യുവൻ നടൻ ഷെയിൻ നിഗമിനെ മലയാള സിനിമയിൽ നിന്ന് വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ നടപടിയെ വിമർശിച്ച് താരം. വെയില്‍ സിനിമയുടെ ചിത്രീകരണത്തിനെ താൻ നേരിട്ടത് സംവിധായകനില്‍ നിന്നുള്‍പ്പെടെ നിരവധി അധിക്ഷേപങ്ങളാണെന്നും അതിന് മുടി മുറിച്ചെങ്കിലും പ്രതിഷേധിക്കണ്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിരകണം. ഓൺലൈൻ മാധ്യമമായ ദി ക്യൂവിന് നൽകിയ വിഡിയോ അഭിമുഖത്തിലായിരുന്നു ഷെയിനിന്റെ പ്രതികരണം.

ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ടെന്ന ആരോപിച്ച അദ്ദേഹം ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടുമോ’ എന്നും ചോദിക്കുന്നു. വിവാദത്തിന് തുടക്കമിട്ട ജോബി ജോര്‍ജ് നിര്‍മ്മിച്ച് ശരത് മേനോന്‍ സംവിധാനെ ചെയ്യുന്ന വെയില്‍ എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം മുൻപ് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും ഷെയിൻ പറയയുന്നു. ഈ സമയത്ത് വിലക്കോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കളില്‍ ചിലര്‍ ഉറപ്പ് നല്‍കിയിരുന്നു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് എഴുതി വാങ്ങിയിരുന്നതായും ഷൈന്‍ അഭിമുഖത്തില്‍ ആരോപിച്ചു.

നിര്‍മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു. വിലക്ക് ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് രേഖാമൂലം ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. വിവാദങ്ങൾക്കും ഒത്തു തീർപ്പ് ചർച്ചയ്ക്കും ശേഷം വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരണത്തില്‍ സഹകരിച്ചു. അഞ്ച് ദിവസം രാത്രിയും പകലുമായിരുന്നു ചിത്രീകരണം. ഈ സമയത്ത് മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ എന്ന സിനിമ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഈ നടപടികൾക്കെല്ലാം പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നാണ് താൻ കരുതുന്നതെന്നും ഷൈന്‍ വ്യക്തമാക്കുന്നു.

തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യും. താന്‍ ഇത് വരെ ഒരു സിനിമയും പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയിന്‍ നിഗം പറയുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞാണ് ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് നിർ‌മ്മാതാക്കളുടെ സംഘ‍‍ടന രംഗത്തെത്തിയത്. കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അവർ ഇക്കാര്യം അറിയിച്ചത്. ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു വാർത്താ സമ്മേളനത്തിൽ സംസാരിച്ച നിർ‌മാതാക്കൾ ഉയർത്തിയത്. പുതുതലമുറയിൽപെട്ട താരങ്ങളിൽ മയക്ക് മരുന്ന ഉപയോഗം വരെ കൂടുന്നെന്ന തരത്തിലും അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിർമ്മാതാക്കൾ ആരോപണം ഉയർത്തി.

സിനിമയിലെ ചിലരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ നിർ‌മ്മാതാക്കൾ വിഷയത്തിൽ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലൊക്കേഷനിൽ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പത്രസമ്മേളനം. ‘കഞ്ചാവ് മാത്രമല്ല ലഹരിമരുന്നെന്നു പറയുന്നത്. കഞ്ചാവ് പുകച്ചാൽ അതിന്റെ മണംകൊണ്ടു തിരിച്ചറിയാൻ കഴിയും. ഇവർ ഉപയോഗിക്കുന്നത് എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് ഞങ്ങൾ സംശയിക്കുന്നു. മയക്കുമരുന്ന് ഉപയോഗിച്ചാൽ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നത്’- നിർമാതാക്കൾ പറയുന്നു.