സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധികൾ മൂലം പ്രമുഖ ലോകരാഷ്ട്രങ്ങൾക്കിടയിൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമാകുമെന്ന് ഒഇസിഡി.  കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആഘാതം ഏല്പിച്ചത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലാണെന്ന് പ്രമുഖ ഏജൻസി മുന്നറിയിപ്പ് നൽകി. 2020 ൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ 11.5 ശതമാനം ഇടിയാൻ സാധ്യതയുണ്ട്. രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയാൽ സമ്പദ്‌വ്യവസ്ഥ 14% ഇടിയും. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് റിപ്പോർട്ടുകൾ പ്രകാരം കൊറോണ വൈറസ് സൃഷ്ടിക്കുന്ന ആഘാതം എല്ലായിടത്തും ഭയാനകം ആയിരിക്കുമെന്നാണ്. ഏറ്റവും പുതിയ വിലയിരുത്തലിൽ, യുകെയുടെ സേവന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന വ്യാപാരം, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഒഇസിഡി കണ്ടെത്തി.

യുകെ മാത്രമല്ല ദുരിതം അനുഭവിക്കുന്നതെന്നും ലോകമെമ്പാടുമുള്ള മറ്റ് പല സമ്പദ്‌വ്യവസ്ഥകളിലും കൊറോണ വൈറസ് സൃഷ്ടിച്ച ആഘാതം തെളിഞ്ഞുകാണാമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സാമ്പത്തിക തകർച്ച നേരിട്ട ആളുകളെയും ബിസിനസുകളെയും സഹായിക്കാൻ ഏർപ്പെടുത്തിയ പദ്ധതികൾ മൂലം സമ്പദ്‌വ്യവസ്ഥ നമുക്ക് വളരെ വേഗം തന്നെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് സുനക് അറിയിച്ചു. പകർച്ചവ്യാധിയുടെ ഫലമായി പല രാജ്യങ്ങൾക്കും അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള സാമ്പത്തിക വളർച്ച നഷ്ടപ്പെടുമെന്ന് പാരിസ് ആസ്ഥാനമായുള്ള സംഘടന വെളിപ്പെടുത്തി. കോവിഡ് കൂടുതൽ കഠിനമായ സാഹചര്യത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ ഈ വർഷം 7.6% ഇടിയാൻ സാധ്യതയുണ്ട്.

പല രാജ്യങ്ങളിലും പാൻഡെമിക് കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രവർത്തനം ആരംഭിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പെട്ടെന്നുള്ളൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ലോക ബാങ്ക് എന്നിവ മുൻകൂട്ടി കണ്ടതിനേക്കാൾ വളരെ മോശമാണ് 7.6 ശതമാനത്തിന്റെ ആഗോള ഇടിവ്. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്കിടയിൽ ഈ സാമ്പത്തികപ്രതിസന്ധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രമുഖ ലോകരാജ്യങ്ങളെല്ലാം തിരിച്ചുവരവിന്റെ പാതയിൽ ആയതിനാൽ രൂക്ഷമായ സാമ്പത്തിക മാന്ദ്യം ആയിരിക്കും ഇനി അവർ നേരിടുന്ന വലിയ വെല്ലുവിളി. അധിക വ്യാപാര, നിക്ഷേപ നിയന്ത്രണങ്ങളിലും ആരോഗ്യ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പെട്ടെന്നുള്ള മടങ്ങിവരവ് സാധ്യമായേക്കില്ലെന്ന് റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നു.