സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അഹമ്മദാബാദിൽനിന്ന് 200കിലോമീറ്റർ അകലെ, വഡോദര-നർമദഡാം ഹൈവേയ്ക്ക് സമീപം കെവാദിയയിലാണ് പ്രതിമ. ഇന്ത്യയെ ഈവിധത്തിൽ ഒന്നിച്ചുചേർത്ത, പട്ടേലിന്റെ കാല്‍ചുവട്ടിൽ നമിക്കുന്നതായും, ഈ ഐക്യം നമ്മള്‍ നിലനിർത്താൻ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കുമാത്രമല്ല, ലോകത്തിലെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയു‍ടെ മുഖമാകുമെന്ന് കണക്കാക്കുന്ന ഇവിടെനിർമിച്ച, മ്യൂസിയം, ഫുഡ്കോർട്ട്, 17കിലോമീറ്റർ ഉദ്യാനം എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ബിജെപി അധ്യക്ഷൻ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

മൂവായിരം കോടിമുടക്കി, മോദിയുടെ സ്വപ്നപദ്ധതി പൂർത്തിയാക്കി തുറന്നുകൊടുക്കുമ്പോഴും മറുവശത്ത് പ്രതിഷേധം തുടരുകയാണ്. മണ്ണും ജലവും, വനവുമെല്ലാം അണക്കെട്ടിൻറെപേരിലും ഇപ്പോൾ വിനോദസഞ്ചാരത്തിൻറെപേരിലും തകർക്കുകയാണെന്ന് ഗോത്രസമൂഹത്തിലെ ഒരുവിഭാഗമടക്കം ഗ്രാമീണർ ആരോപിക്കുന്നു. ആദിവാസിസംഘടനകൾ ഇന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉപവാസസമരവും നടത്തുകയാണ്.

പട്ടേൽസമരനേതാവ് ഹാർദിക്പട്ടേലും പ്രതിഷേധംപ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഈ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാത്ത ബിജെപി, വിനോദസഞ്ചാര സാധ്യതയ്ക്ക് അപ്പുറം, ആധുനികഇന്ത്യയുടെ പിതാവായി പട്ടേലിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായാണ് പദ്ധതിയെ വീക്ഷിക്കുന്നത്.