ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്റെ നാനാത്വങ്ങളായി സംസ്‌ക്കാരങ്ങളെ അടയാളപ്പെടുത്തുന്ന പുതിയ കളര്‍ കോഡഡ് ഭൂപടം പുറത്തിറങ്ങി. യു.കെയിലെ പ്രധാന നഗരങ്ങളില്‍ ജീവിക്കുന്നവരുടെ മതങ്ങളുടെ അടിസ്ഥാനത്തില്‍ കളര്‍ ഡോട്ടുകള്‍ ചേര്‍ത്തുവെച്ചാണ് മാപ് തയ്യാറാക്കിയിരിക്കുന്നത്. മാപുകള്‍ക്കുള്ളിലെ ഒരോ കളര്‍ ഡോട്ടുകളും ഒരോ വ്യക്തികളെയാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ഥ സംസ്‌ക്കാരങ്ങള്‍ ഇടപഴകി ജീവിക്കുന്ന സ്ഥലങ്ങളുടെയും കുടിയേറ്റ സംസ്‌ക്കാരങ്ങളുടെയുമൊക്കെ വ്യക്തമായ ചിത്രം ലഭിക്കുന്നതാണ് മാപ്.

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഓയില്‍ പെയിംന്റിഗ് മാതൃകയാണെന്ന് മാത്രമെ തോന്നുകയുള്ളു. എന്നാല്‍ വളരെ കൃത്യമായി ഡാറ്റകള്‍ ഉപയോഗപ്പെടുത്തി രേഖപ്പെടുത്തിയിരിക്കുന്നതാണ് ഒരോ കളര്‍ ഡോട്ടും. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍ഷെയര്‍, ടെയിന്‍ ആന്റ് വെയര്‍, വെസ്റ്റ് യോര്‍ക്ക് ഷെയര്‍ എന്നീ പ്രധാന നഗരങ്ങളുടെ മതങ്ങളുടെ അടിസ്ഥാനപ്പെടുത്തി ആളുകള്‍ ജീവിക്കുന്ന സ്ഥലങ്ങളെ കളര്‍ കോഡ് ചെയ്തിരിക്കുകയാണ് പുതിയ മാപ്. ഇത്തരമൊരും മാപ് ഇതാദ്യമായിരിക്കും പുറത്തിറങ്ങുന്നത്. ഇസ്‌റി യു.കെയ്ക്ക് വേണ്ടി ഫ്‌ളാനാഗാന്‍ എന്നയാളാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

മെട്രോ പൊളിറ്റന്‍ നഗരങ്ങളുടെ എല്ലാ ഭാഗങ്ങളിലും ക്രിസ്തുമത വിശ്വാസികള്‍ ഉള്ളതായി മാപ് വ്യക്തമാക്കുന്നു. ചരിത്രപരമായ ക്രിസ്റ്റ്യാനിറ്റിയോട് ബ്രിട്ടനുള്ള അടുപ്പം സൂചിപ്പിക്കുന്നതാണ് എല്ലായിടത്തുമുള്ള വിശ്വാസികളുടെ സാന്നധ്യം. കുടിയേറ്റ കാലഘട്ടം മുതലെ പ്രധാന നഗരങ്ങളിലെല്ലാം ഹിന്ദു, സിഖ്, മുസ്ലിം വംശജര്‍ ബ്രിട്ടനിലുണ്ടായിരുന്നു. ക്രിസ്തുമതം കഴിഞ്ഞാല്‍ ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള മതം ഇസ്ലാമാണ്.