പ്രകൃതി പോലും തേങ്ങി, പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ….

കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങൾ ഒഴുകിയെത്തി താങ്ങളുടെ പ്രിയ മാർട്ടിൻ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ. സ്വന്തം നാട്ടുകാരായ പുളിങ്കുന്ന് നിവാസികളെകൊണ്ടും, അച്ചന്‍ അവസാനമായി സേവനം അനുഷ്ടിച്ച ചെത്തിപ്പുഴ തി​രു​ഹൃ​ദ​യ ആ​ശ്ര​മ​ദേ​വാ​ല​യ നിവാസികളെകൊണ്ടും അന്ത്യശുശ്രുകള്‍ ഒരുക്കിയ ദേവാലയം നിറഞ്ഞു കവിഞ്ഞു. ഏവരുടെയും മനസ്സിൽ ദുഃഖം കെട്ടിനിന്ന അന്തരീക്ഷത്തിൽ പ്രകൃതി പോലും വിതുമ്പി. രാവിലെ 8 മണിമുതൽ  പൊ​തു​ദ​ർ​ശ​ന​ത്തി​നുവച്ച ദേവാലയത്തിലേയ്ക്ക് നാടിന്റെ നാനാതുറകളിൽനിന്നുള്ള ജനസമൂഹം ഒഴികിയെത്തി. സന്യസസമൂഹവും, രാഷ്ട്രിയക്കാരും മറ്റു പ്രമുഖ വ്യക്തികളും അന്ത്യോപചാരം അർപ്പിക്കാന്‍ കാത്ത് നിന്നു.

മതചിന്തകൾക്ക് അതീതമായി  സുഹൃത്തായും, സഹപാഠിയായും, മകനായും മാർട്ടിൻ അച്ചനെ കണ്ടുകൊണ്ടിരുന്ന സ്വന്തം നാട്ടുകാരായ കുട്ടനാട്ടിലെ പുളിങ്കുന്ന് നിവാസികൾ ഒന്നടക്കം ചങ്ങനാശേരി തി​രു​ഹൃ​ദ​യ ആ​ശ്ര​മ​ദേ​വാ​ല​യത്തിലേക്ക് ഒഴുകിയെത്തി. 8.30ന് ​ആ​ശ്ര​മം പ്രി​യോ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ​യു​ടെ കാർമ്മികത്വ​ത്തി​ൽ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷകൾ തുടങ്ങി. 12 മണിയോടെ ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മുഖ്യകാർമ്മികത്വത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. 1 മണിയോടെ സംസ്ക്കാരശു​ശ്രൂ​ഷകൾ ആരംഭിച്ചു. കോരിച്ചൊരിയുന്ന മഴയിലും അച്ചന് അന്ത്യാചുബനം അർപ്പിക്കാൻ ക്ഷമയോടെ സമൂഹം കത്ത് നിന്നു. ഒടുവിൽ സംസ്കാരശു​ശ്രൂ​ഷകൾക്ക് ശേഷം അച്ചന്റെ കുഴിമാടത്തിൽ കുന്തിരിക്കങ്ങളും ആർപ്പിച്ചു തങ്ങളുടെ പ്രിയ സഹോദരനെ യാത്രയാക്കി.

ഇനി നിഗുഢമായ ആ സത്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മാർട്ടിൻ അച്ചന്റെ സോദ്ദേശവാസികൾക്കൊപ്പം ചെത്തിപ്പുഴ തിരുഹൃദയം ഇടവകക്കാരും. ഒരു സഹപാഠിയും സുഹൃത്തായും നീണ്ട 30 വർഷത്തോളം കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ സ്‌നേഹിതൻ മാർട്ടിന് എങ്ങനെ ഈ അപകടം സംഭവിച്ചു എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാനും….