പ്രധാനമന്ത്രിയുടെ ‘ദുരൂഹ’പെട്ടി സംബന്ധിച്ച് മൗനം വെടിഞ്ഞ് ബിജെപി. നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന ദൂരൂഹപ്പെട്ടിയില്‍ ബി.ജെ.പി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു എന്നാണ് ആരോപണം. യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വിഡിയോയിൽ കാണാം.

സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്ത് കൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു.

പെട്ടി കയറ്റിയ വാഹനം മോദിയുടെ വാഹനവ്യൂഹത്തോടൊപ്പം പോകാതിരുന്നതും സംശയത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും എല്ലാം എസ്.പി.ജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും ബി.ജെ.പി ചിത്രദുര്‍ഗ യൂണിയന്‍ പ്രസിഡന്‍റ് കെ.എസ് നവീന്‍ പറഞ്ഞു.