുര്യൻ ജോർജ്ജ്

വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം യുക്മ ദേശീയ പി.ആർ.ഒ. യും മീഡിയ കോർഡിനേറ്ററുമായി യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി അലക്‌സ് വർഗീസിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യുക്മയുടെ ആരംഭകാലം മുതൽ യുക്‌മയുടെ ഏറ്റവും അടുത്ത സഹകാരിയായി അറിയപ്പെടുന്ന അലക്‌സ് വർഗീസ് യു കെ മലയാളികൾക്കിടയിൽ മുഖവുര ആവശ്യമില്ലാത്ത സംഘാടകനാണ്.

യുക്മയുടെ പ്രഥമ ദേശീയ കലാമേളയിൽ ഏറ്റവുമധികം പോയിൻറ് നേടി ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ (എം.എം.സി.എ) പ്രസിഡൻറ് പദം മുതൽ നിരവധി പദവികൾ വഹിച്ചിട്ടുളള അലക്‌സ് വർഗീസ് യുക്മ നേതൃനിരയിലെ ഏറ്റവും പരിചയ സമ്പന്നനാണ്. വിനയവും സൗമ്യതയും മുഖമുദ്രയാക്കി ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്ന അലക്‌സ് യുക്‌മയ്ക്ക് ഒരു മുതൽക്കൂട്ടാണ്. യുക്‌മ ദേശീയ സമിതിയംഗം, ജോയിൻറ് ട്രഷറർ, ജോയിൻറ് സെക്രട്ടറി, ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള അലക്‌സ് യുക്മ പി.ആർ.ഒ യുടെ ചുമതലയും മുൻപ് ഒരു ടേം നിർവ്വഹിച്ചിട്ടുണ്ട്. യുക്മയുടെ മുഖപത്രമായ യുക്മ ന്യൂസിന്റെ മാനേജിങ് എഡിറ്ററുമാണ് അലക്‌സ് വർഗീസ്. മാഞ്ചസ്റ്റർ സെൻറ്. തോമസ് സീറോ മലബാർ ചർച്ചിന്റെ ട്രസ്റ്റിയായി മുൻപ് പ്രവർത്തിച്ചിട്ടുള്ള അലക്‌സ് നിലവിൽ മാഞ്ചസ്റ്റർ സെൻറ്. തോമസ്‌ ദി അപ്പോസ്റ്റൽ മിഷന്റെ ട്രസ്റ്റിയായും പ്രവർത്തിച്ചു വരുന്നു.

മാഞ്ചസ്റ്റർ എം.എം.സി.എ, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ ഉൾപ്പടെ നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചിട്ടുള്ള അലക്‌സിന്റെ സംഘാടക പാടവത്തിന്റെ മകുടോദാഹരണങ്ങളാണ് മാഞ്ചസ്റ്റർ ഫോറം സെന്ററിൽ വെച്ച് നടത്തിയ യുക്മ ഫാമിലി ഫെസ്റ്റ്, 2019 ലെ മാഞ്ചസ്റ്റർ യുക്മ ദേശീയ കലാമേള എന്നിവ. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരങ്ങളായ ആ പരിപാടികളിലൂടെ യുക്‌മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ പരിപാടികൾക്കാണ് യു കെ മലയാളികൾ സാക്ഷ്യം വഹിച്ചത്.

യു കെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശ്രുംഖലയായ ടെസ്‌കോയുടെ ഓൾട്രിംങ്ങ്ഹാം എക്സ്ട്രായിലാണ് അലക്‌സ് ജോലി ചെയ്യുന്നത്. കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്‌സ്, പോലീസ്‌ അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

യുക്മ ദേശീയ പി.ആർ.ഒ, മീഡിയ കോർഡിനേറ്റർ എന്നീ നിലകളിൽ അലക്‌സ് വർഗീസിന്റെ സേവനം യുക്മയ്ക്കും യു കെ മലയാളി സമൂഹത്തിനും കൂടുതൽ പ്രയോജനപ്രദമായി തീരട്ടേയെന്ന് യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ ആശംസിച്ചു.

യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് ലഭിക്കാത്ത മാധ്യമങ്ങൾ [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി.ആർ.ഒ യുമായി 07985641921 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വിളിക്കാവുന്നതാണ്.

 

അലക്സ് വർഗ്ഗീസ്

യുക്മ കേരളാപൂരം വള്ളംകളി – 2022 ന് ആവേശം പകരാൻ മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകൻ, മേപ്പടിയാൻ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്‌ ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദൻ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദൻ നല്ലൊരു ഗായകനും ചലച്ചിത്ര നിർമ്മാതാവും കൂടിയാണ്.

2011 ൽ ഇറങ്ങിയ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദൻ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളിൽ തന്റെ അഭിനയ പാടവം തെളിയിച്ച് കഴിഞ്ഞു. 2011 ൽ ഇറങ്ങിയ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച ഉണ്ണി മുകുന്ദൻ ആദ്യ വർഷം തന്നെ മല്ലൂസിംഗ് ഉൾപ്പടെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങിയ ഉണ്ണി മുകുന്ദൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക നടൻമാർക്കൊപ്പവും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുണ്ട്. 2021 ൽ യുവസംവിധായകൻ വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേപ്പടിയാനിലെ നായക വേഷം ജയക്രിഷ്‌ണൻ, ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക്കെല്ലാണ്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് മേപ്പടിയാൻ എന്ന ചിത്രം നിർമ്മിച്ചത്. നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി മുകുന്ദൻ 2017 ൽ പുറത്തിറങ്ങിയ അച്ചായൻസിലെ “അനുരാഗം പുതുമഴ പോലെ” എന്ന ഗാനം ഉൾപ്പടെ ആറോളം ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ജെ സി ഡാനിയൽ ഫൌണ്ടേഷൻ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള നടൻ കുടുതൽ മികച്ച ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.

മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവ സംവിധായകരുടെ നിരയിൽ ശ്രദ്ധേയനായി മാറിയ വിഷ്ണു മോഹൻ മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്ത് കൂടിയാണ്.

വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ വന്ന ഈ വാർത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയർത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവർക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.

വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake,
Station Road,
Wath – Upon – Dearne,
Rotherham,
South Yorkshire,
S63 7DG.

 

ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളാപൂരം 2022” വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സുമായി ബ്രിട്ടന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്. 2019ല്‍ നടന്ന വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെട്ട മെഗാതിരുവാതിര വന്‍വിജയമായിരുന്നു.

യുക്മ സംഘടിപ്പിച്ച 2019 ലെ മൂന്നാമത് വള്ളംകളി വേദിയില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് മുന്‍ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോയുടെയും സെലിന സജീവിന്റെയും നേതൃത്വത്തില്‍ അണിഞ്ഞൊരുങ്ങിയത്. അതില്‍ പങ്കെടുത്തവരും പുതിയതായി യു.കെയില്‍ എത്തിച്ചേര്‍ന്നവരുമായ യുകെ മലയാളി വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇത്തവണ സംഘടിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സ് അണിഞ്ഞൊരുങ്ങുന്നത്.

കേരളത്തിന്റെ സാംസ്കാരിക തനിമയ്ക്കും പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന മെഗാഫ്യൂഷന്‍ ഡാന്‍സ് ഓഗസ്റ്റ് 27 ശനിയാഴ്ച നടക്കുന്ന വള്ളംകളിയ് ക്കൊപ്പം ഏറ്റവും ആകര്‍ഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വനിതകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത നൃത്തചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.

27 ടീമുകളാണ് ഈ വര്‍ഷം കേരളാപൂരം വള്ളംകളിയില്‍ പങ്കെടുക്കുന്നത്. പതിനായിരത്തോളം വള്ളംകളി പ്രേമികള്‍ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2022, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാല്‍ ആകര്‍ഷകമായിരിക്കും എന്നതില്‍ സംശയമില്ല.

പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ കോര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

ഇനിയും മെഗാ തിരുവാതിരയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ദേശീയ തലത്തില്‍ ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ (07868607496), നാഷണല്‍ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) ആദ്യമായി സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള ട്വൻറി ട്വൻറി ക്രിക്കറ്റ് ടൂർണ്ണമെന്റ് മെയ് 31 ന്. എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും എവർ റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ മനോജ് കുമാർ പിള്ള ടൂർണ്ണമെന്റ് ഉത്‌ഘാടനം നിർവ്വഹിക്കും.

നിലവിലെ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ടൂർണ്ണമെന്റ് ഡിവൈസിസിലെ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിക്കും. പിച്ച് വണ്ണിൽ കെസിസിപി യും ഏദൻ ക്രിക്കറ്റ് ക്ലബ്ബും പിച്ച് ടുവിൽ ചിയേഴ്സ് നോട്ടിംഗ്ഹാം ക്രിക്കറ്റ് ക്ലബ്ബും ടി ഐ സിസി യും തമ്മിലാകും ആദ്യ മത്സരങ്ങൾ. പതിനൊന്നരയോടെ ആരംഭിക്കുന്ന രണ്ടാം മത്സരങ്ങളിൽ എസ് എം എ ചലഞ്ചേഴ്‌സും സ്വിൻഡനും പിച്ച് വണ്ണിലും കൊമ്പൻസും ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റ് ക്ലബ്ബും പിച്ച് ടുവിലും ഏറ്റുമുട്ടും. രണ്ടു മണിയോടെയാകും സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കുക.

ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, കഫേ ദിവാലി, പ്രീമിയർ ആൻഡോവർ സ്റ്റോഴ്സ്, സീകോം അക്കൗണ്ടൻസി സർവീസസ്, ജോബിസ് സ്വിച്ച്എനർജി & സേവ് മണി തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്‌പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനുഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ ജിനോയെസ്‌ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായത്. സാലിസ്ബറി മലയാളി അസ്സോസിയേഷൻ രൂപം കൊടുത്ത എസ് എംഎ ചലഞ്ചേഴ്‌സ്(സ്മാക്) ആദ്യമായി മാറ്റുരയ്ക്കുന്ന ടൂർണ്ണമെന്റ് കൂടിയാണിത്. ക്യാപ്റ്റൻ അരുൺ കൃഷ്ണൻറെയും വൈസ് ക്യാപ്റ്റൻ എം പി പദ്മരാജിന്റെയും നേതൃത്വത്തിലാണ് സ്മാ കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

സജീഷ് ടോം

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിൻെറ ഏപ്രിൽ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തിൽ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്.

മുൻ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഏപ്രിൽ ലക്കം ജ്വാലയും. ലോകമെങ്ങും ആഴത്തിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് പ്രതിപാദിക്കുന്നു. പരസ്പരം കരുതലും സ്നേഹവും എത്രമാത്രം പ്രധാനം ആണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയൽ ഹൃദ്യമായി പറഞ്ഞുവക്കുന്നു.

വൈവിദ്ധ്യങ്ങളായ രചനകൾ ഈ ലക്കത്തെ മനോഹരമാക്കുന്നു. മലയാള കവിതക്ക് പുതിയൊരു ഭാവവും ഈണവും നലകിയ കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ “കോഴി” എന്ന കവിതയോടെയാണ് വായനയുടെ ജാലകം വായനക്കാർക്കായി തുറക്കുന്നത്. കടമ്മനിട്ട തന്നെയാണ് ഈ ലക്കത്തിന്റെ പ്രൗഢമായ മുഖചിത്രവും.

മാതൃഭാഷയെ നെഞ്ചോട് ചേർത്തത് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം ജോർജ്ജ് അറങ്ങാശ്ശേരി തന്റെ പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്ര” യിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു. ലോകപ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേരയെക്കുറിച്ചു ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ കുറിപ്പ് ആ മഹാനായ സാഹിത്യകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ്.

പ്രമുഖ സാഹിത്യകാരൻ യു കെ കുമാരൻ എഴുതിയ “ചരിത്രത്തോടൊപ്പം ചേരുന്ന തക്ഷൻകുന്നു സ്വരൂപം” എന്ന നോവലിനെ വിലയിരുത്തിക്കൊണ്ട് അലി കരക്കുന്നൻ എഴുതിയ ലേഖനം, മലയാളത്തിന്റെ പ്രിയ നടി ശാരദയെക്കുറിച്ചു ഇ പി രാജഗോപാലൻ എഴുതിയ ലേഖനം എന്നിവ ഈ ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. ജ്വാല ഇ മാഗസിന്റെ രചനകൾക്ക് ചിത്രങ്ങൾ കൊണ്ട് മനോഹാരിത നൽകുന്ന യുകെയിലെ പ്രിയ ചിത്രകാരൻ റോയ് സി ജെ യുടെ കാർട്ടൂൺ പംക്തി ” വിദേശവിചാരം ” കാലിക സാമൂഹ്യ വിഷങ്ങൾ അനാവരണം ചെയ്യുന്നു.

സി പി മുഹമ്മദ് റാഫിയുടെ “അർദ്ധരാത്രിയിലെ അനർഘമായ ചുംബനങ്ങൾ”, പ്രിയ സുനിലിന്റെ “ജഡ്‌ജിയാമ”, ഡോ.വി വി വീനസിന്റെ “മകൻ” എന്നീ കഥകളും എം ബഷീറിന്റെ “കവിത ഒരു കൊറോണ ദേശമായി സ്വയം പ്രഖ്യാപിക്കുന്നു”, ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ” ഇവൻ എൻ പ്രിയൻ ” എന്നീ കവിതകളും കൂടി ആകുമ്പോൾ മനോഹരമായ ഏപ്രിൽ ലക്കം സമ്പൂർണ്ണമാകുന്നു.

ജ്വാല ഇ-മാഗസിനിൽ കൃതികൾ പ്രസിദ്ധീകരിക്കുവാൻ താല്പര്യം ഉള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തങ്ങളുടെ കൃതിയും ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. ഏപ്രിൽ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക:-

സജീഷ് ടോം

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി മലയാളി വായനക്കാർക്ക് അഭിമാനമായി തുടർച്ചയായി 60 ലക്കം പ്രസിദ്ധീകരിച്ച് ഇതിനകം ചരിത്രം സൃഷ്ടിച്ച ജ്വാല ഇ-മാഗസിൻ വായനക്കാരുടെ പ്രിയ പ്രസിദ്ധീകരണങ്ങളിൽ ഒന്നായി വളർന്നു കഴിഞ്ഞു.

മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്നേഹിയുമായ അന്തരിച്ച ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അർപ്പിച്ച് എഴുതിയ എഡിറ്റോറിയലിൽ അദ്ദേഹം മലയാള ഭാഷക്ക് നൽകിയ സംഭാവനകളെ സ്മരിക്കുന്നു . “കവി, അധ്യാപകൻ, രാഷ്ട്രീയക്കാരൻ, ഭാഷാ ഗവേഷകൻ, പരിഭാഷകൻ, വാഗ്മി തുടങ്ങി നിരവധി മേഖലകളിൽ കനപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഡോ. പുതുശേരി രാമചന്ദ്രൻ. അടിസ്ഥാനപരമായി കവിയായ അദ്ദേഹം 1940 കളിൽ ഇടത് ചിന്താധാരയോടൊപ്പം മലയാള കവിതരംഗത്ത് കടന്ന് വന്നു ചലനം സൃഷ്ടിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ദേശാഭിമാന കവിതകൾ എഴുതി. മണ്ണിനോടും മനുഷ്യനോടുമുള്ള അതിരുകളില്ലാത്ത സ്നേഹമായിരുന്നു പുതുശേരികവിതയുടെ കരുത്ത്”; ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. “പുതിയ കൊല്ലനും പുതിയൊരാലയും” ഡോ. പുതുശേരി രാമചന്ദ്രന്റെ പ്രസിദ്ധ രചനയാണ്.

വീണ്ടും വേറിട്ട ഒരു അനുഭവം മനോഹരമായ ശൈലിയിൽ വിവരിക്കുന്നു ജോർജ്ജ് അറങ്ങാശ്ശേരി സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന തന്റെ പംക്തിയിൽ. കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയൻ ഡോ. എം വി വിഷ്ണുനമ്പൂതിരിയെ ഓർമ്മിച്ചു ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ ഓർമ്മ, തനിക്കെതിരെ പ്രചരിക്കുന്ന പുരസ്‌കാര വിവാദത്തിൽ കവി പ്രഭാവർമ്മ പ്രതികരിക്കുന്ന അഭിമുഖം, രവിമേനോന്റെ പാട്ടുവന്ന വഴി എന്ന പംക്തി എന്നിവ മാർച്ച് ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഫ്രാൻസിസ് നെറോണ “കാതുസൂത്രം” എന്ന തന്റെ പുതിയ കൃതിയുടെ രചനയുടെ ചാലക ശക്തി എന്തായിരുന്നു എന്ന് വിശദമാക്കുന്ന ലേഖനവും വായനക്കാരിൽ താല്പര്യം ഉണർത്തും എന്നതിൽ സംശയമില്ല.

ദിപു ശശി രചിച്ച എത്രമേൽ, അനിലൻ കൈപ്പുഴയുടെ ഉണങ്ങിയമരം, നവീന പുതിയോട്ടിലിന്റെ ഉശിരത്തി, വിഷ്ണു പകൽക്കുറിയുടെ പാതിരാ നേരത്ത്, എം ഒ രഘുനാഥിന്റെ തിരസ്കൃത കൃതികൾ എന്നീ കവിതകളും അനീഷ് ഫ്രാൻസിസ് എഴുതിയ മൂന്നു സ്വപ്നങ്ങള്‍, ജയരാജ് പരപ്പനങ്ങാടിയുടെ ഗജഹൃദയം, തോമസ് കെയാലിന്റെ പൈസക്കള്ളൻ എന്നീ കഥകളും ചിത്രകാരൻ സി ജെ റോയിയുടെ വളരെ ശ്രദ്ധേയമായ “വിദേശവിചാരം” കാർട്ടൂൺ പംക്തിയും അടങ്ങിയ മാർച്ച് ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

സജീഷ് ടോം

യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു. നാലാമത്‌ മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമിലുള്ള മാന്‍വേഴ്സ് തടാകത്തിലാണ് നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഏക വള്ളംകളിയാണ് യുക്മ കേരളാപൂരം. ഈ വർഷത്തെ പ്രധാന സ്പോണ്‍സര്‍മാരായ കൊമ്പന്‍ ബിയര്‍ കമ്പനിയുടെ പേര് കൂടി ഉള്‍പ്പെടുത്തിയുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020″ന്റെ പ്രത്യേക ലോഗോ പ്രകാശനം ഉള്‍പ്പെടെയുള്ളവ ഫെബ്രുവരി 29ന് മാന്‍വേഴ്സ് ‘ലേക്ക് ക്ലബി’ല്‍ വച്ച് യുക്മ നേതാക്കളുടേയും ക്ലബ് ഭാരവാഹികളുടേയും മുഖ്യ സ്പോണ്‍സറുടേയും ആഭിമുഖ്യത്തില്‍ നടന്നിരുന്നു. ബ്രിട്ടണില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വരുന്ന ഏതാനും മാസങ്ങളിലെ പ്രധാന പൊതുപരിപാടികളെല്ലാം മാറ്റിവച്ച് കഴിഞ്ഞു. പന്ത്രണ്ട് ആഴ്ച്ച വരെ ഈ സാഹചര്യം നീളുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വള്ളംകളി മാറ്റിവയ്ക്കുവാൻ തീരുമാനമെടുത്തത്.

ഈ സാഹചര്യത്തിൽ, കഴിഞ്ഞ വര്‍ഷം നടന്നത് പോലെ ഓഗസ്റ്റ് മാസം അവസാനത്തെ ശനിയാഴ്ച്ചയാവും ഇത്തവണയും വള്ളംകളി നടത്തപ്പെടുന്നത്. 2020 ഓഗസ്റ്റ് 29 ന് റോതെര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തിൽ തന്നെ വള്ളംകളി നടത്തുന്നതിനാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

യുക്മ നടത്തുന്ന പരിപാടികളില്‍ ഏറ്റവും ബൃഹത്തായ ഒന്നാണ് വള്ളംകളി. ഏകദേശം നൂറോളും വരുന്ന വോളണ്ടിയര്‍മാരുടെ സ്വാഗതസംഘമാണ് എല്ലാ വര്‍ഷവും ഇതിന്റെ നടത്തിപ്പിനായി സഹകരിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം വള്ളംകളിയുടെ നടത്തിപ്പിന് രൂപീകരിച്ച സ്വാഗതസംഘം കാര്യമായ മാറ്റങ്ങളിലാതെ തന്നെ തുടരുന്നതിനായിരുന്നു യുക്മ ദേശീയ ഭരണസമിതി തീരുമാനമെടുത്തിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തുടക്കമിട്ടിരിക്കുന്ന “കോവിഡ്-19 : ക്രൈസിസ് വോളണ്ടിയര്‍ ഗ്രൂപ്പ്” പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വള്ളംകളിയുടെ സ്വാഗതസംഘത്തെ പൂര്‍ണ്ണമായും വിനയോഗിക്കുന്നതായിരിക്കുമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

ദേശീയ ഭരണസമിതിയും റീജണല്‍ കമ്മറ്റികളും അംഗ അസോസിയേഷനുകളെ അണിചേര്‍ത്ത് പ്രാദേശികമായി വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് നേതൃത്വം നല്‍കുന്നത് യുക്മ ചാരിറ്റി ഫൗണ്ടേഷനായിരിക്കും. യുക്മയുടെ എല്ലാ പോഷകസംഘടനകളും ഇതിന്റെ ഭാഗമായിട്ടുണ്ടാവും. യുക്മയുടെ അംഗ അസോസിയേഷനുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മറ്റ് മലയാളി സംഘടനകളെ ഉള്‍പ്പെടുത്തിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വള്ളംകളിയ്ക്ക് സഹകരിച്ച എല്ലാ ബോട്ട് ക്ലബുകളെ ചേര്‍ത്തുമായിരിക്കും വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.

യുക്മയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും യുക്മ നഴ്സസ് ഫോറവും ചേര്‍ന്ന് അടുത്ത ഘട്ടം എന്ന നിലയില്‍ ഒരു മെഡിക്കല്‍ ടീമും രൂപീകരിക്കുന്നതാണ്. യുക്മ നാഷണല്‍ കമ്മറ്റിയിൽ അംഗമായ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പിലാക്കുക. വിവിധ പോഷകസംഘടനകളുടെയും മറ്റ് സംഘടനകളുടേയും ഏകോപനത്തിന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കും.

കോവിഡ്-19, രോഗബാധിതരെ ചികിത്സിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് “ക്വാറന്റീന്‍”, “സെല്‍ഫ് ഐസൊലേഷന്‍” തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഏകാന്ത വാസം നിര്‍ബന്ധിതമാക്കപ്പെടുന്ന സാഹചര്യത്തിൽ, പ്രധാനമായും ബ്രിട്ടണിലെ മലയാളി സാമൂഹത്തില്‍, ഇത്തരം സാഹചര്യം നേരിടുന്ന കുടുംബങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഭക്ഷണം, ഭക്ഷണ സാമഗ്രികള്‍, മരുന്നുകള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാണെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരം കുടുംബങ്ങള്‍ യുക്മ അസോസിയേഷന്‍ അംഗങ്ങളാണോ, ഏതെങ്കിലും അസോസിയേഷന്‍ അംഗങ്ങളാണോ എന്നതൊന്നും ഒരു പ്രശ്നമല്ല. അതിജീവനത്തിനായി പോരടിക്കുന്ന സമൂഹത്തെ സഹായിക്കുന്നതിന് എല്ലാ സഹായവും എത്തിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാവണമെന്നും യുക്മ ദേശീയ ഭരണസമിതി അഭ്യര്‍ത്ഥിച്ചു.

യുക്മയുടെ ജീവകാരുണ്യ സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരിക്കും കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ് (07723956930), ഷാജി തോമസ് (07737736549), വര്‍ഗ്ഗീസ് ഡാനിയേല്‍ (07882712049), ബൈജു തോമസ് (07825642000) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

സജീഷ് ടോം

യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത്‌ മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള അറിയിച്ചു.

2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ ജനപങ്കാളിത്തമാണ്‌ ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തോളം ആളുകള്‍ വീക്ഷിക്കാനുമെത്തിയ ആദ്യ വള്ളംകളി 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ആദ്യവള്ളംകളി മത്സരം യു കെ മലയാളികളില്‍ അത്യഭൂതപൂര്‍വ്വമായ ആവേശമാണ് ഉയര്‍ത്തിയത്‌. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോര്‍ഡില്‍ 32 ടീമുകളും നാലായിരത്തിലധികം കാണികളും പങ്കുചേര്‍ന്നു.

2019 ഓഗസ്റ്റ് 31-നായിരുന്നു മൂന്നാമത് കേരളാപൂരം മത്സര വള്ളംകളി നടന്നത്. സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാം മാന്‍വേര്‍സ് തടാകം ആദ്യമായി യുക്മ കേരളാപൂരത്തിന് വേദിയായി. നാടിന്റെ സംസ്ക്കാരത്തനിമയും നാട്ടാരുടെ വള്ളംകളിയോടുള്ള സ്നേഹവുമായിരിക്കണം, തദ്ദേശീയരുള്‍പ്പെടെ ആയിരക്കണക്കിന് കാണികളാണ് മാന്‍വേര്‍സ് തടാകക്കരയിലേക്ക് ഒഴുകിയെത്തിയത്.

മത്സരിക്കാനെത്തുന്ന ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയതുകൊണ്ട് ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനായി എന്നത് മൂന്നാമത് കേരളാപൂരം വള്ളംകളിയുടെ സവിശേഷതയായി. മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ഇതര സാംസ്ക്കാരിക പരിപാടികള്‍ക്ക് നീക്കി വയ്ക്കുന്നതിനും മാന്‍വേര്‍സ് തടാകം സാക്ഷിയായി.

നാലാമത് യുക്മ വള്ളംകളിക്കും മാന്‍വേര്‍സ് തടാകം തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കളിയോടങ്ങള്‍ക്കും തുഴയെറിഞ്ഞ് അങ്കം ജയിക്കാനെത്തുന്നവര്‍ക്കും അപരിചിതത്വത്തിന്റെ ലാഞ്ചനപോലും ഉണ്ടാവില്ല. കാണികളായി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും പ്രകടമായ വര്‍ദ്ധനവാണ്‌ പ്രതീക്ഷിക്കുന്നത്‌.

മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി ഏഴായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്‌. വള്ളംകളി മത്സരം നടത്തപ്പെടുന്നതിനും പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ക്കൊപ്പം മാന്‍വേര്‍സ് മാനേജ്മെന്റിന്റെ സഹകരണവും പിന്തുണയും കൂടിയാണ് വീണ്ടും മാന്‍വേര്‍സ് തന്നെ യുക്മ വള്ളംകളിക്ക് വേദിയായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെയും വള്ളംകളി ജനറല്‍ കണ്‍വീനര്‍ ആയിരുന്ന, യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്ററ്യന്‍ പറഞ്ഞു.

ഇത്തവണ യുക്മ വള്ളംകളിയുടെ ടൈറ്റില്‍ സ്പോണ്‍സേഴ്സ് ആയി എത്തുന്നത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയര്‍ കമ്പനിയാണ്.

ലണ്ടനിലെ പ്രമുഖ ഭക്ഷണശാലകളിലെല്ലാം ബ്രിട്ടീഷുകാരെ മയക്കിവീഴ്ത്തുന്ന പ്രിയപ്പെട്ട ബിയറെന്ന ഖ്യാതി നേടിക്കഴിഞ്ഞ ‘കൊമ്പന്‍ ബിയര്‍’ കമ്പനിയുടെ സ്ഥാപകന്‍ മലയാളിയായ വിവേക് പിള്ളയാണ്. മലയാളികളുടെ സ്വന്തം പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന ‘കൊമ്പന്‍’ ബിയറിന് മൂന്ന് വര്‍ഷം കൊണ്ട് ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ സ്വീകാര്യത വരുത്തുവാന്‍ കഴിഞ്ഞുവെന്നുള്ളത് കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്‍റെ വന്‍വിജയമാണ്. കൊമ്പന്‍ ബിയര്‍ കമ്പനിയുടെ പേര് ചേര്‍ത്തുള്ള “യുക്മ- കൊമ്പന്‍ കേരളാ പൂരം 2020” ലോഗോ പ്രകാശനം കഴിഞ്ഞ ശനിയാഴ്ച്ച മാന്‍വേഴ്സ് തടാക ട്രസ്റ്റിന്റെ ഓഫീസില്‍ നടന്നു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, മാന്‍വേഴ്സ് ട്രസ്റ്റ് മാനേജ്മെന്റിന്റെ ഭാരവാഹികള്‍, കൊമ്പന്‍ ബിയര്‍ കമ്പനിയുടെ അക്കൗണ്ട് മാനേജര്‍ ജോസഫ്. എസ്, യുക്മ നേതാക്കളായ മാമ്മന്‍ ഫിലിപ്പ്, ജയകുമാര്‍ നായര്‍, വര്‍ഗ്ഗീസ് ഡാനിയല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന സ്റ്റേജ്‌, ഭക്ഷണ ശാലകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ തടാകത്തിന് ചുറ്റുമുള്ള പുല്‍ത്തകിടിയിലാവും ഒരുക്കുന്നത്‌. ഒരേ സ്ഥലത്ത്‌ നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ്‌ പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌.

“യുക്മ-കൊമ്പന്‍ കേരളാപൂരം 2020″ന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനോജ് കുമാര്‍ പിള്ള (07960357679), അലക്സ് വര്‍ഗ്ഗീസ് (07985641921), എബി സെബാസ്റ്റ്യന്‍ (07702862186) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

MANVERS LAKE, STATION ROAD, WATH – UPON – DEARNE, S63 7DG.

സജീഷ് ടോം

യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. രണ്ടുവർഷം പ്രവർത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അർഹിക്കുന്ന സമ്മേളനമാണ് പ്രവർത്തന വർഷത്തിന് ഇടക്കെത്തുന്ന വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും.

ബർമിംഗ്ഹാമിലെ വാൽസാൽ റോയൽ ഹോട്ടലിൽ രാവിലെ പതിനൊന്ന് മണിമുതൽ വൈകുന്നേരം നാല് മണിവരെ ആയിരിക്കും ദേശീയ പൊതുയോഗം നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതിൽപരം അംഗ അസോസിയേഷനുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

2019 മാർച്ച് 09 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന ദേശീയ പൊതുയോഗത്തിൽ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. മനോജ്‌കുമാർ പിള്ള പ്രസിഡന്റായുള്ള ദേശീയ കമ്മറ്റി സംഭവ ബഹുലമായ ഒരു വർഷം പൂർത്തിയാക്കുമ്പോൾ, അത് യുക്മയുടെ ചരിത്രത്തിൽ വീരോചിതമായി ഇടംപിടിക്കുകതന്നെ ചെയ്യും.

ഈ ഭരണ സമിതിയുടെ ആദ്യ ഒരുവർഷക്കാലത്തിനുള്ളിൽ കേരളാ പൂരം വള്ളംകളി മുതൽ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിക്കുവാൻ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും, നൂതനങ്ങളായ പരിപാടികൾ ആവിഷ്‌ക്കരിക്കുവാനും, ഭരണഘടനാപരമായ വിഷയങ്ങൾ ചർച്ചചെയ്യുവാനും യുക്മ ദേശീയ പ്രതിനിധികൾക്ക് ലഭിക്കുന്ന ക്രീയാത്മകമായ ഒരു വേദികൂടി ആണ് പ്രവർത്തനവർഷത്തിന് ഇടക്ക് നടക്കുന്ന ഈ വാർഷിക പൊതുയോഗം.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡണ്ട്മാരായ അഡ്വ.എബി സെബാസ്ററ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലിന സജീവ്, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാർ മറ്റു ഭാരവാഹികൾ തുടങ്ങിയ യുക്മ മുൻനിര പ്രവർത്തകർ ദേശീയ പൊതുയോഗം വിജയിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.

ദേശീയ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പരിഷ്ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച്കഴിഞ്ഞു. പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒൻപതുമണി മുതൽ പതിനൊന്ന് മണിവരെ ദേശീയ നിർവാഹക സമിതി യോഗവും ചേരുന്നതാണ്.

പൊതുയോഗം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-

The Royal Hotel Walsall,
Ablewell Street – WS1 2EL

RECENT POSTS
Copyright © . All rights reserved