ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ രണ്ടുവർഷം മുൻപു ഹാനോയിയിൽ നടന്ന ഉച്ചകോടിക്കുശേഷം ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറാൻ ക്ഷണിച്ചെന്നു ബിബിസി ഡോക്യുമെന്ററി. കിമ്മും ട്രംപും പരസ്പരം ഭീഷണികൾ മുഴക്കി ലോകത്തെ ആശങ്കയിലാക്കിയ ശേഷം നടന്ന ഉച്ചകോടിയിലാണു മുൻ യുഎസ് പ്രസിഡന്റിന്റെ സ്നേഹപ്രകടനം.
2019ൽ വിയറ്റ്നാമിൽ നടന്ന ഉച്ചകോടിക്കുശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്ത ട്രംപ്, ഏറ്റവും പരിചയസമ്പന്നരായ നയതന്ത്രജ്ഞരെ പോലും അമ്പരപ്പിച്ചെന്നു ഡോക്യുമെന്ററി പറയുന്നു. ട്രംപിന്റെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ, കിമ്മും അദ്ദേഹത്തിന്റെ ചില പരിചാരകരും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ കയറുകയും, വിമാനം ഉത്തരകൊറിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ചെയ്യും. ഇതു പല സുരക്ഷാ പ്രശ്‌നങ്ങൾക്കു കാരണമാകുമായിരുന്നു.
‘പ്രസിഡന്റ് ട്രംപ് കിമ്മിന് എയർഫോഴ്സ് വണ്ണിൽ ഒരു ലിഫ്റ്റ് വാഗ്ദാനം ചെയ്തു’– ട്രംപിന്റെ ദേശീയ സുരക്ഷാ കൗൺസിലിനെപ്പറ്റി നന്നായി അറിയുന്ന മാത്യു പോട്ടിങ്ങർ ബിബിസിയോട് പറഞ്ഞു. ഒന്നിലേറെ ദിവസം ട്രെയിൻ മാർഗം ചൈനയിലൂടെ സഞ്ചരിച്ചാണു ഹാനോയിയിലേക്കു കിം എത്തിയതെന്നു ട്രംപിന് അറിയാമായിരുന്നു. ‘വേണമെങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ നിങ്ങളെ വീട്ടിലെത്തിക്കാം’ എന്നായിരുന്നു കിമ്മിനോടു ട്രംപ് പറഞ്ഞത്.
എന്തായാലും ഓഫർ കിം നിരസിച്ചു. ഹാനോയിയിൽ നടന്ന കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതിയുമുണ്ടായില്ല. ഉപരോധങ്ങൾ നീക്കുന്നതിനുള്ള ഉപാധികൾ പൂർണമായി അംഗീകരിക്കാൻ ഉത്തര കൊറിയ തയാറാകാതിരുന്നതായിരുന്നു കാരണം. കഴിഞ്ഞ മാസം അമേരിക്ക ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ കിം, വാഷിങ്ടനിൽ ആര് അധികാരത്തിൽ വന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ നയം മാറില്ലെന്നും വ്യക്തമാക്കി.
കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചൻ – ലൂസി ദമ്പതികളുടെ മകനും സസ്‌കാച്ചെവൻ ഹോസ്പിറ്റൽ (നോർത്ത് ബാറ്റിൽഫോർഡ് ഈസ് എ പബ്ലിക് സൈക്കിയാട്രിക് ഹോസ്പിറ്റൽ ഇൻ നോർത്ത് ബാറ്റിൽഫോർഡ് , സസ്‌കാച്ചെവൻ .) ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സുമായിരുന്ന ടോം തോമസ് (35) കാനഡയിൽ നിര്യാതനായി. കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ മെറിൻ ഇതേ ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സാണ്.ഒരു വയസ്സുള്ള മകളുണ്ട്.
യുഎൻഎ അനുശോചനം രേഖപ്പെടുത്തി .
ടോം തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോസ് ആഞ്ചൽസ് : ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ‘മാർസ് 2020 പെർസെവെറൻസ്’ ദിവസങ്ങൾക്കുള്ളിൽ ചൊവ്വയിലിറങ്ങും. നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനം ആറര മാസത്തെ യാത്രയ്ക്ക് ശേഷം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്നതിനിടെയുള്ള റേഡിയോ സന്ദേശം അയക്കാൻ ഇത് തയ്യാറായിട്ടുണ്ട്. ഈ സന്ദേശം 20.4 കോടി കിലോമീറ്റർ ദൂരെ ലോസ് ആഞ്ചലിസിലെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ എത്തുമ്പോഴേക്കും പെർസവിറൻസ് ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങിയിരിക്കും. ആറ് ചക്രങ്ങളുള്ള റോവർ ചൊവ്വയിലെ അന്തരീക്ഷത്തിന്റെ മുകളിൽ നിന്ന് ഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഇറങ്ങാൻ ഏഴ് മിനിറ്റ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടയിൽ അയക്കുന്ന റേഡിയോ സന്ദേശം ഭൂമിയിലെത്താൻ 11 മിനിറ്റ് വേണ്ടിവരും.
പെർസെവെറൻസ് പേടകം സ്വയം ചെയ്യുന്ന ഈ ലാന്റിങ് പ്രക്രിയയെ ‘ഭീകരതയുടെ ഏഴ് മിനിറ്റുകൾ’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. 270 കോടി ചിലവാക്കിയുള്ള ഈ പദ്ധതിയുടെ ഏറ്റവും അപകടകരമായതും നിർണായകവുമായ ഘട്ടമാണിതെന്ന് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി മേധാവി അൽ ചെൻ പറഞ്ഞു. 1026 കിലോഗ്രാം ഭാരവും 10 അടി നീളവുമുള്ള റോവർ നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ് റോവറാണ്. ഫെബ്രുവരി 18 ന് ജെസേറോ ഗർത്തത്തിലാണ് പെർസവറൻസ് ഇറങ്ങുക. ‘ഇൻജെന്യുയിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ ഹെലികോപ്റ്ററും പെർസവറൻസ് വഹിക്കുന്നുണ്ട്.
നാസ നിർമിച്ചതിൽ ഏറ്റവും സങ്കീർണമായതും വലുതും ഭാരമേറിയതുമായ പേടകമാണ് ചൊവ്വയിലെ അപകടം നിറഞ്ഞ സ്ഥലത്ത് ഇറക്കാൻ ശ്രമിക്കുന്നത്. വിജയം ഒരിക്കലും ഉറപ്പിക്കാനാവില്ലെന്ന് അടുത്തിടെ നടന്ന പത്രസമ്മേളത്തിൽ ചെൻ പറഞ്ഞിരുന്നു. എന്നാൽ ഭീകരതയുടെ ഏഴു മിനിറ്റുകൾ താണ്ടി വാഹനം ചൊവ്വയിൽ ഇറങ്ങിയാൽ അതൊരു ചരിത്ര നിമിഷമാകും. സുരക്ഷിതമായ ലാന്റിങ് എന്ന കടമ്പ കടന്നാൽ അത് മനുഷ്യന്റെ ഭാവി ചൊവ്വാ ദൗത്യങ്ങളിലേക്കുള്ള വാതിൽ തുറക്കും.
സോഷ്യൽമീഡിയയിൽ വലിയ സ്വാധീനമുള്ള മീന ഹാരിസിനോട് യുഎസ് വൈസ്പ്രസിഡന്റ് കമലഹാരിസിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വൈറ്റ്ഹൗസ്. എഴുത്തുകാരിയായും വ്യവസായസംരംഭക എന്ന നിലയിലും പ്രശസ്തയായ മീനാ ഹാരിസ് തന്റെ അമ്മായി കൂടിയായ കമലാ ഹാരിസിന്റെ പേര് തന്റെ പ്രശസ്തിയ്ക്ക് വേണ്ടി വലിയരീതിയിൽ ഉപയോഗിച്ചതായാണ് വൈറ്റ് ഹൗസിന്റെ ആരോപണം.
സ്വന്തം പ്രശസ്തിക്ക് വേണ്ടി വൈസ് പ്രസിഡന്റിന്റെ പേരുപയോഗിക്കുന്നത് നിർത്തണമെന്ന് മീനാ ഹാരിസിനോട് വൈറ്റ് ഹൗസ് പറഞ്ഞിരിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ പേരും സ്വാധീനവും സ്വന്തം ബ്രാൻഡിന്റെ അഭിവൃദ്ധിയ്ക്കായി ഉപയോഗിക്കുന്നത് അധാർമികമാണെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ചില കാര്യങ്ങൾ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും കമലാ ഹാരിസിന്റെ അനന്തരവൾ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും കുറച്ചു കൂടി ശ്രദ്ധ ചെലുത്തണമെന്നുമാണ് വൈറ്റ് ഹൗസിന്റെ നിർദേശം.
കമലയുടെ പേര് ഉൾപ്പെടുത്തിയ പുസ്തകമോ മീനയുടെ വസ്ത്രസംരംഭമായ ‘ഫിനോമിനൽ’ പുറത്തിറത്തിറക്കിയ ‘വൈസ് പ്രസിഡന്റ് ആന്റി’ എന്ന് പ്രിന്റ് ചെയ്ത സ്വെറ്റ് ഷർട്ടോ അനുവദനീയമല്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഫെഡറൽ അഭിഭാഷകർ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മീന ഇത് ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം.
ബാലസാഹിത്യകാരി കൂടിയായ മീനയുടെ ഒരു പുസ്തകത്തിന്റെ പേര് തന്നെ ‘കമല ആൻഡ് മായാസ് ബിഗ് ഐഡിയ’ എന്നാണ്. കമലയുടെ വൈറ്റ് ഹൗസ് പ്രവേശനത്തിന്റെ തലേ ദിവസം ‘അമ്പിഷ്യസ് ഗേൾ’ എന്ന പുതിയ പുസ്തകവും പുറത്തിറങ്ങിയിരുന്നു.
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും.
പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിനു കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്.വാഷിങ്ടൻ സമയം ഇന്നലെ വൈകിട്ട് (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) വോട്ടെടുപ്പു നടന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്.
യുക്രെയ്ൻ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ.
ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച് വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യൂസ്) ജോൺ ബ്രിട്ടാസ് (മാനേജിംഗ് ഡയറക്ടർ, കൈരളി ടിവി) എന്നിവരാണ് കോവിഡ് കാല ലോക വാർത്താ രംഗവും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ് ചൂടും, കൂടാതെ നവ മാധ്യമങ്ങളുടെ പാൻഡെമിക് സമയത്തെ പ്രസക്തിയും ആയിരിക്കും പങ്കു വയ്ക്കുക.
കോവിഡ് ജനജീവിതത്തെ നിശ്ചലമാക്കിയെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യവും ജോലിയും വർദ്ധിക്കുകയാണ് ചെയ്തത്. ‘എസ്സെൻഷ്യൽ’ കാറ്റഗറിയിൽ തന്നെയാണ് മാധ്യമങ്ങളും എന്ന യാഥാർഥ്യം പൊതു ജനങ്ങൾ മനസ്സിലാക്കിയോ എന്ന ചോദ്യവും പ്രസക്തമാണ്, വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായ ജനങ്ങൾ ടി.വിക്കു മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് കണ്ടത്. അത് പോലെ പത്രമാധ്യമങ്ങളുടെ പ്രാധാന്യവും വർധിച്ചു. ഈ മാറ്റങ്ങളെപറ്റി അവർ സംവദിക്കും.
ഈ മീറ്റിംഗിന്റെ മറ്റൊരു വലിയ പ്രത്യേകത നോർത്തമേരിക്കയിൽ മലയാള മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം എന്നുള്ളതാണെന്ന് പ്രസ്സ് ക്ലബ് നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.
ഫെബ്രുവരി 27 ശനിയാഴ്ച ന്യൂ യോർക്ക് സമയം രാവിലെ 10 മണിക്കാണ് സംഗമം (ഇന്ത്യൻ സമയം രാത്രി 8.30). പങ്കെടുക്കുന്നവർ മാധ്യമസംഗമം.ഓർഗ്/രജിസ്റ്റർ എന്ന ലിങ്കിൽ (www.madhyamasangamam.org/register) ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബിജു കിഴക്കേക്കുറ്റ് 1-773-255-9777 സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ജീമോൻ ജോർജ് 1-267-970-4267
യു.എസിലെ ടെക്സസിൽ അന്തർ സംസ്ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുമരണം. നിരവധിപേർക്ക് പരിക്കേറ്റു.
ടെക്സസ് -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ് അപകടകാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകർന്നത്. കാറുകളും ട്രക്കുകളുമാണ് തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
65 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നുപേർ അത്യാസന്ന നിലയിലാണ്. ജോലിക്ക് പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും.
ഹൈഡ്രോളിക് റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ സ്ഥലത്ത് ഗതാഗത തടസം രൂക്ഷമായിരുന്നു.
കൂട്ടിയിടിയെ തുടർന്ന് ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി വാഹനാപകടങ്ങളാണ് യു.എസിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായത്. ടെന്നസിയിൽ മാത്രം 30ഓളം അപകടങ്ങൾ റിപ്പോർട്ട് െചയ്തു.
മുണ്ടും സാരിയും ചുറ്റി യു.എസിൽ മഞ്ഞിൽ സ്കീയിങ് ചെയ്യുന്ന ദമ്പതികളുടെ വീഡിയോ വൈറലാകുന്നു. മഞ്ഞില്‍ തെന്നിക്കളിക്കുന്ന സ്‌കീയിങ് വിനോദം ഇന്ത്യയില്‍ അത്ര പ്രചാരത്തിലില്ലാത്തതാണ്. ദമ്പതികളായ ദിവ്യയും മധുവും ഇന്ത്യന്‍ പാരമ്പര്യ വസ്ത്രങ്ങളായ മുണ്ടും സാരിയുമണിഞ്ഞ് സ്‌കീയിങ് ചെയ്ത് പ്രശസ്തരായിരിക്കുകയാണ്.
മിനിസോട്ടയിലെ വെൽച് എന്ന ഗ്രാമത്തിലാണ് ദിവ്യ, മധു എന്നീ ദമ്പതികൾ ഈ രീതിയിൽ സ്കീയിങ് ചെയ്യുന്നത്. ബ്ലൗസിന് പകരം ദിവ്യ തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കറുത്ത ജാക്കറ്റണിഞ്ഞിട്ടുണ്ടെന്ന് മാത്രം. ബോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഈ നായകനും നായികയും കൈയുറകളും കാലില്‍ ബൂട്ടുകളും സ്‌കീയിങിനുള്ള മറ്റ് സുരക്ഷാ മാര്‍ഗങ്ങളും ധിരിച്ചിട്ടുണ്ട്.
ദിവ്യയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തങ്ങൾക്കു തന്നെ ഒന്ന് മാറി ചിന്തിക്കാൻ അവസരം നൽകുന്നതായിരുന്നു ഈ സാഹസം എന്നാണ് വീഡിയോക്ക് കാപ്ഷൻ നൽകിയത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇരുവരെയും പ്രശംസിച്ചാണ് എല്ലാവരും കമന്റിട്ടിരിക്കുന്നത്.
View this post on Instagram
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റില്‍ ആരംഭിച്ചു. ജനുവരി ആറിനു നടന്ന കാപ്പിറ്റോള്‍ കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റമാണ് ട്രംപിനെതിരേ ആരോപിക്കപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ നേരത്തേ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ സെനറ്റില്‍ കുറ്റവിചാരണ പാസാകൂ. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും ഭരണകക്ഷിയായ ഡെമോക്രാറ്റിക്ക് പാർട്ടിക്കും 50 അംഗങ്ങള്‍ വീതമാണുള്ളത്.
ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുവാൻ നാലംഗ ജഡ്ജിംഗ് പാനലിനെ ചുമതലപ്പെടുത്തി. മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്സാണ്ടർ സാം, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയിൽ നിന്ന് പ്രമുഖ ഭിഷഗ്‌വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങൾ .
പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.
മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. കൂടാതെ അവാർഡ് ജേതാവിനെ നവംബർ രണ്ടാം വാരം ചിക്കാഗോയിലെ ഹോളിഡേ ഇൻ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പ്രസ് ക്ലബ് ഇന്റർനാഷണൽ കോൺഫറൻസിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും.
എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹൻ (മനോരമ) എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) ഇപ്പോൾ എം.എൽ.എ ആയ വീണാ ജോർജ്, അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ് എന്നിവരാണ് നേരത്തെ ഈ അവർഡ് നേടിയിട്ടുള്ളത്.
മാധ്യമ രംഗത്ത് പത്ത് വർഷത്തെയെങ്കിലും പരിചയമുള്ളവർക്ക് മാധ്യമ ശ്രീ അവാർഡിന് അപേക്ഷിക്കാം. ആർക്ക് വേണമെങ്കിലും പേര് നോമിനേറ്റ് ചെയ്യാം. വിവരങ്ങൾ ഈ-മെയിലിൽ അറിയിക്കുക [email protected]
കോവിഡിന്റെ പശ്ചാത്തലത്തിൽ മാധ്യമശ്രീ പുരസ്‌കാരം നൽകുന്ന ചടങ്ങുകൾ എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ നാഷനൽ എക്സിക്യൂട്ടിവിന്റെയും ചാപ്ടർ പ്രസിഡന്റുമാരുടെയും യോഗം നടന്നു. ജനറൽ സെക്രട്ടറി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എല്ലാ ചാപ്റ്റർ പ്രെസിഡന്റുമാരും പങ്കെടുത്തു.