വീഡിയോ ഗാലറി

യുകെയിൽ ആവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കോവിഡ് മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്ക് വില വർദ്ധനവ് ഇരട്ടടിയായി. ആവശ്യ സാധനങ്ങളുടെ വില വർദ്ധനവ് കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ നിലയിലാണിപ്പോൾ. ജൂൺ വരെ രാജ്യത്തെ പണപ്പെരുപ്പ് നിരക്ക് 2.5 ആണ്. ഇതും മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. 2.2 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന വിദഗ്ധരുടെ പ്രവചനങ്ങളെ തകിടംമറിച്ച് കുതിച്ചുയരുന്ന പണപ്പെരുപ്പ് നിരക്ക് എങ്ങനെ പിടിച്ച് നിർത്തുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ. വിലവർദ്ധനവും പണപ്പെരുപ്പ് നിരക്കും പിടിച്ചുനിർത്താൻ പലിശനിരക്ക് കൂട്ടണമെന്ന ആവശ്യം ശക്തമാണ്.

നിലവിലെ പണപ്പെരുപ്പ് നിരക്ക് “താൽക്കാലികം” ആണെന്നും 3 ശതമാനത്തിലെത്തിയ ശേഷം പിന്നോട്ട് പോകുമെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ മോണിറ്ററി പോളിസി കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ക്യാപിറ്റൽ ഇക്കണോമിക്സിലെ രൂത്ത് ഗ്രിഗറി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൽ ഈ വർഷാവസാനം പണപ്പെരുപ്പം 4 ശതമാനമായി ഉയരാനാണ്‌ സാധ്യത. ധനകാര്യ വകുപ്പിൻെറ ഭാഗത്തുനിന്നും കടുത്ത നടപടിയുണ്ടായില്ലെങ്കിൽ യുകെയെ കാത്തിരിക്കുന്നത് വൻവിലവർദ്ധനവിൻെറ നാളുകളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. വളരുന്ന തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പുരോഗതിയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്നതിന് ഇപ്പഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ് കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ 2022 -ലെ ജിസിഎസ്ഇ, എ -ലെവൽ പരീക്ഷകൾ കൂടുതൽ ലളിതമായി നടത്താനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ്.

പരീക്ഷയിൽ ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള ടോപ്പിക്കുകൾ മുൻകൂട്ടി നൽകുക, ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്ക് നൽകുക എന്നിവയാണ് നിലവിലുള്ള പദ്ധതി . ഇതുമൂലം വിദ്യാർഥികൾക്ക് പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ ആയാസരഹിതമായി അഭിമുഖീകരിക്കാൻ സാധിക്കും . ഒക്ടോബറിലെ സ്കൂൾ ഹോളിഡേയ്ക്ക് മുമ്പായി അന്തിമ തീരുമാനത്തിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്തായാലും പദ്ധതി നടപ്പായാൽ മഹാമാരിയിലും സമർത്ഥമായി പഠിച്ച കുട്ടികൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ കടന്നതോടുകൂടി ബ്രിട്ടനിലെ ജോലിസ്ഥലങ്ങളിൽ പരക്കെ ഉയരുന്ന ചർച്ച ഫൈനലിൽ ഇംഗ്ലണ്ട് വിജയി ആകുകയാണെങ്കിൽ ജനങ്ങൾക്ക് ആഹ്ളാദിക്കാൻ ഒരു അധികദിന ബാങ്ക് ഹോളിഡേ അനുവദിക്കുമോ എന്നാണ്. സാധാരണ 8 പൊതുഅവധി ദിനങ്ങളാണ് ഇംഗ്ലണ്ടിൽ ഉള്ളത് . 2022 -ൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ജൂൺ 3 – ന് ഒരു അധികദിനം പൊതു അവധി ലഭിച്ചിട്ടുണ്ട്. യൂറോ കപ്പിൽ ഇംഗ്ലണ്ട് വിജയി ആകുകയാണെങ്കിൽ ഒരു പൊതു അവധി ദിനം കൂടി ലഭിക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.

ഈ ആവശ്യം ഉന്നയിച്ചുള്ള പെറ്റീഷന് ഇതിനോടകം മൂന്നര ലക്ഷത്തോളം ആൾക്കാർ ഒപ്പിട്ടിട്ടുണ്ട്. ഒരുലക്ഷത്തിൽ അധികം ഒപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പെറ്റീഷനുകൾ എല്ലാം തന്നെ ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ചയ് ക്കെടുക്കും. ഇതിനിടയിൽ ആൽഡി പോലുള്ള സൂപ്പർമാർക്കറ്റ് സ്ഥാപനങ്ങൾ ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഒരു മണിക്കൂർ വൈകി വരാൻ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും ഇംഗ്ലണ്ട് വിജയിക്കുകയാണെങ്കിൽ ആഹ്ളാദം പങ്കിടാനും രാജ്യസ്നേഹമുണർത്താനും ഒരു അധിക ദിന ബാങ്ക് ഹോളിഡേയ്ക്ക് ബോറിസ് ജോൺസൻ്റെ മേൽ സമ്മർദ്ദം മുറുകുകയാണ്‌.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹരിത വിപ്ലവത്തിന്റെ ഭാഗമായി കാർ, ഗ്യാസ് ബില്ലുകൾ പ്രതിവർഷം നൂറു പൗണ്ടോളം വർദ്ധി പ്പിക്കുമെന്ന് സർക്കാർ. 2050ഓടെ കാർബൺ ഉദ്വമനം ഇല്ലാതാക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ചേർന്ന് മുന്നോട്ടു കൊണ്ടുവന്ന പദ്ധതിയാണ് അടുത്ത വർഷം മുതൽ നടപ്പിലാകാൻ പോകുന്നത്. സർക്കാരിന്റെ കാർബൺ റിഡക്ഷൻ സ്കീം പ്രകാരം പെട്രോൾ കാർ ഓടിക്കുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം 100 പൗണ്ടിൽ കൂടുതൽ വർദ്ധിക്കും. അതേസമയം ശരാശരി ഗ്യാസ് ബിൽ 170 പൗണ്ട് വരെ ഉയരും. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടുത്ത ആഴ്ച ചാൻസലർ റിഷി സുനക്, ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൃഷിസ്ഥലങ്ങളിലേക്കും ഈയൊരു പദ്ധതി വ്യാപിപ്പിക്കാൻ മന്ത്രിമാർ ആലോചിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് അതിനെ എതിർത്തു.

നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന സിഒപി 26 കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുമ്പായി കാർബൺ എമിഷൻ ട്രേഡിംഗ് പദ്ധതിയുടെ കൂടിയാലോചന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെട്ടിടങ്ങൾ ചൂടാകുന്നത് മൂലമുണ്ടാകുന്ന ഉദ്വമനവും പെട്രോൾ, ഡീസൽ വാഹനങ്ങൾ വഴി ഉണ്ടാകുന്ന ഉദ്വമനവും പരിഹരിക്കുന്നതിനായി പദ്ധതി വിപുലീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ചാൻസലർ ഋഷി സുനക് 15 ബില്യൺ പൗണ്ടിന്റെ ഗ്രീൻ സേവിംഗ്സ് ബോണ്ടുകൾ വിതരണം ചെയ്യും. ലണ്ടനിലെ മാൻഷൻ ഹൗസിൽ നടത്തുന്ന പ്രസംഗത്തിൽ ചാൻസലർ പുതിയ ബോണ്ടുകൾ പ്രഖ്യാപിക്കും. പുതിയ സൗരോർജ്ജ സംരംഭങ്ങളിലും കാറ്റാടിപ്പാടങ്ങളിലും നിക്ഷേപം നടത്താൻ ആളുകളെ അനുവദിക്കുന്നതാണ് ഈ പദ്ധതി. 7 ബില്യൺ പൗണ്ട് വിലമതിക്കുന്ന ആദ്യ ബോണ്ട് ഈ വർഷം സെപ്റ്റംബറിൽ ഇഷ്യു ചെയ്യുമെന്നാണ് റിപ്പോർട്ട്. 2050 ഓടെ നെറ്റ്-സീറോ എമിഷൻ ലക്ഷ്യമിട്ടാണ് ബോറിസ് ജോൺസൻ സർക്കാർ ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ജനതയുടെ അനാരോഗ്യത്തിന്റെ വലിയൊരു കാരണമാണ് പൊണ്ണത്തടി. ബ്രിട്ടനിലെ കുട്ടികളിൽ അടുത്തകാലത്തായി പൊണ്ണത്തടി കൂടി വരുന്നതിന്റെ പ്രധാന കാരണമാണ് ജങ്ക് ഫുഡുകളുടെയും കോള പോലുള്ള പാനീയങ്ങളുടെയും അമിത ഉപയോഗം. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗം കുട്ടികളിൽ കുറയ്ക്കുന്നതിനായി ടിവിയിലെയും ഓൺലൈൻ മാധ്യമങ്ങളിലേയും പരസ്യങ്ങളിൽ കടുത്ത നിയന്ത്രണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ .

ജങ്ക് ഫുഡിന്റെ പരസ്യം രാത്രി 9 മണിക്ക് ശേഷവും പുലർച്ചെ അഞ്ചരയ്ക്ക് മുമ്പായി മാത്രമേ കാണിക്കാവൂ എന്ന നിബന്ധനയാണ് ഗവൺമെൻറ് മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്തവർഷം അവസാനത്തോടെ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ചോക്ലേറ്റ്, ബർഗർ, ശീതളപാനീയങ്ങൾ , കേക്ക്, മധുരപലഹാരങ്ങൾ, ഐസ്ക്രീം, ബിസ്ക്കറ്റ്, ക്രിസ്പ്, ചിപ്സ്, പിസാ തുടങ്ങി ഇനിയും മുതൽ പ്രൈടൈമിൽ പരസ്യം കാണിക്കാൻ പാടില്ലാത്ത ഉൽപ്പന്നങ്ങൾ നിരവധിയാണ്. എന്നാൽ 250 താഴെമാത്രം ജോലിക്കാരുള്ള കമ്പനികളുടെ ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല . ഗവൺമെൻറിൻറെ പുതിയ നയത്തിനെതിരെ പരസ്യ കമ്പനികളിൽ നിന്നും ഉൽപാദകരിൽ നിന്നും ശക്തമായ എതിർപ്പാണ് ഉയരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യക്കാർക്ക് അഭിമാനത്തിന് വക നൽകുന്ന ദിനമായിരുന്നു ജൂൺ 25. ബ്രിട്ടണിലെ സ്കൂൾ കുട്ടികൾ ദേശഭക്തിഗാനം ഒന്നിച്ചാലപിച്ചപ്പോൾ കാഷ് സിംഗ് എന്ന ഇന്ത്യക്കാരൻ്റെ പ്രയത്നങ്ങൾക്ക് കിട്ടിയ അംഗീകാരമാണത്.

മുൻ പൊലീസ് ഓഫിസറായ കാഷ് സിംഗ് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിലാണ് വൺ ബ്രിട്ടൺ വൺ നേഷൻ ക്യാമ്പയിന് തുടക്കമിട്ടത്. വെസ്റ്റ് യോർക്ക് ഷെയർ പോലീസിൽ ഇൻസ്പെക്ടർ റാങ്കിൽ ജോലി ചെയ്തിരുന്ന കാഷ് സിംഗിൻ്റെ സേവനങ്ങൾ സേനയിലായിരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ദശകങ്ങൾക്ക് മുമ്പ് ബ്രിട്ടണിലെ ഏറ്റവും കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെന്ന കുപ്രസിദ്ധി ഉണ്ടായിരുന്ന മാനിംഗ്ഹാം പ്രദേശത്തെ ക്രൈം നിരക്ക് കാഷ് സിംഗിൻ്റെ ശ്രമഫലമായി ബ്രാഡ് ഫോർഡ് ഡിസ്ട്രിക്കിലെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് താഴുന്നത് ബ്രിട്ടൻ മുഴുവൻ അത്ഭുതത്തോടെയാണ് കണ്ടത് . മാനിംഗ്ഹാം പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയുക്തനായ കാഷ് സിംഗ് 13500ഓളം ആളുകളോടാണ് നേരിട്ട് സംവേദിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ്റെ സ്ഥാപകനായ കാഷ് സിംഗ് നിലവിൽ ഇതിൻ്റെ ചെയർമാനായി സേവനം അനുഷ്ഠിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്ഥിരമായി വർക്ക്- ഫ്രം- ഹോം രീതി നടപ്പിലാക്കുന്നത് ലിംഗ അസമത്വങ്ങൾക്ക് കാരണമാകുമോ?? കാരണമാകുമെന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ, തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കണോ വേണ്ടയോ എന്ന് ആശങ്കയിലാണ്. ഓൺലൈനും ഓഫ്‌ലൈനും കൂടിച്ചേർന്നുള്ള ഒരു സംവിധാനം നടപ്പിലാക്കുന്നതിനാണ് കൂടുതൽ തൊഴിലുടമകളും ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സംവിധാനം നടപ്പിലാക്കുന്നത് ലിംഗ സമത്വത്തെ ബാധിക്കുമെന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. കൂടുതലും സ്ത്രീകൾ ആയിരിക്കും വർക്ക് -ഫ്രം- ഹോം രീതി തിരഞ്ഞെടുക്കുവാൻ സാധ്യതയുള്ളത് . പുരുഷന്മാരിൽ ഭൂരിഭാഗവും ഓഫീസിലെത്തി ജോലി ചെയ്യുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് സ്ത്രീകളുടെ കരിയറിനെ സാരമായ രീതിയിൽ ബാധിക്കും.

കോവിഡ് കാലഘട്ടം കഴിഞ്ഞാലും ഓൺലൈൻ രീതിയിലുള്ള ജോലി സംവിധാനം തുടരാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് മന്ത്രിമാരുടെ പദ്ധതി. ഇതേതുടർന്നാണ് ഇത്തരത്തിലുള്ള ചർച്ചകൾ ശക്തമായി ഉയർന്നു വരുന്നത്. ഓൺലൈൻ രീതി തെരഞ്ഞെടുക്കുന്നത് ഉത്തരവാദിത്ത ബോധത്തിലുള്ള വീഴ്ചയായി വിലയിരുത്തപ്പെടുമെന്നും, അതോടൊപ്പം തന്നെ തൊഴിലുടമകളുമായുള്ള ബന്ധം ഇത്തരത്തിലുള്ളവർക്ക് കുറയാനുള്ള സാധ്യതയുമുണ്ട്. എന്നാൽ നിലവിൽ ഇത്തരത്തിലുള്ള ഒരു സംവിധാനം തുടരാനാണ് സാധ്യതയെന്നാണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കിൽ ഗോവ് വ്യക്തമാക്കിയത്. ഉടൻതന്നെ സാധാരണ രീതിയിലേക്ക് എത്തുക എന്നത് തികച്ചും അപ്രാപ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ രീതിയെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമാണ് മന്ത്രിമാരിൽ ഭൂരിഭാഗം പേരും എടുത്തിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ശക്തമായ എതിർപ്പുകളും പലഭാഗത്തുനിന്നും വരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടണിലെ ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും ടെയ്ക്ക് എവേ ഭക്ഷണം വാങ്ങുക എന്നത്. അതുകൊണ്ടുതന്നെ കോവിഡ് -19 നെ തുടർന്നുണ്ടായ ലോക്ഡൗൺ സമയത്ത് തഴച്ചുവളർന്ന വ്യവസായമാണ് ഫുഡ് ഡെലിവറി ആപ്പുകളുടേത്. എന്നാൽ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള ആവശ്യം വർധിച്ചപ്പോൾ ഫുഡ് ഡെലിവറി ആപ്പുകൾ ജനങ്ങളുടെ കൈയ്യിൽ നിന്ന് അമിത ലാഭം കൊയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

നേരിട്ടു വാങ്ങുന്നതിനേക്കാൾ 50 ശതമാനത്തോളം അധികനിരക്കാണ് പലപ്പോഴും ഫുഡ് ഡെലിവറി ആപ്പ് വഴി വാങ്ങുമ്പോൾ നൽകേണ്ടത് . ഡെലിവറി നടത്തുന്ന ജീവനക്കാരന് നൽകേണ്ട പ്രതിഫലവും, കമ്പനിയുടെ കമ്മീഷന് പുറമേ സർവീസ് ചാർജ്ജും നൽകേണ്ടി വരുമ്പോൾ കാലിയാകുന്നത് ഉപഭോക്താവിന്റെ കീഴെയാണ് . പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളിൽ ഏറ്റവും ചിലവേറിയത് ഡെലിവെറോ ആണ്. രണ്ടാം സ്ഥാനത്ത് യൂബർ ഈറ്റ് വരുമ്പോൾ താരതമ്യേന ചിലവ് കുറഞ്ഞത് ജസ്റ്റ് ഈറ്റ് ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2025 മുതൽ അതായത് ഏതാണ്ട് 3 വർഷത്തിനുശേഷം നമ്മുടെ വീടുകളിലേ ഗ്യാസ് ബോയിലറുകൾ തകരാറിലായാൽ പകരം ഗ്യാസ് ബോയിലർ വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഇതിനോടകം യുകെയിൽ താമസിക്കുന്ന മലയാളികൾ മനസ്സിലാക്കിയിരിക്കുന്ന വസ്തുതയാണ്. ലോകത്തിലെ കാർബൺ എമ്മിഷൻ്റെ അളവ് കുറയ്ക്കുകയും, അതുവഴി ആഗോള താപനില കുറയ്ക്കുന്നതിനുമായിട്ടാണ് ബ്രിട്ടീഷ് സർക്കാർ പ്രസ്തുത തീരുമാനം എടുത്തിരിക്കുന്നത്.

അമേരിക്കയിലെയും ബ്രിട്ടനിലെയും മൊത്തം കാർബൺ എമ്മിഷന്റെ 20 ശതമാനത്തിന് കാരണമായിരിക്കുന്നത് ഗ്യാസ് ബോയിലറുകളാണ്. എന്നാൽ ഗ്യാസ് ബോയിലറുകൾ ഒഴിവാക്കുമ്പോൾ തണുപ്പകറ്റാനുള്ള പുതിയ സംവിധാനമെന്തെന്ന് ഇതിനോടകം വ്യക്തമായ ധാരണയിൽ എത്തിയിട്ടില്ല. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുക എന്നതാണ് ഒരു ഉപാധി. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ വീടിനുള്ളിൽ ചിലവേറിയ ചൂടുവാതകം പമ്പ് ചെയ്യുന്ന ഹീറ്റ് പമ്പുകളുടെ നെറ്റ്‌വർക്ക് സ്ഥാപിക്കുക എന്നതാണ്. കാർബൺഡയോക്സൈഡിനു പകരം ഹൈഡ്രജൻ പുറന്തള്ളുന്ന ഗ്യാസ് ബോയിലറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നതും ഗവൺമെൻറിൻറെ പരിഗണനയിൽ ഉണ്ട്. പരിസ്ഥിതി സൗഹൃദത്തിൻറെ കാര്യത്തിൽ കാർബൺഡയോക്സൈഡിനേക്കാൾ വളരെ മികച്ചതാണ് ഹൈഡ്രജൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ സമർത്ഥരായ മലയാളി വിദ്യാർത്ഥികൾക്ക് ഒത്തിരി പ്രതീക്ഷ നൽകുന്നതാണ് 2020ലെ ലോക പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അഡ്മിഷന്റെ കണക്കുകൾ. ലോക പ്രശസ്തരായ നിരവധി നേതാക്കളും , പ്രമുഖരും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഉൽപ്പന്നങ്ങളാണ്. ഇന്ത്യയിൽനിന്നുള്ള ജവഹർലാൽ നെഹ്റുവും, രാജീവ് ഗാന്ധിയും, മൻമോഹൻ സിംഗുമെല്ലാം ഈ നിരയിലെ കണ്ണികളാണ്. 2020 അധ്യയനവർഷത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ഏഷ്യൻ, കറുത്ത വംശജരുടെ എണ്ണത്തിൽ 28 ശതമാനത്തിനടുത്ത് വർധനവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് – 19 വിദ്യാഭ്യാസമേഖലയിലും എ – ലെവൽ പരീക്ഷകളിലും ഉണ്ടാക്കിയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഈ നേട്ടം. ജനസംഖ്യക്കനുപാതികമായി നോക്കുകയാണെങ്കിൽ കറുത്തവരും ഏഷ്യക്കാരുമായുള്ള വിദ്യാർത്ഥികളുടെ അനുപാതം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ കൂടുതലാണ്. എന്തായാലും സമർത്ഥരായ മലയാളി വിദ്യാർഥികൾക്ക് ശുഭകരമായ വാർത്തകളാണ് കേംബ്രിഡ്ജിൽ നിന്ന് വരുന്നത്. പരിശ്രമിച്ചാൽ കേംബ്രിഡ്ജിന്റെ വാതായനങ്ങൾ നിങ്ങൾക്ക് അപ്രാപ്യമല്ല.

Copyright © . All rights reserved