പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിലെ ഭിന്നത പരസ്യപ്പോരിലേക്ക് കടന്നു. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിൽ വിശ്വാസം നഷ്ടപ്പെട്ടതായി വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെ ആറ് യുഡിഎഫ് കൗൺസിലർമാർ കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചു. കഴിഞ്ഞ ആറുമാസമായി നടന്ന സംഭവവികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വലിയ അപമാനം ഉണ്ടാക്കിയെന്നാണ് കത്തിൽ ആരോപിക്കുന്നത്.

യുഡിഎഫ് ഭരണമാണെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും ഭരണത്തിൽ കാര്യമായ പങ്കില്ലായിരുന്നുവെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു. സംസ്ഥാന രാഷ്ട്രീയ സാഹചര്യവും യുഡിഎഫ് ഐക്യവും പരിഗണിച്ച് ഇതുവരെ പരസ്യവിമർശനങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും സമീപകാലത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും ഉണ്ടായതായി കത്തിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനുപുറമെ ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ചെന്നും കൗൺസിലർമാർ ആരോപിച്ചു. പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴിയെടുത്ത ശേഷവും ചെയർപേഴ്സൺ മാധ്യമങ്ങളെ വിളിച്ചുകൂട്ടി വാർത്ത നൽകിയതിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിനെയും സ്വതന്ത്ര കൂട്ടായ്മയിലും വിശ്വാസം പൂർണമായും നഷ്ടപ്പെട്ടതായി കൗൺസിലർമാർ കത്തിൽ വ്യക്തമാക്കി.