വീഡിയോ ഗാലറി

അമേരിക്കന്‍ ഐഡല്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പുതിയ പതിപ്പിലെ പ്രകടനം ഇന്ത്യന്‍ വംശജയായ അലീസ്സാ രഘുവിനെ എത്തിച്ചിരിക്കുന്നത് പ്രശസ്തിയുടെ പുതിയ ഉയരങ്ങളിലാണ്. നീലക്കണ്ണുള്ള സുന്ദരിയെന്ന് കാറ്റി പെറി ഉള്‍പ്പടെയുള്ള ഗായകര്‍ വാഴ്ത്തിയ അലീസ്സയ്ക്ക് അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അങ്ങനെ പതിനാറുകാരിയായ ഈ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഇപ്പോള്‍ അമേരിക്കയിലെ ചര്‍ച്ചാവിഷയം. അമേരിക്കന്‍ ഐഡലിന്റെ അവസാന റൗണ്ടിലെത്തിയ 24 മത്സരാര്‍ഥികളില്‍ ഒരാളാണ് അലീസ്സാ. അലീസ്സയുടെ ഓരോ റൗണ്ടിലെയും പ്രകടനങ്ങള്‍ അമ്പരപ്പോടെയാണ് വിധികര്‍ത്താക്കളും ആസ്വാദകരും കണ്ടത്.

പ്രശസ്ത സംഗീതജ്ഞരായ കാറ്റി പെറി, ലൂക്ക് ബ്രയാന്‍, ലയണല്‍ റിച്ചി എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍. അലീസ്സ ഒടുവില്‍ നടത്തിയ പ്രകടനത്തെ വിസ്മയമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. റിഹാനയുടെ ‘സ്റ്റേ’ എന്ന ഗാനമാണ് അലീസ്സ അന്ന് വേദിയില്‍ ആലപിച്ചത്. അലീസ്സയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗാനമെന്നാണ് പാട്ടു കേട്ട ശേഷം വിധികര്‍ത്താക്കള്‍ പറഞ്ഞത്. വലിയ വേദിയില്‍ പതര്‍ച്ചയില്ലാതെ പാടിയ അലീസ്സയുടെ പക്വതയെയും ആസ്വാദകരെ കയ്യിലെടുക്കുന്ന പൊടിക്കൈകളെയും കാറ്റി പെറി വാനോളം പുകഴ്ത്തി. ‘വിന്‍ഡ് ബിനീത്ത് മൈ വിങ്‌സ്’ എന്ന ഗാനം പാടിയതോടെയാണ് അലീസ്സ ഷോയുടെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യക്കാരനായ ഹന്‍സ്‌രാജ് ഡെന്നിസ് രഘുനാഥനാണ് അലീസ്സയുടെ പിതാവ്. യു.എസ് എയര്‍ഫോഴ്‌സില്‍ ജോലിക്കാരനായിരുന്ന ഇദ്ദേഹം വേള്‍ഡ് ഓട്ടമോട്ടീവ് സെര്‍വീസസ് എന്ന കമ്പനിയുടെ ഉടമസ്ഥനാണ്. അലീസ്സയ്ക്കു രണ്ടു വയസ്സുള്ളപ്പോള്‍ രഘുനാഥനും ഭാര്യയും വേര്‍പിരിഞ്ഞു. പിന്നീടങ്ങോട്ട് അച്ഛനായിരുന്നു അലീസ്സയുടെ എല്ലാം. അച്ഛനാണ് തന്റെ സംഗീതവാസനയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്നും അച്ഛന് അഭിമാനമാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഒരിക്കല്‍ അലീസ്സ പറഞ്ഞിട്ടുണ്ട്. ലോക പ്രശസ്ത ഷോയുടെ അവസാനഘട്ടത്തിലെത്തിയതോടെ അലീസ്സയ്ക്ക് ആരാധകരേറിയിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള കടമ്പകള്‍ എളുപ്പമല്ലെങ്കിലും ഇതിനോടകം തന്നെ ആളുകളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കാനായതില്‍ അലീസ്സയ്ക്ക് അഭിമാനിക്കാം.

കോട്ടയം പാലായില്‍ കാറിന് തീ പിടിച്ച് യുവാവ് മരിച്ചു. വലവൂരില്‍ ആണ് സംഭവം. കാറില്‍ എത്തിയ യുവാവ് കാര്‍ റോഡരികില്‍ ഒതുക്കിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  പാലാ മുരിക്കുംപുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. ഫയര്‍ ഫോഴ്സ് വാഹനം എത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. കാറിന്‍റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന സുരേഷും വാഹനത്തോടൊപ്പം കത്തിയമര്‍ന്നു.

വീഡിയോ താഴെ

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൂവത്തുംമൂട് ആറാട്ടുകടവിലായിരുന്നു മാവേലിക്കര കണ്ണന്‍ എന്ന കൊമ്പന്റെ പരാക്രമം. ആനയിടഞ്ഞതിനെതുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം എതിരേല്‍പ്പിനായ മൂന്ന് ആനകളെ നിര്‍ത്തിയിരുന്നു. നടക്കു നിന്ന ദേവസ്വം ബോര്‍ഡിന്റെ മാവേലിക്കര കണ്ണനാണ് ഇടഞ്ഞത്.

പിറകിലായി നിന്ന ആനയുടെ കൊമ്പ് മാവേലിക്കര കണ്ണന്റെ ദേവത്ത് കൊണ്ടതാണ് ഇടയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടഞ്ഞതോടെ ആനയുടെ പുറത്തായിരുന്ന ശാന്തിക്കാരനെ ഇറക്കാന്‍ കണ്ണന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷേത്ര കെട്ടിടത്തിന് മുകളില്‍ നിന്ന് വടം കെട്ടി ഇയാളെ വലിച്ചു കയറ്റുകയായിരുന്നു. ശാന്തിക്കാരന് പരിക്കുകളൊന്നുമില്ല. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ഹ്രസ്വ ചിത്രം വൈറലാവുന്നു. ദ്വിമുഖം എന്നു പേരിട്ടിരിക്കുന്ന ചിത്രം ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ പശ്ചാത്തലമാക്കി കഥ പറയുന്നു. കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ. തോമസ്, രഹന ഫൈസല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ചിത്രത്തിന്റെ പ്രമേയം അതീവ പ്രാധാന്യമുള്ളതാണ്. സ്ത്രീ ഭാര്യയോ വേശ്യയോ കാമുകിയോ ആരുമായിക്കൊളളട്ടെ, അവരുടെ ‘നോ’ എന്ന വാക്കിനെ അംഗീകരിക്കാനുള്ള മനസ്സ് പുരുഷന് ഉണ്ടാവേണ്ടതുണ്ടെന്ന് ചിത്രം പറയുന്നു.

 

അന്യഗ്രഹജീവിയെപ്പോലെ തോന്നിക്കുന്ന ഒരു അപൂര്‍വ്വ ജീവിയെ ആഴക്കടലില്‍ കണ്ടെത്തിയതായി ഗവേഷകര്‍. സ്രാവുകളുടെ ഗണത്തില്‍പ്പെട്ട ഈ ജീവിയുടെ പേര് വൈപ്പര്‍ ഷാര്‍ക്ക് അഥവാ അണലി സ്രാവ് എന്നാണ്.

വലുപ്പത്തില്‍ സാധാരണ സ്രാവിന്റെ നാലയലത്തു പോലും വരില്ലെങ്കിലും പല്ല് കണ്ടാല്‍ വമ്പന്‍ സ്രാവുകള്‍ പോലും ഒന്നു പേടിക്കും. വായില്‍ ഒതുങ്ങാതെ പുറത്തേക്കു നീണ്ടു നില്‍ക്കുന്ന കൂര്‍ത്ത പല്ലുകളാണ് വൈപ്പര്‍ സ്രാവിന്റെ പ്രധാന പ്രത്യേകത. ഇതിനൊപ്പം കണ്‍മഷിയേക്കാള്‍ കറുത്ത നിറം കൂടിയാകുമ്പോള്‍ അണലി സ്രാവിനെ കാണുന്നവര്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഒന്നു പേടിക്കും.

തായ്‌വാനിലെ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ആഴക്കടല്‍ പര്യവേക്ഷണത്തിനിടെയില്‍ ഈ സ്രാവിനെ കണ്ടെത്തിയത്.

ഇതാദ്യമായല്ല ഈ സ്രാവിനെ ഗവേഷകര്‍ കണ്ടെത്തുന്നതും തിരിച്ചറിയുന്നത്. 1986 ലാണ് ആദ്യമായി ഈ സ്രാവ് ഗവേഷരുടെ ശ്രദ്ധയില്‍ പെടുന്നത്. ആദ്യം കടലിലെ പാമ്പാണെന്നായിരുന്ന അവരുടെ ധാരണ. എന്നാല്‍ പിന്നീട് നടത്തിയ പഠനത്തില്‍ ഈ ജീവി സ്രാവിന്റെ ഗണത്തില്‍ പെട്ട മത്സ്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനു ശേഷം മൂന്നോ നാലോ തവണ മാത്രമെ ഈ ജീവിയെ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു.

പകല്‍ സമയത്ത് നാനൂറ് മീറ്റര്‍ വരെ ആഴത്തിലും രാത്രിയില്‍ 150 മീറ്റര്‍ വരെ ആഴത്തിലുമാണ് ഇവ ജീവിക്കുന്നത്. ഇരുട്ടില്‍ ജീവിക്കുന്നതിനാല്‍ ശരീരം തിളങ്ങുമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. അഞ്ച് വൈപ്പര്‍ സ്രാവുകളെയാണ് തായ്‌വാനിലെ ഗവേഷകര്‍ പിടികൂടിയത്. എന്നാല്‍ ഇവയില്‍ നാലെണ്ണവും പിന്നീട് ചത്തു. ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് ശേഷിക്കുന്നത്.

പസഫിക് സമുദ്രത്തില്‍ നിന്നു മാത്രമാണ് ഇതുവരെ ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇവയെ ആദ്യം കണ്ടെത്തുന്നതും പസഫികില്‍ ജപ്പാനു സമീപത്തു നിന്നുമായിരുന്നു. ഇവയെ കണ്ടെത്തിയ കപ്പലിന്റെ ക്യാപ്റ്റനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ പേരും ഈ വൈപ്പര്‍ സ്രാവിനു നല്‍കിയിട്ടുണ്ട്. ഹിരോമിഷി കബേയ.

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് സണ്‍ഷെയ്ഡില്‍ തൂങ്ങി കിടന്ന പെണ്‍കുട്ടിയെ യുവാവ് അതിസാഹസികമായി രക്ഷിച്ചു. ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ജനലിലൂടെ താഴേക്ക് വീണ കുട്ടിയെയാണ് വ്യാപാരിയായ യുവാവ് രക്ഷിച്ചത്.

നാലുവയസുകാരിയായ പെണ്‍കുട്ടി കളിച്ച് കൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു, കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന വ്യാപാരി ഓടിയെത്തി. ഭിത്തിയിലൂടെ വലിഞ്ഞ് കയറിയ ഇയാള്‍ ജനലിനുള്ളിലൂടെ കുട്ടിയെ എടുത്ത് പൊക്കി രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വ്യാപാരിയും ഇയാളുടെ സഹായത്തിനായി എത്തി.

അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്‌പൈഡര്‍മാന്‍ ടു ദി റെസ്‌ക്യു എന്ന പേരിലാണ് ഒട്ടേറെയാളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ ഭാവനയുടെ വിവാഹം. മെഹന്തി രാവിന്റെ ചിത്രങ്ങള്‍ ഇതിനാലകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഭാവനയുടെ സ്വന്തം നാടായ തൃശൂരില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനും വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ ജീവീതം ആരംഭിച്ച ഭാവന ചെറിയ കാലംകൊണ്ട് തന്നെ കന്നട തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയായി മാറുകയായിരുന്നു. ഭാവനയുടെ സഹോദരനാണ് മെഹന്തി രാവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

വിവാഹത്തിനുശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും റിസപ്ഷന്‍. സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

കുതിച്ചൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം. മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോകാതിരിക്കാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് ഏറെ നേരം നിന്ന യുവതിയെ അതി സാഹസികമായി സുരക്ഷ സേന രക്ഷിക്കുകയായിരുന്നു.

ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നദിയുടെ കുറുകെയുള്ള പാലത്തിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പാലം വെള്ളത്തിനടിയിലാകുകയും ഇവര്‍ നദിയിലേക്ക് വീഴുകയുമായിരുന്നു. നിമിഷ നേരംകൊണ്ട് ജലനിരപ്പ് ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിന്ന നദിയില്‍ നിന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നദിയുടെ നടുക്കായി ഒരു മരത്തില്‍ അളളിപ്പിടിച്ച് നില്‍ക്കുകയായിരുന്നു യുവതിയെ കണ്ട സമീപ വാസികളാണ് ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചത്.

പൂര്‍ണമായും തീ പടര്‍ന്നു പിടിച്ച ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലെ യിബിംഗ് നഗരത്തിലാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുമായി എത്തി റോഡിനു നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് തീപടര്‍ന്നത്. യാത്രക്കാരെല്ലാം ഓടി പുറത്തിറങ്ങിയെങ്കിലും ഒരാള്‍ അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവിടേക്ക് ഓടിക്കൂടിയ ആളുകള്‍ ബസിന്റെ ഗ്ലാസ് തകര്‍ക്കുമ്പോള്‍ തീജ്വാല പുറത്തേക്കു പടരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പിന്നീട് സമീപത്തെ ഒരു കടയുടമ തന്റെ ജീവന്‍ പണയം വെച്ച് ബസിനുള്ളില്‍ പ്രവേശിച്ച് അദ്ദേഹത്തെ രക്ഷിച്ച് പുറത്തെത്തിക്കുകയായിരുന്നു. സിസിടിവിയും സംഭവസ്ഥലത്തെ ദൃക്‌സാക്ഷികളുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മലയാള സിനിമയില്‍ വളരെ ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടമാണല്ലോ ഇത്. മലയാള ഗാനങ്ങളിലും പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നു. വ്യത്യസ്ത ശ്രേണിയിലുള്ള ഗാനങ്ങള്‍ ഒരുക്കി വിജയിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേക നൈപുണ്യം ഉണ്ടെന്നു പറയാം. ഇത്തരത്തില്‍ വ്യത്യസ്തത നിറഞ്ഞ ഒരു സംഗീത ശ്രേണി ആണ് ഹിപ് ഹോപ് റാപ്പ്.

പാശ്ചാത്യ ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള, അവിടെ തരംഗം സൃഷ്ടിക്കുന്ന റാപ്പ് സംഗീതത്തെപ്പറ്റി നിങ്ങളും കേട്ടിരിക്കാം. താളാത്മകമായി, വ്യക്തമായ അര്‍ത്ഥത്തോടെ വാക്കുകള്‍ കോര്‍ത്തിണക്കി സംസാര ശൈലിയില്‍ ബീറ്റ്കള്‍ക്കൊപ്പം ഹിപ് ഹോപ് രീതിയില്‍ അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ് റാപ്പ് സംഗീതം.

മലയാളികള്‍ക്ക് മലയാളത്തില്‍ റാപ്പ് ഒരുക്കാന്‍ ആകുമോ? കഴിയും എന്നാണ് ഉത്തരം. ഇത്തരം റാപ്പ് ശൈലിയില്‍ മലയാള ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധ നേടുകയാണ് എറണാകുളം സ്വദേശിയായ ഫെജോ. ചടുലമായ താളത്തില്‍ ഇംഗ്ലീഷ് പദങ്ങളില്‍ ഒതുങ്ങാതെ, കുറിക്കു കൊള്ളുന്ന മലയാളം വരികളില്‍ റാപ്പ് എഴുതി അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യുട്യൂബിലും വാട്‌സാപ്പിലും വൈറല്‍ ആണ്.

സോഷ്യല്‍ മീഡിയ പെണ്ണ്, കുരുത്തക്കേടിന്‍ കിംഗ്, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലേ വിദ്യാര്‍ഥികളുടെ ദുരവസ്ഥ പറയുന്ന പ്രൈവറ്റ് അറവുശാല, കേരളത്തെ പാകിസ്താന്‍ ആക്കല്ലേ, മമ്മൂട്ടിയുടെ ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിക്ക് പിന്തുണയുമായി ഒരുക്കിയ ഭൂമിദേവി പൊറുക്കണേ എന്നീ മലയാളം റാപ്പ് ഗാനങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ‘ലോക്കല്‍ ഇടി’ എന്നൊരു നാടന്‍ ഫൈറ്റ് റാപ്പ് ആയാണ് ഫെജോ എത്തിയിരിക്കുന്നത്. നാട്ടിന്‍പുറത്ത് തല്ല് കൂടുന്ന കൗമാരക്കാര്‍ പാടുന്ന രീതിയില്‍ ആണ് ഗാനത്തിന്റെ രചന. രാവണപ്രഭു, യോദ്ധ എന്നീ സിനിമകളിലെ തകര്‍പ്പന്‍ മോഹന്‍ലാല്‍ ഡയലോഗുകള്‍ ചേര്‍ത്താണ് വരികള്‍ എഴുതിയിരിക്കുന്നത്.

യുട്യൂബില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ലോക്കല്‍ ഇടി ഗാനം കേള്‍ക്കാം

 

RECENT POSTS
Copyright © . All rights reserved