Videsham

സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക. വിമത സൈന്യത്തിന് നേരെ അസദ് ഭരണകൂടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് സിറിയയെ ആക്രമിക്കുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര വിദഗ്ദ്ധരടങ്ങുന്ന സംഘവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടാകില്ലെന്ന് സംബന്ധിച്ച തീരുമാനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമര്‍ശിച്ച് തെരേസ മേയ് സിറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സൂചനകള്‍ നല്‍കിയതിന് പിന്നാലെ അമേരിക്കയും അസദിനെതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ അസദ് മൃഗത്തിന് തുല്യനാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണമ നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക നേരത്തെ പുറത്ത് വന്നിരുന്നു.

ബരാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ അസദ് ഭരണകൂടം എത്രയോ മുന്‍പ് തന്നെ ഇല്ലാതാകുമായിരുന്നുവെന്നും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ പ്രയോഗത്തിനെ ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഫ്രഞ്ച് ഭരണകൂടവും രംഗത്ത് വന്നിരുന്നു. സിറിയന്‍ സൈന്യം രാസായുധ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ നോക്കി നില്‍ക്കില്ലെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് വിമത സൈന്യത്തെ സിറിയ നേരിടുന്നത്. അതേസമയം അസദിന്റെ സഖ്യകക്ഷിയായി റഷ്യയും കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ല. സഖ്യകക്ഷികളും മറ്റുള്ളവരുമായി ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളുവെന്ന് യുഎസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേര്‍സ് വ്യക്തമാക്കി.

വിമത ശക്തികേന്ദ്രത്തില്‍ സിറിയന്‍ സൈന്യം നടത്തിയ വിഷവാതക ആക്രമണമാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും വിഷവാതകം ശ്വസിച്ച് 400ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സിറിയന്‍ ആക്രമണം നെര്‍വ് ഏജന്റ് ഉപയോഗിച്ചാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ രക്തത്തിലും മൂത്ര സാമ്പിളിലും ക്ലോറിന്റെയും നെര്‍വ് ഏജന്റിന്റെയും അംശം കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അസദ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി ലോക നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.

പതിമൂന്ന് വയസ് മാത്രം പ്രായമുളള, സുഹൃത്തിന്‍റെ മകളായ ഇന്ത്യൻ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീട്ടുസന്ദര്‍ശനത്തിനിടെ മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യൻ യുവാവിന് ദുബായിൽ മൂന്ന് മാസം തടവു ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇ– മെയിൽ അക്കൗണ്ടിലേയ്ക്ക് ഇരുപത്തിയേഴു വയസുളള യുവാവ് തുടർച്ചയായി ദൃശ്യങ്ങൾ അയക്കുകയായിരുന്നു. കുടുംബ സുഹൃത്തായ ഇയാൾ വീട്ടിൽ വരുമ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയിൽ പറയുന്നു,

2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.

പെൺകുട്ടിയുടെ അമ്മയുടെ തന്ത്രപരമായ ഇടപെടലാണ് ഇയാളെ കുടുക്കിയത്. കുടുംബവുമായി ഏറ്റവും അടുത്തു നിൽക്കുന്ന വ്യക്തിയുടെ പ്രവൃത്തിയിൽ നടുങ്ങിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യുവാവ് പലപ്പോഴും തന്നെ ബലമായി ചുംബിച്ചിരുന്നതായും മോശമായി പെരുമാറിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പതിനൊന്നാം വയസ്സു മുതൽ ഇപ്രകാരം ചെയ്യുന്നതായും പെൺകുട്ടി പറഞ്ഞു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.

പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. പെൺകുട്ടിയുമായി താൻ പ്രണയത്തിലാരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ലാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അന്വേഷണ സംഘം മുന്‍പാകെ പറഞ്ഞു.

ഡേറ്റ ചോര്‍ച്ചയില്‍ നിന്ന് താനും മുക്തനല്ലെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സെനറ്റ് കമ്മിറ്റിയുടെ ഹിയറിംഗിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതായത് ഫേസ്ബുക്ക് തലവനും നമ്മെപ്പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ വിവരങ്ങളും മറ്റൊരു കമ്പനിക്ക് വില്‍ക്കപ്പെട്ടു കഴിഞ്ഞു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായിരുന്ന അലക്‌സാന്‍ഡര്‍ കോഗന്‍ സ്ഥാപിച്ച ജിഎസ്ആര്‍ എന്ന കമ്പനിയാണ് ഇതെന്ന് സുക്കര്‍ബര്‍ഗ് സ്ഥിരീകരിക്കാന്‍ വിസമ്മതിക്കുകയാണ്. പക്ഷേ ഡേറ്റ കച്ചവടം നടത്തുന്ന കമ്പനികളെ നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ ഡേറ്റ കച്ചവടത്തില്‍ ഉള്‍പ്പെട്ടു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. ഒട്ടേറെ ഗവേഷകര്‍ ഇത്തരം ആപ്പുകളുടെ നിര്‍മാണത്തിലാണ്. കേംബ്രിഡ്ജില്‍ എന്തൊക്കെയോ അരുതാത്തത് നടക്കുന്നുവെന്ന് സംശയമുണ്ടെന്നും അത് കണ്ടെത്തിയാല്‍ യൂണിവേഴ്‌സിറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. പുതിയ റെഗുലേഷനുകള്‍ ആവശ്യമാണെന്നാണ് സെനറ്റര്‍മാരും പ്രതിനിധികളും പറയുന്നത്. ഇത് സുക്കര്‍ബര്‍ഗ് അംഗീകരിച്ചതായാണ് വിവരം.

ഫേസ്ബുക്കിന്റെ അമേരിക്കന്‍ വേരുകള്‍ ശക്തമാണെന്ന് തെളിക്കുന്നതായിരുന്നു ചോദ്യം ചെയ്യല്‍ സെഷന്‍. പറഞ്ഞു പഠിപ്പിച്ചതു മാതിരിയുള്ള ചോദ്യങ്ങളും അഴകൊഴമ്പന്‍ മറുപടികളുമായി അത് മുന്നേറി. ഓരോ സെനറ്റര്‍ക്കും നാലു മിനിറ്റാണ് സക്കര്‍ബര്‍ഗിനോടു ചോദ്യം ചോദിക്കാന്‍ അനുവദിച്ചിരുന്നത്. ഇവക്കെല്ലാം സ്വതസിദ്ധമാ വാചകക്കസര്‍ത്തിലൂടെ സുക്കര്‍ബര്‍ഗ് സെനറ്റ് മെമ്പര്‍മാരെ പറ്റിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ വിജയം അമേരിക്കയുടെ കൂടി വിജയമാണെന്ന് പറഞ്ഞ കമ്മിറ്റി ചെയര്‍മാന്‍ ഗ്രെഗ് വാള്‍ഡന്‍ ഹിയറിംഗിന്റെ പൊള്ളത്തരം വ്യക്തമാക്കുകയും ചെയ്തു.

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനമുള്‍പ്പടെ ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച ചുവപ്പ് നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം മലവെള്ള പാച്ചിലില്‍  ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച്‌ റോഡില്‍നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതായെന്നാണ് വിവരം.
കനത്ത മഴയെത്തുടര്‍ന്നുള്ള ശക്തമായ ഒഴുക്കു മൂലം വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വാഹനം കണ്ടെത്താന്‍ നദിയില്‍ നിരീക്ഷണം നടത്തിവരികയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ പറഞ്ഞു. തോട്ടപ്പള്ളി കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം തന്നെയാണ് ഒഴുക്കില്‍പ്പെട്ടതെന്നും ഹൈവേ പട്രോള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇവരുടെ വാഹനത്തിന് പിന്നിലായി സഞ്ചരിച്ചിരുന്ന ഒറിഗോണ്‍ സ്വദേശികളായ പാറ്റ് ബെര്‍കോവിസ്, ഭാര്യ ലോറ എന്നിവരാണ് വാഹനം ഒഴുക്കില്‍ പെടുന്നത് കണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്. ഇവരുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി താഴെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിലേക്ക് പതിക്കുന്നതായി കണ്ടു എന്നാണ് ഇവര്‍ പോലീസിനെ വിളിച്ചറിയിച്ചത്. വാഹനം നിര്‍ത്തി ഇവര്‍ നോക്കിയെങ്കിലും കുത്തിയൊഴുകുന്ന വെള്ളപ്പാച്ചില്‍ അല്ലാതെ മറ്റൊന്നും കാണാനായില്ല.

മുപ്പതോളം വരുന്ന തെരച്ചില്‍ സംഘം ഇന്നലെയും നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. കനത്ത മഴയും നദിയിലെ ഒഴുക്കും തെരച്ചില്‍ സംഘത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇരുന്നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫാറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്.

പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അള്‍ജീരിയന്‍ വ്യോമസേനാത്താവളമാണ് ഇത്.

നാലു വര്‍ഷം മുന്‍പും ഇതിനു സമാനമായ അപകടം അള്‍ജീരിയയില്‍ ഉണ്ടായിരുന്നു. 77 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൈനികരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വിമാനമാണ് അന്ന് തകര്‍ന്നു വീണത്.

ആധുനിക കാലഘട്ടത്തിലെ ദമ്പതികളില്‍ മിക്കവരും ഒന്നോ രണ്ടോ കുട്ടികളെ മാത്രം വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. തിരക്കു പിടിച്ച ലോകത്ത് കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും ഇതിനോട് അനുബന്ധമായി കിടക്കുന്ന വസ്തുതകളാണ്. എന്നാല്‍ 44കാരിയായ ലിയറ്റ് റെബാക്ക് അമ്മമാര്‍ക്കിടയിലെ അദ്ഭുതമാണ്. റെബാക്കിനും ഭര്‍ത്താവ് ഡേവിഡ് റെബാക്കിനും 16 കുട്ടികളുണ്ട്. ഇത്രയധികം കുട്ടികളെ വളര്‍ത്തുന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് റെബാക്ക ചിരിച്ചുകൊണ്ട് പറയും. കുട്ടികളെ പ്രസവിക്കുകയെന്നത് ലോകത്തിലെ തന്നെ മികച്ച പ്രവൃത്തികളിലൊന്നാണെന്ന് റെബാക്ക വിശ്വസിക്കുന്നു.

ഡേവിഡുമായുള്ള റെബാക്കയുടെ വിവാഹം നടക്കുന്നത് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വിവാഹ ശേഷം 12 കുട്ടികള്‍ക്ക് ഈ അമ്മ ജന്മം നല്‍കി. കുട്ടികളെ വളര്‍ത്താനുള്ള അതീവതാല്‍പര്യം മൂലം ഈ ദമ്പതികള്‍ പിന്നീട് 4 പേരെ ദത്തെടുക്കുകയും ചെയ്തു. ചാരിറ്റി പ്രവര്‍ത്തകര്‍ കൂടിയായ റെബാക്ക ദമ്പതികള്‍ തങ്ങളുടെ കുട്ടികള്‍ക്കൊപ്പം അതീവ സന്തോഷത്തിലാണ് കഴിയുന്നത്. കുട്ടികളെ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടുകളെയും പ്രശ്‌നങ്ങളെയും വളരെ ക്രിയാത്മകമായി സമീപിക്കുന്ന ഇവര്‍ക്ക് മക്കളുടെ എണ്ണം ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. തന്റെ 21-ാമത്തെ വയസ്സിലാണ് റെബാക്ക ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. മൂത്തകുട്ടിക്ക് 22 വയസും ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം 2 വയസുമാണ്. ഇവരുടെ വിദ്യാഭ്യാസ കാര്യത്തിലും മറ്റു കാര്യങ്ങളിലും ഇരുവരും അതീവ ശ്രദ്ധ ചെലുത്താറുണ്ട്.

44 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 10 വര്‍ഷക്കാലം റെബാക്കിന് ഗര്‍ഭ കാലഘട്ടമായിരുന്നു. ഇത്രയും കാലഘട്ടം ഗര്‍ഭിണിയായിരുന്ന സ്ത്രീകള്‍ ആധുനിക കാലഘട്ടത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും. കുട്ടികളുടെ പരിചരണത്തെക്കുറിച്ചും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും റെബാക്ക് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മാതാപിതാക്കളും കുട്ടികളുമായും ബന്ധപ്പെട്ട നിരവധി ടിപ്പുകളുമായി യൂട്യൂബ് ചാനലുകളിലും റെബാക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്രയധികം കുട്ടികള്‍ക്ക് ഹോം സ്‌കൂളിംഗ് നടത്താനും സമയം കണ്ടെത്താന്‍ ഈ അമ്മയ്ക്ക് കഴിയുന്നുവെന്നതാണ് ഇവരുടെ പ്രധാന പ്രത്യേകത. ഒരു കുട്ടിയെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്നവരുള്ള ഈ കാലഘട്ടത്തില്‍ റെബാക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അമ്മയാണ്.

ഇനിമുതല്‍ ഭൂമിയില്‍ മാത്രമല്ല അവധിക്കാലം ആഘോഷിക്കാന്‍ കഴിയുക. ബഹിരാകാശത്തും ഹോളിഡേ ഹോമുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഓറിയോണ്‍ സ്പാന്‍ എന്ന കമ്പനി. പദ്ധതി 2022ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഭൂമിയില്‍ നിന്ന് 200 മൈല്‍ അകലെ നിര്‍മ്മിക്കാന്‍ പോകുന്ന ഹോളിഡേ ഹോം പദ്ധതിയുമായി ഇതാദ്യമാണ് ഒരു കമ്പനി രംഗതത്ത് വരുന്നത്. ബഹിരാകാശത്തെ ഏറ്റവും മികച്ച അനുഭവം പകര്‍ന്നു നല്‍കാന്‍ നല്‍കുന്ന സെന്ററായിരിക്കും നിര്‍മ്മിക്കുകയെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ കോടിപതികള്‍ക്ക് മാത്രമെ ഈ അനുഭവം സാധ്യമാകൂവെന്നതാണ് വാസ്തവം. 12 ദിവസം ബഹിരാകാശത്ത് താമസിക്കാന്‍ ഏതാണ്ട് 6.7 മില്യണ്‍ പൗണ്ട് നല്‍കേണ്ടി വരും. യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ 56,000 പൗണ്ട് നല്‍കി യാത്ര ബുക്ക് ചെയ്യാം.

3 മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും സഞ്ചാരികള്‍ക്ക് ബഹിരാകാശ ടൂറിസ്റ്റ് കേന്ദ്രത്തിലെത്താന്‍ കഴിയുക. ടെക്‌സസിലെ ഹൂസ്റ്റണിലായിരിക്കും പരിശീലനം നടക്കുക. അസാധാരണമായ ജീവിതം നിങ്ങള്‍ സാധ്യമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ 12 ദിവസത്തെ ബഹിരാകാശ അനുഭവത്തിനായി തയ്യാറെടുക്കുവെന്ന് ഓറിയോണ്‍ സ്പാന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്‌പേസ് ടൂറിസ്റ്റ് സെന്ററിലെ അനുഭവം ജീവിതത്തെ മാറ്റി മറിക്കാന്‍ കഴിവുള്ളതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബഹിരാകാശത്ത് നിന്ന് നോര്‍ത്തേണ്‍ ലൈറ്റ് കാണാനും ബഹിരാകാശ നടത്തത്തിനുമൊക്കെ അവസരം ലഭിക്കും. ദീര്‍ഘകാല പദ്ധതിയായതിനാല്‍ അവിടെത്തന്നെ ഭക്ഷ്യോല്‍പ്പനങ്ങള്‍ കൃഷിചെയ്യാനാകുമോ എന്ന കാര്യവും പരിശോധിക്കും. ആകാശ അനുഭവങ്ങളുടെ വ്യത്യസ്ത തലം തിരിച്ചറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.

 

ബഹിരാകാശത്ത് ജീവിതം സാധ്യമാക്കുകയെന്നതാണ് കമ്പനിയുടെ ദീര്‍ഘകാല വീക്ഷണമെന്ന് സിഇഒ ഫ്രാങ്ക് ബങ്കര്‍ പറയുന്നു. ബഹിരാകാശ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ലോക സഞ്ചാരികളുടെ സ്വപ്‌നങ്ങളിലൊന്നാണ്. നിരവധി പേരാണ് ഇത്തരം യാത്രകള്‍ക്ക് താത്പര്യം പ്രകടിപ്പിച്ച് കമ്പനിയെ സമീപിച്ചിരിക്കുന്നത്. വളരെയധികം ചിലവേറിയ യാത്രയാണിതെന്നതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നം. വരും കാലങ്ങളില്‍ ഈ യാത്ര ചെലവുകളുടെ കാര്യത്തില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

യു.എ.ഇയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. അല്‍ അയ്ന്‍ യൂണിവേഴ്‌സല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ നഴ്‌സാണ് ആത്മഹത്യ ചെയ്തത്. ശമ്പള കുടിശ്ശികയും ജോലിയുടെ അസ്ഥിരതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പ്രാഥമിക വിവരങ്ങള്‍. സുജ എന്ന് പേരുള്ള മലയാളി നഴ്സാണ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്

മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍. അബുദാബിയിലും ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ നഴ്‌സുമാര്‍ക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ജനറല്‍ നഴ്‌സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിര്‍ഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്കും ബിഎസ്സി നേഴ്‌സുമാര്‍ക്കും 5000 മുതല്‍ 7000 വരെ ദിര്‍ഹവും (ഏകദേശം 88,000 മുതല്‍ 1,23,000 രൂപ വരെ) ശമ്പളം നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഡിസംബര്‍ മുതല്‍ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്‌സുമാരുടെ ജീവിതം ദുരിതത്തിലായി.

തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ എല്ലാവര്‍ക്കും 1000 ദിര്‍ഹം മാത്രം നല്‍കി ആശുപത്രി അധികൃതര്‍ വാര്‍ത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കണ്‍മുമ്പില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍. നഴ്‌സ് ആത്മഹത്യ ചെയ്തതിനെ പുറത്തറിയിക്കാതെ കൈകാര്യം ചെയ്യാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്.

വാഷിങ്ടണ്‍: ലൈംഗികാരോപണമുന്നയിച്ച പോണ്‍ താരത്തെ നിശബ്ദയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരാതി. ആരോപണമുന്നയിച്ച പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകനാണ് പരാതി നല്‍കിയത്. ട്രംപിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

2016ലെ തെരഞ്ഞെടുപ്പിനു മുന്‍പ് സ്‌റ്റോമിക്ക് ട്രംപ് 1.30 ലക്ഷം ഡോളര്‍ കൊടുത്തെന്ന ആരോപണം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി. ട്രംപിന്റെ സത്യസന്ധത പരിശോധിക്കണമെന്ന് അഭിഭാഷകനായ മൈക്കല്‍ അവനറ്റി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണു ഹര്‍ജി നല്‍കിയത്. ട്രംപ് യുഎസ് പ്രസിഡന്റാകും മുന്‍പ് അദ്ദേഹവുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നു ചാനല്‍ അഭിമുഖത്തിലാണു നടി വെളിപ്പെടുത്തിയത്.

 

ട്രംപുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ തനിക്കു ഭീഷണിയുണ്ടായിരുന്നെന്നും സ്‌റ്റോമി പറഞ്ഞിരുന്നു. ട്രംപ് പണം നല്‍കുകയോ ഇതിനെപ്പറ്റി അറിയുകയോ ചെയ്തിട്ടില്ലെന്നാണു പറയുന്നതെങ്കില്‍, കോടതിക്കു പുറത്തുണ്ടാക്കിയ കരാറിനെപ്പറ്റിയും അറിവുണ്ടായിരിക്കില്ലെന്നു അവനറ്റി പറഞ്ഞു. ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ കോഹന്‍ 1.3 ലക്ഷം ഡോളര്‍ കൊടുത്തെന്നും കരാറില്‍ ഒപ്പുവയ്പിച്ചെന്നും സ്‌റ്റോമി വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റോമി കരാര്‍ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപിന്റെ അഭിഭാഷകന്‍ രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഭിഭാഷകന്‍ പണം നല്‍കിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അക്കാര്യം കോഹനോടു തന്നെ ചോദിക്കാനുമായിരുന്നു ട്രംപ് പറഞ്ഞത്.

സിറിയയില്‍ വര്‍ദ്ധിച്ചു വരുന്ന രാസായുധാക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സിറിയന്‍ ഭരണാധികാരി ബഷര്‍ അസദിനെ മൃഗതുല്യനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വിമതരെ ലക്ഷ്യമാക്കി സിറിയന്‍ സൈന്യം ദൗമയില്‍ നടത്തിയ വിഷവാതക ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു. നടപടി ക്രൂരമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബറാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ ബഷര്‍ അല്‍ അസദ് എന്ന മൃഗം ഭൂമുഖത്തുണ്ടാവില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ക്രൂരതയ്ക്ക് അസദ് വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി സാധരണക്കാരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സിറിയന്‍ സേന ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ നിരവധി രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വിമത സൈന്യത്തെ ലക്ഷ്യം വെച്ച് സിറിയ നടത്തുന്ന ആക്രമണങ്ങള്‍ക്ക് റഷ്യയുടെയും ഇറാന്റെയും പിന്തുണയുണ്ട്.

ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്ന സിറിയന്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന റഷ്യന്‍, ഇറാനിയന്‍ സര്‍ക്കാരുകളെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് പറഞ്ഞത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിഷവാതകം ശ്വസിച്ച് 500ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിറിയ നടത്തുന്ന വിഷ വാതക ആക്രമണങ്ങള്‍ക്കെതിരെ ആഗോള സമൂഹം പ്രതികരിക്കണമെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ക്രൂരമായ രാസായുധപ്രയോഗത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപെട്ടവര്‍ അവശതകള്‍ക്കിടയിലും ഹമാ കടന്ന് ഇഡ്ലിബിലേക്കുള്ള യാത്രയിലാണ്. വിമതരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവരെ ഗൗട്ടയില്‍നിന്നു പുകച്ചുപുറത്തുചാടിക്കാനുള്ള ആയുധമായിരുന്നു സരിന്‍ എന്ന വിഷവാതകമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുലക്ഷത്തിലധികംപേര്‍ ഗൗട്ടയില്‍നിന്ന് പലായനം ചെയ്തു.

RECENT POSTS
Copyright © . All rights reserved