വീഡിയോ ഗാലറി

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പ്രവാസികളെല്ലാം വളരെയധികം ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ഒരു ഫലമാണ് ചക്ക. ചക്കപ്പഴവും ചക്കപ്പുഴുക്കും കഴിക്കാനായി മാത്രം ചക്കയുടെ സീസണിൽ നാട്ടിൽ പോകുന്ന യുകെ മലയാളികൾ വരെ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളും യുകെയിലെ ഷോപ്പുകളിൽ ലഭ്യമാണെങ്കിലും ചക്ക വളരെ വിരളമായിട്ട് മാത്രമാണ് ലഭിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ചക്ക പഴത്തിൻെറ വില കേട്ടാൽ നമ്മൾ എല്ലാവരും ഞെട്ടും. പുറംതോടുള്ളപ്പെടെയുള്ള ചക്കയ്ക്ക് കിലോയ്ക്ക് 250 രൂപയിലേറെയാണ് വില. ഏഷ്യൻ ഷോപ്പിൽനിന്ന് 2 കിലോ ചക്ക മേടിച്ചിട്ട് ഇരുപത് ചുള മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന പരാതി പറയുന്ന മലയാളികളുമുണ്ട്. ചക്കപ്പുഴുക്കിനായിട്ട് യുകെ മലയാളികളുടെ ആശ്രയം വളരെ വിരളമായിട്ട് ഏഷ്യൻ ഷോപ്പുകളിൽ വരുന്ന ഫ്രോസൻ ചക്കയാണ്. എന്നാൽ മലയാളികൾക്ക് ചക്കയോടുള്ള  ആത്മബന്ധത്തെക്കാളുപരിയായി  ചക്ക നമ്മുടെ ഭക്ഷണമാകേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചാണ് ഡോക്ടർ എ. സി. രാജീവ്‌ കുമാർ വായനക്കാരുമായി പങ്കുവെയ്ക്കുന്നത്

നമ്മുടെ നാട്ടിൽ കേരളത്തിൽ സർവ്വ സാധാരണം ആയി ഉപയോഗിച്ചു വന്ന ഒരു ഫലം ആണ് ചക്ക. ഏതാണ്ട് ആറു മാസക്കാലം പട്ടിണി അകറ്റാൻ കേരളീയരെ സഹായിച്ച ചക്ക ഒരു കാലത്ത് അവഗണനയുടെ പിന്നാമ്പുറത്തതായിരുന്നു. എന്നാൽ സിഡ്‌നി സർവകലാശാലാ ഗവേഷകർ ഈ അത്ഭുത ഫലത്തെ കുറിച്ച് നടത്തിയ പഠനത്തെ തുടർന്ന് ഈ ഫലത്തിൻെറ ഔഷധഗുണം ലോകശ്രദ്ധ നേടി. അരിയുടെയോ ഗോതമ്പിന്റെയോ ഗ്ലൈസിമിക് ഇൻഡക്‌സിനേക്കാൾ കുറഞ്ഞ ചക്ക ഉപയോഗിക്കുന്നതാണ് നന്ന് എന്ന കണ്ടെത്തൽ പ്രമേഹ ബാധിതർക്ക് ആശ്വാസം ആണ് .

എന്റെ കുട്ടിക്കാലത്ത് അല്പം അകലെ ഉള്ള ഒരമ്മൂമ്മ വീട്ടിൽ വരുമായിരുന്നു. വന്നാലുടൻ ഒരു ചാക്ക് എടുത്തു പറമ്പിൽ ആകെ നടക്കും. പ്ലാവിൻ ചുവട്ടിൽ നിന്ന് ചക്കക്കുരു പെറുക്കി ചാക്ക് നിറച്ചതും ആയിട്ടാവും വൈകിട്ട് പോകുക. ഒരു ദിവസം അമൂമ്മയോട് ഈ ചക്കക്കുരു എന്തിനാ എന്നു ചോദിച്ചു. ഉണക്കി പൊടിച്ചു പുട്ട് ഉണ്ടാക്കും എന്ന് പറഞ്ഞു.” അയ്യേ അതെന്തിന് കൊള്ളാം ” എന്ന് ചോദിച്ചപ്പോൾ “ഇതിൽ വിറ്റാമിൻ ഈറു ഉണ്ട് ” എന്നാണ് അമ്മൂമ്മ പറഞ്ഞത്. തൊണ്ണൂറ്റി എട്ട് വയസ്സ് വരെ രോഗമൊന്നും ഇല്ലാതെ ജീവിച്ചു ആ അമ്മൂമ്മ.

ഇന്ന് ചക്കയെ പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നു വരുന്നു. മനുഷ്യ ആരോഗ്യത്തിന് അവശ്യം ആയ പോഷകങ്ങളും ജീവകങ്ങളും ധാതു ലവണങ്ങളും ഫയ്‌റ്റോകെമിക്കൽസ് എന്നിവയാൽ സമൃദ്ധമാണ് ചക്ക. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ ആവും. പുറത്തെ മുള്ള് കളഞ്ഞു, ചക്ക മടൽ, അകത്ത് ചക്ക ചുള, ചുളക്ക് ചുറ്റും ഉള്ള ചകിണി, നടുക്ക് ചുള പറ്റി പിടിച്ചിരിക്കുന്ന കൂഞ്ഞി, മാംസളമായ ചുളയുടെ ഉള്ളിൽ ഉള്ള ചക്കക്കുരു, പഴുത്ത പ്ലാവില, പ്ലാവില ഞെട്ട് ഇവയെല്ലാം ഉപയോഗ യോഗ്യം ആണ്.

ചക്കക്കുരു ഉണക്കി പൊടിച്ചു പാലിൽ കുടിക്കുന്നത് ജരാ നരകൾ അകറ്റി ത്വക് സൗന്ദര്യത്തെ വർധിപ്പിക്കാനിടയാക്കും. ഉത്കണഠ, മാനസിക സംഘർഷം, രക്ത കുറവ്, കാഴ്ചത്തകരാർ എന്നിവ അകറ്റാൻ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുവാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ചക്കയുടെ ഉപയോഗം സഹായിക്കും. ശരീര ഭാരം കുറയ്ക്കുവാനും നന്നെന്ന് പറയപ്പെടുന്നു.
പഴുത്താൽ ദൃഢത ഉള്ള ചുളയോട് കൂടിയ വരിക്കചക്കയും, ദൃഢത കുറഞ്ഞ മൃദുവും വഴുവഴുപ്പും ഏറെ നാരുള്ളതുമായ കൂഴ എന്നിങ്ങനെ രണ്ടിനം ചക്ക ആണ് കണ്ടു വരുന്നത്. ചക്ക ഉപ്പേരി വറുക്കാൻ വരിക്ക ഇനവും, ചക്ക അപ്പം ഉണ്ടാക്കാൻ കൂഴ ഇനവും സാധാരണ ഉപയോഗിക്കുന്നു. ചക്ക ശർക്കരയും ചേർത്ത് വരട്ടി ചക്ക വരട്ടി എന്ന ജാം പോലെയുള്ള വിഭവം ഏറെ ജനപ്രിയമാണ്. പച്ച ചക്ക ചുള വെക്കും മുമ്പുള്ള ഇടിച്ചക്ക, ഇറച്ചി മസാല ചേർത്ത് കറിയോ, മസാല ആയോ ഉപയോഗിച്ചു വരുന്നു. വിളഞ്ഞ ചക്കയുടെ ചുള എന്നിവ അവിയൽ, എരിശ്ശേരി എന്നിവയ്ക്കും ഉപയോഗിക്കുന്നു. ചകിണി തോരനായോ, കൂഞ്ഞി ഇറച്ചി മസാല ചേർത്ത് കറി ആയിട്ടോ ഉപയോഗിക്കാം. ചക്കക്കുരു മെഴുക്കുപുരട്ടി, തേങ്ങാ അരച്ചു കറി എന്നിവയ്ക്കും നന്ന്. ചക്ക പുഴുക്കും കഞ്ഞിയും നാടൻ വിഭവം ആയിരുന്നു.

ബെറി ഇനത്തിൽ പെട്ട പഴം തന്നെ ആണ് ചക്ക. ജാക്ക് ഫ്രൂട്ട്, ജാക്ക് ട്രീ എന്നൊക്കെ അറിയപ്പെടുന്ന ഈ സവിശേഷ വൃക്ഷം ഫലദായകവും ജീവകം സി, പൊട്ടാസ്യം, ഭക്ഷ്യ യോഗ്യമായ നാരുകൾ എന്നിവ അടങ്ങിയത് ആയതിനാൽ ആവണം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടാൻ ഇടയായത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആകാൻ ഇടയുള്ള ഫലം എന്ന നിലയിൽ നടക്കുന്ന ഗവേഷണങ്ങളിൽ പുതിയ കണ്ടെത്തൽ ഏറെ പ്രയോജനപ്പെടുന്നു. കീമോ തെറാപ്പിയുടെ ദൂഷ്യ ഫലങ്ങൾ അകറ്റാൻ സഹായിക്കുന്നു എന്ന കണ്ടെത്തൽ ലോകത്തിന് വലിയ അനുഗ്രഹം ആകും.

 

 ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലുള്ള മലയാളികളുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വൈറ്റമിൻ ഡി യുടെ അഭാവം. ജി .പി യുടെ കൈയ്യിൽ നിന്ന് വൈറ്റമിൻ ഡിയുടെ പ്രിസ്ക്രിപ്ഷൻ കിട്ടാത്ത മലയാളികൾ കുറവാണ്. ഇതിനുപുറമെ ഡോക്ടർമാർ വൈറ്റമിൻ ഡി ടാബ്ലറ്റ് ഫാർമസിയിൽ നിന്ന് വാങ്ങി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഏഷ്യൻ വംശജരെ ഉപദേശിക്കാറുമുണ്ട്. വൈറ്റമിൻ ഡി നമുക്ക് പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. എന്നാൽ മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജരുടെ സ്കിന്നിന് വൈറ്റമിൻ ഡി ആഗിരണം ചെയ്യാനുള്ള കഴിവ് കുറവാണ്. അതുകൊണ്ട് സൂര്യ പ്രകാശം കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾക്ക് വൈറ്റമിൻ ഡിയുടെ അഭാവവും, തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും സാധാരണമാണ്. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർ പകൽസമയത്ത് ഉറങ്ങുന്നതിനാൽ വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കോവിഡ് -19 ന് വൈറ്റമിൻ ഡിയുടെ അഭാവം ഉള്ളവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ലോക്ക്ഡൗൺ സമയത്ത് കൂടുതൽ ആളുകളും വീടിനകത്ത് കഴിയുന്നതിനാൽ ശരീരത്തിൽ നിന്ന് വിറ്റാമിൻ ഡി നഷ്ടപ്പെട്ടിരിക്കാമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും. സാധാരണഗതിയിൽ പുറത്ത് ജോലി ചെയ്യുമ്പോഴോ മറ്റോ സൂര്യപ്രകാശത്തിലൂടെയാണ് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നത് . എന്നാൽ ലോക്ക്ഡൗൺ സമയത്ത് വീട്ടിനുള്ളിൽ കഴിയുന്ന ആളുകൾ ഒരു ദിവസം 10 മൈക്രോഗ്രാം വിറ്റാമിൻ ഡി കഴിക്കുന്നത് പരിഗണിക്കണമെന്ന് എൻഎച്ച്എസ് നിർദ്ദേശിക്കുന്നു. ഒക്ടോബർ മുതൽ മാർച്ച്‌ വരെയുള്ള ശൈത്യകാലത്ത് രാജ്യത്തെ ആളുകൾ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കണമെന്ന് നേരത്തെ തന്നെ എൻ എച്ച് എസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വർഷം മുഴുവനും വിറ്റാമിൻ ഡി ശുപാർശ ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ സ്കോട്ടിഷ് , വെൽഷ് സർക്കാരുകളും നോർത്തേൺ അയർലണ്ടിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും പൊതുജനങ്ങൾക്ക് സമാനമായ ഉപദേശം നൽകിയിട്ടുണ്ടായിരുന്നു.

ആരോഗ്യമുള്ള അസ്ഥികൾക്കും പല്ലുകൾക്കും പേശികൾക്കും വിറ്റാമിൻ ഡി പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് എന്ന രോഗത്തിനും മുതിർന്നവരിൽ ഓസ്റ്റിയോമാലാസിയയ്ക്കും കാരണമാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. ബി‌എം‌ജെ ന്യൂട്രീഷൻ, പ്രിവൻഷൻ ആൻഡ് ഹെൽത്തിലെ റിപ്പോർട്ട് അനുസരിച്ച് , “ഒരു പ്രധാന മൈക്രോ ന്യൂട്രിയന്റ് എന്ന നിലയിൽ വിറ്റാമിൻ ഡിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് പറയുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഒന്നായിട്ടല്ല, മറിച്ചു ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിറ്റാമിൻ ഡി ഉപയോഗിക്കണം.

വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒന്ന് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരു ദിവസം 50 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒരു വയസ്സിന് താഴെ പ്രായമുള്ള ശിശുക്കൾക്ക് ഒരു ദിവസം 25 മൈക്രോഗ്രാമിൽ കൂടുതൽ നൽകരുത്. ഒപ്പം മുതിർന്നവർ ഒരു ദിവസം 100 മൈക്രോഗ്രാമിൽ കൂടുതൽ കഴിക്കുകയുമരുത്. പക്ഷെ വിറ്റാമിൻ ഡിയുടെ അഭാവം മൂലം രോഗികളായവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ അളവിൽ സ്വീകരിക്കാം. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാൻ കഴിയും. ഭക്ഷണത്തിൽ നിന്ന് മാത്രം വിറ്റാമിൻ ഡി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും മുട്ട, മത്സ്യം, തൈര് തുടങ്ങിയവ ഉപയോഗിക്കുന്നത് ഒരു പരിധി വരെ വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കും. ആരോഗ്യവിദഗ്ധർ നിർദേശിച്ച 10 മൈക്രോഗ്രാം വിറ്റാമിൻ ഡി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ബാധകമാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കൽ നടപടിയും കൗമാരക്കാർക്ക് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചതായി ന്യൂറോ സയന്റിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളുമായുള്ള ബന്ധം കുറയുന്നതും സമൂഹത്തോട് കൂടുതൽ അടുക്കാൻ കഴിയാത്തതും കൗമാരക്കാരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അവർ വെളിപ്പെടുത്തി. വ്യക്തിത്വ വികസനം നടക്കുന്ന ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അവരുടെ മസ്തിഷ്ക വികസനം, പെരുമാറ്റം, മാനസികാരോഗ്യം എന്നിവയെ ബാധിച്ചേക്കാം. ലോക്ക്ഡൗണും ഓൺലൈൻ ക്ലാസ്സുകൾ മൂലവും വീടിനുള്ളിൽ തളച്ചിടപ്പെട്ടത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ദാഭിപ്രായം. ഇതുമൂലം കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൊറോണ ഭീതി ഒഴിഞ്ഞ് സുരക്ഷിതമാവുമ്പോൾ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

10 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവർ അവരുടെ കുടുംബത്തേക്കാൾ കൂടുതൽ സമയം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. കൗമാരപ്രായത്തിലാണ് തലച്ചോറിന്റെ വികാസം കൂടുതലായി നടക്കുന്നത്. അതുപോലെതന്നെ മാനസിക-ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകാൻ സാധ്യതയുള്ള ജീവിത കാലഘട്ടം കൂടിയാണത്. കൊറോണ വൈറസിന്റെ വരവ് കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തിയെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിൽ നിന്നുള്ള പ്രൊഫ. സാറാ-ജെയ്‌ൻ ബ്ലാക്ക്‌മോർ പറഞ്ഞു. കോവിഡ് -19 തിന്റെ ആഘാതം കാരണം, ലോകമെമ്പാടുമുള്ള നിരവധി ചെറുപ്പക്കാർക്ക് അവരുടെ സമപ്രായക്കാരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരങ്ങൾ കുറവാണ്.” കൗമാരക്കാരിൽ സാമൂഹിക അകലം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് കേംബ്രിഡ്ജിലെ റിസർച്ച് ഫെലോ ആയ ആമി ഓർബെൻ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ലിവിയ ടോമോവ എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നു.

ബ്രിട്ടനിൽ 12നും 15നും ഇടയിൽ പ്രായമുള്ള 69% ചെറുപ്പക്കാർക്കും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ട്. വ്യക്തിബന്ധം നിലനിർത്താൻ സാമൂഹിക മാധ്യമങ്ങൾ ഒരു പരിധിവരെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും സാമൂഹിക മാധ്യമത്തിന്റെ ദുരുപയോഗം ധാരാളം പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. മാർച്ച്‌ 20 മുതൽ യുകെയിലെ സ്കൂളുകൾ എല്ലാം അടച്ചതിനാൽ കുട്ടികളേറെപേരും വീട്ടിലെ നാല് ചുവരുകൾക്കുളിൽ കഴിഞ്ഞുകൂടുകയാണ്.

ജോജി തോമസ്

കൊറോണക്കാലത്ത് ഏറ്റവുമധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നത് ആരോഗ്യപ്രവർത്തകരാണ്. കാരണം കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിതരാകുന്നതിനാൽ ജീവനു നേരിടുന്ന ഭീഷണി തന്നെയാണ് പ്രധാനം. യുകെയിൽ തന്നെ നൂറോളം ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ കോവിഡ് കാലത്ത് ആധുനിക ജീവിതത്തിൽ അഭിവാജ്യ ഘടകമായ സ്മാർട്ട്ഫോണുകൾ ഉപയോഗശൂന്യമായതിന്റെ റിപ്പോർട്ടുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുകെയിൽ തന്നെ ആരോഗ്യ പ്രവർത്തകരായ നിരവധി മലയാളികളുടെ വിലയേറിയ ഫോണുകൾ തകരാറിലായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ആൾക്കഹോൾ അംശമുള്ള  വൈപ്സ്കൾ ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ അണുവിമുക്തമാക്കുന്നതാണ്.  ഇതുമൂലം സ്മാർട്ട് ഫോണുകളുടെ ടച്ച് സ്ക്രീനിലുള്ള ഓയിൽ റിപലന്റ് “ഒലിയോഫോബിക്” കോട്ടിങ്ങിന് തകരാർ സംഭവിക്കുന്നു.

യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ നിവാസിയും, എൻഎച്ച്എസ് ജീവനക്കാരനുമായ ലെനിൻ തോമസ് തന്റെ അനുഭവം മലയാളം യുകെയുമായി പങ്കുവെച്ചു. ജോലിക്കിടയിൽ തൻറെ ഫോൺ സ്ഥിരമായി ആൽക്കഹോൾ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടായിരുന്നു എന്നും ഇതുമൂലം ക്രമേണ ഫോൺ ഉപയോഗശൂന്യമായി എന്നും അദ്ദേഹം തൻറെ അനുഭവംവിവരിച്ചു.

ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ചെറിയ നനവുള്ള തുണി ഉപയോഗിച്ച് ഫോണുകൾ വൃത്തിയാക്കാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരുന്നെങ്കിലും, കൊറോണ വൈറസിന്റെ വ്യാപനത്തേ തുടർന്ന് ചെറിയ രീതിയിൽ അണുനാശിനികൾ ഉപയോഗിക്കാമെന്ന് നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ ആൽക്കഹോൾ അംശം കലർന്ന അണുനാശിനികൾ ഫോണുകളെ തകരാറിലാക്കാനുള്ള സാധ്യതകൾ വളരെയാണ്. ഓർക്കുക നിങ്ങളുടെ സ്മാർട്ട് ഫോണുകൾ അണുവിമുക്തമായി സൂക്ഷിക്കാൻ ഫോണുകൾ കഴുകുന്നതിന് പകരം കൈകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുക.

റ്റിജി തോമസ്

യുകെയിലേയ്ക്കുള്ള മലയാളികളുടെ രണ്ടാംഘട്ട കുടിയേറ്റം പ്രധാനമായിട്ടും ആരംഭിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിലാണ്. ആ കാലഘട്ടങ്ങളിൽ കുടിയേറിയിരിക്കുന്ന നൂറുകണക്കിന് മലയാളികളുടെ കുട്ടികൾ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. യുകെ പോലുള്ള രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടുകൾ സാധാരണഗതിയിൽ ഉണ്ടാകേണ്ടതില്ല. എന്നാൽ കോവിഡ് മൂലം തൊഴിൽ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയിരിക്കുകയാണ്.

കോവിഡ് -19 മൂലം ഉടലെടുത്ത പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു സമൂഹമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും. ആഗോളതലത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒന്നാകെ പിടിച്ചുകുലുക്കിയ സമാനമായ ഒരു സ്ഥിതിവിശേഷം ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. കാരണം വ്യവസായ മേഖലയും, കാർഷികമേഖലയും, നിർമ്മാണ മേഖലയും മറ്റും ലോക്ക്‌ ഡൗണിനു മുമ്പുള്ള തൽസ്ഥിതി പുനസ്ഥാപിക്കപ്പെട്ടാലും വിദ്യാഭ്യാസമേഖല പരമ്പരാഗതമായ അധ്യായനത്തിലേയ്ക്ക് എന്ന് തിരിച്ചെത്തും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ പകുതിയിലധികം ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്നു. തൊഴിൽ മേഖലയിലെ ഈ പ്രതിസന്ധി പ്രത്യക്ഷമായോ പരോക്ഷമായോ ഏറ്റവും കൂടുതൽ ബാധിക്കുക അവസാന വർഷ വിദ്യാർത്ഥികളെ ആയിരിക്കും. ഇപ്പോൾ തന്നെ ക്യാമ്പസ് പ്ലേസ്മെന്റ് വഴി ലഭ്യമായ ജോലി നീട്ടി വയ്ക്കപ്പെട്ട അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും നഷ്ടമാകാനാണ് സാധ്യത. ഇതിന് പുറമേയാണ് പല മൾട്ടിനാഷണൽ കമ്പനികളും ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനം കൂടി പുറത്തു വന്നിരിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ ദുരിതങ്ങളും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള വിദ്യാർത്ഥികളെയായിരിക്കും. മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലം തുടർ വിദ്യാഭ്യാസത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് വിദ്യാർത്ഥികളിൽ പലരും.

ഓൺലൈൻ ക്ലാസുകൾ സ്കൂൾ തലത്തിലും കോളേജ് തലത്തിലും ആരംഭിക്കപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനമൊരുക്കാൻ നെട്ടോട്ടമോടുകയാണ് മാതാപിതാക്കൾ. അധ്യാപക ദമ്പതികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങൾക്കും കുട്ടികൾക്കും വെവ്വേറെ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കുന്ന തത്രപാടിലാണ് പല അധ്യാപകരും . ഈ സാഹചര്യം മുതലാക്കി ലാപ്ടോപ്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഈ വിഷയങ്ങൾ പരിഹരിക്കാനുള്ള സത്വര നടപടികളാണ് അധ്യാപകരും വിദ്യാർത്ഥിസമൂഹവും ഉറ്റുനോക്കുന്നത്.

ജോജി തോമസ്

ആധുനിക കാലഘട്ടം കോവിഡ് – 19ന് മുൻപും ശേഷവും എന്ന് വേർതിരിച്ച് നിരീക്ഷിക്കപ്പെടുമ്പോൾ യുകെ ഉൾപ്പെടെയുള്ള മലയാളികളുടെ പ്രധാന കുടിയേറ്റ മേഖലകളിൽ കനത്ത തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 ലക്ഷത്തോളം മലയാളികൾക്ക് ഉപജീവനമാർഗ്ഗം പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിൽ കനത്ത തൊഴിൽ നഷ്ടവും തുടർന്നുണ്ടാകുന്ന കൂട്ട പലായനവും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ക്രൂഡോയിലിന്റെ കനത്ത വില തകർച്ചയാണ് ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.

പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പല വികസിത രാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ പ്രതിസന്ധി. പല തൊഴിൽ മേഖലകളിൽ നിന്നും അവസരങ്ങളിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. യുകെയിൽ മലയാളികളുടെ പ്രധാന തൊഴിൽ മേഖലകളിൽ ഒന്നായ നഴ്സിംഗ് ഹോമുകളിൽ നല്ലൊരു ശതമാനവും കോവിഡ് മരണങ്ങൾ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്. നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങളിലും സാരമായ കുറവിന് കെയർ ഹോം ബിസിനസിന്റെ തകർച്ച കാരണമാകും. യുകെയിലും മറ്റും തൊഴിലവസരങ്ങൾക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളി നേഴ്സുമാരുടെ പ്രതീക്ഷകൾക്കാണ് കോവിഡ് – 19 മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് റസ്റ്റോറന്റ്, പെട്രോൾ സ്റ്റേഷൻ തുടങ്ങിയ തൊഴിലിടങ്ങളിൽ സംഭവിക്കുവാൻ പോകുന്ന പ്രതിസന്ധി. ഈ രണ്ട് മേഖലകളും മലയാളികൾക്ക് വളരെയധികം തൊഴിലവസരങ്ങൾ നൽകിയിരുന്നതാണ്. സാമൂഹികാകലം പാലിക്കേണ്ടതിന്റെ ആവശ്യകത തുടരുന്നടത്തോളം കാലം റസ്റ്റോറന്റുകളിൽ വളരെ കുറച്ച് ഉപഭോക്താക്കളെയേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു.

ഇത്തരത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ അതിജീവനത്തിനായിട്ട് പ്രവാസികൾക്ക് പലപ്പോഴും തങ്ങളുടെ ഇന്ത്യയിലെ സമ്പാദ്യം വിറ്റഴിക്കുകയാണ് പോംവഴി. യുകെ മലയാളികളിൽ ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസികളുടെ അധ്വാനത്തിൽ നിന്നുണ്ടായ ഈ നിക്ഷേപങ്ങൾ രാജ്യ പുരോഗതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ട കടമ മാതൃരാജ്യത്തിനുണ്ട്. പ്രവാസികളുടെ മൂലധന നേട്ട നികുതി കുറച്ചുകാലത്തേയ്ക്കെങ്കിലും ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയാണെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ആശ്വാസം ചില്ലറയല്ല.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

റ്റിജി തോമസ്

ലോക്ഡൗൺ കാലത്ത് മലയാളിയെ ചൂടുപിടിപ്പിച്ച വിവാദമായിരുന്നു സ്പ്രിൻക്ലറുമായി ബന്ധപ്പെട്ടത്. കോവിഡ്-19 ബാധിച്ച മലയാളികളുടെ വിവരശേഖരണവും ഏകോപനവും അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് നൽകിയതിനെതിരെ പ്രതിപക്ഷവും അനുകൂലിച്ച് ഭരണപക്ഷവും ഒക്കെയായി ചർച്ചകൾ അരങ്ങു തകർത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല മുന്നേറ്റങ്ങൾക്കും വഴിതുറന്നത് ഡേറ്റയോട് അനുബന്ധമായിട്ടുള്ള വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റമാണ്. ഇന്ന് ഡേറ്റ കൈവശം വച്ചിരിക്കുന്ന മൾട്ടിനാഷണൽ കമ്പനികളാണ് ലോകത്തെ നിയന്ത്രിക്കാൻ പോകുന്നത്. ഗൂഗിളും, ആമസോണും, മൈക്രോസോഫ്റ്റും, ഫേസ്ബുക്കും ഇതാ ഇപ്പോൾ ഫേസ്ബുക്കുമായി ഓഹരി പങ്കാളിത്തത്തോടെ ജിയോയും ഒക്കെ ഈ നിലയിലുള്ള മുൻനിര കമ്പനികളാണ്.

ആശുപത്രി രേഖകളിൽ ഉള്ള രോഗികളുടെ പേരും വയസ്സും രോഗവിവരങ്ങളും ഒക്കെ ഡേറ്റ എന്ന് വിശേഷിപ്പിക്കുമ്പോൾ അതിൽ എത്ര പേർക്ക് പ്രമേഹം ഉണ്ട് അല്ലെങ്കിൽ ഹൃദ് രോഗം ഉണ്ട് അവർ ജീവിക്കുന്ന സ്ഥലവും അവരുടെ രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ രീതിയിൽ ഡേറ്റായെ വിശകലനം ചെയ്യുമ്പോൾ നമ്മൾക്ക് ഡേറ്റയിൽ നിന്ന് ഇൻഫോർമേഷൻ ലഭ്യമാകും. ഇവിടെയാണ് ഡേറ്റയും ഇൻഫർമേഷനും തമ്മിലുള്ള കാതലായ വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത്. ഡേറ്റയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ വിവരങ്ങൾക്ക് പുറകെയാണ് ലോകം.

എല്ലാ വൻകിട കമ്പനികളും ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് പുതിയ ഉൽപ്പന്നങ്ങളെ രൂപകൽപ്പന ചെയ്യുന്നത് ഇങ്ങനെ വിശകലനം ചെയ്യുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് മാരുതി പോലുള്ള വാഹന നിർമ്മാതാക്കൾക്ക് തങ്ങളുടെ പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾ അവർ ആശ്രയിക്കുന്നത് ഈ വിവരങ്ങളെയാണ്. വൻകിട മരുന്ന് കമ്പനികൾക്ക് പുതിയ മരുന്നുകൾ വിപണിയിൽ ഇറക്കുന്നതിനും ആശ്രയിക്കുന്നത് ഡേറ്റയിൽ നിന്ന് പ്രോസസ് ചെയ്തെടുക്കുന്ന ഈ അറിവുകളെ അല്ലാതെ മറ്റൊന്നിനെയും അല്ല. ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രാജ്യത്തെ തെരഞ്ഞെടുപ്പു ഫലത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ രാഷ്ട്രീയപാർട്ടികളെ സഹായിച്ചേക്കാം. ഈ രീതിയിൽ ഇന്ന് എവിടെയും എന്തിനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശ്രയിക്കുന്നത് ഡേറ്റയെ ആണ്.

ഗൂഗിൾ സെർച്ചിനോട് ബന്ധപ്പെട്ട പരസ്യങ്ങൾ നമ്മുടെ ഇ-മെയിൽ ബോക്സിലോ ഫേസ്ബുക്കിലോ കയറി വരുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഫ്രീയായി തരുന്ന ഇ-മെയിൽ സേവനങ്ങളിലും സോഷ്യൽമീഡിയയിലുമൊക്കെ നമ്മളിൽ നിന്ന് ശേഖരിക്കുന്ന ഡേറ്റയിൽ നിന്ന് വിശകലനം ചെയ്‌തെടുക്കുന്ന അറിവുകളിലേയ്ക്ക് വൻകിട കമ്പനികൾ എങ്ങനെ എത്തിപ്പെടുന്നു എന്നതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രമാണിത്.

അതെ ഇനിയുള്ള ലോകം നിയന്ത്രിക്കുന്നത് ഡേറ്റയുടെ അധിപന്മാരായിരിക്കും .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വിദേശ എൻ എച്ച് എസ് ജീവനക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ പദ്ധതി . കൊറോണ മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് രാജ്യത്ത് തുടരാം. കൊറോണ വൈറസ് മൂലം മരണപ്പെടുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതിയിൽ കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി. ക്ലീനർമാർ, പോർട്ടർമാർ, സോഷ്യൽ കെയർ സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള തൊഴിലാളികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് സർക്കാർ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇത്തരം ജോലിക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. കോവിഡ് മൂലം മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ബ്രിട്ടനിൽ അനിശ്ചിതകാലത്തേക്ക് തുടരാനുള്ള അവകാശം നൽകുന്നതാണ് ഈ പദ്ധതി. ഇതുമൂലം പി ആർ ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് മൂലം മരണമടഞ്ഞാൽ അവരുടെ കുടുംബാംഗങ്ങളെ പിആർ നൽകി ആദരിക്കും

കൊറോണയോട് പോരാടി ജീവൻ വെടിയുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽതന്നെ ഈയൊരു പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. വളരെയേറെ ആളുകളെ ഉൾകൊള്ളുന്നതിനാൽ പദ്ധതി വിപുലീകരിക്കാൻ സാധിക്കില്ലെന്ന് പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മരണമടയുന്ന വിദേശ സ്റ്റാഫുകളുടെ കുടുംബാവസ്ഥ കണക്കിലെടുത്താണ് ആഭ്യന്തര സെക്രട്ടറി ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിദേശ സാമൂഹ്യ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മറ്റ് മുൻ‌നിര ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഒരു വർഷത്തേക്ക് സൗജന്യ വിസ എക്സ്റ്റൻഷനുകൾ അനുവദിക്കുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുകയാണെന്ന് കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. എൻ‌എച്ച്‌എസിലും സ്വതന്ത്ര മേഖലയിലും ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തുമെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. വിസ എക്സ്റ്റൻഷൻ സമയത്ത് യോഗ്യതയുള്ളവരെ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ നിന്നും ഒഴിവാക്കും. കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ നിന്ന് പോരാടുന്ന വിദേശ എൻ എച്ച് എസ് ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന സർക്കാർ നടപടി പ്രശംസനീയമാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ, സുരക്ഷിതമല്ലാത്ത വ്യക്തിഗത സുരക്ഷാഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കമ്പനികൾ നിർമ്മിക്കുന്നതായി ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്. ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെത്തുടർന്ന്, ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്ന പലരും സുരക്ഷിതമല്ലാത്ത പിപിഇ കിറ്റുകൾ ആണ് ധരിക്കുന്നത് എന്നതിന്റെ ശക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ചതും, കൃത്യമായ രേഖകൾ ഇല്ലാത്തതുമായ പിപിഇ കിറ്റുകൾ ധാരാളമായി വിറ്റ് പോകുന്നതായി ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടും സാക്ഷ്യപ്പെടുത്തുന്നു . ഫെയ്സ് മാസ്ക്കുകൾ, കണ്ണുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ഗോഗിളുകൾ മുതലായവയ്ക്ക് സി ഇ മാർക്ക് അത്യന്താപേക്ഷിതമാണ്. സ്റ്റാൻഡേർഡ് ബോഡിയുടെ പരിശോധനയ്ക്ക് വിധേയമായതാണെന്നും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതാണെന്നുമാണ് ഈ മാർക്ക് തെളിയിക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാത്ത ഫെയ്സ് മാസ്ക്കുകളും മറ്റുമാണ് ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന കിറ്റുകൾ ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആകുമെന്ന് എൻഎസ്എഫ് ഇന്റർനാഷണൽ സീനിയർ ഡയറക്ടർ ജെയിംസ് പിങ്ക് സാക്ഷ്യപ്പെടുത്തുന്നു. പല കമ്പനികളും ഇത് വാണിജ്യ വൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിനായി 14 മില്യൺ പൗണ്ട് അധികം നീക്കിവെക്കുന്നതായി കഴിഞ്ഞ ആഴ്ച വാണിജ്യമന്ത്രി അലോക് ശർമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാണെന്ന് എംപിമാർ പറഞ്ഞു .

2009- ൽ 139 മില്ല്യൻ പൗണ്ടാണ് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കി വച്ചിരുന്നത്. എന്നാൽ 2019 – 20 കാലഘട്ടത്തിൽ വെറും 129 മില്യൻ പൗണ്ട് മാത്രമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ മാറ്റി വെച്ചിരിക്കുന്നത് എന്ന് എംപിമാർ പറഞ്ഞു . ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 14 മില്യൺ പൗണ്ട് വെട്ടിക്കുറച്ച സഹായങ്ങൾക്ക് അടുത്തുപോലും എത്തുകയില്ല എന്ന് ലേബർ പാർട്ടി എംപി ഡാൻ ജാർവ്സ് കുറ്റപ്പെടുത്തി. ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സംഘടനയുടെ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ജോജി തോമസ്

കോവിഡ് -19 ബ്രിട്ടനിൽ വ്യാപകമായപ്പോൾ വളരെയധികം മലയാളികളാണ് അതിന് ഇരയായത്. നിരവധി മരണങ്ങൾ മലയാളി സമൂഹത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു . പലരും അത്യാസന്ന നിലയിൽ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്. കോവിഡ് -19 വ്യാപകമായപ്പോൾ ഒരു സമൂഹം എന്ന നിലയിൽ പരസ്പരം സഹായിക്കാനും മാനസിക പിന്തുണ നൽകാനും മലയാളികൾ കാണിച്ച താൽപര്യം അഭിനന്ദനാർഹമാണ്. എന്നാൽ അമിതമായ ഇടപെടലുകൾ പലതരത്തിലും തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ മലയാളിയെ പ്രത്യേക പരിചരണത്തിൻെറ ഭാഗമായി അത്യാസന്നനിലയിൽ പ്രവേശിച്ചപ്പോൾ ഹോസ്പിറ്റൽ അധികൃതർക്ക് ആദ്യദിവസം രോഗിയുടെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ലഭിച്ചത് അറുപതോളം ഫോൺ കോളുകളാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ രോഗി പരിപാലനത്തിൻറെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ബ്രിട്ടൻെറ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നടപടികൾ കാരണം പ്രസ്തുത രോഗിയുടെ ചുമതലയിൽനിന്ന് മലയാളികളായ ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കുക വരെയുണ്ടായി. ഒരു മലയാളി എന്ന നിലയിൽ മലയാളികളായ മറ്റ് ജീവനക്കാരിൽ നിന്ന് ലഭിച്ചിരുന്ന പ്രത്യേക ശ്രദ്ധയെ ഇത് ബാധിച്ചെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ സ്വകാര്യത സംരക്ഷിക്കുവാൻ വേണ്ടി എൻഎച്ച്എസ് രൂപം നൽകിയ കാൾഡിക്കോട്ട് പ്രിൻസിപ്പിൾസ് മറക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടികൾ തൊഴിൽ നഷ്ടത്തിനു വരെ കാരണമായേക്കും. തികച്ചും അത്യാവശ്യ സന്ദർഭങ്ങളിൽ രോഗിയെ സംബന്ധിക്കുന്ന ആവശ്യമുള്ള വിവരങ്ങൾ മാത്രം ശേഖരിക്കാനെ ആരോഗ്യ പ്രവർത്തകർക്ക് അവകാശമുള്ളൂ എന്ന് അറിയുക. രോഗിയുടെ പരിചരണവും ആയി നേരിട്ട് ബന്ധപ്പെട്ടവർ മാത്രമേ ഈ വിവരശേഖരണം നടത്താവൂ. ഈ വിവരങ്ങൾ രോഗി പരിപാലനത്തിൽ ബന്ധം ഇല്ലാത്തവരുമായി പങ്കുവയ്ക്കുവാനും പാടുള്ളതല്ല .ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് തൊഴിൽ നഷ്ടവും നിയമ നടപടികളും നേരിടേണ്ടതായി വരും.

നേഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികളിൽ നിന്ന് കോവിഡ് -19 പകരാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. വയോധികരായ അന്തേവാസികൾക്ക് പ്രതിരോധ ശേഷി കുറവായതിനാൽ രോഗലക്ഷണങ്ങൾ കാണിക്കാതെ പെട്ടെന്നുള്ള മരണം ആണ് പലപ്പോഴും സംഭവിക്കുന്നത്. ഡയറിയയുടെ ലക്ഷണങ്ങൾ ചിലരില്ലെങ്കിലും കാണാറുണ്ട്. അതുകൊണ്ട് നേഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ രോഗിപരിപാലനത്തിലേർപ്പെടുമ്പോൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടിയും ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകരുതൽ സ്വീകരിക്കേണ്ടതിൻെറ ആവശ്യകത യോർക്ക് ഷെയറിൽ നേഴ്സായി ജോലിചെയ്യുന്ന ജെയ്സൺ കുര്യൻ മലയാളംയുകെയുമായി പങ്കുവെച്ചു.

RECENT POSTS
Copyright © . All rights reserved