അടിമാലി: പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന പണിക്കന്‍കുടി മാണികുന്നേല്‍ ബിനോയിയെ പെരിഞ്ചാംകുട്ടി സിറ്റിക്ക് സമീപത്തെ വനമേഖലയില്‍നിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്.

ഓഗസ്റ്റ് 16-ന് പണിക്കന്‍കുടിയില്‍നിന്ന് മുങ്ങിയ ബിനോയ് വിവിധയിടങ്ങളില്‍ കറങ്ങി. തിരികെ പണിക്കന്‍കുടിയിലെത്തി. സിന്ധു തന്നെ ഉപേക്ഷിച്ചുപോയെന്ന് പോലീസില്‍ പറയാന്‍ തീരുമാനിച്ചു. ഇതിനായി, സെപ്റ്റംബര്‍ മൂന്നിന് ഉച്ചയോടെ പെരിഞ്ചാംകുട്ടിയിലെത്തി. സമീപത്തെ കടയില്‍കയറിയപ്പോള്‍ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം ടിവി ചാനലില്‍കണ്ടു. ഇതോടെ നാട്ടുകാര്‍ തന്നെ തിരിച്ചറിയുമെന്നുകരുതി വനത്തില്‍ ഒളിവിലായിരുന്നു.

ബിനോയ് 18 ദിവസത്തെ യാത്രയ്ക്കിടയില്‍ പുതിയ സിംകാര്‍ഡ് വാങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ പോലീസ് അന്നുമുതല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നുദിവസമായി ലൊക്കേഷന്‍ പെരിഞ്ചാംകുട്ടി ടവറിലായിരുന്നു. തിങ്കളാഴ്ച അന്വേഷണസംഘം ഇവിടെയെത്തി കാടുവളഞ്ഞ് പ്രതിയെ പിടിക്കുകയായിരുന്നെന്ന് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍ പറഞ്ഞു. തിങ്കളാഴ്ച മൂന്നുമണിയോടെ സ്റ്റേഷനിലെത്തിച്ചു.

സിന്ധു തന്നെ ഉപേക്ഷിച്ച്, ആദ്യ ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല നടത്തിയത്. നന്നായി മദ്യപിച്ചിരുന്നു. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊന്നത്.

തെളിവ് നശിപ്പിക്കാനായി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. വായ് തുറന്നിരുന്നതിനാല്‍ മണ്ണ് കയറാതിരിക്കാന്‍ മുളകുനിറച്ചിരുന്ന പ്ലാസ്റ്റിക്ക് കവര്‍കൊണ്ട് മുഖംമൂടി. തള്ളി ഒതുക്കി കുഴിയിലാക്കി മണ്ണിട്ടുമൂടി. മൂടുമ്പോള്‍ ജീവനുണ്ടായിരുന്നോയെന്ന് നോക്കിയില്ലെന്നാണ് ബിനോയ് മൊഴി നല്‍കിയിരിക്കുന്നത്.