ഓക്സിജന്റെ അളവ് സമുദ്രത്തിൽ കുറയുന്നു; സ്രാവ്, ചൂര തുടങ്ങിയ മൽസ്യങ്ങൾ ഭൂമുഖത്തുനിന്നും ഇല്ലാതാകും ?

ഓക്സിജന്റെ അളവ്  സമുദ്രത്തിൽ കുറയുന്നു; സ്രാവ്, ചൂര തുടങ്ങിയ മൽസ്യങ്ങൾ ഭൂമുഖത്തുനിന്നും ഇല്ലാതാകും ?
December 15 09:52 2019 Print This Article

കാലാവസ്ഥാവ്യതിയാനത്തിന്‍റെ ദൂഷ്യഫലങ്ങൾ കരയിൽ മാത്രമല്ല ജലജീവികളും അനുഭവിക്കുകയാണ്. വെള്ളത്തിൽ ജീവിക്കുന്ന ജീവിവർഗ്ഗത്തിനും കാലാവസ്ഥാ വ്യതിയാനം കടുത്ത പ്രതിസന്ധിയാണ് സൃഷ്‍ടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞുവരികയാണ് എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തുന്നത്. സമുദ്രജീവികളെയും തീരദേശ സമൂഹങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ആഗോള സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കുന്നു. ലോകസമുദ്രങ്ങൾ ശ്വസിക്കാൻ പാടുപെടുകയാണ്. വളരെ വേഗത്തിലും ഉയർന്ന തോതിലും സമുദ്രത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം അപകടകരമാംവിധം പ്രശ്നം രൂക്ഷമാക്കുന്നുവെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

17 രാജ്യങ്ങളിൽ നിന്നുള്ള 67 ഓളം ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ സംയോജിപ്പിച്ചുകൊണ്ട് ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ഇത്തരത്തിലുള്ള ഏറ്റവും വലിയ റിപ്പോർട്ട് അടുത്തിടെ മാഡ്രിഡിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പുറത്തിറക്കുകയുണ്ടായി. 1950 -കൾക്ക് ശേഷം സമുദ്രത്തിൽ ഓക്സിജന്‍റെ അളവ് ഏകദേശം രണ്ട് ശതമാനം കുറഞ്ഞുവെന്നും, 1960 മുതൽ ഓക്സിജൻ കുറയുന്നത് നാലിരട്ടിയായി വർദ്ധിച്ചുവെന്നും അവർ കണ്ടെത്തി.

അറുപത് വർഷങ്ങൾക്ക് മുമ്പ് 45 സമുദ്ര സ്ഥലങ്ങളിൽ മാത്രമാണ് ഓക്സിജന്‍റെ അളവിൽ കുറവുണ്ടായിരുന്നത്. 2011 -ൽ ഇത് 700 ആയി ഉയർന്നു. ജൈവവൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ സമുദ്രനിരപ്പിന്‍റെ ഉപരിഭാഗത്താണ് കൂടുതലും ഓക്സിജൻ നഷ്‍ടമായിരിക്കുന്നത്. ഉപരിതലം ചൂടുപിടിക്കുമ്പോൾ വെള്ളത്തിന് കൂടുതൽ ഓക്സിജൻ നിലനിർത്താൻ കഴിയില്ല. അങ്ങനെ ഓക്സിജന്‍റെ അളവ് കുറയാൻ ഇത് ഇടയാക്കുന്നു. ഇത് തുടർന്നാൽ 2100 ആകുമ്പോഴേക്കും ഓക്സിജന്‍റെ അളവ് മൂന്ന് മുതൽ നാല് ശതമാനം വരെ കുറയുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.

ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് കൊണ്ട് സമുദ്രതാപനം ഉണ്ടാകുന്നു. ഇത് ചൂടുള്ള സമുദ്രങ്ങളിൽ ആഴങ്ങളിലേക്ക് ഓക്സിജൻ എത്തുന്നത് തടസ്സപ്പെടുത്തുകയും സമുദ്രജീവികൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുകയും ചെയ്യുന്നു.

ജലപാതകൾ, മലിനജലം, മൃഗങ്ങളുടെ മാലിന്യങ്ങൾ, അക്വാകൾച്ചർ, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള നൈട്രജൻ തുടങ്ങിയവ വളമായി തീർന്ന് കടലിൽ സസ്യജാലങ്ങൾ അതിവേഗം വളരുന്നതിന് കാരണമാകുന്നു. വർദ്ധിച്ച സസ്യസമ്പത്ത് കടലിൽ ഓക്സിജന്‍റെ അഭാവത്തിനും മൃഗങ്ങളുടെ മരണനിരക്കിനും കാരണമാകുന്നു.

സമുദ്രത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നത് സമുദ്രജീവികളിൽ സമ്മർദ്ദം ഉണ്ടാക്കുകയും ആവശ്യമായ ഓക്സിജൻ വിതരണം നഷ്ടപ്പെടുത്തുകയും ചെയ്യും. ട്യൂണ, മാർലിൻ, വാൾഫിഷ്, സ്രാവുകൾ എന്നിവയുൾപ്പെടെയുള്ള വലിയ ഇനങ്ങളെയാണ് ഇത് ബാധിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. വലിയ സമുദ്ര ജന്തുക്കൾ ഓക്സിജൻ കൂടുതലുള്ള ഉപരിതലത്തോട് അടുത്താണ് നീന്തുന്നത്. അവിടെ, പക്ഷേ അവ അമിത മത്സ്യബന്ധനത്തിന് ഇരയാകുന്നു. സമുദ്രത്തിലെ ഈ പ്രതിഭാസത്തിനെ മറികടക്കുന്നതിനും തിരിച്ചെടുക്കുന്നതിനും അടിയന്തിര ആഗോള നടപടി ആവശ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles