ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ 2018ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലികളുടെ പട്ടിക ദി ഓസ്ട്രേലിയന്‍ ടാക്സ് ഓഫീസ് പുറത്ത് വിട്ടു. ഇവയില്‍ മെഡിക്കല്‍ പശ്ചാത്തലത്തിലുള്ള ജോലികളാണുള്ളത്. നിരവധി വര്‍ഷങ്ങളിലെ പഠനവും ദീര്‍ഘമായ പ്രവര്‍ത്തിസമയവുമുള്ള ജോലികളാണിവ. ഇത് പ്രകാരം ഏറ്റവും ശമ്പളം ലഭിക്കുന്ന ജോലിയാണ് സര്‍ജന്‍മാരുടേത്. സര്‍ജന്‍മാര്‍ക്ക് വര്‍ഷത്തില്‍ 393,467 ഓസ്ട്രേലിയന്‍ ഡോളറാണ് ശമ്പളം.

അനസ്തേറ്റിസ്റ്റുകള്‍ക്ക് ലഭിക്കുന്നതും ഉയര്‍ന്ന ശമ്പളമാണ്. ഇവര്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്നത് 359,056 ഓസ്ട്രേലിയന്‍ ഡോളറാണ്. ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റുകളും ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കാരുടെ പട്ടികയില്‍ വരുന്നു. ഇവര്‍ക്ക് വാര്‍ഷി ശമ്പളം 291,140 ഓസ്ട്രേലിയന്‍ ഡോളറാണ്. ഫിനാന്‍സ് ഡീലര്‍ക്ക് പ്രതിവര്‍ഷ ശമ്പളം 263,309 ഓസ്ട്രേലിയന്‍ ഡോളറാണ്. മെഡിക്കല്‍ രംഗത്ത് നിന്നുള്ളതല്ലാത്തതും ഉയര്‍ന്ന ശമ്പളം പറ്റുന്നതുമായ ജോലിയാണിത്.

സൈക്യാട്രിസ്റ്റുകള്‍ക്ക് 211,024 ഡോളറും മറ്റ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് വര്‍ഷത്തില്‍ 199,590 ഡോളറും ശമ്പളം ലഭിക്കുന്നു. ജൂഡീഷ്യല്‍ മറ്റ് ലീഗല്‍ പ്രഫഷനുകള്‍ക്ക് വര്‍ഷത്തില്‍ 198,219 ഡോളറാണ് ലഭിക്കുന്നത്. മൈനിംഗ് എന്‍ജീനിയര്‍മാര്‍ക്ക് 166,557 ഡോളറും ചീഫ് എക്സിക്യൂട്ടീവ്സ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് 158,249 ഡോളറും എന്‍ജിനീയറിംഗ് മാനേജര്‍മാര്‍ക്ക് വര്‍ഷത്തില്‍ 148,852 ഡോളറും വാര്‍ഷിക ശമ്പളം ലഭിക്കുന്നു.