Videsham

ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ അംഗീകാരം. അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നാസ്ദാക് ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോം തുറക്കാന്‍ തയ്യാറാകുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അദീന ഫ്രീഡ്മാനാണ് ഈ വിവരം വെളിപ്പെടുത്തിയതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിപ്‌റ്റോകറന്‍സി മേഖല വളര്‍ച്ച പ്രാപിച്ചാല്‍ തീര്‍ച്ചയായും അല്‍പകാലത്തിനുള്ളില്‍ നാസ്ദാക് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആരംഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് യോജ്യമായ, റെഗുലേറ്റഡ് വിപണിയിലേ അത് സാധ്യമാകൂ.

റെഗുലേഷന്‍ നടപ്പിലാകാത്തതാണ് നാസ്ദാക്കും അതുപോലെയുള്ള സ്ഥാപനങ്ങള്‍ക്കും മുമ്പിലുള്ള തടസം. ഇത്തരം പ്രതിസന്ധികള്‍ നീങ്ങിയാലേ ഒരു എക്‌സ്‌ചേഞ്ച് തുടങ്ങാനാകൂ. എന്നാല്‍ ഡിജിറ്റല്‍ അസറ്റുകളുടെ കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിപണി പക്വതയാര്‍ജ്ജിക്കുന്നത് വരെ നിലവിലുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്ക് പിന്തുണ നല്‍കാനേ നാസ്ദാക്കിന് സാധിക്കൂ എന്നും അവര്‍ വ്യക്തമാക്കി.

ജെമിനി എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ബുധനാഴ്ച നാസ്ദാക് വ്യക്തമാക്കിയിരുന്നു. ആദ്യകാല ബിറ്റ്‌കോയിന്‍ നിക്ഷേപകരായ ടൈലര്‍, കാമറൂണ്‍ വിങ്കില്‍വോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജെമിനി. സുതാര്യവും നിയമാനുസൃതവുമായ ഒരു പ്ലാറ്റ്‌ഫോമായി ജെമിനിക്ക് പ്രവര്‍ത്തിക്കാന്‍ നാസ്ദാക്കിന്റെ നിരീക്ഷണം മൂലം സാധിക്കുമെന്ന് ടൈലര്‍ വിങ്കിള്‍വോസ് അറിയിച്ചു.

അമേരിക്കന്‍ ഐഡല്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പുതിയ പതിപ്പിലെ പ്രകടനം ഇന്ത്യന്‍ വംശജയായ അലീസ്സാ രഘുവിനെ എത്തിച്ചിരിക്കുന്നത് പ്രശസ്തിയുടെ പുതിയ ഉയരങ്ങളിലാണ്. നീലക്കണ്ണുള്ള സുന്ദരിയെന്ന് കാറ്റി പെറി ഉള്‍പ്പടെയുള്ള ഗായകര്‍ വാഴ്ത്തിയ അലീസ്സയ്ക്ക് അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അങ്ങനെ പതിനാറുകാരിയായ ഈ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഇപ്പോള്‍ അമേരിക്കയിലെ ചര്‍ച്ചാവിഷയം. അമേരിക്കന്‍ ഐഡലിന്റെ അവസാന റൗണ്ടിലെത്തിയ 24 മത്സരാര്‍ഥികളില്‍ ഒരാളാണ് അലീസ്സാ. അലീസ്സയുടെ ഓരോ റൗണ്ടിലെയും പ്രകടനങ്ങള്‍ അമ്പരപ്പോടെയാണ് വിധികര്‍ത്താക്കളും ആസ്വാദകരും കണ്ടത്.

പ്രശസ്ത സംഗീതജ്ഞരായ കാറ്റി പെറി, ലൂക്ക് ബ്രയാന്‍, ലയണല്‍ റിച്ചി എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍. അലീസ്സ ഒടുവില്‍ നടത്തിയ പ്രകടനത്തെ വിസ്മയമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. റിഹാനയുടെ ‘സ്റ്റേ’ എന്ന ഗാനമാണ് അലീസ്സ അന്ന് വേദിയില്‍ ആലപിച്ചത്. അലീസ്സയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗാനമെന്നാണ് പാട്ടു കേട്ട ശേഷം വിധികര്‍ത്താക്കള്‍ പറഞ്ഞത്. വലിയ വേദിയില്‍ പതര്‍ച്ചയില്ലാതെ പാടിയ അലീസ്സയുടെ പക്വതയെയും ആസ്വാദകരെ കയ്യിലെടുക്കുന്ന പൊടിക്കൈകളെയും കാറ്റി പെറി വാനോളം പുകഴ്ത്തി. ‘വിന്‍ഡ് ബിനീത്ത് മൈ വിങ്‌സ്’ എന്ന ഗാനം പാടിയതോടെയാണ് അലീസ്സ ഷോയുടെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യക്കാരനായ ഹന്‍സ്‌രാജ് ഡെന്നിസ് രഘുനാഥനാണ് അലീസ്സയുടെ പിതാവ്. യു.എസ് എയര്‍ഫോഴ്‌സില്‍ ജോലിക്കാരനായിരുന്ന ഇദ്ദേഹം വേള്‍ഡ് ഓട്ടമോട്ടീവ് സെര്‍വീസസ് എന്ന കമ്പനിയുടെ ഉടമസ്ഥനാണ്. അലീസ്സയ്ക്കു രണ്ടു വയസ്സുള്ളപ്പോള്‍ രഘുനാഥനും ഭാര്യയും വേര്‍പിരിഞ്ഞു. പിന്നീടങ്ങോട്ട് അച്ഛനായിരുന്നു അലീസ്സയുടെ എല്ലാം. അച്ഛനാണ് തന്റെ സംഗീതവാസനയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്നും അച്ഛന് അഭിമാനമാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഒരിക്കല്‍ അലീസ്സ പറഞ്ഞിട്ടുണ്ട്. ലോക പ്രശസ്ത ഷോയുടെ അവസാനഘട്ടത്തിലെത്തിയതോടെ അലീസ്സയ്ക്ക് ആരാധകരേറിയിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള കടമ്പകള്‍ എളുപ്പമല്ലെങ്കിലും ഇതിനോടകം തന്നെ ആളുകളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കാനായതില്‍ അലീസ്സയ്ക്ക് അഭിമാനിക്കാം.

ബെയ്ജിങ്: ഹൃദ്രോഗിയായ നാല് വയസുകാരനെ കാലുവെച്ച് വീഴ്ത്തി ഗര്‍ഭിണിയുടെ പ്രതികാരം. കുട്ടിയെ കാലുവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വികൃതിക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് ഈ പ്രവൃത്തി ചെയ്തതെന്ന് യുവതി വിശദീകരിച്ചു. ചൈനയിലാണ് സംഭവം. ഗര്‍ഭിണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.

ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഹോട്ടലിലെ പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ഇവര്‍ ഇരുന്നിരുന്നത്. നാല് വയസുകാരന്‍ ഹോട്ടലിലേക്ക് പ്രവേശിക്കുന്ന സമയത്ത് കവാടത്തിലുണ്ടായിരുന്ന കര്‍ട്ടണ്‍ ഗര്‍ഭിണിയുടെ ദേഹത്ത് തട്ടിയതാണ് ഇവരെ പ്രകോപിതരാക്കിയത്. കുട്ടി തിരികെ പോകുമ്പോള്‍ ഇവര്‍ മനപൂര്‍വം കാലുവെച്ച് വീഴ്ത്തി. കുട്ടി കവാടത്തിനു പുറത്തേക്ക് തെറിച്ചു വീണു. മൂക്കിന് നിസാര പരിക്കേറ്റിട്ടുണ്ട്.

ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടി പിന്നീടാണ് മാതാപിതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വന്‍ തുക പിഴയും 10 ദിവസം തടവിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഗര്‍ഭിണിയുടെ ക്രൂരത കുട്ടിയുടെ മാതാപിതാക്കള്‍ ക്ഷമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്

വീഡിയോ കാണാം.

ലോകമൊട്ടാകെയുള്ളവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഫേസ്ബുക്ക് മാറിയിരിക്കുകയാണല്ലോ. ഇതിന് പകരംവെക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ഇനിയുണ്ടാകാനിടയുണ്ടോ എന്ന ചോദ്യങ്ങളും സജീവമായി ഉയരുന്നു. ഫേസ്ബുക്കിനൊപ്പം നില്‍ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് സിലിക്കണ്‍ വാലി നിക്ഷേപകനായ ജെയ്‌സണ്‍ കാലാകാനിസ്. ഊബര്‍ ഉള്‍പ്പെടെയുള്ള ഹൈപ്രൊഫൈല്‍ കമ്പനികളുടെ ആദ്യകാല നിക്ഷേപകനാണ് ഇദ്ദേഹം. സമൂഹത്തിന് ഗുണകരമായ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഒരു മത്സരത്തിനും അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്.

ഉപഭോക്താക്കളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ഫേസ്ബുക്കിനെ വെല്ലുവിളിക്കാന്‍ കഴിയുന്ന, ഒരു ബില്യനിലേറെ ഉപയോക്താക്കളെ സമ്പാദിക്കാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനായി 1,00,000 ഡോളര്‍ വീതം ഏഴ് സംഘങ്ങള്‍ക്കായി നല്‍കാനാണ് കാലാകാനിസ് ലക്ഷ്യമിടുന്നത്. രാജ്യങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തില്‍ വ്യാജ വിവരങ്ങള്‍ പടര്‍ത്തി ജനാധിപത്യത്തെ തകര്‍ക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരമാകുന്ന പ്ലാറ്റ്‌ഫോമിന് നിക്ഷേപം നടത്തുകയാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റിലെ കമ്യൂണിറ്റി, സോഷ്യല്‍ പ്രോഡക്ടുകളുടെ നിര ആരംഭിക്കുന്നത് എഒഎല്‍ മുതലാണ്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളൊന്നും തന്നെ ഗവണ്‍മെന്റുകളാല്‍ അടച്ചുപൂട്ടപ്പെട്ടവയല്ല. കൂടുതല്‍ മെച്ചപ്പെട്ട പ്ലാറ്റ്‌ഫോമുകള്‍ അവയ്ക്ക് പകരം നിലവില്‍ വരികയായിരുന്നു. ഫേസ്ബുക്കിനെ ഈ വിധത്തില്‍ പിന്തള്ളാനുള്ള പരിശ്രമങ്ങള്‍ നമുക്ക് ആരംഭിക്കാമെന്നാണ് കാല്‍കാനിസ് പറയുന്നത്.

ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍. 2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ രേഖപ്പെടുത്തിയ മൂല്യവര്‍ദ്ധനവിനേക്കാള്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്‍ മൂല്യം മാര്‍ച്ചിനു ശേഷം ആദ്യമായി 9000 ഡോളറിനു മുകളിലെത്തിയിരുന്നു. കഴിഞ്ഞുപോയ വാരങ്ങളില്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റുകള്‍ നേട്ടം കൊയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധര്‍ ഈ സൂചന നല്‍കുന്നത്. ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നതു മൂലം മൂല്യവര്‍ദ്ധനവിനുള്ള സാധ്യത ഏറെയാണെന്ന് അറ്റ്‌ലസ് ക്വാണ്ടം എന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ സിഇഒ ആയ റോഡ്രിഗോ മാര്‍ക്വെസ് പറയുന്നു.

ലോകത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് കൂടുതല്‍ ആവശ്യക്കാരുണ്ടായി വരികയാണെന്ന് ക്രിപ്‌റ്റോസ്ലേറ്റ് വ്യക്തമാക്കുന്നു. ബൈ ഓര്‍ഡറുകളാണ് മാര്‍ക്കറ്റ് ആക്ടിവിറ്റിയില്‍ 92 ശതമാനവും. 2017 മാര്‍ച്ചിനു ശേഷം ആദ്യമായാണ് ഇത്രയും വളര്‍ച്ച രേഖപ്പെടുത്തുന്നത്. ആ സമയത്ത് വെറും 1000 ഡോളര്‍ മാത്രം മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ വര്‍ഷാവസാനത്തോടെ 20,000 ഡോളര്‍ മൂല്യത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ വാങ്ങല്‍ ഓര്‍ഡറുകളുടെ തള്ളിക്കയറ്റമാണ് ഇപ്പോളുള്ളത്. ഇത് മൂല്യവര്‍ദ്ധനവിലേക്ക് നയിക്കുമെന്ന് ക്രിപ്‌റ്റോസ്ലേറ്റ് വ്യക്തമാക്കുന്നു.

2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും 2018 തുടക്കത്തോടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നു. ഇതോടെ ഒരു ക്രിപ്‌റ്റോകറന്‍സി റെഗുലേഷന്‍ നടപ്പിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കുറച്ചു മാസങ്ങള്‍ക്കിടെ 10,000 ഡോളറോളം മൂല്യമിടിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഈ സാധ്യത പ്രവചിക്കപ്പെട്ടത്.

നോര്‍ത്ത് കൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നോര്‍ത്ത്-വെസ്റ്റ് ഗിലിജു മേഖലയില്‍ നിന്നും 43 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് ഹംഗ്യോംഗില്‍ ശക്തമായ ഭൂചനം ഉണ്ടായി. ഭൂചനം 2.3 ശക്തിയുള്ളതായിരുന്നുവെന്ന് കൊറിയ മെറ്റീരിയോളജിസ്റ്റ് അഡിമിനിസ്‌ട്രേഷന്‍ അറിയിച്ചു. രാജ്യത്തിന്റെ പ്രധാന ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യേ-റിയുവിന് അടുത്ത പ്രദേശത്താണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു ശേഷം രാജ്യം കണ്ട വലിയ അപകടകങ്ങളിലൊന്നിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുന്‍ഗ്യേ-റിയില്‍ നോര്‍ത്ത് കൊറിയ സാക്ഷ്യം വഹിച്ചിരുന്നു.

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭൂഗര്‍ഭ ന്യൂക്ലിയര്‍ പരീക്ഷണ ശാല തകര്‍ന്ന് വീണ് 200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ 100പേരിലധികം സാധാരണ തൊഴിലാളികളായിരുന്നു. നിരന്തരമായ ഹൈഡ്രജന്‍ ബോംബുകളുടെ പരീക്ഷണവും ആണവായുധങ്ങളുടെ പരീക്ഷണവും ഈ പ്രദേശത്തെ ദുര്‍ബലമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുന്‍ഗ്യേ-റി മലനിരകളുടെ ആകൃതി തന്നെ ഇത്തരം പരീക്ഷണങ്ങള്‍ മൂലം മാറാന്‍ സാധ്യതയുണ്ട്. ഭൂചനങ്ങളും മറ്റു പ്രകൃതി ദുരന്തങ്ങളും ഈ പ്രദേശത്ത് സര്‍വ്വ സാധാരണമായി മാറിയേക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ശക്തിയേറിയ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ പ്രധാനിയാണ് നോര്‍ത്ത് കൊറിയ.

കിം ജോങ് ഉന്നിന്റെ ഭരണകൂടം നടത്തുന്ന നിരന്തര പരീക്ഷണങ്ങളുടെ പ്രത്യാഘാതമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായികൊണ്ടിരിക്കുന്ന പരിസ്ഥിതി ദുരന്തങ്ങള്‍. വരും നാളുകളില്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയില്‍ തന്നെ മാറ്റം വരാനും ആണവ വികിരണങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് എത്താനുമുള്ള സാധ്യതകളുണ്ട്. ശക്തിയേറിയ സ്‌ഫോടനങ്ങള്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സ്ട്രാറ്റോസ്ഫിയറിലേക്ക് പടരാന്‍ കാരണമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫിയറിക് ഫിസിക്‌സ് അസോസിയേറ്റിലെ ഗവേഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു. പുന്‍ഗ്യേ-റിയിലെ ആണവ പരീക്ഷണ കേന്ദ്രം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനാണ് സാധ്യത.

യു.എ.ഇ യാത്രാവിമാനത്തിന് വീണ്ടും മാര്‍ഗതടസം സൃഷ്ടിച്ച് ഖത്തര്‍ യുദ്ധവിമാനം. ഞായറാഴ്ച ബഹ്‌റൈന് മുകളില്‍ വച്ചാണ് സംഭവം.

86 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തെയാണ് ഖത്തരി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നും ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവമെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് കൂട്ടിയിടി ഒഴിവാക്കിയതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ഖത്തരി യുദ്ധവിമാനങ്ങള്‍ യു.എ.ഇ യാത്രാവിമാനത്തിന്റെ 700 അടിയില്‍ താഴെ അടുത്ത് വരെയെത്തി. കൂട്ടിയിടിക്ക് സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു. യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന അപകടകരമായ, സുരക്ഷിതമല്ലാത്ത സമീപനമാണ് ഇതെന്നും അതോറിറ്റിയെ ഉദ്ധരിച്ചുകൊണ്ട് വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെതിരെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുമെന്നും യു.എ.ഇ വ്യക്തമാക്കി.

കിഴക്കന്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്ക് പറക്കുകയായിരുന്നു എയര്‍ബസ് A320 വിമാനമെന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി ബി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെയും ഖത്തരി വിമാനങ്ങള്‍ യു.എ.ഇ യാത്രവിമാനങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജനുവരി 15 ന് രണ്ട് യു.എ.ഇ. വിമാനങ്ങള്‍ക്ക് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ബൈബിളിന് നിരവധി പകര്‍ത്തെഴുത്തുകള്‍ ഉണ്ടായിട്ടുണ്ട്. ലെതര്‍ മുതല്‍ പേപ്പര്‍ വരെ മാധ്യമമായി തയ്യാറാക്കപ്പെട്ടിട്ടുള്ളവയും വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്നവ വരെയുണ്ട്. എന്നാല്‍ ലോകത്തെ 52 ഭാഷകളില്‍ കയ്യെഴുത്തിലൂടെ തയ്യാറാക്കപ്പെട്ട ബൈബിള്‍ ഒരു അപൂര്‍വതയാണ്. ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചിലാണ് ഈ ബൈബിള്‍ കയ്യെഴുത്ത്പ്രതിയുള്ളത്. പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2017 ഏപ്രിലിലാണ് ഇത് സ്ഥാപിച്ചത്. 2016 നവംബറിലാണ് പാരീഷ് മീറ്റിംഗില്‍ ചിലര്‍ ഈ ആശയം അവതരിപ്പിച്ചതെന്ന് പള്ളി വികാരി ഫാ. ലെന്നി ജെഎ കോണൂലി ഓര്‍ക്കുന്നു.

വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയായിരുന്നു ഇത്. ജനങ്ങളെ ഇക്കാര്യം ഞങ്ങള്‍ അറിയിച്ചു. 52 ഭാഷകള്‍ സംസാരിക്കുന്നവര്‍ മുന്നോട്ടു വന്നു. 52 ഭാഷകളിലുള്ള ബൈബിളുകള്‍ ശേഖരിക്കുകയായിരുന്നു അടുത്ത ജോലിയെന്നും വികാരി പറഞ്ഞു. മൂന്ന് ലക്ഷത്തിലേറെ ഇടവകാംഗങ്ങളുള്ള പള്ളിയാണ് ഇതെന്ന് സംഘാടകരിലൊരാളായ മാത്യു തോമസ് പറയുന്നു. വിവിധ ദേശീയതകളുള്ള ആയിരക്കണക്കിനാളുകളാണ് ഇതിനായി മുന്നോട്ടു വന്നത്. നല്ല കയ്യക്ഷരമുള്ള എഴുത്തുകാരെ തെരഞ്ഞെടുക്കലായിരുന്നു അടുത്ത ജോലി.

2017 മാര്‍ച്ച് 31ന് 2000 ഇടവകാംഗങ്ങളെ ഇതിനായി തെരഞ്ഞെടുത്തു. ഊദ് മേതയിലുള്ള സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളില്‍ എല്ലാവരും ഒത്തുചേര്‍ന്ന് എഴുത്താരംഭിച്ചു. ഓരോ ഭാഷാ വിഭാഗത്തിന്റെയും പ്രാതിനിധ്യത്തിനനുസരിച്ച് എഴുതാനുള്ള ഭാഗങ്ങളും അനുവദിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ എഴുത്ത് പൂര്‍ത്തിയായെന്ന് മാത്യു തോമസ് പറഞ്ഞു. വിവിധ ഭാഷകളിലുള്ള ഭാഗങ്ങള്‍ കൃത്യമായി ചേര്‍ത്തു വെക്കുകയെന്ന കനത്ത ജോലിയായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി ഒരു മാസമെടുത്തു. 22 കിലോ ഭാരമുള്ള പുസ്തകം ബൈന്‍ഡ് ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ലെന്നും മാത്യു ഓര്‍മിക്കുന്നു. പിന്നീട് പോപ്പ് ഫ്രാന്‍സിസിന്റെ ആശീര്‍വാദത്തിന് ഇത് അയക്കുകയും ചെയ്തു. ബൈബിള്‍ എഴുതിയ ഭാഷകള്‍ പുസ്തകത്തിന്റെ സ്‌പൈനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മരിച്ചവരുടെ ഓര്‍മ്മകള്‍ പുനരാവിഷ്‌കരിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം. മരണത്തിനു ശേഷവും ഓര്‍മകള്‍ പുനസൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞന്‍മാരാണ് അവകാശപ്പെടുന്നത്. കുറ്റാന്വേഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഇടവരുത്തുന്ന കണ്ടുപിടിത്തമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. കൊലപാതകത്തിന് ഇരയായവരുടെ മസ്തിഷ്‌കത്തില്‍ പതിഞ്ഞ കാര്യങ്ങള്‍ അവലോകനം ചെയ്ത് കുറ്റവാളികളെ കണ്ടെത്താന്‍ ഈ സങ്കേതം വികസിക്കുന്നതോടെ സാധിക്കും. ബ്ലാക്ക് മിറര്‍ എന്ന സയന്‍സ് ഫിക്ഷന്‍ ഷോയില്‍ കുറ്റവാളികളെന്ന് കരുതുന്നവരുടെ ഓര്‍മ്മകള്‍ അന്വേഷകര്‍ വായിക്കുകയും അവ പുനരവതരിപ്പിക്കുകയും ചെയ്യുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. അതിന് സമാനമായ സങ്കേതമാണ് ഇത്.

വളരെ ആകര്‍ഷകമായ ഒരു കണ്ടെത്തലാണ് ഇതെന്നായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ക്ലീ വാര്‍ബേര്‍ട്ടന്‍ ന്യൂ സയന്റിസ്റ്റ് മാസികയോട് പറഞ്ഞത്. മരണത്തിന് മിനിറ്റുകള്‍ക്ക് ശേഷം പ്രോട്ടീനുകള്‍ അഴുകാന്‍ തുടങ്ങുമെന്നതിനാല്‍ അന്വേഷണം വളരെ വേഗത്തില്‍ത്തന്നെ ആരംഭിക്കണംമെന്ന് വാര്‍ബേര്‍ട്ടന്‍ പറഞ്ഞു. മികച്ചൊരു ഫോറന്‍സിക് വിദഗ്ദ്ധന് നല്‍കാന്‍ കഴിയുന്നതിലും ഏറെയൊന്നും ഇതില്‍ നിന്ന് പ്രതീക്ഷിക്കാനികില്ലെന്നും ഡോ.വാര്‍ബേര്‍ട്ടന്‍ വ്യക്തമാക്കി. ജെറുസലേമിലെ ഹീബ്രൂ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍.

തലച്ചോറില്‍ ഓര്‍മകള്‍ സൂക്ഷിക്കപ്പെടുന്നത് എപ്രകാരമാണെന്ന അന്വേഷണത്തിലായിരുന്നു ഇവര്‍. ജനിതകമായി നിയന്ത്രിക്കപ്പെടുന്ന പുതിയ പ്രോട്ടീനുകളാണ് ഈ ഡേറ്റാ സ്‌റ്റോറേജ് വ്യവസ്ഥയെന്നാണ് വ്യക്തമായത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വ്യത്യസ്ഥമായ അനുഭവങ്ങള്‍ ജനികത പ്രവര്‍ത്തനങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് കണ്ടെത്തി. എലികള്‍ക്ക് രോഗങ്ങള്‍ ഉണ്ടാക്കിയും വൈദ്യുഘാതം ഏല്‍പ്പിച്ചും കൊക്കെയിന്‍ നല്‍കിയും മറ്റുമായിരുന്നു പരീക്ഷണങ്ങള്‍. പിന്നീട് ഇവയെ ദയാവധം നടത്തി തലച്ചോറില്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ജീനുകളുടെ പ്രതികരണങ്ങള്‍ ഇതിലൂടെ രേഖപ്പെടുത്താനായി. ഇത്തരം പ്രതികരണങ്ങളുടെ സ്‌പെസിമെനുകള്‍ ഉണ്ടാക്കി ഓര്‍മകള്‍ ഡീകോഡ് ചെയ്യാനാകുമെന്നാണ് വിശദീകരണം.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചൈന എയിഡ് ഫൗണ്ടര്‍ ബോബ് ഫു. ക്രീസ്തീയ ദേവാലയങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് പ്രസിഡന്റ് ഷി ചിന്‍പിങ് കരുതുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയില്‍വെച്ച് ഹെറിറ്റെയിജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബോബ് ഫു. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം മുന്‍പും മതങ്ങളോടുള്ള സമീപനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും ഗുരുതരമായി ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ചിന്‍പിങിന്റെ ഭരണം നിലനിര്‍ത്തുന്നതിന് ക്രീസ്തീയ ദേവലായങ്ങള്‍ ഭീഷണിയുണ്ടാക്കുമെന്നാണഅ അദ്ദേഹം കണക്കാക്കുന്നതെന്ന് ഫു പറഞ്ഞു.

ചൈനയില്‍ വിവിധ കാരണങ്ങള്‍കൊണ്ട് തടവറയില്‍ അടക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 12 മാസത്തിനിടയില്‍ പോലീസ് പിടിയിലായവരുടെ കണക്കുകള്‍ അസ്വാഭാവികമാണെന്ന് ബോബ് ഫു വ്യക്തമാക്കുന്നു. 2016ല്‍ 48,000 ക്രിസ്ത്യാനികളായിരുന്നു ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 223,000 ലേക്ക് എത്തിച്ചേര്‍ന്നു. പ്രസ്തുത കണക്കുകള്‍ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറയുന്നു. ക്രിസ്തു മത വിശ്വാസികളെ തടവറയിലാക്കുന്നതും വിചാരണ ചെയ്യുന്നതും മതത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേ ചെയ്യുകയുള്ളു. അടിച്ചമര്‍ത്തലുകളോട് അത്തരത്തിലാണ് ജനം പ്രതികരിക്കുകയെന്നും ബോബ് പറഞ്ഞു.

സര്‍ക്കാര്‍ തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ബോബ് ഫു ചൂണ്ടികാണിക്കുന്നു. ക്രിസ്തീയ വിശ്വാസികളോട് പ്രത്യേകമായി ഒരു ശത്രുത മനോഭാവം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ‘അണ്ടര്‍ ഗ്രൗണ്ട് ചര്‍ച്ചുകള്‍’ രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബെയ്ജിംഗിലെ ഒരു പള്ളിയില്‍ ഫെയിസ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിച്ചിരുന്നു. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരം സെക്യൂരിറ്റി സിസ്റ്റം സ്ഥാപിക്കുന്നത്. ഫെയിസ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം എല്ലാ ചര്‍ച്ചുകളിലും സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മതത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുയാണ് ചെയ്യുകയെന്ന് ബോബ് കൂട്ടിച്ചേര്‍ത്തു.

Copyright © . All rights reserved