ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാൾസ് രാജാവിൻെറ കിരീടധാരണം നാളെ. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.

ചാൾസിൻെറ കിരീട ധാരണത്തോടെ കൺസോർട്ട് പദവിയിൽ നിന്ന് രാജ്ഞി പദവിയിലേയ്ക്ക് കാമില മാറും. ചടങ്ങിലെ ഏറ്റവും പ്രധാനഭാഗം രാജാവിന്റെ കിരീടധാരണവും ഓക്ക് തടിയിൽ തീർത്ത സിംഹാസനത്തിലെ ആരോഹണവുമാണ്. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണ്ണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.

കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക. കിരീടധാരണച്ചടങ്ങു പ്രമാണിച്ച് ഇന്ന് കാന്റര്‍ബെറിയിൽ ആഘോഷങ്ങളുണ്ട്. ഞായറാഴ്ച്ച കാന്റര്‍ബെറി കത്തീഡ്രലിൻെറ വളപ്പ് തുറന്ന് കൊടുക്കും. കിരീടധാരണത്തിനായി പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂടെ ഒരു മലയാളി കുടുംബവും ഇടംപിടിച്ചിട്ടുണ്ട്.