സിറിയയില്‍ വര്‍ദ്ധിച്ചു വരുന്ന രാസായുധാക്രമണങ്ങളെ ശക്തമായി അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സിറിയന്‍ ഭരണാധികാരി ബഷര്‍ അസദിനെ മൃഗതുല്യനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വിമതരെ ലക്ഷ്യമാക്കി സിറിയന്‍ സൈന്യം ദൗമയില്‍ നടത്തിയ വിഷവാതക ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു. നടപടി ക്രൂരമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബറാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ ബഷര്‍ അല്‍ അസദ് എന്ന മൃഗം ഭൂമുഖത്തുണ്ടാവില്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ക്രൂരതയ്ക്ക് അസദ് വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി സാധരണക്കാരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സിറിയന്‍ സേന ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ നിരവധി രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വിമത സൈന്യത്തെ ലക്ഷ്യം വെച്ച് സിറിയ നടത്തുന്ന ആക്രമണങ്ങള്‍ക്ക് റഷ്യയുടെയും ഇറാന്റെയും പിന്തുണയുണ്ട്.

ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്ന സിറിയന്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന റഷ്യന്‍, ഇറാനിയന്‍ സര്‍ക്കാരുകളെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് പറഞ്ഞത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിഷവാതകം ശ്വസിച്ച് 500ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിറിയ നടത്തുന്ന വിഷ വാതക ആക്രമണങ്ങള്‍ക്കെതിരെ ആഗോള സമൂഹം പ്രതികരിക്കണമെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ക്രൂരമായ രാസായുധപ്രയോഗത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപെട്ടവര്‍ അവശതകള്‍ക്കിടയിലും ഹമാ കടന്ന് ഇഡ്ലിബിലേക്കുള്ള യാത്രയിലാണ്. വിമതരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവരെ ഗൗട്ടയില്‍നിന്നു പുകച്ചുപുറത്തുചാടിക്കാനുള്ള ആയുധമായിരുന്നു സരിന്‍ എന്ന വിഷവാതകമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുലക്ഷത്തിലധികംപേര്‍ ഗൗട്ടയില്‍നിന്ന് പലായനം ചെയ്തു.