ഒരു വീട്ടമ്മയെ മനഃപ്പൂർവം ചുമച്ചു ശല്യപ്പെടുത്തിയ സ്ത്രീക്കാണ് ശിക്ഷ കിട്ടിയത്. കാൻസർ ബാധിതതയും പത്തു കുട്ടികളുടെ അമ്മയുമായ ഹെതർ സ്പ്രാഗിനെയാണ് മനപ്പൂർവം ചുമച്ചു ശല്യപ്പെടുത്തിയത്.
ഫ്ളോറിഡയിലെ ജാക്സണ്വില്ലിൽനിന്നുള്ള ഡെബ്ര ഹണ്ടറിനാണ് 30 ദിവസം തടവും 500 ഡോളർ പിഴയും കിട്ടിയത്. അറിയാതെ സംഭവിച്ചതാണെങ്കിൽ ക്ഷമിക്കാമായിരുന്നു. മനപ്പൂർവമെന്നു തോന്നുന്ന രീതിയിൽ ചെയ്തു, ഒരു ക്ഷമ പോലും പറയുകയും ചെയ്തതുമില്ല. ഇതാണ് ഹെതറിനെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ഒരു ഹോംവെയർ സ്റ്റോറിനുള്ളിലായിരുന്നു സംഭവം. കുറ്റം ചെയ്ത ശേഷം ഡെബ്ര ഹണ്ടർ കടയുടമകളുമായി തർക്കിക്കാൻ തുടങ്ങിയപ്പോഴാണ് ഇരയായ ഹെതർ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. തുടർന്നു ചുമ ആക്രമണത്തിന്റെ വീഡിയോ വൈറലുമായി. ഹെതറിന്റെ മുഖത്തിനു സമീപം നിന്നായിരുന്നു ഈ സ്ത്രീയുടെ ചുമ.
തന്റെ മുഖത്തിനു നേർക്ക് അവർ ചുമച്ചതോടെ മസ്തിഷ്ക അർബുദത്തെ അതിജീവിച്ച ഹെതറിനു കടുത്ത ആശങ്കയായി. ചുമച്ചയാൾക്കു കോവിഡ് ബാധിച്ചിരുന്നോയെന്നതായിരുന്നു ആശങ്ക. കോവിഡ് പരിശോധന പൂർത്തിയാകുന്ന ദിനങ്ങൾ വരെ കടുത്ത സമ്മർദത്തിലായിരുന്നു ഹെതർ കഴിഞ്ഞിരുന്നത്. അവളുടെ പത്തു കുട്ടികളെയും പങ്കാളിയെയും കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയരാക്കേണ്ടി വന്നു. പരിശോധനയിൽ കുടുംബത്തിലെ ആർക്കും രോഗം ബാധിച്ചിട്ടില്ലെന്നു വ്യക്തമായി.
ഈ ടെസ്റ്റുകളുടെ ചെലവ് വഹിക്കാനും ഹണ്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുമ ആക്രമണത്തിന്റെ വീഡിയോ ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ ഹെതറിന്റെ കുടുംബത്തെ കോവിഡ് ഭീതിയിൽ പലരും അകറ്റിനിർത്തിയതായും ഇവർ വിലപിക്കുന്നു. എന്റെ കുട്ടികൾ തല താഴ്ത്തി എതിർദിശയിലേക്കു തിരിയുന്നതു ഞാൻ കണ്ടു. അവർ അനുഭവിക്കുന്നതെന്തെന്ന് എനിക്ക് അറിയാം. കാരണം ഞാനും അത് അനുഭവിക്കുകയായിരുന്നു.
ജഡ്ജി ജെയിംസ് റൂത്ത് ഹണ്ടർ തന്റെ ഇരയോടു വേണ്ടത്ര പശ്ചാത്താപം കാണിക്കാത്തതിന് അവളെ ശകാരിച്ചു. അദ്ദേഹം പറഞ്ഞു: അവളുടെ കുട്ടികൾ ഈ പ്രശ്നം സൃഷ്ടിച്ചില്ല, ഭർത്താവ് ചെയ്തില്ല. പക്ഷേ, ഹണ്ടർ ചെയ്തത് അത് അവളുടെ ലോകത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും അവൾ ഫേസ്ബുക്കിലൂടെ വിവരിച്ചിരുന്നു.
അവളോട് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള പെരുമാറ്റം അരോചകമായിരുന്നുവെന്നും മനസിലാക്കാം. എങ്കിലും കുറ്റം ചെയ്തയാൾക്കു താൻ ചെയ്തത് എന്താണെന്നോ അതിന്റെ ഗൗരവം എന്താണെന്നോ മനസിലായിട്ടില്ല. അതിനാൽ തന്നെ ഇരയോടു ക്ഷമാപണവും നടത്തിയിട്ടില്ല.
“ഞാൻ ആ നിമിഷം സ്തംഭിച്ചുപോയി, അതിനുശേഷം കൂടുതൽ ഭയപ്പെട്ടു. എന്റെ കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയുംകുറിച്ച് ആശങ്കയിലായിരുന്നു. 12 പേരുള്ള ഒരു വീട്ടിൽ എനിക്കു രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ എന്നതിനെക്കുറിച്ചുള്ള ആശങ്കയുണ്ടായിരുന്നു.
അതേസമയം, കുറച്ചുനാൾ മുന്‍പു തീപിടിത്തത്തിൽ കുടുംബത്തിനു തങ്ങളുടെ സാധനങ്ങളെല്ലാം നഷ്ടപ്പെട്ടതായി പ്രതി ഹണ്ടറിന്റെ ഭർത്താവ് ഡഗ് പറഞ്ഞു. അക്കാലത്തു ഭാര്യയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നെന്നും അതുകൊണ്ടാവാം അത്തരത്തിലുള്ള ഒരു പെരുമാറ്റം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിലെ ഫലകത്തിൽ സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
മലയാളിയായ സിസ്റ്റർ തെരേസയുടെ പേര് ആ റോഡിനു നൽകിയിരിക്കുന്നത് അവരോടുള്ള ബഹുമതിയായാണ്. കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചതിന് വനിതാ ദിനത്തിൽ റോമാ നഗരം സിസ്റ്ററിനെ ആദരിച്ചു.
രണ്ടു തവണ കോവിഡ് പിടികൂടിയിട്ടും ഒരു വട്ടം മരണത്തിന്റെ വക്കോളം എത്തിയിട്ടും അതിനെ അതിജീവിച്ചു ജീവിതത്തിലേക്കു തിരികെയത്തി കോവിഡ് രോഗികൾക്കായി പ്രവർത്തിച്ച കണ്ണൂർ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനി സിസ്റ്റർ തെരേസ വെട്ടത്തിന് ഇറ്റലിയിൽ ആദരം. കോവിഡ് കാലത്തെ നിസ്വാർഥ സേവനത്തിനുള്ള ആദരമായി റോമിന് അടുത്തുള്ള ഒരു റോഡിനു സിസ്റ്റർ തെരേസയുടെ പേരു നൽകുകയായിരുന്നു.
കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോളാണ് സിസ്റ്റർ രാജ്യത്തിൻ്റെ അഭിമാനമായത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കിയത്.ആസ്പത്രി കോവിഡ് സെൻ്ററാക്കി മാറ്റിയപ്പോൾ അതിൻ്റെ ഇൻചാർജ് സിസ്റ്റർ തെരേസ ആയിരുന്നു.
സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള എട്ടു വനിത നേഴ്സുമാരെ മുനിസിപ്പാലിറ്റി ആദരിച്ചു. ഇറ്റലിയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള രണ്ടു കന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
30 വർഷമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ തെരേസ ഇറ്റലിയിലെ മാദ്രേ ജോസഫൈൻ വന്നിനി ആശുപത്രിയിലെ കൊച്ചു മുറിയിലേക്കു താമസം മാറ്റിയാണു സേവനം ചെയ്തത്. കൊട്ടിയൂരിലെ പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും മൂന്നാമത്തെ മകളാണു സിസ്റ്റർ തെരേസ. 6 സഹോദരങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിൽ ചേർന്ന സിസ്റ്റർ ദീർഘ കാലമായി ഇറ്റലിയിലാണു ജോലി ചെയ്യുന്നത്.
യുഎസിലെ ന്യൂജഴ്സിയിൽ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. സോഫ്റ്റ്‌വെയർ എൻജിനീയറായ ബാലാജി ഭരത് രുദ്രവാർ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്സിയിലെ നോർത്ത് ആർലിങ്ടൻ ബറോയിലുള്ള വീട്ടിൽ ബുധനാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും കുത്തേറ്റനിലയിലായിരുന്നു. ഇവരുടെ നാല് വയസ്സുള്ള മകൾ വീടിന്റെ ബാൽക്കണിയിൽനിന്ന് കരയുന്നതു കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
വിദഗ്ധ പരിശോധനയുടെ റിപ്പോർട്ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആരതി ഏഴു മാസം ഗർഭിണിയായിരുന്നു. ബാലാജി, ആരതിയുടെ വയറ്റിൽ കുത്തിയതിന്റെയും വീട്ടിൽ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വ്യാഴാഴ്ചയാണ് മരണവിവരം നാട്ടിൽ അറിയിച്ചതെന്ന് ഭരത് രുദ്രവാർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് അവർക്കും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പങ്കുവയ്ക്കാമെന്നാണ് അവർ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയിലധികം സമയം എടുക്കും. ബാലാജിയുടെ സുഹൃത്തിനൊപ്പമാണ് ഇപ്പോൾ മകളെന്നും ഭരത് പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള ബാലാജി, ഭാര്യ ആരതിയുമൊത്ത് 2015ലാണ് യുഎസിലേക്ക് പോയത്. 2014 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല.
ബംഗ്ലദേശിൽ നിന്നും അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ അലൻ പട്ടണത്തിൽ കുടിയേറിയ മുസ്‍ലിം കുടുംബത്തിലെ ആറുപേർ മരിച്ച നിലയിൽ. ഇരട്ട സഹോദരങ്ങളായ ഫർബീൻ തൗഹീറു, ഫർഹാൻ തൗഹീറു (19), ഇവരുടെ ജേഷ്ഠ സഹോദരൻ തൻവിർ തൗഹിറു (21) മാതാപിതാക്കളായ തൗഹിദുൾ ഇസ്‌ലാം (54) , ഐറിൻ ഇസ്‌ലാം (56) മുത്തശ്ശി അൽറ്റഷൻ നിസ്സ( 77) എന്നിവരാണു താമസിക്കുന്ന വീട്ടിൽ വെടിയേറ്റു മരിച്ചത്.
ഫർബീനും ജേഷ്ഠൻ തൻവീറും മറ്റുള്ളവരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു കണ്ടെത്തൽ. ഇരുവരും വിഷാദ രോഗത്തിന് അടിമകളാണെന്നു പറയുന്നു. രോഗം ഒരു വർഷത്തിനകം മാറിയില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫർഹാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൊലപാതകം എങ്ങനെ നടത്തുമെന്നും ഫർഹാൻ വിശദീകരിച്ചിരുന്നു.
‘‘ ഞങ്ങൾ രണ്ടു തോക്കു വാങ്ങും. ഞാൻ ഇരട്ടസഹോദരിയെയും മുത്തശിയേയും വെടിവയ്ക്കും ജേഷ്ഠ സഹോദരൻ തൻവീർ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങൾ സ്വയം വെടിവച്ചു മരിക്കും.’’ ഫർഹാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. ഇവരുടെ മരണത്തിൽ ടെക്സസ് ബംഗ്ലദേശ് അസോസിയേഷൻ നടുക്കം പ്രകടിപ്പിച്ചു.
ട്രംപിന്റെ ഇഷ്ട വിമാനം കട്ടപ്പുറത്ത്! ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍ പോര്‍ട്ട് റാംപിലാണ് ഇപ്പോൾ വിമാനമുള്ളത്. 2010 ല്‍ പോള്‍ അലനില്‍ നിന്നാണ് ഡോണള്‍ഡ് ട്രംപ് ഈ ബോയിംഗ് 757 വിമാനം വാങ്ങിയത്. 228 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ വിമാനം ട്രംപ് പുതുക്കിപ്പണിത് 43 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാക്കി മാറ്റി.
കിടപ്പുമുറി, ഭക്ഷണശാല, ഗെസ്റ്റ് സ്യൂട്ട്, ഡൈനിങ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ വിമാനം പരിഷ്കരിച്ചു. ഇരിപ്പിടങ്ങളിലെ ഹെഡ്റെസ്റ്റിൽ 24 കാരറ്റ് സ്വര്‍ണത്തില്‍ കുടുംബ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ പറക്കുന്നതിന് ഏതാണ്ട് 15,000 ഡോളര്‍ (10 ലക്ഷം രൂപ) മുതല്‍ 18,000 ഡോളര്‍ (13 ലക്ഷം രൂപ) വരെയാണ് ചെലവ്.
അറ്റ്‌ലാന്‍റ(യുഎസ്): അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് സ്പാകളിൽ ഒരു മണിക്കൂറിനിടെയുണ്ടായ വ്യത്യസ്ത വെടിവെയ്പ്പുകളിൽ എട്ടു പേർ മരിച്ചു. മരിച്ചവർ ഏഷ്യൻ വംശജരായ സ്ത്രീകളാണ്. അക്രമം നടത്തിയ ഇരുപത്തിയൊന്നുകാരനായ ജോർജിയൻ സ്വദേശി റോബർട്ട് ആരോൺ ലോംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. അറ്റ്ലാന്റയിൽനിന്ന് അന്‍പതു കിലോമീറ്റർ വടക്ക് അക്വർത്തിലെ യംഗ്സ് ഏഷ്യൻ മസാജ് പാർലറിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ആദ്യം വെടിവയ്പുണ്ടായത്. വെടിവയ്പിൽ രണ്ടു പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലും മരിച്ചെന്ന് ചെറോക്കി കൺട്രി ഷെറീഫിന്റെ വക്താവ് അറിയിച്ചു. സ്പാ ജീവനക്കാരായ സ്ത്രീകളാണു മരിച്ചത്.
ഒരു മണിക്കൂറിനുള്ളിൽ ബക്ക്ഹെഡിലെ ഗോൾഡ് സ്പായിൽ വെടിവയ്പും മോഷണവുമുണ്ടായി. ഇവിടെ മൂന്നു സ്ത്രീകൾക്കു വെടിയേറ്റു. ബക്ക്ഹെഡിലെ തന്നെ അരോമതെറാപ്പി സ്പായിലുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ മരിച്ചതായും പോലീസ് അറിയിച്ചു.
ഒരേ കാറിലെത്തിയ വ്യക്തിയാണ് അക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ മനസിലായെന്ന് പോലീസ് പറഞ്ഞു. വെടിവയ്പിൽ മരിച്ച നാലുപേർ ദക്ഷിണ കൊറിയക്കാരാണെന്നു ദക്ഷിണ കൊറിയൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ദക്ഷിണ കൊറിയയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണു വെടിവയ്പുണ്ടായത്. സ്പാ വെടിവയ്പിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടുക്കം രേഖപ്പെടുത്തി.
ഇതിനിടെ, മിൽവോക്കിയിലെ സൂപ്പർമാർക്കറ്റ് വിതരണ കേന്ദ്രത്തിലെ തൊഴിലാളി രണ്ട് സഹപ്രവർത്തകരെ വെടിവച്ച് കൊന്നു. മിൽവോക്കിയിൽനിന്ന് 48 കിലോമീറ്റർ പടിഞ്ഞാറ് ഒക്കോണോമോവോക്കിലാണ് വെടിവയ്പ് ഉണ്ടായത്.
പതിനാലുകാരനനായ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. അർകൻസാ സ്വദേശിയായ ബ്രിട്ട്‌നി ഗ്രേ(23)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14കാരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവതി ഇരയിൽനിന്ന് ഗർഭം ധരിക്കുകയും ചെയ്തു. തുടർന്ന് രഹസ്യമായി വിവരം ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
കേസിൽ ബ്രിട്ട്‌നി എന്ന യുവതിയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയായ ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പോലീസിന് വിവരം ലഭിച്ചിരുന്നു. അർകാൻസാസ് ചൈൽഡ് അബ്യൂസ് ഹോട്ട്‌ലൈനിൽ അജ്ഞാതനാണ് വിവരം വിളിച്ചുപറഞ്ഞത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ശേഷം, കഴിഞ്ഞ സെപ്റ്റംബറിൽ യുവതി 14കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് നേരിട്ട് കണ്ടെന്ന് അവകാശപ്പെട്ടും ഒരാൾ വിവരം കൈമാറി. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഈ ദൃക്‌സാക്ഷിയെ പോലീസ് വിശദമായി ചോദ്യംചെയ്യുകയും അന്വേഷണം തുടരുകയും ചെയ്തു. ഒരുവർഷത്തോളമായി യുവതി 14കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് ദൃക്‌സാക്ഷിയുടെ മൊഴി.
പിന്നീട്, 14കാരനിൽനിന്ന് യുവതി ഗർഭം ധരിച്ചതായും ആശുപത്രി രേഖകളിൽ ഇക്കാര്യം വ്യക്തമാണെന്നും സാക്ഷിയായ വ്യക്തി പോലീസിനോട് പറഞ്ഞു. അന്വേഷണം നടത്തിയ പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റലേക്ക് നീങ്ങിയത്. യുവതിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക. സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബൈഡന്‍ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ നടക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.
വാഷിംഗ്ടൺ: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക. ദക്ഷിണേഷ്യയിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ക്രിയാത്മക നടപടിയാണിതെന്ന് അമേരിക്ക പ്രസ്താവനയിൽ പറഞ്ഞു.
ബൈഡൻ ഭരണകൂടം പാക്കിസ്ഥാനുൾപ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരികയാണ്. അതിർത്തിയിലെ ഈ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ ഇരു രാജ്യങ്ങളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വച്ചു കൊണ്ടുള്ള ഡോണൾഡ് ട്രംപ് സർക്കാരിന്റെ ഉത്തരവ് നീക്കി ജോ ബൈഡൻ ഭരണകൂടം. വിലക്ക് അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പറഞ്ഞു.
ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനരാരംഭിക്കുകയും ചെയ്തു. ഈ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും.
കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പാക്കുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് സാരമായി ബാധിച്ചിരുന്നു.