കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. രോഗബാധയുമായി ബന്ധപ്പെട്ട് 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ട് പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും 63 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്.
ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരെ കർശനമായ ഹോം ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ മാത്രമായിരിക്കും പരിശോധന നടത്തുകയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
ഫറോക്ക് സ്വദേശിയായ ശുചീകരണ തൊഴിലാളിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇദ്ദേഹം വീട്ടുവളപ്പിൽ നിന്ന് സപ്പോട്ട പഴം പറിച്ച് കഴിച്ചിരുന്നതായി കണ്ടെത്തിയതിനാൽ വവ്വാലുകൾ കടിച്ച പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിഗമനം. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു.











Leave a Reply