യുഎഇയിൽ അടുത്ത ആഴ്ച കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് യുകെ മലയാളികളുടെ ചങ്കിടിപ്പ് ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ മഴയിൽ വിമാനഗതാഗതം ആകെ താറുമാറായിരുന്നു. ഇതിനെ തുടർന്ന് യുകെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ യാത്രയാണ് തടസ്സപ്പെട്ടത്.

യു.എ.ഇ.യിൽ അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും മഴപെയ്യുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത് . തിങ്കളാഴ്ച നേരിയ മഴയും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രം നൽകുന്ന വിവരം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

പുതിയന്യൂനമർദം രൂപപ്പെടുന്നതുകൊണ്ട് ഒമാനിൽ 24 മുതൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലാവസ്ഥയിൽ വലിയമാറ്റം സംഭവിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖാദൂരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത പേമാരിയിൽ ഒമാനിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്. യു.എ.ഇ.യിൽ നാലുപേരും മരിച്ചു .