കോട്ടയത്ത് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പച്ചത്തെറി വിളിച്ച് എസ്ഐ. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ സബ് ഇന്‍സ്പെക്ടര്‍ അസഭ്യവര്‍ഷം കൊണ്ട് നേരിട്ടത്.
സംസ്ഥാനത്ത് പൊലീസ് അക്രമം പലവിധം നടപടിയെടുക്കേണ്ടവര്‍ ഒത്തുകളിക്കുമ്പോള്‍ നിയന്ത്രണമില്ലാത്ത അക്രമിസംഘമായി ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടുന്നു. മലപ്പുറം കോട്ടക്കലില്‍ വിഐപി വാഹനത്തിന് വഴിയൊരുക്കാനെന്ന പേരില്‍ എഴുപതുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത പൊലീസുകാരനെതിരെ നടപടിയില്ല. ആലപ്പുഴയില്‍ പൊലീസ് വാഹനം കുറുകെയിട്ട് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തിലും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായിരുന്നു നീക്കം. പിന്നാലെ സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതിനെ തുടർന്നാണ് എസ്ഐക്ക് സസ്പെന്‍ഷനായി. കോട്ടയം ഈരാറ്റുപേട്ടയില്‍ സ്റ്റേഷനിലെത്തിയ യുവാക്കളെ തെറിയഭിഷേകം നടത്തിയ എസ്ഐയുടെ വീഡിയോ പുറത്തായിട്ടും ഒരു നടപടിയുമില്ല.
ഇങ്ങനെ പൊലീസുകാരുടെ നല്ലനടപ്പ് അടിക്കടി പ്രസംഗിക്കുന്ന മുഖ്യമന്ത്രി ഇത് കാണണം. വെറുമൊരു ട്രാഫിക് പെറ്റിക്കേസിന്റെ പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയവരോട് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് എങ്ങനെയെന്ന് അറിയാം. ചെറുപ്പക്കാരന്‍, വിദ്യാസമ്പന്നന്‍, എന്നിട്ടും സര്‍ക്കാര്‍ ഓഫീസായ പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരെ ഈ മട്ടിലാണ് എതിരേല്‍ക്കേണ്ടത് എന്നാണ് ഇദ്ദേഹം പഠിച്ചുവച്ചിരിക്കുന്നതെങ്കില്‍ ഇനിയും എത്രകാലം ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ പൊതുജനം സഹിക്കേണ്ടിവരും.
പൊതുവഴിയില്‍ ഈ മട്ടില്‍ ചോരയൊലിപ്പിച്ച നിന്ന ഈ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഉദ്യോഗസ്ഥരെ തിരുത്താന്‍ ഈ വകുപ്പില്‍ നിന്നാരും ഇതുവരെ തയ്യാറായിട്ടില്ല. രാത്രി വാഹനപരിശോധനക്കിടെ കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയി എന്ന പേരിലാണ് പെണ്‍കുട്ടികള്‍ അടങ്ങിയ നാലംഗ കുടുംബത്തെ വേട്ടയാടി പിടിക്കാന്‍ പൊലീസുകാര്‍ തീരുമാനിച്ചത്. ദേശീയ പാതയില്‍ പൊലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു. അങ്ങനെയാണ് പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് ഇവര്‍ക്ക് മേല്‍ ഇടിച്ചുകയറിയത്. കൃത്യം രണ്ടാഴ്ച മുന്‍പ് നിയമപാലകര്‍ ഉണ്ടാക്കിയ അപകടത്തില്‍ ഇന്നലെ വരെ മരണം രണ്ടായി.
Leave a Reply