Videsham

ലാഹോറില്‍ നിന്ന് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു. 90 യാത്രക്കാരുമായി പോയ പിഐഎ A 320 വിമാനമാണ് കറാച്ചിയിലെ ജിന്നാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുന്നതിന് മുമ്പ് തകര്‍ന്നുവീണത്. ജിന്ന എയർപോർട്ടിന് സമീപമുള്ള മോഡൽ കോളനി എന്ന റസിഡൻഷ്യൽ ഏരിയയിലാണ് വിമാനം തകർന്നുവീണത് എന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് പുറമെ എട്ട് കാബിൻ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ലാൻഡിംഗിന് മിനുട്ടുകൾ മാത്രം ശേഷിക്കെയാണ് അപകടം. 99 യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരമെന്ന് കൃത്യമായ കണക്ക് ലഭ്യമല്ലെന്നും പാകിസ്താൻ ഏവിയേഷൻ അതോറിറ്റി വക്താവ് അബ്ദുൾ സത്താർ ഖോക്കർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

അപകടസ്ഥലത്ത് നിന്ന് വലിയ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. പാകിസ്താന്‍ ആര്‍മിയുടെ ക്വിക്ക് റിയാക്ഷന്‍ ഫോഴ്‌സും സിന്ധ് പാകിസ്താന്‍ റേഞ്ചേഴ്‌സും കറാച്ച് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയതായി ഐഎസ്പിആര്‍ (ഇന്റര്‍ സര്‍വീസസ് പബ്ലിക്ക് റിലേഷന്‍സ്) പ്രസ്താവന ഉദ്ധരിച്ച് ഡോണ്‍ പറയുന്നു. ആരോഗ്യ മന്ത്രി, കറാച്ചിയിലെ എല്ലാ ഹോസ്പിറ്റലുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗില്‍ജിത്ത് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യവേ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ പിഐഎ വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. 2016 ഡിസംബര്‍ ഏഴിന് 48 യാത്രക്കാരുമായി ചിത്താലില്‍ നിന്ന് ഇസ്ലാമബാദിലേയ്ക്ക് പോയ വിമാനം തകര്‍ന്ന് യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ എല്ലാവരും മരിച്ചിരുന്നു.

ഡബ്ലിന്‍: കൊറോണയുടെ പിടിൽ വീണ് വീണുടഞ്ഞ ജീവിതങ്ങളുടെ പല കഥകളും നമ്മൾ അനുദിനം കാണുകയും കെർക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊറോണ വൈറസ് ബാധിച്ചു പിതാവ് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ ഫിലിപ്പിനോ കുടുംബത്തിലെ കുട്ടികള്‍ളെ അയര്‍ലണ്ടിലെ പൊതുസമൂഹം ഏറ്റെടുത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഫിലിപ്പീന്‍സില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെ നേസിലേയ്ക്ക് കുടിയേറിയ മിഗുവല്‍ പ്ലാങ്ക (55), കഴിഞ്ഞയാഴ്ചയാണ് വൈറസ് ബാധിച്ച് മരിച്ചത്.  നാൽപത്തിയൊന്ന് ദിവസം കൊറോണയുമായി പോരടിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ഏകദേശം ഇരുപത് വർഷത്തോളമായി ബേർഡ്‌സ് ഐ (Birds Eye Ireland Limited, Nass, Kildare, Ireland) പാക്കേജിങ് കമ്പനിയിൽ ജോലി നോക്കി വരവെയാണ് കോറോണയിൽ മിഗുവല്‍ പ്ലാങ്കക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഇതോടെ മക്കളായ സ്‌റ്റെഫനി, മൈക്കി, മൈക്കല്‍, ജോണ്‍, ചെക്കി എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരായി. ചുരുങ്ങിയ വരുമാനത്തിനിടയിലും ഫിലിപ്പിയൻസിലുള്ള തന്റെ ബന്ധുക്കളെ സഹായിച്ചിരുന്നതായും മക്കൾ വെളിപ്പെടുത്തുന്നു. ശാന്തനും ഉദാരശീലനുമായ ഒരു വ്യക്തിയെന്നാണ് അയർലണ്ടിലെ ഫിലിപ്പൈൻസ് എംബസി ഇതുമായി പറഞ്ഞത്, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടീനേജുകാരിയായ മൂത്ത പെൺകുട്ടി ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി… പപ്പാ നീ നന്നായി യുദ്ധം ചെയ്‌തു… എല്ലാത്തിനും നന്ദിയുണ്ട്… പപ്പയില്ലാത്ത ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ശൂന്യത… സ്നേഹത്തോടെ

നഴ്‌സ്‌ ആയിരുന്ന കുട്ടികളുടെ ‘അമ്മ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു.

മിഗുവേലിന്റെ മരണത്തോടെ അനാഥരായ കുട്ടികള്‍, ഇപ്പോള്‍ അവരുടെ അമ്മായി ഫെലിയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലും സഹായത്തിലുമാണ് ജീവിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും, കില്‍ഡെയറിലെ ഫിലിപ്പിനോ കമ്മ്യൂണിറ്റിയിലെ രണ്ട് അംഗങ്ങളും ചേര്‍ന്നാണ് ‘ഗോ ഫണ്ട് ‘ വഴി അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികള്‍ക്കായി ധനസമാഹരണം ആരംഭിച്ചത്.

വെറും 5,000 യൂറോ (ഏകദേശം Rs.4 ലക്ഷം) മാത്രമായിരുന്നു പ്രാരംഭ ഫണ്ടിംഗ് ലക്ഷ്യം. എന്നാൽ ഐറിഷ് ജനതയുടെ ഉദാരമായ സംഭാവനകള്‍ വഴി ഇതിനകം 2,45,815 യൂറോ (Rs.2 കോടി) ആണ് കുട്ടികള്‍ക്കായി ലഭിച്ചിരിക്കുന്നത്‌. ഇപ്പോഴും ഒരുപാടു പേർ സഹായം നൽകികൊണ്ടിരിക്കുന്നു.

നിങ്ങൾക്കും സഹായിക്കാം.

https://www.gofundme.com/f/kuya-miguel-plangca039s-funds-for-his-treasures

പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി. ട്വിറ്ററിലൂടെയാണ് സലാ ഖഷോഗി തന്റെ പിതാവിനെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് അറിയിച്ചത്.

‘രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്കുകയും ചെയ്തിരിക്കുന്നു’ ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചു. സൗദി അറേബ്യയിലാണ് സലാ താമസിക്കുന്നത്.

വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സൗദി രാജകുടുംബത്തിന്റെ വിമര്‍ശകനായിരുന്നു കൊല്ലപ്പെട്ട ജമാല്‍ ഖഷോഗി.

കേസില്‍ കുറ്റാരോപിതരായ 11 പേരില്‍ അഞ്ച് പേര്‍ക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വര്‍ഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിസംബറില്‍ അറിയിക്കുകയുണ്ടായി.

കുറ്റാരോപിതര്‍ക്കെതിരെ നേരത്തെ സലാ ഖഷോഗി രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള സലായുടെ പുതിയ ട്വീറ്റ് ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്.

സുതാര്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് വസ്ത്രത്തിനടിയിൽ അടിവസ്ത്രം മാത്രം ധരിച്ച് ജോലിക്കെത്തിയ നഴ്സിനെതിരെ അച്ചടക്ക നടപടി എടുത്ത് ഹോസ്പിറ്റൽ അധികൃതർ. റഷ്യയിലാണ് ടുല ഹോസ്പിറ്റലിലാണ് സംഭവം. അകം കാണാവുന്ന വിധത്തിലുള്ള പി പി ഇ ഗൌണിനടിയിൽ അടിവസ്ത്രം മാത്രം ധരിച്ച് ജോലി ചെയ്തതിനാണ് നഴ്സിന് അധികൃതർ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്കിയിരിക്കുന്നത്. മിക്കവാറും ഇവരുടെ ജോലി നഷ്ടമാകുമെന്നാണ് സൂചന. ആരോപണ വിധേയയായ നഴ്സ് ഈ രീതിയിൽ ജോലി ചെയ്യുന്ന ചിത്രം വൈറൽ ആയതോടെയാണ് അധികൃതർ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മിക്കവാറും നഴ്സിന്റെ ജോലി പോയേക്കുമെന്നാണ് സൂചന. റഷ്യൻ പത്രമായ പ്രവ്ദയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ നഴ്സിന് പിന്തുണയുമായാണ് സഹപ്രവർത്തകരും രോഗികളും മുന്നോട്ട് വന്നിട്ടുള്ളത്. ആവശ്യമായ രീതിയിലുള്ള പി പി ഇ യും വസ്ത്രങ്ങളും നല്കാതിരുന്ന ആശുപത്രി അധികൃതരാണ് തെറ്റുകാർ എന്നാണ് സഹപ്രവർത്തകരുടെ  വാദം. സുതാര്യമായ പി പി ഇ ഗൌൺ നല്കിയ ആശുപത്രി അധികൃതർ ഇതിനടിയിൽ ധരിക്കാനുള്ളത് കൂടി നൽകേണ്ടിയിരുന്നു എന്നാണ് ഇവർ പറയുന്നത്. അതേ സമയം ഈ നഴ്സ് നല്കിയ സേവനത്തിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തീരുമാനം തെറ്റാണ് എന്നും രോഗികളും അഭിപ്രായപ്പെട്ടു.

 

 

ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിക്കാൻ ഇടയായ സാഹചര്യം വളരെ നിർഭാഗ്യകരമാണ്. മെയ് ഏഴാം (07/05/2020) തിയതിയാണ് അബിന്‍ സന്തോഷ് പരക്കനാല്‍ (21) എന്ന യുവാവ് കാനഡയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

പഠനത്തിലും സ്പോർട്സിലും എല്ലാം മുൻപന്തിയിൽ നിൽക്കുന്ന ഒരു ഊർജ്ജസ്വലമായ യുവാവായിരുന്നു അബിൻ. വാട്ടർസ്‌പോർട്സ്, സ്കൈ ഡൈവിംഗ് എന്ന് തുടങ്ങി എല്ലാത്തിലും ഒരു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന ഒരു യുവാവ്.

പ്ലസ് ടു കഴിഞ്ഞു നല്ലൊരു ഉപരിപഠനം എന്ന് മനസ്സിൽ കരുതിയാണ് കാനഡയിലേക്കുള്ള കുടിയേറ്റം. പഠനത്തിൽ ഒരു കുറവും നൽകിയില്ല എന്ന് മാത്രമല്ല തന്റെ ജന്മവാസനകളെയും ഇഷ്ടങ്ങളെയും അബിൻ എന്നും കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തിരുന്നു.

വാട്ടർസ്‌പോർട്സ് എന്നത് അബിന് വളരെ ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. എപ്പോഴും നല്ലൊരു സുഹൃത്‌വലയം സൂക്ഷിച്ചിരുന്നു അബിൻ, ഏഴാം തിയതി കൂട്ടുകാരുമൊത്തു ബോട്ടിങ്ങിന് ഇറങ്ങുകയായിരുന്നു. നമുക്കറിയാവുന്നതുപോലെ കാനഡയിൽ തീവ്രമായ തണുപ്പാണ്, വെള്ളത്തിന്റെ കാര്യം പറയേണ്ടതുമില്ല. അബിനും കൂട്ടുകാരും തണുപ്പിനെ ചെറുക്കാനുള്ള എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും കരുതിയാണ്   ബോട്ടിങ്ങിന് ഇറങ്ങിയത്. അവർ ഉപയോഗിച്ചിരുന്നത് കാറ്റ് നിറച്ച ബബിൾ ബോട്ട് വിഭാഗത്തിൽപ്പെടുന്നവയായിരുന്നു.

ഇത്തരം സെന്ററുകളിൽ എത്തുന്നവർ ഇലക്ട്രിക്ക് മോട്ടോർ ഉപയോഗിച്ച് കാറ്റ് നിറച്ചാണ് ഇത് ഉപയോഗിക്കുന്നത്. എന്നത്തേയുംപോലെ അബിനും കൂട്ടുകാരും ബോട്ടിങ് കഴിഞ്ഞു തിരിച്ചുകയറുകയും ചെയ്‌തു. എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുപോകാൻ ഉള്ള തയ്യാറെടുപ്പിൽ എല്ലാവരും തണുപ്പിനെ ചെറുക്കുന്ന വാട്ടർസ്‌പോർട്സ് സുരക്ഷാ വസ്ത്രങ്ങൾ ഇതിനകം മാറുകയും ചെയ്‌തിരുന്നു. പെട്ടെന്നാണ് അബിന്റെ മൊബൈലും പേഴ്‌സും ബോട്ടിലാണ് എന്ന തിരിച്ചറിവ് ഉണ്ടായത്. ഈ സമയം ഒരു കാറ്റ് ഉണ്ടാവുകയും ബോട്ട് അൽപം മുൻപോട്ട് നീങ്ങാനും തുടങ്ങിയപ്പോൾ അബിൻ അതിലേക്കു പെട്ടെന്ന് കയറാൻ ശ്രമിക്കുകയും ബാലൻസ് തെറ്റി ബോട്ടിനൊപ്പം ആഴമുള്ള കൊടും തണുപ്പുള്ള വെള്ളത്തിലേക്ക് അബിൻ വീഴുകയും ആയിരുന്നു.

കൊടും തണുപ്പുള്ള വെള്ളത്തിൽ കയ്യ്കാലുകൾ ചലിപ്പിക്കുക അസാദ്യമാണ്. ഇത് കണ്ട കൂട്ടുകാർ പെട്ടെന്ന് പിടിച്ചു നില്ക്കാൻ പലതും ഇട്ടുകൊടുത്തെങ്കിലും അതിലൊന്നും എത്തിപ്പിടിക്കാൻ അബിന് സാധിച്ചില്ല. ഈ സമയം അടുത്തുതന്നെയുണ്ടായിരുന്ന ഫിഷർമാനെ വിളിച്ചുവരുത്തുകയും രക്ഷാപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്‌തു.

അറിയിച്ചതിനെത്തുടന്ന് എമർജൻസി സെർവീസും, ഫയർ സെർവീസും ഉടനടി എത്തി. അധികം താമസിക്കാതെ മുങ്ങിപ്പോയ അബിനെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. വെന്റിലേറ്ററിൽ ആയിരുന്ന അബിന് പാതിരാത്രിയോടെ കാർഡിയാക് അറസ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കാനഡയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിരുദ പഠനം പൂർത്തിയാക്കി കിങ്സ്റ്റണില്‍ പ്ലെയിസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടമരണം സംഭവിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ബാരിയില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് അബിൻ താമസം മാറിയത്. ടോറോറ്റോയിൽ നിന്നും ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിങ്സ്റ്റൺ.

മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു കൂട്ടുകാരും ഒപ്പം മലയാളി സംഘടനയും ചേർന്ന്. വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകനാണ് പരേതനായ എബിന്‍ സന്തോഷ്. മാതാവ് ഷൈനി സന്തോഷ് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വണ്ണപ്പുറം) തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍- ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍, ജയ്‌റാണി പബ്ലിക് സ്‌കൂള്‍, കാളിയാര്‍, തൊടുപുഴ)

കുവൈറ്റ്: മലയാളി നേഴ്‌സ് കുവൈറ്റില്‍ നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിന്‍സ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയിലെ കോവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു പരേതനായ പ്രിൻസ്. നേരത്തെ ഇതേ ആശുപത്രിയില്‍ വാര്‍ഡ് 5 ആയിരുന്നു ജോലി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശവസംസ്ക്കാര സംബന്ധമായ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.

പ്രിൻസിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുക്കളെ അറിയിച്ചുകൊള്ളുന്നു.

ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. അബിന്‍ സന്തോഷ് പരക്കനാല്‍ (21 ) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. കാനഡയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിരുദ പഠനം പൂർത്തിയാക്കി പ്ലെയിസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

കിങ്സ്റ്റണില്‍ തന്റെ മറ്റ് സുഹൃത്തുക്കളോടൊപ്പം നടത്തിയ വഞ്ചിയാത്രയ്ക്കിടെ ആണ് അപകടം ഉണ്ടായത്. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമല്ലെങ്കിലും ഫ്രീസിങ് ലെവലിൽ ഉള്ള വെള്ളത്തിൽ വീഴുകയും തുടർന്ന് നീന്തി രക്ഷപെടാനുള്ള ശ്രമിത്തിനിടയിൽ ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്‌തു എന്നാണ് കരുതുന്നത്.  തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ ആക്കിയെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. അപകടത്തെപ്പറ്റിയുള്ള പൊലീസ് അന്വോഷണം നടന്നുകൊണ്ടിരിക്കുന്നു എന്നാണ് അറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയുവാൻ സാധിക്കുക.

നാട്ടിൽ നിന്ന് പ്ലസ് ടു വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ ശേഷം ബാരിയിലെ ജോര്‍ജിയന്‍ കോളേജില്‍ ഉന്നത പഠനം അബിൻ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഏഴ് മാസമായി  അദ്ദേഹം കിംഗ്സ്റ്റണില്‍ പ്ലേസ്‌മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടവും തുടർന്ന് മരണംവും സംഭവിക്കുന്നത്. മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ മലയാളി സംഘടനകൾ ശ്രമിക്കുന്നുണ്ട് എങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് ഇപ്പോൾ സാധ്യമാകുമോ എന്ന് ഉറപ്പില്ല.

കിംഗ്സ്റ്റണില്‍ ആണ് അപകടം ഉണ്ടായത്. അടുത്തിടെയാണ് ബാരിയില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് അബിൻ താമസം മാറിയത്. ടോറോണ്ടോയിൽ നിന്നുംഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിങ്സ്റ്റൺ. അബിന്റെ അപകടമരണ വാർത്തയറിഞ്ഞു കുടുംബാംഗങ്ങളും കൂട്ടുകാരും സഹപ്രവർത്തകരും ഞെട്ടലിൽ ആണ് ഉള്ളത്.

വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകനാണ് പരേതനായ എബിന്‍ സന്തോഷ്. മാതാവ് ഷൈനി സന്തോഷ് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വണ്ണപ്പുറം) തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍- ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍, ജയ്‌റാണി പബ്ലിക് സ്‌കൂള്‍, കാളിയാര്‍, തൊടുപുഴ)

കൊറോണ ബാധിച്ചു മരിക്കുന്നവരുടെ വാർത്തകൾ തുടർച്ചയായി വരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരിയായ വീട്ടമ്മയുടെ മരണവാര്‍ത്ത കുവൈത്തിൽ നിന്നും എത്തുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ തെക്കനായില്‍ സുമിയാണ് (37) കുവൈറ്റില്‍ വിടപറഞ്ഞിരിക്കുന്നത്. ഈ മരണ വാര്‍ത്ത ഏതൊരാളുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ്‌. നമുക്ക് ഇത് വാർത്ത മാത്രമെങ്കിൽ, ഈ മരണം രണ്ട് കുട്ടികൾക്ക് ഒരമ്മയുടെ തീരാനഷ്ടമാണ്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുമിയുടെ മരണം എന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളാണുള്ളത്. കുട്ടികളെ പഠിപ്പിക്കാൻ അവർക്ക് നല്ലൊരു വഴി കാണിച്ചു കൊടുക്കാൻ വേണ്ടി ആറു മാസം മുന്‍പാണ് കുവൈറ്റില്‍ ഇവര്‍ ഹോം നഴ്‌സ് ജോലിയ്ക്കായി എത്തിയത്. കോട്ടയം പാറാമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനിയാണ് പരേതയായ സുമി.

വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഇവര്‍ക്കു ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്നു ഇവരെ മുബാറക്ക് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയിഎങ്കിലും മരണത്തെ തടയാനായില്ല എന്നാണ് ഇതുമായി ലഭിക്കുന്ന വിവരം.

 

പിറന്ന മണ്ണിൽ ഒരു മേൽക്കൂര ഒരുക്കുവാൻ… കുടുംബത്തിലെ എല്ലാവരെയും കൈപിടിച്ചു ഉയർത്തുവാൻ.. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഒരു താങ്ങാവാൻ… ഭാരിച്ച ഉത്തരവാദിത്വങ്ങളും പേറി ഇറങ്ങി പുറപ്പെട്ടവരാണ് മലയാളികളിൽ കൂടുതലും. അങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായി ആഫ്രിക്കയിലെ ഘാനയില്‍ എത്തി അകാലത്തില്‍ വിടപറഞ്ഞ ഫറോക്കുകാരന്‍ ബാലുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഭാര്യ നീതുവിനെയും ഏക മകള്‍ രുദ്രലക്ഷ്മിയെയും ഘാനയില്‍ തനിച്ചാക്കി ബാലു മണ്ണോടു ചേര്‍ന്നു. കൊറോണ വൈറസ് വ്യാപനം നിമിത്തം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അവിടെത്തന്നെ സംസ്‌കരിച്ചത്. വ്യാഴാഴ്ച ( 30/04/2020) ഘാനയിലെ OSU ഫ്യൂണറൽ സെന്ററിൽ വച്ചാണ് സംസ്‌കാരം നടന്നത്.

ലോകത്തിനെ പല രാജ്യങ്ങളിലും ഉള്ള പവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര പോലെ ഈ അമ്മയുടെയും കുഞ്ഞിന്റെയും നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നീതുവും മകളും ഘാനയില്‍ തന്നെ തുടരുകയാണ്. സമ്പൂര്‍ണ പിന്തുണയുമായി ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ ( GIMA ) പ്രവര്‍ത്തകര്‍ ഒപ്പമുള്ളതാണ് ഏക ധൈര്യം.

ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് നീതു വീണുപോയിട്ട് ദിവസങ്ങളായി. ഘാനയിലെത്തുമ്പോള്‍ കൈകോര്‍ത്തുപിടിച്ചിരുന്ന പ്രിയതമന്‍ ഇപ്പോഴില്ല. അരികില്‍ ആറുവയസ്സുകാരി മകള്‍ രുദ്രലക്ഷ്മി ഒന്നും അറിയാതെ നില്‍ക്കുന്നു. നാട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ നീതുവിന്റെ അച്ഛനുമമ്മയും.  ബാലു (40) ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. മലയാളികള്‍ അധികമില്ലാത്ത ഘാനയില്‍ ഓട്ടമൊബീല്‍ വര്‍ക്‌ഷോപ്പ് നടത്തുകയായിരുന്നു ബാലു. ആറുമാസം മുന്‍പാണ് നീതു ബാലുവിന്റെ അടുത്തേക്ക് എത്തുന്നത്. ഒരുമിച്ച് ജീവിതം തുടങ്ങി അധിക നാളുകളാവും മുന്‍പേ ബാലു മരണത്തിന് കീഴടങ്ങി.

ഭര്‍ത്താവിന്റെ മരണവും കോവിഡ് ഭീതിയും ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിലാണ് നീതുവും മകളും. അപരിചിതമായ നാട്ടില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണു നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു. പലപ്പോഴും നീതു നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നു… പ്രിയതമന്റെ മരണത്തെ ഉൾക്കൊള്ളുവാൻ ഇതുവരെ നീതുവിന് സാധിച്ചിട്ടില്ല … എന്താണ് പറയുന്നത് എന്നുപോലും പലപ്പോഴും തിരിച്ചറിയുന്നില്ല.. കേൾക്കുന്നവരുടെ ഹൃദയം തകരുന്ന അവസ്ഥ. അച്ഛനെന്താണ് സംഭവിച്ചതെന്ന് മകള്‍ രുദ്രാലക്ഷ്മിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ സങ്കടത്തിന്റെ കാരണവുമറിയില്ല.

നീതുവിനെയും മകളെയും അക്രയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ താമസസ്ഥലത്തിന് അടുത്തുള്ള ആശുപത്രികള്‍ എല്ലാം നിറഞ്ഞു കവിഞ്ഞതുകൊണ്ട് ബാലുവിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സ്ഥലം പോലും നീതുവിനു കിട്ടിയിരുന്നില്ല. ഒടുവില്‍ ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ (GIMA) പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് 40 കിലോമീറ്റര്‍ അകലെയാണു മൃതദേഹം സൂക്ഷിച്ചത്.

കോഴിക്കോട് ഫറോക്ക് അടുത്തുള്ള നല്ലൂര്‍ ആണ് ബാലുവിന്റെ വീട്. അവസാനമായി മകനെ ഒരു നോക്ക് കാണാന്‍ പോലുമാവാത്ത സങ്കടത്തില്‍ അമ്മ മീരയും അച്ഛന്‍ ദേവദാസും. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന അച്ഛന്‍ ദേവദാസ് പക്ഷാഘാതം വന്നു കിടപ്പിലാണ്. ചേലേമ്പ്ര തോട്ടശ്ശേരി സുബ്രഹ്മണ്യന്റെയും ഉദയ റാണിയുടെയും മകളാണ് നീതു. വിമാനസര്‍വീസുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എത്രനാള്‍ അപരിചിതമായ സ്ഥലത്ത് മകള്‍ക്കൊപ്പം നില്‍ക്കേണ്ടി വരുമെന്നു നീതുവിന് അറിയില്ല.

സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണു ഘാനയില്‍ തന്നെ ബാലുവിന്റെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഒറ്റപ്പെട്ടു കഴിയുന്ന നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ കത്തുകള്‍ അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് പ്രവാസികൾ മറുനാട്ടിൽ നരകിക്കുന്ന അവസ്ഥ…. ഭരണാധികാരികൾ കണ്ണ് തുറക്കുന്നതിനായി കാത്തിരിക്കുന്നു… പിറന്ന മണ്ണിൽ എത്താൻ എന്ന് സാധിക്കും എന്ന ശങ്കയോടെ…

സ്വന്തം ലേഖകൻ

യു എസ് :- കൊറോണാ വൈറസിന്റെ ഫലപ്രദമായി ചികിത്സയ്ക്കായി, എബോള രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റംഡെസിവിർ എന്ന ആന്റി വൈറൽ മരുന്ന് യുഎസിൽ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് അനുമതി നൽകി. ഈ അനുമതി പ്രകാരം, കോവിഡ് -19 ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് ഈ മരുന്ന് നൽകാം. അടുത്തിടെ നടന്ന ക്ലിനിക്കൽ ട്രയലിൽ ഈ മരുന്ന് ഗുരുതരമായ രോഗം ബാധിച്ചവരുടെ റിക്കവറി സമയം കുറച്ചതായി കണ്ടെത്തി. എന്നാൽ ഈ മരുന്ന് അതിജീവന നിരക്ക് കൂട്ടിയതായി കണ്ടെത്തിയിട്ടില്ല. മുൻപ് എബൗട്ട് രോഗത്തിന്റെ ചികിത്സക്കായാണ് ഈ മരുന്ന് ഉപയോഗിച്ചത്. കാലിഫോർണിയയിലെ ഗിലീഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഈ മരുന്ന് കൊറോണ രോഗത്തിനുള്ള ഫലപ്രദമായ മരുന്നാണെന്ന് ജനങ്ങൾ ഒരിക്കലും കരുതരുത് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ മരുന്ന് വൈറസിന്റെ ജിനോമിനുള്ളിൽ മാറ്റങ്ങൾ വരുത്തി, അതിന്റെ എണ്ണം വർധിപ്പിക്കാൻ ഉള്ള കഴിവിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഓവൽ ഓഫീസിൽ വച്ച് ഗിലീഡ് ഫാർമസ്യൂട്ടിക്കൽ ചീഫ് എക്സിക്യൂട്ടീവ് ഡാനിയേൽ ഒഡേ ചർച്ച നടത്തി. മരുന്നിന്റെ 1.5 മില്യൺ സാംപിളുകൾ കമ്പനി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്റ്റീഫൻ ഹാനും യോഗത്തിൽ പങ്കെടുത്തു. കൊറോണ ബാധക്കെതിരെയുള്ള ആദ്യ അംഗീകൃത ചികിത്സയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ റംഡെസിവിർ എന്ന മരുന്ന് എബോള രോഗബാധയ്ക്ക് പോലും പൂർണമായ പരിഹാരം അല്ല. എന്നാൽ ഈ മരുന്ന് ലോക ലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്നതായി ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയിട്ടുണ്ട്. യുഎസ്, ഫ്രാൻസ്, ഇറ്റലി, യുകെ, ചൈന തുടങ്ങി ലോകത്തിന്റെ പല രാജ്യങ്ങളിലും ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved