യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനന്തരവൾ എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന് പുതിയ തലവേദനയാകാന്‍ പോകുന്നത്. ‘ഇപ്പോൾ ലോകത്തെ ആരോഗ്യം, സാമ്പത്തിക സുരക്ഷ, സാമൂഹ്യഘടന എന്നിവയെ ഭീഷണിപ്പെടുത്തുന്ന ആളായി തന്റെ അമ്മാവൻ എങ്ങിനെ മാറിയെന്നാണ്’ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് പ്രസാധകര്‍ വ്യക്തമാക്കി.
‘ലോകത്തിലെ ഏറ്റവും ശക്തവും പ്രവർത്തനരഹിതവുമായ കുടുംബങ്ങളിലൊന്നിനെ’ കുറിച്ച് എഴുതപ്പെട്ട പുസ്തകത്തില്‍ മേരി എൽ ട്രംപ് ഹൃദയഭേദകമായ പല കാര്യങ്ങളും വെളിപ്പെടുത്തുന്നതായി പ്രസാധകരായ സൈമൺ & ഷസ്റ്റർ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ട്രംപെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് ട്രംപ്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ എന്റെ കുടുംബം സൃഷ്ടിച്ചു എന്ന കഥപറയുന്ന മേരി എൽ ട്രംപിന്റെ ‘Too Much and Never Enough: How My Family Created the World’s Most Dangerous Man’ എന്ന പുസ്തകം ജൂലൈയിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള ആധികാരിക ചിത്രമാണ് പുസ്തകം വാഗ്ദാനം ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസിന് പുലിറ്റ്‌സർ സമ്മാനം നേടിക്കൊടുത്ത ട്രംപിന്റെ കുടുംബത്തിന്റെ നികുതി വിവരങ്ങള്‍ സംബന്ധിച്ച വാര്‍ത്തയുടെ പ്രധാന ഉറവിടം മേരിയായിരുന്നു.
ക്വീൻസിന്റെ ഹൃദയഭാഗത്തുള്ള മുത്തശ്ശിയുടെ വീട്ടിലാണ് മേരിയും വളര്‍ന്നത്. ഡൊണാൾഡും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളും വളർന്നതും അവിടെത്തന്നെയാണ്. ‘ഫ്രെഡ് ട്രംപും അദ്ദേഹത്തിന്റെ മൂത്തമക്കളായ ഫ്രെഡ് ജൂനിയറും ഡൊണാൾഡും തമ്മിലുള്ള വിചിത്രവും ദോഷകരവുമായ ബന്ധം ഉൾപ്പെടെ, അവഗണനയുടെയും ദുരുപയോഗത്തിന്റെയും ദാരുണവും വിനാശകരവുമായ കഥയാണ് പുസ്തകം പറയുന്നതെന്ന്’ ആമസോണില്‍ പ്രസിദ്ധീകരിച്ച പ്രസാധകക്കുറിപ്പില്‍ പറയുന്നു.
ലണ്ടനില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമലിലേന്തി നടന്നു നീങ്ങുന്ന കറുത്ത വര്‍ഗക്കാരന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ മനുഷ്യത്വം കാണിച്ച കറുത്ത വര്‍ഗക്കാരന്‍റെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കറുത്ത വര്‍ഗക്കാര്‍ നടത്തിയ റാലിയില്‍ കടന്നുകയറി ആക്രമിച്ച് വ്യക്തിയാണ് ചുമലില്‍ കിടക്കുന്ന വെളുത്ത വര്‍ഗക്കാരന്‍. റാലിയില്‍ ആക്രമിച്ച് കടന്ന ഇയാളെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കറുത്ത വര്‍ഗക്കാരുടെ സംഘം ആക്രമിക്കുകയായിരുന്നു.
ഈ അക്രമത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കറുത്ത വര്‍ഗക്കാരില്‍ ഒരാള്‍ ചുമലിലേന്തി നടന്നുനീങ്ങുന്നതാണ് ചിത്രം. അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ നീതിയ്ക്കായി കറുത്ത വര്‍ഗക്കാര്‍ നടത്തിയ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ റാലിയിലേക്ക് വെളുത്ത വംശീയവാദികള്‍ അതിക്രമിച്ച് കടന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ഈ കൂട്ടത്തില്‍പ്പെട്ട ആളെയാണ് കറുത്ത വര്‍ഗക്കാരന്‍ രക്ഷപ്പെടുത്തിയത്. മറ്റൊരു വെളുത്ത വര്‍ഗക്കാരന്‍ കറുത്ത വര്‍ഗക്കാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിയായാണ് വാട്ടര്‍ലൂ സ്റ്റേഷനടുത്ത് ആക്രമണം നടന്നത്.
അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസില്‍ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കറുത്ത വര്‍ഗക്കാരുടെ ഈ പ്രതിഷേധത്തെ നേരിടാനയാണ് വെളുത്ത വര്‍ഗക്കാര്‍ അക്രമസക്തരായി തെരുവിലിറങ്ങിയത്.
യുഎസ്സില്‍ കോവിഡ് രോഗമുക്തി നേടിയ 70കാരന് ഹോസ്പിറ്റല്‍ നല്‍കിയത് 1.1 മില്യണ്‍ ഡോളറിന്റെ ബില്‍ (ഏതാണ്ട് 8,35,52,700 ഇന്ത്യന്‍ രൂപ). ദ സീറ്റില്‍ ടൈംസ് പത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൈക്കള്‍ ഫ്‌ളോര്‍ എന്ന 70കാരനാണ് സീറ്റിലിലെ ഹോസ്പിറ്റലിന്റെ കൊള്ളയ്ക്ക് ഇരയായത്. മാര്‍ച്ച് നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൈക്കള്‍ ഫ്‌ളോറിന് 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഒരു ഘട്ടത്തില്‍ മരണത്തോടടുത്തിരുന്ന മൈക്കള്‍ ഫ്‌ളോറിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്‌സുമാര്‍ ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍ മൈക്കള്‍ ഫ്‌ളോര്‍ രോഗമുക്തി നേടുകയും മേയ് അഞ്ചിന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു.
181 പേജുള്ള ബില്ലാണ് കിട്ടിയത്. 1,122,501.04 ഡോളറിന്റെ ബില്‍. 9736 ഡോളര്‍ ഐസിയു റൂമിന്, 4,09,000 ഡോളറിനടുത്ത് തുക 42 ദിവസത്തെ സ്‌റ്റെറൈല്‍ റൂം ഉപയോഗത്തിന്, 82000 ഡോളര്‍ 29 ദിവസത്തെ വെന്റിലേറ്റര്‍ ഉപയോഗത്തിന്. രണ്ട് ദിവസത്തെ ബില്‍ ആയി ഒരു ലക്ഷം ഡോളറിനടുത്ത് കിട്ടി. വയോധികര്‍ക്കുള്ള ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് പരിപാടിയായ മെഡികെയറിന്റെ പരിരക്ഷ മൈക്കള്‍ ഫ്‌ളോറിനുണ്ട്. അതുകൊണ്ട് കയ്യില്‍ നിന്ന് ഇത്ര പണം ചെലവാകില്ല. അതേസമയം നികുതിദായകര്‍ തന്റെ ഭീമമായ ചികിത്സാചെലവ് വഹിക്കണമെന്ന് ആലോചിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നതായി മൈക്കള്‍ ഫ്‌ളോര്‍ സീറ്റില്‍ ടൈംസിനോട് പറഞ്ഞു.
ഹോസ്പിറ്റലുകളേയും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേയും സഹായിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസ് 100 മില്യണ്‍ ഡോളറിന്റെ ബജറ്റാണ് മുന്നോട്ടുവച്ചത്. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ചികിത്സാ ചെലവുകളുള്ള രാജ്യങ്ങളിലൊന്നാണ് യുഎസ്. ഭീമമായ ചികിത്സാ ചെലവ് കുറച്ച് എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞ ചെലവില്‍ ആരോഗ്യരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന് തന്നെ ആരോഗ്യരംഗത്തെ സാമ്പത്തികചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യമായിരുന്നു.
യു.എസില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടാലും അദ്ദേഹം സ്ഥാനമൊഴിയാൻ വിസമ്മതിച്ചേക്കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അങ്ങിനെ സംഭവിച്ചാല്‍ സൈന്യം ഇടപെട്ട് ട്രംപിനെ വൈറ്റ് ഹൌസില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡെയ്‌ലി ഷോയുടെ ട്രെവർ നോവയോട് സംസാരിച്ച ബൈഡന്‍ ഏറ്റവും വലിയ ആശങ്ക പ്രസിഡന്റ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്നതാണ് എന്നും അദ്ദേഹം പറയുന്നു.
മെയിൽ-ഇൻ ബാലറ്റുകളെ കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ശങ്ങളാണ് ബൈഡന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നുമൊക്കെ പലതവണ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് തന്നെ വോട്ടു ചെയ്യാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിട്ടുണ്ടെന്നും, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ട്രംപ് അധികാരം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ ഉന്നത സൈനികർ ഇടപെടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡന്‍ നോഹയോട് പറഞ്ഞു. മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ട്രംപ് ബൈഡനെക്കാള്‍ ഏറെ പിറകിലാണ്. സിഎൻഎൻ നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ 14 പോയിന്റ് മുന്നില്‍ ബൈഡനാണ്.
അതേസമയം, ട്രംപിന്‍റെ പ്രചാരണ വിഭാഗം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടിം മുർതോഗ് ബിഡന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ‘ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പിലുള്ള ആത്മവിശ്വാസം ദുർബലപ്പെടുത്താനുള്ള ശ്രമവും ജോ ബൈഡന്റെ ബുദ്ധിശൂന്യമായ മറ്റൊരു ഗൂഡാലോചന സിദ്ധാന്തവും ആണെന്നും’ അദ്ദേഹം പ്രതികരിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : 14 ദിവസം ഐസൊലേഷനിൽ കഴിയാതെ ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കഴിയും. ഈയൊരു പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 14 ദിവസത്തേക്ക് ഒറ്റപ്പെടാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ക്രോസ്-ഇയു ഇളവ് അംഗീകരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ നിലവിൽ ഉള്ള യാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വിവാദനായകൻ ഡൊമിനിക് കമ്മിൻസ് നിർദേശിച്ച ഈ പദ്ധതി പല പ്രശ്നങ്ങളിലേയ്ക്കും വഴിതുറന്നു. ക്വാറന്റൈൻ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ വിഷയം. ഇതിനായി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഈ ആഴ്ച ഒരു മീറ്റിംഗ് നടത്തും.
അതേസമയം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ എത്തിയ യാത്രക്കാർ യുകെയുടെ പുതിയ ക്വാറന്റൈൻ നിയമങ്ങളെ വിമർശിച്ചു. അവ നടപ്പിലാക്കാൻ കഴിയാത്തതാണെന്നും പോലീസിന് ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബ്രിട്ടനിലെത്തിയ എല്ലാവരോടും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും സന്ദർശകരും ഉൾപ്പെടുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുമ്പ് തങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുനൽകേണ്ടി വരും. ഇതിനുകഴിയാതെ വന്നാൽ യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാം. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റുകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. എന്നാൽ അതിലൂടെ കടന്നുവരുന്ന എല്ലാവരെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും ഒരു ഫോം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഉണ്ടാകും. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ വിമാനങ്ങൾ വിടുമ്പോഴും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും.
ജൂലൈ പകുതിയോടെങ്കിലും ഒരു യാത്ര കരാർ നേടിയെടുക്കുവാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര യാത്രാ ഇളവുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ സങ്കീർണ്ണമാണെന്ന് സർക്കാരിന്റെ മുതിർന്ന വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായ യാത്ര അനുവദിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഷെഞ്ചൻ സ്വതന്ത്ര യാത്രാ മേഖല നിയമങ്ങൾ ലംഘിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വാദിച്ചു. അവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
വിദ്വേഷ പ്രചാരണത്തിനെതിരായ മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് ബിജെപി നേതാവ് കപില്‍ മിശ്രയുടെ പോസ്റ്റിനെതിരായ നടപടി ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പോസ്റ്റിനെതിരെ ഫേസ്ബുക്ക് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നുള്ള യോഗത്തിലായിരുന്നു സുക്കര്‍ബര്‍ഗ് വിദ്വേഷ പോസ്റ്റുകൾക്കെതിരായ നയം വിശദീകരിക്കാൻ കപില്‍ മിശ്ര നടത്തിയ പരമാര്‍ശത്തെക്കുറിച്ച് പറഞ്ഞത്. കപില്‍ മിശ്രയുടെ പേര് അദ്ദേഹം പറഞ്ഞില്ലെങ്കിലും പോസ്റ്റ് വായിച്ചായിരുന്നു പരമാര്‍ശം. അമേരിക്കയിലെ കറുത്തവിഭാഗക്കാരായ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ പ്രസ്താവന നീക്കം ചെയ്യാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഫേസ്ബുക്ക് ജീവനക്കാരുടെ ഭാഗുത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച് വിശദീകരണം നടത്തുന്നതിനാണ് 25000 ത്തോളം വരുന്ന ജീവനക്കാരുടെ യോഗം ഫേസ്ബുക്ക് തലവന്‍ വിളിച്ച് ചേര്‍ത്തത്.
ഈ യോഗത്തിലാണ് ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം പരമാര്‍ശിക്കപ്പെട്ടത്.
‘ഇന്ത്യയില്‍ ചില കേസുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ആരോ ഒരാള്‍ ഇങ്ങനെ പറഞ്ഞു.. പൊലീസ് അക്കാര്യം നോക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ അനുഭാവികള്‍ അവിടെ എത്തി തെരുവുകളിലെ തടസ്സം നീക്കം ചെയ്യും. അനുയായികളെ നേരിട്ട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് അത്. അത് ഞങ്ങള്‍ നീക്കം ചെയ്തു. അങ്ങനെ ഒരു കീഴവഴക്കം ഉണ്ട്.’ ഇതായിരുന്നു സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍. ഇതില്‍ പരാമര്‍ശിക്കുന്ന പ്രസംഗം കപില്‍ മിശ്ര നടത്തിയതാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷെഹിന്‍ബാഗില്‍ നടന്ന സമരത്തെ ഒഴിപ്പിക്കുന്ന കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരമാര്‍ശം ഫേസ്ബുക്ക് നീക്കം ചെയ്തതാണ് സുക്കര്‍ബര്‍ഗ് പരമാര്‍ശിച്ചത്. അതാണ് വിദ്വേഷ പ്രസംഗത്തെ കൈകാര്യം ചെയ്യാനുളള മാനദണ്ഡം എന്നും അദ്ദേഹം പറയുന്നു. കുപിൽ മിശ്രയുടെ പ്രസംഗം ഡൽഹിയിലെ കലാപത്തിന് കാരണമായെന്നാണ് ആരോപണം.
മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യണമെന്നായിരുന്നു കപില്‍ മിശ്രയുടെ പ്രസംഗം. ‘അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കഴിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും’.അതുകഴിഞ്ഞാല്‍ നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുമെന്നായിരുന്നു കപില്‍ മിശ്രയുടെ മുന്നറിയിപ്പ്.
ട്രംപിന്റെ പ്രസ്താവന വിദ്വേഷം പരത്തുന്നതാണെന്ന് പറഞ്ഞാണ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഫേസ്ബുക്ക് അത്തരം പരമാര്‍ശങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. അത് നീക്കം ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിരുന്നില്ല. ഇതാണ് ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ പോലും വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. പരസ്യമായി കമ്പനിയുടെ നയം ചോദ്യം ചെയ്ത് ജീവനക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗ് യോഗം വിളിച്ചത്.
യുഎസിലെ സാധാരണക്കാരെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ മൂന്ന് മാസങ്ങളാണ് കടന്നു പോകുന്നത്. പക്ഷേ ശതകോടീശ്വരന്മാർ മാത്രം അക്കൂട്ടത്തില്‍ പെടില്ല. മാർച്ച് 18 മുതൽ യുഎസ് ശതകോടീശ്വരന്മാര്‍ 565 ബില്യൺ ഡോളർ സമ്പാദിച്ചുവെന്നാണ് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് ഇപ്പോൾ 3.5 ട്രില്യൺ ഡോളറാണ്. അതായത്, മഹാമാരിയുടെ തുടക്കത്തില്‍ വരുമാനം അല്‍പ്പം കുറഞ്ഞെങ്കിലും പിന്നീട് 19 ശതമാനം വർധിച്ചുവെന്നു ചുരുക്കം.
ആമസോൺ മേധാവി ജെഫ് ബെസോസിന് മാത്രം മാർച്ച് 18 ന് ഉണ്ടായിരുന്നതിനേക്കാൾ 36.2 ബില്യൺ ഡോളർ കൂടുതലാണ് പിന്നീടുള്ള ദിവസങ്ങളില്‍ ലഭിച്ചത്. എന്നാല്‍ അന്നുമുതൽ, 43 ദശലക്ഷം അമേരിക്കക്കാർ പ്രാരംഭ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ, പ്രത്യേകിച്ച് യാത്രാ, സേവന മേഖലയിലെ ജോലികളിൽ ഏര്‍പ്പെട്ടിരിക്കുന്നവരെ, ആരോഗ്യ പ്രതിസന്ധി പ്രത്യേകിച്ച് ബാധിച്ചു. ഉള്ളവരും ഇല്ലാത്തവയും തമ്മിലുള്ള ആഴത്തിലുള്ള വിഭജനത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രതിസന്ധി സാമ്പത്തിക അസമത്വം കൂടുതൽ വഷളാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഫെഡറൽ റിസർവിൽ നിന്നുള്ള അഭൂതപൂർവമായ നടപടി മൂലം സ്റ്റോക്ക് മാർക്കറ്റുകളില്‍ വമ്പിച്ച മുന്നേറ്റം പ്രകടമായതാണ് സമ്പന്നരായ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ നേട്ടമായത്. ആമസോൺ ഓഹരികൾ മാർച്ച് പകുതിയോടെ 47 ശതമാനം ഉയർന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ മൊത്തം ആസ്തി മാർച്ച് 18 ന് ശേഷം 30.1 ബില്യൺ ഡോളർ ഉയർന്നതായി ഐപിഎസ് പറയുന്നു. ടെസ്‌ലയുടെ മേധാവി എലോൺ മസ്‌ക്, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്, മുൻ മൈക്രോസോഫ്റ്റ് (എംഎസ്‌എഫ്ടി) സിഇഒ സ്റ്റീവ് ബാൽമർ എന്നിവരുടെ മൊത്തം സമ്പാദ്യവും മാർച്ച് 18 മുതൽ 13 ബില്യൺ ഡോളറോ അതിലധികമോ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പടർന്നു പിടിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻഭാര്യയും മകളും.
വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ മുൻഭാര്യ മാർല മേപ്പിൾസും മകൾ ടിഫാനിയുംപ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്.
ഇൻസ്റ്റഗ്രാമിൽ കറുത്ത ചിത്രം പങ്കുവച്ച്, ഹെലൻ കെല്ലർ പറഞ്ഞ Alone we can achieve so little; together we can achieve so much എന്ന വാക്കുകൾ ടിഫാനി പങ്കുവച്ചു. സോഷ്യല് മീഡിയയില് ട്രെന്ഡിങ് ആയ #blackoutTuesday #justiceforgeorgefloyd എന്ന വാക്കുകളും കുറിച്ചാണ് ടിഫാനി തന്റെ പിന്തുണ അറിയിച്ചത്.പോസ്റ്റിനു താഴെ, പ്രതിഷേധിക്കുന്നവരോട് മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്ന പിതാവിനോട് കാര്യത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കി നൽകണമെന്ന് ചിലർ ടിഫാനിയോട് ആവശ്യപ്പെട്ടു. മാർല പങ്കുവച്ച പോസ്റ്റിനും നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.
യുഎസ്സിൽ പോലീസുകാരന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്ജ് ഫ്ലോയിഡ് കോവിഡ് പോസിറ്റീവായിരുന്നെന്ന് റിപ്പോർട്ട്. ജോര്ജ് ഫ്ലോയിഡിന്റെ മരണത്തിൽ യുഎസിൽ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെയാണ് മെഡിക്കല് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ദി ന്യൂയോര്ക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏപ്രിലില് ഫ്ലോയിഡിന്റെ കൊവിഡ്-19 ബാധിച്ചിരുന്നതായാണ് റിപ്പോർട്ടിലെ പരാമർശം. ഏപ്രില് മൂന്നിനാണ് 46 വയസ്സുകാരനായ ഫ്ലോയിഡ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇത് പ്രകാരം ഫ്ലോയിഡ് രോഗ ബാധിതനായിരുന്നു എന്നാണ് ഹെന്നെപിൻ കൗണ്ടി മെഡിക്കൽ പരിശോധകന്റെ റിപ്പോർട്ടിൽ പറയുന്നത്. ഫ്ലോയിഡിന്റെ മരണശേഷം മിന്നെസോറ്റ ആരോഗ്യ വിഭാഗം മൂക്കിൽ നിന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തിയതിൽ രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബെക്കര് പറഞ്ഞു. നേരത്തെ പോസിറ്റീവായിരുന്ന ഫ്ലോയിഡിന്റെ ശരീരത്തില് വൈറസ് അവശേഷിച്ചിരുന്നതിനാലായിരിക്കാം മരണശേഷവും പോസിറ്റീവായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ, ഫ്ലോയിഡിന്റെ മരണത്തിൽ രോഗബാധ പങ്കുവഹിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഫ്ലോയിഡിന്റെ ശ്വാസകോശം പൂർണ ആരോഗ്യത്തിലായിരുന്നെന്നും ഹൃദയധമനികൾ ചുരുങ്ങിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
മെയ് 25-നാണ് ജോർജ്ജ് ഫ്ലോയിഡ് പോലീസുകാരന്റെ ആക്രമണത്തില് മരിക്കുന്നത്. മിനിയാപൊളിസില് വെളുത്ത വര്ഗക്കാരനായ പോലീസ് ഓഫീസര് ഡെറെക് ചൗവിന് ഫ്ലോയിഡിന്റെ കഴുത്തില് കാല്മുട്ട് അമര്ത്തിയതിനെ തുടർന്നായിരുന്നു മരണം. പോലീസ് ഓഫീസര് ഒമ്പത് മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തില് കാല്മുട്ട് അമര്ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില് പ്രചരിച്ചതോടെ യുഎസിലെ വർണ വിവേചനത്തിന് എതിരെ പ്രതിഷേധം ആളിക്കത്തുകയയായിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
100 കണക്കിന് സമരക്കാർ ജോർജ് ഫ്ലോയ്ഡ്ന്റെ മരണത്തിൽ പ്രതിഷേധിച്ച് ഭരണസിരാകേന്ദ്രം വളഞ്ഞു, കല്ലേറു നടത്തുകയും പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഡൊണാൾഡ് ട്രംപ് ബങ്കറിന് ഉള്ളിൽ ഒളിച്ചെന്ന് രഹസ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരാണ് വിവരം പുറത്തെത്തിച്ചത്. വാരാന്ത്യം മുഴുവൻ അക്രമണത്തിന്റെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങൾ ലാഫെയ്ട് പാർക്കിൽ മുഴങ്ങി കേൾക്കാമായിരുന്നു. മിനപോളിസ് പോലീസ് ഓഫീസർ കാൽമുട്ടു കൊണ്ട് കഴുത്തിൽ അമർത്തിപ്പിടിച്ച് കൊന്ന കറുത്തവർഗ്ഗക്കാരനായ ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ്, ആയിരക്കണക്കിന് പേർ വെള്ളിയാഴ്ച തെരുവിലിറങ്ങിയത്. എന്നാൽ പ്രതിഷേധക്കാർ പൊടുന്നനെ അക്രമാസക്തരാകുകയും കാര്യങ്ങൾ നിയന്ത്രണം വിട്ടു പോവുകയും ചെയ്തതോടെ വൈറ്റ്ഹൗസ് 2011 സെപ്റ്റംബർ 11ന് ശേഷം നേരിടുന്ന ഏറ്റവും വലിയ ഭീകരാവസ്ഥ ആയി സ്ഥിതിവിശേഷം മാറി . എന്നാൽ സുരക്ഷാ വീഴ്ചയെ കുറിച്ചോ കരുതൽ മാർഗങ്ങളെക്കുറിച്ചോ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതിഷേധക്കാരുടെ വലിപ്പവും രോക്ഷവും പ്രസിഡണ്ടിനെയും കുടുംബത്തെയും ഒട്ടൊന്നുമല്ല വലച്ചിരിക്കുന്നത്. എന്നാൽ പ്രഥമ വനിതയായ മെലാനിയ ട്രംപും, പതിനാലുകാരനായ മകൻ ബാരനും ട്രമ്പിനൊപ്പം ബങ്കറിൽ കയറി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സീക്രട്ട് സർവീസ് പ്രോട്ടോകോൾ പ്രകാരം ഏജൻസിയുടെ സംരക്ഷണയിലുള്ള എല്ലാവരും അണ്ടർഗ്രൗണ്ട് ഷെൽട്ടറിൽ കഴിയേണ്ടതാണ്.
ഒരു ശതകത്തിനു ശേഷം ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന സ്പേസ് ലോഞ്ചിന് ഫ്ലോറിഡയിൽ പോയി ശനിയാഴ്ച മടങ്ങിയെത്തിയ ട്രമ്പിനെ, രോഷാകുലരായ നൂറുകണക്കിന് ജനങ്ങളാണ് സ്വീകരിച്ചത്. ഓരോ രാത്രി കഴിയുംതോറും നഗരങ്ങൾ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ടെലിവിഷൻ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. എന്നാൽ ട്രമ്പോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഐക്യത്തിന് ആഹ്വാനം ചെയ്യാത്തതും പ്രതിഷേധക്കാരോട് സംവദിക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നു.
ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തിന് ഏറ്റ ക്ഷതവും കാർഡിയോ പൾമണറി അറസ്റ്റും ആണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് . അദ്ദേഹത്തിന് ഹൃദ്രോഗം ഉണ്ടായിരുന്നതായും, മറ്റ് മരുന്നുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫ്ലോയ്ഡ് ഫാമിലി ഒരു സ്വകാര്യ പരിശോധകന്റെ സഹായവും ഇക്കാര്യത്തിൽ തേടിയിരുന്നു.