Videsham

ഭീമന്‍ ആഢംബര കപ്പല്‍ നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചു കയറി. ഹോണ്ടുറാസ് തീരത്താണ് സംഭവം. 2500 യാത്രക്കാരുമായി തീരത്തടുത്ത എംഎസ്സി അര്‍മോണിയ എന്ന ക്രൂയിസ് വിനോദയാത്രാ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.

കപ്പല്‍ കരയിലേക്ക് ഇടിച്ചു കയറിയത് ആളുകളെ പരിഭ്രാന്തരാക്കി. കരയിലുണ്ടായിരുന്നവര്‍ ചിതറി ഓടുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കറ്റിട്ടില്ല. വിനോദ യാത്രകള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന കപ്പലാണ് എംഎസ്സി അര്‍മോണിയ. കപ്പലിന് നിസാരമായ കേടുപാടുകള്‍ മാത്രമെ സംഭവിച്ചിട്ടുള്ളുവെന്നാണ് പ്രഥമിക വിവരം.

177 അടി ഉയരവും 825 അടി നീളവുമുള്ള കപ്പലിന് ഒമ്പതു നിലകളുമുണ്ട്. ഏകദേശം മൂവായിരത്തിലധികം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പലിന്റെ ഭാരം 65,000 ടണ്ണാണ്.

വൈറല്‍ വീഡിയോ കാണാം

കുട്ടികളെയും കൗമാര പ്രായക്കാരെയും ഏകാന്ത തടവറകളിലാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. കുട്ടികളെയും കൗമാരക്കാരെയും ഏകാന്ത തടവകളിലാക്കുന്ന നിയമങ്ങള്‍ നിരോധിക്കണമെന്ന് യുകെയിലെ പ്രമുഖ ഡോക്ടര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം ശിക്ഷാ നടപടികള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുകെയിലെ തടവറകളില്‍ കഴിയുന്ന 40 ശതമാനത്തോളം ആണ്‍കുട്ടികള്‍ ഏകാന്ത തടവറകളിലാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ദിവസമോ അല്ലെങ്കില്‍ 22 മണിക്കൂറോ ഒരാളെ മനുഷ്യ സംസര്‍ഗം ഇല്ലാത്ത ഇടങ്ങളില്‍ പാര്‍പ്പിക്കുന്നതിനെയാണ് ഏകാന്ത കാരാഗൃഹവാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ് ലോ നിര്‍വ്വചിക്കുന്നു. ഇത്തരം ശിക്ഷാവിധികള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യമുന്നയിച്ച് മുമ്പ് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

ഏകാന്ത കാരഗൃഹങ്ങള്‍ കുട്ടികള്‍ക്ക് ശിക്ഷാ വിധിയായി നല്‍കുന്നത് അവരില്‍ ആത്മഹത്യ പ്രവണതകള്‍ ഉണ്ടാക്കുമെന്നും ഇത്തരക്കാര്‍ സ്വയം ഉപദ്രവം ഏല്‍പ്പിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും പ്രമുഖ മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ അറിയിച്ചു. ഇത്തരം ശിക്ഷാ നടപടികള്‍ നിര്‍ത്താലക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരം തടവറകള്‍ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിന് ആധികാരികമായ തെളിവുകളുണ്ട്. ഇത് ആത്മഹത്യ പ്രവണതയും അക്രമവാസനയും വര്‍ദ്ധിപ്പിക്കുമെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, ദി റോയല്‍ കോളേജ് ഓഫ് പീഡിയാട്രീഷ്യസ്റ്റ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് എന്നിവര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ചെറു പ്രായത്തിലാണ് നമ്മള്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായ ഘട്ടത്തിലൂടെ കടന്നു പോവുന്നത്. ഈ ഘട്ടത്തിലാണ് മാനസികവും സാമൂഹികവും ശാരീരകവുമായി വളര്‍ച്ചയുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഈ സമയത്തുണ്ടാകുന്ന ഏകാന്തവാസം ദീര്‍ഘകാലത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനിയോജ്യമായ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കസ്റ്റഡിയിലുള്ള കുട്ടികളുടെയും കൗമാര പ്രായക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഉയര്‍ന്ന പരിഗണന നല്‍കുന്നതായി മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ വക്താവ് അറിയിച്ചു. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ കഴിയുന്ന ചെറുപ്പക്കാരായ ആളുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 100 അധിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതായും മിനിസ്ട്രി ഓഫ് ജസ്റ്റിസ് അറിയിച്ചു.

ബ്രിട്ടനുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പഠിക്കുന്ന റഷ്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കാനൊരുങ്ങി പുടിന്‍ സര്‍ക്കാര്‍. റഷ്യയുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സ്്ക്രിപാലും മകളും സാലിസ്‌ബെറിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചായിരുന്നു ഇവരെ അപായപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മോസ്‌കോ ഇക്കാര്യം നിഷേധിച്ചു.

തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മില്‍ കടുത്ത ശീതയുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യുകെയിലുള്ള റഷ്യന്‍ ഡിപ്ലോമാറ്റുകളെ തെരേസ മെയ് പുറത്താക്കി. മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. 60,000 ത്തോളം റഷ്യന്‍ വിദ്യാര്‍ത്ഥികളാണ് ഇതര രാജ്യങ്ങളില്‍ ഉന്നത വിദ്യഭ്യാസം തേടുന്നത്. ഇവര്‍ നാട്ടിലേക്ക് തിരിച്ചു വന്നാല്‍ പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. യുകെയിലും ഇതര പാശ്ചാത്യ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മറ്റു രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രത്തിന് നേരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിച്ച് റഷ്യ രംഗത്ത് വന്നിരുന്നു. റഷ്യക്കെതിരായ നീക്കങ്ങള്‍ വെസ്റ്റേണ്‍ രാജ്യങ്ങള്‍ നീക്കം ശക്തമാക്കിയതോടെ കൂടുതല്‍ മുന്‍ കരുതലുകളെടുക്കാന്‍ തയ്യാറെടുക്കുകയാണ് പുടിന്‍ ഭരണകൂടം. അതേ സമയം ബിസിനസ്, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് റഷ്യന്‍ പൗരന്മാര്‍ക്ക് ഏത് സമയം വേണമെങ്കിലും കടന്നുവരാമെന്നും അവരെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായും ബ്രിട്ടീഷ് എംബസി അറിയിച്ചു.

വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയയില്‍ നിന്നും ടെക്‌സാസിലെ ഡല്ലാസിലേക്ക് നൂറിലധികം യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന്റെ സമീപത്തുണ്ടായിരുന്ന വിന്റോ തകര്‍ന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണു. എന്നാല്‍ തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരന്‍ സമയോചിതമായി ഇടപെട്ടത് മൂലം ഇവര്‍ വിമാനത്തിന് പുറത്തേക്ക് മുഴുവനായും തെറിച്ചു വീണില്ല. സാരമായി പരിക്കേറ്റ ഇവരെ വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഏതാണ്ട് 32,500 ഫീറ്റ് ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്. എഞ്ചിന്‍ തകരാറിലായ ഉടന്‍ വിമാനം അടുത്തുള്ള ഫിലാഡല്‍ഫിയ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് എയര്‍പോര്‍ട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിമാനത്തിന്റെ അകത്ത് രക്തം തളംകെട്ടി കിടന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. നൂറിലധികം യാത്രക്കാരെ വഹിക്കാന്‍ പ്രാപ്തിയുള്ള വിമാനമാണ് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737. എഞ്ചിന്‍ ചെക്ക് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച വിമാനത്തിന് തകരാറ് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.

അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് വക്താവ് അറിയിച്ചു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പെട്ടന്ന് എഞ്ചിനടുത്തുള്ള വിന്റോ തകര്‍ന്നതോടെ ക്യാബിനുള്ളില്‍ പുക നിറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. ഉഗ്ര ശബ്ദത്തോടെ എന്തോ പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തരായി യാത്രക്കാരില്‍ പലരും കരഞ്ഞ് ബഹളം വെക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. എഞ്ചിന്‍ തകരാറിലാവാന്‍ കാരണെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കുമെങ്കിലും ചില രാജ്യങ്ങളുണ്ട്. അത്ഭുതങ്ങള്‍ ബാക്കി വയ്ക്കുന്ന രാജ്യങ്ങള്‍. അതുപോലുള്ള ഒരു രാഷ്ട്രമാണ് ഇന്തോനേഷ്യ.

ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇവിടുത്തെ കറന്‍സിക്ക് ഒരു സവിശേഷതയുണ്ട്. ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത ഒരു കാ‍ഴ്ചയാണ് ഇന്തോനേഷ്യയിലുള്ളത്. ഇവിടുത്തെ കറന്‍സിയിലാണ് ഹിന്ദു ജനവിഭാഗം ആരാധിക്കുന്ന ഗണപതിയുടെ ചിത്രം നമുക്ക് കാണാനാവുന്നത്.

ഇന്തോനേഷ്യയിലെ കറന്‍സിയെ രുപിയാ എന്നാണ് പറയുന്നത്. അവിടത്തെ 20,000 ത്തിന്‍റെ നോട്ടില്‍ ആണ് ഗണപതിയുടെ ചിത്രമുള്ളത്.

എന്തുകൊണ്ട് ഗണപതി എന്നതാണ് ഏറെ സവിശേഷം. അവരുടെ വിശ്വാസം അനുസരിച്ച് സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നത് ഗണപതിയാണെന്നാണ് ജനങ്ങളുടെ വിശ്വാസം.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയുടെ സമ്പദ്ഘടന വളരെ ഭയാനകമായ രീതിയില്‍ തകർന്നിരുന്നു. അവിടത്തെ പല ദേശീയ സാമ്പത്തിക ചിന്തകരും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്‍റെ പുതിയ നോട്ട് പുറത്തിറക്കിയത്.

ഈ നോട്ടില്‍ ഭഗവാന്‍ ഗണപതിയുടെ ചിത്രവും അച്ചടിച്ചു. അതിനുശേഷം അവിടത്തെ സമ്പത്ത് വ്യവസ്ഥ ശക്തമായി തുടര്‍ന്നു.

അതുകാരണമാണ്‌ അവിടത്തെ ജനങ്ങള്‍ ഗണപതിയാണ് തങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നതെന്ന് വിശ്വസിക്കുന്നത്. ഗണപതി ഭഗവാന് ഒരുപാട് പൂജകളും അവര്‍ ചെയ്യാറുണ്ട്.

 

കെപ്ളര്‍ ദൗത്യത്തിനു ശേഷം അയല്‍ ഗ്യാലക്സികളിലെ ഗ്രഹങ്ങളെത്തേടി നാസയുടെ പുതിയ പര്യവേഷണത്തിന് തുടക്കം കുറിച്ചു. ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കപ്പേരായ ടെസ്സ് എന്നാണ് പുതിയ ദൗത്യത്തിന്റെ പേര്. സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തിയത്. കേപ് കാനവറാലില്‍ നിന്ന് ഇന്നലെ രാത്രി ടെസ് കുതിച്ചുയര്‍ന്നു. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തുന്ന ടെസ്സ് പിന്നീട് 13.7 ദിവസങ്ങള്‍ ഭൂമിയെ വലംവെയ്ക്കും. പിന്നീട് രണ്ട് വര്‍ഷവും 60 ദിവസവും നീളുന്ന ദൗത്യത്തിന് തുടക്കമിടും.

സൗരയൂഥത്തിന് സമീപത്തായുള്ള രണ്ട് ലക്ഷം നക്ഷത്രങ്ങളില്‍ നിരീക്ഷണം നടത്തുകയാണ് ടെസ്സിന്റെ ദൗത്യം. നാല് ഫീല്‍ഡ് വൈഡ് ക്യാമറകളിലൂടെ ആകാശത്തിന്റെ 85 ശതമാനവും ടെസ്സിന്റെ നിരീക്ഷണ പരിധിയില്‍ എല്ലായ്പ്പോഴുമുണ്ടാകും. ട്രാന്‍സിറ്റ് എന്ന പ്രതിഭാസത്തെ ഇതിലൂടെ നിരീക്ഷണ വിധേയമാക്കാന്‍ ടെസ്സിന് കഴിയും. നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രകാശത്തിനുണ്ടാകുന്ന കുറവാണ് ട്രാന്‍സിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രീതിയിലാണ് കെപ്ലര്‍ ദൗത്യം 2600 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. 300 മുതല്‍ 3000 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രങ്ങളുടെ ഗ്രഹങ്ങളെയാണ് ഇങ്ങനെ കണ്ടെത്തിയത്.

300 പ്രകാശവര്‍ഷ പരിധിക്കുള്ളിലുള്ള ഗ്രഹങ്ങളെയായിരിക്കും ടെസ് നിരീക്ഷിക്കുക. കെപ്ലര്‍ ദൗത്യത്തിന് ലഭിച്ചതിനേക്കാള്‍ 100 മടങ്ങ് തെളിച്ചമുള്ള ലക്ഷ്യങ്ങളാണ് ടെസ്സിന് പരിശോധിക്കാനുള്ളത്. പ്രകാശം സ്വാംശീകരിക്കപ്പെടുന്നതിന്റെയും പുറപ്പെടുവിക്കുന്നതിന്റെയും അളവും ഇതിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് വ്യക്തമായി നിരീക്ഷിക്കാനാകും. ഇതിലൂടെ ഗ്രഹത്തിന്റെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷം, ജലത്തിന്റെ സാന്നിധ്യം, ജീവന്റെ സാന്നിധ്യം എന്നിവ തിരിച്ചറിയാനും കഴിയും. ഈ ദൗത്യം ഓരോ ഗ്രഹങ്ങളെയും തിരിച്ചറിയാനും അവയുടെ വ്യത്യാസങ്ങള്‍ മനസിലാക്കാനും ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

കാലിഫോര്‍ണിയയ്ക്ക് സമീപം കാര്‍  ഈല്‍ നദിയില്‍ വീണുണ്ടായ അപകടത്തില്‍ കാണാതായ മലയാളി കുടുംബത്തിലെ ഗൃഹനാഥന്‍ സന്ദീപ്‌ തോട്ടപ്പള്ളി (42)യുടെയും മകള്‍ സാച്ചി തോട്ടപ്പള്ളി(09)യുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സന്ദീപിന്‍റെ ഭാര്യ സൗമ്യ തോട്ടപ്പള്ളി(38)യുടെ മൃതദേഹം വെള്ളിയാഴ്ച ഈല്‍ നദിയില്‍ നിന്നും കണ്ടെടുത്തിരുന്നു.  ഞായറാഴ്ച ഉച്ചയോടെയാണ് സന്ദീപ്‌, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാര്‍ നദിയില്‍ വീണ സ്ഥലത്ത് നിന്നും അര മൈല്‍ ദൂരെ നദിയുടെ അടിത്തട്ടിലെ ചെളിയില്‍ പൂണ്ട നിലയില്‍ ഇവരുടെ കാര്‍ കണ്ടെത്തുകയായിരുന്നു. നദിയുടെ മുകള്‍പരപ്പില്‍ എണ്ണമയം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്.

ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് കാര്‍ ചെളിയില്‍ നിന്നും പുറത്തെടുത്ത് കരയ്ക്കെത്തിച്ചത്. കാറിന്‍റെ പിന്‍സീറ്റില്‍ നിന്നാണ് സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാറിന്‍റെ ചില്ല് തകര്‍ന്ന നിലയിലാണ് ഉണ്ടായിരുന്നത്. ഇത് ഇവര്‍ രക്ഷപെടാന്‍ നടത്തിയ ശ്രമത്തില്‍ സംഭവിച്ചതാണ് എന്ന് കരുതുന്നു.

ഏപ്രില്‍ ആറിനാണ് സന്ദീപും കുടുംബവും അപകടത്തില്‍ പെട്ടത് എന്ന് കരുതുന്നു. ഇവര്‍ എത്തിച്ചേരും എന്ന് പറഞ്ഞിരുന്ന വീട്ടില്‍ ഇവര്‍ എത്തിചേരാതിരുന്നതിനെ തുടര്‍ന്ന് എട്ടാം തീയതിയോടെയാണ് ഇവരെ കാണാനില്ല എന്ന പരാതി പോലീസിന് ലഭിക്കുന്നത്. ഇതിനിടയില്‍ ഒരു കാര്‍ ഈല്‍ നദിയിലേക്ക് വീഴുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പോലീസിനെ അറിയിച്ചതനുസരിച്ച് പോലീസ് നദിയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. റോഡരികില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ കാര്‍ നദിയിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം.

സന്ദീപ്‌, സൗമ്യ, സാച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥിന് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയത് സൗമ്യ തോട്ടപ്പള്ളിയുടെ (38) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചി കാക്കനാട് പടമുകള്‍ സ്വദേശിയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണ്.

പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡില്‍നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിസും വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതാവുകയായിരുന്നു.

സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്.

മോസ്‌കോ: സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമക്രമണത്തില്‍ വിമര്‍ശനവുമായി റഷ്യ. അമേരിക്കയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനു പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കന്‍ നീക്കം രാജ്യാന്തര ബന്ധങ്ങളെ ഉലയ്്ക്കുന്നതാണ്. യു.എന്നിന്റെ അനുമതിയില്ലാതെ സഖ്യസേന ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം ചേരണം. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. സിറിയയിലെ ജനതയുടെ ദുരിതം വര്‍ധിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദീമീര്‍ പുടിന്‍ പറഞ്ഞൂ.

സിറിയയില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന സംശയത്തിന്റെ പേരില്‍ യു.എസ് സഖ്യസേന നടത്തിയ ആക്രമണത്തിനെതിരെ യു.എസിലെ റഷ്യന്‍ അംബാസഡറും രംഗത്തെത്തി. വീണ്ടും ഭീഷണി നേരിടുകയാണെന്ന് അംബാസഡര്‍ അനാട്ടോലി അന്റൊനോവ് പറഞ്ഞു. ഇത്തരം ഭീഷണികള്‍ തിരിച്ചടികള്‍ ഇല്ലാതെ പോകില്ല. ഇതിന്റെയെല്ലാം ഉത്തരവാദിത്തം വാഷിംഗ്ടണിലും ലണ്ടനിലും പാരീസിലും നിക്ഷിപ്തമാണെന്നും അന്റൊനോവ് പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ അംഗീകാരിക്കനോ അനുവദിച്ചുകൊടുക്കാനോ കഴിയില്ലെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. സിറിയയിലെ ആസാദ് ഭരണകൂടത്തിനെതിരായ നടപടിക്ക് റഷ്യയുടെ സഹായം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അംബാസഡറുടെ ഈ പ്രതികരണം.

 

യുഎസിൽ യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ഒരാളുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചത് സൗമ്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവരെ ഈ മാസം അഞ്ചിനു രാത്രിയാണു വാഹനം സഹിതം കാണാതായത്. മരണം സംബന്ധിച്ച് പല അഭ്യൂഹഭങ്ങൾ ഉയർന്നെങ്കിലും സാധനങ്ങൾ ലഭിച്ചതോടെ ഇവർ ഒഴുക്കിൽപ്പെട്ടത് തന്നെയെന്ന് പൊലീസ് കരുതുന്നു.

നദിയിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ ഇവരുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓറിഗനിലെ പോർട്‌ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നു കലിഫോർണിയ പൊലീസ് കരുതുന്നു.ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയിൽ നിന്നു കണ്ടെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഒഴുക്കുള്ള നദിയിൽ ഇവർ സഞ്ചരിച്ച മെറൂൺ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ കരുതുന്നത്. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാൻജോസ് പൊലീസ് ഡിപ്പാർട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവർ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡിൽനിന്ന് ഈൽ നദിയിലേക്ക് വീണതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വാഹനം പൂർണമായി ഒഴുക്കിൽപ്പെട്ട് നദിയിൽ കാണാതായെന്നാണ് വിവരം.മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയിൽ താമസിക്കുന്ന സഹോദരൻ സച്ചിനും തിരച്ചിലിൽ സഹായിക്കാൻ കാലിഫോർണിയിയിൽ എത്തിയിട്ടുണ്ട്.വടക്കൻ കാലിഫോർണിയിയിലെ റേഡ്വുഡ് നാഷണൽ ആൻഡ് സ്റ്റേറ്റ് പാർക്സിലാണ് സന്ദീപിനെയും കുടുംബത്തെയും ഏറ്റവും ഒടുവിൽ കണ്ടെത്തിയത്.തന്റെ മകനെയും കുടുംബത്തെയും കണ്ടുപിടിക്കാൻ പിതാവ് ബാബു സുബ്രഹ്മണ്യം തോട്ടപ്പിള്ളി സോഷ്യൽ മീഡിയയിൽ മിസിങ് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്.സന്ദീപും കുടുംബവും ഈ മാസം 5 ന് സാൻജോസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ചാം തീയതിക്ക് ശേഷം ഇവരെ കുറിച്ച് ഒരുവിവരവുമില്ല.

RECENT POSTS
Copyright © . All rights reserved