ബെയ്ജിംഗ്: നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം കൃത്രിമ ചന്ദ്രന്മാരെ തൂക്കിയിടാൻ ചൈനീസ് ശാസ്ത്രജ്ഞന്മാർ ഒരുങ്ങുന്നു. സിച്ചുവാൻ പ്രവിശ്യയിലെ ചെംഗുഡു നഗരത്തിന് മുകളിൽ സ്ഥാപിക്കാനാണ് പദ്ധതി. 2020 ഓടെ ഇതിനുള്ള പദ്ധതി പൂര്‍ത്തിയാകുമെന്ന് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലി റിപ്പോര്‍ട്ടു ചെയ്തു. ഭൗമോപരിതലത്തില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് ഭീമന് ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളായ കൃത്രിമചന്ദ്രന്‍ സ്ഥിതിചെയ്യുക. മനുഷ്യനിര്‍മിത ചന്ദ്രനില്‍ നിന്ന് സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ സാധിക്കും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തിന്റെ എട്ട് മടങ്ങ് വെളിച്ചം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്രിമചന്ദ്രന്മാര് സ്ഥാപിക്കാനുള്ള പദ്ധതിയിലൂടെ ഊര്‍ജലാഭം സാധ്യമാകും. ഈ പ്രകാശം തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്നും ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ മരത്തില്‍ കെട്ടിയിട്ട് അവരുടെ വയറുകീറി ദമ്പതിമാര്‍ കുഞ്ഞിനെ മോഷ്ടിച്ചു. ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ബ്രസീലിലെ ജോവോ പിനേറോയിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായിരുന്ന മാര ക്രിസ്റ്റിന ഡാ സില്‍വ എന്ന 23-കാരിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്നലെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തി.
കൊല നടത്തിയ ആഞ്ജലീന റോഡ്രിഗ്സ് എന്ന 40-കാരിയെയും ഭര്‍ത്താവ് റോബര്‍ട്ടോ ഗോമസ് ഡാ സില്‍വയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വയറുപിളര്‍ന്നെടുത്ത കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആഞ്ജലീന ഇതു തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. എന്നാല്‍, പ്രസവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതുകണ്ട ഡോക്ടര്‍മാര്‍ സംശയം തോന്നി വൈദ്യപരിശോധന നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ആഞ്ജലീന സംഭവം തുറന്നുപറഞ്ഞു. ഇതോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതും ക്രിസ്റ്റിയാനയുടെ മൃതദേഹം കണ്ടെത്തിയതും. മദ്യം നല്‍കി ക്രിസ്റ്റിയാനോയെ മയക്കിയശേഷമാണ് മരത്തില്‍ കെട്ടിയിട്ട് വയറുപിളര്‍ന്നതെന്ന് ആഞ്ജലീന പറഞ്ഞു. തന്റെ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആഞ്ജലീന പറഞ്ഞെങ്കിലും പൊലീസ് അത് വിശ്വസിച്ചിട്ടില്ല. ഒറ്റയ്ക്ക് ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ ആഞ്ജലീനയ്ക്കാവില്ലെന്നാണ് പൊലീസ് കരുതുന്നത്.
ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ക്രിസ്റ്റിയാനയുടെ വയറ്റില്‍ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ സ്വന്തമാക്കണമെന്ന് കരുതിയിരുന്നതായും ആഞ്ജലീന പറഞ്ഞു. പാറ്റോസ് ഡീ മീഞ്ഞാസിലെ സാവോ ലൂക്കാസ് ആശുപത്രിയിലാണ് ആഞ്ജലിന കുഞ്ഞിനെയും കൊണ്ടുചെന്നത്. കുഞ്ഞിന്റെ തലയില്‍ ഒരു മുറിവുമുണ്ടായിരുന്നു. വയറുകീറുന്നതിനിടെ പറ്റിയതാവാം ഈ മുറിവെന്നാണ് കരുതുന്നത്.
ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശം കണ്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പലതരത്തിലുള്ള ഊഹങ്ങള്‍ക്കും പ്രചരണങ്ങള്‍ ആകാശത്തെ വെള്ളിവെളിച്ചം വഴിയൊരുക്കി. ശാസ്ത്രലോകമാകട്ടെ ഉത്തരം കണ്ടെത്താനാകാതെ ഉഴലുകയുമാണ്.
രാത്രി കണ്ടത് അന്യഗ്രഹ ജീവികളുടെ വാഹനമാണെന്നാണ് ഒരു പ്രചരണം. പലരും ഇത്തരത്തില്‍ തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍ ശാസ്ത്രലോകം ഇത് തള്ളിക്കളയുന്നു. അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു.
പക്ഷേ ഇത് എന്തു വാഹനമാണെന്ന് പലര്‍ക്കും ഉത്തരമില്ല. അമേരിക്കയില്‍ സ്പെയ്സ് എക്സ്ന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.
ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കു രാജ്യം വിട്ടു പുറത്തുപോകുന്നതിന് ഇനി തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി.
തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വളരെ നിര്‍ണായകമായൊരു ഭേദഗതിയാണിതെന്നു വിലയിരുത്തപ്പെടുന്നു. നിയമ ഭേദഗതിയെ രാജ്യാന്തര തൊഴില്‍ സംഘടന(ഐഎല്‍ഒ) സ്വാഗതം ചെയ്തു. തൊഴില്‍ കരാര്‍ കാലാവധിക്കുള്ളില്‍ അവധിയില്‍ താല്‍ക്കാലികമായി നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു നിലവില്‍ തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിരുന്നു.
പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ നിബന്ധന ഒഴിവാക്കിയത്.
ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ 2018ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലികളുടെ പട്ടിക ദി ഓസ്ട്രേലിയന്‍ ടാക്സ് ഓഫീസ് പുറത്ത് വിട്ടു. ഇവയില്‍ മെഡിക്കല്‍ പശ്ചാത്തലത്തിലുള്ള ജോലികളാണുള്ളത്. നിരവധി വര്‍ഷങ്ങളിലെ പഠനവും ദീര്‍ഘമായ പ്രവര്‍ത്തിസമയവുമുള്ള ജോലികളാണിവ. ഇത് പ്രകാരം ഏറ്റവും ശമ്പളം ലഭിക്കുന്ന ജോലിയാണ് സര്‍ജന്‍മാരുടേത്. സര്‍ജന്‍മാര്‍ക്ക് വര്‍ഷത്തില്‍ 393,467 ഓസ്ട്രേലിയന്‍ ഡോളറാണ് ശമ്പളം.
അനസ്തേറ്റിസ്റ്റുകള്‍ക്ക് ലഭിക്കുന്നതും ഉയര്‍ന്ന ശമ്പളമാണ്. ഇവര്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്നത് 359,056 ഓസ്ട്രേലിയന്‍ ഡോളറാണ്. ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റുകളും ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കാരുടെ പട്ടികയില്‍ വരുന്നു. ഇവര്‍ക്ക് വാര്‍ഷി ശമ്പളം 291,140 ഓസ്ട്രേലിയന്‍ ഡോളറാണ്. ഫിനാന്‍സ് ഡീലര്‍ക്ക് പ്രതിവര്‍ഷ ശമ്പളം 263,309 ഓസ്ട്രേലിയന്‍ ഡോളറാണ്. മെഡിക്കല്‍ രംഗത്ത് നിന്നുള്ളതല്ലാത്തതും ഉയര്‍ന്ന ശമ്പളം പറ്റുന്നതുമായ ജോലിയാണിത്.
സൈക്യാട്രിസ്റ്റുകള്‍ക്ക് 211,024 ഡോളറും മറ്റ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് വര്‍ഷത്തില്‍ 199,590 ഡോളറും ശമ്പളം ലഭിക്കുന്നു. ജൂഡീഷ്യല്‍ മറ്റ് ലീഗല്‍ പ്രഫഷനുകള്‍ക്ക് വര്‍ഷത്തില്‍ 198,219 ഡോളറാണ് ലഭിക്കുന്നത്. മൈനിംഗ് എന്‍ജീനിയര്‍മാര്‍ക്ക് 166,557 ഡോളറും ചീഫ് എക്സിക്യൂട്ടീവ്സ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് 158,249 ഡോളറും എന്‍ജിനീയറിംഗ് മാനേജര്‍മാര്‍ക്ക് വര്‍ഷത്തില്‍ 148,852 ഡോളറും വാര്‍ഷിക ശമ്പളം ലഭിക്കുന്നു.
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ രാജിവച്ചു. ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി പ്രഖ്യാപനം.
സൗത്ത് കരോളിന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷമാണ് 2017ല്‍ യു.എന്നില്‍ യു.എസ് അംബാസഡറാകുന്നത്. രാജിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ട്രംപ് രാജി സ്വീകരിച്ചു. ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്‌നത്തിലും ഉള്‍പ്പെടെ യു.എന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയ അംബാസിഡറാണ് നിക്കി ഹാലെ.
യു.എസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലെ. പഞ്ചാബില്‍ നിന്ന് യു.എസില്‍ കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ് നിക്കി ഹാലെ. ട്രംപിന്റെ വിദേശകാര്യ നയത്തെ നിക്കി ഹാലെ അടുത്തിടെ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മെല്‍ബണ്‍: കടലില്‍ സര്‍ഫിംഗിനിടെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ മകനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹെയ്ഡന് പരിക്കേറ്റത്. തലയ്ക്കും കഴുത്തിട് തൊട്ട് താഴെ നട്ടെല്ലിനും പരിക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്. ഹെയ്ഡന്റെ വാരിയെല്ലുകളില്‍ പൊട്ടലുണ്ട്. നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. പരിക്ക് പറ്റിയതിന്റെ ചിത്രങ്ങള്‍ ഹെയ്ഡന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പരിക്കിന്റെ വിശദാംശങ്ങള്‍ അടക്കമാണ് ഹെയ്ഡന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് പരിക്കേറ്റതെന്ന് ഹെയ്ഡന്‍ കൊറിയര്‍ മെയില്‍ പത്രത്തോട് പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.
ഇതാദ്യമായല്ല ഹെയ്ഡന് കടലില്‍വെച്ച് പരിക്കേല്‍ക്കുന്നത്. 1999ല്‍ നോര്‍ത്ത് സ്ട്രാട്ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന്‍ രക്ഷപ്പെട്ടത്. മുന്‍ ഓസ്ട്രേലിയന്‍ താരമായ ആന്‍ഡ്യ്രു സൈമണ്ട്സും ഈ സമയം ഹെയ്ഡനൊപ്പമുണ്ടായിരുന്നു.
2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 46കാരനായ ഹെയ്ഡന്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂഡല്‍ഹി: ഇന്തോനേഷ്യയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ രംഗത്ത്. വലിയ രീതിയിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് സുനാമിയിലും ഭൂകമ്പത്തിലും തകര്‍ന്ന ഇന്തോനേഷ്യയില്‍ ഇന്ത്യ നടത്തുന്നത്. രണ്ട് വിമാനങ്ങളും ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയ നാവിക സേനയുടെ മൂന്ന് കപ്പലുകളുമാണ് ഇന്തോനേഷ്യയ്ക്കു വേണ്ടി ഇന്ത്യ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സമുദ്ര മൈത്രി എന്നാണ് ഇന്തോനേഷ്യന്‍ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കേ വിഡോഡയും ഇതു സംബന്ധിച്ച് ടെലിഫോണില്‍ സംസാരിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ, സി17 എന്നീ വിമാനങ്ങളാണ് വിവിധ വസ്തുക്കളുമായി ഇന്തോനേഷ്യയിലേയ്ക്ക് തിരിച്ചത്. പുറത്ത് സജ്ജീകരിക്കാവുന്ന തരത്തിലുള്ള ആശുപത്രികള്‍ താല്‍ക്കാലികമായി ഉണ്ടാക്കുന്നതിനു ആവശ്യമായ മരുന്നുകളും ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും ഇതോടൊപ്പമുണ്ട്. സി17 എയര്‍ക്രാഫ്റ്റിലാണ് താല്‍ക്കാലിക കൂടാരങ്ങള്‍ പണിയുന്നതിനാവശ്യമായ സാധനങ്ങളും മരുന്നുകളും ജനറേറ്റര്‍ അടക്കമുള്ള അത്യാവശ്യ സാധനങ്ങളും കൊണ്ടു പോകുന്നത്
നാവിക സേനയുടെ ഐഎന്‍എസ് ടിര്‍, ഐഎന്‍എസ് സുജാത, ഐഎന്‍എസ് ശാര്‍ദുള്‍ എന്നിവയുടെ സേവനവും ഇന്ത്യ നല്‍കുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട വിദഗ്ധരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ മധ്യ സുലാവെശി പ്രവിശ്യയില്‍ ആറാം തീയതിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയ്ക്ക് വന്നു ചേര്‍ന്ന ദു:ഖത്തില്‍ പങ്കു ചേരുന്നതായും കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം ആയിരം കവിഞ്ഞു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുടര്‍ചലന സാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ മരിച്ചു കഴിഞ്ഞതായാണ് സൂചന. ഇപ്പോഴും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല കെട്ടിടങ്ങളില്‍ നിന്നും നിലവിളികള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഇന്നലെ വരെ 844 പേരായിരുന്നു മരിച്ചത്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് പുതിയ മരണ സംഖ്യ പുറത്തുവിട്ടത്. 7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ് മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക് നയിച്ചതോടെ സുലവേസി ദ്വീപ് ദുരന്തഭൂമിയായി മാറുകയായിരുന്നു.
തെക്കന്‍ പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇവിടെയാണ് കൂടുതല്‍ മരണം. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണു ചികിത്സ . നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേ സമയം ഭൂകമ്പവും സുനാമിയും ഉണ്ടായ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും ഭക്ഷണ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകള്‍, ഷോപ്പിങ് മാള്‍ തുടങ്ങിയവ തകര്‍ന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകര്‍ന്നതോടെ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുമ്പേ സുനാമി ആഞ്ഞടിച്ചു. നേരത്തെ കരുതിയിരുന്നതിനേക്കാളും കൂടുതല്‍ ഭാഗങ്ങളില്‍ സുനാമി ആഞ്ഞടിച്ചിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ് അറിയിച്ചു. 20 അടിയോളം ഉയരത്തിലെത്തിയാണ് സുനാമി കരയെ വിഴുങ്ങിയത്.
രക്ഷപ്പെട്ടവര്‍ കൂട്ടം ചേര്‍ന്ന് പലായനം നടത്തുന്ന സാഹചര്യത്തില്‍ പ്രേതഭൂമിയായി മാറിയിരിക്കുകയാണ് സുലാവെസി. രക്ഷാപ്രവര്‍ത്തകര്‍ ഇനിയും ചില മേഖലകളില്‍ എത്താന്‍ ബാക്കിയുള്ളതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ഇന്തൊനീഷ്യൻ ദ്വീപായ സുലവേസിയിൽ ഭൂകമ്പത്തിനു പിന്നാലെയുണ്ടായ സൂനാമിയില്‍ മരിച്ചവരുടെ എണ്ണം 384 ആയി. 540 പേര്‍ക്ക് പരുക്കേറ്റു. വൈദ്യുതിബന്ധം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. തീരദേശപട്ടണമായ പാലു ഉള്‍പ്പെടെ ഒട്ടേറെനഗരങ്ങളില്‍ വെള്ളം കയറി. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരേറെയും. തുടര്‍ചലനസാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാവിലെ സുലവേസിയിലെ ഡൊങ്കാലയിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. ഉടനെ സൂനാമി മുന്നറിയിപ്പും നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മുന്നറിയിപ്പ് പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം സൂനാമിയുണ്ടായി.
ഇന്തൊനീഷ്യൻ ദ്വീപായ സുലവേസിയിൽ വെളളിയാഴ്ച ഭൂകമ്പമാപിനിയിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തൊനീഷ്യൻ നഗരമായ പലുവിൽ സൂനാമിയുണ്ടായതായി റിപ്പോർട്ടുകൾ. പ്രാദേശിക തലസ്ഥാനം കൂടിയായ പലുവിൽ സൂനാമിത്തിരകൾ ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്തൊനീഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.
നേരത്തെ ഇന്തൊനീഷ്യൻ എജൻസി ഫോർ മെറ്റീറോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സ് മൂന്നു മീറ്ററോളം ഉയരത്തിൽ തിരമാലകളുണ്ടായേക്കാവുന്ന സൂനാമിക്കു മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. സൂനാമി മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെയാണ് സൂനാമിയുണ്ടായതെന്നാണ് സൂചന. മധ്യ, പടിഞ്ഞാറൻ മേഖലകളിലെ ജനത്തോട് ഉയർന്ന പ്രദേശങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശം നൽകി.
ജൂലെ 29 നും ഓഗസ്റ്റ് 19 നുമിടയിൽ 6.3 നും 6.9 നും മധ്യേ തീവ്രതയുള്ള നാലു ഭൂചലനങ്ങളിലായി 557 പേർ ഇന്തൊനീഷ്യയിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. നാലു ലക്ഷത്തോളം പേരാണ് ദുരിതബാധിതരായത്. ഇന്തൊനീഷ്യയിലെ ഏറ്റവും വലിയ ഭൂകമ്പ ദുരന്തം 2004 ൽ ആയിരുന്നു. അന്ന് സുമാത്രയിലുണ്ടായ ഭൂകമ്പത്തിലും തുടർന്നുണ്ടായ സൂനാമിയിലും ഇന്തൊനീഷ്യയിലും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലുമായി 2,80,000 പേരാണ് മരിച്ചത്.
ഏറ്റവുമധികം ഭൂചലനങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും റിപ്പോർട്ടു ചെയ്യുന്ന പസഫിക് റിങ് ഓഫ് ഫയർ മേഖലയിലാണ് ഇന്തൊനീഷ്യയുടെ സ്ഥാനം. ശരാശരി ചെറുതും വലുതുമായ ഏഴായിരത്തോളം ഭൂകമ്പങ്ങളാണ് ഇവിടെയുണ്ടാകുന്നത്.