കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കില്‍പ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്. വിദ്യാര്‍ത്ഥി ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് അനന്തുവിനെ കാണാതായത്.
സഹപാഠിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെയും കാണാതായത്. നയാഗ്ര പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍സ്റ്റഗോ സര്‍വകലാശാല ഗുലേബ് കാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അനന്ദു.
പാര്‍ട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്‌വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയില്‍ എം.എസ്. കോഴ്‌സിന് ചേര്‍ന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷം മേയിലാണ് തിരികെപ്പോയത്.
ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 12-ന് കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടില്‍ സംസ്‌കരിക്കും. അമ്മ: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി.
അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുണ്ടായ രഹസ്യബന്ധം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്‌കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരിസ് റിലീസിന് ഒരുങ്ങുന്നു.
‘ഇംപീച്ച്‌മെന്റ്: അമേരിക്കന്‍ ക്രൈം സ്റ്റോറി’ എന്ന് പേരിട്ടിക്കുന്ന സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ ഏഴിന് ആദ്യത്തെ എപ്പിസോഡ് റിലീസ് ചെയ്യും. അമേരിക്കന്‍ പേ ചാനല്‍ ആയ എഫ്എക്‌സ് നെറ്റ് വര്‍ക്കിലൂടെയാകും സീരിസ് പ്രദര്‍ശിപ്പിക്കുന്നത്.
അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. മോണിക്ക ലെവിന്‍സ്‌കിയായി ബീനി ഫെന്‍ഡ്സ്റ്റീനും ബില്‍ ക്ലിന്റണായി ക്ലീവ് ഓവനും അഭിനയിക്കുന്നു. ജെഫെറി ടൂബിന്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂയോർക്ക് : ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. രാജി 14 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് ഇത്. പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് രാജിവയ്ക്കാൻ ക്യൂമോ സമ്മർദ്ദം നേരിട്ടിരുന്നു. ക്യൂമോയുടെ രാജിയോടെ ന്യൂയോർക്കിന്റെ ആദ്യ വനിത ഗവർണർ ആയി ലഫ്റ്റനന്റ് ഗവർണർ കാത്തി ഹോച്ചുൽ മാറി. ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ സ്വതന്ത്ര അന്വേഷണത്തിൽ 63 കാരനായ ക്യൂമോ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പീഡന പരാതിയിൽ 2020 ലാണ് ഗവർണർക്കെതിരെ അന്വേഷണം ആരംഭിച്ചത്. ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും സമ്മതമില്ലാതെ തങ്ങളെ ചുംബിച്ചുവെന്നും സ്ത്രീകൾ ആരോപിച്ചു. ഇതിനെ തുടർന്നാണ് ക്യൂമോ രാജി വയ്ക്കാൻ നിർബന്ധിതനായത്.
ആൻഡ്രൂ ക്യൂമോയുടെ മുതിർന്ന സെക്രട്ടറി മെലിസ ഡെറോസ ഞായറാഴ്ചയാണ് രാജി വച്ചത്. കോവിഡ് നിയന്ത്രണനടപടികളിലൂടെ ഏറെ ശ്രദ്ധ നേടിയ ക്യൂമോ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയും രാജിയാവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജി വെയ്ക്കണമെന്ന് പ്രസിഡന്റ് ബൈഡനും വൈറ്റ് ഹൗസ് വക്താവും ശക്തമായി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായ ശേഷം ഇംപീച്ച്‌മെന്റ് നടപടികളിലേയ്ക്ക് കടന്നപ്പോഴാണ് ഈ രാജി. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയുടെ പടിയിറക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.
അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നിവയിലൂടെ ക്യൂമോ വനിതാ ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ നിരവധി പേരാണ് കുമോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഞ്ചുമാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കുശേഷമാണ് ക്യൂമോയുടെ രാജി പ്രഖ്യാപനം. ആരോപണങ്ങൾ, പെൺമക്കളുമായുള്ള തന്റെ ബന്ധത്തെ ദോഷകരമായി ബാധിച്ചുവെന്ന് ക്യൂമോ വെളിപ്പെടുത്തി.
പ്രസന്നൻ പിള്ള
ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്ട്ര കോൺഫറൻസ് ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നവംബർ 11 മുതൽ 14 വരെ റെനൈസ്സൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്സ് ഹോട്ടലിൽ അരങ്ങേറും. വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാകും കോൺഫറൻസ് നടക്കുന്നത് .
2017-ൽ സമ്മേളനം നടന്ന അതേ ഹോട്ടൽ ഇപ്പോൾ പുതിയ മാനേജ്മെന്റിന് കീഴിൽ കൂടുതൽ സൗകര്യങ്ങളോടെ 2021-ലെ സമ്മേളനത്തിന് തയ്യാറായിരിക്കുകയാണ് . അമേരിക്കയിലെ എട്ട് ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമേ കേരളത്തിൽ നിന്നുള്ള നിരവധി മാധ്യമ കുലപതികളും സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാഹിത്യ രംഗത്തെ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗഭാക്കാകും.
പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിന് പരിപൂർണ പിന്തുണ നൽകുവാനും കൂടുതൽ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുവാനും തീരുമാനിച്ചു. മാധ്യമ സമ്മേളനങ്ങളിലും വർക്ക് ഷോപ്പുകളിലും അംഗങ്ങളെ കൂടാതെ പൊതുജനങ്ങൾക്കും തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ് . ഇതിനായി പ്രസ്സ് ക്ലബ്ബിന്റെ വെബ് സൈറ്റിൽ (www.indiapressclub.org) രജിസ്റ്റർ ചെയ്യേണ്ടതാണ് . യോഗത്തിൽ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് , മുൻ നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള, വർഗീസ് പാലമലയിൽ, ചാക്കോ മറ്റത്തിപ്പറമ്പിൽ, അനിൽ മറ്റത്തികുന്നേൽ, അലൻ ജോർജ് , റോയ് മുളങ്കുന്നം, സിമി ജെസ്ടോ ജോസഫ് എന്നിവർ പങ്കെടുത്തു.
പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് എന്നിവര്‍ അടങ്ങിയ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. മുൻകാലങ്ങളിലെ പോലെ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ രത്ന പുരസ്കാരവും കോൺഫറൻസ് വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.
കോൺഫറൻസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾക്ക് : ബിജു സക്കറിയ (847-630-6462), ബിജു കിഴക്കേക്കുറ്റ് (773-255-9777), സുനില്‍ ട്രൈസ്റ്റാര്‍ (917-662-1122), ജീമോന്‍ ജോര്‍ജ്ജ് (267-970-4267)
വിമാനയാത്രക്കിടെ മദ്യപിച്ച് വനിതകളോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ് അറസ്റ്റിലായത്. ഫിലാഡൽഫിയയിൽനിന്ന് മിയാമിയിേലക്കുള്ള ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം.
ഒഹിേയാ സ്വദേശിയായ മാക്സ്വെൽ ബെറി വിമാനത്തിന് അകത്ത് നടന്നു. പിന്നീട് സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്. ഒരു വനിത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. പിന്നീട് അയാൾ ബാത്ത്റൂമിൽ പോകുകയും ഷർട്ട് അഴിച്ച് വരികയുമായിരുന്നു. ലഗേജിൽനിന്ന് പുതിയ ഷർട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി സ്ത്രീകളെ കടന്നുപിടിച്ചു.
രംഗം ശാന്തമാക്കാൻ എത്തിയ പുരുഷ ജീവനക്കാരെൻറ മുഖത്ത് ഇയാൾ ഇടിക്കുകയും ചെയ്തു. പിന്നീട് മറ്റു ജീവനക്കാരെയും മർദിച്ചതോടെ സീറ്റിൽ ഇയാളെ കെട്ടിയിടുകയായിരുന്നു. അതിക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. വിമാന ജീവനക്കാരനെ മർദിച്ചതിന് ശേഷം തെൻറ പിതാവ് കോടീശ്വരനാണെന്ന് മാക്സ്വെൽ വിളിച്ചു പറയുന്നത് വിഡിയോയിൽ കാണാം.
22കാരനെ പിന്നീട് പൊലീസിന് കൈമാറി. മിയാമിയിൽ എത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സംഭവത്തിൽ ഒരു ജീവനക്കാരനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ചിക്കാഗോ: ന്യു ജേഴ്‌സിയിൽ അന്തരിച്ച മാധ്യമ പ്രവർത്തകൻ സജിൽ ജോർജിന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദുഃഖവും അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റും ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും, ട്രെഷറർ ജീമോൻ ജോർജും പ്രസ്താവനയിൽ പറഞ്ഞു..
ദൃശ്യമാധ്യമങ്ങൾ അമേരിക്കയിൽ തുടങ്ങുമ്പോൾ ഏഷ്യാനെറ്റിന്റെ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ വാർത്താധിഷ്ഠിത വാരാന്ത്യ പരിപാടി ആയിരുന്ന യു എസ് വീക്കിലി റൗണ്ടപ്പ് എന്ന പ്രോഗ്രാമിന്റെ ആശയം കൊണ്ടുവന്നത് കൂടാതെ നിരവധി വർഷങ്ങൾ അതിന്റെ അവതാരകനായിരുന്നു സജിൽ. പിന്നീട് എം.സി.എൻ. എന്ന ചാനലിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
സോഷ്യൽ മീഡിയയെ ശക്തമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു സജിലിന്റെ തൂലിക. അതിലൂടെ സാമൂഹിക വിമർശനവും പുതിയ ആശയങ്ങളും വലിയ അനുവാചക സംഘത്തെ നേടി.
സജിലിന്റെ വേർപാടിലൂടെ ഒരു മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വേർപാടിൽ പ്രസ് ക്ലബിന്റെ ദുഃഖം അറിയിക്കുന്നു-അവർ പറഞ്ഞു.
ബിൻ ലാദൻ കുടുംബത്തിന്റെ വീട് വിൽപനക്ക്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് ഏറെക്കാലം ബിൻലാദൻ കഴിഞ്ഞ ലൊസാഞ്ചലസിലെ വീടാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. 1983ലാണ് ലാദൻഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്.
7,100 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ വിസ്തീർണം. ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും ഇതിനുള്ളിലുണ്ട്. വർഷങ്ങളായി ആൾപ്പാർപ്പില്ലാത്ത കിടക്കുന്നതിനാൽ ബംഗ്ലാവിന്റെ ചിലഭാഗങ്ങൾ കേടുപാടുകൾ വന്ന നിലയിലാണ്. പരിചരിക്കാൻ ആളില്ലാതെ വന്നതോടെ മുറ്റത്തെ വിശാലമായ പുൽത്തകിടിയും പൂർണമായും നശിച്ചു. എന്നാൽ സ്വിമ്മിംഗ് പൂളുംസ്പായും ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നുണ്ട്. ബംഗ്ലാവിനോട് ചേർന്ന് പ്രത്യേകമായി ഒരു പൂൾ ഹൗസും ഉണ്ട്.
അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളിൽ ഇബ്രാഹിം വീട് വാടകയ്ക്ക് കൊടുത്തിരുന്നു. 2010 ആയപ്പോഴേക്കും അഡൾട്ട് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി. 28 മില്യൻ ഡോളറാണ് (208കോടി രൂപ) ബിൻലാദൻ കുടുംബത്തിന്റെ വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാവിന്റെ ഭാഗങ്ങൾ തകർന്ന നിലയിലാണെങ്കിലും ഭൂമിയുടെ മതിപ്പ് കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോമി ജോസഫ് (സിബി കുഞ്ഞ് – 59 ) കാനഡായിൽ നിര്യാതനായി. പരേതരായ തോയക്കുളം ഔതച്ചന്റേയും മറിയാമ്മയുടെയും മകനാണ്. മാമ്മൂട് ലൂർദ് മാതാ ഇടവകാംഗവും, നാലാം വാർഡ് കുടുംബ കൂട്ടായ്മയിലെ അംഗവുമാണ്. മൃതസംസ്കാരം പിന്നീട് .
ടോമി ജോസഫിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഫ്ലോറിഡയിലെ എവർഗ്ലെയ്ഡിൽ പെരുകികൊണ്ടിരിക്കുന്ന ബർമീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 450 പേർ രജിസ്റ്റർ ചെയ്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പൈതോണിനെ പിടികൂടുന്നവർക്ക് 10,000 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ബർമീസ് പൈതോൺ ഫ്ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു ജീവികളെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. 2000 മുതൽ ഫ്ലോറിഡാ സംസ്ഥാനത്തു നിന്നും 13,000 ബർമീസ് പൈതോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്.
ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറു കണക്കിനു പൈതോണിനെ ഇവിടെ നിന്നു പിടികൂടാനാകുമെന്നാണു കരുതുന്നത്.
കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശി കാനഡയിൽ മുങ്ങി മരിച്ചു. ആൽബെർട്ട പ്രോവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലേക്കിൽ സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും മറ്റു സുഹൃത്തുക്കൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങിത്താഴുകയായിരുന്നു.
റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞായറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു. ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൌന്റ് പൊലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ് റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
കെഎംസിസി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറു ചുറുക്കോടെ ഉണ്ടായിരുന്ന ഉവൈസിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കനത്ത ആഘാതമായി. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അ റിയിച്ചു.