മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി യാതൊരു മൊഴിയും നൽകിയിട്ടില്ലെന്നും, കേസ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അവർ വ്യക്തമാക്കി. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദങ്ങൾ നേരിടുന്നതായും പരാതിക്കാരി പറഞ്ഞു.
നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ച വിചാരണ നടപടികളുടെ ഭാഗമായി പരാതിക്കാരിയും പ്രതികളും ഹാജരായിരുന്നു. അടച്ചിട്ട കോടതിയിലായിരുന്നു നടപടികൾ നടന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി നാല് പേരെ ഹാജരാക്കിയതിൽ രണ്ടുപേരെ പരാതിക്കാരി തിരിച്ചറിഞ്ഞു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ പരാതിക്കാരി ഉൾപ്പെടെ നാല് പേർ കൂറുമാറിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരി പ്രതികരിച്ചു. തിരിച്ചറിയൽ നടപടികൾ മാത്രമാണ് നടന്നതെന്നും, മൊഴി മാറ്റിയിട്ടില്ലെന്നും അവർ ആവർത്തിച്ചു.











Leave a Reply