ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: വേനൽ അവധിക്കാലത്ത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള ജനപ്രിയ നടപടിയുമായി സർക്കാർ മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായി തീം പാർക്കുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റുകൾക്ക് ഈടാക്കുന്ന വാറ്റ് 20 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി താൽക്കാലികമായി കുറയ്ക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചു. സ്കോട്ട് ലൻഡിൽ സ്കൂളുകൾ അടയ്ക്കുന്ന ജൂൺ അവസാനം മുതൽ സെപ്റ്റംബർ ഒന്നിന് ഇംഗ്ലണ്ട്, വെയിൽസ്, ഉത്തര അയർലൻഡ് എന്നിവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നതുവരെ ഇളവ് പ്രാബല്യത്തിലുണ്ടാകും. സിനിമ, തിയേറ്റർ, സോഫ്റ്റ് പ്ലേ സെന്ററുകൾ എന്നിവിടങ്ങളിലെ കുട്ടികളുടെ പ്രവേശന ടിക്കറ്റുകൾക്കും റസ്റ്റോറന്റുകളിലെയും കഫേകളിലെയും കുട്ടികളുടെ ഭക്ഷണത്തിനും ഇളവ് ബാധകമാകും.

ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനും ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണയ്ക്കുന്നതിനുമാണ് നടപടിയെന്ന് റീവ്സ് പറഞ്ഞു. ഇതോടൊപ്പം ഇംഗ്ലണ്ടിൽ ഓഗസ്റ്റിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ബസ് യാത്രയും ചില അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നികുതി കുറയ്ക്കുന്നതും സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇറാനിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഇന്ധന-ഭക്ഷ്യവിലകൾ ഉയരാനിടയുള്ളതിനാൽ കൂടുതൽ പിന്തുണ ആവശ്യമെങ്കിൽ സർക്കാർ ഇടപെടുമെന്നും അവർ വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപനത്തെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് ഇത് മതിയാകില്ലെന്ന വിമർശനവും ഉയർന്നു. എനർജി ബില്ലുകളും ജീവിതച്ചെലവും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ വേണമെന്നാണ് പ്രതിപക്ഷവും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്. അതേസമയം, സൂപ്പർമാർക്കറ്റുകളിൽ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാൻ സർക്കാർ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും നിർബന്ധിത വിലനിയന്ത്രണം കൊണ്ടുവരില്ലെന്ന് മന്ത്രിമാർ അറിയിച്ചു.











Leave a Reply