ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാൽമൊണല്ല ഭീതിയെ തുടർന്ന് ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചു വിളിച്ച് പ്രമുഖ സൂപ്പർമാർക്കറ്റുകൾ. ചിക്കൻ സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, സാലഡുകൾ തുടങ്ങിയവ വാങ്ങിയ ഉപഭോക്താക്കളോട്, അവ ഭക്ഷിക്കരുതെന്നും റീഫണ്ടിനായി സ്റ്റോറുകളിലേക്ക് മടക്കി നൽകാനും സൂപ്പർമാർക്കറ്റുകൾ നിർദ്ദേശിക്കുന്നു. ടെസ്‌കോ, സെയിൻസ്‌ബറിസ്, ആൽഡി, പ്രെറ്റ് എ മാംഗർ, എം ആൻഡ് എസ്, വെയ്‌ട്രോസ് എന്നിവരാണ് നൂറോളം ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ആമസോൺ, കഫെ നീറോ, കോസ്റ്റ, വൺ സ്റ്റോപ്പ്, സ്റ്റാർബക്സ് എന്നിവയുൾപ്പെടെയുള്ളവരും ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നുണ്ടെന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) മുന്നറിയിപ്പ് നൽകി. മെയ്‌ 11 മുതൽ 20 വരെ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണ് പ്രധാനമായും തിരിച്ചുവിളിച്ചത്.

ഹളിലെ ക്രാൻസ്‌വിക്ക് കൺട്രി ഫുഡ്‌സ് പ്രോസസ്സിംഗ് പ്ലാന്റിലെ പരിശോധനയിലാണ് സാൽമൊണല്ലാ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം ഒരു മുൻകരുതൽ നടപടിയാണെന്ന് സൂപ്പർമാർക്കറ്റുകളുടെ വെബ്സൈറ്റിൽ പറയുന്നു. 33 ഇനങ്ങളാണ് സെയിൻസ്‌ബറി തിരിച്ചുവിളിക്കുന്നത്.

ചിക്കൻ സാൻഡ്‌വിച്ചുകൾ, ചിക്കൻ റാപ്പുകൾ, ചിക്കൻ സാൻഡ്‌വിച്ച് പ്ലേറ്ററുകൾ, പാകം ചെയ്ത ചിക്കൻ തുടങ്ങിയവയാണ് തിരിച്ചുവിളിക്കുന്നതെന്ന് സെയിൻസ്‌ബറിയുടെ വക്താവ് അറിയിച്ചു. “ചിക്കൻ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും അടുത്തുള്ള സെയിൻസ്ബറി സ്റ്റോറിലേക്ക് തിരികെ നൽകണമെന്നും ഞങ്ങൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. അവിടെ അവർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.” അവർ കൂട്ടിച്ചേർത്തു.