ഫ്‌ളോറിഡ: കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ നട്ടെല്ലില്‍ നിന്ന് കണ്ടെത്തിയത് ഇന്‍ജെക്ഷന്‍ നല്‍കുന്ന സൂചി. അനസ്‌തേഷ്യ നല്‍കുന്നതിന് ഉപയോഗിക്കുന്ന എപ്പിഡ്യൂറല്‍ സൂചിയാണ് 41കാരിയായ ആമി ബ്രൈറ്റിന്റെ നട്ടെല്ലില്‍ നിന്ന് കണ്ടെത്തിയത്. 2003ലാണ് ഇവര്‍ക്ക് അനസ്‌തേഷ്യ നല്‍കിയത്. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്‍ ഹോസ്പിറ്റലില്‍ സിസേറിയന്‍ ശസ്ത്രക്രിയക്കു വേണ്ടിയായിരുന്നു അത്. രണ്ട് മാസത്തിനു ശേഷം ശക്തമായ നടുവേദന ആരംഭിച്ചു. പിന്നീട് തന്റെ ഇതുവരെയുള്ള ജീവിതത്തെ അത് കാര്യമായി ബാധിച്ചുവെന്ന് ആമി ബ്രൈറ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് നടുവേദനയുടെ കാരണക്കാരനെ തിരിച്ചറിഞ്ഞത്.
മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള സൂചിയായിരുന്നു നട്ടെല്ലിനുള്ളിലുണ്ടായിരുന്നത്. ഇത് അറിഞ്ഞപ്പോള്‍ താന്‍ ഭയന്നുപോയെന്ന് ആമി പറഞ്ഞു. അനസ്‌തേഷ്യ നല്‍കുന്നതിനിടെ സൂചി ഒടിഞ്ഞതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ഇതു മൂലമുണ്ടായ നാഡീ തകരാറുകള്‍ ആമിയുടെ ഇടതുകാലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഓരോ ചലനവും നട്ടെല്ലിനുള്ളില്‍ സൂചി മുറിവുകള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത്രയും കാലത്തിനിടെ ഒട്ടേറെ ഡോക്ടര്‍മാരെ ഇവര്‍ കണ്ടു. അവരെല്ലാവലും പെയിന്‍ കില്ലറുകളും വേദന മാറാനുള്ള മറ്റു മരുന്നുകളും നല്‍കി തിരിച്ചയക്കുകയായിരുന്നു.
സൂചി ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ ശ്രമിച്ചാലും മാറ്റിയില്ലെങ്കിലും ശരീരത്തിന് തളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫിസിക്കല്‍ തെറാപ്പി, വേദനാ സംഹാരികള്‍ എന്നിവ മാത്രമാണ് ഇനി ആശ്രയിക്കാനുള്ളത്. ഫ്‌ളോറിഡയിലെ നേവല്‍ ഹോസ്പിറ്റലിലായിരുന്നു ഇവര്‍ സിസേറിയന് വിധേയയായത്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ സൂചി ഒടിഞ്ഞത് അറിഞ്ഞിട്ടും അത് അവഗണിക്കുകയായിരുന്നു ജീവനക്കാര്‍ ചെയ്തതെന്ന് ആമി പറയുന്നു. ആശുപത്രിക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഇവര്‍.
മോസ്‌കോ: സാലിസ്ബറി ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെ പ്രതികരണത്തില്‍ തിരിച്ചടിച്ച് റഷ്യ. പാശ്ചായരാജ്യങ്ങലുടെ നൂറിലേറെ നയതന്ത്ര പ്രതിനിധികളെ റഷ്യ പുറത്താക്കി. 26 രാജ്യങ്ങള്‍ 130ലേറെ റഷ്യന്‍ പ്രതിനിധികളെ നേരത്തേ പുറത്താക്കിയിരുന്നു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ റഷ്യന്‍ ഡിപ്ലോമാറ്റുകളെ പുറത്താക്കിയത്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് റഷ്യ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റും റഷ്യ അടച്ചുപൂട്ടി. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലിനെയും മകളെയും നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാശ്ചാത്യരാജ്യങ്ങള്‍ നടപടി സ്വീകരിച്ചത്. ഇത് ബ്രിട്ടന്‍ നേടിയ നയതന്ത്രവിജയമാണ്.
60 റഷ്യന്‍ ഡിപ്ലോമാറ്റുകളെയാണ് അമേരിക്ക പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് റഷ്യയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സമാനെ റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറായിരുന്ന സ്‌ക്രിപാല്‍ ബ്രിട്ടീഷ് ചാരസംഘടനയായ എംഐ6നു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്‌ക്രിപാലിനെ വഞ്ചകനെന്ന് ക്രെംലിന്‍ മുദ്രകുത്തിയിരുന്നതായും ആക്രമണത്തിനു പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്നുമാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. ബ്രിട്ടീഷ് ചാരന്‍മാരായിരിക്കാം ഈ ആക്രമണത്തിനു പിന്നിലെന്നാണ് റഷ്യ ആരോപിക്കുന്നത്.
ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്‌ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധ പ്രയോഗം റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ പുതിയ ശീതയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സാലിസ്ബറി ആക്രമണത്തേക്കുറിച്ചുള്ള അന്വേഷണം ആഴ്ചകള്‍ നീളുമെന്നാണ് കരുതുന്നത്. മെറ്റ് പോലീസ്, എംഐ5 എന്നിവരാണ് അന്വേഷണം നടത്തുന്നത്. റഷ്യയുടെ പങ്കിനെക്കുറിച്ച് ബ്രിട്ടന്‍ വ്യക്തമായ തെളിവ് നല്‍കിയില്ലെങ്കില്‍ ആക്രമണം നടത്തിയത് ബ്രിട്ടന്‍ തന്നെയാണെന്ന് കണക്കാക്കുമെന്ന് റഷ്യ
ടെക്‌സാസിലേക്കും ചിക്കാഗോയിലേക്കും പറക്കാന്‍ ഇനിമുതല്‍ വെറും 169 പൗണ്ട് മതി. നോര്‍വീജയന്‍സ് എയര്‍ലൈന്‍സാണ് ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയിലെ രണ്ട് പ്രമുഖ കേന്ദ്രങ്ങളായ ചിക്കാഗോയിലേക്കും ടെക്‌സാസിലേക്ക് വിമാന യാത്ര തെരഞ്ഞെടുക്കുന്നവര്‍ക്ക് പുതിയ ഓഫര്‍ ഉപയോഗപ്രദമാകും. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഇരു നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് വണ്‍വേ ടിക്കറ്റ് ഇത്രയും വിലക്കുറവില്‍ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇരു സ്ഥലങ്ങളിലേക്കും നോണ്‍സ്‌റ്റോപ് വിമാനങ്ങളാവും സര്‍വീസ് നടത്തുക.
ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളിലാവും പുതിയ ഓഫറുകള്‍ ലഭിക്കുക. ഇക്കോണാമി കാബിനുകളും പ്രീമിയം കാബിന്‍ സൗകര്യവും ഈ വിമാനത്തില്‍ ലഭ്യമാണ്. സൗത്ത് ഈസ്റ്റ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ ഏതാണ്ട് 60 ശതമാനമത്തോളം സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാന യാത്രാക്കൂലി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടിഷ് പൗരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ ലൈവ് മ്യൂസിക് കാപ്പിറ്റലായ ഓസ്റ്റിനിലേക്ക് ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും നേരിട്ട് സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് നോര്‍വീജിയന്‍ വിമാനക്കമ്പനിയുടെ ചീഫ് കോമേഷ്യല്‍ ഓഫീസര്‍ തോമസ് റാംഡാല്‍ വ്യക്തമാക്കി.
ഞങ്ങളുടെ വിമാനങ്ങള്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ക്കും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കായി നോര്‍വീജിയന്‍ എയര്‍ലൈന്‍സ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഞങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും തോമസ് റാംഡാല്‍ പറഞ്ഞു. ലോക പ്രസിദ്ധമായ സംഗീത വിരുന്ന് ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് ഓസ്റ്റിനില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് വന്നതോടെ കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ നിന്ന് ഇവിടെയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.
കോണ്‍കോര്‍ഡിനേക്കാളും വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന പുതിയ സൂപ്പര്‍സോണിക് ജെറ്റ് എഞ്ചിന്‍ വരുന്നു. ബൂം സൂപ്പര്‍ സോണിക് വിമാനങ്ങളിലാണ് പുതിയ എഞ്ചിന്‍ ഘടിപ്പിക്കാനൊരുങ്ങുന്നത്. 2018ല്‍ പ്ലാന്‍ ചെയ്തിരിക്കുന്ന പരിശീലനപ്പറക്കലിന് ഈ എഞ്ചിന്‍ മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നത്. ബൂം സൂപ്പര്‍ സോണിക് ജെറ്റിന്റെ യുഎസ് കേന്ദ്രത്തില്‍ പ്രസ്തുത എഞ്ചിന്‍ കൊണ്ടു വരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ കണ്ടെയ്‌നറിലാണ് ജനറല്‍ ഇലക്ട്രിക് നിര്‍മ്മിച്ച എഞ്ചിന്‍ കൊണ്ടു വന്നിരിക്കുന്നത്. ബൂം എക്‌സ്ബി-1 ല്‍ പുതിയ എഞ്ചിന്‍ ഘടപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ബൂം എക്‌സ്ബി-1 അതിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുമെന്നാണ് കരുതുന്നത്. എക്‌സ്ബി-1 എഞ്ചിന്‍ ബൂംഎയ്‌റോ ഹാങറില്‍ എത്തിച്ചേര്‍ന്നതായി ഉടമസ്ഥന്‍ ബ്ലേക്ക് സ്‌കോള്‍ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.
സൂപ്പര്‍ സോണിക് യാത്രാവിമാനങ്ങളുടെ ആദ്യയുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോണ്‍കോര്‍ഡ് വിമാനം യാത്രയവസാനിപ്പിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബ്ദാതിവേഗ വിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ജപ്പാന്‍ എയര്‍ലൈന്‍സുമായി ബൂം അധികൃതര്‍ ഉണ്ടാക്കിയ കരാര്‍ മേഖലയില്‍ നിര്‍ണായകമായിരുന്നു. കരാര്‍ നിലവില്‍ വന്ന് ഒരു മാസത്തിന് ശേഷമാണ് എഞ്ചിന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കരാര്‍ പ്രകാരം 20 ബൂം എയര്‍ക്രാഫ്റ്റുകളാണ് ജപ്പാന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രാവശ്യങ്ങള്‍ക്കായിരിക്കും ജപ്പാന്‍ എയര്‍ലൈന്‍സ് ഈ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തുക. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ടോക്കിയോയിലേക്ക് പറക്കുന്ന വിമാനത്തിന്റെ യാത്രാ സമയം ഏതാണ്ട് 11 മണിക്കൂറോളം വരും എന്നാല്‍ മാര്‍ച്ച് 22ഓടെ യാത്ര ആരംഭിക്കാനിരിക്കുന്ന ബൂം എയര്‍ക്രാഫ്റ്റുകള്‍ ഇതിന്റെ പകുതി സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബൂം യാത്രാവിമാനങ്ങള്‍ക്ക് 55 യാത്രക്കാരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 1,687 മൈല്‍ വേഗതയില്‍ പറക്കാന്‍ കഴിയും. കോണ്‍കോര്‍ഡ് വിമാനങ്ങളെക്കാളും 300മൈല്‍ അധിക വേഗതയിലാണ് ബൂം എയര്‍ക്രാഫ്ര്റ്റുകള്‍ സഞ്ചരിക്കുക. 2023 ഓടെ അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് മുകളിലൂടെ യാത്രക്കാരുമായ പറക്കാന്‍ ജെറ്റുകള്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് എയര്‍ഷോയില്‍ വിമാനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിമാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായി സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബൂം സൂപ്പര്‍ സോണിക് വിമാന നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. പുതിയ ജെറ്റുകള്‍ക്കായി ഏതാണ്ട് 76 ഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ നൂറ് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന സ്ഥലമാണ് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ബ്ലേക്ക് സ്‌കോള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഷാർജ സിവിൽ ഡിഫെൻസിന്റെ ഒാപ്പറേഷൻ റൂമിലേക്ക് വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടവാർത്തയെത്തുന്നത്. കൃത്യം അഞ്ചുമിനിറ്റ് കൊണ്ട് തന്നെ അപകടം നടന്ന അലവ്‍ നഹ്ദയിലെത്തി. അപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി പ്രതീക്ഷകൾക്ക് അപ്പുറത്താണെന്ന് ഉദ്യോഗസ്ഥർ അറിയുന്നത്.
തകർന്ന് വീണിരിക്കുന്നത് വൻകിട കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്ന ഭീമൻ ക്രെയിനാണ്. ക്രെയിനിന്റെ വലിപ്പത്തേക്കാളുപരി അതിനൊപ്പം തകർന്ന് വീണ ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങളായിരുന്നു. മറ്റ് തൊഴിലാളികളോട് സംസാരിക്കുമ്പോൾ ഇതിനടിയിൽ രണ്ടുപേർ കുടുങ്ങികിടക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ആ ജീവനുകൾ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഞങ്ങളുടെ മുന്നിൽ.
ജീവിതത്തിനും മരണത്തിനുമിടെയിൽ ഏഴുമണിക്കൂറുകൾ. ഒരു നിമിഷം പോലും വെറുതേ കളയാതെയുള്ള തീവ്രശ്രമം. ഒടുവിൽ ഒരാളെ ദുരന്തഭൂമിയിൽ നിന്ന് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സമാധാനം.’ ഷാർജ സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥന്റെ ഇൗ വാക്കുകളിൽ തന്നെ പ്രകടമായിരുന്നു അപകടത്തിന്റെ തീവ്രത.
ഷാർജയിലെ കെട്ടിടനിർണാണ സ്ഥലത്താണ് ഭീമൻ ക്രെയിൻ കോൺക്രീറ്റ് നീക്കത്തിനിെട തകർന്ന് വീണത്. വൈകുന്നേരം അഞ്ചരയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം പുലർച്ചെ ഒരുമണിയോടെയാണ് ഫലം കണ്ടത്. ഷാർജ ഡിഫെൻസും ഷാർജ പൊലീസും സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അപകടത്തിൽപ്പെട്ട ഒരാൾ മരിക്കുകയും മറ്റൊരാളെ ജീവനോടെ രക്ഷിക്കാനും കഴിഞ്ഞിരുന്നു. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇയാൾക്ക് മുപ്പത്തിയഞ്ച് വയസ് പ്രായം വരുമെന്ന് അധികൃതർ പറയുന്നു. ജീവനോടെ രക്ഷിക്കാനായ 23 വയസുള്ള പാകിസ്ഥാൻ പൗരൻ ഫറാസാദ് ഖാൻ സാവാസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വൈറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കമ്പനി തൊഴിലാളികൾക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കയ്യുറകളും ഹെൽമറ്റുമൊക്കെ തൊഴിലാളികൾക്ക് നൽകുമെങ്കിലും നിർമാണമേഖലയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പഴക്കവും സുരക്ഷാമുൻകരുതലുകളിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുെമന്നും അധികൃതർ വ്യക്തമാക്കി
റിയാദ് : പല രാജ്യങ്ങളും ചെലവുചുരുക്കലിന്റെയും, സ്വദേശിവൽക്കരണത്തിനെയും പിന്നാലെയാണ്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി നാട് വിട്ടവരാണ് നേഴ്‌സുമാർ. എന്നാൽ സൗദിയിൽ ഉള്ള നിരവധി നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ ആണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2005ന് മുമ്പ് പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ല. ഇതാണ് നഴ്സുമാരെ ആശങ്കയിലാഴ്ത്തുന്നത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നാണ് വിവരം. ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്സ് പാസായ ശേഷം സൗദിയിലെത്തി ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നുണ്ടാവണം.
ഇന്ത്യയിലെ അതാത് സംസ്ഥാന നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് റിക്രൂട്ടിങ് സമയത്ത് ഇവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റായി മന്ത്രാലയത്തില്‍ ഹാജരാക്കിയത്. അതിന് അനുസൃതമായി ലഭിച്ച ലൈസന്‍സിലാണ് ഈ കാലം വരെയും ജോലി ചെയ്തുവന്നതും. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ മാറ്റം വരുത്തി എന്നാണ് നഴ്സുമാര്‍ക്ക് ലഭിക്കുന്ന വിവരം. ഡിപ്ലോമ ഇല്ലാത്തവരുടേത് പുതുക്കാനിടയില്ല. അങ്ങനെ സംഭവിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ഇത്തരത്തില്‍ സംഭവിക്കാനിടയുള്ള കൂട്ടപിരിച്ചുവിടല്‍ ഭീഷണിയെ ഗൗരവപൂര്‍വം കാണണമെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നഴ്സുമാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രൂക്ഷമായേക്കാവുന്ന ഈ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജിദ്ദ നവോദയ ഈ വിഷയം കേരള നഴ്സിങ് അസോസിയേഷന്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് നിവേദനം നല്‍കുകയും ചെയ്തു.വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നഴ്സുമാര്‍ അയച്ച നിവേദനത്തില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഴ്സിങ് കൗണ്‍സിലിനോട് ആവശ്യപ്പെടണമെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2005ന് ശേഷം ജനറല്‍ നഴ്സിങ് കോഴ്സ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പുള്ള ആരുടേയും സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇല്ല. പുതുതായി ജോലിക്കെത്തുന്നവരെല്ലാം നഴ്സിങ് ബിരുദമുള്ളവരാണ്. അതുകൊണ്ട് തന്നെ നിയമത്തിലെ ഈ മാറ്റം ബാധിക്കുക നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സീനിയര്‍ നഴ്സുമാരെ തന്നെയാവും. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്സുമാര്‍ക്കും ഇത് പ്രതികൂലമാണ്.
എന്നാൽ നിയമ മാറ്റത്തിന് മറ്റൊരു വശം കൂടിയുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. കാലങ്ങളായി വർക്ക് ചെയ്യുന്ന നേഴ്‌സുമാർ കരസ്ഥമാക്കുന്നത് വലിയ മാസശമ്പളമാണ്. ഇങ്ങനെയുള്ളവരുടെ വിസ പുതുക്കാതെ വരുമ്പോൾ, പുതിയ നേഴ്‌സുമാരെ നിയമിക്കുക വഴി ധനലാഭം നേടാനും ജോലിയിൽ കാര്യക്ഷമത കൂടുതലുള്ള ചെറുപ്പക്കാരായ നേഴ്‌സുമാരെ എത്തിക്കുവാനും സാധിക്കും എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ സ്വദേശിവൽക്കരണത്തോടൊപ്പം യുവ നേഴ്‌സുമാരുടെ വരവിനും ധനലാഭത്തിനും കാരണമാകും. നിയമ വിധേയമായി ജോലി നഷ്ടപ്പെടുബോൾ കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ല എന്ന വസ്തുതയും ഇതിലുള്ളതായി സംശയിക്കുന്നു.
ബ്രിട്ടന് തിരിച്ചറിയാനാകാത്ത വിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായ സംഭവത്തോടെ ബ്രിട്ടനും റഷ്യക്കുമിടയില്‍ ശീതയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. യുദ്ധസമാന സാഹചര്യമാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് സ്‌ക്രിപാല്‍ ആക്രമിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥനായിരുന്ന സ്‌ക്രിപാല്‍ എംഐ6 നു വേണ്ടി ചാരവൃത്തി നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബ്രിട്ടന്‍ വിശ്വസിക്കുന്നത്.
സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായതിന് സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭക്ഷണ വിതരണ ശൃഖലയെ കണക്ട് ചെയ്യുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാക്കാമെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ജെറമി സ്‌ട്രോബ് പറയുന്നു. ഭക്ഷണ പദാര്‍ഥങ്ങളില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വകവരുത്തുന്നതിനായി റോബോട്ടുകളെ റഷ്യ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഡെയിലി സ്റ്റാറിന് നല്‍കി അഭിമുഖത്തില്‍ സ്‌ട്രോബ് പറയുന്നു. നമുക്ക് തിരിച്ചറിയാനാകാത്ത മാര്‍ഗങ്ങളിലൂടെയായിരിക്കും ആക്രമണങ്ങള്‍ ഉണ്ടാകുക. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയോ ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ നല്‍കിയോ ആക്രമണങ്ങള്‍ ഉണ്ടായേക്കാം.
അച്ചാര്‍ അലര്‍ജിയുള്ള ഒരാള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ അച്ചാര്‍ കലര്‍ത്തി നല്‍കുക തുടങ്ങിയ സൂക്ഷ്മ തലത്തിലുള്ളആക്രമണങ്ങളായിരിക്കും ഉണ്ടാകാനിടയുള്ളത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനു ശേഷം നിങ്ങളുടെ ശരീരത്തിന് അലര്‍ജിയോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ ചേര്‍ക്കപ്പെട്ടേക്കാമെന്നും സ്‌ട്രോബ് പറയുന്നു. എഐ ആക്രമണങ്ങളെക്കുറിച്ച് റഷ്യ നിരന്തരം സംസാരിക്കാറുണ്ട്. പുടിന്‍ തന്നെ നേരിട്ട് ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നതായും സ്‌ട്രോബ് കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യത്തില്‍ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് ബഹ്ഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചില എംപിമാര്‍ രംഗത്ത് വന്നു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സാലിസ്‌ബെറി ആക്രമണത്തിനെ അപലപിച്ചു. റഷ്യയുടെ നിലപാടിന് ലോക രാജ്യങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയിലെ അരിസോണയില്‍ യൂബറിന്റെ സ്വയം നിയന്ത്രിത കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ടത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവതിയെ സ്വയം നിയന്ത്രിത കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ പോലീസ് പുറത്ത് വിട്ടു. ദാരുണ സംഭവത്തെ തുടര്‍ന്ന് യൂബര്‍ സ്വയം നിയന്ത്രിത കാറുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യ ഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല.
അപകടത്തോടു കൂടി ഓട്ടോമാറ്റിക്ക് കാറുകളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളും പരീക്ഷണ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ നിരത്തിലിറക്കി കഴിഞ്ഞു. പുതിയ അപകടത്തോടു കൂടി സ്വയം നിയന്ത്രിത കാറുകള്‍ സുരക്ഷിതമല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.
സ്വയം നിയന്ത്രിത കാറിന് മുന്നില്‍ നിശ്ചിത ദൂരത്തില്‍ എന്തു വന്നാലും ഓട്ടോമാറ്റിക്കായി കാര്‍ നിര്‍ത്തേണ്ടതാണ്. സെന്‍സറുകളുടെയും ക്യാമറകളുടെയും സഹായത്തോടു കൂടിയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അപകട സമയത്ത് കാറിന്റെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അപകട സമയത്ത് കാറിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ ആയിരുന്നു.
ദൃശ്യങ്ങള്‍ കാണാം.
Tempe Police Vehicular Crimes Unit is actively investigating
the details of this incident that occurred on March 18th. We will provide updated information regarding the investigation once it is available. pic.twitter.com/2dVP72TziQ— Tempe Police (@TempePolice) March 21, 2018
ഇസ്ലാമിസ്റ്റ് ഭീകരന്‍ ബന്ദികളാക്കിയവര്‍ക്ക് പകരം സ്വയം സമര്‍പ്പിച്ച് ജീവന്‍ ബലി നല്‍കിയ പോലീസ് ഉദ്യോഗസ്ഥന് ആദരാഞ്ജലികള്‍ അര്‍പ്പിത്ത് ഫ്രാന്‍സ്. ലെഫ്. കേണല്‍ അര്‍നോഡ് ബെല്‍ട്രെയിം ആണ് ബന്ദികള്‍ക്ക് പകരം തന്റെ ജീവന്‍ നല്‍കിയത്. വെള്ളിയാഴ്ച രാവിലെ കാര്‍കാസോണിലാണ് സംഭവമുണ്ടായത്. ഇസ്ലാമിസ്റ്റ് തീവ്രവാദിയായ റെദോവാന്‍ ലാക്ദിം എന്ന 25കാരന്‍ ഒരു കാര്‍ തട്ടിയെടുക്കുകയും യാത്രക്കാരനെ കൊലപ്പെടുത്തുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ജോഗിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കു നേരെ ഇയാള്‍ വെടിയുതിര്‍ത്തു. പിന്നീട് ട്രീബ്‌സില്‍ സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ താന്‍ ഐസിസ് തീവ്രവാദിയാണെന്ന് വിളിച്ചു പറയുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു.
സ്റ്റോറിലുണ്ടാരുന്നവരെ ഇയാള്‍ ബന്ദികളാക്കി. പിന്നീട് സ്റ്റോറില്‍ അകപ്പെട്ട നിരവധി പേരെ പോലീസ് മോചിപ്പിച്ചെങ്കിലും ഒരു സ്ത്രീയെ ഇയാള്‍ മനുഷ്യകവചമാക്കി നിര്‍ത്തി. ഈയവസരത്തിലാണ് കേണല്‍ ബെല്‍ട്രെയിം ബന്ദിക്ക് പകരം സ്വയം നല്‍കിയത്. അപ്രകാരം ചെയ്തപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ പുറത്തുള്ളവര്‍ക്ക് വിവരങ്ങള്‍ ലഭിക്കാനായി സജ്ജമാക്കി ഒരു ടേബിളില്‍ വെച്ചിരുന്നു. പിന്നീട് വെടിയൊച്ചകള്‍ കേട്ടപ്പോള്‍ പോലീസ് സംഘം സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇതിനിടെ ബെല്‍ട്രെയിമിന് വെടിയേറ്റിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇസ്ലാമിക ഭീകരാക്രമണം എന്നാണ് സംഭവത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു. 16 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. 2015ല്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തില്‍ പിടിയിലായ സലാ അബ്ദെസലാമിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ആക്രമണം നടത്തിയത്. ബെല്‍ട്രെയിം പ്രകടിപ്പിച്ച ധീരതയെ ഇമ്മാനുവല്‍ മാക്രോണ്‍ പ്രകീര്‍ത്തിച്ചു. ഉദ്യോഗസ്ഥന്റെ ത്യാഗവും ധീരതയും എന്നും ഓര്‍മിക്കപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു.
ഓസ്ട്രേലിയയിൽനിന്ന് ഒറ്റപ്പറക്കൽ, ക്വാണ്ടാസ് വിമാനം 14,498 കിലോമീറ്ററുകൾ താണ്ടിയെത്തിയത് ലണ്ടനിൽ. ദൈർഘ്യമേറിയ സർവീസ് നടത്തി പേരെടുത്ത ഓസ്ട്രേലിയയിലെ പ്രമുഖ വിമാനക്കമ്പനിയായ ക്വാണ്ടാസ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. പെർത്തിൽനിന്ന് ഇടത്താവളങ്ങളോ ഇടവേളകളോ ഇല്ലാതെ നിർത്താതെ പറന്ന് ലണ്ടനിലെത്തിയാണ് ക്വാണ്ടാസ് വിസ്മയിപ്പിച്ചിരിക്കുന്നത്. ക്വാണ്ടാസിന്റെ ക്യൂഎഫ്9 എന്ന വിമാനമാണ് ഈ വിസ്മയ ദൗത്യം പൂർത്തിയാക്കി ലണ്ടൻ വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. വെറും 17 മണിക്കൂർ മാത്രമാണ് ഇത്രയും ദൂരം പറക്കാൻ ചെലവഴിച്ചത്.
വിമാനത്തിൽ 200 യാത്രക്കാരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പെർത്തിൽനിന്ന് ശനിയാഴ്ച പ്രാദേശിക സമയം 6.49 ന് പറന്നുയർന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഞായറാഴ്ച 5.10 ന് എത്തി.
ബോയിംഗിന്റെ 787-9 ഡ്രീംലൈനർ വിമാനമാണ് ക്വാണ്ടാസ് ഇതിനായി ഉപയോഗിച്ചത്. ഇത് ബോയിംഗ് 747 നേക്കാൾ ഇരട്ടിയിലധികം ഇന്ധനം ശേഖരിക്കാൻ കഴിവുള്ള വിമാനമാണ്.
നേരത്തെ ക്വാണ്ടാസ് ഓസ്ട്രേലിയ-യുകെ സർവീസ് നടത്തിയിരുന്നു. കംഗാരു റൂട്ട് എന്നറിയപ്പെട്ടിരുന്ന സർവീസ് നാലു ദിവസമെടുത്താണ് യുകെയിൽ എത്തിയിരുന്നത്. ഇതിനിടയിൽ കോൽക്കത്തയിലടക്കം ഏഴ് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്.
ക്വാണ്ടാസ് എ380 നടത്തുന്ന സിഡ്നിയിൽ നിന്ന് ഡാളസ് വരെയുള്ള സർവീസായിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രയായി കണക്കാക്കിയിരുന്നത്.