ഹവായിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം നടന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഹവായിയിലെ കിലൗയെ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് റോഡിലൂടെ ലാവ ഒഴുകി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് 35 വീടുകളും മറ്റു കെട്ടിടങ്ങളും ലാവയില്‍ മുങ്ങി.1700 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായത്. ഇപ്പോഴും വിഷവാതകങ്ങളും ലാവയും അഗ്‌നിപര്‍വത മുഖത്ത് നിന്നും പ്രവഹിച്ചു കൊണ്ടിരിക്കയാണ്.
നഗരത്തിലെ ഒരു റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിനെ ലാവ മുഴുവനായി മൂടി അത് പൊട്ടിത്തെറിയ്ക്കുന്നതിന്റെ ടൈം ലാപ്‌സ് വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ സ്ഥലം വിടുക എന്ന അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ എല്ലാവരും ഒഴിഞ്ഞുപേകാന്‍ തയ്യാറായി ഇരിക്കണമെന്ന് ഹവായി കൗണ്ടി സിവില്‍ ഡിഫന്‍സ് ഏജന്‍സി അവരുടെ വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പു നല്‍കി. ലാനിപുര ഗാര്‍ഡന്‍സ് എന്ന സ്ഥലത്തു നിന്നും നേരത്തെ ഒഴിഞ്ഞു പോയവര്‍ തിരികെ വരാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇപ്പോഴും വിഷവാതകങ്ങള്‍ ബഹിര്‍ഗമിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ അവരെ അതില്‍ നിന്നും തടഞ്ഞിട്ടുണ്ട്.
ആദ്യം പൊട്ടിത്തെറി ഉണ്ടായ സ്ഥലത്ത് നിന്നും 12 മൈല്‍ മാറി മറ്റൊരിടത്തും അഗ്നിപര്‍വ്വതത്തില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആ പുതിയ വിള്ളല്‍ രൂപപ്പെട്ടതെന്നും അതില്‍ നിന്നും സള്‍ഫര്‍ഡൈഓക്‌സൈഡ് വാതകം ബഹിര്‍ഗമിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ അവിടെയുള്ളവര്‍ക്ക് സെല്‍ഫോണിലൂടെ അലെര്‍ട് മെസ്സേജ് അയയ്ക്കുകയായിരുന്നു. ആര്‍ക്കെങ്കിലും ഇതുവരെ ജീവാപായവും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ലൈലാനി എസ്‌റ്റേറ്റ് എന്ന പ്രദേശത്തുള്ളവര്‍ക്ക് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും വീട് പരിസരവുമൊക്കെ പോയി നിരീക്ഷിച്ചു വരാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ അവരുടെ വീടുകളുടെ നൂറടിയോളം അകലെ വരെയും വിള്ളലുകള്‍ കണ്ടെത്തിയതായി അവര്‍ പറഞ്ഞു.166 പേരെയാണ് രണ്ടു ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.
അഗ്നിപര്‍വ്വത സ്‌ഫോടനത്തോടൊപ്പം 6.9 തീവ്രതയുള്ള ഭൂമികുലുക്കവും അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിയ്ക്കാവുന്നതാണെന്നും ഹാവായിയന്‍ വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററിയുടെ പ്രസ്താവന അറിയിച്ചു. 1975 -നു ശേഷം അനുഭവപ്പെട്ട ഏറ്റവും വലിയ ഭൂചലനമാണിതെന്നും പ്രസ്താവന തുടര്‍ന്ന് പറഞ്ഞു. തിങ്കളാഴ്ച വരെ 142 ഭൂചലനങ്ങള്‍ ഉണ്ടായതായാണ് ഒബ്‌സര്‍വേറ്ററിയുടെ വെബ്‌സൈറ്റില്‍ കാണിയ്ക്കുന്നത്.
1955-ല്‍ 88 ദിവസം തുടര്‍ ചലനങ്ങള്‍ ഉണ്ടാക്കി കൊണ്ട് 4000 ഏക്കറോളം സ്ഥലം ലാവയില്‍ മുങ്ങിപ്പോയതു പോലുള്ള ഒരു സ്ഥിതിയ്ക്ക് സമാനമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നു ജിയോളജിസ്റ്റുകള്‍ പറയുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വളരെ ദൂരത്താണ് അഗ്‌നിപര്‍വത സ്‌ഫോടനം നടന്നതെങ്കിലും സഞ്ചാരികള്‍ നേരത്തെ ബുക്ക് ചെയ്തിരുന്ന യാത്രകള്‍ റദ്ദാക്കുന്നതിനാല്‍ അഗ്‌നി പര്‍വത സ്‌ഫോടനം വിനോദ സഞ്ചാര മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.എന്നാല്‍ ഒരു മാസം കൂടി കഴിയുമ്പോള്‍ തണുത്തുറഞ്ഞ ലാവ കാണാനെത്തുന്ന ലാവാ ടൂറിസ്റ്റുകളെ കിട്ടുമെന്ന പ്രതീക്ഷയും ഉണ്ട്.
ഇപ്പോഴും ലാവാ പ്രവാഹം തുടരുകയാണ്.അതി തീവ്ര ഊഷ്മാവിലുള്ള ലാവാ റോഡുകള്‍ക്കടിയിലൂടെ ഒഴുകുമ്പോള്‍ റോഡുകള്‍ വീണ്ടുകീറുകയാണ്. എത്ര വിസ്തൃതിയില്‍ ഇവ പരക്കുമെന്നും, എന്ന്,എപ്പോള്‍ ഇത് നിലയ്ക്കുമെന്നും ഇപ്പോള്‍ തീര്‍ച്ചപ്പെടുത്താനാവില്ലെന്നും യു എസ് ജിയോളജിക്കല്‍ സര്‍വ്വേ വോള്‍കാനോളജിസ്‌റ് വെന്‍ഡി സ്‌റ്റോവല്‍ പറഞ്ഞു. ഇനിയും ഉള്ളില്‍ മാഗ്മ തിളച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്ഫോടനങ്ങള്‍ പ്രതീക്ഷിയ്ക്കാവുന്നതാണെന്നും വെന്‍ഡി തുടര്‍ന്ന് പറഞ്ഞു.
ന്യൂയോര്‍ക്ക്: സ്ത്രീകളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നാലെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നൈഡര്‍മാന്‍ രാജിവെച്ചു. നാല് സ്ത്രീകളാണ് എറികിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഇവരില്‍ രണ്ട് പേര്‍ എറികിന്റെ മുന്‍ സുഹൃത്തുക്കളാണ്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് ആരോപണം പുറത്തു കൊണ്ടു വന്നത്.
ആരോപണങ്ങളെ ഷ്‌നൈഡര്‍മാന്‍ എതിര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ #മീടൂ കാംപെയ്‌ന്റെ ഭാഗമായിരുന്നു എറിക്. ക്യാംപെയ്‌ന്റെ ഭാഗമായി ഫെബ്രുവരിയില്‍ സിനിമാ നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരെയും സഹോദരന്‍ ബോബ് വെയ്ന്‍സ്‌റ്റെയിനെതിരെയും ഷ്‌നൈഡര്‍ കേസ് നടത്തിയിരുന്നു.
ഷ്‌നൈഡഡര്‍ക്കെതിരായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്രൂ കുമോ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉന്നയിച്ചവരില്‍ രണ്ട് പേരുടെ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്, മിഷേല്‍ മാനിങ് ബാരിഷ്, തന്യയ സെല്‍വരത്‌നം. മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ മകള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും വാര്‍ത്ത പുറത്തു വന്നതിന് ശേഷം മിഷേല്‍ മാനിങ് പ്രതികരിച്ചു.
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയടക്കം എറിക് ക്യാംപെയ്ന്‍ നടത്തുന്നത് കണ്ടാണ് സത്യം വിളിച്ചു പറയാന്‍ തയ്യാറായതെന്ന് സ്ത്രീകള്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ചാംപ്യനാകാന്‍ ശ്രമിക്കുന്ന എറിക് രഹസ്യമായി അവരെ ഉപദ്രവിക്കുകയാണെന്നും ഇതു പുറത്തു കൊണ്ടുവരേണ്ടിയിരുന്നുവെന്നും തന്യ സെല്‍വരത്‌നം പറഞ്ഞു.
ട്രംപിന്റെ വിമര്‍ശകനായി വളര്‍ന്നു വരുന്ന എറിക് ഷ്‌നൈഡര്‍മാന്‍ 2010ലാണ് അറ്റോര്‍ണി ജനറലായത്.
ഒമാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനം തിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പന്ത്രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
കോപ്പന്‍ഹേഗന്‍: ലൈംഗികാപവാദങ്ങളും മറ്റു കാരണങ്ങളാലും ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ഇല്ല. സെലക്ടര്‍മാര്‍ വരെ ലൈംഗികാപവാദ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ പുരസ്‌ക്കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനം എടുത്തത്. 2018 ലെ പുരസ്‌ക്കാരം 2019 ല്‍ നല്‍കുമെന്ന് അക്കാദമി വ്യക്തമാക്കി.
വ്യാഴാഴ്ച സ്വീഡിഷ് സമയം രാവിലെ 9 മണിയോടെയാണ് തീരുമാനം എടുത്തത്. ഇത്തവണ പുരസ്ക്കാരം പ്രഖ്യാപിക്കുന്നില്ലെങ്കിലും അടുത്ത വര്‍ഷം പകരം ഈ വര്‍ഷത്തെ പുരസ്ക്കാരം ഉള്‍പ്പെടെ രണ്ടു പേരുടെ പേരുകള്‍ പ്രഖ്യാപിക്കും. മുന്‍കാല പുരസ്ക്കാര ജേതാക്കളെയും വരാനിരിക്കുന്ന പുരസ്ക്കാര ജേതാക്കളെയും പൊതുജനങ്ങളെയും മാനിച്ചാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.
പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് സ്‌റ്റോക്ക് ഹോമിലെ വീക്കിലി മീറ്റിംഗിലായിരുന്നു തീരുമാനം. ലൈംഗികാപവാദ പരമ്പരകളും സാമ്പത്തിക കുറ്റകൃത്യ വിവാദങ്ങളും തല ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ജേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് പശ്ചാത്തലം. പുരസ്‌ക്കാരം പ്രഖ്യാപിക്കും മുമ്പ് സമിതിയുടെ തന്നെ പൊതുജനവിശ്വാസം വീണ്ടെടുക്കേണ്ട സ്ഥിതിയാണെന്നാണ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി ആന്‍ഡേഴ്‌സ് ഓള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. 1949 ന് ശേഷം ഇതാദ്യമായിട്ടാണ് സാഹിത്യ നോബലിന് പുരസ്ക്കാരം പ്രഖ്യാപിക്കാതിരിക്കുന്നത്.
അക്കാദമി അംഗവും സ്വഡിഷ് കവിയുമായ കാതറീനാ ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവും സ്വീഡനിലെ സാംസ്‌ക്കാരിക മുഖങ്ങളില്‍ ഒന്നുമായ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ജീന്‍ ക്‌ളോഡി ആര്‍നോള്‍ട്ട് ഉള്‍പ്പെടെ അകത്തുള്ളവര്‍ വരെ പീഡനാരോപണങ്ങളില്‍ കുടുങ്ങിയ സാഹചര്യമാണ് അക്കാദമിയെ തീരുമാനത്തില്‍ പിന്നോട്ടടിച്ചത്. എന്നാല്‍ ആര്‍നോള്‍ട്ട് ആരോപണം നിഷേധിക്കുകയും പുരസ്ക്കാര ജേതാക്കളായ ഏഴു പേരുടെ പേരില്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തീരുമാനം എടുക്കേണ്ട 18 അംഗ ആജീവനാന്ത സമിതിയില്‍ നിന്നും കാതറീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ അക്കാദമിയുടെ പ്രസ് സെക്രട്ടറി സാറാ ഡാനിയൂസും അക്കാദമിയില്‍ നിന്നും രാജിവെച്ചിരുന്നു.
യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ. കൊലക്കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ വധശിക്ഷയ്ക്ക് വധശിക്ഷവിധിക്കപ്പെട്ടത്. യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
എന്നാല്‍ ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്ത് പോയതാണിതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തിവരികയായിരുന്നു നിമിഷ. ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും നിമിഷ കത്തിലൂടെ പറയുന്നു.
മലയാളി പ്രവാസി കുടുംബം തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീ പിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ആളുകളെയെല്ലാം സിവിൽ ഡിഫെൻസിലെ അധികൃതർ ഫ്ളാറ്റിൾ നിന്നും രക്ഷപ്പെടുത്തി.
ഇതേ ഫ്ലാറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു മലയാളിയായ സാജു ജോണും കുടുംബവും. ജോണിനെ അച്ഛൻ വർഷങ്ങളായി ശരീരം തളർന്ന അവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തീ പടർന്നത് അറിഞ്ഞ് കുട്ടികളെയും ഭാര്യയെയും താഴത്തെ നിലയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തിയെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും താഴെ എത്തിക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജോർജിന്റെ അച്ഛനും പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ ജോർജ് നിലവിളിച്ചു. കൃത്യ സമയത്ത് തന്നെ സിവിൽ ഓഫീസേഴ്‌സ് ജോർജിനെയും കുടുംബത്തെയും കണ്ടെത്തി. മൂന്നു പേരെയും സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് കുടുംബത്തിന് ഇന്നും വിശ്വസിക്കാനായിട്ടില്ല.
എന്നാൽ അപകടത്തിനിടയിൽ മറ്റൊരത്ഭുതം നടന്നു. സാജുവിന്റെ എണ്‍പതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു. തീപിടുത്തത്തിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീല്‍ചെയര്‍ കൈതെന്നി താഴേക്ക് പോയി. വര്‍ഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിക്കുകയും ഉണ്ടായി.
സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കുടുംബം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സിവില്‍ ഡിഫന്‍സ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചു നിലയുള്ള ഫ് ളാറ്റിനാണ് തീപിടിച്ചത്. ഇതില്‍ രണ്ടാം നിലയില്‍ ആയിരുന്നു സാജുവും കുടുംബവും. ഒരോ നിലയില്‍ നിന്നും താഴേക്ക് വന്ന് രക്ഷപ്പെടാന്‍ ആണ് ശ്രമിച്ചത്. പെട്ടെന്ന് പിതാവ് ഇരുന്ന വീല്‍ചെയറില്‍ നിന്നും കൈവിട്ടുപോവുകയായിരുന്നുവെന്ന് സാജു പറയുന്നു.
ഭാഗ്യത്തിന് ആരോ പ്രധാന വാതില്‍ തുറന്നിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്കായുള്ള ഞങ്ങളുടെ നിലവിളി കേള്‍ക്കുകയും ചെയ്തു. കുറച്ച് ഉദ്യോഗസ്ഥര്‍ ഓടിവന്ന് പിതാവിനെ രക്ഷിക്കുകയും മാതാവിനെയും ഞങ്ങളെയും സുരക്ഷിതമാക്കുകയും ചെയ്തു എന്നും സാജു പറഞ്ഞു.
വീല്‍ചെയറില്‍ നിന്നും താഴേക്ക് വീഴുമ്ബോള്‍ ആണ് സാജുവിന്റെ പിതാവ് ജോര്‍ജ് കുട്ടി സംസാരിച്ചത്. 2013ന് ശേഷം ആദ്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമായിരുന്നു അതെന്ന് സാജു പറയുന്നു. 2013ന് ശേഷം ആദ്യമായാണ് പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. താഴേക്ക് വീഴുമ്പോൾ അദ്ദേഹം ഉറക്കെ നിലവിളിച്ചുവെന്നും സാജു പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് നേവി ഗെയ്റ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് തീപിടിച്ചത്. സാജു, ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാലു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റ് സിറ്റി : ഫിലിപ്പീന്‍സ് യുവതിയെ കൊന്ന് കത്തിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി അജിത് അഗ്സ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരിയില്‍ ഫര്‍വാനിയയിലാണ് സംഭവം. യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ളാറ്റിന് തീ ഇടുകയും ചെയ്തുവെന്നാണ് കേസ്. തെളിവുകളുടെ അഭാവത്തില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഒരു പാക്കിസ്ഥാൻ സ്‌കൂളിന് സമീപമുള്ള ബഹുനില കെട്ടിടത്തില്‍ തീ പിടുത്തം ഉണ്ടാകുകയും ഫിലിപ്പീന്‍സ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുടയുമായിരുന്നു.
തീ പിടുത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തീ പിടുത്തം നടന്നതിന് മൂന്നു ദിവസം മുന്‍പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡുമാണ് അന്വേഷണം മലയാളി യുവാക്കളിലേയ്ക്ക് എത്തിച്ചത്. ഒരു രീതിയിലും ഉള്ള കരുണ ഇവർ അർഹിക്കുന്നില്ല എന്നും അതുകൊണ്ട് ഒരു രീതിയിലും പരോൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. കുവൈത്ത് കോടതിയുടേതാണ് വിധി. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ കൊന്നത്.സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ അറസ്റ്റിലായ ഇവരില്‍ ഭര്‍ത്താവിനെ ലബനനു കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്. കുവൈത്തില്‍ തിരിച്ചെത്തുന്ന പക്ഷം ഇവര്‍ക്ക് അപ്പീല്‍ നല്‍കാം. രണ്ടുപേരെയും തിരികെയെത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുമുണ്ട്. കൊലപാതകം കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈത്തിലേക്കു ജോലിക്കായി പോകരുതെന്നു പൗരന്മാര്‍ക്കു ഫിലിപ്പീന്‍സ് നിര്‍ദേശവും നല്‍കി.
ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫില്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് കുറ്റക്കാരനെന്ന് ലബനന്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല്‍പ്പതുകാരനായ പ്രതി കുറ്റം സമ്മതിച്ചുവെന്നും ഇയാളുടെ സിറിയന്‍ സ്വദേശിയായ ഭാര്യയും കുറ്റക്കാരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലബനീസ് പൗരന്‍ അസാഫിനെതിരെ ഉടന്‍ വിചാരണ തുടങ്ങുമെന്നും പ്രതിയ്ക്ക് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ലബനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലബനന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കുവൈത്ത് കോടതിയുടെ വിധി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസമാണ് പ്രതി അസാഫ് കസ്റ്റഡിയില്‍ ആയ വിവരം ഫിലിപ്പീന്‍ വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ടത്.
2016 മുതല്‍ അടച്ചിട്ടിരുന്ന കുവൈത്തിലെ അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈത്ത് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു. കുവൈത്തില്‍ ഫിലിപ്പീന്‍ ജോലിക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.
ക്രിപ്‌റ്റോകറന്‍സി ബൂം അവസാനിക്കുന്നുവെന്ന സൂചന നല്‍കി ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്ലസ് 500. 2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തിലുണ്ടായ ഉണര്‍വ് അവസാനിച്ചിരിക്കുകയാണെന്നും വിപണി സാധാരണ അവസ്ഥയിലേക്ക് തിരികെയെത്തിയിരിക്കുകയാണെന്നും പ്ലസ്500 പറയുന്നു. 1000 ഡോളര്‍ എന്ന നിലയില്‍ നിന്ന് 20,000 ഡോളര്‍ എന്ന മൂല്യത്തിലേക്കാണ് ഡിസംബര്‍ മധ്യത്തില്‍ ബിറ്റ്‌കോയിന്‍ എത്തിയത്. മറ്റൊരു ക്രിപ്‌റ്റോകറസിയായ എഥീരിയത്തിന്റെ മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കോയിനുകള്‍ വാങ്ങാനും വില്‍ക്കാനും അവസരമൊരുക്കുന്ന പ്ലസ്500 പോലെയുള്ള സൈറ്റുകള്‍ക്കും ഇതിലൂടെ വന്‍വരുമാനമാണ് ലഭിച്ചത്.
അസെറ്റുകളുടെ മൂല്യത്തില്‍ വാതുവെപ്പിന് അവസരം നല്‍കുന്ന കോണ്‍ട്രാക്ട് ഫോര്‍ ഡിഫറന്‍സ് (CFD) സൗകര്യമുണ്ടായിരുന്ന പ്ലാറ്റ്‌ഫോമാണ് പ്ലസ്500. ഇതിലൂടെയും കാര്യമായ നേട്ടം ഇവര്‍ക്ക് സമ്പാദിക്കാനായി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ഥാപനത്തിന്റെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 297.3 മില്യന്‍ ഡോളറാണ് ഇക്കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. ഉപയോക്താക്കളുടെ എണ്ണം 2,18,187 പേരായി ഉയരുകയും ചെയ്തു.
2017 അവസാനമുണ്ടായ ബൂമില്‍ നിന്ന് ക്രിപ്‌റ്റോകറന്‍സി മൂല്യം ഇപ്പോള്‍ സാധാരണ നിലയിലേക്കെത്തിയിരിക്കുകയാണ്. ബിറ്റ്‌കോയിന്‍ മൂല്യം 9000 ഡോളര്‍ എന്ന നിലയില്‍ സ്ഥിരത കാണിക്കുന്നുണ്ട്. മൂല്യത്തില്‍ മുമ്പ് കാണിച്ച വിധത്തിലുള്ള വര്‍ദ്ധന ഈ വര്‍ഷം ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി പറഞ്ഞു. ക്രിപ്‌റ്റോകറന്‍സികളില്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ അത് മേഖലയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും കമ്പനി ഭയക്കുന്നു. സിഎഫ്ഡികള്‍ വളരെ നഷ്ടസാധ്യതയുള്ള സംവിധാനമാണെന്ന് യൂറോപ്യന്‍, യുകെ വാച്ച്‌ഡോഗുകള്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഫേസ്ബുക്ക് പുതിയ ഡേറ്റിംഗ് സര്‍വീസിന് തുടക്കമിടുന്നു. കാലിഫോര്‍ണിയയില്‍ നടന്ന എഫ്8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍വെച്ച് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇതു സംബന്ധിച്ച സൂചന നല്‍കി. സ്വകാര്യത വിഷയത്തിലുണ്ടായ വീഴ്ചകള്‍ മനസിലുണ്ടെന്നും അവയൊക്കെ പരിഗണിച്ചുകൊണ്ട് പുതിയ സര്‍വീസ് ഉടന്‍തന്നെ അവതരിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ വിവാദത്തിലായ കമ്പനി ഇനി മറ്റൊരു ഡേറ്റ ബ്രീച്ച് വിവാദം താങ്ങാവുന്ന അവസ്ഥയിലല്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഫേസ്ബുക്കില്‍ 200 മില്യന്‍ ആളുകള്‍ സിംഗിള്‍ പട്ടികയിലുള്ളവരാണ്. അവര്‍ക്ക് അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കാനാകുമെങ്കില്‍ വളരെ നല്ലൊരു കാര്യമായിരിക്കുമെന്ന് കരുതുന്നുവെന്നും സുക്കര്‍ബര്‍ഗ് പുതിയ സംരംഭത്തേക്കുറിച്ച് പറഞ്ഞു. ഈ പ്രഖ്യാപനത്തോടെ റ്റിന്‍ഡര്‍ എന്ന ജനപ്രിയ ഡേറ്റിംഗ് ആപ്പിന്റെ ഉടമയായ മാച്ച് ഗ്രൂപ്പിന്റെ ഷെയറുകളില്‍ ഇടിവ് രേഖപ്പെടുത്തി. ഓപ്പണിംഗ് പ്രൈസിനേക്കാള്‍ 22 ശതമാനം കുറഞ്ഞ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ഫേസ്ബുക്കില്‍ നിന്നാണ് റ്റിന്‍ഡര്‍ പ്രൊഫൈല്‍ ഇന്‍ഫര്‍മേഷന്‍ സ്വീകരിക്കുന്നത്.
സ്വകാര്യതയും സുരക്ഷയും പ്രധാന പരിഗണനകളായി സ്വീകരിച്ചുകൊണ്ടാണ് ഈ സേവനത്തിന് ഫേസ്ബുക്ക് തയ്യാറായിരിക്കുന്നതെന്നാണ് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. ദീര്‍ഘകാല ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വാട്ട്‌സാപ്പ് മെസഞ്ചര്‍ സര്‍വീസില്‍ പുതിയ ഗ്രൂപ്പ് വീഡിയോ കോളിംഗ് അവതരിപ്പിക്കുമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ചാറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകള്‍ എന്നിവ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.