ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
രാജ്യത്തിലെ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട് പ്രകാരം ചാര കുറ്റം ആരോപിച്ച് 10 വർഷത്തെ കഠിനതടവിന് വിധിക്കപ്പെട്ട ബ്രിട്ടീഷ് ഓസ്ട്രേലിയൻ അക്കാദമിക് ആയ കൈലി മൂർ ഗിൽബർട്ടിനെ വിദേശത്ത് കുടുങ്ങിക്കിടന്ന 3 ഇറാനിയൻ പൗരൻമാർക്ക് പകരമായി വിട്ടയച്ചു. ചാര കുറ്റം ആരോപിക്കപ്പെട്ട ഉടനെതന്നെ, കൈലി അത് നിഷേധിക്കുകയും, തന്റെ നിരപരാധിത്വം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തലസ്ഥാനത്തിന് 90 കിലോമീറ്റർ അടുത്തുള്ള കോം എന്ന നഗരത്തിൽ അക്കാദമിക് കോൺഫറൻസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൈലിയെ 2018 സെപ്റ്റംബറിൽ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഉടൻ തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിനും, അന്തേവാസികളുടെ എണ്ണക്കൂടുതലിനും കുപ്രസിദ്ധമായ കിഴക്കൻ തെഹ്രനിലെ ക്വിർചക് ജയിലിലേക്ക് മാറ്റിയിരുന്നു. പത്തുവർഷം കഠിനതടവാണ് തനിക്ക് വിധിച്ചിരിക്കുന്നത് എന്ന് അറിഞ്ഞ സമയം മുതൽ കൈലി നിരന്തരമായ നിരാഹാര സമരവും ഏകാന്തവാസവും ചെയ്ത് പ്രതിഷേധിച്ചിരുന്നു.
ചാരനിറത്തിലുള്ള ഹിജാബ് ധരിച്ച്, താടിക്കു താഴെ നീല നിറത്തിലുള്ള ഫെയ്സ് മാസ്കുമായി ടെഹ്റാനിലെ എയർപോർട്ടിലെ മീറ്റിംഗ് റൂം എന്ന് തോന്നിക്കുന്ന ഒരു മുറിയിൽ ഇരിക്കുന്ന കൈലിയുടെ വീഡിയോ ആണ് ഇറാനിയൻ ടെലിവിഷൻ സംപ്രേഷണം ചെയ്തത്. കൈലിക്കൊപ്പം തോളുകളിൽ ഇറാനിയൻ പതാക പതിപ്പിച്ച യൂണിഫോം ധരിച്ച മൂന്നുപേരെയും കാണാം. അവർ എക്കണോമിക് ആക്ടിവിസ്റ്റുകൾ ആണെന്നും ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ അബ്ബാസ് അറാച്ചിയുമായി മീറ്റിംഗിൽ പങ്കെടുത്തിരുന്നെന്നുമാണ് പുറത്തുവിട്ടിരിക്കുന്ന വിവരം.
ഇതിനു മുൻപ് സമാനമായ കേസിൽ അറസ്റ്റിലായിരുന്ന നസാനിൻ സഗാരി റാഡ്ക്ലിഫിന്റെ ഭർത്താവായ റിച്ചാർഡ് വാർത്ത അറിഞ്ഞതിനെ തുടർന്ന് പ്രതികരിച്ചത് ഇങ്ങനെ, “തീർച്ചയായും ഇരുളടഞ്ഞ തുരങ്ക ത്തിന്റെ ഒടുവിൽ വെളിച്ചമുണ്ട്” ഇതൊരു സുഖമുള്ള ഞെട്ടലായിരുന്നു. ഞാൻ ഇത് നസാനിനോട് പങ്കുവെച്ചപ്പോൾ അവൾക്ക് വളരെ സന്തോഷമായി. ഇങ്ങനെയുള്ള കാര്യങ്ങളിൽ അടുത്ത തന്റെ ഊഴം ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം സുഖമുണ്ട്. മോചിക്കപ്പെടാൻ കാത്തു നിൽക്കുന്നവരുടെ ക്യൂവിലാണ് ഞങ്ങൾ ഉള്ളത് എന്ന് പറയാൻ കഴിയില്ല. ഓരോന്നിനും അതിന്റെതായ സമയമുണ്ട് എന്നു പറയുന്നത് ശരിയാണ്. ഒരു ചെറിയ അനക്കങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൈലിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വാർത്തയാണിത്, പക്ഷേ ഞങ്ങൾക്ക് ഈ വാർത്ത നൽകുന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ”. റാഡ്ക്ലിഫ് കൂട്ടിച്ചേർത്തു. മുൻപ് അറസ്റ്റിലായിരുന്ന സഗാരി റാഡ്ക്ലിഫിനെ മാർച്ചിൽ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് താൽക്കാലികമായി വിട്ടയയ്ക്കുകയായിരുന്നു.
ഡോക്ടർ മൂറിന്റെ മോചന വാർത്ത അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണെന്നും, മറ്റു തടവുകാരെ കൂടി വിടുവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനിയൻ അധികൃതരെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും യുകെ ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
സ്വന്തം ലേഖകൻ
മാർപാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മോഡലിൻെറ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തതിനെക്കുറിച്ച് വത്തിക്കാൻ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തൻറെ ഫോട്ടോയ്ക്ക് മാർപാപ്പയുടെ ലൈക്ക് ദൃശ്യമായതിനെ തുടർന്ന് താൻ സ്വർഗ്ഗത്തിൽ പോകുന്നു എന്ന് ബ്രസീലിയൻ മോഡൽ നതാലിയ ഗാരിബോട്ടോ തമാശരൂപേണ പ്രതികരിച്ചതിനുശേഷമാണ് സംഭവം ചർച്ചയായത്.
സംഭവത്തിൽ മാർപാപ്പയ്ക്ക് പങ്കില്ലെന്ന് വത്തിക്കാൻ വക്താവ് പറഞ്ഞു. മാർപാപ്പയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൻെറ ഉത്തരവാദിത്വം നല്കപ്പെട്ടിരിക്കുന്നത് ഒരു കമ്മ്യൂണിക്കേഷൻ ടീമിനാണ്.
മാർപാപ്പയുടെ അക്കൗണ്ടിൽനിന്ന് ലൈക്ക് ചെയ്തിരിക്കുന്ന ഫോട്ടോയിൽ മോഡൽ നതാലിയ ഗാരിബോട്ടോ അല്പ വസ്ത്രധാരിയായി ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം പ്രസ്തുത ഫോട്ടോ അൺലൈക്ക് ചെയ്തതായി കാത്തോലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രസ്തുത സംഭവത്തിന് ശേഷം നതാലിയ ഗാരിബോട്ടോയുടെ മാനേജ്മെൻറ് കമ്പനിക്ക് വൻ പ്രചാരമാണ് ലഭിച്ചത്. പോപ്പിൽ നിന്ന് ആശീർവാദം ലഭിച്ചു എന്നാണ് ചിത്രം വീണ്ടും പങ്കു വച്ചതിനു ശേഷം കമ്പനി അടിക്കുറിപ്പ് നൽകിയത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
തൻറെ പ്രിയപ്പെട്ട മകൾക്കുവേണ്ടി ഒരുപക്ഷേ ലോകത്തെ ആരും ഇതുവരെ ചെയ്യാത്ത പുണ്യ പ്രവർത്തിയാണ് ഈ അമ്മ ചെയ്തിരിക്കുന്നത്. അമ്പത്തിയൊന്നാം വയസ്സിൽ അവർ തൻെറ മകളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിച്ചു.
ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് സംഭവം. 29 കാരിയായ ബ്രിയാന ലോക്ക് വുഡും 28കാരനായ ഭർത്താവ് ആരോണും സുന്ദര സ്വപ്നങ്ങളുമായാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചത്. കുട്ടികളെ കുറിച്ചും കുടുംബത്തെക്കുറിച്ചും രണ്ടുപേരും പങ്കിട്ട സ്വപ്നങ്ങളിൽ കരിനിഴൽ വീഴുന്നത് അവൾ അറിഞ്ഞു. രണ്ടു പ്രാവശ്യവും ഗർഭധാരണം നടന്നിട്ടും പരാജയമായിരുന്നു ഫലം.
അങ്ങനെയിരിക്കെയാണ് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം വാടക ഗർഭപാത്രത്തെ കുറിച്ച് അവളും ഭർത്താവും ചിന്തിക്കാൻ തുടങ്ങിയത്. തൻറെ മകൾക്കും മരുമകനും വേണ്ടി വാടകഗർഭപാത്രം ആകാനുള്ള മഹത്തായ ദൗത്യം ബ്രിയാനയുടെ അമ്മ ജൂലി ഏറ്റെടുത്തു. 19 മാരത്തോണുകളിലും ധാരാളം ട്രയാത്ത്ലോണുകളിലും പങ്കെടുത്തിട്ടുള്ള ജൂലിക്ക് തൻെറ ആരോഗ്യത്തെക്കുറിച്ച് തികച്ചും ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിലുപരി തൻറെ മകൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ലഭിക്കണമെന്നും തനിക്ക് ഒരു മുത്തശ്ശി ആകണമെന്നും അവർ അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി ഏത് ത്യാഗവും സഹിക്കാൻ അവർ തയ്യാറായിരുന്നു.
അങ്ങനെ നവംബർ ഇരുപത്തിയൊന്നാം തീയതി ബ്രിയാനയുടെ അമ്മ ജൂലി ഒരു പെൺകുട്ടിയ്ക്ക് – ബ്രിയാർ ജൂലിയറ്റ് ലോക്ക് വുഡിന് – തൻറെ സ്വന്തം പേരകുട്ടിക്ക് ജന്മം നൽകി. ഇന്ന് അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു . “സ്വർഗത്തിലെ സന്തോഷം ഭൂമിയിൽ കൊണ്ടുവരാനായി എൻറെ അമ്മ ഒത്തിരി ത്യാഗം ചെയ്തു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു” . ഇൻസ്റ്റഗ്രാമിലൂടെ ബ്രിയാന ലോകത്തോട് പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഫലപ്രദവും സുരക്ഷിതവുമായുള്ള വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ്. ഓസ്ട്രേലിയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻെറ ഫലപ്രാപ്തിയെ കുറിച്ചുള്ള ശുഭ സൂചനകൾ പുറത്തുവന്നു. ഫൈസറിൻെറ കോവിഡ് വാക്സിൻ 90 ശതമാനം ആളുകളിലും ഫലപ്രദമാണെന്നുള്ള വാർത്തകൾ കഴിഞ്ഞ തിങ്കളാഴ്ച ലോകമെങ്ങും വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് വികസിപ്പിച്ച വാക്സിൻ പ്രായമായവരിലും ഗർഭിണികളിലും ഫൈസറിൻെറ വാക്സിനുകളെക്കാളും കൂടുതൽ ഫലപ്രദമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.
പ്രതീക്ഷിച്ചതിലും നേരത്തെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിൻ വിജയകരമാണെന്ന് പ്രഖ്യാപിച്ചത് ഓസ്ട്രേലിയൻ ഹെൽത്ത് മിനിസ്റ്റർ ഗ്രെഗ് ഹണ്ട് ആണ്. കൊറോണ വൈറസിനെതിരെ പോസിറ്റീവ് ആൻറിബോഡി ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ വിജയം കണ്ടു എന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം തന്നെ സാധ്യമായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. 10 മില്യൺ ഡോസ് ഫൈസർ വാക്സിനായും ഓസ്ട്രേലിയ കരാർ ഉറപ്പിച്ചിട്ടുണ്ട്.
ഇതിനിടെ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 9 ദിനങ്ങൾ പിന്നിട്ടിട്ടും കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ കുതിപ്പ് തുടരുകയാണ്. ഇന്നലെ മാത്രം യുകെയിൽ 33470 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇന്നലത്തേത്. ഇത് കൂടി ഉൾപ്പെടുത്തി രാജ്യത്താകമാനം ഇതുവരെ 1.29 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന് കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും കോവിഡ് -19 പ്രോട്ടോകോൾ പാലിക്കണമെന്നും ആരോഗ്യ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ച യൂറോപ്പിൽ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 പിന്നിട്ട രാജ്യമായി ബ്രിട്ടൻ മാറിയിരുന്നു. ഇന്ത്യ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നിവയാണ് മരണസംഖ്യ 50,000 കടന്ന മറ്റ് രാജ്യങ്ങൾ.
അയർലണ്ടിലെ കൗണ്ടി ക്ലെയര്‍ കില്‍റഷി നോര്‍ത്തിൽ താമസിക്കുന്ന പറവൂര്‍ സ്വദേശി പുറത്തേക്കാട്ട് പി ജെ വര്‍ഗീസിന്റെ ഭാര്യ മെറീനാ വര്‍ഗീസ് (45 വയസ്സ്) നിര്യാതയായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന മെറീനാ ഇന്നലെ (10/11/2020) വൈകിട്ടാണ് ലീമറിക്ക് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായത്.
ലീമെറിക്ക് മേഖലയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്ന മെറീനാ കില്‍റഷ് കമ്യൂണിറ്റി നഴ്സിംഗ് ഹോമില്‍ നഴ്സായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. എല്ലാവരോടും, സന്തോഷത്തോടെ, നിറ ചിരിയോടെ മാത്രം ഇടപെട്ടിരുന്ന മെറീനയുടെ മരണവാര്‍ത്ത ലീമെറിക്ക് മലയാളികൾക്ക് വേദനയായി.
ആലുവാ ചെങ്ങമനാട്ട് പൊയ്ക്കാട്ടുശ്ശേരി വടക്കന്‍ കുടുംബാംഗമായ മെറീന അയര്‍ലണ്ടിലെ ആദ്യകാല പ്രവാസിമലയാളികളിൽ പെടുന്നു.
മൂന്നു മക്കൾ : ജെഫിന്, ജെനീറ്റ, ജെറമിയ
മെറീനായുടെ ഭൗതീക ശരീരം ഇന്ന് (ബുധന്‍ ) മൂന്നു മണിയ്ക്ക് കില്‍റഷിലെ ഭവനത്തില്‍ എത്തിക്കും. അതിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരേതയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകള്‍ നാളെ (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്നുള്ള ശ്രുശ്രുഷകൾ കില്‍റഷിലെ ദേവാലയത്തില്‍ നടക്കുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വൽ ആയി കഴിഞ്ഞ ആഴ്ച്ച നടന്ന മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ മത്സരത്തില്‍ പങ്കെടുത്ത 27 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മരിയ തട്ടില്‍ (26) ഓസ്ട്രേലിയന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. വിശ്വസൗന്ദര്യ മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്സ് ഓസ്ട്രേലിയയെ തെരഞ്ഞെടുക്കുന്നത്.
മലയാളി-ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 കാരിയായ മരിയ തട്ടില്‍. മെല്‍ബണ്‍ സ്വദേശികളാണ് മരിയ തട്ടിലും കുടുംബവും. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ വംശജ ഓസ്ട്രേലിയന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ.
1990കളില്‍ കേരളത്തില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛന് ടോണി തട്ടില്‍. അച്ഛന്റെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോളും കേരളത്തില്‍ തന്നെയാണ് ഉള്ളത്. കുട്ടിക്കാലത്ത് കേരളത്തിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെന്നും മരിയ പറഞ്ഞു.
[ot-video][/ot-video]
കൊല്‍ക്കത്തയില്‍ നിന്നാണ് മരിയയുടെ അമ്മയുടെ കുടുംബം കുടിയേറിയത്. മെല്‍ബണില്‍ ജനിച്ചുവളര്‍ന്ന മരിയ, മോഡലും, മേക്ക് അപ് ആര്‍ട്ടിസ്റ്റും, ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്. മനശാസ്ത്രത്തില്‍ ബിരുദവും, മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള മരിയ, ഹ്യൂമന്‍ റിസോഴ്സസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
മെല്‍ബണിലാണ് ജനിച്ചതെങ്കിലും, പൂര്‍ണമായും ഇന്ത്യന്‍ അന്തരീക്ഷത്തിലാണ് വളര്‍ന്നതെന്ന് മരിയ തട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൂര്‍ണമായും ഒരു ഓസ്ട്രേലിയക്കാരിയായി സ്വയം വിലയിരുത്തുമ്പോഴും, ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നയാളാണ് മരിയ.
https://www.instagram.com/p/CHBnH0ThfH5/?utm_source=ig_embed
പാരീസ്: ഫ്രാൻസിൽ ഇന്നലെ ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണമുണ്ടായി.
ഫ്രാൻസിലെ നീസിൽ മൂന്ന് പേരെ കൊന്നൊടുക്കിയത് അതിക്രൂരമായി. ഒരു സ്ത്രീയെ അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോൾ മറ്റ് രണ്ടുപേരെ കുത്തിക്കൊല്ലുകയായിരുന്നു. നോത്രദാം ബസലിക്ക പള്ളിയുടെ സമീപത്തും അകത്തുംവെച്ചാണ് കത്തിയാക്രമണം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് നീസ് മേയർ ക്രിസ്ത്യൻ എസ്ത്രോസി പറഞ്ഞു. ഫ്രാൻസിലെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട പുരുഷന് ശരീരമാസകലം കുത്തേറ്റിരുന്നു. പള്ളിക്ക് അകത്തുവെച്ച് കുത്തേറ്റ മറ്റൊരു സ്ത്രീ പുറത്തേക്ക് ഓടിയെങ്കിലും തൊട്ടടുത്ത കഫേയിൽവെച്ച് മരിച്ചുവീണെന്നും സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു.
അക്രമിയെ പോലീസ് വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്. ഇയാൾ കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവനോടെ കസ്റ്റഡിയിലുണ്ടെന്നും മേയർ അറിയിച്ചു. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചാൽ ഭീകരാക്രമണത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്രമം നടന്നയുടൻ നഗരത്തിലെ സുരക്ഷ സംവിധാനം ഉപയോഗിച്ച് ദൃക്സാക്ഷികൾ അപായസൂചന നൽകിയിരുന്നു. ഇതോടെ പോലീസ് നഗരം വളഞ്ഞു. ആളുകളുടെ ബഹളം കേട്ടാണ് താൻ പുറത്തേക്ക് നോക്കിയതെന്ന് പള്ളിയുടെ സമീപത്ത് താമസിക്കുന്ന ക്ലോ എന്നയാൾ ബി.ബി.സിയോട് പറഞ്ഞു. ‘ജനലിലൂടെ നോക്കിയപ്പോൾ നിരവധിപേരെ അവിടെ കണ്ടു. ഒട്ടേറെ പോലീസുകാരുമുണ്ടായിരുന്നു. പിന്നെ വെടിയൊച്ചകളും’- ക്ലോ വിശദീകരിച്ചു. അക്രമണം നടന്നതിന് പിന്നാലെ ആളുകൾ കൂട്ടത്തോടെ കരയുന്ന കാഴ്ചയാണ് തെരുവിൽ കണ്ടതെന്ന് വിദ്യാർഥിയായ ടോം വാനിയർ പ്രതികരിച്ചു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം.
നാല് വർഷം മുമ്പും സമാനമായരംഗങ്ങൾക്ക് നീസ് സാക്ഷ്യംവഹിച്ചിരുന്നു. 2016 ജൂലായ് 14-ന് നടന്ന ഭീകരാക്രമണത്തിൽ 86 പേരാണ് കൊല്ലപ്പെട്ടത്.ട്യൂണീഷ്യൻ പൗരൻ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയാണ് അന്ന് ആക്രമണം നടത്തിയത്.
സ്വന്തം ലേഖകൻ
മുൻപേതന്നെ ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിൽ കടുത്ത നിയമങ്ങൾ നിലനിന്നിരുന്ന പോളണ്ടിൽ ഇനിമുതൽ ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടെന്ന് ഉറപ്പായാൽ പോലും അബോർഷൻ നടത്താനാവില്ലെന്ന് കോടതിവിധി. യൂറോപ്പിലെ തന്നെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഏറ്റവും കടുപ്പമുള്ള രാജ്യമായിരുന്നു പോളണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ റേപ്പ് കേസുകളിലും, അമ്മയുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉണ്ടെങ്കിലും മാത്രമേ ഇനി അബോർഷൻ സാധ്യമാവൂ.
രാജ്യത്തെ വലത് ഗ്രൂപ്പുകൾ നിലനിൽക്കുന്ന നിയമത്തെ കൂടുതൽ കർശനമാക്കരുത് എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. യൂറോപ്പിലെ മനുഷ്യാവകാശ നിയമങ്ങളുടെ കമ്മീഷണർ ഇതിനെ ” സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലെയുള്ള മോശം ദിവസം എന്നാണ് അഭിപ്രായപ്പെട്ടത്.
ലീഗൽ അബോർഷനുകളിലെ വ്യവസ്ഥകളിൽ ഉണ്ടായ മാറ്റം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ ഉണ്ടായ കടന്നുകയറ്റമാണെന്ന് ദുഞ്ച മിജറ്റോവിക് ട്വിറ്ററിൽ കുറിച്ചു. ലോക്ക് ഡൗണിന് ഇടയിലും പ്രതിഷേധം പുകയുകയാണ്.
പോളണ്ടിൽ നടക്കുന്ന ഗർഭച്ഛിദ്രങ്ങളുടെ ഏറിയപങ്കും ഗർഭസ്ഥശിശുവിന് ഉള്ള വൈകല്യങ്ങളോ മാരകരോഗങ്ങളോ മൂലമാണ്, പുതിയ നിയമം വരുന്നതോടെ ഇത്തരം അബോർഷനുള്ള നിയമ സാധുത ഇല്ലാതാവും. പോളണ്ട് ഒരു കാത്തലിക് രാഷ്ട്രം ആണെങ്കിലും, വർഷങ്ങളായി ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേ കൂടുതൽ കഠിനമായ ഒരു നിയമം വരുന്നതിനെ എതിർത്തിരുന്നു. ബിഷപ്പുമാരും കത്തോലിക്കസഭകളും ഗവൺമെന്റിന്റെ മേൽ സമ്മർദ്ദം ചെലുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയിട്ടുണ്ട്. 2016 ൽ നടന്ന പ്രതിഷേധത്തിൽ മാത്രം 1, 00,00 സ്ത്രീകൾ പങ്കെടുത്തിരുന്നു. ഇത്രയും വിവാദപരമായ ഒരു പ്രശ്നത്തിന് തീരുമാനമെടുക്കാൻ ഭരിക്കുന്ന പാർട്ടി കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് ഒരു പ്രദേശത്ത് പത്ത് പേരിൽ കൂടുതൽ കൂടി നിൽക്കാൻ പാടില്ല എന്നതിനാൽ പ്രതിഷേധക്കാർക്ക് പുതിയ വഴികൾ തേടേണ്ടി വരും.കഴിഞ്ഞ വർഷം മാത്രം പോളണ്ടിൽ ആയിരത്തോളം ഗർഭഛിദ്രങ്ങൾ നടന്നിരുന്നു. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന പോളണ്ടുകാർ 80000 മുതൽ 120,000 ഗർഭചിദ്രം നടത്തിയതായി കാണാം.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്ന കാര്യം ഇതാണ് ” ഈ നിയമം സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നു, അവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. വൈകല്യമുള്ള, ചാപിള്ള ആയി പിറക്കാൻ സാധ്യത കൂടുതലുള്ള ഗർഭം ചുമന്ന് ജീവിക്കേണ്ടിവരുന്നതും സ്വന്തം ജീവൻ പണയപ്പെടുത്തി പ്രസവിക്കേണ്ടി വരുന്നതും സ്ത്രീകൾക്കു മേലുള്ള നീതിനിഷേധമാണ്.
മനുഷ്യാവകാശ ഗ്രൂപ്പുകളും, ആംനെസ്റ്റി ഇന്റർനാഷണൽ,സെന്റർ ഫോർ റീപ്രൊഡക്ടീവ് റൈറ്റ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് പോലെയുള്ള സന്നദ്ധ സംഘടനകളും അവരുടേതായ രീതിയിൽ കോടതിയെ സമീപിക്കുമെന്നും വിഷയത്തെ എതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യുകെ ഉൾപ്പെടെ നിരവധി വികസിത രാജ്യങ്ങളിലേക്കാണ് മലയാളി നഴ്സുമാർ കുടിയേറിയിരിക്കുന്നത്. ലോകമെങ്ങും നഴ്സിങ് മേഖലയിലുള്ള വമ്പിച്ച സാധ്യതകൾ തന്നെയാണ് ഈ കുടിയേറ്റത്തിന് പിന്നിൽ. എന്നാൽ മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ള ഒരു പോരായ്മ അവർ കരിയർ രംഗത്തെ ഉയർച്ചകൾ തേടി പോകാറില്ല എന്നുള്ളതാണ്.
യുകെ പോലുള്ള രാജ്യങ്ങളിൽ മലയാളി നഴ്സുമാർ ബാൻഡ് ഫൈവ് വിൽ ജോലി ആരംഭിക്കുകയും, വിരമിക്കുകയും ചെയ്യുന്നത് ഒരേ ഗ്രേഡിൽ തന്നെയാണെന്നത് വലിയ പോരായ്മ തന്നെയാണ്. ഇത്തരത്തിലുള്ളവർക്ക് പ്രചോദനമാണ് അമേരിക്കയിൽനിന്നുള്ള ജെയ്ൻസ് ആൻഡ്രേഡിന്റെ കഥ.
താൻ തൂപ്പുകാരി ആയി ജോലി ആരംഭിച്ച ഹോസ്പിറ്റലിൽ തന്നെ നേഴ്സിംഗ് പ്രാക്ടീഷണർ ആയിട്ടാണ് പത്തുവർഷംകൊണ്ട് ജെയ്ൻസ് എത്തിച്ചേർന്നത്. നഴ്സിംഗ് പ്രാക്ടീഷണർക്ക് രോഗികൾക്ക് പ്രിസ്ക്രിപ്ഷൻ വരെ നൽകാൻ ആയിട്ട് സാധിക്കും. ഡോക്ടർമാർക്ക് അടുത്തു തന്നെയുള്ള ശമ്പള സ്കെയിലിലാണ് നഴ്സിംഗ് പ്രാക്ടീഷണറും ജോലി ചെയ്യുന്നത്.ന്യൂയോർക്കിലെ ബഫാലോ സ്വദേശിയാണ് ജെയ്ൻസ്. നിശ്ചയദാർഡ്യവും കഴിവുകളിൽ വിശ്വാസവുമുണ്ടെങ്കിൽ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന് ജെയ്ൻസ് പറയുന്നു.
ഫാസ്റ്റ്ഫുഡ് ഭക്ഷണശാലയിൽ ജോലി ചെയ്യുന്നതിനിടെയാണ് 2010 ൽ ജെയ്ൻസിനെ തേടി ജീവിതം മാറ്റി മറിച്ച ആ വിളി എത്തുന്നത്. അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ജെയ്ൻസ് മസാറ്റ്ച്യൂസെറ്റ്സിലെ ബേ സ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ കസ്റ്റോഡിയൽ സ്റ്റാഫായി ചേർന്നു. സ്വന്തം ജോലി ചെയ്യുന്നതിനൊപ്പം ജെയ്ന്‍സ് നഴ്സുമാരെയും അവർ രോഗികളെ പരിചരിക്കുന്ന രീതിയും ശ്രദ്ധിച്ചു. നഴ്സാവുകയെന്ന ആഗ്രഹം ജെയ്ൻസിന്റെ ഉള്ളിൽ വളർന്നു. തുടർന്ന് അതേ ആശുപത്രിയിലെ നഴ്സിങ് സ്കൂളിൽ പഠിക്കാൻ ചേർന്നു. ഇന്ന് ആശുപത്രിയിൽ ട്രോമാ സർജറി വിഭാഗത്തിൽ നഴ്സാണ് ജെയ്ൻസ്.
പത്തുവർഷത്തെ കഠിനാധ്വാനമാണിതെന്ന് പറഞ്ഞ് ആദ്യ ജോലിയുടെ ഐഡി കാർഡ് മുതൽ നഴ്സിന്റെ കാർഡ് വരെ വച്ച ചിത്രം ജെയ്ൻസ് പങ്കുവച്ചു. പ്രചോദനം പകരുന്ന ജീവിതമാണ് ജെയ്ൻസിന്റേതെന്ന് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു. കോവിഡ് കാലത്ത് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് മടുത്തിരിക്കുമ്പോൾ മുന്നോട്ട് പോകാനുള്ള ഊർജം പകരുന്നതാണ് ജെയ്ൻസിന്റെ ജീവിതമെന്ന് സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നു.
സ്വന്തം ലേഖകൻ
സോളമൻ ദ്വീപിൽ രണ്ടാംലോകമഹായുദ്ധകാലത്ത് കുഴിച്ചിട്ട ഇപ്പോഴും പൊട്ടാതെ കിടക്കുന്ന ബോംബുകൾ കണ്ടെത്തി അടയാളപ്പെടുത്തുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പസഫിക് ദ്വീപിന്റെ തലസ്ഥാനമായ ഹൊണെരിയയിലെ ജനവാസ പ്രദേശമായ താഷേ ഏരിയയിലാണ് സംഭവം നടന്നത് എന്ന് റോയൽ സോളമൻ ഐലൻഡ് പോലീസ് ഫോഴ്സ് അറിയിച്ചു. നോർവീജിയൻ പീപ്പിൾസ് എയ് ഡ് (എൻ പി എ ) എന്ന സർക്കാരിതര സംഘടന, തങ്ങളുടെ ജീവനക്കാരായ സ്റ്റീഫൻ ലൂക്ക് ആക്കിൻസൺ എന്ന ബ്രിട്ടീഷ് പൗരനും, ട്രെന്റ് ലീ എന്ന ഓസ്ട്രേലിയൻ പൗരനുമാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ” ഇതൊരു വലിയ ദുരന്തമാണ്, കനത്ത പ്രഹരശേഷിയുള്ള ആഘാതമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്” എന്ന് എൻ പി എ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ടവരുടെ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമൊപ്പമാണ് തങ്ങൾ, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ബാക്കിപത്രമായ പൊട്ടാത്ത ബോംബുകളെ കുറിച്ച് സോളമൻ ഐലൻഡ് പോലീസ് ഫോഴ് സിനൊപ്പംപഠനം നടത്തുകയും മാപ്പിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന ടീമിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവർ.
പസഫിക്കിലെ ഏറ്റവും പ്രധാനപ്പെട്ട മിലിറ്ററി ക്യാമ്പെയിൻ മേഖലയായിരുന്നു സോളമൻ ദ്വീപ്. അവിടെ ഇപ്പോഴും പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകളാണ് അവശേഷിക്കുന്നത്. അവയെ കണ്ടെത്തി നിർവീര്യമാക്കുക എന്നത് അതിസാഹസികമായ കർത്തവ്യമാണ്. ഹോണിയാറയിലെ നാഷണൽ റഫറൽ ഹോസ് പിറ്റലിൽ രണ്ടു വിദേശികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. 19 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എൻ പി എ സോളമൻ ദ്വീപിലെ പ്രവർത്തനം അന്വേഷണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്.
” മികച്ച രണ്ടു സഹപ്രവർത്തകരെ ആണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്, അവരുടെ കുടുബങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം ഈ തീരാ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുകയാണ്” എൻപിഎ ജനറൽ സെക്രട്ടറി കില്ലി വെസ്ത്രിൻ പറഞ്ഞു.
എന്നാൽ ബോംബ് ഡിസ്പോസൽ യൂണിറ്റ് ഓഫീസർമാർ, എൻ പി എ യുടെ താമസസ്ഥലത്താണ് ബോംബ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും, ഇരുവരും അൺ എക്സ്പ്ലോഡഡ് ഓർഡനൻസ് വർക്ക് ചെയ്യുകയായിരുന്നു എന്ന് വേണം കരുതാൻ.പൊതുവെ പൊട്ടിത്തെറിക്കാത്ത ബോംബുകളെ പറ്റിയുള്ള പഠനം താമസസ്ഥലങ്ങളിൽ നടത്താറില്ല. അതിനാൽ സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണ്ടിവന്നേക്കും.
1942 ൽ യൂ എസ് മറൈനേഴ്സ് ജപ്പാനെ ആക്രമിച്ചു കീഴടക്കിയതാണ് രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാന വിജയം ആയി കണക്കാക്കുന്നത്. പസഫിക്കിലെ പ്രധാനപ്പെട്ട യുദ്ധ മേഖലയായിരുന്നു ഈ ദ്വീപ്. സിറ്റിയിലെ നിർമ്മാണ മേഖലകളിലും, കൃഷിയിടങ്ങളിലും പവിഴപ്പുറ്റുകളിലും കുട്ടികളുടെ കളി സ്ഥലത്തും തുടങ്ങി വളരെയേറെ സ്ഥലങ്ങളിൽ പൊട്ടാത്ത ബോംബുകൾ ഇപ്പോഴും കണ്ടെടുക്കാറുണ്ട്.