ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ.

കവന്‍ട്രി: വി. യൗസേപ്പിതാവിന്റെ നാമത്തില്‍ കവന്‍ട്രിയിലെ സീറോ മലബാര്‍ വിശ്വാസകൂട്ടായ്മയെ മിഷനായി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കവന്‍ട്രിയിലെ സെന്റ് പാട്രിക് ചര്‍ച്ചില്‍ നടന്ന പ്രഖ്യാപനത്തിനും തിരുക്കര്‍മ്മങ്ങള്‍ക്കും സീറോ മലബാര്‍ സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രെയ്‌സ്‌റ് ഇന്‍ ചാര്‍ജ് റെവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികരായി. കവന്‍ട്രിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധിയാളുകള്‍ പ്രഖ്യാപനത്തിനു സാക്ഷികളായി.

വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തതിനുശേഷം റെവ. ഫാ. ജിജി പുതുവീട്ടിക്കളം എസ്. ജെ. മിഷന്‍ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരി തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. ബര്‍മിംഗ്ഹാം അതിരൂപത വികാരി ജനറാള്‍ മോണ്‍. തിമോത്തി മെനെസിസ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മിഷനായി പ്രഖ്യാപിക്കപ്പെടുന്നത് മുതല്‍ ഈശോയുടെ മിഷന്‍ നമുക്കെങ്ങനെ തുടരാനാവുമെന്നു ഓരോരുത്തരും ചിന്തിക്കണമെന്ന് വചനസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായി.

രാവിലെ പതിനൊന്നു മണിക്ക് ഇംഗ്ലണ്ടിലെ അപ്പോസ്‌തോലിക് നുണ്‍ഷിയോ ആര്‍ച്ച്ബിഷപ് എഡ്വേഡ് ജോസഫ് ആഡംസുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കര്‍ദ്ദിനാളിനൊപ്പമുണ്ടായിരുന്നു. കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയുടെ തലവന്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍, അവിടെയുള്ള അപ്പോസ്‌തോലിക് നുണ്‍ഷിയോയെ സന്ദര്‍ശിക്കുക എന്ന പതിവനുസരിച്ചാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ആര്‍ച്ച്ബിഷപ് എഡ്വേഡ് ജോസഫ് ആഡംസുമായി ആശയവിനിമയം നടത്തിയത്. ഹ്രസ്വമായ സന്ദര്‍ശനത്തില്‍ മെത്രാന്മാര്‍ പരസ്പരം പ്രാര്‍ത്ഥനാശംസകളും സൗഹൃദവും പങ്കുവച്ചു.