കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.
ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.
ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.
കൊറോണ വൈറസ് ബാധ മുലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ ഓരോ ദിവസവും മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല നഗരങ്ങളിലും സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ഏറ്റവും അത്യവശ്യമായ സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കും. മരണ സംഖ്യ വര്‍ധനവിന്റെ നിരക്ക് പരിശോധിച്ചാല്‍ ചൈനയുടെ മരണ സംഖ്യയുടെ ഇരട്ടിയാകാന്‍ ഒന്നോ രണ്ടോ ദിവസം മതിയാകും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 700ല്‍ അധികം പേര്‍ ഇറ്റലിയില്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലോ ഐസൊലെഷനിലോ ഉള്ള 42,680 സജീവ കേസുകളില്‍ 2857 പേരുടെ നില ഗുരുതരമാണ് എന്നത് സൂചിപ്പിക്കുന്നത് മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ്.
പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന വിഷയം വയോജന ജനസംഖ്യയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള രാജ്യമാണ് ഇറ്റലി. ഇവിടത്തെ ശരാശരി പ്രായം 45.4 ആണ്. രാജ്യത്തിന്റെ 23 ശതമാനം ജനങ്ങളും 65 വയസിനു മുകളില്‍ ഉള്ളവരാണ്. ഇറ്റലിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശരാശരി പ്രായം 78.5 ആണ്. ഇവരില്‍ 99% പേരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളവരാണ് എന്നതും ശ്രദ്ധിയ്ക്കുക.
ഇറ്റലിയിലെ യുവാക്കള്‍ അവരുടെ വീടുകളിലെ വയോജനങ്ങളുമായി ഏറെ അടുത്തിടപഴകി ജീവിക്കുന്നവരാണ് എന്ന വസ്തുതയാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ മിലാന്‍ അടക്കമുള്ള വന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ കുടുംബത്തിനൊപ്പം താമസിക്കുന്നവരുമാണ്. നഗരങ്ങള്‍ക്കും വീടുകള്‍ക്കും ഇടയിലെ പ്രതിദിനമുള്ളതോ ഇടവിട്ടുള്ളതോ യാത്ര ആയിരിക്കാം കൊറോണ വൈറസിന്റെ നിശബ്ദ പടര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും കൊറോണ ഏറ്റവും വേഗത്തില്‍ പടരാവുന്ന വയോജനങ്ങളില്‍ ഇതെത്തിക്കുന്ന വാഹകരായി യുവാക്കള്‍ പ്രവര്‍ത്തിച്ചു എന്നതാണു യാഥാര്‍ഥ്യം. ഇറ്റാലിയന്‍ അധികൃതര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് മുന്പ് വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞിരുന്നു.
അതേ സമയം ശരാശരി പ്രായം 47.3 ആയ ജപ്പാനില്‍ പക്ഷേ കോവിഡ് മരണം 35 മാത്രമാണ്. അപ്പോള്‍ പ്രായം മാത്രമല്ല കോവിഡ് നിയന്ത്രണത്തിന് പരിഗണിക്കേണ്ട ഘടകം എന്നു സൂചിപ്പിക്കുകയാണ് ജപ്പാന്റെ ഉദാഹരണം.”എന്തുകൊണ്ട് ഇറ്റലി എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതിനൊരു ലളിതമായ ഉത്തരമില്ല.”ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ യാഷ്ക മൌങ്ക് പറയുന്നു.
തങ്ങളുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതില്‍ കൂടുതല്‍ പേരെ രോഗം ബാധിച്ചതോടെ പ്രായം കൂടിയവരെ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.
രാജ്യത്തു ഇതുവരെ 15 ഓളം ആരോഗ്യ പ്രവര്‍ത്തകരും 18 പുരോഹിതന്മാരും മരണപ്പെട്ടു എന്നത് കോവിഡ് മഹാമാരി ഇറ്റലിയില്‍ ഉണ്ടാക്കിയ ദുരന്തത്തിന്റെ ചിത്രം കൂടുതല്‍ ഇരുണ്ടതാക്കുന്നു.
ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതുപോലെ ദക്ഷിണ കൊറിയയും ജപ്പാനും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ കാണിച്ച മാതൃക സ്വീകരിച്ച് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയും രോഗ ബാധിതര്‍ കൂടുതല്‍ സാമൂഹിക വ്യാപനത്തിന്റെ വാഹകാരായി മാറുന്നത് തയുകയും മാത്രമാണ് ഇറ്റലിയുടെ മുന്‍പിലെ പോംവഴി എന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കൊറോണ വൈറസ് ബാധമൂലം യുറോപ്പിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. രോഗ ബാധയെ തുടര്‍ന്ന് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ച ദിവസം ഇന്നലെയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കിയിട്ടുണ്ട്. അമേരിക്കയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്.
ഇറ്റലിയിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. ഇന്നലെ മാത്രം 368 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇറ്റലിയിൽ മാത്രം 1809 ആയി. സ്‌പെയിനില്‍ ഇന്നലെ 97 പേരാണ് മരിച്ചത്. ഇതികനം 288 പേരാണ് വൈറസ് ബാധയ്ക്ക് ഇരായായി ജീവന്‍ നഷ്ടപ്പെട്ടത്. ഫ്രാന്‍സില്‍ ഇതിനകം 120 പേരാണ് മരിച്ചത്. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് 29 പേര്‍ക്കാണ്.
ബ്രിട്ടനില്‍ കൊറോണ മൂലം ജീവന്‍ നഷ്ടമായത് 35 പേര്‍ക്കാണ്. ഇന്നലെ മാത്രം 14 പേര്‍ മരിച്ചു.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ജനങ്ങളുടെ യാത്രയ്ക്ക് വിവിധ സര്‍ക്കാരുകള്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ഡെന്മാര്‍ക്ക്, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ ജര്‍മ്മനി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌പെയിനുമായുള്ള അതിര്‍ത്തി പോര്ച്ചുഗല്‍ അടച്ചു. അഞ്ചുപേരില്‍ കൂടതുല്‍ സംഘം ചേരുന്നത് ഓസ്ട്രിയ നിരോധിച്ചു. അത്യാവിശ്യ സന്ദര്‍ഭങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് ചെക്ക് റിപ്പബ്ലിക്ക് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
യുറോപ്യന്‍ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടി ആളുകള്‍ യുറോപ്പില്‍ വീടുകളില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ബ്രിട്ടനിലും നടപ്പിലാക്കുന്ന കാര്യം ആലോചനയിലാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. 70 വയസ്സില്‍ അധികം പ്രായമുള്ള ആളുകള്‍ പരമാവധി മറ്റുള്ളവരില്‍നിന്ന് അകന്ന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടനിലെ സ്ഥ്തിഗതികള്‍ വിശദീകരിക്കാന്‍ എല്ലാദിവസവും പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ വാര്‍ത്താ സമ്മേളനം നടത്തും
അമേരിക്കയില്‍ 50 ആളുകളില്‍ അധികം പങ്കെടുക്കുന്ന പരിപാടികള്‍ മാറ്റിവെയ്ക്കണമെന്ന് യുഎസ് സെൻ്റെഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എട്ടാഴ്ചത്തേക്ക് നിയന്ത്രണം അനിവാര്യമാണെന്നാണ് നിര്‍ദ്ദേശം. അമേരിക്കയിലെ 49 സംസ്ഥാനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 62 പേരാണ് അമേരിക്കയിൽ ഇതിനകം മരിച്ചത്. വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗ നിർണയത്തിന് 2000 പുതിയ ലാബുകൾ സജ്ജീകരിക്കുമെന്ന് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് അറിയിച്ചു.
ചൈനയില്‍ ആരംഭിച്ച കോവിഡ് 19 ന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം യുറോപ്പാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 24,717 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്.ലോകത്തെമ്പാടുമായി 1,62,687 പേര്‍ക്കാണ് ഇതിനകം രോഗ ബാധയുണ്ടായിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ പേരും ചൈനയിലാണ്. ഇവിടെ 81,003 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധയേറ്റത്. 6,065 പേരാണ് ലോകത്തെമ്പാടുമായി കോവിഡ് 19 ബാധിച്ച് മരിച്ചത്.
യൂറോപ്പിൽ കൊറോണ വൈറസ് (കോവിഡ്–19) രോഗത്തിന്റെ കേന്ദ്രമായ ഇറ്റലിയിൽ മരണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർ കൂടി മരിച്ചതോടെയാണിത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ.
ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ കാണികളുടെ അഭാവത്തിൽ നടത്തണമെന്നാണ് നിർദേശം.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. ചൈനയിൽ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകൾ ലഭിക്കുന്പോൾ യൂറോപ്പിൽ രോഗം പടരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്.
യൂറോപ്പ്യൻ യൂണിയനിൽ പെടുന്ന മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതി. സിനിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കി. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനിയുടെ മരണത്തിലാണ് ദുരൂഹത. സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
ഫെബ്രുവരി 17നാണ് സിനി മരിച്ചത്. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്. പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു. എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു.
ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പരാതിയിൽ പറയുന്നു.
കൊറോണ വൈറസ്ന്റെ ഉത്ഭവ നഗരമായ ചൈനയിലെ വുഹാനില് നിന്ന് സ്വന്തം നാട്ടിലെത്തിയപ്പോള്‍ അവരെ വരവേറ്റത് കല്ലേറ്. യുക്രയിനിലാണ് വുഹാനില്‍ നിന്ന് തിരിച്ചെത്തിയവരെ കൊണ്ടുപോകുന്ന ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്. റോഡില്‍ ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
നാട്ടുകാരെ തടയാന്‍ പോലീസ് ഇറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വുഹാനില്‍ നിന്ന് വന്നവരെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
മധ്യ യുക്രെയിനിലെ പൊള്‍ട്ടാവയിലെ നോവി സാന്‍ചറിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് വൈറസ് ബാധിത മേഖലകളില്‍ നിന്ന് വന്നവരെ കൊണ്ടുപോയത്. ഡസന്‍കണക്കിന് ഗ്രാമവാസികളാണ് റോഡ് തടസ്സപ്പെടുത്താനെത്തിയത്. വുഹാനില്‍ നിന്ന് വന്നവരെ ഗ്രാമത്തില്‍ താമസിപ്പിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം.
പോലീസെത്തി തടസ്സം നീക്കിയ ശേഷമാണ് ബസ് കടന്നുപോയത്. നിരവധി നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഒത്തുകൂടിയ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ആശുപത്രിയുടെ ജനാലകള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്നും കുറ്റം ചെയ്യുന്നവരെ പോലീസ് തടയുമെന്നും പോലീസ് മേധാവി ഇവാര്‍ വ്യോഗോവ്‌സ്‌കി അറിയിച്ചു.
ഈയാഴ്ച ആദ്യം പടിഞ്ഞാറന്‍ നഗരങ്ങളായ ടെര്‍നോപിലിലും എല്‍വിവിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കനായുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇവിടെ ഒരുക്കുന്നതായുള്ള അഭ്യൂഹങ്ങളെ തുടര്‍ന്നായിരുന്നു ജനങ്ങള്‍ റോഡില്‍ തടസ്സങ്ങളുണ്ടാക്കി പ്രതിഷേധിച്ചത്.
വൈറസ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവരോട് അനുതാപത്തോടെ പെരുമാണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ സെലന്‍സ്‌കി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എഴുപതോളം ആളുകളെയാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യുക്രെയ്‌നിലെത്തിയച്ചത്.
#Ukrainian protesters hurl stones at buses carrying #Wuhan #coronavirus evacuees in #NovyeSanzhary
MORE: https://t.co/6emEcaEANu pic.twitter.com/VgZ9wk9uwg
— RT (@RT_com) February 20, 2020
Riot police violently quash #coronavirus quarantine protesters in a #Ukrainian village
MORE: https://t.co/6emEcaEANu pic.twitter.com/4T9gT2OjDd
— RT (@RT_com) February 20, 2020
മുസ്ലീം ആരാധാനാലയങ്ങൾക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട വലതുപക്ഷ തീവ്രവാദ സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ജർമ്മനിയിലെ മുസ്ലീംങ്ങള്‍. പള്ളികൾക്കുൾപ്പെടെ കൂടുതല്‍ പോലീസ് സംരക്ഷണം വേണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആവശ്യം.
10 ജർമ്മൻ സംസ്ഥാനങ്ങളിലെ പള്ളികളില്‍ പ്രാർത്ഥനയ്ക്കിടെ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു തീവ്രവാദികളെയാണ് ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് കൂടുതല്‍ സമക്ഷണം എന്ന ആവശ്യവുമായി മുസ്ലിം സമുദായം രംഗത്തെത്തിയത്.
കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള മുസ്ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് അറസ്റ്റിലായ 12 പേര്‍ എന്നായിരുന്നു അറസ്റ്റ് വിഷയം വിശദീകരിച്ച സർക്കാർ വക്താവ് പ്രതികരിച്ചത്. രാജ്യത്ത് പുതിയൊരു തീവ്രവാദ സംഘം രൂപീകരിക്കപ്പെട്ടതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ശക്തമായ അന്വേഷണത്തിലൊടുവിലായിരുന്നു നടപടികൾ.
സംഘത്തിന്റെ നീക്കങ്ങളും സംഭാഷണങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും മാസങ്ങളോളം നിരീക്ഷിച്ച് എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റുമായി മുന്നോട്ട് പോയത്. 12 പേരാണ് പോലീസിന്‍റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നത്.
അതിൽ 53 കാരനായ വെർണറുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളമുള്ള മുസ്‌ലിംകളെ ആക്രമിക്കാനുള്ള ‘കമാൻഡോകളെ’ നിയമിച്ചുകൊണ്ട് ശക്തമായ പദ്ധതികൾക്ക് രൂപം നൽകി. രണ്ടു പേരെ ആയുധങ്ങൾ വാങ്ങുന്നതിനായി നിയോഗിച്ചു. ഒപ്പം, എല്ലാ അംഗങ്ങളും 42,000 ഡോളർ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, തീവ്രവാദ സംഘത്തിലേക്ക് നുഴഞ്ഞുകയറിയ പോലീസിന്റെ ചാരൻ അതിവിദഗ്ദമായി വിവരങ്ങള്‍ ചോര്‍ത്തി നൽകുകയായിരുന്നു. വലിയൊരു ഗൂഡാലോചനയാണ് കൃത്യമായ നീക്കത്തിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞത്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയൊരു തീവ്രവാദ സംഘം രൂപം കൊണ്ടതില്‍ താൻ ആശങ്കാകുലനാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജോർൺ ഗ്രീൻവാൾഡർ പറഞ്ഞു.
ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. 751 അംഗ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. പരമ്പരാഗത സ്കോട്ടിഷ് ഗാനം, ‘ഓൾഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ടാണ് ചേംബർ ബ്രിട്ടനു വിടച്ചൊല്ലിയത്.
ഉടമ്പടി വ്യവസ്ഥകൾക്കു പാർലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയതോടെ ബ്രെക്സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ഈ മാസം 31ന് രാത്രി 11നാണ് ബ്രെക്സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാർലമെന്ററി കമ്മിറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബിൽ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.
യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വർഷത്തെ യൂറോപ്യൻ ബന്ധം അവസാനിപ്പിച്ച് ഇവർ യൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങി. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.
31ന് അർദ്ധരാത്രി ബ്രെക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്) ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല.
മണമ്പൂർ സുരേഷ്
ജര്‍മ്മനിയിലേക്ക് പോസ്റ്റ് ഗ്രാജുവേഷനും, ഗവേഷണവും ചെയ്യാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ? അതിനുള്ള ചെലവെന്താണ്? യോഗ്യത എന്താണ് ? ഭാഷാപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?
പഠിച്ചവരും പഠിക്കുന്നവരുമായ മൂന്നു പേര്‍ അവരുടെ അനുഭവം Planet Search with MS എന്ന യു ട്യൂബ് ചാനലിനോട് വിവരിക്കുന്നു. ഇതില്‍ ഒരാള്‍ അവിടെ നിന്നും PhD എടുത്തു. മറ്റുരണ്ടു പേര്‍ അവിടെ ഇപ്പോള്‍ PhD ചെയ്യുന്നു. അതില്‍ ഒരാള്‍ ജര്‍മ്മനിയിലേക്ക് പോസ്റ്റ് ഗ്രാജുവേഷനും ചെയ്തയാളാണ്.
ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിനടുത്തുള്ള ജസ്ടസ് ലീബിക് യൂനിവേഴ്സിറ്റിയില്‍ പോയി നേരിട്ട് രേക്കോര്‍ടു ചെയ്തതാണിത്. Planet Search with MS ന്റെ പുതിയ എപിസോട് ഇതിലേക്ക് വെളിച്ചം പരത്തുകയാണ്. രണ്ടാം ഭാഗം ഡിഗ്രി കോഴ്സിനു ജര്‍മ്മനിയില്‍ പോകുന്നതിനെക്കുറിച്ചാണ്.
ന്യൂസിലാന്‍ഡ് സ്വദേശി പോള്‍ മോറയും ഐറിഷുകാരനായ മാര്‍ട്ടിന്‍ ഷീല്‍ഡ്‌സുമായിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. കംഎക്‌സ് ട്രേഡിങ്ങിലൂടെയായിരുന്നു ഇരുവരും വിവിധ യൂറോപ്യന്‍ സര്‍ക്കാരുകളുടെ ഖജനാവിന് കോടികളുടെ നഷ്ടംവരുത്തിവെച്ചത്. ജര്‍മനിക്ക് പുറമേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രിയ, നോര്‍വെ, ഫിന്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടായി.
ഒരു സിംഗിള്‍ സെറ്റ് ഷെയറിന്റെ ഡിവിഡന്റ് ടാക്‌സില്‍ രണ്ടുതവണയാണ് ഇവര്‍ റീഫണ്ട് നേടിയത്.. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
പോള്‍ മോറയുടെയും മാര്‍ട്ടിന്‍ ഷീല്‍ഡ്‌സിന്റെയും സഹായത്തോടെ വിവിധ കമ്പനികളും ബാങ്കുകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരില്‍നിന്നെല്ലാം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
2011 ല്‍ ജര്‍മനിയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വന്‍ വെട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്. തുടര്‍ന്ന് പോള്‍ മോറയും ഷീല്‍ഡ്‌സും ജോലി ചെയ്തിരുന്ന ബാങ്കുകളിലും ഇവര്‍ പിന്നീട് ആരംഭിച്ച ട്രേഡിങ് സ്ഥാപനത്തിലും റെയ്ഡുകള്‍ നടത്തി. മാര്‍ട്ടിന്‍ ഷീല്‍ഡ്‌സ് പിന്നീട് ജര്‍മനിയുടെ പിടിയിലാവുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ബോണിലെ കോടതിയില്‍ ഷീല്‍ഡ്‌സിന്റെ വിചാരണ ആരംഭിച്ചത്. പോള്‍ മോറയ്‌ക്കെതിരെ ഡിസംബറില്‍ കുറ്റംചുമത്തിയെങ്കിലും ഇയാള്‍ ന്യൂസിലാന്‍ഡിലേക്ക് കടന്നുകളയുകയായിരുന്നു. അതേസമയം, തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മോറയുടെ പ്രതികരണം. വിചാരണ പൂര്‍ത്തിയായി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കോടികളാവും ഇവരില്‍നിന്ന് പിഴയായി ഈടാക്കുക.